രചന – ശ്രീതു ശ്രീ
റോഷനെക്കുറിച്ചറിയാൻ ജോണിക്ക് തിടുക്കമായിരുന്നു…. കാരണം ഇനി അവന്റെ ഭാവി ജീവിതം എങ്ങനെ ആകണമെന്ന് തീരുമാനിക്കാൻ ശേഷിയുള്ളതും എന്നാൽ ജോണിയുമായി ഒരു പരിചയം പോലുമില്ലാത്ത വ്യക്തിയാണല്ലോ റോഷൻ….അങ്ങനെയുള്ള ഒരാളെ അവഗണിച്ചു മുന്നോട്ട് പോകാൻ ജോണിക്ക് കഴിയില്ല….. എന്തൊക്കെയോ അസ്വസ്ഥതകൾ തന്നെ വന്നു മൂടുന്നതായി അറിഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു ആന്റണിയപ്പോൾ….. എന്താണതെന്നൊന്നും അയാൾക്ക് ആ നിമിഷങ്ങളിൽ തിരിച്ചറിയാനോ നിർവചിക്കാനോ കഴിഞ്ഞില്ല….. “”ഈ റോഷൻ ഇപ്പൊ എവിടുണ്ട്…? നമ്മുടെ നാട്ടിൽത്തന്നെയാണോ….? ജോണിയുടെ ശബ്ദം കാതുകളിലൂടെ ഒഴുകി തലച്ചോറിൽ എത്തിയപ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന അസ്വസ്ഥതയുടെ ആക്കം കൂട്ടി….. “അത്…അവ..ൻ ഇവിടെ..അടു…ത്താ .”അയാൾക്ക് വാക്കുകൾ മുറിഞ്ഞു പോയി…. നാവ് പലതും പറയാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അതൊക്കെ തൊണ്ടക്കുഴിക്കുള്ളിൽ തന്നെ ഒടുങ്ങി…..
“” ഒന്ന് പിടിച്ചേ… കുഞ്ഞേ… എനി… ക്ക്…. ആ ബാത്റൂമിലോട്ട്… പോണം…. അയാൾ എഴുന്നേൽക്കാൻ ഭാവിച്ചു….ഒരു കയ്യിൽ ഡ്രിപ്പ് കുത്തിയിട്ടിരിക്കുകയായിരുന്നു…. പക്ഷെ അതൊന്നും അയാൾ കാര്യമാക്കിയതേയില്ല… നെഞ്ചിലേയ്ക്ക് കത്തി കുത്തി ഇറക്കും പോലൊരു വേദന തോന്നിയപ്പോൾ അയാൾ ഒന്നു പിടഞ്ഞു…. ജോണിയുടെ കയ്യിൽ അള്ളിപ്പിടിച്ചു…. കടുത്ത വേദനയാലാകാം അയാളുടെ കൈനഖങ്ങൾ ജോണിയുടെ കയ്യിലേക്ക് ആഴ്ന്നിറങ്ങി….. അയാളുടെ വെപ്രാളം കണ്ട് ജോണിയും ഭയന്നു പോയി….. “അപ്പച്ചാ… എന്താ… എന്തുപറ്റി…?? ഞാനിപ്പൊ സിസ്റ്ററെ വിളിക്കാം… അപ്പച്ചൻ അവിടെകിടക്ക്….എഴുന്നേൽക്കാതെ……”” “” കുഞ്ഞേ… എനിക്ക്… ഒന്നു… ആഹ്ഹ്… ഒന്നുമില്ല… നീയെന്നെ… അങ്ങോട്ട് കൊണ്ടുപോ…. “” മുറിക്കുള്ളിലെ ബാത്റൂം ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു….. പക്ഷേ ജോണി അതിനു തയ്യാറായില്ല…… അവൻ അയാളെ ഒരുവിധത്തിൽ കട്ടിലിൽ തന്നെ പിടിച്ചുകിടത്തി …. വീണ്ടും എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും നേഹയും മുറിയിലെത്തി…. അവൾക്കും അയാളുടെ വെപ്രാളം കണ്ടപ്പോൾ ഭയം തോന്നി…
“”ഡീ…. കട്ടിലിൽ നിന്നെഴുന്നേൽക്കാതെ നോക്കണം””” എന്ന് പറഞ്ഞേൽപ്പിച്ചിട്ട് അവൻ സിസ്റ്റേഴ്സ് ന്റെ റൂമിലേക്കോടി ചെന്ന് വിവരം പറഞ്ഞു… ഉടനടി തന്നെ അവർ വന്ന് ആന്റണിയെ പരിശോധിച്ചു… തുടർന്ന് വളരെ വേഗത്തിൽ തന്നെ ഐസിയുവിലേക്ക് മാറ്റി….. നേഹ ആകെ തളർന്നു പോയിരുന്നു…. അവൾ ജോണിയുടെ തോളിൽ തല ചായ്ച്ചുവെച്ച് ഐസിയുവിനു മുന്നിൽ കാത്തിരുന്നു….. ഓരോ തവണ നേഴ്സുമാർ ഇറങ്ങുമ്പോഴും തങ്ങൾക്കുള്ള എന്തെങ്കിലും വിവരവും കൊണ്ടാണോ വരവ് എന്ന് അവൾ തലയുയർത്തി നോക്കി….. സങ്കടത്താൽ ആ മിഴികൾ പെയ്തുകൊണ്ടേയിരുന്നു ഇടയ്ക്ക് കണ്ണീരടക്കാൻ കഴിയാതെ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ ജോണി അവളെ തന്നോട് ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു…. “” എന്താടി ഇത്..? ഹോസ്പിറ്റലിൽ അല്ലേ?? പേടിക്കാൻ ഒന്നുമില്ല… നീ ഇങ്ങനെ കൊച്ചു കുഞ്ഞുങ്ങളെ പോലെ കിടന്നു കരഞ്ഞാലോ…? പെട്ടെന്ന് ഒരു ഹാർട്ടറ്റാക്ക് ഉണ്ടായതാണ്…. അതിൽ കവിഞ്ഞൊന്നുമില്ല… നീ ഒന്ന് സമാധാനപ്പെട് പെണ്ണെ….. “” അവൾ മറുപടിയൊന്നും പറയാതെ കണ്ണുനീർ തുടച്ചു…… എന്നിട്ടും കണ്ണുകൾ അനുസരണക്കേട് കാട്ടിക്കൊണ്ടേയിരുന്നു….. ചുരിദാർ ഷാളിന്റെ ഒരൊറ്റം മുഴുവൻ കണ്ണുനീരിൽ നനഞ്ഞു കുതിർന്നിരുന്നു…..
. അവൻ അവളെ നിർബന്ധിച്ചു വാഷ്ബേസിൻറെ അടുത്തു കൊണ്ടുപോയി മുഖം കഴുകിച്ചു…… “” ദേ ഇനി കരഞ്ഞാലേ ന്റെ കയ്യീന്ന് വല്ലതും മേടിക്കും കേട്ടോ….”” എന്ന് ശാസിച്ചു കൊണ്ട് അവളുടെ മുഖം അവൻ തന്നെ തുടച്ചു കൊടുത്തു….. അലങ്കോലമായ മുടിയിഴകൾ ഒതുക്കി വെച്ചുകൊടുത്തു…. അവിടുന്ന് തിരികെ നടക്കുമ്പോൾ തന്റെ വലത്തെ കൈ കൊണ്ട് ഒരു താങ്ങിനെന്നപോലെ ജോണിയുടെ കയ്യിൽ അവൾ കയ്യിൽ ചുറ്റി പിടിച്ചിരുന്നു…… അവനോട് ചേർന്ന് നിൽക്കുമ്പോൾ മനസ്സിനൊരു ശക്തി കിട്ടുന്നതായി അവൾക്കു തോന്നി.. സമയം ഏറെ കഴിഞ്ഞിട്ടും ഡോക്ടർമാർ ആന്റണിയുടെ കാര്യത്തിൽ ഒരു പുരോഗതിയും പറഞ്ഞില്ല…… അതോർക്കുംതോറും ജോണിക്കും നേഹയ്ക്കും ആശങ്കയും ഏറിവന്നു…… അതെ സമയം ജോണിയുടെ മനസിനെ മറ്റൊരു ചിന്തകൂടി മദിച്ചുകൊണ്ടിരുന്നു… തന്റെ ഭാര്യയെ തിരഞ്ഞു വന്ന റോഷൻ ഇപ്പോൾ എവിടെയായിരിക്കും….?? അവൻ ഇനി വന്ന് വിളിച്ചാൽ ഇവൾ പോകുമോ…?? താനിത്രയും അവളെ സ്നേഹിക്കുന്നില്ലേ..? എന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് ഇവൾക്ക് അങ്ങനെ ഇറങ്ങി പോകാൻ പറ്റുമോ….? റോഹൻ ഇത്രയും കാലം”” പപ്പാ “”എന്ന് വിളിച്ച് സ്നേഹിച്ചത് തന്നെയാണ്… അവന് എന്നെ മറക്കാൻ പറ്റുമോ…?? എല്ലാം കാലം തീരുമാനിക്കേണ്ടിയിരിക്കുന്നു…….
വിധി ഓരോന്നും നിശ്ചയിക്കേണ്ടിയിരിക്കുന്നു… അങ്ങനെയൊന്നുണ്ടായാൽ താനും മകളും എങ്ങനെയത് സഹിക്കും? താമസിക്കാതെ താനും റോഷനും കണ്ടുമുട്ടേണ്ടി വരും എന്ന ചിന്ത അവനിൽ ഒരു ഭയപ്പാട് ഉണ്ടാക്കി …… എന്തൊക്കെ സംഭവിച്ചാലും ഇനിയും ഒരാളെ കൂടി ജീവിതത്തിലേക്ക് വലിച്ചിടാനുള്ള ശേഷി തനിക്കില്ല….. അതുമാത്രം ഉറപ്പിക്കാം….. അല്പസമയത്തിനുള്ളിൽ തന്നെ നിവിനും സുനിയും കൂടി ഹോസ്പിറ്റലിൽ എത്തി…. അവിടുത്തെ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞിട്ട് ജോണി നേഹയെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു…… വഴിയിലുടനീളം ഇരുവരും ഒന്നും സംസാരിച്ചില്ല…. വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞു വിശ്രമിക്കുന്നതിനിടയിലാണ് ഹോസ്പിറ്റലിൽ നിന്ന് നിവിന്റെ ഫോൺ ജോണിയെ തേടി എത്തിയത്.. ആന്റണി ഈ ലോകത്ത് നിന്നും വിട പറഞ്ഞു എന്ന് അറിയിക്കാനാണ് അവൻ വിളിച്ചത്….. അത് കേട്ടപ്പോൾ നേഹയോടും റോഷനോടും അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൂടി അവനും സങ്കടം തോന്നി….
ജോണിയുമായി നല്ലൊരു അടുപ്പം സൂക്ഷിക്കാൻ ആന്റണിക്ക് ഇതുവരെയും കഴിഞ്ഞിരുന്നില്ല എന്നതും അവൻ മുഖവിലയ്ക്കെടുത്തില്ല …. റോഷൻ ഇപ്പോൾ എവിടെയെന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ എന്ന് അവന് മനസ്സിൽ ആന്റണിയോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല….. അപ്പോൾ നേഹയോട് ആന്റണി മരിച്ചു എന്ന സത്യാവസ്ഥ ബോധിപ്പിക്കാൻ അവന് തോന്നിയില്ല… അതവളെ തളർത്തുമെന്ന് അവനൂഹിച്ചിരുന്നു…… നിവിനും സിനിക്കും വീട്ടിൽ വരെ അത്യാവശ്യമായി പോകണം എന്ന് അറിയിച്ചത് കൊണ്ട് നമുക്ക് തന്നെ അവിടെ പോയി രാത്രിയിൽ ഇരിക്കാം എന്നു പറഞ്ഞു കൊണ്ടാണ് ജോണി വീണ്ടും ആശുപത്രിയിൽ പോകാമെന്ന് നേഹയെ അറിയിച്ചത്…. സിനിയുടെ സ്വഭാവം അറിയുന്നതുകൊണ്ട് അവളത് വിശ്വസിക്കുകയും ചെയ്തു…. മറ്റാരെങ്കിലും വിളിച്ചു പറഞ്ഞാലോ എന്നോർത്തവൻ അവളുടെ ഫോൺ എടുത്തു തന്റെ കൈവശം വച്ചിരുന്നു…… തന്റെ അപ്പച്ചനെയും അമ്മച്ചിയെയും സഹോദരി ജിനുവിനോടും അവൻ യാഥാർത്ഥ്യം പറഞ്ഞു….. അതറിഞ്ഞപ്പോൾ ജോണിക്ക് ഒരു കൂട്ട് ആവാം എന്ന് കരുതി ജിനു കൂടി ഹോസ്പിറ്റലിലേക്ക് വരാമെന്ന് ശാഠ്യം പിടിച്ചു…. അങ്ങനെ ഒരു മൂന്നുപേരും ഹോസ്പിറ്റലിലേക്ക് തിരിച്ചു…….
പിറ്റേ ദിവസമായിരുന്നു ആന്റണിയുടെ മരണാനന്തര ചടങ്ങുകൾ നിശ്ചയിച്ചത്….. മരണം അറിഞ്ഞ് ഹോസ്പിറ്റലിലേക്ക് പോയ ജോണിയും നേഹയും ജിനുവും അന്ന് രാത്രി മൃതദേഹം മോർച്ചറിയിലാക്കിയ ശേഷം തിരികെ വന്നിരുന്നു….. രാവിലെ തന്നെ അവർ ചടങ്ങുകളിലേക്ക് തിരിഞ്ഞു….. വീട്ടിലെ പൊതുദർശനം കഴിഞ്ഞ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി….. ആന്റണിയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങുമ്പോഴാണ് ജോണി മാത്യുവിനെ കണ്ടത്….. മാത്യു എന്തിനായിരിക്കും ഇവിടെ വന്നത് എന്ന് അവൻ ആലോചിക്കാതിരുന്നില്ല…… പക്ഷേ ആ സമയത്ത് നേഹയുടെ അവസ്ഥ അത്ര ശരിയല്ല എന്നുള്ളതുകൊണ്ട് മാത്രം അവനവളെ വിട്ടിട്ട് അയാളുടെ അരികിലേക്ക് പോയില്ല.. എപ്പോഴും അവൻ നേഹയ്ക്കൊപ്പം തന്നെ തുടർന്നു…. അവൾക്കിനി തുണ എന്നു പറയാൻ ജോണി മാത്രമേ ഉള്ളൂ… തള്ളക്കോഴിയുടെ ചിറകിനടിയിലിരിക്കുന്ന കോഴിക്കുഞ്ഞിനെ പോലെ അവളവന്റെ വലത്തെ കൈയ്ക്കുള്ളിൽ പറ്റിച്ചേർന്നിരുന്നു….. ഇതുവരെ എന്തിനും ഏതിനും… നല്ലതിന് ആണെങ്കിലും അല്ലെങ്കിലും ഒപ്പം നിന്ന ആന്റണി അവളെ വിട്ടു പോയിരിക്കുന്നു….. കുട്ടികൾ രണ്ടുപേരും രംഗബോധമില്ലാതെ അന്നമ്മയ്ക്ക് ജിനുവിനും ഒപ്പം ആണ്….. ചടങ്ങുകൾ എല്ലാം അവസാനിച്ചപ്പോൾ ജോണിയുടെ ഓട്ടോയിൽ തന്നെ എല്ലാവരും വീട്ടിലേക്ക് തിരിച്ചു……
നേഹയെ ഒരുവിധമാണ് എല്ലാവരും ചേർന്ന് ഭക്ഷണം കഴിപ്പിച്ചത്….. അതുകഴിഞ്ഞ് മറ്റു പണിക്കൊന്നും കൂടാൻ നിൽക്കാതെ അവൾ പോയി മുറിയിൽ കിടന്നു….. എല്ലാവർക്കും അവളുടെ അവസ്ഥ മനസ്സിലാകുന്നുണ്ടായിരുന്നു…. കുട്ടികളെ രണ്ടുപേരെയും പൂർണമായും നോക്കിയത് അന്നമ്മയും ജിനുവുമാണ്….. പതിവിനു വിപരീതമായി അന്ന് രണ്ടു പേർക്കും ചോറു വാരിക്കൊടുത്തത് ജോണിയായിരുന്നു…… അന്നത്തെ ദിവസം മമ്മ വാരി തരണമെന്ന് കുട്ടികളും വാശി പിടിച്ചില്ല…. അവളുടെ ചിന്തയിൽ മറ്റുള്ളവരെ ഒന്നും കൂട്ടിയിരുന്നില്ല…… തലേന്ന് മുതലുള്ള ക്ഷീണം കൊണ്ടാവാം കിടന്നൊരല്പം കഴിഞ്ഞപ്പോൾ തന്നെ അവൾ ഉറങ്ങിപ്പോയി….. അവൾ മയങ്ങിയ ശേഷമാണ് ജോണി മുറിയിലേക്ക് വന്നത്….. അവളുടെ അടുത്ത് വന്നിരുന്നപ്പോൾ അവന്റെ മനസ്സിലേക്ക് ആന്റണി പറഞ്ഞ കാര്യങ്ങൾ ഓടിയെത്തി…..
ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല…. പക്ഷേ റോഷൻ വന്ന് വേണമെന്ന് വാശി പിടിച്ചാൽ നിന്നെ ഞാൻ വിട്ടുകൊടുക്കേണ്ടി വരില്ലേ…? അവൻ വിളിച്ചാൽ നീ പോവില്ലേ….? അവനറിയാതെ അവന്റെ നാവ് ചലിച്ചുപോയി……. “”നിന്റെ ജോണിച്ചായനെ ഇട്ടിട്ട് പോകുമോ പെണ്ണെ നീ…. ന്റെ ജനിക്ക് നീ മാത്രമാ അമ്മ….. കെട്ടിയപ്പോൾ നിന്നെ സ്നേഹിക്കില്ലെന്ന് ഒത്തിരി വാശിപിടിച്ചതാ ഞാൻ….. ആ എന്നെ നീ തോൽപ്പിച്ചു… അറിയാതെയാണെങ്കിലും ഒത്തിരി സ്നേഹിച്ചുപോയി… ഇനിയെങ്ങനെയാ ഞാൻ നിന്നെ……… “” വാക്കുകൾ മുറിഞ്ഞുപോയതിനൊപ്പം ഒരു തുള്ളി കണ്ണുനീരും അവന്റെ കണ്ണിൽ നിന്നും അടർന്നു താഴെ വീണു… പതിയെ അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തഴുകിയൊതുക്കി…… അപ്പോഴേക്കും മനസ്സിൽ അവൻ ഒന്നുറപ്പിച്ചിരുന്നു…. (തുടരും )

by