26/05/2026

പാർവ്വതി പരിണയം ഭാഗം 53

 രചന – മഴ

ക്രൗര്യത്തോടെ ദേവിയിലേക്ക് കത്തിയാഴ്ത്താൻ തുടങ്ങുമ്പോഴേക്കും തൻറെ വലം കയ്യിൽ തടസ്സം സൃഷ്ടിച്ച  കൈയുടെ ഉടമയെ കണ്ട് ആ രൂപം ഒന്ന് പതറി. ആ നിമിഷം തന്നെ മഹി ആ രൂപത്തെ പിന്നിലേക്ക് ചുഴറ്റിയെറിഞ്ഞു. ശബ്ദം കേട്ട് കണ്ണുകൾ തുറന്ന ദേവിക്ക് മഹിയെ കണ്ടപ്പോൾ ആശ്വാസം തോന്നി. മഹി അവൾക്കു നേരെ കൈ നീട്ടി. അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ എഴുന്നേറ്റു. ഇതു കണ്ടതും ആ രൂപത്തിന്റെ കണ്ണുകളിൽ തീ പാറി. അലറിവിളിച്ചുകൊണ്ട് കത്തിയുമായി ദേവിയുടെ അരികിലേക്ക് പാഞ്ഞതും മഹി ആ രൂപത്തെ ചവിട്ടി വീഴ്ത്തി. മലർന്നടിച്ചു വീണ ആ രൂപത്തിന്റെ കൈയ്യിലിരുന്ന കത്തി തെറിച്ചുവീണു. മലക്കം മറിഞ്ഞ് കത്തി എടുക്കാൻ ചെന്നതും ജോഷി കത്തിയിൽ ചവിട്ടി പിടിച്ചിരുന്നു. പിടിക്കപ്പെട്ടു എന്നുറപ്പായപ്പോൾ ബാൽക്കണി വഴി താഴേക്ക് ചാടാൻ ഒരുങ്ങിയ ആ  രൂപത്തിന്റെ ടീഷർട്ടിൽ ആണ് മഹിക്ക് പിടുത്തം വീണത്.

മുന്നോട്ടേക്ക് ആഞ്ഞതും അയാളുടെ ടീഷർട്ട് കീറി വീണു. ബാൽക്കണിയിൽ പതുങ്ങി നിന്ന അക്കു അയാൾക്ക് മുന്നിൽ വന്നു നിന്ന് അയാളെ പിടിച്ചു റൂമിലേക്ക് എറിഞ്ഞു. പാഞ്ചി അയാളുടെ കൈകൾ രണ്ടും പിന്നിലേക്ക് പിടിച്ചു വെച്ച് മുഖം മൂടി വലിച്ചെറിഞ്ഞപ്പോൾ ജോഷിയുടെയും അക്കുവിന്റെയും മഹിയുടെയും കണ്ണുകൾ കുട്ടന്റെ ശരീരത്തിൽ ആയിരുന്നു. നെഞ്ചിലും വയറിലുമായി  ടാറ്റു ചെയ്തിരിക്കുന്ന പ്രിയയുടെ പേരിലും രൂപത്തിലും പിന്നെ ശരീരത്തിൽ ഉണ്ടായിരുന്ന നിരവധി മുറിപ്പാടുകളിലും. “മഹീ…” പാഞ്ചിയുടെ വിളിയാണ് അവരുടെ കണ്ണുകൾ പിൻവലിക്കാൻ പ്രേരിപ്പിച്ചത്. ജോഷിയും അക്കുവും കൂടി ചേർന്ന് കുട്ടനെ കസേരയിലിരുത്തി ചേർത്തുകെട്ടി.  കുട്ടന്റെ കണ്ണുകൾ അപ്പോഴും ദേവിയിൽ ആയിരുന്നു വല്ലാത്തൊരു ക്രൂര ഭാവമായിരുന്നു കുട്ടന് അപ്പോൾ. കണ്ടുനിന്നവർക്കൊക്കെ ഭീതിയും അമ്പരപ്പും തോന്നിയ നിമിഷം.. ഇതേസമയം പ്രിയയും പാറുവും ഡോർ തുറന്നു വന്നു.  കുട്ടനെ കണ്ടതും പ്രിയ അവന്റെ മുഖത്ത് ആഞ്ഞടിച്ചു.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പ്രിയയെ കണ്ടതോടെ കുട്ടന്റെ കണ്ണുകളിലെ ക്രൂരത എങ്ങോ മാഞ്ഞു വിഷാദം  നിറഞ്ഞു. “കുട്ടാ…..” “മിണ്ടരുത് നീ.. ഇത്രകാലം കൂടെ നടന്ന് ചതിക്കുകയായിരുന്നു അല്ലേ…?” പ്രിയ കുട്ടനോട് ആക്രോശിച്ചു.  പിന്നാലെ അവളുടെ ഏങ്ങലടിയുടെ ശകലങ്ങൾ പുറത്തേക്ക് വന്നതോടെ കുട്ടന്റെ ഭാവങ്ങളിലും മാറ്റങ്ങളും വന്നു. “കുട്ടാ… കരയല്ലേ നീ…  നിന്റെ കണ്ണു നിറയുന്നത് കാണാൻ…. എനിക്ക് വയ്യ….” പ്രിയ മറുപടി പറയാനാവാതെ ജോഷിയെ ചുറ്റിപ്പിടിച്ചു നിന്നു പൊട്ടിക്കരഞ്ഞു. “കുട്ടാ…. കുട്ടാ….കരയല്ലേ നീ…. കുട്ടാ…………………..” കുട്ടൻ അലറിവിളിച്ചു. പാറു ഭയത്തോടെ ദേവന്റെ കൈയിൽ ചുറ്റി പിടിച്ചു. “കുട്ടാ കരയല്ലേ….. ആാാാ……………” അലറിവിളിച്ചുകൊണ്ട് കുട്ടൻ ഭ്രാന്തമായി പെരുമാറി. പ്രിയ ഞെട്ടലോടെ കുട്ടനെ നോക്കി.

അപ്പോൾ മാത്രമാണ് അവന്റെ ഇടനെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുന്ന അവളുടെ രൂപം കാണുന്നത്. അവളുടെ കണ്ണുകൾ ശരീരം മുഴുവൻ അലഞ്ഞു. വയറിലും നെഞ്ചിന് വലതുഭാഗത്തും ഒക്കെയായി പ്രിയ എന്ന് ടാറ്റൂ ചെയ്തിരിക്കുന്നു. കൈകളിൽ ഒക്കെ വരകൾ തീർത്തിരിക്കുന്ന മുറിപ്പാടുകൾ..  അവൾ ഒന്നും മനസ്സിലാവാതെ ജോഷിയെ നോക്കി. അവൻ അവളെ ചേർത്തു പിടിച്ചു. പാഞ്ചി ഫോണുമായി പുറത്തേക്കിറങ്ങി. അല്പം കഴിഞ്ഞതും ഒരു ചെറുപ്പക്കാരനുമായി വന്നു.  അയാൾ കുട്ടന് ഇഞ്ചക്ഷൻ നൽകി.  പതിയെ അവന്റെ കണ്ണുകളടഞ്ഞു വന്നു. “കുട്ടാ… കരയല്ലേ… എന്റെ തല വേദനിക്കുന്നു….” കുട്ടന്റെ ശബ്ദം നേർത്തു വന്നു. അവൻ ഉറക്കത്തിലേക്ക് വീണതും അവർ അവന്റെ കെട്ടുകൾ അഴിച്ച് ബെഡിലേക്ക് കിടത്തി. കുട്ടന്റെ ഈ ഭാവം എല്ലാവർക്കും പുതുമയുള്ളതായിരുന്നു.

ഒരിക്കൽപോലും ആർക്കും ഒരു സംശയവും തോന്നിയിരുന്നില്ല എന്നത് എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു.. “ആൾ ഉണരാൻ കുറച്ചധികം നേരം എടുക്കും ആരും ശല്യം ചെയ്യേണ്ട… നമുക്ക് പുറത്തേക്ക് ഇരിക്കാം….” ചെറുപ്പക്കാരൻ പറഞ്ഞു. “ഇത് ഡോക്ടർ നീരജ് മേനോൻ.. സൈക്ക്യാട്രിസ്റ്റാണ്….” മഹി എല്ലാവരോടുമായി പറഞ്ഞു. “ഡോക്ടർ കുട്ടന്….?” പ്രിയ ചോദിച്ചു. നീരജിന്റെ വാക്കുകൾക്കായി എല്ലാവരും കാതോർത്തിരുന്നു. “ഒരാളോട് അല്ലെങ്കിൽ ഒരു വസ്തുവിനോട് തോന്നുന്ന ഭ്രാന്തമായ ഇഷ്ടം… സ്നേഹം… എന്നൊക്കെ പറയാം. ഇവിടെ കുട്ടന് പ്രിയയോട് ഭ്രാന്തമായ പ്രണയം ആയിരുന്നു.  പ്രിയയിൽ മാത്രം കേന്ദ്രീകരിച്ച മനസ്സായിരുന്നു കുട്ടന്റേത്. പ്രിയയുടെ കണ്ണുകൾ നിറയുമ്പോൾ അയാൾക്ക് വേദനിക്കും.. പ്രിയേ വേദനിപ്പിക്കുന്നവരോട് അഗാധമായ ദേഷ്യവും…  എല്ലാ മനുഷ്യരിലും ഉണ്ടാകുന്ന മനസ്സിന്റെ ഒരു സ്വഭാവം ആണ് ഇതെങ്കിലും ഓരോ മനുഷ്യരിലും അത് വ്യത്യസ്തമായിരിക്കും..

എന്നാൽ ഒരു പരിധി കഴിഞ്ഞാൽ അത് അപകടമാണ്..  അത് മനസ്സിന്റെ നിയന്ത്രണം കൈവിടും…  കുട്ടന് ഈ സ്വഭാവത്തിന്റെ എക്സ്ട്രീം ആണ്…  വളരെ അപകടം നിറഞ്ഞത്…” സ്കൂൾ കാലഘട്ടത്തിൽ ഒപ്പം പഠിച്ചിരുന്ന കുട്ടിയോട് പ്രണയം തോന്നുന്നു.. കൂടപ്പിറപ്പിനെ പോലെ രണ്ടു കൂട്ടുകാർ ഉണ്ടായിട്ടും പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നീട് ആ സഹപാഠി ഈ മൂവർ സംഘത്തിനൊപ്പം ചേരുന്നു. കാലങ്ങൾ കടന്നു പോയപ്പോൾ അവന്റെ ഉള്ളിൽ അവൾ ആഴത്തിൽ പതിഞ്ഞു. അവളുടെ സൗഹൃദം പോലും നഷ്ടപ്പെടുമെന്ന ഭയത്താൽ ആരോടും ഒന്നും പറയാൻ അവൻ തയ്യാറായതുമില്ല. എന്നാൽ നാളുകൾക്കുശേഷം………..

കോളേജിലെ സംഘർഷത്തിന് ഇടയ്ക്ക് മഹിയെ കുത്തിപ്പരിക്കേൽപ്പിച്ച ദിവസം…. കുട്ടന്റെ നെഞ്ചിൽ ചാരി ഇരുന്നു പ്രിയ കരഞ്ഞു. “എന്റെ കുട്ടാ… നീ ഇങ്ങനെ കരയാതെ… അവന് ഒന്നും ഉണ്ടാവില്ല…”കുട്ടൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “അവനു ബോധം വീണു…” പെട്ടെന്നാണ് ജോഷി വന്ന് പറഞ്ഞത്. അതുകേട്ടതും ഇരുവരും റൂമിലേക്ക് കയറി. മഹിയുടെ പുഞ്ചിരി എല്ലാവർക്കും ഒരുതരം ആശ്വാസമായിരുന്നു.  അല്പം കഴിഞ്ഞ് ജോഷി പുറത്തേക്ക് വരാൻ പറഞ്ഞപ്പോൾ ഇരുവരും പുറത്തിറങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ അക്കുവും പ്രിയയും റൂമിലേക്ക് പോയി. “ദേവി….” അക്കുവിന്റെ വിളി കേട്ട് പ്രിയ ഞെട്ടിത്തിരിഞ്ഞു. “എന്താടാ…?” മഹി ചോദിച്ചു. “നേരം ഒരുപാടായി അവൾക്ക് വീട്ടിൽ പോകണ്ടേ…?”  അക്കു പറഞ്ഞു. മഹിയോടും പ്രിയയോടും യാത്ര പറഞ്ഞ് അവർ പുറത്തിറങ്ങി.  അവർ പോയതും പ്രിയ മഹിയുടെ അരികിൽ വന്നിരുന്നു. “വേദനയുണ്ടോടാ…?അവൾ ചോദിച്ചു. ” ഇല്ല കുട്ടാ…. ” അവൻ അവളെ ആശ്വസിപ്പിച്ചു.

“അതിന്റെ സന്തോഷമാണോ മുഖത്ത്..? എങ്കിൽ അങ്ങ് മാറിക്കോളും.. പെയിൻ വരാതിരിക്കാൻ ഇൻജക്ഷൻ എടുത്തിരുന്നു..  കുറച്ചുകഴിയുമ്പോൾ അതങ്ങ് മാറും.. ” “അല്ലടാ കുട്ടാ… ഇത് പ്രണയിക്കുന്നതിന്റെ സന്തോഷമാണ്… പ്രണയിക്കുന്നതിന്റെയും…” മഹിയുടെ വാക്കുകൾ കേട്ട് അവൾ തറഞ്ഞിരുന്നു. ദേവി പോയ വഴിയെ അവളുടെ കണ്ണുകൾ പാളി വീണു. അത് കണ്ടതും ഒരു ചിരിയോടെ അവൻ തല കുലുക്കി. പുഞ്ചിരിയുടെ ആവരണം അണിഞ്ഞു പ്രിയ മഹിയുടെ കവിളിൽ തലോടി റൂമിന് പുറത്തേക്കിറങ്ങി. വരാന്തയുടെ അങ്ങേ അറ്റത്ത് ചെന്നുനിന്നു മുഖം പൊത്തിക്കരഞ്ഞു.  ഇതു കണ്ടുകൊണ്ടാണ് കുട്ടൻ വന്നത്. അവൻ ഓടി അവളുടെ അരികിലെത്തി.  അവളുടെ ഇരു ചുമലുകളിലും പിടിച്ചുകൊണ്ട് അവൻ ചോദിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു അവൾ മഹിയുടെയും ദേവിയുടെയും കാര്യം പറഞ്ഞു. “കുട്ടാ….. അപ്പോ….നിനക്ക്…. മഹിയെ….??” മറുപടിയായി അവളുടെ കരച്ചിലിന്റെ കാഠിന്യം കൂടി. കുട്ടന്റെ നെഞ്ചു നീറി.. കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പെണ്ണിന്റെ ഉള്ളിൽ മറ്റൊരാൾ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ്….  എല്ലാത്തിനുമുപരി അവളുടെ കണ്ണുനീർ താങ്ങാൻ ആകുമായിരുന്നില്ല അവന്……

“പോകപ്പോകെ പ്രിയയ്ക്ക് മഹിയോട് ഇഷ്ടം ഉണ്ടായിരുന്നു എന്നതിനേക്കാൾ അവനെ വേദനിപ്പിച്ചത്  അവളുടെ കണ്ണുനീർ ആയിരുന്നു. സ്വയം നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് എന്നെ കൺസൾട്ട് ചെയ്യുന്നത്..  രണ്ടാമത്തെ സിറ്റിങ്ങിന് വന്നപ്പോൾ കുട്ടന്റെ കൂടെ മറ്റൊരാൾകൂടി ഉണ്ടായിരുന്നു…” “ഇനി അവൾ പറയട്ടെ ഡോക്ടർ..” മഹി പറഞ്ഞു. അപ്പോഴേക്കും കുട്ടൻ മയക്കം വിട്ടുണർന്നു. പതിയെ എഴുന്നേറ്റ് ബെഡ് റസ്റ്റിലേക്ക് ചാരി മുഖം താഴ്ത്തിയിരുന്നു. “എല്ലാം… എല്ലാവരും… അറിഞ്ഞു കൊണ്ടായിരുന്നു അല്ലേ….?” തോൽവിയുടെയും വേദനയുടെയും രുചി ഉണ്ടായിരുന്നു കുട്ടന്റെ ആ വാക്കുകളിൽ. “ചില കാര്യങ്ങൾ ഇനിയും അറിയാൻ ബാക്കിയുണ്ട് കുട്ടാ…” മഹിയുടെ വാക്കുകൾ കേട്ട് അവൻ മുഖമുയർത്തി നോക്കി. മഹി അക്കുവിനെ കണ്ണു കാണിച്ചപ്പോൾ അടുത്ത ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഗായത്രിയെ അവൻ മുന്നിലേക്ക് തിരിച്ചു നിർത്തി. കുട്ടന് അമ്പരപ്പ് ഒന്നും തോന്നിയില്ല.  തന്നെ അവർ പൂട്ടി എങ്കിൽ ബാക്കിയുള്ളവർ എന്നെ പിടിക്കപ്പെട്ടിട്ടുണ്ടാവുമെന്ന് മനസ്സിലായിരുന്നു.. “പറയടി.. എന്തിനുവേണ്ടിയാ നീ കുട്ടന് കൂട്ടുനിന്നത്…? ജോഷി കോപത്തോടെ ചോദിച്ചു.

“അത്.. ഞാൻ…” ഗായത്രി വിക്കിത്തപ്പി. “നിന്ന് വിക്കി തപ്പാതെ നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറയെടീ… ” അക്കു ആക്രോശിച്ചു. അവൾ ഭയത്തോടെ കുട്ടനെ നോക്കിയ ശേഷം അവൾ പറഞ്ഞു തുടങ്ങി. “കോളേജിൽ വെച്ച് പല പ്രശ്നങ്ങൾ കാരണം പാണ്ഡവരോട് ദേഷ്യമായിരുന്നു..  എനിക്ക് പാർട്ടിയിൽ നല്ലൊരു സ്ഥാനം ഉണ്ടായിരുന്നിട്ടും നിങ്ങളുടെ വാക്കിനനുസരിച്ച് എല്ലാവരും നിലകൊള്ളുമ്പോഴും എന്റെ പ്രണയം മഹിക്കും മുന്നേ പാണ്ഡവരിൽ മറ്റു നാലുപേർ നിരസിച്ചപ്പോഴും ഒക്കെ അടങ്ങാത്ത പകയായി.. പാണ്ഡവരെ തമ്മിൽ തെറ്റിക്കണം എന്ന ലക്ഷ്യത്തോടെയാണ് കുട്ടനുമായി സൗഹൃദം സ്ഥാപിച്ചത്…” കുട്ടൻ ഞെട്ടി അവളെ നോക്കി “ഡീ…….” അവൻ അലറിവിളിച്ചു കൊണ്ട് ചാടി എഴുന്നേറ്റതും അക്കു അവനെ തടഞ്ഞു. അവൾ പറഞ്ഞു തുടങ്ങി…………

ഒരിക്കൽ ഹോസ്പിറ്റലിൽ വെച്ച് ഡോക്ടർ നീരജിന്റെ റൂമിലേക്ക് പോകുന്ന കുട്ടനെ കണ്ടു. “ശ്രീനാഥ് എന്താ ഇവിടെ…?” ഡോക്ടർ നീരജ് മേനോൻ സൈക്യാട്രിസ്റ്റ് എന്ന് എഴുതിയ ബോർഡിലേക്ക് പാളി നോക്കിക്കൊണ്ട് ഗായത്രി ചോദിച്ചു. കുട്ടന് പരിഭ്രമം മറച്ചുവെക്കാൻ ആയില്ല. “അത്… എന്റെ ഫ്രണ്ട് ആണ്… ഒന്ന് കാണാൻ….” അകത്തേക്ക് ചൂണ്ടി കുട്ടൻ പറഞ്ഞു  ഒപ്പിക്കാൻ ശ്രമിച്ചു. അവളുടെ നോട്ടം അവന്റെ കൈയ്യിലിരുന്ന പേപ്പറിലേക്ക് പോയപ്പോൾ  അവൻ അത് മറച്ചു പിടിക്കാൻ ശ്രമിച്ചു. “മ്മ്മ്മ്മ്…. ഒറ്റയ്ക്കാണ് വന്നത് അല്ലേ….?” അവൾ വീണ്ടും ചോദിച്ച ചോദ്യത്തിന് അവൻ ഒന്നു മൂളി. “വാ ഞാൻ ഡ്രോപ്പ് ചെയ്യാം….” ഒന്ന് തലയാട്ടിക്കൊണ്ട് അവൻ അവളുടെ ഒപ്പം നടന്നു. സ്കൂട്ടിയിൽ ഇരിക്കുമ്പോൾ അസ്വസ്ഥമാവുന്ന കുട്ടന്റെ മുഖം അവൾ മിററിലൂടെ കണ്ടിരുന്നു. അവൾ നേരെ ബീച്ചിലേക്ക് വണ്ടി വിട്ടു.