22/04/2026

ഒന്നുമില്ലെങ്കിലും നിങ്ങളുടെ മോളുടെ അത്രയും പ്രായമേ കാണുള്ളൂ എനിക്ക്..

രചന – രച്ചൂസ് പപ്പൻ

#മാലാഖ

നിന്നെ എനിക്ക് നന്നായി അങ്ങ് ബോധിച്ചു… ഒരു ഉമ്മ തന്നിട്ട് പോടീ… രാത്രിയും പകലും ഇല്ലാതെ എന്റെ മുറി കേറി ഇറങ്ങുവല്ലേ നീ.. അച്ഛന്റെ പ്രായം ഉള്ള അയാളത് എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പാണ് തോന്നിയത്…

സർ.. അങ്ങക്ക് എങ്ങിനെ എന്നോട് ഇങ്ങനെ പറയാൻ കഴിഞ്ഞു എന്ന് എനിക്കറിയില്ല… ഒന്നുമില്ലെങ്കിലും നിങ്ങളുടെ മോളുടെ അത്രയും പ്രായമേ കാണുള്ളൂ എനിക്ക്..

പിന്നെ… ഒന്നു പോടി… എന്നെ പോലെ ഉള്ള ഉള്ളവരോടും നീയൊക്കെ ചിരിച്ചും കളിച്ചും കൊഞ്ചിയും കുഴഞ്ഞും നിൽകുന്നത് എന്തിനാണെന്നൊക്കെ എനിക്കും അറിയാം..

സർ, മതി…. എനിക്ക് കേൾക്കണ്ട..
എന്നാ എന്റ വാക്കുകൾ ഗൗനിക്കാതെ വീണ്ടും അയാൾ തുടർന്നു..

നിറുത്തടി നിന്റെ ശീലാവതി ചമയൽ നിന്നെയൊക്കെ എനിക്കറിയാം ഞാൻ കിളവൻ ആയത് കൊണ്ടാണോടി നിനക്ക് ബുദ്ധിമുട്ട്.. ചോരയും നീരുമുള്ള ആണൊരുത്തൻ ആരുന്നെങ്കിൽ നീയൊക്കെ എന്തിനും വഴങ്ങില്ലായിരുന്നോ?

സർ, ദയവ് ചെയ്തു ഒന്ന് നിർത്തുമോ… നിങ്ങളുടെ ഭാര്യയോടോ മകളോടോ ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് സഹിക്കുമോ…

എന്റെ ഭാര്യയും മകളും ഇങ്ങനെ കണ്ടവനെ കുളിപ്പിക്കാനും മലവും മൂത്രവും എടുക്കാനും നടക്കുവല്ലാടി… നിന്നെയൊക്കെ പോലെ.. അവരൊക്കെ കുടുംബത്തിൽ പിറന്നവർ ആണ്..

അയാൾ അത് പറയുമ്പോൾ എന്റെ ഉപജീവനം എന്നതിൽ ഉപരി എന്റെ വ്യെക്തിത്വത്തേ ആയിരുന്നു ചോദ്യം ചെയ്തത്…
എങ്കിലും പിന്നീട് മറുത്തൊന്നും പറയാതിരുന്നത് നാവിനു എല്ലില്ലാത്ത അയാളുടെ അസഭ്യവർഷം ഒഴിവാക്കാൻ തന്നെ ആയിരുന്നു…

മരുന്ന് കൊടുക്കുമ്പോഴും ഡ്രസ്സ്‌ ചെയ്യുമ്പോഴും അയാൾ എന്നെ വായിൽ തോന്നിയത് പോലെ എന്തൊക്കെയോ പറഞ്ഞിരുന്നു…

മാസ്ക് ഒന്നുകൂടെ വലിച്ചു കെട്ടി മുറിവ് ഡ്രസ്സ്‌ ചെയ്തു ആ മുറി വിട്ടിറങ്ങുമ്പോൾ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു…

വാതിലിൽ നിന്നിരുന്ന ആ മനുഷ്യന്റെ ഭാര്യ എനിക്ക് നേരെ വന്ന് മോള് ക്ഷെമിക്കണം അതിയാൻ അങ്ങിനെ ആയി പോയി വയ്യാത്തത് കൊണ്ടുള്ള ഇറിറ്റേഷൻ ആണ്… ഒന്നും മനസ്സിൽ വെക്കരുത് എന്ന് പറയുമ്പോൾ..

ഒന്ന് ചിരിച്ചു കൊണ്ട് അവരോട് ഞാൻ പറഞ്ഞത്… ഉപജീവനത്തേക്കാൾ ഉപരി തൊഴിലിനോടുള്ള ആത്മാർഥത പിന്നെ എന്നെക്കൊണ്ടവന്ന പോലെ വയ്യാത്തവർക്കൊരു കൈത്താങ്ങു അതിനാണ് നഴ്സിംഗ് പഠിച്ചത്…

പിന്നേ സമയം കിട്ടിയാൽ അമ്മ അദ്ദേഹത്തിന് ഒന്ന് പറഞ്ഞു കൊടുക്കണം കുടുംബത്തിൽ പിറന്ന കുട്ടികൾ തന്നെയാണ് നഴ്സ്മാരെന്ന്.. മറുപടി പറയാൻ അറിയാത്തത് കൊണ്ടല്ല എന്റെ സംസ്കാരം എന്നെ അനുവദിക്കാത്തത് കൊണ്ടാണ് മിണ്ടാതിരുന്നത് എന്നും…

മോളെ… മാപ്പ് അദ്ദേഹത്തിന് വേണ്ടി അമ്മ ചോദിക്കുവാ.. എന്ന് പറഞ്ഞ അവരെ നോക്കി നിറഞ്ഞൊന്നു ചിരിക്കുമ്പോഴും ഉള്ളിലെ വിങ്ങൽ കണ്ണീരായി കണ്ണിൽ തിളങ്ങിയിരുന്നു…

Nb:എന്നെ പോലെ വെള്ള അണിഞ്ഞ പലരിൽ ചിലരെങ്കിലും നേരിട്ട അനുഭവം..