രചന – പ്രത്യുഷ്
ബ്രെയിൻട്യൂമർ ബാധിച്ച് കിടപ്പിലായ മകളെ അവശേഷിപ്പിച്ച് അയാളുടെ ഭാര്യ മരണമടഞ്ഞു. അച്ഛൻ എന്ന നിലയിൽ അയാൾക്ക് അത് വലിയ ബാധ്യതയായി തോന്നിത്തുടങ്ങിയിരുന്നു. പുനർവിവാഹത്തെക്കുറിച്ച് ആലോചിച്ചുവെങ്കിലും പലകാരണങ്ങളാലും അതു നടക്കുകയുണ്ടായില്ല. ഏകാന്തതയും, രോഗിയായ പുത്രിയും അയാളുടെ ജീവിതം ഇരുളടഞ്ഞതാക്കിത്തീർത്തു.
കുട്ടിയെ നോക്കാൻ പ്രായം ചെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ സമർത്ഥയും, കുട്ടികളെയും, കിടപ്പു രോഗികളെയും പരിചരിക്കുന്നതിൽ വിദഗ്ദ്ധയും ആയിരുന്നു.
കുട്ടിയ്ക്ക് എപ്പൊഴും അച്ഛൻ അടുത്തുണ്ടാവണം എന്ന ശാഠ്യം ഉണ്ടായിരുന്നു. അയാൾക്കാവട്ടെ അതൊരിക്കലും ഇഷ്ടവുമായിരുന്നില്ല. എന്നാൽ അയാൾ ഒരു പ്രത്യേക പ്രകൃതക്കാരനാണ്. മനസ്സിലുള്ളത് പുറമേയ്ക്കു കാണിക്കാതിരിക്കാൻ അയാൾക്കാകും. അവൾക്കരികെ ഇരിക്കുമ്പൊഴൊക്കെ വാത്സല്യ നിധിയായ പിതാവായി അയാൾ അഭിനയിച്ചു കൊണ്ടിരുന്നു. എന്നാൽ അയാളുടെ മനസ്സ് തന്റെ പുത്രിയുടെ മരണം പോലും ആഗ്രഹിച്ചിരുന്നു.
അവൾ ഒരു കുഞ്ഞുചിത്രശലഭത്തെപ്പോലുണ്ടായിരുന്നു. ചിറകുകൾ ബലഹീനമായിപ്പോയ ഒരു ചിത്രശലഭം !
അവളുടെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളക്കമുള്ളവയായിരുന്നു. കൃഷ്ണമണികൾ ഇന്ദ്രനീലത്തെ ഓർമ്മപ്പെടുത്തി.
“പപ്പാ, എനിക്ക് നടക്കാൻ കഴിയുമോ?”
അവൾ ചോദിക്കും.
” തീർച്ചയായും ” അയാൾ പെരുവിരലുയർത്തി ഉറപ്പു കാട്ടും.
“ശരിക്കും?!………”
അവൾ വിടർന്ന കണ്ണുകളോടെ അയാളെ നോക്കും. “ഹായ്!…….. എന്തു രസമായിരിക്കും അല്ലേ?”
അവളിൽ പ്രതീക്ഷയുടെ നാമ്പുകൾ കതിരിടാൻ തുടങ്ങും.
“ശരി മോളെ …….. പപ്പായ്ക്ക് തിരക്കുണ്ട്. പപ്പാ പിന്നീടു വരാം.” അയാൾ പോകാനെഴുന്നേൽക്കുമ്പോൾ അവൾ വാശി പിടിക്കും.
“വേണ്ട പപ്പാ …….പ്ലീസ് ……… കുറച്ചുനേരം കൂടി മോളോടൊപ്പമിരിക്ക്. ” അവൾ കെഞ്ചും.
ഉള്ളിൽ കോപം ഇരച്ചുകയറുകയാവും. എങ്കിലും ചുണ്ടുകളിൽ എപ്പൊഴും വാത്സല്യപൂർണ്ണമായ പുഞ്ചിരി അയാൾ നിലനിറുത്തിയിരുന്നു.
” അതു പറ്റില്ല മോളെ …… പപ്പയ്ക്ക് ഒരുപാട് ജോലി ചെയ്തു തീർക്കാനുണ്ട്. ഗ്രാൻമയുണ്ടല്ലോ. പപ്പ കുറച്ചു കഴിഞ്ഞു വരാം.”
പിന്നെ വളരെ വേഗത്തിൽ അയാൾ മുറി വിട്ടിറങ്ങും. അപ്പോൾ മുറിയിൽ നിന്ന് അവളുടെ തേങ്ങലുകൾ കേട്ടുതുടങ്ങും. ആയ അവളെ സമാധാനിപ്പിക്കുവാൻ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കും. ഒടുവിൽ കരഞ്ഞു തളർന്ന് അവൾ മയങ്ങും.
അന്നൊരു ഞായറാഴ്ച്ചയായിരുന്നു. അയാൾക്ക് പ്രത്യേക തിരക്കുകളൊന്നും ഉണ്ടായിരുന്നില്ല. അവൾക്കരികെ കുറച്ചുനേരം ഇരുന്നപ്പോൾ തന്നെ അയാൾക്കു മടുത്തു.
“പപ്പ പിന്നെ വരാം മോളെ . പപ്പയ്ക്ക് അത്യാവശ്യമായി ഒരാളെ കാണാനുണ്ട്. ”
“പ്ലീസ് പപ്പാ …… അതു പിന്നെക്കാണാം. മോൾക്കൊപ്പം കുറച്ചു സമയം ഇരിക്കൂ. ഇന്ന് ഓഫല്ലേ.”
“അതല്ല മോളെ പപ്പയ്ക്ക് പോയേ പറ്റൂ. ”
അയാൾ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ വാശി പിടിച്ച് കരഞ്ഞു തുടങ്ങി. അപ്പോൾ ഇതിനു മുമ്പുണ്ടാകാത്ത വിധത്തിൽ അയാൾ പൊട്ടിത്തെറിച്ചു. അവൾ ഭയന്നു പോയി. ആയയും ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾ ഇരുണ്ടു. അയാളെ ഇത്തരത്തിൽ അവളാദ്യം കാണുകയായിരുന്നു. അപരിചിതനായ ഒരാളെയെന്നപോലെ അവൾ അയാളെ മിഴിച്ചു നോക്കി. അയാൾ മുറിവിട്ടിറങ്ങുന്നതു നോക്കി അവൾ ഒന്നും മിണ്ടാതെ കിടന്നു. അവളുടെ ചുണ്ടുകൾ വരണ്ടു പോയിരുന്നു. ഒളിമങ്ങിയ കണ്ണുകൾ ഇറുകെയടച്ചപ്പോൾ, അവയ്ക്കിരുവശവും കണ്ണുനീർ ചാലിടുന്നത് കാണാമായിരുന്നു.
ഒഴിവുദിവസമായതിനാൽ പാർക്കിൽ നിറയെ ആളുകളുണ്ടായിരുന്നു. അയാളുടെ മനസ്സ് ചുട്ടുപഴുത്തിരുന്നു. ഒരുപാടു ചിന്തകൾ വന്നും പോയുമിരുന്നു.
മൊബൈൽ റിങ് ചെയ്തു. ആയയുടെ നമ്പരാണ്. അതൃപ്തിയോടെ അയാൾ കോൾ കട്ടാക്കി. വീണ്ടും റിങ്. ഇത്തവണ എന്തായാലും അയാൾ അറ്റൻഡ് ചെയ്തു.
“സാർ വേഗം വരൂ, മോൾക്ക് !……….”
അവരുടെ ശബ്ദമടയുമ്പോലെ തോന്നി.
“എന്തുപറ്റി ? പറയൂ . “ഉത്ക്കണ്ഠയോടെ അയാൾ തിരക്കി.
“മോൾക്ക് അൽപ്പം കൂടുതലാണ്. വേഗം വരൂ സാർ ……..”
അയാൾക്ക് അടിമുടി ഒരുവിറയൽ അനുഭവപ്പെട്ടു. സ്റ്റിയറിങ്ങിൽ വച്ച കൈത്തലങ്ങൾക്ക് മരവിപ്പ് അനുഭവപ്പെട്ടു. ഒരു വിധത്തിൽ വീട്ടിലെത്തി.
ഗേറ്റുതുറന്നു കിടക്കുന്നു. പൂമുഖം നിറയെ ആളുകൾ. കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ഒരു സുഹൃത്ത് അരികെ വന്ന് അയാളുടെ ചുമലിൽ കൈത്തലമമർത്തി.
“ഡോക്ടർ വന്നപ്പോൾ ……. മോള് പോയിക്ക ……..”
പൂർത്തിയാക്കാനാവാതെ സുഹൃത്ത് തലകുമ്പിട്ടു നിന്നു. അപ്പോൾ ആദ്യമായി അകത്തു നിന്നും ന്റെ കുഞ്ഞിന്റെ വാശി പിടിച്ചുള്ള കൊഞ്ചലുകൾ കേൾക്കാൻ അയാൾ കൊതിച്ചു. പിന്നെ മെല്ലെ സുഹൃത്തിന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു.
അവളെ അടക്കിക്കഴിഞ്ഞ് ആളൊഴിഞ്ഞ വീട്ടിൽ ശൂന്യമായ മനസ്സുമായി അയാളിരുന്നു. ആയ യാത്ര പറയാനൊരുങ്ങി അടുത്തേക്കു വന്നു.
” ഇന്നുതന്നെ പോ ………?”
വാക്കുകൾ പൂർത്തിയാക്കാനാകാതെ അയാൾ നിന്നു.
” പോകണം സാർ. ഇനിയിവിടെ നിന്നാൽ ഞാൻ വീർപ്പുമുട്ടി ചത്തുപോകും! ഇവിടമാകെ എന്റെ കുഞ്ഞിന്റെ ………..”
അവരുടെ സംസാരം വലിയൊരു തേങ്ങലായി മാറി. പിന്നെ സാരിത്തലപ്പുകൊണ്ട് മിഴികളൊപ്പി തന്റെ ബാഗിൽ നിന്ന് ഒരു കത്തെടുത്ത് അയാളുടെ കൈയ്യിൽ കൊടുത്തു.
“മോള് എന്നെക്കൊണ്ട് എഴുതിച്ചതാണ്. പപ്പായ്ക്കു വേണ്ടി ……..”
അവർ പൊയ്ക്കഴിഞ്ഞ് അയാൾ അതു വായിച്ചു തുടങ്ങി.
“പ്രിയപ്പെട്ട പപ്പാ,
ഞാൻ പപ്പയെ ഒരുപാടു ബുദ്ധിമുട്ടിക്കുന്നുവല്ലേ ? എനിക്ക് പപ്പയല്ലാതെ വേറാരാണ് ഉള്ളത്? പപ്പയ്ക്ക് ഒരുപാട് തിരക്കുള്ള ആളാണെന്നറിയാം. എന്തെന്നോ പപ്പാ, പപ്പ പോയിക്കഴിഞ്ഞാൽ എനിക്ക് ഭയങ്കര പേടിയാണ്. പപ്പ വരും മുൻപ് ഞാൻ മരിച്ചു പോയാലോ എന്നോർത്ത്. കഥകളിലൊക്കെ പറയും പോലെ മരണത്തിന്റെ മാലാഖ എന്റെയടുത്തു നിൽക്കുന്നതായി എനിക്ക് തോന്നാറുണ്ട്. അതുകൊണ്ടാണ് പപ്പാ, പപ്പ പോകുമ്പോൾ ഞാൻ തടയുന്നത്. പപ്പയെന്നോടു ക്ഷമിക്കണേ. എനിക്ക് പപ്പയല്ലാതെ വേറാരാണ് ഉള്ളത്?”
വായിച്ചു തീർന്നപ്പോൾ എഴുത്താകെ കണ്ണീരു വീണ് കുതിർന്നിരുന്നു. അപ്പോൾ അയാൾ തിരിച്ചറിഞ്ഞു അയാൾക്കും അവളല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല എന്ന്.
പ്രത്യൂഷ് . S✍️

by