20/04/2026

പാർവതി പരിണയം : ഭാഗം 05

രചന – മിത്ര

ടീച്ചർക്കെന്താ ഒരു വിഷമം പോലെ.. ” സ്റ്റാഫ് റൂമിൽ മുന്നിലുള്ള മേശമേൽ തല വെച്ചു കിടക്കുകയായിരുന്നു രേവതി.. അപ്പോഴാണ് അപ്പുവിന്റെ ചോദ്യം. പതിയെ മുഖം ഉയർത്തി, ഒന്നമർത്തി തുടച്ചു കൊണ്ട് ചിരിക്കാൻ ഒരു ശ്രമം നടത്തി.. “എന്തെടോ, തനിക്ക് വയ്യഴിക വല്ലതും ഉണ്ടോ.. ഉണ്ടേൽ ഹോസ്പിറ്റലിൽ പോകാടോ, ആരും ഇല്ലെന്നും പറഞ്ഞു അങ്ങനെ ഇരിക്കാൻ നോക്കേണ്ട ട്ടോ “. വീണ്ടും കരുതലോടെയുള്ള പറച്ചിൽ.. അവൾക്കു മനസ്സൊന്നു നിറഞ്ഞു.. “ഒന്നൂല്യ മാഷേ, ചെറിയൊരു തല വേദന പോലെ.. മാറിക്കോളും “. “ടീച്ചർ ഇങ്ങനെ ഒരിക്കലും കിടന്നു കണ്ടിട്ടില്ലേ.. അതുകൊണ്ട് ചോദിച്ചതാ.. വയ്യായെങ്കിൽ വീട്ടിൽ പൊയ്ക്കൂടേ, ഇവിടെ ഇരുന്നിട്ടെന്തിനാ “. “സാരല്യ മാഷേ, ഇതിപ്പോ കുറഞ്ഞോളും.. ഇടക്കിങ്ങനെ വരാറുള്ളതാ.. മൈഗ്രൈന്റെയാ “. പറഞ്ഞുകൊണ്ട് ബാഗിൽ നിന്നു ഒരു ടാബ്‌ലറ്റ് എടുത്തു കഴിച്ചവൾ.. ബോട്ടിൽ തുറന്നു കുറച്ചു വെള്ളവും കുടിച്ചു..

“ടീച്ചറിന് ഇന്ന് ക്ലാസ്സ്‌ എടുക്കാൻ പറ്റോ, ഈ വേദനയും വെച്ചുകൊണ്ട് “.. “കുറച്ചു കഴിയുമ്പോൾ ഞാൻ ഓക്കേ ആകും മാഷേ.. പേടിക്കേണ്ട ട്ടോ “.. അവളുടെ പുഞ്ചിരി കണ്ടു അപ്പുവിന് ആശ്വാസം ആയി.. എങ്കിലും മുഖത്ത് ഒരു സങ്കട ഭാവം നിറഞ്ഞു നിന്നു.. “എന്നാൽ ഞാൻ പൊയ്ക്കോട്ടെടോ.. ക്ലാസ്സ്‌ ഉണ്ടെനിക്ക്.. വയ്യഴികാ വല്ലതും ഉണ്ടെങ്കിൽ പറയണം കെട്ടോ.. മിണ്ടാതെ ഇങ്ങനെ ഇരിക്കരുത് “.. “മാഷ് പോയ്കോളൂ, ഞാൻ പറഞ്ഞോളാം “.. വെറുതെ ഒന്ന് ചിരിച്ചവൾ.. അവളെ നോക്കി മറുപടിയായി തലയാട്ടി കൊണ്ട് ക്ലാസ്സ്‌ റൂമിലേക്ക് നടന്നവൻ.. പതിയെ മേശമേൽ മുഖം അമർത്തി കിടന്നു.. കണ്ണിൽ നിന്നോഴുകുന്ന കണ്ണീരിനെ പിടിച്ചു നിർത്തിയില്ലവൾ.. നെഞ്ചു പറിച്ചു കൊടുത്തു സ്നേഹിച്ചവൻ കൊലയാളി ആയിരുന്നുവോ ?? അപ്പൊ, ഇനിയും അയാൾ ഉണ്ണിയെ കൊല്ലാൻ ശ്രമിക്കില്ലേ?? ഇത് ആരോടൊന്നു പറയും, പറഞ്ഞാൽ തന്നെ പാറു വിശ്വസിക്കുവോ.. പല പല ചിന്തകളാൽ മനസ്സ് ആസ്വസ്ഥമായിരുന്നു.. എന്തെങ്കിലും ചെയ്തേ പറ്റൂ, മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ചവൾ…

“ഉണ്ണിയേട്ടാ, കുറുമ്പ് കാണിക്കല്ലേ.. ദേ, അമ്മായി അപ്പുറത്തു നിൽപ്പുണ്ട്.. വിട്ടേ എന്നെ ഒന്ന് “.. “പിന്നേ, നിന്റെ അമ്മായിക്ക് ഒന്നും അറിയാത്ത പോലെ.. “.. “ഉണ്ണിയേട്ടാ, വിടുന്നുണ്ടോ “. ഉണ്ണി പിടിച്ചു വെച്ച കൈകൾ കുടയാൻ ഒരു ശ്രമം നടത്തി.. എവിടെ, ഉറുമ്പടക്കം മുറുക്കി പിടിച്ചു വെച്ചിരിക്കുവാണ്.. “വീട്ടില്ലെങ്കിൽ ഞാൻ കിടന്നു കാറും.. കെട്ടോ ” “പെട്ടെന്ന് കാറ് എന്റെ പൊന്നുമോൾ. വീട്ടുകാർക്ക് എന്നെ കെട്ടിക്കണം ന്നു ഒരാഗ്രഹവും ഇല്ല.. ഇങ്ങനെ എങ്കിലും കല്യാണ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായാലോ “.. ഒറ്റ പുരികം വളച്ചു, കണ്ണുകൾ കുറക്കി ചോദ്യം ചോദിക്കുന്നവനെ കണ്ട് അവൾക്കു ചിരി പൊട്ടി.. “എന്താടി ഇത്ര ചിരിക്കാൻ “.. “ഒന്നുല്ല മോനെ ഉണ്ണിയേട്ടാ “.. “പറയെടി, എന്തിനാ നീ ചിരിച്ചേ “.. കുറച്ചൂടെ ദേഹത്തേക്ക് ചേർത്തു നിർത്തിയവളെ.. “അതോ, ആദ്യം ഈ കയ്യൊന്നു നേരെയാക്ക്.. അല്ലാതെ താലി എങ്ങനാ കെട്ടുന്നെ.. ഒറ്റ കൈ കൊണ്ടു കെട്ടാൻ പറ്റോ.. മ്മ്..”.. “മോൾക്ക്‌ ഏട്ടൻ പഠിപ്പിച്ചു തരാം ട്ടോ ഒറ്റ കയ്യാൽ എങ്ങനെ കെട്ടും ന്നു.. തരട്ടെ..മ്മ്..” “അയ്യോ വേണ്ട, വേണ്ടാത്തൊണ്ട.. ഇപ്പഴേ ഏട്ടൻ പഠിപ്പിക്കേണ്ട “.. “അതെന്താടി പഠിപ്പിച്ചാൽ ” പറഞ്ഞു കൊണ്ടു അവളുടെ കഴുത്തിൽ മുഖമമർത്തിയവൻ.. പെണ്ണൊന്നു പുളഞ്ഞു പൊയി.

“ദേ, ഉണ്ണിയേട്ടാ.. നന്ദേട്ടൻ അപ്പുറത്തുണ്ട്.. നാണക്കേടാട്ടോ ഇങ്ങനെ ഒക്കെ കണ്ടാൽ “.. “എങ്ങനെ ഒക്കെ കണ്ടാൽ “.. കുറുമ്പോടെയുള്ള അവന്റെ ചോദ്യത്തിൽ പെണ്ണ് മുഖം കുനിച്ചു നിന്നു.. “പറ പെണ്ണേ, എങ്ങനെ ഒക്കെ കണ്ടാൽ ” വീണ്ടും താടി കൊണ്ടു കഴുത്തിന്മേൽ ഉഴിഞ്ഞവൻ.. ശ്വാസം ചെവിയുടെ മേൽ അടിക്കുമ്പോൾ, ഒരു തരിപ്പവളിൽ കടന്നു പൊയി.. ഒറ്റ കൈ കൊണ്ടു പെണ്ണിനെ ഒന്നൂടെ ചേർത്തു നിർത്തി.. “അതേ, ഈ ഉണ്ണിയുടെ പാറുട്ടി ആണിത്.. ആര് കണ്ടാലും എനിക്കൊന്നൂല്യ.. അത്രയ്ക്ക് കാണാൻ വയ്യാത്തോരാണെങ്കിൽ, കണ്ണ് പൊത്തിക്കോളും പെണ്ണേ “.. പ്രണയത്തോടെയുള്ള വാക്കുകൾ.. നെഞ്ചിടിപ്പൊന്നുയർന്നവളുടെ.. “എന്തിനാ പെണ്ണേ, ആ ഹൃദയം ഇങ്ങനെ പൊട്ടിക്കുന്നെ.. ഇതിപ്പോ നെഞ്ചും കൂടും പൊട്ടിച്ചു പുറത്തേക്കു വരുവോ ആവോ “.. “പോ ഉണ്ണിയേട്ടാ ഒന്ന് “.. നാണത്തിൽ കുതിർന്ന അവളുടെ വാക്കുകൾ കേട്ട്, ചേർത്തു പിടിച്ചു നെറുകയിൽ ഒരു മുത്തം നൽകിയവൻ..

ആ നെഞ്ചോട് ചേർന്നു നിൽക്കുമ്പോൾ, ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവൾ താനെന്നു കരുതി പെണ്ണ് .. “ഉണ്ണി, എടാ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട്.. വൈകിട്ട് 5 മണിക്ക് പോണം… “. പറഞ്ഞു കൊണ്ട് മുറിയിലേക്ക് വന്ന അനന്തു, ഒരു നിമിഷം വാതിൽക്കൽ തറഞ്ഞു നിന്നു.. അനന്തുവിന്റെ ശബ്ദം കേട്ട്, പാറു ഉണ്ണിയിൽ നിന്നും പിടഞ്ഞു മാറി.. “കൈ വയ്യേലും ചെക്കന് റൊമാൻസിന് ഒരു കുറവും ഇല്ല.. എവിടുന്നു വരുന്നെടാ ഇത് “.. “അതൊക്കെ വരും ഏട്ടാ.. മുന്നിൽ എന്റെ പെണ്ണ് ഇങ്ങനെ നിൽക്കുമ്പോൾ, അതിനു വരാതിരിക്കാൻ പറ്റോ “.. ചിരിച്ചു കൊണ്ടു ഒരു കയ്യാൽ ഉണ്ണി പാറുവിനെ ചേർത്തു പിടിച്ചു.. “ന്റെ പൊന്നു മോനെ, നീ എന്ത് കോപ്പ് വേണേലും കാണിക്കു.. ആദ്യം ഡോക്ടറിനെ കാണാൻ പോകാൻ ഒന്നൊരുങ്ങുവോ “.. പാറുവിന്റെ തോളിൽ ചേർത്തു പിടിച്ചു അവളെ ഉണ്ണിയിൽ നിന്നും അകറ്റി അനന്തു ചോദിച്ചു.. “അങ്ങനെ ചോദിക്ക് നന്ദേട്ടാ, ഉണ്ണിയേട്ടന് ഒരു ഉത്തരവാദിത്തോo ഇല്ലെന്നേ.. ഇന്നല്ലേ കയ്യേലേ പ്ലാസ്റ്റർ എടുക്കുന്നത് “.. “ഇന്നാണ് എന്റെ പാറുട്ടിയെ.. നീ ചെല്ല്.. ഞാൻ ഇവനെ ഒന്ന് റെഡി ആക്കട്ടെ “.. മ്മ് എന്ന് മൂളിക്കൊണ്ട് പാറു മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി..

“ഡാ നീ പെട്ടെന്ന് മുഖം കഴുകി വാ.. ഞാൻ നിന്റെ റിപ്പോർട്ട്‌ ഫയൽ ഒക്കെ എടുത്തു വെക്കാം “.. പറഞ്ഞു കൊണ്ടു റിപ്പോർട്ട് ഫയൽ എടുത്തു ബാഗിൽ വെക്കുന്ന അനന്തുവിനെ നോക്കി ഉണ്ണി പതിയെ ബാത്ത് റൂമിലേക്ക് നടന്നു.. അപ്പോഴും കത്തുന്ന കനലുകൾ അനന്തുവിന്റെ കണ്ണിൽ തെളിഞ്ഞു നിന്നിരുന്നു… 💞💞💞💞💞 “ഉണ്ണി ഇപ്പോ എങ്ങനെ ഉണ്ടെടാ.. വേദന കുറവുണ്ടോ.. ” “ആ ഇപ്പോ ഓക്കേ ആണ് ഏട്ടാ.”.. ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കുള്ള വഴിയാണ്.. അനന്തു ആണ് കാർ ഓടിക്കുന്നത്.. ഇടത്തു കൈ ഒന്ന് പൊക്കിയും താത്തും check ചെയ്യുവാരുന്നു ഉണ്ണി.. ഒരു പിടുത്തം ഉണ്ട്‌.. ന്നാലും സാരല്യ.. പ്ലാസ്റ്റർ എടുത്തല്ലോ.. “എടാ, ആ സ്ലിംഗ് ഇടെടാ, കുറെ നാളും കൂടെ ഇടെണം എന്നല്ലേ ഡോക്ടർ പറഞ്ഞത് “. “അതിട്ടേക്കാം ഏട്ടാ. ” പറഞ്ഞു കൊണ്ടു അവൻ സ്ലിഗ് ഇട്ടു… വീടിനു മുന്നിൽ കൊണ്ടോയി അനന്തു കാർ നിർത്തി..

ഇറങ്ങാതെ ഇരിക്കുന്ന അനന്തുവിനെ ഉണ്ണി ഒന്ന് സംശയത്തോടെ നോക്കി.. “അല്ലാ, ഏട്ടൻ ഇറങ്ങുന്നില്ലേ.. എങ്ങോട്ടെങ്കിലും പോവ്വാണോ “.. “നീയിറങ്ങിക്കോ, എനിക്ക് പുറത്ത് പോയിട്ട് ഇത്തിരി പണിയുണ്ടെടാ.. ഇപ്പോ വരാം “.. ഉണ്ണി ഇറങ്ങിയപ്പോൾ അനന്തു കാർ മുന്നോട്ടേക്ക് എടുത്തു.. സംശയത്തോടെ നോക്കിയ ഉണ്ണിയെ ഒരു കണ്ണു ചിമ്മി കാണിച്ചവൻ.. വണ്ടി ചെന്നു നിന്നത് രേവതിയുടെ വീടിനു മുന്നിൽ ആയിരുന്നു.. ഓടിട്ട ചെറിയവീട്.. സമയം ഏഴു മണിയോടെ അടുത്തിരുന്നത് കൊണ്ട്, ഇരുട്ട് പടർന്നിരുന്നു.. വീടിനു മുന്നിൽ കത്തിച്ചു ഇട്ട ലൈറ്റ്റിൽ നിന്നും വെളിച്ചം പരക്കുന്നുണ്ടായിരുന്നു.. കാർ ലോക്ക് ചെയ്തിട്ട് അവൻ ഇറങ്ങി… വീട്ടിന്റെ മുറ്റത്തേക്ക് കടക്കാൻ കല്ല് കൊണ്ടുള്ള ചെറിയ രണ്ടു പടികൾ കെട്ടിയിരുന്നു…. മുറ്റത്തേക്ക് കയറി വീടിനു മുന്നിലുള്ള വാതിലിനടുത്തുള്ള കാളിങ് ബെല്ലിൽ വിരൽ അമർത്തി… വാതിൽ തുറന്ന രേവതി അനന്തുവിനെ കണ്ടു പേടിച്ചു..

ഒറ്റക്കാണ്, ആരും കൂട്ടിന്നില്ല.. ഒന്നുച്ചത്തിൽ കാറിയാൽ പോലും ആരും വരാനില്ല.. അടുത്ത് താമസിക്കുന്ന അപ്പു മാഷ് പോലും ഇപ്പോ ആ വീട്ടിൽ ഇല്ല, പുറത്ത് പോയിരിക്കയാണ്‌.. പേടിച്ചു, സകല ദൈവങ്ങളെയും വിളിച്ചു പൊയി അവൾ.. “നിങ്ങൾ എന്താ ഈ രാത്രിയിൽ എന്റെ വീട്ടിൽ, ഒന്ന് പൊയ്‌ക്കെ.. ” “ഞാൻ ഇവിടെ താമസത്തിനു വന്നതല്ല, രേവതി ടീച്ചറെ.. വന്ന അതിഥിയെ അകത്തോട്ടു ക്ഷണിക്കാൻ ഉള്ള മര്യാദ പോലും ടീച്ചറിന് ഇല്ലല്ലേ “.. രണ്ടു കയ്യും വാതിൽ പടിയിൽ കുത്തി അകത്തേക്ക് തലയിട്ട് നോക്കി അനന്തു.. വീടിനകം കണ്ണുകളാൽ ഒന്നുഴിഞ്ഞു.. “എന്തെങ്കിലും ഉണ്ടേൽ പകൽ സംസാരിക്കാം, ഇപ്പോൾ അനന്തു ഇവിടെ നിന്നും പോയേ ഒന്ന്”.. അവന്റെ വരവ് ഇഷ്ടപെടാത്ത രീതിയിൽ അവൾ പറഞ്ഞു.. “ആഹാ, കർഷകൻ മാറി അനന്തു ആയല്ലോ”.. ചോദ്യം എറിഞ്ഞു കൊണ്ടു അവളെ തള്ളി മാറ്റി അവൻ അകത്തേക്ക് കയറി വാതിൽ കൊട്ടി അടച്ചു…. (തുടരും)