25/04/2026

അഗ്രഹാരം : ഭാഗം 09

രചന – നിവേദ്യ ഹരിഹരൻ

“ഏതാടി ആ ചെക്കൻ..??
അനുവിന്റെ കൂട്ടുകാരി ഗായത്രി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“ഓഹ് അത് ഞങ്ങൾടെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന ആളാ..
ഡോക്ടറാ…
എബിൻ!
അനു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്ന ആരതിയെയും സന്ദീപിനെയും നോക്കിയിട്ട് പറഞ്ഞു.

“ഡോക്ടർ ആള് കൊള്ളാലോ…
മാരീഡാണോ….??

“ഏയ് അല്ലാ….
അനു താൽപര്യമില്ലാത്ത പോലെ മറുപടി കൊടുത്തു.

“ആണോ …പൊളിച്ച് ..!!
ഗായത്രി ആവേശഭരിതയായി പറഞ്ഞു.

“എന്തോന്നടീ ഇത്…
അങ്ങേര് ക്രിസ്ത്യാനിയാ..
അനു അവളെ കൂർപ്പിച്ചു നോക്കി.

“വായ്നോട്ടത്തിനെന്ത് ജാതീം മതോം മോളെ…
ഗായത്രി കണ്ണിറുക്കി.

“മമ് നോക്ക് നോക്ക്…
അനു പുച്ഛത്തോടെ തലയാട്ടി.

“ടീ അനു അങ്ങേര് നിങ്ങടെ വീട്ടിൽ താമസിക്കുവാ എന്നല്ലേ പറഞ്ഞത്.
എന്നിട്ടെന്താ ഇവിടെ കല്യാണത്തിന്…??
സത്യം പറയെടി പുള്ളി നിന്നെ ഫോളോ ചെയ്ത് വന്നതല്ലേ..?
ഗായത്രി അനുവിനെ ചൂഴ്ന്നു നോക്കി.

“ഒന്നു പോയെ ഗായു…
ഡോക്ടർടെ നാടാ ഇത് .
അങ്ങേര് കോട്ടയംകാരനാ..
അവിടെ പ്രാക്ടീസിനു വന്നതാ..
ആരതിടെ ഹസ് സന്ദീപ് പുള്ളിടെ ക്ലോസ്സ് ഫ്രണ്ടാ…

ട്രെയിനിൽ വച്ചാ ഞങ്ങൾ ആദ്യമായി കാണുന്നത് പോലും..
അന്നേരമാണ് മനസ്സിലായത് ഞങ്ങൾ രണ്ടും ഒരേ കല്യാണം കൂടാനാ പോകുന്നതെന്ന്…

“മ്മ്ഹ്…
എന്നാലുമെന്തോ ചുറ്റിക്കളി ഉണ്ടല്ലോ..
ഗായത്രി അനുവിനെ ഒന്നു കൂടി തറപ്പിച്ചു നോക്കി.

“പിന്നെ ചുറ്റിക്കളി…
തനിക്ക് വട്ടാ…
അനു മുഖം തിരിച്ചു.

അപ്പോഴാണ് ഫോട്ടോ എടുക്കേണ്ടവർ ഒക്കെ സ്റ്റേജിലേക്ക് ചെല്ലെന്നു പറഞ്ഞു ആരതിയുടെ അമ്മാവൻ അങ്ങോട്ട് വന്നത്.

പെണ്ണിന്റെ കൂട്ടുകാരികളും ചെക്കന്റെ കൂട്ടുകാരും വെവ്വേറെയായി സ്റ്റേജിൽ കയറി വധുവരന്മാർക്കൊപ്പം ഫോട്ടോയെടുത്തു.

കപ്പിൾസിനു സർപ്രൈസായിട്ട് അനുവിന്റെയും കൂട്ടുകാരികളുടെയും വക മനോഹരമായൊരു ഡാൻസും ഉണ്ടായിരുന്നു.
ഡാൻസിന്റെ അവസാനം ആരതിയും അവരോടൊപ്പം ചേർന്ന് നൃത്തം ചെയ്തു.
സദസ്സിൽ ആർപ്പുവിളിയും കൈയ്യടിയും മുഴങ്ങി.

ഡാൻസിന്റെ ആദ്യാവസാനം എബിന്റെ കണ്ണുകൾ അനുവിൽ തന്നെയായിരുന്നു.
ചെറുപുഞ്ചിരിയോടെ അവളുടെ ചലനങ്ങൾ മാത്രം അവൻ നോക്കി കണ്ടു.

അനുവിനെ മാത്രം ശ്രദ്ധിച്ചുക്കൊണ്ടു നിന്നിരുന്ന മറ്റു രണ്ടു കണ്ണുകൾ കൂടി ആ സദസ്സിൽ ഉണ്ടായിരുന്നു.!!

നൃത്തം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവിടെ കണ്ടു നിന്നവർ അനുവിനെയും കൂട്ടരെയും അഭിനന്ദിച്ചു.
കൺഗ്രാറ്റ്സ് പറയാൻ വേണ്ടി എബിൻ അവൾക്കടുത്തേക്ക് നടക്കവേ, അവനെ മറികടന്നുകൊണ്ട് മറ്റൊരാൾ അനുവിനടുത്തേക്ക് ചെന്നു.

ആറടിയോളം ഉയരം കാണും.
നല്ല ശരീരം, സുമുഖൻ..
അയാൾ അനുവിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

എബി മനുവിനെ അടുത്തേക്ക് വിളിച്ചു.

“ടാ ഏതാടാ അവൻ???
അനുവിന്റെ കൂടെ….?
അയാളെ ചൂണ്ടിക്കാണിച്ചു കൊണ്ട് എബി ചോദിച്ചു.

“ഏത്??
മനു അയാളുടെ മുഖം കാണാനായി എത്തിനോക്കി.
ചെന്നയാൾ തിരിച്ചു നടന്നപ്പോൾ അവൻ അയാളുടെ മുഖം കണ്ടു.

“ഓഹ് ഇവനോ…
ഇവനെന്താ നിന്റെ ചിക്കിന്റെ അടുത്ത് ..
മനു നെറ്റി ചുളിച്ചു.

“നീ അറിയോ അവനെ ??
എബി ആകാംക്ഷയോടെ മനുവിനെ നോക്കി.

“ഞാൻ മാത്രമല്ല..
പറഞ്ഞാൽ നീയും അറിയും.
സ്കൂളിൽ നമ്മുടെ സീനിയർ ആയിരുന്ന ആദിത്യൻ മേനോനെ ഓർക്കുന്നുണ്ടോ…??

“മമ്… ഓർക്കുന്നുണ്ട്
നന്നായി വെളുത്തിട്ട്…
ഉയരമുള്ള….
അവനും ഇവനും തമ്മിൽ…??
എബി പുരികം ഉയർത്തി.

“ആഹ് അവന്റെ അനിയനാ…
അർജ്ജുൻ!
അവന്റെ ഫാദറിനെയും നീ അറിയും.
രാജേന്ദ്രമേനോൻ..!
ലീഡിങ്ങ് എക്സ്പോർട്ടർ..!!
അപ്പനും മക്കളും കൂടി കേരളം മൊത്തം വിലയ്ക്ക് വാങ്ങാവുന്നത്ര പൈസ ഉണ്ടാക്കീട്ടുണ്ട്…

അവനും അനുവുമായിട്ടെന്താടാ ബന്ധം..??
മനു എബിനെ നോക്കി.

“അറിയില്ലടാ…
വാ ചോദിക്കാം…
എബി അനുവിനു നേരെ നടന്നു.
അപ്പോഴേക്കും അർജ്ജുൻ പോയിക്കഴിഞ്ഞിരുന്നു.

“ആരാ അനു അത്…??
അർജുൻ പോയ ഭാഗത്തേക്ക് നോക്കിക്കൊണ്ട് എബി ചോദിച്ചു.

“എനിയ്ക്കറിയില്ല ഡോക്ടറെ..
ഡാൻസ് നന്നായിരുന്നുന്ന് പറയാൻ വന്നതാ…
ഒരുപാട് ഇഷ്ടപ്പെട്ടെന്നും പറഞ്ഞു.
ഈ കാർഡും തന്നു.
അവൾ ഒരു വിസിറ്റിങ്ങ് കാർഡ് എബിയ്ക്ക് നേരെ നീട്ടി.
അവനത് വാങ്ങി നോക്കി.

“അർജ്ജുൻ മേനോൻ
ശ്രീ ശൈലം എക്സ്പോർടേഴ്സ്
കോട്ടയം
കൂടെ രണ്ട് ഫോൺ നമ്പേഴ്സും.

അവനത് അനുവിനെ തിരിച്ചേൽപ്പിച്ചു.

“എനിക്കെന്തിനാ ഈ കാർഡ് …??
അവളത് ചുരുട്ടി കൂട്ടി പുറത്തേക്കെറിഞ്ഞു.

“ഹാ അത് കളയണ്ടാരുന്നു
അവൻ കാര്യമായി തന്നതല്ലേടോ…
പിന്നെ താൻ വിചാരിക്കുന്ന പോലെ ചെറിയ പുള്ളിയൊന്നുമല്ല ആ പോയത്.
ഒരു ചെറിയ ബിസിനസ്സ് മാഗ്നറ്റാ…

“ഓഹ് പിന്നെ…
ഇനി ഒരിയ്ക്കലും കാണാൻ കൂടി ഇടയില്ലാത്ത ആൾടെ ഡീറ്റെയ്ൽസ് എനിക്കെന്തിനാ ഡോക്ടറെ…
അവൾ അലസമായ് പറഞ്ഞു.

“അതെന്തേലും ആവട്ടെ…
ഡാൻസ് സൂപ്പറായിരുന്നെട്ടോ..
കൈ കൊണ്ട് ആംഗ്യം കൂടി കാണിച്ച് എബി പറഞ്ഞു.

ചിരിച്ചു കൊണ്ടുള്ള തലകുലുക്കലിൽ അവളുടെ മറുപടി ഒതുങ്ങി.

“എന്നാ നമുക്ക് ഫുഡ് കഴിക്കണ്ടേ വൈഫി..?
എബി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

അനു തറപ്പിച്ച് അവനെയൊന്നു നോക്കി.
“ദേ ഡോക്ടറെ എന്നെ ഇനി അങ്ങനെ വിളിക്കരുത്ട്ടോ …
ആളുകൾ എന്താ വിചാരിക്ക്യാ…?

“അതിന് ആളുകൾ കേൾക്കേ ഞാൻ വിളിക്കുന്നില്ലല്ലോ…
നമ്മൾ മാത്രം ഉള്ളപ്പോഴല്ലേ വിളിക്കാറുള്ളു.
അവനൊരു കള്ളച്ചിരിയോടെ പറഞ്ഞു.

“നമ്മൾ മാത്രം ഉള്ളപ്പോഴും അങ്ങനെ വിളിക്കണ്ടാ
അനു മുഖം വീർപ്പിച്ചു.

“ഹാ താനിങ്ങനെ ചൂടാവല്ലേടാ..
ഇനി വിളിക്കില്ല പോരെ….

“മ്മ്ഹ് എന്നാ മതി.

അപ്പോഴേക്കും ഗായത്രിയും മറ്റു കൂട്ടുകാരികളും ഫുഡ് കഴിക്കുന്നതിനായി അവളെ വന്നു വിളിച്ചു.

“ഞങ്ങൾ കഴിച്ചിട്ടു വരാം ഡോക്ടറെ…
ഇതും പറഞ്ഞ് അവർ പോയി.

എബി കൂട്ടുകാരെയും കൂട്ടി അനു സദ്യ കഴിക്കാനിരുന്ന സീറ്റിന്റെ പിൻഭാഗത്തായി കുറച്ചകലെ മാറി നിന്നു.

കൂട്ടുകാരോട് സംസാരിക്കുമ്പോഴും അവന്റെ ശ്രദ്ധ മുഴുവൻ അനുവിൽ തന്നെയായിരുന്നു.

അവിചാരിതമായാണ് എതിർവശത്ത് നിൽക്കുന്ന അർജ്ജുൻ അവന്റെ കണ്ണിൽ പെട്ടത്.
അവൻ അനുവിനെ തന്നെ നോക്കി നിൽക്കുകയാണെന്ന് എബിനു മനസ്സിലായി.
അവന്റെ മനസ്സ് പ്രക്ഷുബ്ദമായി.

“ടാ മനു ദേ നോക്കിയേടാ…
അർജ്ജുൻ !!
മറ്റുള്ളവർ കേൾക്കാതെ എബി സ്വകാര്യമായി പറഞ്ഞു.

മനു നോക്കുമ്പോൾ അനുവിനെത്തന്നെ കണ്ണിമയ്ക്കാതെ നോക്കുന്ന അർജ്ജുനെയാണ് കണ്ടത്.

“എടാ എബി അവന് നിന്റെ പെണ്ണിനെ കാര്യമായി ബോധിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെട്ടാ..
അവൻ നിനക്ക് പണിയാവുമെന്ന് ഉറപ്പാ..
കടിച്ചാൽ പിടി വിടാത്ത ജാതിയാ…
മമ്…
മനു നീട്ടിയൊരു നെടുവീർപ്പിട്ടു.

എബി ആകെ അസ്വസ്ഥനായി.
“ടാ ഇനി ഞാൻ എന്തു ചെയ്യുമെടാ…
അവൻ മനുവിനെ ഉത്കണ്ഠയോടെ നോക്കി.

“എന്ത് ചെയ്യാൻ അവൻ തുടങ്ങും മുൻപ് നീ അവസാനിപ്പിക്കണം.
അതായത് നീ അവളെക്കൊണ്ട് വേഗം യെസ് പറയിക്കണമെന്ന്…
മനു പതുക്കെ എബിയുടെ തോൾ ഉലച്ചു.

“എടാ പക്ഷെ… അവൾ…
ഞങ്ങൾ രണ്ട് മതക്കാർ അല്ലേടാ…
എബിയുടെ മുഖം വല്ലാതായി.

“ഇതൊക്കെ ആലോചിക്കാതെയാണോടാ നീ എടുത്തു ചാടിയത്.
പിന്നെ സീരിയസ്സ് അല്ലെങ്കിൽ നീ ഇതങ്ങ് വിട്ടുകളഞ്ഞേക്കെടാ…
ആ അർജ്ജുൻ എന്തേലും ചെയ്യട്ടെ…

“അങ്ങനെ വിട്ടുകളയാൻ പറ്റില്ലെടാ…
എബിയുടെ ശബ്ദം ഉറച്ചതായിരുന്നു.

ട്രെയിനിൽ വച്ച് അനുവിന്റെ കൈയ്യിൽ പിടിച്ച ആ ദൃശ്യം ഒരു തിരശ്ശീലയിൽ എന്ന പോലെ അവന്റെ മുന്നിൽ തെളിഞ്ഞു.

തുടരും