ആതിരയും കാർത്തിക്കും പൊട്ടിച്ചിരിച്ചു. “ഡി, സാർ ഗൗരവക്കാരൻ ഒക്കെ തന്നെയാ. പക്ഷെ

വൈകുന്നേരം മഴ പെയ്തു തോർന്നതേയുള്ളൂ. മുറ്റത്തെ മാവിൻകൊമ്പിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ കണ്ട് നന്ദ വരാന്തയിലെ ചാരുപടിയിൽ കാലും നീട്ടിയിരുന്നു. ഗ്രാമത്തിലെ ആ വൈകുന്നേരത്തിന് നല്ല തണുപ്പായിരുന്നു. പാടത്തുനിന്ന് വരുന്ന കാറ്റിന് നനഞ്ഞ മണ്ണിന്റെയും കൈതപ്പൂവിന്റെയും മണമുണ്ട്.

“ടി നന്ദാ… നീ അവിടെ സ്വപ്നം കണ്ടിരിക്കാതെ ഇങ്ങോട്ട് വന്നേ! നാളെ സബ്മിറ്റ് ചെയ്യേണ്ട അസൈൻമെന്റാണ്. ആ വൈഷ്ണവ് സാർ നമ്മളെക്കൊണ്ട് കോളേജിലെ പുല്ല് ചെത്തിക്കും, പറഞ്ഞില്ലെന്നു വേണ്ട!”
അകത്തുനിന്ന് ആതിരയുടെ അലർച്ച കേട്ടാണ് നന്ദ ഞെട്ടി ഉണർന്നത്. കൂടെയുണ്ട് കാർത്തിക്കും. മൂന്നുപേരും ഒരേ കോളേജിലാണ്. വൈകുന്നേരങ്ങളിൽ നന്ദയുടെ വീട്ടിലിരുന്നാണ് പഠിപ്പും തമാശയുമൊക്കെ.

“ഓഹ്, നിന്റെ ഒരു വൈഷ്ണവ് സാർ! പുള്ളിക്കാരന് ചിരിക്കാൻ അറിയില്ലെന്നാ തോന്നുന്ന്. മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ ഒരോരോ ഗൗരവം,” നന്ദ പിറുപിറുത്തു.

ആതിരയും കാർത്തിക്കും പൊട്ടിച്ചിരിച്ചു. “ഡി, സാർ ഗൗരവക്കാരൻ ഒക്കെ തന്നെയാ. പക്ഷെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ ഏറ്റവും ബെസ്റ്റ് ലെക്ചറർ പുള്ളിയാ. നീ കണ്ടില്ലേ ക്ലാസെടുക്കുമ്പോൾ പുള്ളിയുടെ ആ കണ്ണുകളിലെ തിളക്കം?” കാർത്തിക് പറഞ്ഞു.
നന്ദ ഒന്നും പറഞ്ഞില്ല. മനസ്സിൽ ആ മുഖം തെളിഞ്ഞു വന്നു. വൈഷ്ണവ് സാർ. ഉയരമുള്ള, എപ്പോഴും അല്പം ഗൗരവം നിറഞ്ഞ മുഖമുള്ള, കട്ടിത്താടിയുള്ള ഒരു മനുഷ്യൻ. ക്ലാസിൽ വന്നാൽ പാഠഭാഗങ്ങൾ അതിമനോഹരമായി പറഞ്ഞു തരും. പക്ഷെ ഒരു ചിരി പോലും ആ മുഖത്ത് കാണില്ല. കുട്ടികളോട് അധികം സംസാരിക്കാറുമില്ല. എന്നാലും കോളേജിലെ പല പെൺകുട്ടികളുടെയും ഉള്ളിലെ ഹീറോ വൈഷ്ണവ് സാർ തന്നെയായിരുന്നു.
അടുത്ത ദിവസം കോളേജിൽ നല്ല തിരക്കായിരുന്നു. ഉച്ചകഴിഞ്ഞുള്ള പീരിയഡ് വൈഷ്ണവ് സാറിന്റേതാണ്. നന്ദ എപ്പോഴും ലാസ്റ്റ് ബെഞ്ചിലാണ് ഇരിക്കാറുള്ളത്. സ്വതവേ അല്പം വായടിയായ അവൾക്ക് ക്ലാസിൽ മിണ്ടാതിരിക്കുക എന്നത് വലിയ ശിക്ഷയായിരുന്നു.
ക്ലാസിലേക്ക് കടന്നുവന്ന വൈഷ്ണവ് സാർ അസൈൻമെന്റുകൾ മേശപ്പുറത്തു വെക്കാൻ പറഞ്ഞു. എല്ലാവരും പേടിയോടെ ബുക്കുകൾ വെച്ചു.
“നന്ദ!”
സാറിന്റെ ഗൗരവമുള്ള ശബ്ദം കേട്ട് നന്ദ ഞെട്ടി.
“യെസ് സാർ…” അവൾ പതർച്ചയോടെ എഴുന്നേറ്റു.
“നിന്റെ അസൈൻമെന്റിലെ മൂന്നാമത്തെ പേജ് എവിടെ? പകുതിക്ക് വെച്ച് നിർത്തിയിരിക്കുകയാണല്ലോ. എന്താ ബാക്കി എഴുതാത്തത്?” സാറിന്റെ മൂർച്ചയേറിയ കണ്ണുകൾ അവളിലേക്ക് നീണ്ടു.
“അത്… സാർ… ഇന്നലെ രാത്രി കറന്റ് പോയി… പിന്നെ…” നന്ദ വിക്കി.
“കറന്റ് പോയതാണോ അതോ വർത്തമാനം പറഞ്ഞ് സമയം കളഞ്ഞതാണോ?” സാർ ഗൗരവത്തിൽ ചോദിച്ചു. ക്ലാസിലെല്ലാവരും തിരിഞ്ഞുനോക്കി.
“സാർ, ഞാൻ എഴുതിക്കൊണ്ടു വരാം,” അവൾ തലതാഴ്ത്തി പറഞ്ഞു.
“വൈകുന്നേരം നാലുമണിക്ക് സ്റ്റാഫ് റൂമിൽ കൊണ്ടുവന്നു തരണം. ഇല്ലെങ്കിൽ ഇന്റേണൽ മാർക്ക് കുറയും.”
സാർ ക്ലാസ് തുടർന്നു. നന്ദയ്ക്ക് ദേഷ്യവും വിഷമവും ഒരുപോലെ വന്നു. “എന്തൊരു മനുഷ്യനാ ഇത്! ഒരു ദയയുമില്ല,” അവൾ ആതിരയോട് പിറുപിറുത്തു.
വൈകുന്നേരം നാലുമണിയായി. എല്ലാവരും കോളേജ് വിട്ടുപോയിത്തുടങ്ങി. നന്ദ കയ്യിൽ അസൈൻമെന്റുമായി സ്റ്റാഫ് റൂമിലേക്ക് നടന്നു. ഹൃദയം പടപടാ ഇടിക്കുന്നുണ്ടായിരുന്നു.
മുറിയിൽ സാർ ഒറ്റയ്ക്കുണ്ടായിരുന്നു. ജനലിലൂടെ പുറത്തേക്ക് നോക്കി കാപ്പി കുടിക്കുകയായിരുന്നു പുള്ളി.
“സാർ…” നന്ദ മെല്ലെ വിളിച്ചു.
സാർ തിരിഞ്ഞുനോക്കി. “ഉം, വെച്ചോളൂ.”
അവൾ ബുക്ക് മേശപ്പുറത്തു വെച്ചു. തിരിഞ്ഞു നടക്കാൻ തുനിഞ്ഞപ്പോൾ സാർ വിളിച്ചു.
“നന്ദ, നൽകുവാൻ മടിക്കുന്ന സ്നേഹമാണ് ഏറ്റവും വലിയ നഷ്ടം എന്ന് എഴുതിയത് ആരാണെന്ന് അറിയാമോ?”
നന്ദ പെട്ടെന്ന് നിന്നു. “ഓസ്കാർ വൈൽഡ്… സാർ ഇന്നലെ ക്ലാസിൽ പറഞ്ഞതാണല്ലോ.”
വൈഷ്ണവ് സാറിന്റെ ചുണ്ടിൽ വളരെ അപൂർവ്വമായ ഒരു ചെറിയ ചിരി തെളിഞ്ഞു. അത് നന്ദ ആദ്യമായി കാണുകയായിരുന്നു. ആ ചിരിയിൽ ആ ഗൗരവക്കാരനായ മാഷിന്റെ മുഖം പെട്ടെന്ന് മാറി.
“അതെ. പഠിക്കാൻ മിടുക്കിയാണ് നീ. പക്ഷെ ശ്രദ്ധ കുറച്ചുകൂടി വേണം. എപ്പോഴും വർത്തമാനം പറഞ്ഞിരുന്നാൽ കാര്യങ്ങൾ വിട്ടുപോകും,” സാർ ശാന്തമായി പറഞ്ഞു.
നന്ദ സാറിനെത്തന്നെ നോക്കിനിന്നുപോയി. ആ കണ്ണുകളിൽ എപ്പോഴും കാണാറുള്ള ദേഷ്യമായിരുന്നില്ല, മറിച്ച് ഒരു പ്രത്യേക വെളിച്ചമായിരുന്നു.
“എന്താ അങ്ങനെ നോക്കുന്നത്? പൊയ്ക്കോളൂ,” സാർ പറഞ്ഞു.
“ശരി സാർ…” നന്ദ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി.
പക്ഷെ അന്നത്തെ ആ ചെറിയ ചിരി നന്ദയുടെ ഉള്ളിൽ എന്തോ ഒരു മാറ്റം വരുത്തിയിരുന്നു. വെറുമൊരു അധ്യാപകനോടുള്ള ബഹുമാനത്തിനും അപ്പുറം, ഏതോ ഒരു പുതിയ ഭാവം അവളുടെ മനസ്സിൽ മുളപൊട്ടി.
ദിവസങ്ങൾ കടന്നുപോയി. മഴക്കാലം ശക്തി പ്രാപിച്ചു. ഗ്രാമത്തിലെ തോടുകളും പുഴകളും കവിഞ്ഞൊഴുകി. നന്ദയുടെ ഗ്രാമത്തിൽ നിന്ന് കോളേജിലേക്കുള്ള വഴിയിൽ ഒരു ചെറിയ പാലമുണ്ട്. തോട് കവിഞ്ഞാൽ ആ പാലം മുങ്ങും.
ഒരു ദിവസം കോളേജ് കഴിഞ്ഞ് ഇറങ്ങുമ്പോൾ കനത്ത മഴയായിരുന്നു. കാറ്റും കോളുമാണ്. ആതിരയും കാർത്തിക്കും അന്ന് വന്നിരുന്നില്ല. നന്ദ ഒറ്റയ്ക്കായിരുന്നു. കുട നിവർത്തി അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. പക്ഷെ ബസുകളൊന്നും വരുന്നില്ലായിരുന്നു. മഴ കാരണം ഗതാഗതം തടസ്സപ്പെട്ടു.
സമയം ആറുമണിയാകുന്നു. ചുറ്റും ഇരുട്ട് പരക്കാൻ തുടങ്ങി. കാറ്റിന്റെ ഒച്ചയും മഴയുടെ ഹോരയും നന്ദയിൽ ഭയം വളർത്തി. ഗ്രാമത്തിലെ വിജനമായ പാതയിലൂടെ അവൾ വേഗത്തിൽ നടക്കാൻ തുടങ്ങി.
പെട്ടെന്ന് പിന്നിൽ നിന്ന് ഒരു കാറിന്റെ ഹോൺ കേട്ടു. അവൾ വശത്തേക്ക് മാറി നിന്നു. കാർ അവളുടെ അടുത്ത് വന്നു നിന്നു. ഗ്ലാസ് താഴ്ന്നപ്പോൾ കണ്ടത് വൈഷ്ണവ് സാറിനെയാണ്.
“നന്ദ! ഈ സമയത്ത് ഇവിടെ എന്തെടുക്കുകയാ? ബസൊന്നുമില്ലല്ലോ,” സാർ ചോദിച്ചു.

“സാർ… നടന്നു പോകുകയായിരുന്നു. ബസ് കിട്ടിയില്ല.”

“കേറ്. ഞാൻ വീട്ടിൽ കൊണ്ടുവിടാം,” സാർ പറഞ്ഞു.

നന്ദ രണ്ടാമതൊന്ന് ആലോചിച്ചില്ല. അവൾ മുൻസീറ്റിൽ കയറിയിരുന്നു. കാറിനുള്ളിൽ ഒരു പ്രത്യേക സുഗന്ധമുണ്ടായിരുന്നു. സാറിന്റെ സാമീപ്യം അവളെ അല്പം അസ്വസ്ഥയാക്കി.
കാർ മുന്നോട്ട് നീങ്ങി. പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. കാറിനുള്ളിൽ നിശബ്ദത നിറഞ്ഞു.
“വീട്ടിൽ വിളിച്ചു പറഞ്ഞോ പേടിക്കേണ്ട എന്ന്?” സാർ ചോദിച്ചു.
“ഇല്ല സാർ, ഫോണിൽ റേഞ്ചില്ല.”
“ഉം…” സാർ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു.
പാലത്തിനടുത്തേക്ക് എത്തിയപ്പോൾ സാർ കാർ നിർത്തി. വഴിയിൽ മുഴുവൻ വെള്ളമാണ്. പാലം പൂർണ്ണമായും മുങ്ങിയിരിക്കുന്നു. പോരാത്തതിന് ഒരു വലിയ മരം റോഡിലേക്ക് കടപുഴകി വീണിട്ടുമുണ്ട്.
“അയ്യോ! ഇനി എങ്ങനെ പോകും?” നന്ദ പരിഭ്രാന്തയായി.
“ഈ വഴി ഇനി പോകാൻ പറ്റില്ല. വേറെ വഴി ചുറ്റിപ്പോകണം. പക്ഷെ ആ റോഡിലും വെള്ളം കയറാൻ സാധ്യതയുണ്ട്,” സാർ ആലോചനയോടെ പറഞ്ഞു.
അപ്പോഴേക്കും കാറ്റിന്റെ ശക്തി കൂടി. ഒരു വലിയ ഇടിമിന്നൽ വെട്ടി. നന്ദ പേടിച്ച് കണ്ണുകൾ അടച്ച് സാറിന്റെ കൈയിൽ പിടിച്ചുപോയി.
സാർ അവളെ നോക്കി. അവളുടെ പേടി കണ്ടപ്പോൾ സാറിന്റെ ശബ്ദം മൃദുവായി. “പേടിക്കണ്ട നന്ദ. ഞാൻ ഒപ്പമില്ലേ.”
ആ വാക്കുകൾ നന്ദയ്ക്ക് നൽകിയ ധൈര്യം ചെറുതായിരുന്നില്ല. അവൾ സാറിന്റെ കൈയിലെ പിടി വിട്ടു, മുഖം താഴ്ത്തി.
“നമുക്ക് തൽക്കാലം അടുത്തുള്ള ആ പഴയ വായനശാലയുടെ വരാന്തയിൽ നിൽക്കാം. മഴയൊന്ന് ശമിച്ചിട്ട് പോകാം,” സാർ പറഞ്ഞു.
കാർ സുരക്ഷിതമായ ഒരിടത്ത് പാർക്ക് ചെയ്ത്, രണ്ടുപേരും വായനശാലയുടെ വരാന്തയിലേക്ക് ഓടിക്കയറി.
ചുറ്റും കനത്ത ഇരുട്ട്. തോരാതെ പെയ്യുന്ന മഴ. കാറ്റിന്റെ ഇരമ്പൽ. ഒരു ചെറിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രമാണ് ദൂരെ ഒരു വീട്ടിൽ നിന്ന് കാണാൻ കഴിഞ്ഞിരുന്നത്.
നന്ദ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. സാർ തന്റെ കോട്ടൂരി അവളുടെ തോളിൽ ഇട്ടു കൊടുത്തു.
“സാർ… വേണ്ട,” അവൾ വിനയത്തോടെ പറഞ്ഞു.
“ഇട്ടോളൂ. തണുപ്പ് അടിക്കും,” സാർ ഗൗരവത്തിൽ തന്നെ പറഞ്ഞു.
നന്ദ ആ കോട്ട് പുതച്ചു. അതിൽ സാറിന്റെ അതേ സുഗന്ധമുണ്ടായിരുന്നു. അവൾ സാറിനെ നോക്കി. ആ വെളിച്ചത്തിൽ സാറിന്റെ മുഖം കൂടുതൽ സുന്ദരമായി തോന്നിച്ചു.
“സാർ… സാറിന് എപ്പോഴും എന്താ ഇത്ര ഗൗരവം? ഒരിക്കലും ചിരിക്കാറില്ലല്ലോ,” അവളുടെ ഉള്ളിലെ വായടി പെണ്ണ് പുറത്തുവന്നു.
സാർ അല്പം അത്ഭുതത്തോടെ അവളെ നോക്കി. പിന്നെ ഒരു ചെറിയ നെടുവീർപ്പോടെ പുറത്തെ മഴയിലേക്ക് നോക്കി.
“എല്ലാവർക്കും ചിരിക്കാൻ ഒരേ കാരണങ്ങൾ ഉണ്ടാകണമെന്നില്ല നന്ദ. ചിലർ അവരുടെ വിഷമങ്ങൾ മറയ്ക്കാൻ ഗൗരവത്തിന്റെ ഒരു മുഖമൂടി അണിയും.”
“സാറിന് എന്ത് വിഷമമാ ഉള്ളത്?” അവൾ അറിയാതെ ചോദിച്ചുപോയി.
സാർ കുറച്ചു സമയം മിണ്ടാതിരുന്നു. “അതൊക്കെ പഴയ കഥകൾ. മനുഷ്യർ നമ്മളെ വിട്ടുപോകുമ്പോൾ ഉണ്ടാകുന്ന ഒരു ശൂന്യതയുണ്ട്. അത് നിറയ്ക്കാൻ പിന്നെ ഒന്നുകൊണ്ടും കഴിയില്ല.”
നന്ദയ്ക്ക് സാറിനോട് വലിയ സഹതാപം തോന്നി. ആ ഗൗരവത്തിന് പിന്നിൽ ഇത്രയും വലിയൊരു സങ്കടമുണ്ടായിരുന്നു എന്ന് അവൾ അപ്പോഴാണ് അറിഞ്ഞത്.
“സാർ… പക്ഷെ ഭൂതകാലത്തിൽ ജീവിച്ചാൽ വർത്തമാനകാലത്തിലെ സന്തോഷങ്ങൾ കാണാതെ പോകും,” അവൾ മെല്ലെ പറഞ്ഞു.
സാർ തിരിഞ്ഞ് അവളെ നോക്കി. ആ വാക്കുകൾ സാറിന്റെ ഉള്ളിൽ തട്ടി എന്ന് ആ കണ്ണുകൾ പറഞ്ഞു.

“നീ വിചാരിക്കുന്നതിലും ബുദ്ധിമതിയാണല്ലോ നന്ദ,” സാർ ചിരിച്ചു.
ഈ തവണ ആ ചിരി പൂർണ്ണമായിരുന്നു.
ആ നിമിഷത്തിൽ, ആ മഴയത്ത്, അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. വാക്കുകൾ ആവശ്യമില്ലാത്ത ഒരു നിശബ്ദത അവിടെ നിറഞ്ഞു. നന്ദയുടെ ഹൃദയമിടിപ്പ് വേഗത്തിലായി. താൻ ആ മാഷിനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് അവൾക്ക് തീർച്ചയായി. അത് വെറുമൊരു attraction ആയിരുന്നില്ല, മറിച്ച് ആ മനുഷ്യന്റെ ആത്മാവിനെ തൊട്ടറിഞ്ഞതിന്റെ ഒരു അനുഭൂതിയായിരുന്നു.

അരമണിക്കൂറിനു ശേഷം മഴയുടെ ശക്തി കുറഞ്ഞു…
വെള്ളം അല്പം താഴ്ന്നു.
“വാ, ഇനി പോകാം. വീട്ടിൽ എല്ലാവരും പേടിച്ചിട്ടുണ്ടാകും,” സാർ പറഞ്ഞു.
കാറിൽ തിരികെ പോകുമ്പോൾ രണ്ടുപേരും അധികം സംസാരിച്ചില്ല. പക്ഷെ ആ നിശബ്ദതയ്ക്ക് വലിയൊരു അർത്ഥമുണ്ടായിരുന്നു.
നന്ദയുടെ വീടിന്റെ മുന്നിൽ കാർ നിർത്തി.

“താങ്ക്സ് സാർ… കോട്ടിനും… കൂടെ വന്നതിനും,” നന്ദ കോട്ട് തിരികെ നൽകിക്കൊണ്ട് പറഞ്ഞു.

“സാരമില്ല. വേഗം അകത്തേക്ക് പോകൂ. ചൂടുവെള്ളം കുടിക്ക്,” സാർ പറഞ്ഞു.
നന്ദ കാറിൽ നിന്നിറങ്ങി ഗേറ്റ് കടന്ന് നടന്നു. വരാന്തയിൽ എത്തിയപ്പോൾ അവൾ തിരിഞ്ഞുനോക്കി. സാറിന്റെ കാർ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. അവൾ അകത്തു കയറുന്നത് വരെ സാർ നോക്കിനിൽക്കുകയായിരുന്നു. അവൾ കയറിയ ശേഷമാണ് കാർ മുന്നോട്ട് എടുത്തത്.
ജനലിലൂടെ അകന്നുപോകുന്ന കാറിന്റെ ലൈറ്റുകൾ നോക്കി നിൽക്കുമ്പോൾ നന്ദയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

വീടിന്റെ വരാന്തയിൽ നന്ദ കുറച്ചുനേരം അങ്ങനെ തന്നെ നിന്നു. കയ്യിലിരുന്ന ബുക്കുകൾ നനഞ്ഞു കുതിർന്നിരുന്നുവെങ്കിലും അവളുടെ ഉള്ളിൽ ഒരു പ്രത്യേക ചൂടും വെളിച്ചവും നിറഞ്ഞുനിൽക്കുകയായിരുന്നു.
അകത്തുകയറിയപ്പോൾ അമ്മ ഉമ്മറത്തുതന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. “എവിടെയായിരുന്നുടീ ഇതുവരെ? വഴിയിൽ വെള്ളം കയറി എന്ന് കേട്ടപ്പോൾ എന്റെ നല്ല ജീവൻ അങ്ങ് പോയി. ആതിരയെ വിളിച്ചപ്പോൾ അവൾ നേരത്തെ പോന്നു എന്ന് പറഞ്ഞു.”

“ബസ് കിട്ടിയില്ലമ്മേ. പാലത്തിന്റെ അവിടെ മരം വീണ് വഴി അടഞ്ഞു. ഭാഗ്യത്തിന് വൈഷ്ണവ് സാർ കാറിൽ വരുന്നുണ്ടായിരുന്നു. സാറാണ് കൊണ്ടുവിട്ടത്,” നന്ദ ബാഗ് മേശപ്പുറത്തു വെച്ചുകൊണ്ട് പറഞ്ഞു.
“ആണോ? ആ സാറിനോട് കയറി ഒരു ചായ കുടിക്കാൻ പറയാമായിരുന്നില്ലേ?” അമ്മ ആശ്വാസത്തോടെ ചോദിച്ചു.
“സാർ വേഗം പോയി അമ്മേ,” നന്ദ തന്റെ മുറിയിലേക്ക് നടക്കുമ്പോൾ ചുണ്ടിലൊരു ചിരി ഉണ്ടായിരുന്നു.
അന്ന് രാത്രി നന്ദയ്ക്ക് ഉറക്കം വന്നില്ല. ജനലിലൂടെ പുറത്തേക്ക് നോക്കിക്കിടന്നപ്പോൾ മനസ്സിൽ ഇന്ന് മാഷിൻ്റെ ഒപ്പമുള്ള നിമിഷങ്ങളായിരുന്നു: ‘നമുക്ക് നഷ്ടപ്പെടുന്ന സ്നേഹമാണ് ഏറ്റവും വലിയ ഭാരം…’ എത്ര ആഴമുള്ള ചിന്തയാണത്… എപ്പോഴും ദേഷ്യക്കാരനായി നടക്കുന്ന ആ മാഷിന്റെ ഉള്ളിൽ എത്രയധികം സ്നേഹവും സങ്കടവും ഒളിഞ്ഞിരിപ്പുണ്ട്!
അടുത്ത ദിവസം രാവിലെ കോളേജിലെത്തിയപ്പോൾ കാലാവസ്ഥ തെളിഞ്ഞിരുന്നു. വരാന്തയിൽ ആതിരയും കാർത്തിക്കും നന്ദയെ കാത്തുനിൽപ്പുണ്ടായിരുന്നു.
“ഡി നന്ദാ! ഇന്നലെ നീ എങ്ങനെയാ വീട്ടിലെത്തിയത്? ഞങ്ങൾ നിന്നെ ഫോണിൽ കിട്ടാതെ പേടിച്ചുപോയി,” കാർത്തിക് ഓടിവന്നു ചോദിച്ചു.
“ഏതെങ്കിലും ബസ് കിട്ടിക്കാണും, അല്ലേ നന്ദാ?” ആതിരയും ചോദിച്ചു.
നന്ദ ഒരു നിമിഷം ആലോചിച്ചു. വൈഷ്ണവ് സാറിന്റെ കാറിൽ വന്ന കാര്യം അവരോട് പറയണമോ? വേണ്ട, ചിലപ്പോൾ അവർ തെറ്റിദ്ധരിക്കും…
“അത്… ഒരു അടുത്തുള്ള പരിചയക്കാരന്റെ വണ്ടി കിട്ടി,” നന്ദ ഒരുവിധം ഒപ്പിച്ചു പറഞ്ഞു.
സെക്കൻഡ് പീരിയഡ് വൈഷ്ണവ് സാറിന്റേതായിരുന്നു. സാർ ക്ലാസിലേക്ക് നടന്നു വരുമ്പോൾ എന്തിനോ നന്ദയുടെ ഹൃദയമിടിപ്പേറി.. സാർ ക്ലാസിലേക്ക് കയറി. പതിവുപോലെ ആ മുഖത്ത് ഗൗരവം തളംകെട്ടി നിൽക്കുന്നു. ഇന്നലെ രാത്രി തന്നോട് അത്രയും ശാന്തമായി സംസാരിച്ച അതേ മനുഷ്യൻ തന്നെയയാണോ ഇതെന്ന് നന്ദയ്ക്ക് അത്ഭുതം തോന്നി.
റോൾ കോൾ വിളിക്കുന്നതിനിടയിൽ സാറിന്റെ കണ്ണുകൾ നന്ദയ്ക്ക് നേരെ നീണ്ടു. ഒരു സെക്കൻഡ്…
വെറുമൊരു നിമിഷത്തേക്ക് ആ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കവും ചുണ്ടിൽ ആരും കാണാത്ത ഒരു ചെറിയ ചിരിയും വന്നുപോയി. അത് തനിക്കുള്ള സന്ദേശമാണെന്ന് നന്ദയ്ക്ക് മനസ്സിലായി…

ക്ലാസ് അവസാനിക്കാറായപ്പോൾ സാർ പറഞ്ഞു, “അടുത്ത ആഴ്ച കോളേജ് ഡേ ആണ്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ വകയായി ഒരു നാടകം ഉണ്ടാകും… അതിലേക്ക് അഭിനേതാക്കളെ വേണം. താല്പര്യമുള്ളവർ വൈകുന്നേരം സെമിനാർ ഹാളിലേക്ക് വരിക.”

“നന്ദാ, നീ പോണം! നിനക്ക് നല്ലോണം അഭിനയിക്കാൻ അറിയാല്ലോ,”
ആതിര അവളെ തള്ളി.
“എനിക്കോ? ഏയ്, സാറിന്റെ മുന്നിൽ പോയി നിൽക്കാൻ എനിക്ക് പേടിയാ,” നന്ദ മടിച്ചു..
“ഒരു പേടിയുമില്ല, നീ വരുന്നു,” കാർത്തിക്കും ആതിരയും നിർബന്ധിച്ച് അവളെ വൈകുന്നേരം സെമിനാർ ഹാളിലെത്തിച്ചു..
സെമിനാർ ഹാളിൽ കുട്ടികൾ തടിച്ചുകൂടിയിരുന്നു. വൈഷ്ണവ് സാറാണ് ഓഡിഷൻ നടത്തുന്നത്…
നന്ദയുടെ ഊഴം വന്നപ്പോൾ അവൾ വിറച്ചുകൊണ്ട് സ്റ്റേജിലേക്ക് കയറി…

“എന്ത് ഡയലോഗ് ആണ് പറയാൻ പോകുന്നത്?” സാർ കണ്ണട ഊരി വെച്ചുകൊണ്ട് ചോദിച്ചു…

നന്ദ ഷേക്സ്പിയറിന്റെ ഒരു ചെറിയ ഡയലോഗ് പറയാൻ തുടങ്ങി…എന്നാൽ പേടി കാരണം ഇടയ്ക്ക് വച്ച് ഡയലോഗ് തെറ്റി… അവൾ പതറി നിന്നു…
കൂടെയുള്ള കുട്ടികൾക്കിടയിൽ ചെറിയ ചിരി ഉയർന്നു. നന്ദയുടെ കണ്ട് നിറഞ്ഞു… അവൾ തലതാഴ്ത്തി നിൽക്കുമ്പോൾ സാർ കസേരയിൽ നിന്നെഴുന്നേറ്റു…

“സൈലൻസ്!” സാറിന്റെ ശബ്ദം ഹാളിൽ മുഴങ്ങി… എല്ലാവരും മിണ്ടാതായി…
സാർ സ്റ്റേജിലേക്ക് നടന്നു വന്നു… നന്ദയുടെ അടുത്തെത്തി തികച്ചും സൗമ്യമായി പറഞ്ഞു, “നന്ദ, ഇന്നലെ ഞാൻ കണ്ട നിൻ്റെ ധൈര്യം എവിടെപ്പോയി? മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി പേടിച്ചാൽ നിനക്ക് ഒരിക്കലും മുന്നോട്ട് പോകാൻ കഴിയില്ല. കണ്ണുകൾ അടച്ച്, ആ കഥാപാത്രം നീയാണെന്ന് വിചാരിച്ച് ഒന്നുകൂടി പറ.”

സാറിന്റെ സാമീപ്യവും ആ വാക്കുകളും നന്ദയ്ക്ക് വലിയൊരു ഊർജ്ജം നൽകി… അവൾ കണ്ണ് തുറന്നു. സാറിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൾ ആ ഡയലോഗ് വീണ്ടും പറഞ്ഞു. ഈ തവണ അവളുടെ ശബ്ദത്തിൽ ഇടർച്ചയില്ലായിരുന്നു, പകരം വലിയൊരു ആത്മവിശ്വാസമായിരുന്നു.
ഹാളിൽ മുഴുവൻ കയ്യടി ഉയർന്നപ്പോൾ സാർ അവൾക്ക് നേരെ നോക്കി മെല്ലെ തലയാട്ടി. ആ കണ്ണുകളിൽ പ്രശംസയും അതിലേറെ എന്തോ ഒന്നുമുണ്ടായിരുന്നു…
ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി…
നാടകത്തിന്റെ പ്രാക്ടീസ് ദിവസവും വൈകുന്നേരങ്ങളിൽ നടന്നു. ഓരോ ദിവസവും നന്ദ വൈഷ്ണവ് സാറിനെ കൂടുതൽ കൂടുതൽ അറിയുകയായിരുന്നു…പുറമേക്ക് കടുപ്പക്കാരനാണെങ്കിലും കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധയുള്ള, എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ല മനുഷ്യനാണ് പുള്ളിയെന്ന് അവൾക്ക് ബോധ്യപ്പെട്ടു…
ഒരു ദിവസം പ്രാക്ടീസ് കഴിഞ്ഞ് എല്ലാവരും പോയപ്പോൾ നന്ദ ഹാളിൽ തനിച്ചായി. അവൾ തന്റെ സാധനങ്ങൾ ബാഗിൽ വെക്കുകയായിരുന്നു.
സാർ അവളുടെ അടുത്തേക്ക് വന്നു. “നന്ദ, നാടകത്തിലെ നിന്റെ പ്രകടനം വളരെ നന്നാവുന്നുണ്ട്.”
“താങ്ക്സ് സാർ… സാർ അന്ന് തന്ന ധൈര്യമാണ്,” അവൾ പുഞ്ചിരിച്ചു.

“പിന്നെ… അന്ന് ഞാൻ പറഞ്ഞ കാര്യങ്ങൾ… അതൊന്നും മനസ്സിൽ വെക്കേണ്ട കേട്ടോ. എപ്പോഴോ പറഞ്ഞുപോയതാണ്,” സാർ അല്പം മടിയോടെ ആണെങ്കിലും പറഞ്ഞു…

നന്ദ സാറിന്റെ നേരെ തിരിഞ്ഞുനിന്നു…
അവളുടെ ഉള്ളിലെ വായടിത്തരം ആ നിമിഷം പുറത്തുവന്നു..

“സാർ, മനസ്സിൽ തട്ടുന്ന കാര്യങ്ങൾ ആരും പെട്ടെന്ന് മറക്കില്ല. സാറിന്റെ ഗൗരവത്തിന് പിന്നിലെ സങ്കടം എന്താണെന്ന് എനിക്കറിയില്ല. പക്ഷെ, ആ സങ്കടം മാറ്റാൻ ഈ ലോകത്ത് ആർക്കെങ്കിലും കഴിയുമെങ്കിൽ… അത് എനിക്കായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.”

നന്ദയുടെ ഈ വാക്കുകൾ കേട്ട് വൈഷ്ണവ് സാർ തരിച്ചുനിന്നുപോയി. തന്റെ ഒരു വിദ്യാർത്ഥിനിയിൽ നിന്ന് ഇത്രയും വലിയൊരു തുറന്നുപറച്ചിൽ പുള്ളി പ്രതീക്ഷിച്ചിരുന്നില്ല…

സാറിന്റെ കണ്ണുകളിൽ അത്ഭുതവും വികാരവിചാരങ്ങളുടെ ഒരു കടലും അലതല്ലുന്നത് നന്ദ കണ്ടു…
സാർ ഒന്നും പറഞ്ഞില്ല…

പക്ഷെ ആ നിശബ്ദതയിൽ, വരാനിരിക്കുന്ന ഒരു വലിയ സ്നേഹബന്ധത്തിന്റെ വിത്ത് പാകുകയാണെന്ന് രണ്ടുപേരും തിരിച്ചറിഞ്ഞു. പ്രായത്തിന്റെയും സ്ഥാനത്തിന്റെയും അതിരുകൾക്കപ്പുറം, രണ്ടു മനസ്സുകൾ തമ്മിൽ അടുക്കുന്ന മനോഹരമായ ഒരു യാത്രയുടെ തുടക്കമായിരുന്നു അത്…

ശുഭം!..

Similar Posts

Leave a Reply