17/04/2026

നിന്നോളം : ഭാഗം 01

രചന – ഫൗസിയ യൂസഫ്

“” ഭദ്രേച്ചി ഞാൻ… “” “” വേണ്ട! നീയൊന്നും പറയണ്ട… മനസ്സില് അരുതാത്തതെന്തേലും ഉണ്ടെങ്കില്, ഇവിടെ… ഇവിടെവെച്ചു നിർത്തിയേക്കണം. ഇനിയൊരു താക്കീതിന്, ഇട തരരുത്!”” ഭദ്രേച്ചിക്ക് ഇങ്ങനൊരു രൗദ്രഭാവം, ഇതാദ്യായിരുന്നു…. അതും ഇന്നോട്… “” ആരോടും മറച്ചു വെക്കണംന്ന് കരുതീതല്ല.. സമയാവുമ്പോ, എല്ലാരുടേം അനുഗ്രഹത്തോടെ ഒക്കെ മതീന്നാ കണ്ണേട്ടനും പറഞ്ഞേ.. അതോണ്ടാ ഞാനൊന്നും….”” ഞാനത് പറയുമ്പോഴും, ഭദ്രേച്ചി കല്ലിച്ച മുഖവുമായി തിരിഞ്ഞു നിൽക്കുകയായിരുന്നു.. “” ഭദ്രേച്ചി… “” ഞാനാ കയ്യിൽ അമർത്തിപ്പിടിച്ചതും, അതിശക്തിയിൽ എന്റെ കൈ, കുടഞ്ഞു താഴെയിട്ടു ഭദ്രേച്ചി… ഇങ്ങനെ പ്രതിഷേധിക്കാൻ മാത്രം, കണ്ണേട്ടനെ സ്നേഹിച്ചു പോയത് ഇത്ര വല്ല്യേ തെറ്റായിപ്പോയോ എന്ന് ഞാൻ ചിന്തിച്ചുപോയി..

എല്ലാം, എല്ലാരും അറിയുമ്പോ സന്തോഷത്തോടെ ഞങ്ങളെ ചേർത്തുവെക്കും എന്നാ ഇത്രനാളും കരുതിയിരുന്നേ.. ഇതിപ്പോ, വല്ല്യേ സങ്കടായിപ്പോയിലോ ദേവ്യേ… “” ഉണ്ടചോറിന് ഇത്തിരിയെങ്കിലും നന്ദി കാണിക്കുന്നവളാ നീയെന്നാ ഞാൻ കരുതിയിരുന്നേ.. പക്ഷേ,, ഇത്രേം നന്ദികേട് പ്രതീക്ഷിച്ചില്ല!”” ഭദ്രേച്ചി പറഞ്ഞതും, ഞാൻ വേദനയോടെ ആ മുഖത്തേക്ക് നോക്കി.. “” കാണണ്ടെനിക്ക്, പൊയ്ക്കോ ന്റെ മുന്നീന്ന്.. “” വീണ്ടും വെറുപ്പിന്റെ ഭാഷ്യം! കരഞ്ഞുകൊണ്ടാണ് ആ മുറിയിൽ നിന്നും തിരികെ എന്റെ കട്ടിലിലേക്ക് വന്നു വീണത്.. ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തൊരു നോവെന്നെ വരിഞ്ഞു മുറുക്കുന്നതു പോലെ… കൂടെകൂട്ടിയ അന്നുമുതൽ ഒരു ചേച്ചിയുടെ സർവ്വ സ്വാതന്ത്ര്യവും തന്നിട്ടുണ്ടെനിക്ക് ഭദ്രേച്ചി… എങ്കിലും താനൊരിക്കലും അത് മുതലെടുത്തിട്ടില്ല…

മനസ്സിൽ ആ സ്ഥാനം വളരെ അടുത്താണെങ്കിലും,എന്നും ഒരിത്തിരി അകലം സൂക്ഷിച്ചിട്ടേ ഉള്ളൂ… ദാനം കിട്ടിയ ഈ ജീവിതത്തിൽ കടപ്പാടുകൾ മറന്ന് ഒന്നും ചെയ്തിട്ടില്ലിതുവരെ.. എന്നിട്ടും, ഭദ്രേച്ചി എന്തിനാ തന്നോടങ്ങനെ പറഞ്ഞത്…?? താനെന്തു തെറ്റ് ചെയ്തിട്ടാ ഈ കുടുംബത്തോട് നന്ദിയില്ലാത്തവളായത്…?? ഓർക്കുന്തോറും മനസ്സ് വിങ്ങിപ്പൊട്ടി.. സമയത്തെ ഓർമപ്പെടുത്തി, ക്ലോക്കിലെ മണി അഞ്ചുതവണ അടിച്ചപ്പോൾ,, മനസ്സ് അമ്പലമുറ്റത്തേക്കോടി… കണ്ണേട്ടനിപ്പോ, തന്നേയും കാത്ത് ആൽചുവട്ടിൽ നിൽപ്പുണ്ടാവും.. ഇത്തിരിയൊന്ന് വൈകിയാൽ മതി, ആള് ഗൗരവത്തിന്റെ കുപ്പായമെടുത്തണിയും… കയ്യെത്തും ദൂരത്തെന്നപോലെ, കണ്മുന്നിൽ തന്നെ ഉണ്ടായിട്ടും ഞങ്ങളുടെ കൂടിക്കാഴ്ചകളും കാര്യം പറച്ചിലുമെല്ലാം അമ്പലമുറ്റത്തു വെച്ചാണ്… ചെറുപ്പംതൊട്ട്, ഒരു കുടുംബത്തിലെ അന്തേവാസികളാണെങ്കിലും, ആർക്കും സംശയിക്കാൻ ഇടം നൽകിയിട്ടില്ലിതുവരെ… ഇന്നിനി വയ്യ… നോവ് പറ്റിയ ഹൃദയവുമായി കണ്ണേട്ടനെ കാണാൻ മനസ്സനുവദിക്കുന്നില്ല! നോക്കുന്നിടത്തെല്ലാം കണ്മുന്നിൽ തെളിയുന്നത്, കോപിച്ചു നിൽക്കുന്ന ഭദ്രേച്ചീടെ മുഖമാണ്…

” ഇനി ഭദ്രേച്ചിക്കെങ്ങാനും കണ്ണേട്ടനോട്….? ” മനസ്സ് പെട്ടന്ന് കാടുകയറി ചിന്തിച്ചപ്പോൾ, കട്ടിലിൽ നിന്നും പൊടുന്നനെ എഴുനേറ്റു.. ന്റെ ദേവീ.. ഇതെന്റെ തോന്നല് മാത്രമായിരിക്കണേ… പ്രാർഥനയോടെ വിളിച്ചെങ്കിലും, ഇരുന്നിട്ട്, ഇരിപ്പുറയ്ക്കുമായിരുന്നില്ല.. ഭദ്രേച്ചിയോട് നേരിട്ട് ചോദിച്ചാലോ..? എല്ലാം, ഉള്ളുതുറന്ന് പങ്കുവെക്കുന്നവരായിരുന്നിട്ടും, ഇതെന്തോ ചോദിക്കാനൊരു പേടി.. എങ്കിലും, രണ്ടും കല്പിച്ച് മുറിയിലേക്ക് ചെന്നു.. “” ഭദ്രേച്ചി ” ഞാൻ വിളിച്ചു. ” ഉംo..”ഗൗരവം വിടാതെ ഭദ്രേച്ചിയെന്റെ മുഖത്തേക്ക് നോക്കി. “” നിക്ക്… നിക്കൊരു കാര്യം ചോദിക്കാണ്ട് ” “” എന്താച്ചാ പറഞ്ഞോളൂ “” ഇത്തവണ ഭദ്രേച്ചിയെന്നെ നോക്കിയില്ല! “” ഞാൻ.. ഞാനൊരാളെ ഇഷ്ടപ്പെട്ടതാണോ, അതോ ഇഷ്ടപ്പെട്ട ആള് കണ്ണേട്ടനായതാണോ ഭദ്രേച്ചിക്ക് ന്നോട് വെറുപ്പ് തോന്നാൻ കാരണം?? “” അങ്ങനൊരു ചോദ്യം, ചേച്ചിയൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ മുഖത്തെ ഭാവമെനിക്ക് കാട്ടിത്തന്നു… “” നീയെന്നെ ചോദ്യം ചെയ്യാൻ വന്നതാണോ? “” ഭാദ്രേച്ചി കയർത്തു.

“”ന്നോട് അങ്ങനൊക്കെ പറഞ്ഞപ്പോ നിക്കൊരു സംശയം തോന്നിപ്പോയി.. ഭദ്രേച്ചിക്ക് കണ്ണേട്ടനോട് ഇഷ്ടണ്ടെന്ന്… സോറി.. ന്റെ ചോദ്യം ഞാൻ തിരിച്ചെടുത്തേക്കണു “” ഇത്തിരി പരിഭവത്തോടൊപ്പം എനിക്കൊരൽപ്പം ആശ്വാസവും തോന്നിയിരുന്നു.. ഭദ്രേച്ചി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല! എന്നോടുള്ള പിണക്കം മാറ്റാനായിട്ടാണ് കുറുമ്പോടെ ഞാൻ അരികിൽ ചെന്നതും, ആ തോളിലൂടെ കൈകൾ പിണച്ചു വെച്ചതും.. പെട്ടന്നായിരുന്നു ഭദ്രേച്ചിയത് പറഞ്ഞത്, “” ഇഷ്ടം മാത്രല്ല, ജീവനാണ്… എന്നെക്കാളേറെ ജീവനാണ് എനിക്കെന്റെ കണ്ണേട്ടനെ!!”” എന്റെ കൈകൾ ഭദ്രേച്ചിയിൽ നിന്നും വേർപെട്ടത് യാന്ത്രികമായിട്ടായിരുന്നു… “” നിന്നെക്കാൾ മുന്നേ അറിഞ്ഞു തുടങ്ങീതാ ഞാൻ കണ്ണേട്ടനെ.. നിനക്കുമുന്നേ കൊതിച്ചു പോയതാ ഞാൻ കണ്ണേട്ടനെ.. വിട്ടു തരില്ല്യ.. അതെന്തിന്റെ പേരിലായാലും, ആർക്കു വേണ്ടീട്ടായാലും…!”” ആ വാക്കുകൾ ഒരു പ്രതിജ്ഞ പോലെയാണെനിക്ക് തോന്നീത്.. എന്റെ നാവിൽ അതിനുള്ള മറുപടി ശേഷിക്കുന്നില്ലായിരുന്നു…

“” മറന്നു കളഞ്ഞേക്കണം നിന്റെ മനസ്സീന്ന്.. തെരുവ് മാത്രം അഭയമുണ്ടായിരുന്ന നിന്നെ , ഈ തറവാട്ടിലേക്ക് കൈപിടിച്ചു കയറ്റിയത് ഈ ഞാനാ.. നിനക്ക് എന്നോളംതന്നെ സ്ഥാനം തന്നതും, സ്നേഹിച്ചതും എന്റെ അച്ഛനുമമ്മയുമാ.. ഞങ്ങളോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണെന്ന് എപ്പഴും പറയാറില്ലേ നീ… ഇതാണ് നിനക്കുള്ള അവസരം…! പറിച്ചെറിഞ്ഞേക്കണം നിന്റെ ഉള്ളീന്ന് കണ്ണേട്ടന്റെ രൂപം! ന്റെ മനസ്സ് വേദനിച്ചാൽ..,, നോവുന്നത് നീ അമ്മയെന്നും അച്ഛനെന്നും വിളിക്കുന്ന, നീ ദൈവങ്ങളെ പോലെ ആരാധിക്കുന്ന രണ്ടുപേർക്കാ… അവരുടെ കണ്ണ് നിറഞ്ഞു കാണാൻ ആഗ്രഹമില്ലെങ്കിൽ,, നിന്റെ മോഹം നീ ഉപേക്ഷിച്ചേക്ക്… “” ഉള്ളുപിളർന്ന വേദനയോടെയാണ് ഞാനതെല്ലാം കേട്ടു നിന്നത്… മനസ്സ് പിടിവിട്ടുപോകാതിരിക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു..

“” ഞാൻ കാരണം ഇവിടാരും കരയേണ്ടി വരില്ല.. ഔദാര്യം സ്വീകരിച്ചവളെ, നാളെ നിങ്ങൾക്കാർക്കും ശപിക്കേണ്ടിയും വരില്ല… മറന്നു തുടങ്ങാ ഞാൻ.. ഈ നിമിഷം മുതൽ.. “” അത് പറയുമ്പോൾ, എന്റെ കണ്ണിൽ പൊടിഞ്ഞത് കണ്ണുനീരായിരുന്നെങ്കിൽ,, നെഞ്ചിൽ പൊടിഞ്ഞത് ചോരയായിരുന്നു! ഭദ്രേച്ചിയെ നോക്കാതെ വേഗം മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങിയതായിരുന്നു ഞാൻ…. ഞാൻ, ഞാനല്ലാതാവും മുമ്പേ, നാല് ചുവരുകൾ മാത്രം കാണെ എനിക്കൊന്ന് ഉറക്കെ പൊട്ടിക്കരയണമായിരുന്നു… “” നീയൊന്ന് നിന്നേ.. “” പെട്ടന്നാണ് ഭദ്രേച്ചി വിളിച്ചത്. “” നീ വല്ല്യേ ഔദാര്യം കാട്ടിയെന്ന്, നാളെ എനിക്കോ നിനക്കോ തോന്നാൻ പാടില്ല… അത് നിന്റെ ഉത്തരവാദിത്വമാണ്! ഞാൻ ആഗ്രഹിച്ചത്, ഞാൻ കണ്ട സ്വപ്നം ജീവിച്ചു തീർക്കാനാണ്.. അതൊരിക്കലും, നീ വച്ചുനീട്ടിയ ജീവിതമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല!”” ആ മുറിയിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ ഞാൻ ചിന്തിച്ചത് ഭദ്രേച്ചിയുടെ മാറ്റത്തെ കുറിച്ചാണ്..

എത്ര പെട്ടന്നാണ് ഒരാളിൽ മാറ്റം സംഭവിക്കുന്നത്… സ്വന്തമല്ലാതിരുന്നിട്ടും, പ്രിയപ്പെട്ടവളായി… അനിയത്തിയായി മറയില്ലാതെ സ്നേഹിച്ചവരെയാണ്… ഇപ്പൊ,, ഒരു പ്രണയത്തിനുമേൽ തകർന്നുടഞ്ഞു പോയത്… എനിക്ക് നഷ്ടപ്പെട്ടത് പോയത്… “” ഭദ്രേച്ചീടഛാ.. “” എന്ന് ഞാൻ നീട്ടിവിളിച്ചപ്പോഴെല്ലാം, “”ഭദ്രേച്ചീടെ മാത്രം അച്ഛനല്ല, നെന്റേം കൂടി അച്ഛനാണുട്ടോ…”” എന്ന് പറഞ്ഞു തിരുത്തി, “അച്ഛാ.. അമ്മേ ” എന്ന് വിളിപ്പിച്ചത് ഭദ്രേച്ചിയായിരുന്നു… ആ ആളാണ്‌, കുറച്ചു മുമ്പ് “എന്റച്ഛനെനെന്നും അമ്മയെന്നും” ന്റെ മുഖത്തുനോക്കി എടുത്തു പറഞ്ഞത്.. ഓർക്കുന്തോറും മനസ്സ് വീണ്ടും വീണ്ടും മുറിപ്പെടുകയാണ്… പക്ഷേ, എത്ര വേദനിപ്പിച്ചാലും വെറുത്താലും തിരിച്ചൊന്ന് മുഖം കറുപ്പിക്കാൻ പോലും തനിക്ക് കഴിയാത്തത്ര ആഴത്തിൽ ഭദ്രേച്ചിയെ ഞാനെന്റെ മനസ്സിൽ അടയാളപ്പെടുത്തി വച്ചിരുന്നു…

വെള്ളപുതപ്പിച്ച രണ്ട് ശവശരീരങ്ങൾക്ക് മുന്നിലിരുന്ന്, വിതുമ്പിക്കരയുന്ന നരച്ച കുപ്പായമണിഞ്ഞൊരു കൊച്ചു പെൺകുട്ടിയെ നോക്കി പലരും പതം പറയുന്നുണ്ടായിരുന്നു… “” ന്നാലും എങ്ങനെ തോന്നി ഇവർക്ക് രണ്ടാൾക്കും, ഇത്തിരി പോന്ന ഈ പെങ്കൊച്ചിനെ ഒറ്റയ്ക്കാക്കിപ്പോവാൻ..” “” ഇനി എങ്ങനെ ജീവിക്കുംന്നാ ഈ കൊച്ച്..? ചുറ്റിനും കഴുകന്മാരല്ലേ റാഞ്ചാൻ!”” അവര് പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും, ഒന്നെനിക്ക് അറിയാമായിരുന്നു.. ഈ ഭൂമിയിൽ ഞാനിനി ഒറ്റയ്ക്കാണ്! ജന്മം തന്നവർ നാമാവശേഷമായിരിക്കുന്നു!! എല്ലാരും തിരിച്ചു പോയി… മുറ്റത്ത് ശേഷിച്ച ചിലരിൽ കൃഷ്ണവർമ്മ തമ്പുരാനും ഭാര്യ ലക്ഷ്മി തമ്പുരാട്ടിയും ഉണ്ടായിരുന്നു.. കൂടെ, അവരുടെ മകൾ ഭദ്രയും! പേരുപോലെ തന്നെ അദ്ദേഹം അന്നാട്ടുകാർക്ക് തമ്പുരാനായിരുന്നു..

ജാതിയോ മതമോ നോക്കാത്ത, ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാത്ത, എല്ലാവർക്കും ഏത് പ്രതിസന്ധിയിലും അത്താണിയാകുന്നൊരു മനുഷ്യൻ.. “” നമുക്ക് ആ കുഞ്ഞാവേക്കൂടി കൊണ്ടോവാം അച്ഛാ…”” തമ്പുരാന്റെ മോള് ഭദ്രയാണ് അതാദ്യം പറഞ്ഞത്.. ന്നേക്കാൾ, മൂന്നോ നാലോ വയസ്സേ കൂടുതൽ കാണൂ ആ കുട്ടിക്ക്.. “എല്ലാരും പോയാ അത് ഒറ്റയ്ക്കാവില്ലേ… പേടിച്ചു കരയില്ലേ.. നമുക്ക് കൊണ്ടോവാം, നമ്മടെ വീട്ടീക്ക് “” ചുറ്റിലും പറഞ്ഞുകേട്ട അഭിപ്രായങ്ങളാകാം അവളെക്കൊണ്ട് അങ്ങനെ പറയിച്ചത്… അച്ഛന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ ഓടി വന്നതും, എന്നെ ചേർത്തണച്ചതും അവള് തന്നെയായിരുന്നു… “” കുഞ്ഞാവേടെ പേരെന്താ?? “” നടത്തത്തിനിടയിൽ അവൾ ചോദിച്ചു. “”ചാരു..”” “” ഉം.. നല്ല പേര്. ഞാൻ ചാരൂന്റെ ചേച്ചിയാണുട്ടോ… ഭദ്ര… ഭദ്രേച്ചി!”” അവൾ ചിരിച്ചു.. എല്ലാം മറന്ന് കൂടെ ഞാനും! “” ഇതെന്താപ്പോ.. ഇന്ന് അമ്പലത്തിലൊന്നും പോയില്ല്യാലോ ന്തേ പറ്റീത്? “” അമ്മ കടന്നു വന്നപ്പോഴാണ്, ഞാൻ ചിന്തകളിൽ നിന്നും തിരിച്ചു വന്നത്..

“” ഒന്നൂല്ല്യമ്മേ.. ഇന്ന് വയ്യാന്നു തോന്നി “” ഞാൻ പറഞ്ഞു. “” അങ്ങനൊന്നും മുടങ്ങണ ആളല്ലാലോ നീയ്.. ന്തേ, ഭാഗവാനോട് പിണങ്യോ കുട്ടി “” “” ഭഗവാനോട് പിണങ്ങേ? നല്ല കാര്യായി.. നിക്കാരോടും പിണക്കല്ല്യ ന്റെ അമ്മക്കുട്ട്യേ “” ഞാൻ അമ്മേടെ താടിത്തുമ്പ് തൊട്ടു. “” അവളെവിടെ, ഭദ്ര?? അച്ഛൻ അന്വേഷിക്കണു എന്ന് പറയു അവളോട് “” എന്നോടായി പറഞ്ഞുകൊണ്ട് അമ്മ പോയി.. ഞാൻ ജനാലഴി പിടിച്ച് പുറത്തേക്ക് നോക്കി നിന്നു… താഴെ, കണ്ണേട്ടൻ പടിപ്പുര കടന്ന് വരുന്നുണ്ടായിരുന്നു… മുഖത്ത്, പതിവിലധികം ഗൗരവമുണ്ട്.. എന്നെ കാത്തുനിന്ന് മുഷിഞ്ഞിട്ടുണ്ടാകും… അതുകൊണ്ടു തന്നെ, നോട്ടം നേരെയെത്തുന്നത് ഈ ജനലിനരികിലേക്കായിരിക്കും… വേണ്ട.. അങ്ങനൊരു നോട്ടം ഇനിയെനിക്കു വേണ്ട…! ആ ഒരു നോട്ടം പോലും, തന്റെ മനസ്സിനെ കീഴ്പ്പെടുത്തിക്കളയും… ഞാൻ ചുമരിനോട് ചേർന്ന് മറഞ്ഞു നിന്നു… ഉള്ളിലെവിടെയോ ഒരു വിലാപം അപ്പോഴും ഉയർന്നു കേട്ടുകൊണ്ടിരുന്നു…. കാത്തിരിക്കണേ… ❤