17/04/2026

രചന – ശ്രുതി പ്രസാദ്

💛എന്ന് ദേവേട്ടന്റെ പാറു💛

പ്രിയപ്പെട്ട ദേവേട്ടന്,

ദേവേട്ടൻ ഈ കത്ത് വായിക്കുമ്പോൾ ഞാൻ അരികിൽ ഉണ്ടായിരിക്കില്ല, കോളേജിലെ ടൂറിൽ കൂട്ടുകാരുമൊത്ത് ആർത്തുല്ലസിച്ച് ആടിപ്പാടി നടക്കുവായിരിക്കും.

ദേവേട്ടൻ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും, എന്തേ ഞാൻ ഇങ്ങനെയൊരു കത്ത് എഴുതിയെന്ന്? എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നേരിട്ട് പറഞ്ഞുകൂടെയെന്ന്? ഇതേ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. അങ്ങനെ ആ ചോദ്യത്തിനുള്ള ഒരു മറുപടിയാണ് എനിക്ക് ദേവേട്ടന്റെ മുന്നിൽ വന്ന് സംസാരിക്കാനുള്ള ധൈര്യമില്ല.

ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം. ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലംതൊട്ട് നിങ്ങളെ മനസ്സിൽ കൊണ്ട് നടന്നതാണ്. എന്നാൽ നിങ്ങൾ അതറിഞ്ഞത് പോലുമില്ല. അങ്ങനെ എനിക്ക് 18 വയസ്സ് പൂർത്തിയായപ്പോൾ പ്രണയദിനത്തിൽ ഞാനെന്റെ ഇഷ്ടം ദേവേട്ടനെ അറിയിച്ചപ്പോൾ ദേവേട്ടനത് എന്റെ പ്രായത്തിന്റെയാണെന്ന് പറഞ്ഞു പുച്ഛിച്ചുതള്ളി.

പക്ഷേ എനിക്കങ്ങനെ പെട്ടെന്ന് വേണ്ടാന്ന് വെക്കാൻ പറ്റുന്നതല്ല ദേവേട്ടനോടുള്ള പ്രണയം. എന്നാലത് ദേവേട്ടൻ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. ഒരു പട്ടിയെ പോലെ നിങ്ങളുടെ പിറകെ പിന്നെയും പിന്നെയും എന്റെ ഇഷ്ടം സത്യമാണെന്ന് തെളിയിക്കാൻ വേണ്ടി നടന്നപ്പോഴൊക്കെ ദേവേട്ടനത് കണ്ടില്ലാന്നു നടിച്ചു.

എന്നാൽ അമ്പലത്തിലെ ഉത്സവത്തിൽ ദേവേട്ടന്റെയടുക്കെ എന്നത്തെയും പോലെ ഇതേ ആവശ്യവുമായി വന്നപ്പോൾ ദേവേട്ടന്റെ ഫ്രണ്ട്സിന്റെ മുന്നിൽ വെച്ച് എന്നെ നാണം കെടുത്തുന്ന രീതിയിൽ സംസാരിച്ചു. അന്നേ നിങ്ങളെ പ്രണയിച്ചതോർത്തു എനിക്ക് പുച്ഛം തോന്നി.

ആ സംഭവത്തിന് ശേഷം പിന്നെയൊരിക്കലും ഞാൻ ദേവേട്ടന് പിറകെ വന്നിട്ടില്ല. ദേവേട്ടനോട് ദേഷ്യമുണ്ടെങ്കിലും എൻ ഉള്ളിലെ നിങ്ങളോടുള്ള പ്രണയം മാത്രം മരിച്ചില്ല.

പിന്നെയെന്റെ ചില കൂട്ടുകാർ വഴിയറിഞ്ഞു ദേവേട്ടൻ ആരുമായോ പ്രണയത്തിലായിരുന്നുവെന്നും പിന്നെയത് ബ്രെക്കപ്പ് ആയെന്നും ആ കുട്ടി ഇപ്പൊ വേറെ ഒരുത്തനുമായി റിലേഷനിൽ ആണെന്നുമൊക്കെ. അന്ന് ഞാൻ ഉള്ളുകൊണ്ട് ഒത്തിരി സന്തോഷിച്ചു, എന്നാൽ ആ സന്തോഷം വേഗം തന്നെ ഇല്ലാതായത് ദേവേട്ടന്റെ കല്ല്യാണക്കുറി എന്റെ കയ്യിൽ കിട്ടിയപ്പോഴാണ്.

അന്ന് രാത്രി മുഴുവൻ ഉറക്കമില്ലാതെ ഞാൻ കണ്ണീരിനെ കൂട്ടുപിടിച്ചു. പിന്നീടുള്ള ദിനങ്ങളിൽ എന്റെ ഉന്മേഷമില്ലായ്മ വീട്ടുകാരെ വിഷമിപ്പിക്കുന്നുവെന്ന് മനസ്സിലായതോടെ ഞാൻ സങ്കടമൊളിപ്പിച്ചു പുറമെ ചിരിച്ച് നടന്നു.

അങ്ങനെയൊരു ദിവസം അമ്മയുടെ ഇഷ്ടത്തിനാണ് ദേവേട്ടൻ വിവാഹത്തിന് സമ്മതിച്ചതെന്നും ആ പെൺകുട്ടിയായിട്ട് കല്ല്യാണമടുത്തിട്ടും ഒന്ന് വിളിക്കപോലും ചെയ്തില്ലെന്നു വിഷമത്തോടെ എന്റമ്മയോട് സംസാരിക്കുന്ന ദേവേട്ടന്റെ അമ്മ വഴി ഞാനറിഞ്ഞത്. ആ വാർത്ത എന്നിൽ ചെറിയ സന്തോഷമുണ്ടാക്കിയെങ്കിലും നിങ്ങള് കെട്ടി കഴിഞ്ഞാൽ ആ പെണ്ണിനെ എന്തായാലും സ്നേഹിക്കുമെന്ന ഉറപ്പിൽ വേഗം തന്നെ വന്ന സന്തോഷം കെട്ടടഞ്ഞു.

ഒരു കാര്യമില്ലെങ്കിലും അപ്പോൾ തോന്നിയ ഒരു ക്യൂരിയോസിറ്റിയിൽ ഞാനെന്റെ ഫ്രണ്ട് വഴി ദേവേട്ടൻ കെട്ടാൻ പോകുന്ന ആ പെണ്ണിനെ കുറിച്ചന്യോഷിച്ചു. അങ്ങനെയാണ് ആ പെണ്ണ് ഏതോ ഒരുത്തനുമായി ഇഷ്ടത്തിലാണെന്നും വീട്ടുകാര് സമ്മതിക്കാത്തതിനാൽ ദേവേട്ടനുമായുള്ള കല്യാണദിവസം ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലാണെന്നുമറിഞ്ഞത്.

ഞാനറിഞ്ഞ കാര്യം ദേവേട്ടനോട് പറയണമെന്നുണ്ടെങ്കിലും അന്ന് ദേവേട്ടന്റെ ഫ്രണ്ട്സിന്റെ മുന്നിൽ വെച്ച് നാണം കെടുത്തിയ സന്ദർഭം ഓർമ്മയിൽ വന്നപ്പോൾ നിങ്ങൾക്കിട്ടൊരു പണി തരാൻ ഞാൻ നിങ്ങളുടെ കല്യാണദിവസം വരെ തക്കം പാർത്തിരുന്നു.

അങ്ങനെ എന്റെ കണക്കുകൂട്ടൽ അനുസരിച്ച് വിവാഹദിവസം കല്യാണപ്പെണ്ണ് ഒളിച്ചോടി എന്ന വാർത്ത എല്ലായിടത്തും പരന്നു. എല്ലാവരുടെയും മുന്നിൽ നാണംകെട്ടു നിൽക്കുന്ന ദേവേട്ടന്റെ അവസ്ഥ കണ്ടപ്പോൾ എല്ലാം നേരത്തെ തുറന്നു പറഞ്ഞാൽ മതിയെന്ന് തോന്നിപ്പോയി.

അങ്ങനെ ആ നാണക്കേടിൽ നിന്ന് ദേവേട്ടനെ രക്ഷിക്കാൻ എന്റെയും ദേവേട്ടന്റെയും അച്ഛന്മാരുടെ സുഹൃദ്ബന്ധത്തിൽ എടുത്ത തീരുമാനമാനുസരിച്ചു നിങ്ങളെന്നെ താലിചാർത്തി സ്വന്തമാക്കി.

ആദ്യരാത്രിയിൽ തന്നെ ജീവിതത്തോട് പൊരുത്തപ്പെടാൻ കുറച്ച് സമയം വേണമെന്ന് പറഞ്ഞ നിങ്ങളെ മൈൻഡ് ചെയ്യാതെ കയ്യിലുണ്ടായിരുന്ന പാൽ കുടിച്ചു ഏമ്പക്കവും വിട്ട് കട്ടിലിൽ ചുരണ്ടു മൂടി കിടക്കുന്ന എന്നെ അന്ധം വിട്ടു നോക്കിനിൽക്കുന്നതൊക്കെ ഞാൻ ഒളിക്കണ്ണാൽ കണ്ടിരുന്നു.

ദിനങ്ങൾ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് ദേവേട്ടന്റെ കണ്ണുകളിലെ പ്രണയവും ഞാൻ കണ്ടുതുടങ്ങി. ഞാനുമൊത്തു ഒരു പുതിയ ജീവിതം തുടങ്ങാനുള്ള ദേവേട്ടന്റെ തയ്യാറെടുപ്പ് ഞാനറിഞ്ഞെങ്കിലും എന്തോ ഒന്നെന്നേ പിന്നോട്ട് വലിച്ചു. അതെന്താണെന്നാൽ ദേവേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്താനുള്ള ശരിക്കുമുള്ള കാരണം ദേവേട്ടനോട് പറയാതെയിരിക്കുന്നത് എങ്ങനെയാ?

ഞാൻ പറയാതെ വേറാരെങ്കിലും വഴി ദേവേട്ടൻ സത്യമറിഞ്ഞാൽ അത് ഞാൻ ചതിച്ചതിന് തുല്യമായി ദേവേട്ടൻ കാണില്ലേ, പിന്നീട് ദേവേട്ടന്റെ കണ്ണുകളിലെ പ്രണയത്തിനു പകരം വെറുപ്പ് നിറഞ്ഞാലോ? അതൊന്നും കാണാനുള്ള ധൈര്യം എനിക്കില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു കത്തിൽ എനിക്ക് പറയാനുള്ളതെല്ലാം ഞാനെഴുതി കോളേജിലെ ടൂറിന് പോയത്.

തിരിച്ചുള്ള വരവിൽ ദേവേട്ടന്റെ ഭാവമെന്താണെന്ന് എനിക്കറിയില്ല. ദേഷ്യമുണ്ടാകും. എന്നാലും ആ ഹൃദയത്തിലെ സ്ഥാനം എനിക്ക് മാത്രം അവകാശമുള്ളതായിരിക്കുമെന്ന് വിശ്വസിക്കുന്നു.

എന്ന്

ദേവേട്ടന്റെ പാറു