17/04/2026

ഡിഗ്രി പഠനം പൂര്‍ത്തിയായ ഉടന്‍ തന്നെ അച്ഛന്റെ ശുപാര്‍ശയില്‍ ഒരു വലിയ കമ്പനിയില്‍ എനിക്ക് ജോലി ഓഫര്‍ ലഭിച്ചു; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുന്‍പ്.

രചന – സാമുവൽ ജോർജ്

ഡിഗ്രി പഠനം പൂര്‍ത്തിയായ ഉടന്‍ തന്നെ അച്ഛന്റെ ശുപാര്‍ശയില്‍ ഒരു വലിയ കമ്പനിയില്‍ എനിക്ക് ജോലി ഓഫര്‍ ലഭിച്ചു; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുന്‍പ്. മൂന്നു പെണ്മക്കളില്‍ മൂത്തവളായ എനിക്ക് കുടുംബഭാരം തനിയെ വഹിച്ചുകൊണ്ടിരുന്ന, തുച്ഛമായ വരുമാനമുള്ള അച്ഛനെ സഹായിക്കാനുള്ള ബാധ്യത ഉണ്ടായിരുന്നു.

അമ്മയ്ക്കെന്നെ ഒട്ടും ഇഷ്ടല്ല ഏട്ടാ.. ഞാനെന്ത് ചെയ്താലും കുറ്റം പറയും….

ഇന്ത്യയിലുടനീളം വിതരണവ്യാപാര ശൃംഖലകള്‍ ഉള്ള ആ കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഡിവിഷനില്‍ ആയിരുന്നു എനിക്ക് ലഭിച്ച ജോലി വാഗ്ദാനം.

അച്ഛന്റെ ഒപ്പമാണ്‌ ഞാന്‍ ഇന്റര്‍വ്യൂവിനു പോയത്.

അതിവിശാലമായ, ആഡംബരത്തിന്റെ പര്യായമായ ഓഫീസ്. അതിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ അതുവരെ പരിചിതിമില്ലാത്ത ഒരു പുതിയ ലോകത്ത് എത്തിപ്പെട്ട പ്രതീതി എനിക്കുണ്ടായി.

അത്ഭുതത്തോടെ ചുറ്റും കണ്ണോടിച്ച എനിക്ക് ഓഫീസിന്റെ പ്രൌഡിക്കൊപ്പം ജോലിക്കാരായ പുരുഷപ്രജകളുടെ കണ്ണുകള്‍ പലയിടങ്ങളില്‍ നിന്നുമായി എന്നെ തേടിയെത്തുന്നതും കാണാന്‍ സാധിച്ചു. അവരെ കുറ്റം പറയാന്‍ പറ്റില്ല കേട്ടോ; പാവങ്ങള്‍ എങ്ങനെ നോക്കാതിരിക്കും. അത്രയ്ക്ക് സുന്ദരിയല്ലേ ഞാന്‍.

കോളജ് ബ്യൂട്ടി ഒന്നും ആയിരുന്നില്ലെങ്കിലും ഒരു ബ്യൂട്ടിയും അവിടെ എനിക്ക് ഭീഷണി ആയിരുന്നില്ല.

യാതൊരുവിധ മേക്കപ്പിന്റെയും ആവശ്യം കൂടാതെതന്നെ സുന്ദരിയായിരുന്നു ഞാന്‍. എന്റെ മുഖം മാത്രമായി കണ്ടാല്‍, ഞാനൊരു എല്‍ കെ ജി വിദ്യാര്‍ഥിനിയാണെന്ന് ആള്‍ക്കാര്‍ തെറ്റിദ്ധരിക്കുമായിരുന്നു; ജാഡ പറയുകയല്ല കേട്ടോ. സത്യമായും അങ്ങനെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്ത് ചെയ്യാന്‍? പ്രായം ഇരുപതു കഴിഞ്ഞിട്ടും കുട്ടിത്തം വിട്ടു മാറണ്ടേ?

പക്ഷെ കോളജിലും പുറത്തും ഒരാളുമായും ഞാന്‍ പ്രണയത്തില്‍ വീണിരുന്നില്ല. ധാരാളം പേര്‍ പ്രേമാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്നിട്ടുണ്ട് എങ്കിലും എനിക്കങ്ങനെ ഒരു താല്‍പര്യം അവരോടൊന്നുംതന്നെ തോന്നിയിരുന്നില്ല.

ഇന്റര്‍വ്യൂവിന് ആദ്യം ജനറല്‍ മാനേജരെയാണ് കണ്ടത്. എന്റെ അച്ഛന്റെ പഴയ സുഹൃത്തും സഹപാഠിയും ആയിരുന്നു അദ്ദേഹം. തലയില്‍ മുടിയെന്ന സാധനം തീരെയില്ലാത്ത, എന്നാല്‍ നല്ല ഊര്‍ജ്ജസ്വലനായ ഒരു മധ്യവയസ്കന്‍. എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“കൊമേഴ്സ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു വേക്കന്‍സി ഉണ്ട്.

പക്ഷെ അതിന്റെ ഹെഡ് അല്‍പ്പം ടഫ് ആണ്.

അയാള്‍ക്ക് മോളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ എനിക്ക് പോലും ഒന്നും ചെയ്യാന്‍ പറ്റില്ല. അയാള്‍ റിജക്റ്റ് ചെയ്‌താല്‍ തല്‍ക്കാലം റിസപ്ഷനില്‍ ഇരുത്താം. നിന്റെ മോളെ ഇവിടെ ജോലിക്ക് വയ്ക്കാം എന്ന് ഞാന്‍ പറഞ്ഞുപോയില്ലേ”

“എനിക്ക് റിസപ്ഷന്‍ വേണ്ട സര്‍” പെട്ടെന്ന് ഞാന്‍ ചാടിക്കയറി പറഞ്ഞു. അച്ഛന്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കിയതോടെ ഞാന്‍ ചമ്മലോടെ മുഖം കുനിച്ചു.

“എന്ന് പറഞ്ഞാല്‍ മോളെ വേറെ വേക്കന്‍സി വേണ്ടേ? എന്തായാലും ഞാന്‍ അയാളോട് ഒന്ന് ചോദിക്കട്ടെ.” അദ്ദേഹം ഇന്റര്‍കോം എടുത്ത് ആരോടോ സംസാരിച്ചു.

ഫോണ്‍ തിരികെ വച്ചിട്ട് അദ്ദേഹം ഞങ്ങളെ നോക്കി.

“ചെല്ലാന്‍ പറഞ്ഞു. അയാളുടെ പേര് മിസ്റ്റര്‍ സജിത്ത് ചന്ദ്രന്‍; ദാ അവിടെയാണ് കൊമേഴ്സ്‌ ഡിപ്പാര്‍ട്ട്മെന്റ്. ഞാന്‍ സിവിയില്‍ പുള്ളിക്ക് റഫര്‍ ചെയ്തിട്ടുണ്ട്” എന്റെ സിവി തിരികെ നല്‍കികൊണ്ട് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് നന്ദി പറഞ്ഞു കൈ കൂപ്പിയ ശേഷം ഞാനും അച്ഛനും പുറത്തിറങ്ങി.

“അയാള് വേണ്ടെന്നു പറഞ്ഞാല്‍ പിന്നെന്ത് ചെയ്യും മോളെ? നിനക്ക് റിസപ്ഷനില്‍ ഇരുന്നാലെന്താ കുഴപ്പം?” അവിടേക്ക് പോകുന്നതിനിടെ അച്ഛന്‍ ചോദിച്ചു.

“കണ്ട വായീ നോക്കികള്‍ക്കെല്ലാം കാണാന്‍ വേണ്ടി ഞാനവിടെ ഇരുന്നുകൊടുക്കണം അല്ലെ?

എനിക്ക് പറ്റില്ല..അങ്ങേര്‍ക്ക് വേണ്ടെങ്കില്‍ വേണ്ട; നമുക്ക് തിരികെ പോകാം അച്ഛാ” എനിക്ക് അതെപ്പറ്റി അധികം ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല.

“മോളെ വീട്ടിലെ സ്ഥിതി നിനക്ക് അറിയാവുന്നതല്ലേ? അച്ഛന്റെ ചെറിയ ജോലി കൊണ്ട് എത്ര ഞെരുങ്ങിയാണ് നമ്മള് ജീവിക്കുന്നത്?

ഒരാള്‍ക്ക് കൂടി വരുമാനം ഉണ്ടെങ്കില്‍ അത് നമുക്കെല്ലാര്‍ക്കും വലിയൊരു സഹായമാകും എന്നോര്‍ത്താ നിന്റെ പഠനം കഴിഞ്ഞയുടനെതന്നെ ഇവനെ ഞാന്‍ സമീപിച്ചത്.

അവന്‍ സന്മനസ്സോടെ അത് കേള്‍ക്കുകയും ചെയ്തു. ഈ കമ്പനിയില്‍ ഒരു ജോലി കിട്ടാന്‍ വേണ്ടി ഓരോരുത്തര്‍ സ്വപ്നം കണ്ടു നടക്കുമ്പോള്‍ കിട്ടിയത് നീ തട്ടിക്കളയാന്‍ നോക്കുകയാണ്. ങാ..നിന്റെ ഇഷ്ടം പോലെ ചെയ്യ്‌” ഒരു ദീര്‍ഘനിശ്വാസത്തോടെ അച്ഛന്‍ പറഞ്ഞു.

കൊമേഴ്സ്‌ ഡിപ്പാര്‍ട്ട്മെന്റ് അടുത്തപ്പോള്‍ ഞങ്ങള്‍ സംസാരം നിര്‍ത്തി.

“ബ്ലഡി ഫൂള്‍; എത്ര നാളായെടാ നീയിവിടെ ജോലിക്ക് കയറിയിട്ട്? ഇനിയും തെറ്റില്ലാതെ ഒരു വൌച്ചര്‍ ഉണ്ടാക്കാന്‍ അറിയില്ലെന്ന് പറഞ്ഞാല്‍? ദേ, ഇനി ഇത് ആവര്‍ത്തിച്ചാല്‍ നിനക്ക് വേറെ പണി നോക്കേണ്ടി വരും; മനസ്സിലായോടാ?’ ആരോ ആരോടോ ഷൌട്ട് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ഞങ്ങള്‍ ഉള്ളിലേക്ക് ചെന്നത്.

ഇരുപതോളം സ്റ്റാഫ് ജോലി ചെയ്യുന്ന ആ ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെഡ് ആണ് അലര്‍ച്ചയുടെ ഉടമ എന്ന് ഞാന്‍ കണ്ടു. ഞങ്ങള്‍ ഉള്ളിലേക്ക് ചെന്നപ്പോള്‍ ഏതോ പാവപ്പെട്ടവന്‍ അങ്ങേരുടെ ക്യാബിനില്‍ നിന്നും കണ്ണുകള്‍ തുടച്ചുകൊണ്ട് ഇറങ്ങി വരുന്നു; ശുഭശകുനം തന്നെ എന്ന് ഞാന്‍ മനസ്സില്‍ മന്ത്രിച്ചു. ഗ്ലാസിലൂടെ ഞാന്‍ നോക്കി;

ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഒരു ചെറുപ്പക്കാരന്‍ ആണ്.

ഇരുനിറം; സുമുഖന്‍. പക്ഷെ മൊത്തത്തില്‍ ഒരു ഗുണ്ടയുടെ ലുക്കാണ്. ആരെയൊക്കെയോ കടിച്ചു തിന്നാനുള്ള ദേഷ്യമാണ് മുഖത്ത് വിലസുന്നത്.

“ഇന്നും കിട്ടി അല്ലെ? നിനക്കൊന്നു ശ്രദ്ധിച്ചു ചെയ്ത് കൂടെ? അയാള്‍ ചീത്ത വിളിക്കാന്‍ കാരണം നോക്കിയിരിക്കുന്ന ഒരു കാട്ടാളന്‍ ആണെന്നറിഞ്ഞുകൊണ്ട് മണ്ടത്തരം കാണിക്കാമോ?”

ഒരു പെണ്‍കുട്ടി തീരെ പതിഞ്ഞ ശബ്ദത്തില്‍ പുറത്തേക്ക് വന്ന ആളെ സമാധാനിപ്പിക്കുകയാണ്.

“പേടിച്ചു പേടിച്ചാ ചേച്ചി ചെയ്യുന്നത്; തെറ്റിപ്പോകുമോ എന്ന് നൂറുവട്ടം നോക്കും. പക്ഷെ..”

ആ പയ്യന്‍ നിസ്സഹായതയോടെ പറഞ്ഞു.

അച്ഛന്‍ ആശങ്കയോടെ എന്നെ നോക്കി. എന്റെ മുഖത്ത് പക്ഷെ യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. സുന്ദരിയായ എന്നെ അവിടെയുള്ള ആണുങ്ങള്‍ കൂടെക്കൂടെ നോക്കുന്നതും പെണ്ണുങ്ങളുടെ കണ്ണുകളിലെ അസൂയയും നല്‍കിയ സന്തോഷത്തിലായിരുന്നു ഞാന്‍.

“ഒരു കാട്ടുപോത്താണെന്ന് തോന്നുന്നു. ആ ഇരുപ്പ് കണ്ടില്ലേ? ഇയാളുടെ കൂടെ ജോലി ചെയ്യണോ മോളെ?” അച്ഛന്‍ രഹസ്യമായി ചോദിച്ചു. എന്തിനേക്കാളും വലുതായി അച്ഛന് എന്റെ കാര്യത്തിലുള്ള കരുതല്‍ ഒരിക്കല്‍ക്കൂടി ഞാന്‍ അറിയുകയായിരുന്നു. പാവം അച്ഛനൊരു കൈത്താങ്ങാകാന്‍ എനിക്ക് സാധിക്കുമെങ്കില്‍, അതിനല്‍പ്പം ബുദ്ധിമുട്ട് സഹിക്കാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം.

“വന്നതല്ലേ. കണ്ടിട്ട് പോകാം അച്ഛാ..” ഞാന്‍ പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ അനുവാദം വാങ്ങി അയാളുടെ ക്യാബിനില്‍ കയറി.

“യെസ്?”

അയാള്‍ ചോദ്യഭാവത്തില്‍, വെട്ടുപോത്തിനെപ്പോലെ എന്നെയും അച്ഛനെയും നോക്കി. ഇയാളാരാ പോലീസാണോ എന്നായിരുന്നു എന്റെ ചിന്ത. മേശപ്പുറത്ത് സ്വര്‍ണ്ണ ലിപികളില്‍ എഴുതിയ ബോര്‍ഡിലെ പേര് ഞാന്‍ വായിച്ചു:

“സജിത്ത് ചന്ദ്രന്‍; ഫിനാന്‍സ് ആന്‍ഡ്‌ കൊമേഴ്സ്യല്‍ മാനേജര്‍”

“ഇത് ഇവിടെ തരാന്‍ പറഞ്ഞു ജി എം സാറ്” സിവി അയാള്‍ക്ക് നേരെ നീട്ടിക്കൊണ്ട് ഭവ്യതയോടെ അച്ഛന്‍ പറഞ്ഞു. അയാള്‍ മൂളിയിട്ട് അതുവാങ്ങി നോക്കി.

“ഇരിക്ക്” സിവിയില്‍ നിന്നും നോട്ടം മാറ്റി അയാള്‍ പറഞ്ഞു.

ഞങ്ങള്‍ ഇരുന്നു.

“ജസ്റ്റ് ഔട്ട്‌ ഓഫ് കോളജ്..അല്ലെ?” എന്നെ നോക്കി അയാള്‍ ചോദിച്ചു.

“യെസ് സര്‍”

“എക്പീരിയന്‍സ് ഇല്ല. ഇവിടെ വേക്കന്‍സി ഉണ്ട്;

പക്ഷെ ജോലി പരിചയം ഉള്ളവരെ ആണ് ഞാന്‍ നോക്കുന്നത്”

“ഇവള് ജോലി വേഗം പഠിച്ചോളും സര്‍” അച്ഛന്‍ ചാടിക്കയറിപ്പറഞ്ഞു.

“ഓഹോ..ഗുഡ്. ലെറ്റ് മി ആസ്ക്‌ സം സിമ്പിള്‍ ക്വസ്റ്റ്യന്‍സ്; എന്താണ് ജേണല്‍ വൌച്ചര്‍?” അയാള്‍ എന്നോട് ചോദിച്ചു.

“ഡിഫൈന്‍ ചെയ്യാന്‍ അറിയില്ല സര്‍”

“ബാങ്ക് റിക്കന്‍സിലേഷന്‍?”

“അറിയാം സര്‍”

“എന്താണ് അക്കൌണ്ട്സിന്റെ ബേസിക് പ്രിന്‍സിപ്പില്‍?”

“ഡെബിറ്റ് വാട്ട് കംസ് ഇന്‍, ആന്‍ഡ്‌ ക്രെഡിറ്റ്‌ വാട്ട് ഗോസ് ഔട്ട്‌”

“ഗുഡ്..വാട്ട് ഈസ് പി ആന്‍ഡ്‌ എല്‍?”

“പ്രോഫിറ്റ് ആന്‍ഡ്‌ ലോസ്”

“ഉം..എനിവേ..ഒരു ചാന്‍സ് തരാം. മൂന്നുമാസം പ്രൊബേഷനിലായിരിക്കും. വേഗം പിക്കപ്പ് ചെയ്‌താല്‍ ജോലി പെര്‍മനെന്റ് ആക്കും. സമ്മതമാണ് എങ്കില്‍ ജോയിന്‍ ചെയ്യാം നാളെത്തന്നെ. സാലറി കമ്പനിയുടെ റൂള്‍ അനുസരിച്ചുള്ളത് തുടക്കത്തില്‍.

പെര്‍ഫോമന്‍സ് അനുസരിച്ച് ഇന്‍ക്രിമെന്റ് പിന്നീട്.

പെര്‍ഫോമന്‍സ് മോശമായാല്‍ നോട്ടീസ് നല്‍കാതെ ടെര്‍മിനേറ്റ് ചെയ്യും..” അയാള്‍ നിബന്ധനകള്‍ പറഞ്ഞു. അച്ഛന്‍ എന്നെ നോക്കി.

“സമ്മതം സര്‍” ഞാന്‍ പറഞ്ഞു.

“ങാ പിന്നെ, കോളജിലെ കാമ്പസ് ലൈഫ് മറന്നിട്ടേ ഇങ്ങോട്ട് വരാവൂ. നോ ലൂസ് ടോക്, നോ അണ്‍നെസെസ്സറി ഫോണ്‍ കോള്‍സ്..നോ ചാറ്റിംഗ്..കൃത്യ സമയത്ത് ജോലിക്കെത്തണം.

എന്തെങ്കിലും റോംഗ് ആയി കണ്ടാല്‍ സ്പോട്ടില്‍ പിരിച്ചുവിടും..ജസ്റ്റ് റിമംബര്‍ ഇറ്റ്‌” ഭീഷണിച്ചുവയോടെ അയാള്‍ പറഞ്ഞത് ഞാനും അച്ഛനും തലയാട്ടി സമ്മതിച്ചു.

അങ്ങനെ ഞാനവിടെ അടുത്ത ദിവസം തന്നെ ആ കാട്ടാളന്റെ ഒപ്പം ജോലിക്ക് കയറി.

ആദ്യദിവസം തന്നെ ഒരുകാര്യം എനിക്ക് മനസ്സിലായി.

സ്റ്റാഫിന് മാത്രമല്ല, ജനറല്‍ മാനേജര്‍ക്ക് വരെ ഈ സജിത്ത് എന്ന ജീവിയെ പേടിയാണ്. ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് മൊത്തം, മറ്റു ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഉള്ളവര്‍ക്ക് വരെ അയാളെ ഭയമാണ്. അക്കൌണ്ട്സ് വലിയ അധികാരമുള്ള ഒരു ഡിപ്പാര്‍ട്ട്മെന്റ് ആണ് എന്നെനിക്ക് മനസിലായി. ഒരു കമ്പനിയുടെ പോലീസ് ആണ് ശരിക്കും അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ്.

അതിലേറെ സജിത്തിന്റെ സ്വഭാവമായിരുന്നു ഭീകരം. ഭയന്നുഭയന്നാണ് അയാളുടെ സ്റ്റാഫ് ഓരോ നിമിഷവും തള്ളി നീക്കിയിരുന്നത്. എനിക്ക് അവരോട് സഹതാപം തോന്നി. എന്ത് വൃത്തികെട്ട അന്തരീക്ഷമാണ് ഇത്. ഇങ്ങനെ പേടിച്ചു ജോലി ചെയ്യേണ്ട കാര്യം എന്താണ്? ഇതിനൊരു പരിഹാരം കണ്ടേ തീരൂ എന്ന് ഞാനുറച്ചു.

അതിനുവേണ്ടി ആദ്യമായി ഞാന്‍ ചെയ്തത് ജോലിയില്‍ മികവ് കാട്ടുക എന്നതായിരുന്നു.

ഞാന്‍ കയറിയ ദിനം മുതല്‍ എന്നെ തെറി പറയാന്‍ സജിത്തിന് ഒരു അവസരം പോലും ഞാന്‍ നല്‍കിയില്ല. അത് എന്റെ സഹപ്രവര്‍ത്തകരില്‍ അത്ഭുതം ഉളവാക്കി. പ്രതീക്ഷിക്കുന്നതിനെക്കാള്‍ വേഗത്തിലും കൃത്യമായും ഞാന്‍ ജോലി ചെയ്യുന്നത് അയാള്‍ക്ക് നിരാശ സമ്മാനിച്ചോ എന്നെനിക്ക് തോന്നാതിരുന്നില്ല. കാരണം ബാക്കി ഉള്ള സകലരെയും ദിവസത്തില്‍ ഒരു തവണ എങ്കിലും അയാള്‍ ഫയര്‍ ചെയ്യാറുണ്ട്. എന്നെ പക്ഷെ അങ്ങനെ ഫയര്‍ ചെയ്യാന്‍ ഒരുകാരണവും അയാള്‍ക്ക് ഞാന്‍ നല്‍കിയില്ല.

ജോലിയില്‍ പൂര്‍ണ്ണ ശ്രദ്ധ കാണിക്കുന്നതിനൊപ്പം മറ്റു ചില രഹസ്യ നീക്കങ്ങളും ഞാന്‍ നടത്തുന്നുണ്ടായിരുന്നു.

ഒരു ദിവസം രാവിലെ സജിത്ത് ക്യാബിനിലേക്ക് വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഗുഡ് മോണിംഗ് പറഞ്ഞു.

അയാള്‍ മറുപടി നല്‍കാറില്ല. ഒന്ന് മൂളിയിട്ട് നേരെ ഉള്ളിലേക്ക് കയറും. അന്ന് ആള് കയറി ഇരുന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ബാഗില്‍ നിന്നും ചെറിയ ഒരു കവര്‍ എടുത്ത് ക്യാബിന്റെ മുന്‍പിലെത്തി.

“മേ ഐ കമിന്‍ സര്‍” ഞാന്‍ ചോദിച്ചു.

“കമിന്‍”

ഉള്ളിലേക്ക് ചെന്ന ഞാന്‍ കവറില്‍ നിന്നും രാവിലെ ഞങ്ങളുടെ പൂന്തോട്ടത്തിലെ റോസാച്ചെടിയില്‍ നിന്നും ഇറുത്ത ഒരു പൂവ് അയാളുടെ നേരെ നീട്ടി ഇങ്ങനെ പറഞ്ഞു:

“മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദിസ് ബ്യൂട്ടിഫുള്‍ ഡേ സര്‍”

സജിത്ത് തലയുയര്‍ത്തി എന്നെ നോക്കി. ആ മുഖത്തെ ഭാവം എനിക്ക് മനസിലായില്ല. ഒരു ഫയറിംഗ് ഉള്ളിന്റെയുള്ളില്‍ ഞാന്‍ ഭയക്കുന്നുണ്ടായിരുന്നു. പുറത്തുള്ളവര്‍ ഉള്ളിലേക്ക് ശ്വാസമടക്കി നോക്കി ഇരിക്കുകയാണ്.

“ഹൌ..ഹൌ ഡിഡ് യു നോ ഇറ്റ്‌?” അവസാനം സജിത്ത് ആദ്യമായി ഒരു മനുഷ്യന്റെ സ്വരത്തില്‍ ചോദിച്ചു.

“അറിയാന്‍ ശ്രമിക്കുന്നവര്‍ അറിയും സര്‍..ഹാപ്പി ബര്‍ത്ത്ഡേ….”

അത്രയും പറഞ്ഞിട്ട് ഞാന്‍ ക്യാബിന്റെ പുറത്തേക്ക് ഇറങ്ങി. എന്റെ സഹപ്രവര്‍ത്തകര്‍ ഗൂഡമായ മന്ദസ്മിതത്തോടെ തലയാട്ടുന്നത് നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാന്‍ സീറ്റില്‍ ഇരുന്നു.

പ്രതീക്ഷിച്ച ബോംബ്‌ സ്ഫോടനം ഉണ്ടാകാഞ്ഞതിന്റെ ആശ്വാസം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. സീറ്റില്‍ ഇരുന്ന് ക്യാബിന്റെ ഉള്ളിലേക്ക് നോക്കിയപ്പോള്‍ ആള്‍ ആ പൂവും മണത്ത് ചാരി അങ്ങനെ ഇരിക്കുകയാണ്.

അന്ന് സജിത്ത് ആരെയും വഴക്ക് പറഞ്ഞില്ല. ആ മുഖത്ത് സ്ഥായിയായി നിലനിന്നിരുന്ന കര്‍ക്കശഭാവം ഞങ്ങളാരും അന്ന് കണ്ടില്ല.

അടുത്ത ദിവസം സജിത്ത് ലഞ്ച് സമയത്ത് എന്നെ ഉള്ളിലേക്ക് വിളിപ്പിച്ചു. ലഞ്ച് ബ്രേക്കില്‍ ഓഫീസില്‍ ആരും കാണില്ല. ആഹാരം കഴിക്കാനായി ഒരു ഹാള്‍ പ്രത്യേകമായി ഉണ്ട്. പക്ഷെ ഞാന്‍ ലഞ്ച് കഴിക്കുന്നത് എന്റെ സീറ്റില്‍ത്തന്നെ ഇരുന്നാണ്.

“ഇരിക്ക്” ഉള്ളിലേക്ക് ചെന്ന എന്നോട് സജിത്ത് പറഞ്ഞു. ഞാന്‍ മെല്ലെ ഇരുന്നു. സജിത്ത് എന്റെ കണ്ണുകളിലേക്ക് നോക്കി; തികച്ചും സൌമ്യമായ നോട്ടം.

“മനീഷ..നിനക്കൊരുപക്ഷേ അറിയില്ലായിരിക്കും;

ജീവിതത്തിലാദ്യായി എനിക്കൊരു പിറന്നാള്‍ ആശംസ നേരുന്ന വ്യക്തി നീയാണ്. എനിക്ക് അതിനൊരു നന്ദി പറയാന്‍ പോലും ഇന്നലെ സാധിച്ചില്ല. അയാം സോറി ഫോര്‍ ദാറ്റ്..

വളരെ, വളരെ നന്ദി”

ശരിക്കും ഞെട്ടിപ്പോയി ഞാന്‍; ഞെട്ടിയത് ആ വാക്കുകള്‍ കേട്ടല്ല; ആ കണ്ണുകളിലെ നനവ് കണ്ടാണ്‌. അയാളുടെ കോപവും പകയും ധാര്‍ഷ്ട്യവും എല്ലാം ഇല്ലാതായത് പോലെ. എന്റെ മുന്‍പില്‍ ഇരിക്കുന്നത് ഒരു ചെറിയ കുട്ടിയാണ് എന്നെനിക്ക് തോന്നിയ നിമിഷങ്ങള്‍.

“ആരെങ്കിലും വേണ്ടേ സര്‍ ചില നല്ല കാര്യങ്ങള്‍ തുടങ്ങാന്‍? എനിക്കാണ് അങ്ങേയ്ക്ക് ജന്മദിനം ആശംസിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത്..അതില്‍ ഞാന്‍ അഭിമാനിക്കുന്നു…” പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു.

ഒരു സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. ഒപ്പം പുതിയ ഒരു അന്തരീക്ഷവും. ശ്വാസം മുട്ടലോടെ ജോലി ചെയ്തിരുന്ന എന്റെ സഹപ്രവര്‍ത്തകര്‍ അവിശ്വസനീയതയോടെയാണ് ഓഫീസിലെ അന്തരീക്ഷത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടത്. അതിനു കാരണക്കാരിയായ എന്നെ അവര്‍ സ്നേഹം കൊണ്ട് പൊതിയുക തന്നെ ചെയ്തു.

ഇടവേളകളില്‍ സജിത്ത് എന്നെ വിളിപ്പിച്ച് സംസാരിക്കും. ഞങ്ങള്‍ ഏറെക്കുറെ സുഹൃത്തുക്കളെപ്പോലെ ആയിക്കഴിഞ്ഞിരുന്നു.

മനസ്സ് തുറന്ന് സംസാരിക്കാന്‍ ആരംഭിച്ച സജിത്ത് എന്നില്‍ വേദനയും അത്ഭുതവും ആദരവും നിറച്ചു. രണ്ടാനമ്മയുടെ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി, സ്നേഹം എന്തെന്നറിയാതെ വളര്‍ന്ന,

കഠിനാധ്വാനിയും ലക്ഷ്യബോധവും ഉള്ള ഒരു ചെറുപ്പക്കാരന്റെ കഥ ഞാന്‍ ആ സൌഹൃദത്തിലൂടെ അറിയുകയായിരുന്നു. മനുഷ്യത്വമുള്ള സമീപനം ലഭിക്കാതെ മുരടനായി വളര്‍ന്ന, അതിബുദ്ധിമാനായ അവന്‍ ലോകത്തോട്‌ പകരം വീട്ടനായിരുന്നു നാളിതുവരെ ജീവിച്ചിരുന്നത്. വെറുപ്പും പകയുമല്ലാതെ മറ്റൊന്നും ഒരാളോടും തോന്നിയിട്ടില്ല എന്ന് സജിത്ത് പറഞ്ഞപ്പോള്‍ എന്റെ മനസ്സ് തേങ്ങി.

ഒരിക്കല്‍, എല്ലാവരും പോയിക്കഴിഞ്ഞുള്ള ഒരു വൈകുന്നേരം സജിത്ത് പറഞ്ഞതനുസരിച്ച് ഞാന്‍ ഓഫീസില്‍ത്തന്നെ ആയിരുന്നു. സാധാരണ എന്നെ ഉള്ളിലേക്ക് വിളിപ്പിച്ച് സംസാരിക്കുന്ന സജിത്ത്,

അന്ന് എന്റെ സീറ്റിലേക്ക് വന്ന് എനിക്കെതിരെ ഒരു കസേര നീക്കിയിട്ട്‌ ഇരുന്നു.

“എന്ത് പറ്റി സര്‍..ഇന്ന് കാക്ക മലര്‍ന്നു പറക്കുമോ?” ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

സജിത്ത് മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കിയിട്ട്,

ഇങ്ങനെ ചോദിച്ചു:

“മനീഷ..നിനക്ക്..നിനക്കെന്റെ ജീവിതത്തിലേക്ക് വരാമോ?”

ഒരു നിമിഷം ഞാന്‍ സ്തംഭിച്ചിരുന്നു പോയി; മുഖവുരയില്ലാതെ പെട്ടെന്നുള്ള ആ ചോദ്യം നേരിടാനുള്ള മാനസികബലം എനിക്ക് ഉണ്ടായിരുന്നില്ല.

ഞാന്‍ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കിയിരിക്കെ സജിത്ത് തുടര്‍ന്നു:

“ഞാന്‍ ഇന്നേവരെ വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ടില്ല.

വെറുപ്പായിരുന്നു എനിക്ക് സ്ത്രീകളോട്; ഏതു സ്ത്രീയെ കണ്ടാലും അവരുടെ, എന്റെ രണ്ടാനമ്മയുടെ മുഖമാണ് എന്റെ മനസ്സില്‍ തെളിയുക. എന്നാല്‍ എന്റെ നേരെ നീ ആ പുഷ്പം വച്ചുനീട്ടിയ അന്നുമുതല്‍, അവരുടെ മുഖം ഞാന്‍ മറന്നു;

നീ..നീയാണ് ഇന്നെന്റെ മനസ് നിറയെ. എങ്കിലും നിന്നെ ഞാന്‍ നിര്‍ബന്ധിക്കില്ല. നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം മതി..ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ എനിക്ക് നല്ലപോലെ സാധിക്കും..”

ഞാന്‍ ആ മുഖത്തേക്ക് തന്നെ സാകൂതം നോക്കിയിരുന്നുപോയി. എന്നിലൂടെ അടിമുടി മാറിയ, നരകമായിരുന്ന ഓഫീസ് അന്തരീക്ഷം സ്വര്‍ഗ്ഗമാക്കി മാറ്റി എന്നെ അംഗീകരിച്ച മനുഷ്യനാണ് ഈ ഇരിക്കുന്നത്. അതും സാധാരണക്കാരനല്ല, ചെറിയ പ്രായത്തില്‍ത്തന്നെ ജീവിതവിജയത്തിന്റെ പടവുകള്‍ അനായാസം ഓടിക്കയറിയ മിടുക്കന്‍.

ഈ മുഖം കണ്ണാടിയുടെ ഉള്ളിലൂടെ ആദ്യം കണ്ടപ്പോള്‍ത്തന്നെ എന്റെ മനസ്സില്‍ നാമ്പിട്ടിരുന്നത് പ്രണയമായിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു ഞാന്‍. യാന്ത്രികമായി, സ്വയമറിയാതെ എന്റെ വലതുകരം അദ്ദേഹത്തിന് നേരെ നീണ്ടു..രണ്ടു തുള്ളി കണ്ണീര്‍ ഞങ്ങള്‍ ഇരുവരുടെയും നേത്രങ്ങളില്‍ നിന്നും ഉതിര്‍ന്നു വീണ ആ നിമിഷം, ആ വിരലുകള്‍ പതിയെ, വളരെ പതിയെ എന്റെ കരം കവര്‍ന്നു