രചന – രച്ചൂസ് പപ്പൻ
#കടിഞ്ഞൂൽപൊട്ടൻ
അല്ലെങ്കിൽ തന്നെ ഇവനെ പഠിപ്പിക്കാൻ വേണ്ടി പൈസ ചിലവാക്കുന്നതും കടലിൽ അരി അളന്നു കളയണതും ഒരുപോലെയാ… രണ്ടും നഷ്ടക്കച്ചവടമാ…. ഇങ്ങനെ ഒരു പൊട്ടൻ ആയി പോയല്ലോ നിന്റ മൂത്ത സന്താനം…
അച്ഛമ്മ അത് പറഞ്ഞു എനിക്ക് നേരെ നോക്കിയ നോട്ടത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു…
ഇതൊക്കെ കേട്ടിട്ടും ഒന്നും മിണ്ടാതെ താടിക്ക് കയ്യും കൊടുത്തു മുറ്റത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുന്ന അച്ഛനരികിലേക്ക് നീങ്ങി നിന്ന്
അച്ഛാ… ഞാൻ ഇനി പടിച്ചോളാം എനിക്ക് ഒരവസരം കൂടി..
എന്ന് പറയുമ്പോൾ അച്ഛമ്മ എന്നെ നോക്കി പറഞ്ഞത്..
മുറ്റത്തെ പേട്ട് തെങ്ങിന് തടം എടുക്കുന്നത് ആണ് നിന്നെ പഠിക്കാൻ പറഞ്ഞയക്കുന്നതിലും ഭേതം എന്നാണ്… കടിഞ്ഞൂൽ പൊട്ടൻ
സുധി.. ഇനി നീ എനിക്ക് വേണ്ടി പുസ്തകം ചുമക്കണ്ട… നിനക്ക് വേണം എന്ന് തോന്നിയാൽ മാത്രം മതി.. എന്ന് പറഞ്ഞു അച്ഛൻ അകത്തേക്ക് കയറുമ്പോൾ ഞാൻ വാതിൽപടിയിൽ ഇരുന്നു കാൽമുട്ടിൽ മുഖം ചേർത്ത് കരഞ്ഞുപോയിരുന്നു….
ആൺകുട്ടികൾ കരയാൻ പാടില്ല സുധി… എന്ന് പറഞ്ഞു അമ്മ തോളിൽ തട്ടുമ്പോൾ..
അച്ഛൻ പറഞ്ഞത് നിക്ക് സഹിച്ചില്ല അമ്മേ എന്ന് പറഞ്ഞു അമ്മയോട് ചേർന്ന് നിന്ന് കരയുമ്പോൾ ഞാൻ അമ്മയുടെ കൊച്ചു കുട്ടി ആയിരുന്നു…
അച്ഛന്റെ ദെണ്ണം കൊണ്ടാണ് മോനെ… അങ്ങിനെ പറഞ്ഞെ.. നിന്റെ ഇളയത്തുങ്ങളെയും പഠിക്കണ്ടേ.. ഈ ഓട്ടോ ഓടിച്ചുള്ള സമ്പാദ്യം അല്ലെ ഒള്ളു…നമുക്ക്… നീ വിഷമിക്കണ്ട ബാലികേറാ മലയൊന്നും അല്ല ഈ പ്ലസ് ടു… നീ പഠിച്ചെഴുത് നിന്നെ കൊണ്ട് പറ്റും…
എന്നെ സമാധാനിപ്പിക്കാൻ വേണ്ടി ആണെങ്കിലും അമ്മ അത് പറയുമ്പോൾ മനസ്സാൽ ഞാൻ ഉറപ്പിച്ചിരുന്നു എത്ര കഷ്ടപെട്ടാലും ഞാൻ പ്ലസ് ടു എഴുതി എടുക്കും എന്ന്…
ഒരു കൊല്ലം കഷ്ടപ്പെട്ട് ഞാൻ പ്ലസ് ടു പാസ്സായ സന്തോഷം പറയാൻ വീട്ടിലേക്ക് ഓടി വന്നപ്പോഴേക്കും അനിയൻകുട്ടൻ പ്ലസ് ടു ഫസ്റ്റ് ക്ലാസ്സ് ഓടെ പാസ്സായതിന്റെ മധുരം വിളമ്പുന്ന തിരക്കിലായിരുന്നു അമ്മ പോലും…
അച്ഛാ… ഞാൻ പാസ്സ് ആയി എന്ന് പറഞ്ഞപ്പോൾ
മ്മ്…
എന്ന് ഒന്ന് ഇരുത്തി മൂളി അച്ഛൻ ഓട്ടോസ്റ്റാണ്ടിലേക്ക് പോകുമ്പോൾ അച്ഛമ്മ വിളിച്ചു പറയുന്നുണ്ടാരുന്നു..
കുഞ്ഞനുള്ള സമ്മാനം കൊണ്ടരാൻ മറക്കരുത് എന്ന്…
കുഞ്ഞന് പുതിയ ഡ്രസ്സ് വാങ്ങി അച്ഛൻ രാത്രിയിൽ വീട്ടിലെത്തുമ്പോൾ എന്നെ ഒഴിവാക്കുന്നത് കാണാൻ ഉള്ള ചങ്കുറപ്പ് ഇല്ലാത്തത് കൊണ്ടാണ് മുറിക്കുള്ളിൽ പോയി കിടന്നത്…
ഞാൻ ഉറങ്ങി എന്ന് കരുതി ന്റെ കട്ടിലിന്റെ പറ്റെ ഒരു ജോഡി ഡ്രസ്സ് വെച്ച് അച്ഛൻ പോകുമ്പോൾ ന്റെ കണ്ണിലെ നീരുറവ പുറത്തു വരാതിരിക്കാൻ നന്നേ പാട് പെട്ടിരുന്നു ഞാൻ…
ഉണ്ണിക്ക് അഡ്മിഷൻ വേണ്ടി അച്ഛൻ എൻജിനിയറിങ് കോളേജിന്റെ പടികൾ കയറി ഇറങ്ങുമ്പോൾ ഞാൻ ആഗ്രഹിച്ചത് എന്നോട് ഇനി എന്തിനു പോകണം എന്ന് പോലും ചോദിക്കരുത് എന്നായിരുന്നു….
കാരണം എനിക്ക് കൂടി വേണ്ടി ഇനി ആ മുച്ചക്രം ഓടിച്ചു അച്ഛൻ കിതക്കണ്ട എന്ന് കരുതി തന്നെ ആണ്…
എങ്കിലും ഉണ്ണിക്ക് അഡ്മിഷൻ കിട്ടിയ അന്ന് വൈകിട്ട് ഒരു ഗ്ലാസ് ചായയും ആയി തിണ്ണയിൽ ഇരുന്ന എന്നോട്..
നിന്റെ അടുത്ത ഉദ്ദേശം എന്താ എന്ന് അച്ഛൻ ചോദിച്ചപ്പോൾ..
തീരുമാനിച്ചില്ല…ഇനിയും ആരെയും ബുദ്ധിമുട്ടിക്കില്ല എന്ന് പറഞ്ഞു ഗ്ലാസ് അവിടെ വെച്ച് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അച്ഛമ്മ പിന്നിൽ നിന്ന് അച്ഛനോട് പറയുന്നുണ്ടായിരുന്നു..
നിന്റെ മകൻ കടിഞ്ഞൂൽ പൊട്ടൻ തന്നെയാണ്… രാധാകൃഷ്ണ.. അതോണ്ടല്ലേ നാളെയെ കുറിച്ചൊരു ചിന്ത ഇല്ലാതെ പോയത്… എന്തയാലും ഇളയവൻ മിടുക്കൻ ആയതോണ്ട് ഇനിയുള്ള കാലം കഞ്ഞി കുടിച്ചു കിടക്കാം…
ഒന്നും മിണ്ടാതെ ഓട്ടോ എടുത്ത് അച്ഛൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ ന്റെ ചങ്കിനുള്ളിലും ഒരു പിടപ്പ് ഉണ്ടായിരുന്നു…
ഒറ്റക്ക് പോയി ഡിഗ്രിക്ക് ചേരുമ്പോളും അതിനു വേണ്ട പൈസ ഉണ്ടാക്കാൻ കൂലി പണിക്ക് പോകുമ്പോൾ പോലും ആരോടും ഒരു വാക്ക് പോലും പറയാൻ തോന്നാതിരുന്നത് എന്താണ് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു..
ക്ലാസ്സ് തുടങ്ങുന്ന ആദ്യ ദിവസം അച്ഛനോട് ഇന്ന് എന്റെ ക്ലാസ്സ് തുടങ്ങും എന്ന് പറയുമ്പോൾ നിന്റെ ഇഷ്ടം അല്ലെ നന്നായി വരും എന്നല്ലേ എനിക്ക് പറയാൻ പറ്റു എന്നാണ് അച്ഛൻ പറഞ്ഞത്…
രാത്രിയിൽ കൂട്ടുകാരും ഒത്തു തട്ടുകട നടത്തുമ്പോളും പോസ്റ്റർ ഒട്ടിക്കാൻ പോകുമ്പോളും അച്ഛന്റെ മുന്നിൽ ഇനിയും കൈ നീട്ടാൻ ഗതി വരുത്തരുത് എന്ന് തന്നെ ആയിരുന്നു ആഗ്രഹിച്ചത്…
ഉണ്ണിക്ക് ഫീസ് കെട്ടാൻ വേണ്ടി നെട്ടോട്ടം ഓടുന്ന അച്ഛനെ കണ്ടപ്പോൾ ഞാനായിട്ട് വീണ്ടും ബുദ്ധിമുട്ടിക്കാതിരുന്നത് നന്നായി എന്ന് എനിക്ക് തന്നെ തോന്നിയിരുന്നു..
ഫീസ് കൊടുത്തില്ലങ്കിൽ ഉണ്ണിക്ക് പരീക്ഷ എഴുതാൻ പറ്റില്ലാലോ ഏട്ടാ എന്ന് അമ്മ അച്ഛനോട് പറയുമ്പോൾ..
എല്ലാം നടക്കും ലക്ഷ്മി എന്ന് പറഞ്ഞപ്പോൾ സ്വരം പതറി പോയപോലെ തോന്നി..
അതുകൊണ്ട് തന്നെയാണ് എന്റെ അധ്വാനത്തിന്റെ ഒരു പങ്ക് അച്ഛനെ പിടിച്ചേൽപ്പിച്ചു ഉണ്ണിക്ക് ഫീസ് കൊടുക്കാൻ പറഞ്ഞത്..
നിന്റെ കാര്യം നടക്കട്ടെ വേണ്ട സുധി എന്ന് പറഞ്ഞ അച്ഛന്റെ വാക്ക് വകവെക്കാതെ വീട്ടിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ അച്ഛമ്മ അച്ഛനോട് പറയുന്നുണ്ടാർന്നു..
രാധാകൃഷ്ണ..നിന്റെ മൂത്തവന് വിവരവും ബുദ്ധിയും ഉറച്ചു എന്നാ തോന്നുന്നേ എന്ന്..
ഉണ്ണി…എൻജിനിയറിങ് കഴിഞ്ഞു ജോലിക്ക് കയറുമ്പോൾ..
അമ്മ അച്ഛനോട് പറയുന്നിണ്ടാർന്നു സുധിക്ക് നല്ല ജോലി ഒന്നും ആയില്ലല്ലോ ഏട്ടാ എന്ന്..
അന്ന് അച്ഛൻ അമ്മയോട് പറഞ്ഞത്.. ന്റെ മകൻ എങ്ങിനെ വീണാലും നാല് കാലിൽ ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ് എന്നാണ്…
സ്വന്തം തീരുമാനത്തിൽ B.ed എടുത്ത് പഠിക്കാൻ പോകുമ്പോൾ അച്ഛൻ എന്റെ തോളിൽ തട്ടി നന്നായി വാ എന്ന് മാത്രം ആണ് പറഞ്ഞത്..
നിന്റെ പടുത്തം തീർന്നിട്ട് എനിക്ക് പെണ്ണുകെട്ടാൻ പറ്റുമോ എന്ന് ഉണ്ണി തമാശയായി ചോദിച്ചപ്പോൾ
പഠിക്കാൻ നിനക്ക് മുൻതൂക്കം തന്നുന്നു വിചാരിച്ചു ചേട്ടൻ നിൽകുമ്പോൾ പെണ്ണുകെട്ടാം എന്ന് കരുതണ്ട ഉണ്ണി.. ന്റെ കടിഞ്ഞൂൽ ചെക്കന്റെ കല്യാണം കണ്ടാൽ മതി നിക്ക് ആദ്യം എന്ന് അച്ഛമ്മ ആണ് പറഞ്ഞത്..
പഠിച്ച സ്കൂളിൽ തന്നെ ജോലി കിട്ടിയപ്പോൾ പഴയ പ്ലസ് ടു കാരനിൽ നിന്ന് ഇന്നിലേക്കുള്ള ന്റെ മാറ്റം ആയിരുന്നു ന്നേ തന്നെ ചിന്തിക്കാൻ പഠിപ്പിച്ചത്..
ആദ്യ ദിവസം ജോലിക്കായി ഇറങ്ങുമ്പോൾ ഓട്ടോ കഴുകികൊണ്ടിരിക്കുന്ന അച്ഛന്റെ കാലിലേക്ക് എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു വീണ എന്റെ തോളിൽ തട്ടി നിന്റെ തീരുമാനങ്ങൾ ഒന്നും തെറ്റാറില്ല നന്നായി വരും എന്ന് തന്നെ ആണ് അച്ഛൻ പറഞ്ഞത്…
അച്ഛന്റെ രണ്ടു കൈകളും കൂട്ടി ചേർത്ത് എന്റെ തീരുമാനങ്ങൾക്ക് എല്ലാം പിന്നിൽ എന്റെ അച്ഛന്റെ വിയർപ്പായിരുന്നു എന്ന് പറഞ്ഞു ഞാൻ ആ പുതുമഴയിലേക്ക് ഇറങ്ങുമ്പോളും ..
അച്ഛമ്മ അച്ഛനോടായി പറയുന്നുണ്ടാർന്നു..
രാധാകൃഷ്ണ.. നിന്റെ മൂത്തവൻ ഒരു കടിഞ്ഞൂൽ പൊട്ടൻ തന്നെ ഹൃദയത്തിൽ നേരുള്ള സ്നേഹം ഉള്ള പൊട്ടൻ…
NB:പഠിത്തത്തിൽ പലപ്പോഴും പിന്നിലേക്ക് നിൽക്കുന്ന കുട്ടികൾ ആവും ചിലപ്പോൾ ജീവിതത്തിൽ മുന്നേറുന്നത്….

by