രചന – ശാരി പി പണിക്കർ
കോളേജിൽ നിന്ന് അനുവാദം കിട്ടിയില്ല, 4 വർഷം ഒരേ മുറിയിൽ കൂടപ്പിറപ്പിനെ പോലെ കഴിഞ്ഞ കൂട്ടുകാരിയുടെ കല്ല്യാണം കൂടാൻ. അതുകൊണ്ട് മുങ്ങാൻ തന്നെ തീരുമാനിച്ചു. വാശി കയറ്റിയാൽ എന്തിനും ഏതിനും വലിയ ഊര്‍ജ്ജമാണല്ലോ!
അങ്ങനെ അടുത്ത ജംഗ്ഷനിലേക്കെന്ന് പറഞ്ഞു കോളേജിൽ നിന്നിറങ്ങി. പതിയെ നടന്നു. വഴിയിൽ വച്ച് എന്റെ കോളേജിൽ പഠിക്കുന്ന 2 പിളേളരേയും കിട്ടി കൂട്ടിന്. രണ്ടും ജൂനിയേഴ്സാണ്. അസ്സൽ പട്ടിക്കാട്ടിലാണ് കോളേജ്. അതുപിന്നെ എല്ലാ മെഡിക്കൽ കോളേജുകളും ഒരു കാട്ടുമുക്കിൽ ആയിരിക്കുമല്ലോ! നടന്നു നടന്നു അടുത്തുളള ജംഗ്ഷനിലെത്തി. അവിടെ നിന്ന് ഓരോ മണിക്കൂർ കൂടുമ്പോഴെ മെയിൻ റോഡിലോട്ടുളള ബസ് ഉളളൂ. ബസാണെങ്കിലോ കാലുകുത്താൻ സ്ഥലമുണ്ടാകില്ല. ഓട്ടോ പിടിച്ചു പോകാനാണെങ്കിൽ 80 രൂപയാകും. അതുകൊണ്ട് ബസ് വരുന്നതുവരെ കാത്തുന്നില്ക്കാമെന്ന് കരുതി.
ഭാഗ്യമെന്ന് പറയട്ടേ. ഒരു റിറ്റേൺ ഓട്ടോ കിട്ടി. ഞാൻ കേറുന്നത് കണ്ട് കൂടെ ഉണ്ടായിരുന്ന പിളേളരും കേറി. അവർ കയറിയപ്പോൾ മുതൽ പുതിയതായി സിറ്റിയിൽ തുടങ്ങിയ പിസ്സ ഷോപ്പിനെ പറ്റിയാണ് സംസാരം. ഇന്നലെ ഓഡർ ചെയ്തത് 30 മിനിറ്റിനുളളിൽ ഡെലിവറി ചെയ്തെന്നും, നല്ല രുചിയുണ്ടന്നും, ചില്ലറയില്ലാത്തതുകൊണ്ട് ഡെലിവറി ബോയിക്ക് 200 ടിപ്സ് കൊടുത്തെന്നും മറ്റുമാണ് സംസാരം. ചാറി കൊണ്ടിരുന്ന മഴ ശക്തമായി. എരിച്ചിൽ അടിച്ചു ഞാൻ നനയാൻ തുടങ്ങി. ഞാൻ പതിയെ വെളള കോട്ടൂരി കൈയ്യിൽ പിടിച്ചു. കോളേജ് ഗെയിറ്റ് കടക്കാൻ വേണ്ടിയാണ് കോട്ടിട്ടു ഇറങ്ങിയത്. അപ്പോൾ അടുത്തിരിക്കുന്ന കുട്ടി പറഞ്ഞു.
“എന്തിനാ ചേച്ചി കോട്ടൂരിയത്? ജംഗ്ഷനിൽ കോട്ടിട്ടു ഇറങ്ങുന്നത് ഒരു ഗറ്റപ്പല്ലേ?”
“കോട്ട് മറ്റുളളവരുടെ മുന്നിൽ താൻ ഭയങ്കര ആളാണെന്ന് കാണിക്കാനുളളതല്ല. അതിന് ഒരുപാട് മൂല്യങ്ങളുണ്ട്.”
പിന്നെ അവരൊന്നും മിണ്ടിയില്ല. എന്റെ മറുപടി അവരുടെ വായടപ്പിച്ചെന്ന് തോന്നി. ഓട്ടോ ഓടിച്ച അപ്പച്ചൻ ഞങ്ങളോട് കുശലം ചോദിക്കാൻ തുടങ്ങി. പിളേളർക്ക് അതു തീരെ ഇഷ്ടമായില്ല. ഇതൊക്കെ ഇയാൾക്ക് അറിഞ്ഞിട്ടെന്തിനാ എന്ന മട്ടിലാണ് അവരുടെ സംസാരം. അതുകൊണ്ട് ഞാൻ തന്നെ ആ അപ്പച്ചനോട് സംസാരിക്കാൻ തുടങ്ങി. പാവത്തിന് 2 പെൺമക്കളാണ്. നല്ല കഷ്ടപ്പാടാണ്. ആരെയും ഒരു നിലയ്ക്ക് എത്തിച്ചിട്ടില്ല ഇതുവരെ. എനിക്കും വിഷമമായി കേട്ടപ്പോൾ.
സ്ഥലം അടുക്കാറായെന്ന് ആ പിള്ളേര് ചില്ലറ തപ്പുന്നത് കണ്ടപ്പോൾ മനസ്സിലായി.
ആദ്യത്തെ കുട്ടിയിറങ്ങി. 7 രൂപ കൊടുത്തു. ബസ്സിൽ വരെ മിനിമം ചാർജ് 8 രൂപയാണ്. ഓട്ടോ ഓടിച്ച അപ്പച്ചൻ പറഞ്ഞൂ.
“മോളേ.. ഇത് 7 രൂപയേ ഉളളൂ.”
“ഒരു രൂപയുടെ കുറവല്ലേയുളളൂ. ഒന്ന് അഡ്ജസ്റ്റ് ചെയ്യ് അങ്കിൾ.”
ഇത്രയും പറഞ്ഞു ആദ്യത്തെ കുട്ടി നടന്നു പോയി. രണ്ടാമത്തെ കുട്ടിയിറങ്ങി 10 രൂപ കൊടുത്തു. എന്നിട്ടു പറഞ്ഞു.
“ബാക്കി 2 രൂപ താ.”
“മോളേ… നിങ്ങൾ ബസ്സിലാണ് വന്നിരുന്നതെങ്കിൽ ഇത്രയും സുഖമായി വരാൻ കഴിയുമായിരുന്നോ? നല്ല ഇടിയും ചവിട്ടും കിട്ടിയേനെ. നിൽക്കാൻ കൂടി സ്ഥലം കാണില്ല.”
“എനിക്ക് സമയമില്ല. വേഗം ബാലൻസ് തരൂ.”
ബാലന്‍സ് കിട്ടിയ 2 രൂപയുമായി ആ കുട്ടിയും നടന്നു. അവസാനത്തെ ഊഴമെന്റെയായിരുന്നു. 10 രൂപ കൈയ്യിൽ കൊടുത്തു ഞാൻ നടന്നു.
“മോളേ…”
പുറകിൽ നിന്നൊരു വിളി കേട്ട് ഞാൻ നിന്നു.
“എന്താ അപ്പച്ചാ…?”
“മോൾക്ക് ബാലന്‍സ് വേണ്ടേ?”
“വേണ്ട. അതു അപ്പച്ചൻ വച്ചോളളൂ.”
“ഞാനവരോട് അങ്ങനെ പറഞ്ഞത് കൊണ്ടാണോ? ദണ്ണം കൊണ്ട് പറഞ്ഞു പോയതാ. അങ്ങനെ കിട്ടുന്ന കാശുകൊണ്ടും ഒരു ഗുണമില്ല. ഇത് മോള് വച്ചോ”
“അങ്ങനെ പറയേണ്ട. അത് അപ്പച്ചന് അവകാശപ്പെട്ടത് തന്നെയാണ്.”
എന്റെ നേരെ നീട്ടിയ കൈയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
” എന്റച്ഛനും ഒരു ഓട്ടോ ഡ്രൈവറാണ്”
എന്തോ അതു പറഞ്ഞപ്പോൾ എന്റെ കൈകൾ വിറച്ചു, തൊണ്ടയിടറി. അപ്പോഴും കോട്ടിനെ ഞാൻ മുറുകെ പിടിച്ചിരുന്നു…

by