രചന – ശ്രീതു ശ്രീ
അവൻ പതുക്കെ അവളുടെ തലയുടെ സമീപമെത്തി… അപ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ഫോണിൽ ആയിരുന്നു…… ജോണിക്കൊരു കുസൃതി തോന്നി….. തന്റെ വലത്തെ കൈ പതുക്കെ അവനവളുടെ കഴുത്തിലേക്ക് കൊണ്ടുപോയി… ഇടത്തെ കൈ വായയ്ക്ക് നേരെയും…. എന്നിട്ടവൻ കഴുത്തിലേക്ക് ഒരു കൈ വച്ച നിമിഷം തന്നെ വായും പൊത്തി…കഴുത്തിൽ മുറുക്കിയൊന്നും അല്ല പിടിച്ചതെങ്കിലും അവൾ പേടിച്ചുപോയി….. കഴുത്തിലെ കൈകൾ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കയ്യിൽ തന്നെ നല്ലൊരു കടി കൊടുക്കാനും അവൾ മറന്നില്ല….. “ആഹ്ഹ്…..ഡീ….. കൈ നന്നായി വേദനിച്ചപ്പോൾ ജോണി ഇരുകൈകളും പിൻവലിച്ചു….. ഞെട്ടിപ്പിടിഞ്ഞ് എഴുന്നേറ്റപ്പോൾ കൈകുടയുന്ന ജോണിയെ കണ്ടപ്പോൾ അവൾക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല…. “ഇങ്ങേർക്ക് എന്തിന്റെ കേടായിരുന്നു…. മനുഷ്യന്റെ നല്ല ജീവനും കളഞ്ഞു…..”
” അതിന് ഒരുമാതിരി പേപ്പട്ടി കടിക്കുന്ന പോലെ കടിക്കണോ…നോക്ക് കൈ…. എന്റെ ഭാഗ്യത്തിന് മുറിഞ്ഞില്ലെന്നേ ഉള്ളു….. ” “ങ്ഹാ… ഇപ്പോ കുറ്റം എനിക്കായോ….?വെറുതെ കിടന്ന എന്നെ വന്ന് ശല്യം ചെയ്തിട്ട്….. കൊച്ചു കുട്ടിയാന്നാ വിചാരം…?ഇനി മുറിയാത്തതിന്റെ സങ്കടമാണെങ്കിൽ ആ കയ്യിങ്ങു താ…. ശകലം മുറിച്ചു കൂടെ തരാം..” “ദേ… ചുമ്മാ എന്റെ നല്ല സ്വഭാവം മാറ്റല്ലേ നേഹേ….” “പിന്നെ…. കണ്ണാടികൂട്ടിലിട്ടു വയ്ക്കാൻ പറ്റിയ തങ്കപ്പെട്ട സ്വഭാവം അല്ലേ ഇച്ചായന്റേത്….അറ്റ്ലീസ്റ്റ് ഈ മസിലു പിടുത്തമെങ്കിലും ഒന്നു കളഞ്ഞൂടെ…?” “എനിക്കിപ്പൊ സൗകര്യമില്ല… ആരേലും വീട്ടിൽ വന്ന് കയറിയാൽ പോലും നീയ് അറിയില്ലല്ലോ…ചെവിയിൽ കുന്തോം എടുത്തു വച്ചു കിടന്നാൽ മതി….. ” ” അമ്മച്ചി ഹാളിൽ ഇരുന്നു പാവാടയോ ബ്ലൗസോ മറ്റൊ തയ്ക്കുന്നുണ്ടായിരുന്നു…. അതല്ലേ ഞാൻ…,… ” പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ പറഞ്ഞു…
” ഞാൻ ഇന്നലെ പറയണമെന്നോർത്തതാ…..പിന്നെ വിട്ടുപോയി…. ” “മ്… എന്നതാ…? അവനവളുടെ അടുത്തായി വന്നിരുന്നു…. “അത്… എന്റെ ഒരു തയ്യൽ മെഷീൻ വീട്ടിലിരിപ്പുണ്ട്…. അത് ഇങ്ങെടുത്തോണ്ട് വന്നാലോ…… നമുക്ക് അത്യാവശ്യമുള്ളതൊക്കെ ചെയ്യാലോ..ചുമ്മാ ഇരുന്നു മുഷിഞ്ഞു…. “നിന്നെ കണ്ടിട്ട് അത്ര മുഷിച്ചിലൊന്നും തോന്നുന്നില്ലല്ലോ….” “എന്നാരു പറഞ്ഞു… ഒന്ന് സൂക്ഷിച്ചു നോക്ക്യേ…..” “പിള്ളേര് വല്ലൊം എടുത്ത് നിന്റെ തലയ്ക്കു എറിഞ്ഞിട്ടാണോ പോയത്….? “അതെന്താ….” “ഓ…. ചോദിച്ചെന്നേയുള്ളു……” ഉള്ളിലുള്ളതൊക്കെ പറയാൻ ജോണിയെ അടുത്ത് കിട്ടിയപ്പോൾ നേഹയുടെ മനസ് അത്യധികം സന്തോഷിച്ചിരിക്കണം…. നമ്മളെ കേൾക്കാൻ ഒരാളുണ്ടാവുക എന്നത് എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒന്നാണല്ലോ….പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ച്….. പല ബന്ധങ്ങളിലും വിള്ളൽ വീഴ്ത്താൻ പാകത്തിലുള്ള ഒരു പ്രശ്നമായി അത് മാറാറുണ്ട്….. നേഹ തുടർന്നു……
അപ്പച്ചൻ വിളിക്കുമ്പോഴൊക്കെ ചോദിക്കും എല്ലാവരും കൂടി എന്താ ഒന്നു വരാത്തത് എന്ന്….. അപ്പച്ഛനിപ്പോ യാത്ര ചെയ്യാനൊന്നും അത്ര വയ്യ…..പ്രഷറും ഷുഗറുമൊക്കെ കുറച്ചു കൂടുതലാ….അച്ചാച്ചനാണേൽ ഒന്നിനും സമയോമില്ല…. പിന്നെ സിനി അച്ചാച്ചനെ പേടിച്ചാവണം അങ്ങ് നോക്കുന്നന്നേയുള്ളു…. ” ” അടുത്ത ഞായറാഴ്ചയാവട്ടെ….അന്ന് എല്ലാവർക്കും കൂടി ഒന്ന് പോകാം… പോരേ….വേണേ കുറച്ചു ദിവസം അപ്പച്ചൻ ഇവിടെ വന്ന് നിൽക്കട്ടെ…..” അവൾക്കുള്ളിൽ ആ വാക്കുകൾ സന്തോഷം നിറച്ചു….. “മ്മ്… ഇച്ചായന് സമയം കിട്ടുമ്പോ മതി… നാളെയെങ്ങാനും ഓട്ടം കഴിഞ്ഞു വരുമ്പോ ആ തയ്യൽ മെഷീൻ ഇങ്ങെടുത്ത് കൊണ്ട് വരാൻ പറ്റുമോ…..?” “അതിപ്പോ….. പുതിയൊരു വെൽഡിങ് വർക്ക് കിട്ടിയിട്ടുണ്ട്….. നാളെ സാധനം എടുക്കാൻ പോകണം…. എപ്പോഴാ മഴയന്നൊന്നും പറയാൻ പറ്റില്ലല്ലോ…. എത്രയും പെട്ടെന്ന് ചെയ്തു കൊടുക്കണം…” ” എന്തു വർക്കാ…? ”
“റൂഫ് ഇടാനാ.. നേരത്തെ വയ്യാതെ കിടന്നപ്പോൾ അവര് എന്നെ വിളിച്ചതാ …. അന്നവരോട് വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിച്ചോളാൻ ഞാൻ പറഞ്ഞതാ.. പക്ഷേ അവരെ വേറെ ആരെയും കൊണ്ട് ചെയ്യിച്ചില്ല ….ഞാൻ ചെയ്താൽ മതിയെന്നും പറഞ്ഞിരുന്നു……പിന്നെ ഇന്നാ വിളിക്കുന്നത്… ഞങ്ങള് മൂന്ന് പേരുണ്ട്… പിന്നെ ഷീറ്റിടുന്ന ദിവസങ്ങളിൽ ഒരാളെക്കൂടി വിളിക്കും….. ” ” എങ്കിൽ പിന്നെ അന്ന് പോകുമ്പോൾ എടുത്തോണ്ട് വരാം… ഇച്ചായനിനി അതിനായിട്ട് പോകണ്ട….. ” ഇരുവർക്കുമിടയിൽ പതിവുപോലെ വീണ്ടും മൗനം നിറഞ്ഞു….. അവർ വാക്കുകൾക്കായി പരതി അല്പസമയത്തിന് ശേഷം ആ മൗനത്തെ ഭേദിച്ചുകൊണ്ട് നേഹ പറഞ്ഞു…. ” ഇച്ചായന് പോകാൻ ഇപ്പൊ ധിർതി ഉണ്ടോ…” “എന്നതാ…. വല്ലതും ചെയ്യണോ…?” “ഏയ്… വേണ്ട… ഞാൻ ചോദിച്ചെന്നേയുള്ളു…”
“പറയെടി….” “ഒന്നൂല്ലന്നെ…..” “ചോറെടുക്കാം … ഉച്ചയായല്ലോ…. “പിന്നിച്ചായാ…. എന്നോടെന്തേലും ദേഷ്യമുണ്ടോ….?” “എന്നാത്തിന്…?” അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ ജോണി അവൾക്ക് അടുത്തേയ്ക്ക് അല്പം കൂടി നീങ്ങിയിരുന്നു…. എന്തേലും ഉണ്ടേൽ പറയന്നേ… നീ ഇങ്ങനെ ഒന്നും മിണ്ടാതിരുന്നാൽ കണ്ടുപിടിക്കാൻ എനിക്ക് മഷിനോട്ടം ഒന്നും അറിയത്തില്ല…. ഇച്ചായന് എന്നെ ഇഷ്ടാണോ…? അറിഞ്ഞിട്ടിപ്പോ എന്നാ വേണം…? എനിക്കൊന്നും വേണ്ട…. പിന്നെന്നാ ചോദിച്ചത്…? ” അങ്ങനെ ചോദിക്കാൻ പാടില്ലെന്നൊന്നും നിയമമില്ലല്ലോ… “എന്നാരു പറഞ്ഞു…? എന്റെ ഭരണഘടനയിൽ അങ്ങനെയൊരു നിയമം ഉണ്ടല്ലോ…. ” ഉവ്വോ… എങ്കിലേ അതെടുത്ത് കക്ഷത്തിൽ വച്ചോ…” ഡി തർക്കുത്തരം പറഞ്ഞാൽ ഉണ്ടല്ലോ… അവൻ കയ്യൊന്ന് ഓങ്ങിയതും അവൾ അവിടെ നിന്ന് എഴുന്നേറ്റു…. പക്ഷേ ജോണി അടുത്ത നിമിഷം തന്നെ അവളെപ്പിടിച്ചു തന്റെ അടുക്കലേക്ക് ഇരുത്തി… നേഹക്കൊച്ചെങ്ങോട്ടാ…? ഏഹ്ഹ്….? പ്രണയത്തിൽ ചാലിച്ച ഒരല്പം കുസൃതിയോടെ അവനവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി……
ആ കണ്ണുകളിൽ ജ്വലിച്ചു നിന്ന സ്നേഹ ചുംബനങ്ങൾ ഏറ്റതാവാം അവളുടെ മിഴിയിതളുകൾ താനെ കൂമ്പിപ്പോയി…..അവ വിടരാൻ മടിച്ചു നിന്നപ്പോൾ ആരും കാണാതെയെത്തുന്ന കള്ളക്കാറ്റിനെപ്പോലെ ജോണിയുടെ കൈകൾ അവൾക്ക് ചുറ്റും ആവരണമായി…. ഒന്നും ഉരിയാടാതെ ചെറുമന്ദഹാസത്തോടെ അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു…. ജോണിയുടെ നെഞ്ചിൽ ചേർന്നിരുന്നപ്പോൾ അവളോട് അവന്റെ ഹൃദയം മെല്ലെ അവനിലെ പ്രണയം അവനറിയാതെ രഹസ്യമായി പറഞ്ഞു…… ആ ഹൃദയതാളത്തിൽ അവളലിഞ്ഞു പോയി…..ഇങ്ങനെയൊരു തണൽ ചിലപ്പോഴൊക്കെ ആഗ്രഹിച്ചിരുന്നു….. അന്നൊക്കെ നോവുകൾ മാത്രമായിരുന്നു കിട്ടിയത്….. പക്ഷെ എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്…. ഒട്ടും വിടവ് അവശേഷിപ്പിക്കാതെ അവൾ അവന്റെ നെഞ്ചോരം പറ്റിച്ചേർന്നിരുന്നു….
തന്നിലേക്ക് ശ്രുതി ചേർക്കുന്ന അവന്റെ ഹൃദയ താളങ്ങളെ അവളും ഹൃദയത്തിലേറ്റി…. പക്ഷെ ജോണിയുടെ മനസ്സിൽ ആ സമയം ആശ്വാസത്തിന്റെ കുളിരായിരുന്നില്ല…. തീയായിരുന്നു!!… അന്നൊരിക്കൽ ഒരാഗ്രഹവുമില്ലാതെ.., അനിഷ്ടത്തോടെ തന്റെ ഗതികേടെന്നോർത്തു മിന്ന് കെട്ടിയതാണ്….അന്നൊക്കെ ഓർത്തിരുന്നു എങ്ങനെയെങ്കിലും ജീവിതത്തിൽ നിന്നിറങ്ങി പോകണം എന്ന്…. അതിന് വേണ്ടി പലപ്പോഴും കടുത്ത വാക്കുകൾ പറഞ്ഞിട്ടുണ്ട്… പക്ഷെ അവളതൊക്കെ ക്ഷമിച്ചു മറവിയുടെ താളുകളിൽ കുറിച്ചു എവിടെയോ കീറിയെറിഞ്ഞു….. അതുകൊണ്ടാണല്ലോ ഒരിക്കൽ അവളും വാക്കുകൊണ്ട് നോവിച്ചപ്പോൾ താൻ ക്ഷമിച്ചത്…..അവളുടെ സ്ഥാനത്തു മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ക്ഷമിക്കുമായിരുന്നില്ല…. ഒരിക്കൽ ഇനിയൊരു പെണ്ണിനേയും സ്നേഹിക്കില്ലെന്ന് വാശി പിടിച്ച മനസിപ്പൊ നേഹയെന്ന മാലാഖയ്ക്ക് പിന്നാലെ പായുന്നു…മനസുമായുള്ള മല്പിടുത്തത്തിൽ താൻ പരാജിതനാണ്……
അവൾക്ക് വിരുദ്ധമായി അധികമൊന്നും ചിന്തിക്കാൻ കൂടി ഇപ്പോൾ കഴിയുന്നില്ല… നാളെ ഒപ്പമുണ്ടാകുമെന്ന് ഉറപ്പൊന്നുമില്ലെങ്കിലും …. എന്തൊ … ആ സത്യം ഉൾക്കൊള്ളാനെ കഴിയുന്നില്ല…റോഹന്റെയും ജനിയുടെയും അമ്മയായി … തന്റെ നല്ല പാതിയായി ഇനിയുള്ള കാലം നേഹ ഈ വീട്ടിൽ ഉണ്ടായാൽ മതി…. ലിന്റ ഇനിയും ചതിക്കാതിരുന്നാൽ ആ സ്വപ്നം സഫലമാകും…..അല്ലെങ്കിൽ…? വീണ്ടുമൊരു പരാജയം ഏറ്റുവാങ്ങേണ്ടിവരും…. അത് പക്ഷെ ഒറ്റയ്ക്കായിരിക്കില്ല…..കഥകളൊന്നും അറിയാത്ത ജനിയുടെ നിഷ്കളങ്ക മനസും കൂടിയാവും…… അവൾ ജനിച്ചതിനു ശേഷം കുറച്ചു നാൾ ലിന്റ നോക്കിയെങ്കിലും അവളുടെ മനസ്സിൽ അമ്മയെന്നു മുദ്ര കുത്തിയ രൂപം നേഹയുടെ ആണ്… അവൾ മറ്റാരെയും അമ്മയായി സ്നേഹിച്ചിട്ടില്ല…..ഇപ്പോൾ തന്നെക്കാൾ അടുപ്പം അവൾക്ക് നേഹയോട് തന്നെയാണ്……ഒപ്പം കളിക്കാനും പിണങ്ങാനും സഹോദരന്റെ സ്ഥാനത്ത് റോഹനുണ്ട്…… തനിക്കും അവൻ മകൻ തന്നെയാണ്… ഒരിക്കലും മറ്റൊരു കണ്ണിൽ ആ കുഞ്ഞിനെ താനും കണ്ടിട്ടില്ല… അന്ന് അതിന് വിരുദ്ധമായി നേഹ പറഞ്ഞപ്പോൾ ഉള്ളുരുകിയത് അതുകൊണ്ടാണല്ലോ.. അവന്റെ കണ്ണിൽ അറിയാതെ നനവ് പടർന്നു…അതൊരിക്കലും തൂവി പോകാതിരിക്കാൻ അവൻ കണ്ണുകൾ മുറുക്കെ അടച്ചു….. (തുടരും )

by