19/04/2026

പാർവതി പരിണയം : ഭാഗം 34

രചന – മൈഥിലി മിത്ര

“മാഷേ, വരണില്ലേയിന്ന് “…. രാവിലെ സ്കൂളിലേക്ക് പോകാൻ റെഡിയായി, അപ്പുവിനെ കൂടെ കൂട്ടാൻ അവന്റെ വീട്ടിലേക്കു ചെന്നതാണ് രേവതി… സാധാരണ രാവിലെ ഒൻപത് ആകുമ്പോഴേക്കും അപ്പു ഒരുങ്ങി ഉമ്മറത്ത്, അവൾക്കായി കാത്തിരിക്കുകയാണ് പതിവ് … ഇന്ന് ആളെ കാണുന്നില്ല… “അപ്പു മാഷേ “…. ആളുടെ അനക്കമൊന്നും കേൾക്കാഞ്ഞിട്ട് ഒന്നുകൂടെ അവൾ വിളിച്ചുനോക്കി… എവിടെ പോയി കിടക്കുന്നു ഈ മാഷ്, മനസ്സിൽ വിചാരിച്ചു കൊണ്ട്, ചെരുപ്പൂരി മുറ്റത്തിട്ട് സിറ്റ് ഔട്ടിലേക്കു കയറി.. നോക്കുമ്പോൾ വാതിൽ തുറന്നു തന്നെ കിടപ്പുണ്ട്… ഒട്ടൊരു സംശയത്തോടെ അകത്തേക്ക് കയറി.. ആദ്യം പോയി അടുക്കളയിലേക്ക് തലയിട്ട് നോക്കി.. അവിടെയും കാണാഞ്ഞിട്ട് തിരിച്ചു വന്നു ഹാളിൽ കൂടി കയറി പുറകിലത്തെ വർക്ക് ഏരിയയിലേക്ക് കണ്ണുകളോടിച്ചു…

നിരാശയായിരുന്നു ഫലം…. അപ്പോഴാണ് ബെഡ് റൂമിന്റെ വാതിൽ പകുതി അടഞ്ഞു കിടക്കുന്നതു രേവതി കണ്ടത്… ആ മുറിയിലേക്ക്‌ കയറുന്നതിനോട് അവൾക്കു താല്പര്യം ഇല്ലായിരുന്നു… പക്ഷെ അപ്പുവിനെന്തു പറ്റിയെന്നുള്ള ചിന്തയിൽ നേരിയ ഒരു ഭയവും ഉടലെടുത്തിരുന്നു…. “അപ്പു മാഷേ “…. വാതിലിൽ കൊട്ടികൊണ്ട് അവൾ വിളിച്ചു… അകത്തു നിന്നും വിളി കേൾക്കാഞ്ഞതിനാൽ വീണ്ടുമൊന്നുകൂടി വിളിച്ചു നോക്കി… എന്തോ തിരിഞ്ഞു പോകാൻ തോന്നിയില്ല.. എന്തും വരട്ടെയെന്നു കരുതി, വാതിൽ മലർക്കേ തുറന്നകത്തേക്ക് കയറിയവൾ…. അപ്പു കട്ടിലിൽ കിടപ്പുണ്ട്.. ഒരു കൈ കണ്ണിനു മുകളിൽ മടക്കി വെച്ചുകൊണ്ട് ഉറങ്ങുകയാണ്.. അടുത്തേക്ക് ചെന്നു തോളിൽ തട്ടി വിളിച്ചവൾ… “മാഷേ… എന്ത് പറ്റി “…. അവളുടെ വിളിയിൽ, ഒന്ന് ഞെട്ടി അപ്പു എണീറ്റിരുന്നു…

രേവതിയെ കണ്ട്, ആദ്യമൊന്നു വിരണ്ടെങ്കിലും, പിന്നെയൊരു പുഞ്ചിരി തിരിച്ചു നൽകിയവൻ… “ഒന്നൂല്യെടോ “… അവന്റെ കണ്ണുകൾ ചുവന്നു കിടന്നിരുന്നു… മുഖമൊക്കെ നീര് വെച്ചതുപോലെ വീർത്തു, ഒരുമാതിരി ആയിരുന്നു… “ഒന്നൂല്യാഞ്ഞിട്ടാണോ മുഖമൊക്കെ വല്ലാണ്ടിരിക്കണേ “… പറഞ്ഞുകൊണ്ടവൾ കയ്യിലിരുന്ന ബാഗ് കട്ടിലിലേക്കിട്ടിട്ടു, അവന്റെ നെറ്റിയിലായിട്ട് കൈ വെച്ചു നോക്കി… ചെറുചൂടുണ്ട്… “വല്യ പനിയൊന്നും ഇല്ലല്ലോ മാഷേ… എത്ര വട്ടം ഞാൻ വിളിച്ചു… വാതിലും തുറന്നിട്ടിട്ട് ഉറങ്ങുവാ അല്ലേ… വിളിച്ചിട്ടും കേൾക്കാഞ്ഞപ്പോ ഞാനൊന്നു പേടിച്ചു.. അതാ അകത്തേക്ക് കയറി വന്നു നോക്കിയത് “…. ആധിയോടെ പറയുന്നവളെ സാകൂതം നോക്കിയിരുന്നവൻ… ആദ്യമായിട്ടാണ് തനിക്കിത്രയും പരിഗണന കിട്ടുന്നത്… മുൻപൊക്കെ വയ്യാതാകുമ്പോൾ ശരദാമ്മ വന്നു അന്വേഷിക്കുമായിരുന്നു..

ഇപ്പോഴിപ്പോൾ ഒന്നും അറിയിക്കാറില്ല… എങ്കിലും പിന്നീടറിയുമ്പോൾ പരിഭവിക്കാറുണ്ട്, ഏട്ടനും ഉണ്ണിയും അമ്മയുമൊക്കെ…. “ഒരു ചെറിയ തലവേദനയാ… സ്കൂളിലേക്ക് വരണം ന്ന് വിചാരിച്ചതാ… അറിയാതെ കിടന്നുറങ്ങിപ്പോയി”.. “അതെന്താ മാഷ് രാത്രി ഉറങ്ങിയില്ലായിരുന്നോ”.. അവന്റെ മുഖം വിളറിയിരുന്നു ആ ചോദ്യത്തിൽ… “ഉറങ്ങിയല്ലോ.”…. അവളെ നോക്കാതെ മുഖം കുനിച്ചു പിടിച്ചുകൊണ്ടായിരുന്നു മറുപടി നൽകിയത്… “ഞാൻ വിചാരിച്ചു, കാമുകിയുടെ കല്യാണം കഴിഞ്ഞത് കൊണ്ട് രാത്രി മുഴുവൻ ഉറങ്ങാതെയിരുന്നു ശോക ഗാനം പാടുകയായിരുന്നുവെന്ന് “…. ഏറു കണ്ണിട്ട് നോക്കിക്കൊണ്ടാണ് അവളാ ഡയലോഗ് പറഞ്ഞത്… രേവതിയുടെ പറച്ചിലിൽ അവനൊന്നു ചിരിച്ചു….

“സങ്കടം ഉണ്ടായി എന്നുള്ളത് നേരാണ്.. പക്ഷെ ശോക ഗാനം ഒന്നും പാടിയില്ല ടീച്ചറെ… സ്നേഹിച്ചത് ഞാൻ മാത്രമല്ലേ… എനിക്കുള്ളത് അല്ലെന്നു ഞാൻ പണ്ടേ മനസ്സിനെ പഠിപ്പിച്ചു വെച്ചതാ… എന്നാലും ഇടക്കിങ്ങനെയോർക്കും… അത്രേയുള്ളൂ “…. പറഞ്ഞുകൊണ്ടവൻ കട്ടിലിൽ നിന്നും എണിറ്റു… “ഞാനിന്നു വരുന്നില്ല രേവതി… എന്തോ ഒരു സുഖമില്ല… നീ പൊയ്ക്കോ “…. അവളോടായി അപ്പു പറഞ്ഞു… “മാഷിന് ഒട്ടും വയ്യെങ്കിൽ ഞാനിവിടെ നിൽക്കാം “…. “ഏയ്, അതൊന്നും വേണ്ട… ഞാനിപ്പോ ഓക്കേ ആണെടോ… രേവതി പൊക്കോളൂ.. വെറുതെയെന്തിനാ ഒരു ലീവ് കളയുന്നെ “… “വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും ആവശ്യം വരുമ്പോഴല്ലേ ലീവ് എടുക്കേണ്ടത് “…. രേവതിയുടെ മറുപടിയിൽ അവന്റെയുള്ളം ഒന്ന് കുളിർന്നു…. എന്തോ ഒരു കുഞ്ഞു സന്തോഷം അവനിൽ മൊട്ടിട്ടു…

തനിക്കും വേണ്ടിയും വേദനിക്കുന്നയൊരാൾ, അത് മാത്രമേ അപ്പുവിന്റെ മനസ്സിലപ്പോൾ ഉണ്ടായിരുന്നുള്ളൂ… “വേണ്ടെടാ.. നീ പൊക്കോ… എനിക്ക് കുഴപ്പൊന്നൂല്യ ടീച്ചറെ “… നിറഞ്ഞ സന്തോഷത്തോടെ പറയുന്നവനെ രേവതി ഒരു നിമിഷം നോക്കി നിന്നു… ‘എങ്കിൽ ശരി, ഞാൻ പോയ്കോളാം… കഴിക്കാൻ വല്ലതും ഉണ്ടാക്കിയാരുന്നോ “… ‘ഞാൻ ഉണ്ടാക്കിക്കോളാം.. ഇനിയും സമയമുണ്ടല്ലോ.. നീ പൊയ്ക്കോ രേവതി “…. “ഇനിയെവിടെ സമയം… നിൽക്ക്, ഞാനിപ്പോ വരാം “… പറഞ്ഞുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നവളെ അവൻ സംശയത്തോടെ നോക്കി.. കുറച്ചു കഴിഞ്ഞു ഒരു കവറുമായിട്ട്, രേവതി അങ്ങോട്ട് ചെന്നു… അപ്പു ഇതെല്ലാം കണ്ടു മൗനമായിട്ടിരുന്നതേയുള്ളൂ… ഒരു തരത്തിൽ പറഞ്ഞാൽ അവനിതൊക്കെ ആസ്വദിക്കുകയായിരുന്നു.. ഒറ്റപ്പെടലിന്റെ ഏകാന്തത അവനോളം വേറാരും അറിഞ്ഞിട്ടുണ്ടാവില്ല… രണ്ടു മൂന്നു സ്റ്റീൽ പാത്രങ്ങൾ അതിൽ നിന്നും പുറത്തേക്കെടുത്തു ഡൈനിങ് ടേബിളിലേക്ക് വെച്ചു..

ഒന്നിൽ ഇഡ്ഡലിയും മറ്റൊരു പാത്രത്തിൽ കുറച്ചു സാമ്പാറും ഉണ്ടായിരുന്നു.. ചെറിയ ഒരു കാസറോളിൽ ചൂട് ചോറും, കൂടെ ചുട്ടരച്ച ചമ്മന്തിയും അതിന്റെ മുകളിൽ വെച്ചിരുന്നു.. “മാഷേ, വന്നു കഴിച്ചേ “…. ഒരു പ്ലേറ്റിലേക്കു മൂന്നു നാല് ഇഡ്ഡലിയും കുറച്ചു സാമ്പാറും എടുത്തു വെച്ചുകൊണ്ട് അവൾ വിളിച്ചു… യന്ത്രികമായി തന്നെ കൈ കഴുകി അവൻ കസേര വലിച്ചിട്ടു പ്ലേറ്റിനു മുന്നിലിരുന്നു. രേവതി കൊണ്ടുവന്ന ഭക്ഷണം ആസ്വദിച്ചു അപ്പു കഴിച്ചു… അവളാണെങ്കിൽ തീരുന്നതിനനുസരിച്ചു ഇട്ടു കൊടുത്തുകൊണ്ടേയിരുന്നു… അവസാനം ഒരു ചൂട് കട്ടനും കൂടെ ഇട്ടു കൊടുത്തിട്ടാണ് അവൾ നിർത്തിയത്… ടാബ്‌ലെറ്റും കൊടുത്തു, ഉച്ചക്കത്തേക്കുള്ള ഭക്ഷണം കഴിക്കാൻ മറന്നു പോകരുതെന്നു പിന്നെയും പിന്നെയും ഓർമിപ്പിച്ചു കൊണ്ടു പോകുന്നവളെ കണ്ട്, അവന് വാത്സല്യം തോന്നി…. തനിക്കു ജനിക്കാതെ പോയ കുഞ്ഞനുജത്തി….. പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു… നോക്കുമ്പോൾ ഉണ്ണിയാണ്… കാൾ അറ്റൻഡ് ചെയ്തു അവനെ കേൾക്കാനെന്ന വണ്ണം ചെവിയോട് ചേർത്തു…..

“എന്താണ് പേര് “… “അനന്തൻ, സാർ “… ചോദ്യം ചെയ്യാനായി അനന്തനെ ഓഫീസിലേക്ക് വിളിപ്പിച്ചതാണ് അർണവ്… “എന്ത് ചെയ്യുന്നു അനന്തൻ “… “കൃഷിയാണ് സാർ “… “നാട്ടുകാരുടെ കണ്ണിലുണ്ണിയാണല്ലേ “… ചിരിയോടെയുള്ള എ സി പി യുടെ ചോദ്യത്തിന് അനന്തൻ നേര്മയായി ചിരിച്ചു… “എവിടെയാണ് പഠിച്ചത് “…. “തേവരക്കര ഗവ.കോളേജിൽ “… “എത്ര വർഷം അവിടെയുണ്ടായിരുന്നു “… “ഡിഗ്രിയും പിജിയും അവിടെയായിരുന്നു.. അഞ്ചു വർഷം ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്”.. “അനന്തന് ആരോടെങ്കിലും പ്രണയമുണ്ടോ “… അതുവരെ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞവന്റെ കണ്ണുകളിൽ നീര്പൊടിഞ്ഞത് അർണവ് ശ്രദ്ധിച്ചു… “ഉണ്ടായിരുന്നു സർ “… “അതെന്താ ഇപ്പോളില്ലേ “…

“അവളിപ്പോ ജീവനോടെയില്ല.. മരിച്ചു പോയി സാർ “… “ആ കുട്ടിയുടെ പേര് “… “ഭാമ”… “എങ്ങനെയാണ് ഭാമ മരിച്ചതെന്നു അനന്തന് അറിയാമോ “… “ആത്മ ഹത്യ ചെയ്തതാണ് “… “എന്തുകൊണ്ട് “… തുടർന്നു അനന്തനിൽ നിന്നു കേട്ട അവരുടെ പ്രണയവും, ഭാമയുടെ മാതാപിതാക്കളുടെ ആക്സിഡന്റ് മരണവും, മാധവന്റെ വീട്ടിലുള്ള അവളുടെ ദാരുണമായ ജീവിതവും, തുടർന്നുണ്ടായ ആത്മഹത്യയുമെല്ലാം അർണവ് ശ്രദ്ധപൂർവം കേട്ടു…. കൂടെ കോളനി പെൺകുട്ടികളുടെ കഥയിലെ മാധവന്റെ പങ്കും… പറയുമ്പോൾ അവനിലെ വന്യത, അർണവിന്റെ കണ്ണുകൾ ഒപ്പിയെടുത്തു… “ഓക്കേ അനന്തൻ… അവസാനമായിട്ട് ഒരു ചോദ്യം കൂടി.”…. “ചോദിച്ചോളൂ സാർ “.. മറുപടി ഉറച്ചതായിരുന്നു… എന്തും നേരിടാനെന്ന വണ്ണo അവന്റെ കണ്ണുകളിൽ ധൈര്യം കാണാനായി…. “മാധവന്റെ കൊലപാതകത്തിൽ അനന്തനെന്തെങ്കിലും പങ്കുണ്ടോ “….. അതേ സമയം എ സി പി ഓഫീസിന് വെളിയിൽ ഉണ്ണിയും അപ്പുവും സകല ദൈവങ്ങളെയും പ്രാർത്ഥിച്ചു കൊണ്ട്, അനന്തനുവേണ്ടി കാത്തിരിക്കുകയായിരുന്നു… കൂടെ അഡ്വ.ഹരിയും…. തുടരും…..