“കിടക്കുവ എനിക്കു വയ്യ” ചാറ്റിനിടയിൽ അഭിയുടെ മെസ്സേജ് കണ്ടതോടെ എന്തു പറ്റി എന്നു ചോദിച്ചു കൊണ്ട് ഞാൻ അവളുടെ മറുപടിക്കു വേണ്ടി മൊബൈലിലേക്കു നോക്കി.
“വയറു വേദനയാ” അവളുടെ മറുപടി വന്നു. ആ പറഞ്ഞതിന്റെ അർഥം മനസിലാകാൻ എനിക്കു അധികനേരം വേണ്ടി വന്നില്ല.
“നല്ല വേദന ഉണ്ടോ?” മാസമുറയുടെ ആണെന്ന് ഊഹിച്ചു കൊണ്ട് തന്നെ ഞാൻ ചോദിച്ചു. ഉണ്ടെന്ന മറുപടിയും കിട്ടി.
“എന്തേ ഇന്ന് വായ്നോക്കാനൊന്നും പോയില്ലേ? ഓൺ ലൈൻ തന്നെ ഉണ്ടല്ലോ” പതിവുപോലെ എന്നെ ഒരു കോഴി ആയി ചിത്രീകരിക്കാനുള്ള ശ്രമം അവൾ തുടങ്ങി.
“വായ്നോക്കി നിന്റെ അച്ഛൻ” എന്റെ മറുപടിയിൽ ഒട്ടും മയമുണ്ടാകാറില്ല. അച്ഛനു വിളി കേട്ടതോടെ അവൾക്ക് സമാധാനം ആയെന്നു തോന്നുന്നു. അവൾ മറുപടിക്കു പകരം കൊറേ ഇമോജികൾ അയച്ചു കൊണ്ട് ഓൺലൈനിൽ തന്നെ നിന്നു.
“നിങ്ങൾ ആണുങ്ങൾക്കൊക്കെ എന്തു സുഖാ ഇങ്ങനത്തെ ഒരു പ്രശ്നവും ഇല്ലല്ലോ. എപ്പൊ വേണേലും എവിടെ വേണേലും പോവുകയും ചെയ്യാം” അവളുടെ നിരാശ നിറഞ്ഞ മെസേജ് ഡിസ്പ്ലെയിൽ തെളിഞ്ഞു. അടുത്ത കൂട്ടുകാരൻ എന്ന നിലയ്ക്ക് ഞങ്ങൾക്കിടയിൽ എന്തും തുറന്നു സംസാരിക്കാനുള്ള ഒരു സ്പേസ് ഉണ്ടായിരുന്നു.
“എടീ ഈ വേദനയൊക്കെ ഉണ്ടല്ലോ ഒരു കല്യാണം കഴിയുന്നതോടെ മാറും പിന്നെ കുഴപ്പമില്ല” ആണുങ്ങളോടുള്ള അവളുടെ അസൂയ കണ്ടതോടെ ഞാൻ അവളെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.
“അതെന്താ കല്യാണം കഴിഞ്ഞാൽ ഈ വേദനയൊക്കെ കെട്ട്യോൻ കൊണ്ടു പോകുമോ?” അവളുടെ മെസേജിൽ പുച്ഛഭാവം.
“കെട്ട്യോൻ കൊണ്ടു പോകേണ്ട കാര്യമൊന്നും ഇല്ല. അതൊന്നും മനസിലാക്കാനുള്ള പ്രായം നിനക്ക് ആയിട്ടില്ല. ആകുംബോൾ മനസിലാകും എങ്ങനാ വേദന പോകുന്നേ എന്നു” മറുപടി അയച്ചു ഞാൻ എന്റെ ജോലിയിൽ മുഴുകി.
“പറഞ്ഞാലല്ലേ മനസിലാകുള്ളൂ. ഇയാൾക്ക് പറഞ്ഞാലെന്താ?” വീണ്ടും അവളുടെ മെസേജിന്റെ ശബ്ദം കേട്ടതോടെ ഞാൻ പണി മതിയാക്കി മൊബൈൽ കൈയ്യിലെടുത്തു.
“അതിപ്പൊ എങ്ങനാ നിന്നെ കാര്യം പറഞ്ഞ് മനസിലാക്കുക. അതായത് നിന്റെ കല്യാണം കഴിഞ്ഞു എന്നു കരുതുക. ഞാനാണു നിന്നെ കെട്ടിയതു എന്നും കരുതുക” പൂർത്തിയാക്കാത്ത മെസേജ് ഞാനവൾക്ക് സെന്റു ചെയ്തു കൊടുത്തു.
“ഉം കരുതി” ആകാംക്ഷയോടെ അവൾ ബാക്കിക്കു വേണ്ടി മൊബൈൽ നോക്കി.
” ആ അങ്ങനെ കെട്ടിക്കഴിഞ്ഞു ഞാൻ പകൽ ജോലിക്കൊക്കെ പോയി രാത്രി വരുംബൊഴാണ് നീ ഈ വേദനയെ പറ്റി പറയുന്നത് എന്ന് കരുതുക”
“ഉം”
”അതൊക്കെ കേട്ട് കിടക്കാൻ നേരം എന്റെ കൈ നിന്റെ വയറിന്റെ മേലെ ആയിരിക്കും ഉണ്ടാവുക. അതായത് എന്റെ വലതുകൈക്കുള്ളിലാകും നീ. അങ്ങനെ കിടക്കുംബോൾ എന്റെ കൈയിലെ ചൂട് തട്ടി പതുക്കെ വയറു വേദന കുറയും” അതും പറഞ്ഞ് അവൾ എന്താണ് മറുപടി ഇടുക എന്നറിയാൻ ഞാൻ കാത്തിരുന്നു.
“അപ്പൊഴും വേദന കുറഞ്ഞില്ലെങ്കിലോ?” അവളുടെ സംശയം.
“അതൊക്കെ കുറയും ഇനി കുറഞ്ഞില്ലെങ്കിൽ തന്നെ നീ എന്നെ ഓർത്ത് കണ്ണടച്ചു കിടന്നാൽ മതി. അങ്ങനെ കണ്ണടച്ചു കിടക്കുമ്പോൾ ഞാനെന്റെ ചുണ്ടുകൾ കൊണ്ട് നിന്റെ നെറ്റിയിൽ ഒരു മരുന്നു തരും ,വേദന മാറാൻ!” ഈ മെസേജ് വായിക്കുംബോൾ ചിരിക്കുന്ന അവളുടെ മുഖമായിരുന്നു എന്റെ മനസിൽ.
“അയ്യട. ഹമ് മ്” അവളുടെ മറുപടി അത്രയും മാത്രം.
“കാര്യം പറഞ്ഞതാ നീ വേണേ നോക്കിക്കോ. എന്നിട്ടു കണ്ണടച്ചു കിടക്ക്” അതും പറഞ്ഞ് ഞാൻ ഫോൺ താഴെ വെച്ചു.
xxx
കണ്ണടച്ചു കിടക്കുംബോഴും ശ്രീയെ പറ്റി ആയിരുന്നു എന്റെ മനസിലെ ചിന്ത. എന്തോ അവന്റെ മെസേജുകളിൽ നിറയുന്ന ഒരു തരം പോസിറ്റീവിറ്റി പലപ്പോഴും എന്നെ അൽഭുതപ്പെടുത്തിയിട്ടുണ്ട്.
” നീ ഒരു കാര്യം ചെയ് അടുത്ത് തലയിണ ഇല്ലേ അത് എടുത്ത് നിന്റെ വയറേൽ ചേർത്തു വെച്ച് നിന്റെ കൈകൾ കൊണ്ട് അതിനെ കെട്ടിപ്പിടിച്ച് വേണേൽ അതിനു രണ്ട് ഉമ്മയൊക്കെ കൊടുത്തേക്ക് എന്നിട്ടു കുറച്ചു നേരം അത് നിന്റെ ഭാവി കെട്ട്യോനാണെന്ന് കരുതി കണ്ണടച്ച് നോക്ക്. അപ്പൊ വേദന ഒക്കെ പോകും” കഴിഞ്ഞ തവണ ഇതുപോലൊരു വയറു വേദന വന്നപ്പോൾ അവൻ പറഞ്ഞ വാക്കുകൾ ഇതായിരുന്നു. അന്ന് ഞാൻ അത് അനുകരിച്ചു നോക്കിയിരുന്നു എന്നതാണ് നേര്. എന്റെ മനസിലെ കുഞ്ഞു കള്ളത്തരം പോലെ അന്ന് തലയിണയെ ശ്രീ ആയി കണ്ടാരുന്നു ചേർത്തു പിടിച്ചത്.
“അതേയ് ഉമ്മ ഒക്കെ കൊടുക്കുന്നുണ്ടേൽ തലയിണ ആയി ഞാൻ തന്നെ വരാം കെട്ടോ” അന്ന് തന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കുസൃതി നിറഞ്ഞ മെസേജ് കണ്ട് ഞാൻ ഒരു പാട് ചിരിച്ചിരുന്നു. ഓർക്കുംബൊഴൊക്കെയും മിണ്ടാൻ ഓടി ചെല്ലുക അപ്പൊഴേക്കും എന്നെ നോക്കി അവന്റെയൊരു മെസേജ് ഒന്നുകിൽ വേദന കുറവുണ്ടോ? എന്ന അന്വേഷണമാകും അല്ലെങ്കിൽ ഞാൻ എവിടെ ആണെന്ന അന്വേഷണമാകും. ഇന്നും പതിവു തെറ്റിയില്ല.
“എന്താടീ വേദന കുറവില്ലെ?” അവന്റെ മെസേജ്.
ഇത്തിരി കുറവുണ്ട് എന്ന മറുപടി കൊടുത്തെങ്കിലും “ഇനി ഇപ്പൊ എന്താ ചെയ്യ അമ്മയോട് പറഞ്ഞില്ലേ നീ” എന്ന ചോദ്യമായിരുന്നു ശ്രീ അയച്ചത്. ഒരു പക്ഷേ തന്റെ വേദനകളെ അതുപോലെ ഉൾക്കൊള്ളാനും അതിനെ പറ്റി ഞാൻ ചിന്തിക്കുന്നതിനേക്കാൾ ചിന്തിക്കാനും അവനാണ് മുന്നിൽ.
“അത് കുറച്ചു കഴിയുംബോൾ മാറിക്കോളുമെന്നേ. ഇയാൾ എവിടെയാ ജോലി കഴിഞ്ഞോ?” ശ്രീയെ ആശ്വസിപ്പിച്ചു കൊണ്ട് അത് ചോദിക്കുംബൊഴും എനിക്ക് അറിയാരുന്നു അവനിപ്പൊഴും എന്തേലും ഒരു ജോലിയിൽ ആയിരിക്കും എന്ന്. ഒന്നുകിൽ അവന്റെ കൃഷിയിടത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി ഇനി ഇതൊന്നും ഇല്ലേൽ വണ്ടി കഴുകുന്നുണ്ടാകും.
“ഞാൻ വണ്ടി കഴുകുവാ” ബൈക്കിന്റെ ഫോട്ടോയ്ക്കൊപ്പം മെസേജും വന്നു. ഈ വണ്ടി എന്നു പറയുന്ന സാധനം എന്തിനാണാവോ ഇടയ്ക്കിടെ കഴുകുന്നേ കഴുകിക്കഴിഞ്ഞാൽ കുറച്ച് ഓടുംബോഴേക്കും പിന്നേം ചളിയാവില്ലേ? എന്റെ എക്കാലത്തേയും സംശയമായിരുന്നു ഇത് ഒരു തവണ ഞാൻ അത് അവനോടു ചോദിച്ചതേ ഓർമ്മ ഉള്ളൂ “നിന്നെ പോലെ കുളിക്കാതെ അല്ല കുളിപ്പിക്കണം ഇടയ്ക്ക്” ദിവസം രണ്ടുനേരം കുളിക്കുന്ന എന്റെ മുഖത്തു നോക്കി പറഞ്ഞ മറുപടി അതായിരുന്നു. അതീപ്പിന്നെ ഇങ്ങനുള്ള സംശയം എന്തേലും ചോദിക്കുന്നേനു മുന്നേ ഞാൻ രണ്ടു തവണ ആലോചിക്കും. വെറുതേ എന്തിനാ വടി കൊടുത്ത് അടി വാങ്ങുന്നേ.
ഒരു ദിവസം ഒരു ജോലിക്ക് വേണ്ടിയുള്ള ആപ്ലിക്കേഷൻ അയക്കാൻ വേണ്ടി ടൗണിൽ നെറ്റ് കഫേയിൽ പോയി ബസ് സ്റ്റാൻഡിൽ നിൽക്കുംബോഴാണ് സ്റ്റാൻന്റിന്റെ അങ്ങേ തലയ്ക്കൽ ശ്രീ നിൽക്കുന്നത് ഞാൻ കണ്ടത്. മുണ്ടും ഷർട്ടുമാണ് വേഷം. ബൈക്ക് വാങ്ങിയതിൽ പിന്നെ ഒരിക്കൽ പോലും ബസിൽ കേറാത്ത ആളെന്താണാവോ ബസ്സ്റ്റാൻഡിൽ! കൂടെ വന്ന എന്റെ ക്ലോസ് ഫ്രണ്ട് നിത്യയുടെ കൈയ്യും പിടിച്ച് വലിച്ച് ഒരു നടത്തമായിരുന്നു ശ്രീയുടെ അടുത്തേക്ക്. അവളോട് ഞാൻ ശ്രീയെ കുറിച്ച് പറയുകയല്ലാതെ ഇതുവരെ അവൾ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.
“എന്താ ഇവിടെ? ബൈക്ക് എവിടെ?” മുന്നിലെത്തിയതേ ഞാൻ ചോദിച്ചു.
“ബൈക്കിനു ചെറിയ പണി ഉണ്ട് വർക്ക് ഷോപ്പിൽ വെച്ചിരിക്കുവാ. നീ എന്താ ഇവിടെ?” ഉത്തരം പറയുന്നതിനിടെ പുള്ളി നിത്യയുടെ മുഖത്തേക്കും നോക്കി.
ഞാൻ അവിടെ വന്ന കാര്യങ്ങളൊക്കെ പറഞ്ഞു. നിത്യയെ പരിജയപ്പെടുത്തുകയും ചെയ്തു.
“ഇവൾ എന്താ എന്നെ പറ്റി പറഞ്ഞെ?” എന്നെ നോക്കി കൊണ്ട് നിത്യയോടാണ് പുള്ളി ചോദിച്ചത്.
“അത് പിന്നെ അഭി പറയാറുണ്ട് ഏട്ടനെ അറിയാം എന്നൊക്കെ ” ഒരു ചിരിയോടെ നിത്യ പറഞ്ഞു.
“അഭിയോ ഏത് അഭി… ഇവളെ നാട്ടിൽ എല്ലാരും വിളിക്കുന്നത് പാറു എന്നാണ് , ചിലർ ആർത്തിപ്പാറു എന്നും വിളിക്കും” എനിക്കിട്ട് നല്ലൊരു കൊട്ട് തന്നെയാണ് ശ്രീ തന്നത്. സത്യത്തിൽ നാട്ടിലോ വീട്ടിലോ എനിക്ക് അങ്ങനെ ഒരു പേരുണ്ടായിരുന്നില്ല. ശ്രീ തന്നെയാണ് ഇടയ്ക്ക് ചാറ്റിനിടയിൽ അങ്ങനെ ഒരു പേര് ഉണ്ടാക്കിയത്. ആദ്യം പാറു എന്ന വിളി ആയിരുന്നു. പിന്നീട് ഒരിക്കൽ ബിരിയാണി കഴിക്കുന്നതിനിടയിൽ ഫോട്ടോ അയച്ചു കൊടുത്തതാണ് അന്നാണ് പാറു എന്ന വിളി ആർത്തിപ്പാറു ആക്കിയത്. എന്നെ കളിയാക്കുംബോൾ മാത്രമാണ് ആ പേരുകൾ പുള്ളി എടുത്തു പറയുക. ഇനീപ്പൊ എന്തായാലും നന്നായി നിത്യയ്ക്ക് ഇതുമതി പറഞ്ഞു ചിരിക്കാൻ.
“ആളൊരു പഴഞ്ചനാണല്ലോ, മുണ്ടും ഷർട്ടും ഒക്കെ ആണല്ലോ വേഷം.” അവിടുന്നു തിരിച്ചു ബസിൽ കേറിയപ്പോഴേ നിത്യ അഭിപ്രായം പറഞ്ഞു. എന്റെ സംസാരത്തിലെ രീതികൾ കണ്ടാവാം പുള്ളിയോടുള്ള എന്റെ താൽപര്യം നിത്യ മനസിലാക്കുക തന്നെ ചെയ്തു.
“നീ പാറു ആണേൽ പുള്ളി കോരൻ. പാറുവും കോരനും നന്നായി ചേരും” രാത്രി അവളുടെ വാട്സാപ്പ് മെസേജ് കണ്ട് എനിക്കു ചിരി വന്നെങ്കിലും ”നീ ഒന്ന് മിണ്ടാതെ പോയേ” എന്ന മറുപടിയാണ് ഞാനവൾക്ക് കൊടുത്തത്.
“നിന്റെ ഫ്രണ്ടിനെ കണ്ടിരുന്നു ടൗണിൽ വെച്ച്” കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് നിത്യയെ കണ്ട കാര്യം ശ്രീ പറഞ്ഞത്. ഈ കാര്യം നിത്യ എന്നോട് പറഞ്ഞതും ഇല്ല. കൂടെ അവളെ കുറിച്ച് ശ്രീ കൂടുതൽ അന്വേഷിച്ചതോടെ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു നോവ് ഉള്ളിൽ കിടന്നു. നെഞ്ചിൽ ഒരു ഭാരം എടുത്തുവെച്ച് ആകെ ഒന്നിലും ശ്രദ്ധയില്ലാത്ത ഒരു അവസ്ഥ. ശ്രീ അവളെ കുറിച്ച് അന്വേഷിക്കാൻ എന്താണ് കാരണം എന്നറിയാതെ ഞാൻ ആകെ ആലോചനയിൽ ആയി.
എന്റെ മാറ്റം കണ്ടതുകൊണ്ടാവണം അമ്മ പലതവണ കാര്യം അന്വേഷിച്ചെങ്കിലും ഒന്നിനും ഒരു മറുപടി കൊടുക്കാതെ ഞാൻ ഒഴിഞ്ഞുമാറി. ശ്രീ ആണേൽ ഓൺലൈൻ വരുന്നും ഇല്ല. പലതവണ വിളിച്ചു നോക്കിയെങ്കിലും കോൾ വെയ്റ്റിങ്ങിൽ ആയിരുന്നു. കുറച്ചു നേരം കഴിഞ്ഞു കാണും അവന്റെ കാൾ വന്നതേ ഞാൻ ഫോൺ വേഗം തന്നെ എടുത്തു. അമ്മ കേൾക്കാതിരിക്കാനെന്നോണം ഞാൻ മുറ്റത്ത് ഒരു ഭാഗത്തേക്ക് നടന്നു കൊണ്ടാണ് സംസാരിച്ചത്.
“അതേ .. ശ്രീ എന്തിനാ നിത്യയെ കാണാൻ പോയത്?” സംസാരിച്ചു തുടങ്ങിയപ്പോഴേ ഞാൻ പതുക്കെ ആ കാര്യം ചോദിച്ചു. അതിനു വ്യക്തമായ ഉത്തരം തരാതെ ശ്രീ ഒഴിഞ്ഞു മാറുന്നത് പോലെയാണ് എനിക്കു തോന്നിയത്. എനിക്കു നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.
“ഞാനവളെ കെട്ടിയാലോ എന്നാലോചിക്കുവാ. എന്തേ?” ശ്രീയുടെ ശബ്ദം ഫോണിൽ കൂടി അല്ല വന്നത് എന്ന് എനിക്കു തോന്നി..! പിന്നിലേക്ക് നോക്കുംബോൾ ഉമ്മറത്തിരുന്നു ചിരിക്കുന്ന എന്റെ അമ്മയേയും ശ്രീയേയും ആണ് ഞാൻ കാണുന്നത്.
“ഒരു സാധനം വീട്ടിലേക്ക് അയച്ചിട്ടുണ്ട് കിട്ടിയാൽ ചേർത്തു പിടിച്ചു കൂടെ കൂട്ടിയേക്കുക” ഫോൺ കട്ട് ചെയ്തപ്പോഴേക്കും തെളിഞ്ഞ മെസേജ് നിത്യയുടെ ആയിരുന്നു. .
ശുഭം.
പൈങ്കിളി എഴുത്തു 😌 മണ്ടശിരോമണി.

by