18/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 18

രചന – ആതിര

ദിവസങ്ങൾ ഓടി കൊണ്ടേയിരുന്നു..ഗീതുവിനോടുള്ള മനോഭാവത്തിൽ സിദ്ധുവിന്‌ കാര്യമായ മാറ്റം ഒന്നും തന്നെയില്ല..എന്നാൽ ദേവിക്ക് ഇപ്പോൾ മകന്റെ ഗീതുവിനോടുള്ള ഇഷ്ടക്കുറവ് മനസ്സിലായി.. അവനോട് പലതവണ സംസാരിച്ചിട്ടും അവൻ പഴയ പല്ലവി തന്നെയാണ് ആവർത്തിക്കുന്നത്.. മകന്റെ മനസ്സ് മാറി ആ ഹൃദയത്തിൽ ഗീതുവിനെ പ്രതിഷ്ഠിക്കാൻ ദൈവങ്ങളുടെ സഹായം തേടയിരിക്കുകയാണ് ദേവി.. ഗീതു ഇപ്പോഴും ഞായറാഴ്ചകളിൽ ദേവിയുടെ അനുവാദം വാങ്ങി ആനന്ദിന്റെ വീട്ടിൽ പോകാറുണ്ട്.. സാവിത്രിയുടെ മടിയിൽ കിടന്ന് കരച്ചിലാണ് പരിപാടി..ചോദിച്ചാൽ മറുപടിയൊന്നും പറയാതെ തലതാഴ്ത്തിയിരിക്കും..ഒന്നും പറയില്ലെന്ന് അറിയാവുന്നത് കൊണ്ട് സാവിത്രിയോ ആനന്ദോ അമ്മുവോ ഒന്നും ചോദിക്കില്ല.. സ്‌കൂളിലും ഗീതു ഗ്ലൂമിയാണ്.. ഗീതുവിന്റെ വിഷമം തങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണെന്ന് അമ്മുവിനും ആനന്ദിനും മനസ്സിലായി..

” ടീച്ചറേ.. ടീച്ചർ സ്കൂളിലേക്ക് പോകുമ്പോൾ ബുദ്ധിമുട്ടാകില്ലെങ്കിൽ ചിന്നുമോളെകൂടി കൂട്ടുവോ??” രാവിലെ പോകാനിറങ്ങിയ ഗീതുനോട് അയലത്തെ വീട്ടിലെ സൗമ്യചേച്ചി ചോദിച്ചതാണ്.. അവരുടെ മോളാണ് ചിന്നു എന്ന ചൈതന്യ..ഗീതുവിന്റെ സ്കൂളിൽ തന്നെ ഒന്നിലാണ് പഠിക്കുന്നത്.. ഓട്ടോയിലായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.. കുഞ്ഞിപിള്ളേരെയെല്ലാം കുത്തിനിറച്ച ഓട്ടോയിൽ ചിന്നുവിനെ വിടാൻ ബുദ്ധിമുട്ടായതിനാൽ ഗീതുവിനൊപ്പം വിടാൻ തീരുമാനിച്ചിരിക്കുയാണ് സൗമ്യ..സൗമ്യയ്ക്കും ഭർത്താവിനും ജോലിയ്ക്ക് പോകണ്ടതിനാൽ ചിന്നുവിനെ കൊണ്ടവിടാനും സമയം ഇല്ല..അതാണ് ഗീതുവിനോട് ചോദിക്കുന്നത്.. “അതിനെന്താ ചേച്ചി ഞാൻ കൊടുപൊക്കോളാം തിരിച്ചും കൊണ്ടുവസന്നേക്കാം..എനിക്കൊരു ബുദ്ധിമുട്ടും ഇല്ല..” അങ്ങനെ ചിന്നു മോളുടെ പോക്കും വരവും ഗീതുവിനൊപ്പമായി.. നടന്നുപോകുമ്പോൾ പട്ടുപാടുകയും ഇടയ്ക്കിടക്ക് കുഞ്ഞിത്തലയിലെ കുരുട്ട് സംശങ്ങളുമൊക്ക ഗീതുവിനെ സന്തോഷിപ്പിച്ചു..,

സൗഭാഗ്യയുടെ കുഞ്ഞിന്റെ ചോറൂണാണ് രണ്ട് ദിവസം കഴിഞ്ഞ്.. ഗുരുവായൂരമ്പലത്തിൽ വെച്ച്.. കുഞ്ഞിന് വാങ്ങേണ്ട കോടിമുണ്ടും ഉടുപ്പും വാങ്ങാൻ ഗീതുവിനെയും കൂട്ടി പോകണമെന്ന് സിദ്ധുവിനോട് പറഞ്ഞു.. ഒഴിവുകഴിവുകൾ പറഞ്ഞെങ്കിലും സിദ്ധു എന്തുകൊണ്ടോ സമ്മതിച്ചു.. കടയിൽ കുഞ്ഞിന് വേണ്ട സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് സിദ്ധുവും ഗീതുവും..അവളിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചാണ് സിദ്ധു നിൽക്കുന്നത്.. “ഹലോ സിദ്ധാർത്ഥ്..” തന്നെ വിളിക്കുന്നത് ആരാണെന്നറിയാൻ സിദ്ധു തിരിന്നു നോക്കി..ബാങ്കിലെ മാനേജർ ആറിയുന്നു അത്.. “ഹായ് സർ..” “സിദ്ധു എന്താ ബേബി ഷോപ്പിൽ..??” “സിസ്റ്ററിന്റെ കുഞ്ഞിനുവേണ്ടി കുറച്ച് പർചയ്സിങ്..” “സിദ്ധു അൺഓഫീഷ്യൽ ആയിട്ട് ഒരു കാര്യം പറയാം..ആലോചിച്ചു മറുപടി പറഞ്ഞാൽ മതി..”

“ഓക് സർ.” “ഒരു കല്യാണകാര്യം ആടോ.. എന്റെ ഫ്രൻഡിന്റെ മകളാണ്.. ഇൻഫോപാർക്കിൽ വർക് ചെയ്യുന്നു..ഇപ്പൊ പ്രാപ്പോസൽസ് ഒക്കെ നോക്കുന്നുണ്ട്.. തന്റെ കാര്യം ഞാൻ ഒന്ന് സൂചിപ്പിച്ചു..ഫോട്ടോയും കാണിച്ചു..അവർക്ക് താല്പര്യമുണ്ട്.. തന്റെ അഭിപ്രായം എന്താ..??” ചോദ്യം ഒരുപോലെ സിദ്ധു വിനെയും ഗീതുവിനെയും ഞെട്ടിച്ചു.. സിദ്ധുവിന്റെ കല്യാണകാര്യം ഓഫീസിൽ ആർക്കും അറിയില്ല.. അവൻ അറിയിച്ചിട്ടും ഇല്ല.. താനുമായുള്ള കല്യാണം സിദ്ധു ഓഫീസിൽ പറഞ്ഞിട്ടില്ലെന്ന് ഗീതുവിന് മനസ്സിലായി..അവളുടെ നോട്ടം അവന്റെ മോതിരം വിരലിലേക്ക് നീണ്ടു.. അവിടെ അവളുടെ പേര് കൊത്തിയമോതിരം വിരലിൽ ഇല്ലായിരുന്നു..അവളുടെ കണ്ണുകൾ സജ്ജലമായി..അവന്റെ നോട്ടവും അവളുടെ നേർക്ക് വന്നപ്പോൾ നോട്ടങ്ങൾ തമ്മിൽ കോർത്തു.. “സിദ്ധാർത്ഥ് ..ഇതാരാ..??” അവന്റെ മറുപടിക്ക് അവൾ കാതോർത്ത് നിന്നു.. “റിലേറ്റീവ് ആണ്..” ഹൃദയം മുറിപ്പെടുന്നതിനു തെളിവായി അവളുടെ കണ്ണുകൾ സാഗരങ്ങളായി..പുറത്തേക്ക് അലയടിക്കുന്ന കണ്ണീര് കാണാതിരിക്കാൻ അവൾ തിരിഞ്ഞുനിന്നു മിഴിയൊപ്പി..

“സിദ്ധു ഞാൻ പറഞ്ഞകാര്യം..”?? “ഇപ്പൊ ഒരു മാരേജിനെ പറ്റി ചിന്തിക്കുന്നില്ല ഞാൻ..” “പേടിക്കണ്ടടോ..തനിക്ക് കണ്ടാൽ ഇഷ്ടപ്പെടും..” “ഇപ്പൊ എന്തായാലും എനിക്ക് ഈ പ്രൊപ്പോസൽ താല്പര്യമില്ല….സോറി സർ..” “ഏയ്..സോറി ഒക്കെ എന്തിനാ..ഞാൻ ജസ്റ്റ് പറഞ്ഞെന്നേയുള്ളൂ..ഇഷ്ടമായില്ലെങ്കിൽ വിട്ടേക്ക്..അപ്പോ വരട്ടെ..ബൈ..” “Ok സർ..” തിരിച്ചുള്ള യാത്രയിൽ ഗീതു മൗനം സ്വീകരിച്ചു..വല്ലാത്ത ഒരു വിഷാദഭാ വം അവളിൽ തളം കെട്ടി നിന്നു.. സിദ്ധുവും അത് ശ്രദ്ധിച്ചു.. വീട്ടിലെത്തി ദേവി കഴിക്കാൻ വിളിച്ചിട്ടും വിശപ്പില്ലന്നവൾ പറഞ്ഞു..അവളെ എന്തേലും പറഞ്ഞോ എന്ന്‌ ദേവി സിദ്ധുനോട് ചോദിച്ചെങ്കിലും ഇല്ല എന്നവൻ പറഞ്ഞു..യാത്രാക്ഷീണം കൊണ്ടാവുമെന്ന് ദേവി കരുതി..എങ്കിലും ഇടക്ക് റൂമിൽ തിരക്കി വന്നെങ്കിലും ലൈറ് ഓഫ് ചെയ്ത് ഉറങ്ങുന്ന ഗീതുവിനെക്കണ്ട് തിരിച്ചുപോയി..

രാവിലെ സിദ്ധുവാണ് പതിവില്ലാതെ നേരത്തെ എഴുന്നേറ്റത്..ഇന്നലെ ഗീതു ബെഡിൽ കിടന്നുറങ്ങിയ കാരണം അവനു താഴെ മെത്തയിൽ കിടക്കേണ്ടി വന്നു..എഴുനേറ്റതും ഗീതുവിന്റെ മുഖത്തേക്കാണ് നോട്ടം പോയത്..കണ്ണുകൾ കരഞ്ഞ് വീർ‌ത്തിരിക്കുന്നു..കവിളുകളിൽ കണ്ണുനീരിന്റെ പശയുണ്ട്.. ഇന്നലത്തെ തന്റെ സംസാരമാണ് ഇതിന്റെ കാരണമെന്നവന് മനസ്സിലായി…അപ്പോഴേക്കും അവൾ എഴുനേറ്റു..ബാത്റൂമിൽ പോയി കുളിച്ചു വന്നപ്പോഴും അവൻ അവിടെത്തന്നെയുണ്ടായിരുന്നു.. “ഓഫീസിൽ ആർക്കും കല്യാണകാര്യം ഒന്നും അറിയില്ല..അതാ ഇന്നലെ..എനിക്കിപ്പോഴും ഈ കല്യാണം അംഗീകരിക്കാൻ പറ്റുന്നില്ല..നീയെന്ന് മനസ്സിലാക്ക്..” ആദ്യമായി സിദ്ധു അവൾക്ക് മുന്നിൽ ശാന്തനായി..

“എനിക്ക് മനസ്സിലാകും സിദ്ധുവേട്ടനെ..ന്റെ പേരുപോലും കാണാതിരിക്കാൻ മോതിരം ഊരിവെച്ചല്ലേ..നന്നായി..എന്ത് തീരുമാനം വേണമെങ്കിലും എടുത്തോ..എനിക്ക് സമ്മതമാണ്..” ജീവൻ പോകുന്ന വേദനയോടെ അവൾ പറഞ്ഞു.. അന്നും ചിന്നുമോളെ ഗീതുനെ ഏൽപ്പിച്ച് സൗമ്യ മടങ്ങി.. “അങ്കിൾ..നിങ്ങൾ രണ്ടുപേരും പിണക്കത്തിലാണോ..?” ഓഫീസിൽ പോകാൻ ഇറങ്ങിയ സിദ്ധുവിനെ കണ്ടവൾ ചോദിച്ചു.. “എന്താ മോളേ അങ്ങനെ ചോദിച്ചെ??”(സിദ്ധു) “ന്റെ അച്ഛൻ ഓഫീസിൽ പോകുമ്പോൾ എനിക്കും അമ്മയ്ക്കും ഉമ്മ തന്നിട്ടാണല്ലോ പോകുന്നേ..ഇഷ്ടോള്ളോരൊക്കെ അങ്ങനെയാന്നാ അമ്മ പറഞ്ഞത്..പിന്നെ അങ്കിളെന്താ ടീച്ചേർക്ക് ഉമ്മ കൊടുക്കാത്തേ..??” പിഞ്ചുമനസ്സിന്റെ ചോദ്യത്തിന് ദേഷ്യപ്പെടാൻ പറ്റില്ലല്ലോ.. അതുകൊണ്ടവൻ ഗീതുവിനെ ദേഷ്യത്തോടെ നോക്കി..അവിടെയും ഞെട്ടി നിക്കുവാണ്..ഗീതു ധൃതിയിൽ ചിന്നുമോളുടെ കൈയ്യും പിടിച്ച് നടന്നു..

പല തവണ കാവ്യ വിവേകിന് മുന്നിൽ പോയി സംസാരിച്ചെങ്കിലും അവൻ പഴയ പല്ലവി തന്നെ ആവർത്തതിച്ചുകൊണ്ടിരുന്നു.. അതുകൊണ്ട് തന്നെ കാവ്യയ്ക്ക് സ്വസ്ഥമായ മനസ്സോടെ ജോലി ചെയ്യാനോ ഉറങ്ങാനോ പോലും പറ്റിയില്ല..കണ്ണുകൾ കുഴിഞ്ഞ് കാൺതടങ്ങളിൽ കറുപ്പ് പടർന്നു.. ഒരു വേള അവൾ ഡിപ്രഷനിലേക്ക് പോകുവാണോ എന്ന് വരെ നീനയും സേറയും സംശയിച്ചു..എപ്പോഴും ആക്ടിവായിരുന്ന കാവ്യ അവളിൽ നിന്നും മാഞ്ഞ് പോയിരുന്നു.. നീന പറഞ്ഞതനുസരിച്ച് സേറ വിവേകിനെ വിളിച്ചു.. “ടാ അവൾ വല്ലാത്ത ഡിപ്രഷൈനിൽ ആണ്..ഇനിയും ഇങ്ങനെ മുന്നോട്ടപോയാൽ ശരിയാവില്ല..നീ അവളെ കണ്ട് സംസാരിക്ക്..ഇനി ഈ അഭിനയം വേണ്ടടാ..”(സേറ) “ഞാനും അത് തീരുമാനിച്ചു.. അവളറിയാതെ ഞാൻ ശ്രദ്ധിക്കുന്നതല്ലേ..എനിക്കും പറ്റുന്നില്ല…നമ്മളുദ്ദേശിച്ച രീതിയിൽ അവൾ മാറിയെന്ന് തോന്നുന്നു..”(വിവേക്) “എന്തായാലും എത്രയും വേഗം ചെയ്യണം..”(സേറ) “ഹ് മ്മ്..’

സ്‌കൂളിലേക്ക് വന്ന ഗീതുവിന്റെ നീരുവന്ന കണ്പോളകളും വിളറിയ മുഖവും അമ്മുവിനെ സങ്കടപ്പെടുത്തി…എന്തുപറ്റിയെന്ന് ചോദിച്ചവരോടൊക്കെ ചെന്നിക്കുത്താണെന്ന് കള്ളം പറഞ്ഞു..അവരൊക്കെയും ക്ലാസ് എടുക്കേണ്ട,ലീവ് പറയാൻ നിർദ്ദേശിച്ചു..അന്ന് ഉച്ചവരെ മാത്രേ ക്ലാസ് ഉണ്ടായിരുന്നുള്ളു..ഉച്ചക്ക് ശേഷം അവളെ നിർബന്ധപൂർവം അമ്മുവും ആനന്ദും കൂട്ടികൊണ്ട് പോയി..ഇത്തവണ അമ്മു എന്തെന്ന് ചോദിച്ചതും ഗീതു അവളെ ഇറുക്കിപ്പിടിച്ച് മാറോട്ചേർന്ന് പൊട്ടിക്കരഞ്ഞുകൊണ്ടെല്ലാം പറഞ്ഞു..തന്നെ ആറു മാസത്തേക്ക് മാത്രം കൂടെ നിർത്തിയിരിക്കുന്നത് ആണെന്നുൾപ്പടെ.. എല്ലാം കേട്ട് തരിച്ച് നിൽക്കുവാണ് അമ്മുവും ആനന്ദും..സിദ്ധു ഇത്രയും ക്രൂരമായി അവളോട് സംസാരിക്കാ റുണ്ടെന്നവർ ചിന്തിച്ചിരുന്നില്ല.. ഗീതുവിന്റെ അവസ്ഥ കണ്ട് എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് പോലും അവർക്ക് അറിയാതെ വന്നു..ഒട്ടും താൽപര്യമില്ലാതെ ഇങ്ങനെ മുന്നോട്ടു പോയാൽ ഗീതുവിന്റെ ജീവിതം എന്താവുമെന്നവർ ആശങ്കപ്പെട്ടു.. എന്നാൽ അപ്പോഴും ഗീതു സിദ്ധു മാറുമെന്നും ഇപ്പോൾ കാണിക്കുന്ന അകൽച്ചയൊക്കെ മാറുമെന്നും തന്നെ സ്വീകരിക്കുമെന്നും ഉറച്ച് വിശ്വസിച്ചു..അവളുടെ വിശ്വാസം നേരാവണേയെന്നവർ ആത്മാർഥമായി പ്രാർത്ഥിച്ചു…

ഭാഗ്യയുടെ കുഞ്ഞിന്റെ ചോറൂണിന് പോകുകയാണ് ദേവിയും മോഹനും..നാളെ ഉച്ചകഴിഞ്ഞേ അവരെത്തുളൂ.. ജോലിത്തിരക്കുള്ളതിനാൽ സിദ്ധുവും കുട്ടികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ഗീതുവും പോകുന്നുണ്ടായിരുന്നില്ല.. “മോനെ നീ എന്നത്തേയും പോലെ ക്ലബ്ബിൽ പോയി ഇരിക്കരുത് ..ഗീതു ഇവിടെ ഒറ്റയ്ക്കാണ്..തനിച്ചാക്കി പോകരുത് ..മനസ്സിലായോ..?? “ഹ് മ്മ്..” “മോളോട് വഴക്കൊന്നും കൂടരുത്..കെട്ടോ..” “അഹ് കേട്ട്..” പിന്നെ ഞാൻ ഇവിടില്ലാത്തതിനാൽ ഗീതു ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ മേലെങ്കിൽ നീ പട്ടിണികിടക്കേണ്ടി വരും..പുറത്ത് നിന്ന് കഴിക്കുന്നത് നിനക്ക് ഇഷ്‌മിലാത്തതല്ലേ..” “ഓ..” ഗീതുവിനോടും സിദ്ധുവിനോടും യാത്രാ പറഞ്ഞ് അവർ ഇറങ്ങി..എന്നാൽ സന്ധ്യയായതും സിദ്ധു നേരെ ക്ലബിലേക്ക് പോയി..ഒറ്റക്കിരിക്കാൻ പേടിയാണെന്ന് പറഞ്ഞ ഗീതുവിനെ ഇള്ളാക്കുട്ടിയല്ലല്ലോ എന്നും പറഞ്ഞ് കളിയാക്കിയവൻ പോയി..നേരം വൈകും തോറും ഗീതു പേടിച്ചതിനുള്ളിൽ ഇരുന്നു..(തുടരും)