17/04/2026

അമ്മേയിത് ഞങ്ങളുടെ പ്രൈവറ്റ് പ്ലേസാണ് . റൂമിലേക്ക് കയറി വരുമ്പോൾ ഒന്ന് വിളിക്കുകയോ നോക്ക് ചെയ്യുകയോ ചെയ്തൂടെ ‘

രചന – ബാലഗോപാലൻ നായർ

ഓൺലൈനിൽ നിന്ന് പാഴ്സൽ വാങ്ങി കഴിക്കുന്ന ഇളയ മരുമകളെ കണ്ട് കൗസല്യക്ക് അരിശം ഇരച്ചു കയറി .
‘ വാങ്ങിയെങ്കിൽ പിന്നെ എല്ലാവർക്കും കൂടി വാങ്ങാമായിരുന്നല്ലോ നിനക്ക് ‘
‘സോറി അമ്മ . നിങ്ങൾക്ക് ഒക്കെ ചോറും കറിയും ഇല്ലാതെ പറ്റില്ലെന്ന് പറയുന്നത് കൊണ്ടാ വാങ്ങാതിരുന്നത് . ഇത് പിസയാണ് ‘ .
ചോറും കറിയും താനേ ഉണ്ടാവില്ല അതടുക്കളയിൽ കയറി ഉണ്ടാക്കണമെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ദേഷ്യം വന്നാൽ എന്തും വിളിച്ചു പറയുന്നവളായത് കൊണ്ട് മിണ്ടിയില്ല . വിധി അല്ലാതെന്ത് .
കൗസല്ല്യക്കും ഭാർഗവനും രണ്ടാൺമക്കൾ . ജയകൃഷ്ണനും ഹരികൃഷ്ണനും . ജയൻ ബാങ്കിൽ ക്ലർക്കും ഹരി എഞ്ചിനിയറുമാണ് . രണ്ട് വർഷം മുൻപായിരുന്നു ജയൻ്റെ വിവാഹം . അവനൊരു പെൺകുട്ടിയെ കണ്ടിഷ്ടപ്പെട്ട് വീട്ടിൽ വന്നു പറഞ്ഞു. ചുറ്റുപാടുകൾ അന്വേഷിച്ചപ്പോൾ സാമ്പത്തികമായി ഒന്നുമില്ലാത്ത വീട്ടിലെ മൂന്ന് പെൺമക്കളിൽ ഒരുവൾ . കൗസല്ല്യയും ഭാർഗവനും പരമാവതി എതിർത്തു നോക്കിയിട്ടും ജയൻ കേട്ടില്ല . അവൻ്റെ നിർബന്ധത്തിനു വഴങ്ങി വിദ്യയുമായുള്ള വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു . വന്ന നാൾ മുതൽ ആ വീട്ടിലെ മുഴുവൻ പണികളും വിദ്യ ചെയും . എന്നിട്ടും കൗസല്ല്യ അവളെ കുറ്റപ്പെടുത്തി . സ്ത്രീധനത്തെ ചൊല്ലി കുത്തുവാക്കുകൾ പറഞ്ഞു . തരം കിട്ടുമ്പോൾ തല്ലുകയും ചെയ്തു . എന്നിട്ടും അവൾ പരാതിയും പരിഭവവുമൊന്നും ജയനെ അറിയിച്ച് വീട്ടിൽ കലഹമുണ്ടാക്കിയില്ല . ഒന്നര വർഷത്തിന് ശേഷമാണ് ഹരി വിവാഹിതനാകുന്നത് . അവൻ്റേത് പ്രണയ വിവാഹമായിരുന്നു . കൂടെ ജോലി ചെയ്യുന്ന പെൺകുട്ടി . ബിസിനസുകാരൻ്റെ മകൾ . കൗസല്ല്യയുടേയും ഭാർഗവൻ്റെയും സമ്മതത്തോടെ ഹരിയും നയനയുമായുള്ള വിവാഹം നടന്നു . ഇട്ടു മൂടാൻ പൊന്നും പണവുമായി നയനയും അവരുടെ മരുമകളായി . എന്നാൽ വിദ്യയെപ്പോലെയല്ല നയനയെന്ന് വൈകാതെ കൗസല്ല്യക്ക് ബോധ്യമായി . ഭർത്താവിനെ പേര് അല്ലെങ്കിൽ എടാന്ന് സംബോധന ചെയ്യുന്ന ഭാര്യ . മിക്കപ്പോഴും സ്വന്തം മുറിയിൽ ലാപ്ടോപ്പിൽ നോക്കിയിരിക്കും . ഓഫീസിലെ വർക്കാണെന്ന് പറയും . ഒരിക്കൽ എന്തോ പറയാൻ റൂമിലേക്ക് കയറിച്ചെന്ന കൗസല്യയോട് അവൾ ദേഷ്യപ്പെട്ടു . ‘ അമ്മേയിത് ഞങ്ങളുടെ പ്രൈവറ്റ് പ്ലേസാണ് . റൂമിലേക്ക് കയറി വരുമ്പോൾ ഒന്ന് വിളിക്കുകയോ നോക്ക് ചെയ്യുകയോ ചെയ്തൂടെ ‘ മരുമകളുടെ മുന്നിൽ കൗസല്യ നിന്നുരുകി . ഹരിയോട് ‘ ഹരിയോട് നിൻ്റെയമ്മയ്ക്ക് ഒട്ടും മാനേഴ്സില്ലെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അതംഗീകരിക്കുന്ന മട്ടിൽ തല കുനിച്ചു നിൽക്കുന്ന മകനെ കണ്ട് കൗസല്യയുടെ നെഞ്ച് കലങ്ങി . സ്വന്തം വീട്ടിൽ ഒരിടത്തേക്ക് കയറാൻ പോലും അനുവാദത്തിന് കാത്തുനിൽക്കേണ്ട അവസ്ഥ . അടുക്കള അവൾക്കലർജിയാണ് . പാചകമൊന്നും അറിയില്ല . ഓഫീസിൽ പോകുന്ന ദിവസങ്ങളിൽ അവനൊപ്പം ഇറങ്ങിപ്പോകും . ചായ ബെഡിൽ കൊടുക്കുന്നത് പോലും അവനാകും . അവധി ദിവസങ്ങളിൽ ഒരാഴ്ചത്തെ ക്ഷീണം എന്നു പറഞ്ഞു അവനൊപ്പം പത്തു മണി വരെ ഉറക്കം . എന്തെങ്കിലും ഉണ്ടാക്കിയാൽ വായിൽ വയ്ക്കാൻ കൊള്ളുകയുമില്ല . കൗസല്ല്യ നെടുവീർപ്പയച്ചു കൊണ്ട് പ്ലാസ്റ്ററിട്ട കൈയ്യിലേക്കും പിസ കഴിക്കുന്ന മരുമകളേയും നോക്കി . വിദ്യയുണ്ടായിരുന്നെങ്കിൽ ! ‘ അമ്മ പിസ കഴിക്കുമെങ്കിൽ ഇതെടുത്ത് കഴിക്ക് . ഇല്ലെങ്കിൽ ഞാൻ ഹരിയെ വിളിച്ച് ചോറ് വാങ്ങി വരാൻ പറയാം . പിന്നെ ഒരു സെർവൻ്റിനെ നോക്കണം . പകുതി ക്യാഷ് ഞാനും ഹരിയും തരാം . പകുതി അച്ഛനോട് ഇടാൻ പറയണം അവരുടെ ശമ്പളം കൊടുക്കാനാ . ഞാനും ഹരിയും തലകുത്തി നിന്നാലും കിച്ചണിലെ പണി തീർത്ത് ഓഫീസിൽ പോകാൻ പറ്റില്ല ‘ . മൂന്നാല് ദിവസം മുമ്പ് സ്ത്രീധനത്തിൻ്റെ പേരിൽ വിദ്യയെ ശകാരിക്കുന്നത് കേട്ട ജയൻ അവളെ വിളിച്ച് അവളുടെ വീട്ടിൽ കൊണ്ടാക്കി . പിന്നെ വീട്ടിലെ മുഴുവൻ പണിയും കൗസല്യ തന്നെ ചെയ്യേണ്ടി വന്നു . അതിനിടയിലാണ് കൂനിൻമേൽ കുരു പോലെ വീണ് കൈയ്യൊടിഞ്ഞത് . വിഷമിച്ചിരിക്കുന്ന കൗസല്ല്യയെ നോക്കി ഭാർഗവനും നെടുവീർപ്പിട്ടു . വൈകുന്നേരം ജയകൃഷ്ണൻ വന്നപ്പോൾ കാണുന്നത് അടുക്കളയിലിരുന്ന് സാരിത്തലപ്പ് പിടിച്ച് കണ്ണൊപ്പുന്ന കൗസല്ല്യയെയാണ് . ‘ എന്താമ്മേ ?’ അവൻ ഓടി അടുത്തു ചെന്നു .
‘ അമ്മയ്ക്ക് തെറ്റു പറ്റി മോനേ ‘ കൗസല്യ തേങ്ങി .
‘ വിദ്യ മോളുടെ വില ഞാൻ മനസിലാക്കിയില്ല . പാവം കുട്ടി . സ്ത്രീ തന്നെയാണ് ധനമെന്ന് ഞാനിപ്പോൾ മനസിലാക്കുന്നു . മോൻ അവളെ കൂട്ടിക്കൊണ്ട് വരണം . എനിക്കാകുമായിരുന്നെങ്കിൽ ഞാൻ കൂടെ വന്നനേ ‘ ജയൻ്റെ മനസ് നിറഞ്ഞു . പിറ്റേന്ന് തന്നെ അവൻ പോയി വിദ്യയെ കൂട്ടിക്കൊണ്ട് വന്നു . ‘ മോളമ്മയോട് ക്ഷമിക്കു . എന്നെ വെറുക്കല്ലേ കുട്ടി ‘ കൗസല്ല്യ തേങ്ങലോടെ അവളുടെ കൈയിൽ പിടിച്ചു . ‘ അയ്യോ എന്താമ്മേയിത് . ‘ അവളും കരഞ്ഞുകൊണ്ട് കൗസല്യയോട് ചേർന്നു .
‘ പെൺപിള്ളേരായാൽ വിദ്യാഭ്യാസം മാത്രം പോരാ കുറച്ച് പാചകം കൂടി അറിഞ്ഞിരിക്കണം . ഹാ അതൊക്കെ അമ്മമാരുടെ ജോലിയാ പഠിപ്പിച്ചു കൊടുക്കേണ്ടത് . മാനേഴ്സുള്ള അമ്മമാർ അതുകൂടി പഠിപ്പിച്ചേ കെട്ടിച്ചയയ്ക്കു ‘ വിദ്യയുണ്ടാക്കിയ മൊരിഞ്ഞ അപ്പവും മുട്ടക്കറിയും കഴിക്കുമ്പോൾ ഓഫീസിൽ പോകാൻ മുകളിൽ നിന്നിറങ്ങി വരുന്ന ഇളയ മരുമകളെ നോക്കി കൗസല്ല്യ കൊള്ളിച്ചു പറഞ്ഞു …