Karimizhi

The World of Malayalam Stories

Malayalam short stories

മരുമകൾ

മരുമകൾ
കുഞ്ഞ് കരയുന്നത് കേട്ടില്ലേ മോളെ,വാതിൽ തുറക്കു.. വിലാസിനിയമ്മ വാതിലിൽ മുട്ടി വിളിച്ചു. സമയം പത്തു മണിയെ ആയിട്ടുള്ളു കൃഷ്ണപ്രിയ അപ്പോഴേക്കും വാതിലടച്ച് ഉറങ്ങിയിരുന്നു. ഇതിപ്പോൾ പതിവായിരിക്കുകയാണ് തന്റെ മരുമകൾ. ഏഴുമണി ആവുമ്പോഴേക്കും ചോറുണ്ട് കിടക്കും. എത്ര പറഞ്ഞാലും കേൾക്കില്ല. ഒരേയൊരു മകൻ ദുബായിലേക്ക് പോയതിൽ പിന്നെ ഇതാണ് വീട്ടിലെ അവസ്ഥ. അന്നേ അവനോടു പറഞ്ഞതാ കുറഞ്ഞത് ഇരുപത്തി അഞ്ചുവയസ്സ് എങ്കിലും കഴിഞ്ഞ കുട്ടിയെ ആലോചിച്ചാൽ മതിയെന്ന്. കേൾക്കണ്ടേ.. അനുഭവിക്കുക തന്നെ ശിവശിവാ..
കുറേ സമയം വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് നീരസത്തോടെ കൃഷ്ണപ്രിയ വാതിൽ തുറന്നത്.മോളെ കുഞ്ഞ് കരയുന്നത് കേട്ടില്ലേ? എത്ര സമയമായി ഞാൻ വിളിക്കുന്നു.
ഉറക്കം പോയതിന്റെ ദേഷ്യം അവളുടെ മുഖത്ത് വായിച്ചെടുക്കമായിരുന്നു. ഞാൻ ഉറങ്ങിപോയതാ അമ്മേ.. അവൾ പറഞ്ഞു.
ഉം.. നീ ഉറങ്ങുമ്പോൾ വാതിലടക്കണ്ട. രാത്രി എന്തെങ്കിലും സംഭവിച്ചാൽ പോലും നീ അറിയില്ല. നിന്റെ ഫോൺ ഓഫാണോ. മനു എന്റെ ഫോണിലേക്കു വിളിച്ചിരുന്നു. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നു പറഞ്ഞു. ഫോണിൽ നെറ്റ് തീർന്നു. അതുകൊണ്ടു ഫോൺ സ്വിച് ഓഫ്‌ ആക്കിവച്ചു.
അവൻ ജോലി കഴിഞ്ഞു വന്നിട്ടല്ലേ ഫോൺ വിളിക്കുന്നത്‌. നിനക്ക് എന്നും ആ സമയത്ത് ഫോൺ നോക്കിക്കൂടെ.
എന്റെ വീട്ടിൽ എന്നും ഏഴുമണിയാകുമ്പോൾ ഭക്ഷണം കഴിക്കും, പത്തു മണിയാകുമ്പോൾ കിടന്നുറങ്ങും. ഞങ്ങൾ അതാണ്‌ ശീലം. ആരോഗ്യത്തിനുനല്ലത് അതാണെന്ന് അമ്മപറയുന്നത്.
മോള് പറഞ്ഞതൊക്കെ ശരിതന്നെ പക്ഷെ ഒരുകുഞ്ഞുണ്ടായി കഴിഞ്ഞാൽ വീട്ടിൽ ശീലിച്ച പോലേ കാര്യങ്ങൾ നടക്കുമോ. ഭർത്താവ് ഗൾഫിൽ ജോലി കഴിഞ്ഞ് വന്ന്‌ ഫോൺ വിളിക്കുമ്പോൾ ഭാര്യ ഉറങ്ങുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ.

അമ്മക്ക്‌ മോന്റെയും മോന്റെ കുഞ്ഞിനേയും കാര്യം മാത്രമല്ലേ എപ്പോഴും പറയാനുള്ളൂ. എന്നെക്കുറിച്ചു എന്തെങ്കിലും വിചാരമുണ്ടോ.

മോളെ എനിക്ക് വയസ്സായി തുടങ്ങി, ഇനി എത്ര കാലം എന്നുവച്ചാണ് ഞാൻ ജീവിച്ചിരിക്കുക. നീയാണ് നിന്റെ കുടുംബം നോക്കേണ്ടവൾ. മക്കളെ നല്ല ശീലം പഠിപ്പിച്ചു വളർത്തേണ്ടവൾ എന്നിട്ട് നീ ഇങ്ങനെ തുടങ്ങിയാലോ.

ഒന്ന് നിർത്തുന്നുണ്ടോ, എനിക്ക് വയ്യ ഈ വീട്ടിൽ കഴിയാൻ. ഞാൻ എന്റെ വീട്ടിലേക്കു പോവുകയാണ്. ചേട്ടൻ വിളിക്കുമ്പോൾ പറഞ്ഞേക്കും. കൃഷ്ണപ്രിയ ദേഷ്യത്തോടെ കരയുന്ന കുഞ്ഞിനെയുമെടുത്ത് അച്ഛൻ സമ്മാനമായി നൽകിയ കാറിൽ രാത്രിതന്നെ വീട്ടിലേക്കു ഡ്രൈവ് ചെയ്തു പോയി..

കാലത്തിന്റെ പോക്കേ.. വിലാസിനിയമ്മ തലക്കു കയ്യും കൊടുത്തു ഇരുന്നു പോയി.. നാളെ മകൻ വിളിക്കുമ്പോൾ എന്ത് ചെയ്യുമെന്ന് ആലോചിച്ച്.
🌹ധന്യ

LEAVE A RESPONSE