19/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 62(2)

രചന – മഞ്ജിമ സുധി

“മിണ്ടരുത് നീ….. മാറി നിൽക്ക് അങ്ങോട്ട്…!!! നിന്നെ ഒളിച്ചോടാൻ സഹായിച്ചല്ലേള്ളൂ നിർബന്ധിച്ചൊന്നും ഇല്ലല്ലോ…??? ഉണ്ടോ…??? ” ആമിയുടെ കൈ ശക്തിയോടെ കുടഞ്ഞ് അച്ഛമ്മ അലറി… ആ അലർച്ചയിൽ ആമിയുടെ കണ്ണുകൾ  തോരാതെ പെയ്തു… “പറ അവള് നിന്നെ ഒളിച്ചോടാൻ നിർബന്ധിച്ചോ…?? പ്രലോഭിച്ചോ..?? ഭീക്ഷണിപ്പെടുത്തിയോ…??? ഇല്ലല്ലോ…???” അച്ഛമ്മ വീണ്ടും ചോദിച്ചത് കേട്ട് ആമി നിറഞ്ഞ കണ്ണോടെ ഇല്ലെന്ന് തലയാട്ടി… “നീ നിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി അവളെ ഉപയോഗിച്ചു, അവസാനം പെരുവഴിയിലിട്ട് നിന്റെ സുഖം തേടി പോയി, ഇവൻ അവിടെ മുതൽ ഇന്ന് ദാ ഈ നിമിഷം വരെ അവളെ ക്രൂശിച്ചു, ഇപ്പോ ഭ്രാന്തിയാക്കി….!!! ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ ഒരു നിമിഷം കൊണ്ട് കൊന്ന് കളമായിരുന്നില്ലെടാ…???” ഞെട്ടലോടെ ഞാൻ അച്ഛമ്മയെ നോക്കി….

ദയനീയതയാണ്… ഇനിയെങ്കിലും അവളെ കൊന്ന് കൊടുക്കാൻ യാചിക്കുന്ന പോലെ… വല്ലാത്ത തളർച്ച തോന്നുന്നു… പാടില്ല,,, ഇനിയും ഒരുപാട് കേൾക്കാനുള്ളതാണ്… തളരരുത്…!!! “പിന്നെ എന്റെ മോന്റെ മരണം,,,, അതിന് കാരണക്കാരി നീയല്ലേ….???? നീയൊരാൾ മാത്രം….!!! ” ആമിയ്ക്ക് നേരെ അച്ഛമ്മ ചൂണ്ടിയ വിരൽ അവളെയാക്കെ ഉലച്ഛ് കളഞ്ഞു… ഞെട്ടലോടെ അച്ഛമ്മയെ നോക്കുന്ന ആ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു… “നിനക്ക് അങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ ആദ്യമേ പറയായിരുന്നില്ലേ…??? നിറഞ്ഞ മനസ്സോടെ സമ്മതിക്കായിരുന്നല്ലോ അവൻ… പാവായിരുന്നില്ലേ ന്റെ കുട്ടി..!!!! നിന്റെയൊക്കെ ഇഷ്ടത്തിന് ഇന്നേവരെ എതിര് നിന്നിട്ടുണ്ടോ, വേണ്ട ന്ന് ഒരുവാക്ക് പറഞ്ഞിട്ടുണ്ടോ…??? ” ആ മനസ്സിൽ അടക്കിവെച്ചതൊക്കെ പുറത്തേക്കൊഴുക്കുമ്പോ വീണ്ടും അച്ഛമ്മ തളർന്ന് പോകുമോ ന്ന് ഞാൻ പേടിച്ചു…

എനിക്ക് അമ്മയുണ്ട്, അച്ഛന്റെ സ്ഥാനത്ത് ഒരു ഏട്ടൻ… അച്ഛമ്മയ്ക്കോ…??? ആകെയുള്ള ഒരു മകൻ, ഒരേയൊരു ആണ്തരി… സ്വന്തം ചിതയ്ക്ക് കൊള്ളിവെയ്ക്കേണ്ടിയിരുനവൻ… ആ മകന്റെ മരണം കൺ മുന്നിൽ കാണേണ്ടി വന്ന അമ്മ… ഒന്ന് വാവിട്ട് കരയാൻ പോലും കഴിയാതെ തളർന്ന് പോയവൾ… എന്നേക്കാൾ ആയിരമിരട്ടി വേദന കാണില്ലേ ആ നെഞ്ചിൽ… എന്നിട്ടും അച്ഛമ്മയ്ക്ക് എന്തുകൊണ്ട് അനൂനോട് ദേഷ്യമില്ല…??? അച്ഛമ്മ ചോദിച്ചപ്പോലെ അനു ആമിയെ ഒളിച്ചോടാൻ പ്രോലോഭിപ്പിച്ചോ..?? ഭീക്ഷണിപെടുത്തിയോ…?? അതോ നിർബന്ധിച്ചോ…??? ഇല്ലല്ലോ…!!!! മറിച്ഛ്  സഹായിച്ചു… അതെന്തുകൊണ്ട് എനിക്ക് മാത്രം തെറ്റായി…??? “അവസാന നിമിഷമാണോ,,, ഇവനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് നിനക്ക് തോന്നിയത്…??? ആഹ്‌ണോ…???” അച്ഛമ്മയുടെ ചോദ്യത്തിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് ആമി തല താഴ്ത്തി….

ആമിയുടെ മുഖത്ത് നിന്ന് അച്ഛമ്മയുടെ കണ്ണുകൾ എന്നെ തേടി വന്നു… “മക്കളിൽ നിന്നെയായിരുന്നു അവന് കൂടുതലിഷ്ടം… ഇവരെ നാല് പേരെക്കാൾ അവന്റെ ശീലങ്ങളും, സംസാരവും, സ്വഭാവവുമൊക്കെ കൂടുതൽ കിട്ടിയത് നിനക്കാണെന്ന് അവൻ ഇടയ്ക്കിടെ പറയുമായിരുന്നു… പക്ഷേ അവന് തെറ്റിയെന്ന് ആദ്യമായി എനിക്ക് തോന്നുന്നു… പെങ്ങളെ ഒളിച്ചോടാൻ സഹായിച്ചു എന്നൊരു തെറ്റിന് ഒരു പാവം പെണ്കുട്ടിയുടെ ജീവിതം തകർത്തത് പോരാഞ്ഞ് അതിന്റെ കുടുംബം കൂടി നീ  നശിപ്പിച്ചില്ലെടാ…??? അനൂന്റെ അച്ഛന്റെ മരണത്തിന് കാരണം നീയല്ലേ….???” കത്തുന്ന കണ്ണോടെ അച്ഛമ്മ എന്നെ നോക്കി ചോദിച്ചു… ദേഷ്യത്താൽ ചുവന്ന് വിറയ്ക്കുന്ന ആ മുഖം കാണേ എനിക്ക് നാവ് വിലങ്ങി… വാക്കുകൾ കിട്ടുന്നില്ല…. “വാ തുറന്ന് പറഡാ,,, നീയല്ലേ കാരണം…???” “അ… അതെ…!!” വീണ്ടും കൈ ഉയർന്നു, പക്ഷേ കവിളിൽ പതിഞ്ഞില്ല….

“ന്റെ സേതൂന്ന് ഇങ്ങനെയൊരു മകൻ ഉണ്ടായല്ലോ…??? അവന്റെ ആത്മാവ്  നിന്നോടൊരിക്കലും ക്ഷമിക്കില്ല… അവൻ നിന്നോട് ഒരിക്കലും പൊറുക്കില്ല… ” മനസ്സിൽ തെളിയുന്ന അച്ഛന്റെ മുഖം കരയുന്ന പോലെ….പക്ഷേ,,, കണ്ണീരിന് പകരം രക്തമൊഴുകുന്നു… “സരസ്വതിയുടെ മുന്നിൽ നിന്നെ പ്രസവിച്ചു പോയി എന്നൊരൊറ്റ കാരണം കൊണ്ട്  തല കുനിച്ഛ് നിൽക്കേണ്ടി വന്നവളാ എന്റെ സാവിത്രി…. അവള് നിന്നെ ശപിക്കില്ല, ശപിക്കാൻ അവൾക്ക് കഴിയില്ല, പക്ഷേ നിന്നോടൊരിക്കലും അവള് പൊറുക്കില്ല…” ഇത്രയും പറഞ്ഞ് കവിൽത്തടം അമർത്തി തുടയ്ച്ഛ് അച്ഛമ്മ റൂമിലേക്ക് കയറി വാതിലടച്ചു… തലകുനിച്ഛ് ഞാൻ വീണ്ടും ഒരു ശില പോലെ അവിടെ നിന്നു… “ആ വീട്ടിൽ ഉയർന്ന ഓരോ നിലവിളികൾക്കും, സരസ്വതിയുടെ മാഞ്ഞ സിന്ദൂരത്തിനും, പൊട്ടിയ താലിയ്ക്കും, നീയൊരിക്കൽ മറുപടി പറയേണ്ടി വരും… അനൂന് നേരെ ഉതിർന്ന ഓരോ ശാപ വാക്കുകളും വേട്ടയാടാൻ പോകുന്നത് നിന്നെയായിരിക്കും…

അമ്മ പറഞ്ഞപ്പോലെ ഞാൻ നിന്നെ ശപിക്കില്ല, പെറ്റ വയറായതോണ്ടല്ല എന്റെ ശാപം പോലും നീ അർഹിക്കുന്നില്ല….” അമ്മ പറയുന്ന ഓരോ വാക്കും ഇരുതല മൂർച്ചയുള്ള വാള് പോലെ ശരീരം മുഴുവൻ വെട്ടി മുറിവേല്പിക്കുന്നു… എല്ലാം കേൾക്കാനും അനുഭവിക്കാനും ഞാൻ ബാധ്യസ്ഥമാണ്… എങ്കിലും,, അമ്മയുടെ ശാപത്തിനെങ്കിലും അർഹനാവാൻ തോന്നുന്നു, ഉള്ളുരുകിയൊന്ന് ശപിക്കാൻ ആ കാലിൽ വീണ് യാചിക്കാൻ മനസ്സ് വെമ്പുന്ന പോലെ….. “നിന്നെപ്പോലെ ഒന്നിനെ ദൈവം എനിക്ക് തന്നല്ലോ,,, ഏതോ ജന്മത്തിൽ ഞാൻ അത്രയ്ക്ക് വലിയ പാപം ചെയ്ത് കാണും….” പുച്ഛത്തോടെ അമ്മ മുഖം വെട്ടിച്ചു…. “കല്യാണം കഴിഞ്ഞ അന്ന് മുതൽ നിങ്ങൾ രണ്ടും ഞങ്ങളിൽ നിന്നൊക്കെ എന്തോ ഒളിക്കുന്നുണ്ടെന്ന് തോന്നിയിരുന്നു…. ഒരിക്കൽ അനൂനോട് ചോദിച്ചപ്പോ അവളെന്നോട് ഒന്നും ചോദിക്കരുതെന്ന് പറഞ്ഞു… നിന്നെ പേടിച്ചല്ലേ അവളിത്രയും കാലം ഇവിടെ നിന്നത്…??? നിന്റെ നിർദ്ദേശം അനുസരിച്ഛ് ചലിക്കുന്നൊരു മനുഷ്യപ്പാവ…. അല്ലേ…???” അമ്മ ദേഷ്യത്തോടെ ചോദിച്ചതും ഞാൻ തലയുയർത്തി അമ്മയെ നോക്കി…

കല്യാണം കഴിഞ്ഞ അന്ന് മുതൽ ഇന്ന് വരേ ഓരോന്നും മനസ്സിലൂടെ കടന്നു പോയി… അമ്മ പറഞ്ഞപ്പോലെ എന്നെ പേടിച്ചല്ലേ അവളിവിടെ കഴിഞ്ഞത്..?? എന്റെ ഇഷ്ടത്തിന്, എന്റെ താല്പര്യങ്ങൾക്ക് വിധേയമായല്ലേ അവളിവിടെ നിന്നത്, എല്ലാം എന്റെ ഇഷ്ടമായിരുന്നില്ലേ…??? മനസ്സ് എന്നോട് തന്നെ ചോദിച്ചു… ഹൃദയം വിങ്ങുന്ന പോലെ… കണ്ണിൽ വെള്ളം നിറയാണോ അറിയില്ല,,, ഒരു മങ്ങൽ….!!! “നിനക്കും ഉണ്ടല്ലോ രണ്ട് പെങ്ങന്മാര്,,, അതിൽ ഒരുത്തിയോടാ ഏതോ ഒരുത്തൻ ഇങ്ങനെ കാണിച്ചതെങ്കിൽ സഹിക്കോ നീ…??? പറ….????” നിമ്മിയേയും ആമിയേയും ചൂണ്ടിക്കാട്ടി അമ്മ ചോദിച്ചു…. ഞാൻ പയ്യെ അവരെ രണ്ടാളേയും നോക്കി… കരയുകയാണ് രണ്ടാളും… നിമ്മി,, പലപ്പോഴും പലതു ചോദിച്ചിട്ടുണ്ട്, പലതിനും തർക്കിച്ചിട്ടുണ്ട്, അവൾക്ക് വേദനിച്ചപ്പഴൊക്കെ ദേഷ്യം പിടിച്ചിട്ടുണ്ട്… അനൂന്റെ കൈ തിരിച്ഛ് ഓടിച്ച അന്നാണ് ആദ്യമായി അവളുടെ ശബ്‌ദം എനിക്ക് നേരെ ഉയർന്നത്..!!! ഒരുപാട് ഇഷ്ടമായിരുന്നു… ഇപ്പഴുമാണ്… ഉറ്റ കൂട്ടുക്കാരിയോട് ഞാൻ ചെയ്‌തതും കാണിച്ചതും അറിഞ്ഞാൽ ആമി എന്നോട് ക്ഷമിക്കോ…?? കഴിയോ അവൾക്ക്…??? അമ്മ ചോദിച്ചത് പോലെ ഇവർക്ക് ആർക്കെങ്കിലുമാണ് ഇങ്ങനെ നടന്നതെങ്കിൽ സഹിക്കാൻ പറ്റുമായിരുന്നോ എനിക്ക്…??? അറിയില്ല… എനിക്കൊന്നും അറിയില്ല…. ശ്വാസമെടുക്കാൻ കഴിയാത്ത പോലെ… ഹൃദയത്തിൽ അത്രത്തോളം വേദന നിറയുന്നൂ…..

“അമ്മ ചോദിച്ചപ്പോലെ ഇവളൊളിച്ചോടി പോയതിന് ഇവളോടില്ലാത്ത ദേഷ്യവും വാശിയും അവളോട് നിനക്കെങ്ങനെ തോന്നി…ഏഹ്ഹ്…??” എന്റെ കോളറിൽ പിടിച്ഛ് ഉലച്ഛ് അമ്മ അലറിയതും എന്റെ തലകുനിഞ്ഞു…. “നിനക്കെങ്ങനെ ഇത്ര ക്രൂരനാവാൻ കഴിഞ്ഞു…??? ഞാനല്ലേ നിന്നെ വളർത്തിയത്, ഊട്ടിയത്, ഉറക്കിയത്…?? എവിടെയാ എനിക്ക് തെറ്റ് പറ്റിയത്…???എവിടെയാ ദൈവമേ എനിക്ക് പിഴച്ഛ് പോയത്…?? ” മുകളിലേക്ക് നോക്കി നെഞ്ചിൽ കൈ ചേർത്ത് അമ്മ കരഞ്ഞു… “പത്ത് മാസം നിന്നെ ചുമന്ന് പ്രസവിച്ചതിന് എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു…. എന്റെ വയറ്റിൽ തന്നെ വന്ന് കുരുതല്ലോടാ നീ…??” തലയിൽ കൈ വെച്ഛ് കരഞ്ഞോണ്ട് അമ്മ ചോദിച്ചത് കേട്ട് ഒരുനിമിഷം ഞാൻ മുഖമുയർത്തി ദയനീയമായി അമ്മയെ നോക്കി… “അമ്മേ,,,” നിസ്സഹായതയോടെ ഞാൻ അമ്മയെ വിളിച്ചതും ആ കണ്ണിൽ ദേഷ്യം ഇരച്ഛ് കയറി…. “മിണ്ടരുത് നീ…… അമ്മേ നീയിനി എന്നെ വിളിക്കരുത്…. നീയങ്ങനെ വിളിക്കുമ്പോ മേലാക്കെ പുഴുവരിക്കുന്ന പോലെ തോന്നുന്നു…” അറപ്പോടെ പറഞ്ഞ് അമ്മ മുഖം വെട്ടിച്ചു…

“സമനില നഷ്ടപ്പെട്ട് ആ പാവം വിളിച്ഛ് പറയുന്നില്ലേ,,, നീയാ അവളെ അച്ഛനെ കൊന്നതെന്ന്… അത് സത്യാ… നീയാ അവളുടെ അച്ഛനെ കൊന്നത്….!!! നിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി നീയൊരു കുടുംബം തകർത്തു…. ഒരു പാവം പെണ്ണിന്റെ സ്വപ്നങ്ങൾ, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ അങ്ങനെ എല്ലാം നീ നശിപ്പിച്ചു…!!!” അമ്മ പറഞ്ഞത് കേട്ട് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു…. അനൂന്റെ കരയുന്ന മുഖം മനസ്സിൽ നിറഞ്ഞതും ശ്വാസം മുട്ടുന്ന പോലെ തോന്നി…. “ബാക്കി നാല് മക്കളെക്കാൾ നീ എനിക്കേറെ പ്രിയപ്പെട്ടവനായിരുന്നെടാ…. പക്ഷേ,,, ഒരു അമ്മയെന്ന നിലയിൽ ഞാനൊരു വട്ട പൂജ്യമാണെന്ന് നീ തെളീച്ചു… നീയെന്നെ തോൽപിച്ചു….” എന്റെ കോളറിൽ പിടിച്ഛ് തൂങ്ങി പൊട്ടിക്കരഞ്ഞ് കൊണ്ട് അമ്മ പറഞ്ഞത് കേട്ട് തല കുനിച്ഛ് ചുണ്ടുകൾ അമർത്തി പിടിച്ഛ് ഞാൻ കരച്ചിലടക്കി…. “ഈ വീട്ടിൽ ഒന്നുകിൽ നീ,,, അല്ലെങ്കിൽ ഞാൻ… ആരെങ്കിലും ഒരാൾ മതിയിനി… ആര് നിൽക്കണം, ആര് പോണം ന്ന് നിനക്ക് തീരുമാനിക്കാം…. ” കണ്ണുകൾ തുടയ്ക്കവേ അമ്മയുടെ ഉറച്ച ശബ്ദം കേട്ട് ഞാൻ ആശ്ചര്യത്തോടെ മുഖമുയർത്തി നോക്കി…

മുഖം എനിക്കഭിമുഖമാണെങ്കിലും നോട്ടം മറ്റെവിടേക്കോ ആണ്…. “അമ്മേ,,,, അമ്മ എന്തായീ പറയുന്നത്…??? ഏട്ടൻ….” നിമ്മിയുടെ ശബ്‌ദം ഉയർന്നതും അമ്മയുടെ കൈകൾ അവൾക്ക് നേരെ ഉയർത്തി തടഞ്ഞു…. “എന്റെ ചോദ്യം ഇവനോടാണ്… ഉത്തരം നൽകേണ്ടത് ഇവനാണ്…. പറ… ഞാൻ നിൽക്കണോ,,,, പോണോ…???” ഗൗരവത്തോടെ അമ്മ വീണ്ടും മറ്റെങ്ങോ നോക്കി ചോദിച്ചു… കുറച്ഛ് നേരം അമ്മയെ നോക്കി നിന്ന് ഞാൻ തിരിച്ഛ് നടന്നു…. “ഏട്ടാ,,,, പോവല്ലേ ഏട്ടാ…..!!!!” ഇടം കയ്യിൽ മുറുക്കെ പിടിച്ഛ് നിമ്മി കരഞ്ഞോണ്ട് പറഞ്ഞു… അവളെ നോക്കി പയ്യെ ചിരിച്ഛ് കയ്യടർത്തി മാറ്റി കോലായിലേക്കിറങ്ങി… പോർച്ചിലെ കാറിൽ കയറി ഇരുന്ന് സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടെന്നില്ലാതെ പയ്യെ ഓടിച്ചു…. ഞാനൊരു വലിയ തെറ്റാണ്….ഒരിക്കലും തിരുത്താൻ പറ്റാത്ത  വലിയ തെറ്റ്…. സ്വാർത്ഥനാണ് ഞാൻ…. എല്ലാർക്കും ഞാനൊരു ശാപമാണ്…. ദുഷ്ടനാണ്, ക്രൂരനാണ്….. ആളൊഴിഞ്ഞ ഏതോ ഒരു ബീച്ചിലേക്ക് കാറിറക്കി നിർത്തി സ്റ്റിയറിങ്ങിൽ തല വെച്ഛ് ഞാൻ കണ്ണടച്ചു…..

ഒരു അമ്മയെന്ന നിലയിൽ ഞാനൊരു വട്ട പൂജ്യമാണെന്ന് നീ തെളീച്ചു… നീയെന്നെ തോൽപിച്ചു….* *അവന്റെ ആത്മാവ്  നിന്നോടൊരിക്കലും ക്ഷമിക്കില്ല… അവൻ നിന്നോട് ഒരിക്കലും പൊറുക്കില്ല…* *നീയങ്ങനെ വിളിക്കുമ്പോ മേലാക്കെ പുഴുവരിക്കുന്ന പോലെ തോന്നുന്നു…* *ആ വീട്ടിൽ ഉയർന്ന ഓരോ നിലവിളികൾക്കും, സരസ്വതിയുടെ മാഞ്ഞ സിന്ദൂരത്തിനും, പൊട്ടിയ താലിയ്ക്കും, നീയോരിക്കൽ മറുപടി പറയേണ്ടി വരും…* *പത്ത് മാസം നിന്നെ ചുമന്ന് പ്രസവിച്ചതിന് എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു…. * *മക്കളിൽ നിന്നെയായിരുന്നു അവന് കൂടുതലിഷ്ടം….. ഇവരെ നാല് പേരെക്കാൾ അവന്റെ ശീലങ്ങളും, സംസാരവും, സ്വഭാവവുമൊക്കെ കൂടുതൽ കിട്ടിയത് നിനക്കാണെന്ന് അവൻ ഇടയ്ക്കിടെ പറയുമായിരുന്നു…

സമനില നഷ്ടപ്പെട്ട് ആ പാവം വിളിച്ഛ് പറയുന്നില്ലേ നീയാ അവളെ അച്ഛനെ കൊന്നതെന്ന്… അത് സത്യാ… നീയാ അവളുടെ അച്ഛനെ കൊന്നത്….!!!* *ഞാൻ നിന്നെ ശപിക്കില്ല, പെറ്റ വയറായതോണ്ടല്ല എന്റെ ശാപം പോലും നീ അർഹിക്കുന്നില്ല….* അമ്മയും അച്ഛമ്മയും പറഞ്ഞ ഓരോ വാക്കും ചെവിയിലും മനസ്സിലും തലച്ചോറിലും നിർത്താതെ അട്ടഹസിച്ചു…. ഇരുട്ട് നിറഞ്ഞൊരു ഗുഹക്കുള്ളിൽ കറുത്തിരുണ്ട നിറമുള്ള ചോരക്കണ്ണുള്ള വലിയ ആവിരൂപങ്ങൾ എന്റെ തലങ്ങും വിലങ്ങും പറക്കുന്നു…. അനങ്ങാൻ കഴിയാത്ത വിധം ചങ്ങലക്കളാൽ ബന്ധിക്കപ്പെട്ട എന്റെ കൈകാലുകൾ ഞാൻ ശക്തിയിൽ കുടഞ്ഞു… അവരുടെ കൂർത്ത കൈ നഖങ്ങൾ എന്റെ ശരീരത്തിൽ ആഴ്നിറങ്ങവേ ചോര കുതിച്ചൊഴുകി…. ഹൃദയ ഭാഗത്ത്‌ പൊടുന്നനെ രൂപപ്പെട്ട ശൂന്യമായ കറുത്ത ദ്വാരത്തിലേക്ക് അവ ആർത്തിയോടെ ഇറങ്ങിയതും വേദനയോടെ ഞാൻ ഉയർന്ന പൊങ്ങി… അങ്ങു നിന്നോ പാറി വന്ന നൂറ് കണക്കിന് കറുത്ത ആവി രൂപങ്ങൾ എന്നെ മുഴുവനാവും പൊതിഞ്ഞു….

ശ്വാസം മുട്ടുന്നു,,, ജീവൻ പോകുന്ന പോലെ,, മരണ വെപ്രാളത്തോടെ സർവ ശക്തിയുമെടുത്ത് ഞാൻ കയ്യും കാലും കുതറി… ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഹൃദയം പറിച്ചെടുക്കവേ ഞാൻ വലിയ വായ്യിൽ അലറി വിളിച്ചു… *”ആആആആആഹ്ഹ്ഹ്ഹ്ഹ”* കണ്ണുകൾ വലിച്ഛ് തുറന്ന് വെപ്രാളത്തോടെ ചുറ്റും ഞാൻ സീറ്റിൽ ചാരിയിരുന്നു… നിയന്ത്രിക്കാൻ കഴിയാത്ത വണ്ണം ഉയർന്ന കിതപ്പിനെ ഉമിനീരിറക്കിയും വലിയ വായ്യിൽ ശ്വാസമെടുത്തും ഞാൻ വരുതിയിലാക്കാൻ ശ്രമിച്ചോണ്ടിരുന്നു.. കാറിലെ ഇരുട്ടും ഉയർന്ന ഗ്ലാസ്സും കാണേ പേടിയോടെ ഞാൻ ഡോർ വലിച്ഛ് തുറന്ന് പുറത്തേക്കിറങ്ങി ഡോറടയ്ച്ഛ് ഡോറിന്മേൽ ചാരി നിന്നു…. പിന്നെ തളർച്ചയോടെ ഊർനിറങ്ങിയ താഴെ മണലിൽ ഒരു കാൽ കുത്തിയും മറ്റേ കാൽ നിവർത്തിയും കുനിഞ്ഞിരുന്നു…. “കൊന്ന് കളഞ്ഞില്ലെടോ താനെന്റെ അച്ഛനെ…????” ദൂരെ നിന്ന് ആരോ വേദനയോടെ ചോദിക്കുന്നു…. നിറഞ്ഞൊഴുകുന്ന രണ്ട് മിഴികൾ കണ്ണിൽ ഉദിച്ചു… എനിക്കേറെ പ്രിയപ്പെട്ട രണ്ട് കരിനീലമിഴികൾ….!!!!

അനൂ…..* തലയുയർത്തി കാറിൽ ഇടിപ്പിച്ഛ് കൊണ്ട് വേദനയോടെ ഞാൻ വിളിച്ചു… ഒരാഴ്ചയായി ഞാൻ പിടിച്ഛ് നിർത്തിയ വേദന, സഹിക്കാൻ കഴിയാത്ത വിധം ശരീരമാക്കെ വലിഞ്ഞ് മുറുക്കി… ചങ്ക് മുറിഞ്ഞ് നീറുന്ന വേദനയിൽ ഒന്ന് കരയാൻ പോലുമാകാതെ ഞാൻ പിടഞ്ഞു… *എനിക്ക് പേടിയാ നിങ്ങളെ….. ഇങ്ങളെന്റെ എന്റെ ജീവിതം തകർത്തു…. എന്റെ അമ്മയിൽ നിന്ന് എന്നെ അകറ്റി…. അച്ഛനെ ജീവശവമാക്കി……* എനിക്ക് നിങ്ങളെ പേടിയാണ്….!!!! അമ്മ പറഞ്ഞപ്പോലെ അവളെന്നെ പേടിച്ചിരുന്നു…. ചങ്ക് പൊട്ടികീറുന്ന പോലെ വേദനിക്കുന്നു…. അതികഠിനമായി നീറുന്നു… പക്ഷേ,,, ഞാൻ കരയില്ല,,,, കരഞ്ഞാൽ  ഈ വേദന, നീറ്റൽ കുറഞ്ഞ് പോവും… പാടില്ല… ഇത് ഞാൻ എനിക്ക് തന്നെ വിധിക്കുന്ന ശിക്ഷയാണ്….

ഇങ്ങനെ ഓരോ നിമിഷവും നീറണം, ഒരു മെഴുകുതിരി പോലെ ഉരുക്കണം…. ദിനംപ്രതി വേദന കൂടി കൂടി വരണം… സഹിക്കാൻ കഴിയാതെ വീർപ്പ് മുട്ടണം….!!! ശ്വാസം വലിക്കാൻ പോലും കഴിയാതെ പിടയണം… ഹൃദയത്തിൽ നിന്ന് ചോര പൊടിയണം…. ഓരോ നിമിഷവും മരിക്കാതെ മരിക്കണം… ചാവാതെ ചാവണമെനിക്ക്…. ഈ വേദന അനൂന്റെ മുന്നില്ലല്ലാതെ മറ്റെവിടെയും ഞാൻ ഇറക്കി വെക്കില്ല…. ഇതിന്റെ ആഴവും പരപ്പും മൂർച്ചയും ചോരാതെ തന്നെ എനിക്ക് അവളെ മുന്നിൽ നിൽക്കണം… അവളെ നോവിച്ചതിന്, ഭ്രാന്തിയാക്കിയതിന്, അച്ഛനെ കൊന്നതിന് അങ്ങനെ അങ്ങനെ എല്ലാത്തിനും….!!!!!