ഷോപ്പിൽ വെച്ചോ അതുമല്ലെങ്കിൽ ഒരു
പ്രണയ നൊമ്പരം
ചെറുകഥ
അപ്രതീക്ഷിതമായി കണ്ടുമുട്ടാറുള്ള ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ ചേക്കേറി കാലങ്ങളോളം ഹൃദയത്തിന്റെ ഒരു കോണിൽ സ്ഥിരപ്രതിഷ്ഠ നേടാറുണ്ട് .ചിലപ്പോൾ ഒരു ബസ് യാത്രയിലോ അല്ലെങ്കിൽ ഏതെങ്കിലും ടെക്സ്റ്റയിൽ ഷോപ്പിൽ വെച്ചോ അതുമല്ലെങ്കിൽ ഒരു ആശുപത്രി വരാന്തയിൽ വെച്ചോ ഒരു മിന്നായം പോലെ നമ്മുടെ മുന്നിലൂടെ കടന്നു പോയവരാകാം.പക്ഷേ ആ രാത്രിയിൽ കിടക്കാൻ നേരം അന്നത്തെ ദിവസം മനസ്സിൽ ഉടക്കിയ മുഖം ഒന്നൂടെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു ആനന്ദം തോന്നാറുണ്ട്..ദിവസവും കണ്ടു കൊണ്ടിരിക്കുന്ന മുഖങ്ങളെക്കാൾ എന്നെ എപ്പോഴും ആകർഷിച്ചിരുന്നത് നിമിഷ നേരം കൊണ്ട് മനസ്സിനെ തൊട്ടുണർത്തുന്ന മുഖങ്ങൾ ആയിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഷൊർണൂരിൽ നിന്നും കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ തൃശ്ശൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് തട്ടമിട്ട ഒരു കൊച്ചു സുന്ദരി പെട്ടെന്ന് കണ്ണിൽ ഉടക്കിയത്.മുതുകിൽ വലിയൊരു ബാഗും താങ്ങി അവൾ പ്ലാറ്റ്ഫോമിലൂടെ നടന്നകലുന്നത് ഞാൻ ഇമ വെട്ടാതെ നോക്കിയിരുന്നു.പെട്ടെന്ന് എന്തോ ഒരു ഉൾപ്രേരണയാൽ ഞാൻ ഫോൺ എടുത്ത് ഒരു ഫോട്ടോ എടുത്തു. അവളുടെ പിൻവശം മാത്രമാണ് ഫോട്ടോയിൽ പതിഞ്ഞത്. അവളെ കണ്ട മാത്രയിൽ തന്നെ ഫോട്ടോ എടുക്കാൻ തോന്നിയില്ലല്ലോ എന്ന ചിന്ത എന്നെ നിരാശനാക്കി.
അന്ന് രാത്രിയിൽ ഹോസ്റ്റലിൽ കൂട്ടുകാർ എല്ലാവരും ഒരുമിച്ച് കത്തിയടിച്ചു രസിക്കുമ്പോൾ എനിക്കതിൽ കൂടാനേ കഴിഞ്ഞില്ല .. മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു വിങ്ങൽ.. തലവേദനിക്കുന്നു കിടക്കണം എന്നും പറഞ്ഞ് ഞാൻ മെല്ലെ റൂമിലേക്ക് പോന്നു.. കണ്ണുമടച്ചു കിടക്കുമ്പോൾ അവളുടെ മുഖം മനസ്സിലേക്ക് വെണ്മയോടെ തെളിഞ്ഞു വന്നു .. പൂണൂലിട്ട നമ്പൂതിരി ചെക്കനായ എനിക്ക് പൊതുവെ ചന്ദനകുറി തൊട്ട ദാവണിക്കാരികളെയും തുളസി കതിര് ചൂടി മുട്ടറ്റം നീളമുള്ള കാർകൂന്തൽക്കാരെയൊക്കെയാണ് ശ്രദ്ധിൽ പെടാറ് .. ആദ്യമായാണ് ഒരു തട്ടത്തിൻ മറയത്തെ സുന്ദരി മനസ്സിലേക്ക് ചേക്കേറുന്നത്.. എന്തോ ഒരു പ്രത്യേക ഭംഗി.. അതും വല്ലാത്തൊരു നിഷ്കളങ്കത തോന്നുന്ന മുഖം.ഒരു മിന്നായം പോലെ കണ്ടുള്ളൂ.. എങ്കിലും അവളെന്റെ ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ഒരു സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു .
പിന്നെയുള്ള ദിവസങ്ങൾ ആ മുഖത്തിന് വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് കണ്ടുമുട്ടിയ മുഖങ്ങൾ ഒന്നും മനസ്സിൽ പതിഞ്ഞതും ഇല്ല. ഊരോ പേരോ അറിയാത്ത അവൾക്ക് വേണ്ടി ഓരോ നിമിഷവും എന്റെ കണ്ണുകൾ പരതി കൊണ്ടേയിരുന്നു.പക്ഷേ നിരാശ ആയിരുന്നു ഫലം
കൊല്ലങ്ങൾ പാഞ്ഞു കൊണ്ടേയിരുന്നു. പി എസ് സി നിയമനം വഴി ഹൈ സ്കൂൾ അദ്ധ്യാപകൻ ആയി തൃശ്ശൂർ ജില്ലയിലെ ഒരു സ്കൂളിൽ നിയമനം ലഭിച്ചപ്പോൾ ദിവസവുമുള്ള ട്രെയിൻ യാത്ര ജീവിതത്തിലെ ഒരു ഭാഗമായി മാറി.എന്നും തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോഴും തിരികെ പോരുമ്പോഴും കണ്ണുകൾ എന്നും ആർക്കോ വേണ്ടി പരതി കൊണ്ടേയിരുന്നു.വർഷങ്ങൾ എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയെങ്കിലും എന്നിൽ കുടിയേറിപാർത്ത മൊഞ്ചത്തിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു.
വീട്ടുകാരുടെ നിർബന്ധപ്രകാരം എന്റെ 27 ആം വയസ്സിൽ വീണയെ ജീവിത സഖിയാക്കേണ്ടി വന്നപ്പോഴും പേരറിയാത്ത ആ രാജകുമാരിയെ ഒരു നോക്കെങ്കിലും കാണാൻ കഴിയണം എന്ന ആഗ്രഹം അപ്പോഴും അവശേഷിച്ചിരുന്നു. ആദ്യമായി വീണ ഗർഭിണിയായപ്പോൾ തമാശയ്ക്കായി അവൾ എന്നോട് ചോദിച്ചു ;പെൺകുഞ്ഞാണെങ്കിൽ ഏതെങ്കിലും കാമുകിക്ക് വാക്ക് കൊടുത്തിരുന്നോ അവളുടെ പേരിടാം എന്ന്.
പേരറിയാത്ത കാമുകിയുടെ പേര് ഞാൻ എങ്ങനെ എന്റെ കുഞ്ഞിനിടും എന്ന് വീണയോട് പറയാൻ മനസ്സ് വെമ്പിയെങ്കിലും ഞാൻ മൗനം പാലിച്ചു.
രുദ്ര മോൾ ഞങ്ങൾക്കിടയിൽ വന്നതിനു ശേഷം വീണയെ എപ്പോഴും അലട്ടിയിരുന്ന മൈഗ്രൈൻ കൂടുതൽ കലശമായതോടെ മോളെ നോക്കാനുള്ള നൈറ്റ് ഡ്യൂട്ടി എന്റെ ചുമതലയായി മാറി.. മോളെയും തോളത്തിട്ട് നടക്കുമ്പോൾ ചിലപ്പോൾ ഞാനാ കാണാമറയത്തിരിക്കുന്നവളെ കുറിച്ചോർക്കും.. കല്യാണമൊക്കെ കഴിഞ്ഞ് ഒന്നോ രണ്ടോ കുട്ടികളുമായി എന്നെ പോലെ അവളും തിരക്കിൽ ആയിരിക്കും .ഒരിക്കൽ പോലും അറിയുന്നുണ്ടാവില്ലല്ലോ ഇങ്ങനെ ഒരാൾ അവളെ കുറിച്ച് ഓർക്കുന്നുണ്ടെന്നുള്ള കാര്യം.!!!
ടീച്ചർമാർക്കുള്ള ക്ലസ്റ്റർ ട്രെയിനിങ്ന് RP ആയി പോവാൻ തുടങ്ങിയതിനു ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. മുന്നിലിരിക്കുന്ന ടീച്ചർമാരെ കയ്യിലെടുക്കാൻ വേണ്ടി പാതി വഴിയിൽ നിർത്തിയ സംഗീതമൊക്കെ പൊടി തട്ടിയെടുത്തു.പണ്ട് അവളെ കണ്ട് പിടിക്കാൻ കഴിയാതെ നിരാശയോടെ നേരം വെളുപ്പിച്ച രാത്രികളിൽ മൂളിയിരുന്ന പാട്ടുകളെല്ലാം ഓർത്തെടുത്തു ഇപ്പോൾ പാടുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനുഭൂതി നിറഞ്ഞു.
ഇന്നത്തെ ക്ലസ്റ്റർ ട്രെയിനിങ്ന്റെ തുടക്കം തന്നെ നല്ലൊരു പാട്ടിൽ തുടങ്ങിയതിനാൽ ടീച്ചർമാരെല്ലാം ഹാപ്പിയായി കാണപ്പെട്ടു.. ആദ്യ സെഷന്റെ കാര്യങ്ങൾ പ്രൊജക്റ്ററിൽ കാണിക്കാൻ വേണ്ടി ലാപ്ടോപ് കണക്ട് ചെയ്യുമ്പോൾ ആണ് പുറകിൽ നിന്നും എസ്ക്യൂസ് മി സർ എന്ന ശബ്ദം കേട്ടത്.
നോക്കിയപ്പോൾ ഒരു സുന്ദരി ടീച്ചർ പുറത്തു നിൽക്കുന്നു .എനിക്ക് നേരെ നീട്ടി പിടിച്ച കടലാസ് തുറന്നു നോക്കി വായിച്ചപ്പോൾ പാലക്കാട് ജില്ലയിലെ സ്കൂളിൽ ജോലി ചെയ്യുന്ന ടീച്ചറെ ഇവിടെ ട്രെയിനിങ് അനുവദിക്കാനുള്ള റിക്വസ്റ്റ് ലെറ്റർ ആയിട്ടാണ് വന്നിരിക്കുന്നത്.
ഓക്കേ.. കം ഇൻ
ലെറ്റർ വായിച്ചതിന് ശേഷം ഞാൻ പറഞ്ഞു.
ക്ലാസ്സ് എടുക്കുന്നതിനിടയിൽ എപ്പോഴോ പുതിയ ടീച്ചറുടെ മുഖത്തേക്ക് നോക്കിയതും എന്തോ ഒരു നിമിഷം ആ മുഖത്ത് തന്നെ എന്റെ നോട്ടം തറഞ്ഞു നിന്നു.. ആദ്യം എന്റെയൊരു സംശയം മാത്രമായി തോന്നിയെങ്കിലും പിന്നീട് പല തവണ ആ മുഖത്തേക്ക് നോക്കിയപ്പോൾ കൊല്ലങ്ങളായി ഞാൻ തേടി കൊണ്ടിരിക്കുന്ന മുഖമാണിപ്പോൾ എന്റെ തൊട്ടരികെ എന്നെനിക്ക് ഉറപ്പായി .
ആ തിരിച്ചറിവിൽ എന്റെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി. എങ്ങനെയൊക്കെയോ ഞാൻ എടുത്തു കൊണ്ടിരുന്ന സെഷൻ അവസാനിപ്പിച്ചു അടുത്ത സെഷൻ കൂടെയുള്ള Rp ആയ സതീഷ് മാഷിന് കൈ മാറി.
അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നറിയാതെ ഞാൻ ഉഴറി. സതീഷ് മാഷ് നൽകിയ വർക്ക് പ്രസന്റ് ചെയ്യാനായി അവൾ മൈക്ക് വാങ്ങിയപ്പോൾ അവളുടെ സെൽഫ് ഇൻട്രോഡക്ഷനായി ഞാൻ അക്ഷമയോടെ കാത്തിരുന്നു.
ഐ ആം അലീന മുഹമ്മദ് ഫ്രം ജി വി എച്ച് എസ് എസ്, പാലക്കാട്.
അവളുടെ പേരിനായി കാതോർത്തിരുന്ന എന്റെ കാതുകളിൽ ആ പേര് പ്രകമ്പനം കൊള്ളിച്ചു .. എത്രയോ രാത്രികളിൽ അവളുടെ പേരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ എങ്ങനെയെങ്കിലും കണ്ടുപിടിക്കാമായിരുന്നു എന്ന് ഞാൻ അന്ന് വേദനയോടെ ഓർത്തിരുന്നു.
അവളടങ്ങുന്ന ഗ്രൂപ്പ് ചെയ്യുന്ന വർക്ക് ചെക്ക് ചെയ്യാൻ ആയി അവളുടെ അടുത്തേക്ക് ചെന്നപ്പോൾ ശരീരമാകെ വിറകൊള്ളുന്നത് പോലെ തോന്നി ..വീണ്ടും ഞാനൊരു കാമുകൻ ആയത് പോലെ.RP എന്ന നിലക്ക് അവൾ എന്നെ അതീവ ബഹുമാനത്തോടെ നോക്കുന്നുണ്ട്.പുഞ്ചിരിക്കുന്നുണ്ട്.. പക്ഷേ എന്റെ മനസ്സിലെ തിരയിളക്കം അവൾ അറിയുന്നില്ലല്ലോ.
ലഞ്ച് ബ്രേക്കിൽ ഊണ് കഴിച്ചു തിരിച്ചു ക്ലാസ്സ് റൂമിൽ കയറിയപ്പോൾ അവൾ ഒറ്റക്കിരുന്നു ഫോണിൽ നോക്കിരിക്കുന്നത് കണ്ടു. എന്നെ കണ്ടതും അവൾ ബഹുമാന സൂചകമായി എണീറ്റു നിന്ന് ചെറുതായി പുഞ്ചിരിച്ചു.
ഞാനും മനോഹരമായി പുഞ്ചിരിച്ചു.
പാലക്കാടുള്ള ടീച്ചർ എങ്ങനെ തൃശ്ശൂരിൽ ട്രൈനിങ്ങിനു എത്തി? വീട് ഇവിടെയാണോ?
ഞാൻ അവളുടെ അടുത്തേക്ക് പോയി സംസാരത്തിനു തുടക്കം എന്നോണം ചോദിച്ചു.
അതേ സർ. ചില അർജന്റ് മാറ്റർ കാരണം ഞാൻ ട്രെയിനിങ് അറ്റൻഡ് ചെയ്യുന്നില്ല എന്ന് കരുതിയിരുന്നു. പക്ഷേ കമ്പൽസറി ആണെന്ന് HM മെസ്സേജ് വന്നപ്പോൾ ഇങ്ങോട്ട് വന്നതാണ്.
ഓഹ് കെ… അപ്പോൾ പാലക്കാട് ആണോ വീട് ?
അതേ.. ഹസ് ഹൌസ് അവിടെയാണ്. എന്റെ സ്വന്തം വീട് ഇവിടെ തൃശ്ശൂരും.
ഇയാൾ പഠിച്ചതൊക്കെ എവിടെയാ.. എനിക്ക് നല്ല കണ്ട പരിചയം തോന്നുന്നു.
ഞാൻ എറണാകുളത്താണ് degree & pg ചെയ്തത്.B. Ed ഇവിടെ Govt കോളേജിലും.
ഓഹ് കെ..ഇയാളെ പണ്ട് ട്രെയിനിൽ വെച്ചെവിടെയോ കണ്ട പോലെയൊരു തോന്നൽ .
കൊച്ചിയിൽ പഠിക്കുന്ന ടൈമിൽ എല്ലാ വീക്കെൻഡ് ഉം വീട്ടിലേക്ക് വരുന്നത് ട്രെയിനിൽ ആയിരുന്നു.. അങ്ങനെ സർ കണ്ടതാവാം.
യസ്.. അങ്ങനെയാവാം.
പിന്നേയും എന്തൊക്കെയോ അവളോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ വാക്കുകൾ പുറത്തേക്ക് വരാത്തത് പോലെ.. ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ ക്ലാസ്സ് എടുക്കുമ്പോഴും എന്റെ കണ്ണുകൾ അനുവാദം ചോദിക്കാതെ പലയാവർത്തി അവളിലേക്ക് നോട്ടമെറിഞ്ഞു കൊണ്ടേയിരുന്നു. മനസ്സാകെ ഗൂഡമായ ആനന്ദലഹരിയിൽ ആയിരുന്നു.ക്ലാസ്സ് കഴിഞ്ഞ് അവളോട് ഫ്രീ ആയി എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഡ്യൂട്ടി സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയതും അവൾ വേഗം പോകുന്നത് കണ്ടപ്പോൾ ആകെ നിരാശ തോന്നി.
വീട്ടിൽ എത്തിയിട്ടും മനസ്സിൽ നിറയെ ഇന്നത്തെ ദിവസമായിരുന്നു. ഞാനറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി
തത്തികളിക്കുന്നത് ഞാനറിഞ്ഞു.
വർക്കുകൾ ചെയ്യാൻ വേണ്ടി ഇന്ന് പങ്കെടുത്ത എല്ലാ ടീച്ചർമാരെയും ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് സതീഷ് മാഷ് രാവിലെ തന്നെ ക്രീയേറ്റ് ചെയ്തിരുന്നു. അതിൽ കയറി അവളുടെ നമ്പർ കണ്ടു പിടിച്ചു സേവ് ചെയ്തു വെച്ചു. ഒരു ഹായ് മെസ്സേജ് ഉടനെ അയച്ചിട്ടു. ഗ്രൂപ്പിൽ നിറയെ ഇന്നത്തെ
ഫോട്ടോസ് ഉണ്ടായിരുന്നു. അതിൽ ഒരു ഫോട്ടോയിൽ ഞാൻ അവളുടെ അടുത്തു നിൽക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി.. ഇങ്ങനെ ഒന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഒരിക്കലെങ്കിലും അവളെ കാണണം എന്ന് പലതവണ ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരു ദിവസം മുഴുവൻ അവൾടെ കൂടെ ഇരിക്കുമെന്നോ, അവൾക്ക് ക്ലാസ്സ് എടുക്കേണ്ടി വരുമെന്നോ സ്വപ്നേവി കരുതിയതല്ല.
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു ഹൂ ആർ യു എന്ന്.
ഇറ്റ്സ് മീ കിഷോർ. ഇന്നത്തെ RP കളിൽ ഒരാൾ ആയിരുന്നു.
സോറി സർ. എനിക്ക് മനസ്സിലായില്ല.
ഇറ്റ്സ് ഓക്കേ..
സർ എന്തിനാ മെസ്സേജ് അയച്ചത്. എനി ഹെൽപ് ഫ്രം മീ?
അവളുടെ മെസ്സേജ് കണ്ട് എന്ത് റിപ്ലൈ കൊടുക്കണം എന്നറിയാതെ ഞാൻ ഒരു സെക്കന്റ് ബ്ലാങ്ക് ആയി.
ഇയാൾ വർക്ക് ചെയ്യുന്ന സ്കൂളിന്റെ അഡ്രസ് വേണമായിരുന്നു. Brc യിൽ കൊടുക്കേണ്ട ലിസ്റ്റിൽ എഴുതാൻ ആയിരുന്നു.
ഞാൻ തടിത്തപ്പാൻ വേണ്ടി വേഗം ഇങ്ങനെ ടൈപ്പ് ചെയ്തയച്ചു
അത് ഞാൻ രാവിലെ തന്നെ ആ ഫോമിൽ ഫിൽ ചെയ്തിരുന്നല്ലോ സർ
അവളുടെ റിപ്ലൈ കണ്ടതും ഞാൻ ആകെ പെട്ടപോലെ ആയി.
ആണോ. ഞാൻ ചെക്ക് ചെയ്തിട്ടില്ല.. സോറി ടീച്ചർ.
ഇറ്റ്സ് ഓക്കേ സർ
ആ റിപ്ലൈയോട് കൂടി അവൾ ഓൺലൈനിൽ നിന്നും അപ്രത്യക്ഷമായി.
മനസ്സ് എത്രയൊക്കെ നിയന്ത്രിച്ചിട്ടും എന്റെ കൺട്രോളിൽ വരാത്തത് പോലെ.. ഇടയ്ക്കിടെ അവളെ ഓൺലൈനിൽ കാണിക്കുന്നുണ്ടോ എന്ന് ഞാൻ നോക്കി കൊണ്ടേയിരുന്നു..
കിടക്കാൻ നേരം വീണ അടുത്തിണ്ടായിട്ടും ഞാൻ അവൾ ഓൺലൈനിൽ ഉണ്ടോ എന്ന് നോക്കി..
ഉണ്ടെന്ന് കണ്ടതും ഞാൻ ഒന്നും ഓർക്കാതെ വീണ്ടും ഹായ് എന്നയച്ചു.. അവൾ അധികം വൈകാതെ അത് റീഡ് ചെയ്തെങ്കിലും റിപ്ലൈ ഒന്നും തന്നില്ല.
ഞാൻ വീണ്ടും മെസ്സേജ് അയച്ചു.. ഇന്നത്തെ എന്റെ ക്ലാസ്സ് എങ്ങനെ ഉണ്ടായിരുന്നു.. ബോറടിപ്പിച്ചോ?
അവൾ അതും റീഡ് ചെയ്തതിന്റെ തെളിവായി ബ്ലൂ ടിക്ക് കാണിച്ചു..പക്ഷെ റിപ്ലൈ ഒന്നും വന്നില്ല.
പിന്നെയവളെ ഓൺലൈനിൽ കാണിച്ചതേയില്ല.. ഒരു മണിക്കൂർ കഴിഞ്ഞ് ഒരു ഗുഡ് നൈറ്റ് മെസ്സേജ് കൂടെ സെൻറ് ചെയ്ത് ഞാൻ ഉറങ്ങാൻ കിടന്നു.അപ്പോഴേക്കും സമയം 12 കഴിഞ്ഞിരുന്നു.
പിറ്റേന്ന് അതി രാവിലെ എണീറ്റു.. എണീറ്റ ഉടനെ മൊബൈൽ നോക്കി.. അവൾ എന്റെ ഗുഡ് നൈറ്റ് മെസ്സേജ് നോക്കിയോ എന്നറിയാൻ ആയിരുന്നു വെമ്പൽ.. ആകെ ഒരു ടിക്ക് മാത്രമേ കാണിക്കുന്നുള്ളൂ.. രാത്രിയിൽ നെറ്റ് ഓഫ് ആക്കിയിട്ടുണ്ടാവും എന്ന് ഞാൻ ഊഹിച്ചു.
രാവിലെ 10 മണി വരേയും ഞാൻ ഇടയ്ക്കിടെ ചെക്ക് ചെയ്തു കൊണ്ടേയിരുന്നു.. അപ്പോഴും ഒരു ടിക്ക് മാത്രമേ കാണിച്ചുള്ളൂ.. എനിക്കെന്തോ ഒരു വല്ലായ്മ തോന്നി.. അവൾ എന്നെ ബ്ലോക്ക് ചെയ്തതായിരിക്കുമോ.. ആ ഒരു തോന്നൽ എന്നെ വല്ലാതെ വീർപ്പു മുട്ടിച്ചു.. രണ്ടും കല്പിച്ചു ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു.. ഒറ്റ റിങ് ചെയ്തതിനു ശേഷം നമ്പർ ബിസി ആണെന്നുള്ള സന്ദേശം കേട്ടപ്പോൾ എന്റെ തോന്നൽ സത്യം തന്നെ ആണെന്ന് ബോധ്യപ്പെട്ടു.
സ്വന്തം ഇമേജ് നോക്കാതെ ഒരു നിമിഷത്തിൽ ഞാൻ ചെയ്തു വെച്ച കാര്യങ്ങൾ ഓർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആദ്യമായി കാണുന്ന ആൾ രാത്രി 12 മണിക്കും മെസ്സേജ് ചെയ്യുമ്പോൾ നല്ല രീതിയിൽ അതിനെ ഉൾകൊള്ളാൻ ആർക്കും പെട്ടെന്ന് കഴിഞ്ഞെന്ന് വരില്ല.. എനിക്കായിരുന്നല്ലോ അവൾ പ്രിയപ്പെട്ടവൾ… അവൾക്ക് ഞാനിപ്പോൾ ഒരു വായ് നോക്കിയും.. വേണ്ടിയിരുന്നില്ല ഇങ്ങനെ ഒരു കൂടികാഴ്ച.. അല്ലെങ്കിൽ എനിക്ക് എന്നെ തന്നെയൊന്ന് സ്വയം നിയന്ത്രിക്കാമായിരുന്നു.. അതും ചെയ്തില്ല.
ഇനി അവളെ കുറിച്ചോർക്കുമ്പോൾ ഇതുവരെ മനസ്സിൽ കൊണ്ടു നടന്ന ആ നല്ല ദിവസത്തേക്കാൾ മനസ്സിലേക്ക് ഓടിയണയുക അവളുടെ മുന്നിൽ സ്വയം സ്വന്തം വ്യക്തിത്വം കളഞ്ഞ ഈ ദിവസം ആയിരിക്കും.ഒരു പക്ഷേ ദൈവഹിതം ഇങ്ങനെ ആയിരിക്കും.. ഒരിക്കലും സ്വന്തം ആവാൻ കഴിയാത്തവളെ ഇനിയെങ്കിലും മനസ്സിൽ നിന്ന് കളഞ്ഞൂടെ എന്ന് ദൈവത്തിനു പോലും തോന്നിയിട്ടുണ്ടാവും. അതുകൊണ്ടായിരിക്കാം കാത്തിരുന്ന് കാത്തിരുന്ന് അവളെ നേരിട്ട് കണ്ടതിന്റെ സന്തോഷം പെട്ടെന്ന് തന്നെ ഇല്ലാതാക്കിയത്.. ഇനിയവളെ വീണ്ടും കാണാൻ കഴിയണേ എന്ന് പ്രാർത്ഥിക്കാൻ പോലും കഴിയാത്ത വിധം എന്നെകൊണ്ട് ഇങ്ങനെയൊക്കെ പ്രവർത്തിപ്പിച്ചത്.
അങ്ങനെയിതാ എന്നിൽ മാത്രമായി മൊട്ടിട്ട് വളർന്ന പ്രണയം എന്നിൽ തന്നെ വിരിയാതെ ഞെട്ടറ്റു വീണിരിക്കുന്നു…തീരാ നൊമ്പരമായ്…
അനാമിക…






