നിയോഗം
” എത്ര നേരമായി ടീന നിന്നെ ഞാൻ വിളിക്കുന്നു.. നിനക്കൊന്നും ഫോൺ എടുത്തുകൂടെ.. ” കുറേനേരം അവളെ ഫോൺ വിളിച്ചതിന്റെ അസ്വസ്ഥത അവന്റെ സംസാരത്തിൽ ഉണ്ട്..
” നിന്നെ കാണാൻ ഞാൻ വരികയല്ലേ പിന്നെന്തിനാ ഫോൺ എടുക്കുന്നത്.. ”
അവളും അവൻ ഫോൺ വിളിച്ചത് ഇഷ്ടപ്പെടാതെ പറഞ്ഞു.
” എന്നാലും എവിടെയെത്തി എന്നറിയാൻ അല്ലേ വിളിക്കുന്നത്… ”
” ഒന്ന് ഫോൺ വെച്ചിട്ട് പോ അർജുൻ…ഞാൻ ദേ വന്നുകൊണ്ടിരിക്കുകയാണ്..” അവനോട് സംസാരിക്കുമ്പോൾ അവൾക്ക് ആകെ മടുപ്പാണ്..
അർജുനും ടീനയും ഒരു കൊല്ലമായി പ്രണയത്തിലാണ്… ഒരു ജോലിയുടെ ഇന്റർവ്യൂവിൽ വച്ചാണ് ഇവർ തമ്മിൽ കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും…. ഇപ്പോൾ കുറെ ദിവസമായി അവർ പരസ്പരം കണ്ടിട്ട്…അതുകൊണ്ട് കാണാനായി ഇവിടെയുള്ള ഒരു റസ്റ്റോറന്റിൽ അവൾക്കായി അർജുൻ കാത്തുനിൽക്കുകയാണ്..
അവൻ അവളെയും കാത്തുനിൽക്കുന്ന നേരമാണ്.. ആ പെൺകുട്ടി മതിലിനോട് ചേർന്ന് നിൽക്കുന്നത് കണ്ടത്.. ആ പെൺകുട്ടി ഫോൺ തിരിച്ചും മറിച്ചു നോക്കുന്നുണ്ട്.. മുഖത്ത് ആകെ വെപ്രാളവും പേടിയും.. കണ്ണുകളും ചെറുതായി നിറഞ്ഞുനിൽക്കുന്നുണ്ട്.. പേടിയോടെ ഇനി എന്ത് ചെയ്യും എന്ന ഭാവത്തോടെ നിൽക്കുന്ന പെൺകുട്ടിയെ അർജുൻ കുറച്ചുനേരം വീക്ഷിച്ചു കൊണ്ടിരുന്നു…
ആ പെൺകുട്ടിയുടെ മുഖത്ത് ആകെ നിസ്സഹായതയാണ്.. കുറച്ചുനേരം അത് കണ്ടിട്ടും പരിചയമില്ലാത്ത പെണ്ണല്ലേ എന്ന ഭാവത്തിൽ അർജുൻ മൈൻഡ് ചെയ്തില്ലെങ്കിലും ആ പെൺകുട്ടിയുടെ മുഖമൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്.. അതുകൊണ്ട് അർജുൻ നേരെ അങ്ങോട്ടേക്ക് ചെന്നു…
” എന്തു പറ്റിയെടോ.. ” പെട്ടെന്നുള്ള അർജുന്റെ ചോദ്യത്തിൽ ആ പെൺകുട്ടി ഞെട്ടിക്കൊണ്ട് അവനെ നോക്കി..
അവൾ ഒന്നുമില്ലാ എന്ന രീതിയിൽ തലയാട്ടി…
ആ പെൺകുട്ടിക്ക് തന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലെങ്കിൽ ശരിയെന്ന രീതിയിൽ അവൻ തിരിഞ്ഞു നടക്കാൻ പോയെങ്കിലും ആ പെൺകുട്ടികളെ നിറഞ്ഞ കണ്ണുകൾ അവനെ തിരികെ ആ കുട്ടിയുടെ അടുത്തേക്ക് കൊണ്ടുവന്നു..
” എന്തായാലും പറഞ്ഞോടോ….താൻ ടെൻഷൻ അടിക്കേണ്ട.” അപ്പോഴാണ് അവൻ ആ പെൺകുട്ടിയുടെ കൈയിലെ ഫോണിലേക്ക് നോക്കുന്നത് ഡിസ്പ്ലേ ആകെ പൊട്ടിയിട്ടുണ്ട്…
” എടോ ഫോൺ പൊട്ടിയതാണോ അത് നന്നാക്കിയെടുക്കാൻ അല്ലേ ഉള്ളൂ.. ഡിസ്പ്ലേ മാറ്റിയാൽ മതി.. കുറച്ചു കാശാവും എന്നാലും പെട്ടെന്ന് തന്നെ ശരിയാക്കി കിട്ടും കുറച്ച് അപ്പുറം ഒരു മൊബൈൽ ഷോപ്പ് ഉണ്ട്. എനിക്ക് പരിചയമുള്ള കട യാണ് അവനോട് പറഞ്ഞു ഞാൻ വേഗം ഫോൺ ശരിയാക്കി തരാൻ പറയാം… ”
അവൻ പറഞ്ഞപ്പോൾ അവൾ വേണ്ട എന്ന രീതിയിൽ തലയാട്ടി..
” താൻ ഇങ്ങനെ പേടിക്കേണ്ട… എനിക്ക് തന്റെ പ്രായമുള്ള ഒരു പെങ്ങളുണ്ട്. അതുകൊണ്ട് പേടിക്കാതെ എന്ത് കാര്യം ഉണ്ടെങ്കിലും എന്നോട് പറയാം .. ”
അവൻ പറയുന്നത് കേട്ട് അവൾക്ക് കുറച്ച് വിശ്വാസമൊക്കെ തോന്നിത്തുടങ്ങി..
“അത്…. അത്…. പെട്ടെന്ന് പെട്ടെന്ന് പിരിയൻസ് ആയി ഓവർ ബ്ലീഡിങ് ആയി….”
” ഞാൻ പാഡ് വാങ്ങിക്കൊണ്ടു വരാം താൻ ടെൻഷൻ അടിക്കേണ്ട.. ”
അവൻ നോർമലായി പെരുമാറുന്നത് കണ്ട് അവൾക്കും സമാധാനം തോന്നി..
” വേണ്ട… എനിക്കൊരു ഓട്ടോ വിളിച്ച് തന്നാൽ മതി.. ഇവിടെ നിന്നിട്ട് ഓട്ടോ ഒന്നും കിട്ടുന്നില്ല.. വീട്ടിലേക്ക് വിളിക്കാൻ പോയപ്പോഴാണ് ഫോൺ താഴെ വീണത്.. ”
” അതാണോ കാര്യം ഞാൻ ദേ ഇപ്പോൾ വിളിച്ചു കൊണ്ടു വരാം.. ”
അതും പറഞ്ഞ് അവൻ തന്റെ ബൈക്ക് എടുത്ത് അപ്പുറത്തെ സ്റ്റോപ്പിലേക്ക് പോയി. അവിടെയാണ് ഓട്ടോ സ്റ്റാൻഡ്.. ഓട്ടോയും വിളിച്ച് അവൻ തിരികെ വന്നു..
ഓട്ടോ കണ്ടപ്പോൾ അവൾ വേഗം ഷാളു കൊണ്ട് തന്റെ പുറം മറച്ചുകൊണ്ട് അവനെ നന്ദിയോടെ നോക്കിക്കൊണ്ട് ഓട്ടോയിൽ കയറി..
അവൻ അവൾക്ക് ചിരിയോടെ ടാറ്റ കൊടുത്തു .. അതേ ചിരിയോടെ തിരിഞ്ഞപ്പോൾ മുഖം വീർപ്പിച്ച് ടീന നിൽകുന്നു…
” ഏതാ ആ പെണ്ണ്… ആ പെണ്ണ് നിന്റെ ആരാ.. ” അവളുടെ സംശയ പൂർണമായ ചോദ്യം കേട്ട് അവൻ അന്തിച്ചുപോയി..
” ആ പെണ്ണിന്റെ ആരുമല്ല ഞാൻ ഒരു ഓട്ടോ വിളിച്ചു കൊടുത്തതാണ്.. ”
അതുകേട്ട ഉടനെ അവൾ അവനെ ഒറ്റ തള്ളൽ കൊടുത്തു.. പ്രതീക്ഷിക്കാത്തതുകൊണ്ട് അവൻ പെട്ടെന്ന് പുറം അടിച്ചു വീണു..
ഓട്ടോയിൽ ഇരുന്ന് തിരിഞ്ഞു നോക്കിയ ആ പെൺകുട്ടി … വേറൊരു പെൺകുട്ടി വന്ന് അവനെ തള്ളി ഇടുന്നത് നിറകണ്ണുകളോടെ നോക്കി നിന്നു.. താൻ കാരണമാണ് അവർ തമ്മിൽ പ്രശ്നമുണ്ടായതെന്ന് അവൾക്ക് മനസ്സിലായി….
പിറ്റേദിവസം മുതൽ ആ പെൺകുട്ടി തന്നെ സഹായിച്ച അപരിചിതനെ അന്വേഷിക്കുകയായിരുന്നു.. താൻ കാരണം അവന്റെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണം എന്ന തീരുമാനത്തിലാണ് അവൾ..
ഒന്ന് രണ്ടാഴ്ച അവൾ ആ സ്റ്റോപ്പിൽ അവനെ നോക്കിയെങ്കിലും കണ്ടില്ല.. അങ്ങനെ ഒരു ദിവസം ബസ്സിനു പോകുമ്പോഴാണ് അവിചാരിതമായി അവൻ ഒരു കടയുടെ മുൻപിൽ നിന്ന് ആരോടോ സംസാരിക്കുന്നത് കണ്ടത്….
അവൾ അപ്പോൾ തന്നെ ബസ്സിൽ നിന്ന് ചാടി എഴുന്നേറ്റ് ക്ലീനറിനോട് ഇവിടെ ഇറങ്ങണമെന്ന് പറഞ്ഞു..
സ്റ്റോപ്പ് അല്ലാത്തതുകൊണ്ട് വണ്ടി നിർത്താൻ പറ്റില്ല എന്ന് ക്ലീനർ പറഞ്ഞെങ്കിലും.. കണ്ണ് നിറച്ചു നിൽക്കുന്ന അവളെ കണ്ട് അയാൾ സഹതാപം തോന്നി വണ്ടി നിർത്തി കൊടുത്തു..
അവൾ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങി അവൻ നിൽക്കുന്ന അടുത്തേക്ക് ഓടി…
പെട്ടെന്ന് ആരോ തന്നെ ഷോൾഡറിൽ പിടിക്കുന്നത് പോലെ തോന്നിയപ്പോഴാണ് അർജുൻ തിരിഞ്ഞു നോക്കിയത്..
നോക്കിയപ്പോൾ ചെറിയ കിതപ്പോലെ കണ്ണ് നിറഞ്ഞു നിൽക്കുന്നുണ്ട് അന്ന് താൻ സഹായിച്ച പെൺകുട്ടി..
” എന്താടോ താൻ ഓക്കേ അല്ലേ.. എന്തെങ്കിലും സഹായം വേണോ.. ”
അവൾ നിറകണ്ണുകളോടെ വേണ്ട എന്ന് തലയാട്ടി..
” പിന്നെന്തിനാ താൻ കരയുന്നത്.. ”
” ഗേൾഫ്രണ്ട് ആയിട്ടുള്ള പ്രശ്നമൊക്കെ മാറിയോ… ഞാൻ കാരണമല്ലേ അന്ന് പ്രശ്നമുണ്ടായത്.. ”
” ഓ അത്… അത് വിട്ടുകളയടോ… അതിന് താൻ വിഷമിക്കുകയൊന്നും വേണ്ട.. ”
” അന്ന് ഞാൻ കണ്ടിരുന്നു… പക്ഷേ വണ്ടി നിർത്തി ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നല്ലോ… പിന്നെ ഞാൻ ദിവസവും ആ സ്റ്റോപ്പിൽ നോക്കുമായിരുന്നു കണ്ടില്ല.. ഇന്നിപ്പോൾ ബസ്സിൽ പോയപ്പോഴാണ് കണ്ടത് അതാ വേഗം വന്നത്.. ”
” സ്റ്റോപ്പില്ലാത്ത ഇവിടെ താൻ ബസ് നിർത്തി ഇറങ്ങിയോ.. തന്നെക്കൊണ്ട് തോറ്റല്ലോ.. ”
” സത്യം പറ ഗേൾഫ്രണ്ട് ആയുള്ള പ്രശ്നം മാറിയോ..” നിറകണ്ണുകളോട് അവൾ ചോദിച്ചു..
” പ്രശ്നമൊക്കെ മാറി എല്ലാം സേഫ് ആയി.. ”
അർജുൻ പറഞ്ഞ കേട്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി.. അവൾ കണ്ണ് തുടച്ചു കൊണ്ട് ചിരിച്ചു..
” അതെ എല്ലാം ശരിയായി രണ്ടും രണ്ടു വഴിക്കു ആയി… ” അതും പറഞ്ഞുകൊണ്ട് അവന്റെ കൂടെ നിന്നിരുന്ന കൂട്ടുകാരൻ ചിരിച്ചു…
അതോടെ അവളുടെ മുഖം മങ്ങി.. കണ്ണുകൾ വീണ്ടും നിറഞ്ഞു.. അർജുൻ കൂട്ടുകാരനെ നോക്കി കണ്ണുരുട്ടി…
” ഞാൻ…. ഞാൻ കാരണമാണ് എല്ലാം സംഭവിച്ചത് ആ പെൺകുട്ടിയുടെ നമ്പർ തരുമോ…..അല്ലെങ്കിൽ എവിടെയാണെന്ന് പറഞ്ഞാൽ മതി ഞാൻ പോയി സംസാരിക്കാം…. സത്യം അറിയുമ്പോൾ എല്ലാം ശരിയാകും..”
” എടോ താൻ വിചാരിക്കുന്നത് പോലെ ഒന്നുമല്ല… അല്ലെങ്കിലും അവളെന്നെ ഒഴിവാക്കാനായി ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു.. ആ ഒരു സിറ്റുവേഷൻ നമ്മളെ കണ്ടപ്പോൾ അവൾ…. സത്യം പറഞ്ഞിട്ട് കൂടി എന്നെ വേണ്ടെന്നു വയ്ക്കാനായി അതൊരു കാരണമാക്കി എടുത്തു.. ഇതിപ്പോൾ അന്നങ്ങനെ സംഭവിച്ചില്ലെങ്കിൽ പോലും ഈ ബന്ധം പോകുമായിരുന്നു… ”
” അതെന്താ അങ്ങനെ…. ” അവൾ പോലും അറിയാതെ ചോദിച്ചു..
” അങ്ങനെയൊന്നു ചോദിച്ചാൽ…. ജോലി ലഭിക്കുന്നതിനു മുൻപ് രണ്ടുപേരും ഓരോ കാറ്റഗറിയിൽ ആയിരുന്നു… അപ്പോൾ പ്രണയിക്കാൻ കുഴപ്പമൊന്നും ഉണ്ടായില്ല.. പക്ഷേ ഇപ്പോൾ എന്നെക്കാളും പതിനായിരം രൂപ കൂടുതലുള്ള ജോലി കിട്ടിയപ്പോൾ അവൾക്ക് ഞാൻ ചേരാത്തവൻ ആയി.. കൊള്ളാത്തവൻ ആയി… സമ്പാദിക്കാൻ അറിയാത്തവനായി… പിന്നെ എന്നെക്കാളും നല്ല ഒരുത്തനെയും അവൾക്ക് കിട്ടി.. പിന്നെ എന്റെ ആവശ്യമില്ലല്ലോ…. ” അത് പറഞ്ഞപ്പോൾ പ്രണയ നഷ്ടത്തിൽ അർജുന്റെ കണ്ണും നിറഞ്ഞു..
” വിഷമിക്കേണ്ട എല്ലാം വിധിയാണ്.. എന്നാൽ ഞാൻ പൊയ്ക്കോട്ടെ.. ”
” ഓട്ടോ വിളിച്ചു തരണോ..”
” വേണ്ട ഞാൻ വിളിച്ചോളാം.. ” അതും പറഞ്ഞ് അവന് അവനെയും അവന്റെ കൂട്ടുകാരനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ നടന്നു..
” എടോ തന്റെ പേര് എന്താണ്.. ”
” തളിർ… ” പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവർ നടന്നു നീങ്ങി…
” തളിർ….. നല്ല പേരല്ലേടാ.. ”
അർജുൻ കൂട്ടുകാരനെ നോക്കിയപ്പോൾ അവൻ അർജുനെ നോക്കി തല കുലുക്കുന്നുണ്ട്..
” ഒന്ന് പോയെടാ…. നീ വിചാരിക്കുന്നു പോലെ ഒന്നുമില്ല…. അന്ന് ഞാൻ പറഞ്ഞില്ലേ അതിനെ ഒന്ന് സഹായിച്ചു എന്ന് മാത്രം…”
” എന്തായാലും ആള് കൊള്ളാം..ഒരു പാവം പെൺകൊച്ച്…” കൂട്ടുകാരൻ പറഞ്ഞപ്പോൾ അർജുൻ അവനെ കണ്ണുരുട്ടി കാണിച്ചു..
വീണ്ടും രണ്ടാഴ്ച കൂടി കഴിഞ്ഞു..
മുൻപ് തളിരും അർജുനും കണ്ടുമുട്ടിയ ബസ്റ്റോപ്പിൽ വച്ച് അവൻ അവളെ കണ്ടെങ്കിലും സംസാരിക്കാതെ മാറിനിന്നു.. ആ സമയം അവൾ അവനെ കണ്ടിരുന്നില്ല..
അവൾ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്ന നേരത്താണ് അവനെ കണ്ടത്.. അവൾ പെട്ടെന്ന് തന്നെ ഫോൺ ഓഫ് ചെയ്ത്.. സന്തോഷത്തോടെ അവന്റെ അടുത്തേക്ക് ചെയ്തു..
” എന്നെ മനസ്സിലായില്ലേ ഞാൻ തളിർ…. ” തന്നെ കണ്ടിട്ടും കാണാത്തതുപോലെ നിൽക്കുന്നത് തന്നെ മനസ്സിലാകാഞ്ഞിട്ടണോ എന്ന സംശയത്തിൽ അവൾ അവനോട് പറഞ്ഞു.
” മനസ്സിലായെടോ.. ”
അവൻ പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങി..
” എന്നിട്ടെന്താ കാണാത്തത് പോലെ നിന്നത് ഞാൻ കാരണം ഗേൾഫ്രണ്ട് പോയത് കൊണ്ടാണോ.. ” അവൾ നിറ കണ്ണുകളുടെ ചോദിക്കുമ്പോൾ അവന് പൊട്ടിച്ചിരിക്കാതിരിക്കാൻ ആയില്ല..
” എന്റെ തളിരെ തന്നെ കൊണ്ട് തോറ്റു.. ഞാൻ പറഞ്ഞല്ലോ ആ ബന്ധം പോയത് താൻ കാരണമല്ലെന്ന് പിന്നെ എന്തിനാ അത് തന്നെ പറയുന്നത്..”
” പിന്നെ എന്താ എന്നെ കണ്ടിട്ട് മിണ്ടാതെ നിന്നത്… ” ഇപ്പോൾ അവളുടെ മുഖത്ത് പരിഭവമാണ്..
അതുകണ്ട് അവന്റെ മുഖത്ത് പുഞ്ചിരിയാണ്..
” ഞാൻ വന്നു സംസാരിച്ചു…ആളുകളെ കൊണ്ട് ഓരോന്നും പറയിക്കണ്ടല്ലോ എന്ന് വിചാരിച്ചു..”
” അന്ന് ഞാൻ അത്രയും സങ്കടപ്പെട്ട് നിന്നപ്പോൾ ഈ പറഞ്ഞ ആളുകൾ ആരും എന്നോട് ഒന്നും ചോദിച്ചില്ല… നിങ്ങളല്ലേ എന്നോട് ചോദിച്ചത്.. അതുകൊണ്ട് നിങ്ങൾക്ക് എന്നോട് മിണ്ടാം….ഞാൻ നിങ്ങളോടും മിണ്ടും… ആരും ഒന്നും പറയില്ല.. എന്തെങ്കിലും പറഞ്ഞാൽ അവിടെ പറഞ്ഞോട്ടെ എനിക്ക് കുഴപ്പമില്ല.. ” മുഖമൊക്കെ വീർപ്പിച്ചുകൊണ്ട് ഉള്ള അവളുടെ സംസാരത്തിൽ അർജുന് അവൾ നല്ല ക്യൂട്ട് ആയി തോന്നി..
” ചിരിച്ചാൽ പോരാ..ഇനി എന്നോട് മിണ്ടോ… ഇനി കാണുമ്പോൾ കാണാത്തതുപോലെ നിൽക്കോ… ”
അവന്റെ നേരെ ഒരു വിരൽ ചൂണ്ടി മുഖമെല്ലാം കേറ്റിപ്പിടിച്ച് കുറുമ്പോടെ ചോദിക്കുന്ന അവളെ കണ്ട് അവൻ ചിരിയോടെ മിണ്ടാമെന്ന് പറഞ്ഞു..
” എന്നാ ശരി പോട്ടെട്ടാ…. ” അതും പറഞ്ഞ് അവൾ ഒറ്റ തിരിഞ്ഞു നടത്തം…
അവൻ അവൾ പോകുന്നത് നോക്കി ചിരിയോടെ അവൻ നിന്നു…
പിന്നെ മിക്ക ദിവസങ്ങളിലും അവർ പരസ്പരം കാണാറുണ്ട്… അവൾ അവനെ ആദ്യം കാണുകയാണെങ്കിൽ ഓടി വരും.. പക്ഷേ അവന് അവളെ കാണുമ്പോൾ ഓടിചെന്ന് സംസാരിക്കാൻ ഒരു മടിയാണ്. എങ്കിലും അവൾ പിണങ്ങും എന്ന് ഓർക്കുന്നത് കൊണ്ട് എന്തെങ്കിലും പോയി സംസാരിക്കും..
ദിവസങ്ങൾ ചെല്ലുംതോറും അവന് അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നുണ്ടായിരുന്നു..
സത്യത്തിൽ അവൾ പഞ്ചപാവം ഒന്നുമല്ല ചെറിയ കുറുമ്പി ആണ്.. പക്ഷേ അവളോട് ഏറ്റവും അടുത്ത് നിൽക്കുന്നവരോട് മാത്രമാണ് കുറുമ്പ്… താനും അവളുടെ അടുത്ത് നിൽക്കുന്ന ആളാണെന്ന് അവനെ തോന്നിത്തുടങ്ങി..
ദിവസങ്ങൾ പോകുന്തോറും അവനു ഒരു പ്രണയം അവളോട് തോന്നിത്തുടങ്ങി..
അവൾ പരസ്പരം കണ്ട് സംസാരിക്കുമെങ്കിലും ഫോൺ നമ്പർ ഒന്നും പരസ്പരം കൈമാറിയിട്ടില്ല.. അതുപോലെ ഇൻസ്റ്റയിൽ ഫേസ്ബുക്കിലോ ഒന്നും ചാറ്റിങ് ഒന്നുമില്ല…
അവൾ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയാണെന്ന് അറിഞ്ഞപ്പോൾ പിന്നെ അവൻ അവളോടുള്ള പ്രണയം മനസ്സിൽ പൂട്ടിവച്ചു… വെറുതെ എന്തിനാണ് തനിക്ക് ആലോചിക്കാൻ പോലും യോഗ്യതയില്ലാത്ത ഒരുവളെ പ്രണയിക്കുന്നത്… അവൾ ഏതു നിലയിൽ നിൽക്കുന്നു…താനോ ചെറിയൊരു ജോലി ചെയ്തു ജീവിക്കുന്നു.
ഒരു ദിവസം അവനെ കണ്ടപ്പോൾ പതിയെ അവൾ അവന്റെ അടുത്തേക്ക് വന്നു..
” എന്താ മുഖമൊക്കെ മാറിനിൽക്കുന്നത് വയ്യേ…. ”
” ഏയ്യ്…..എനിക്ക് കുഴപ്പമൊന്നുമില്ല.. എന്റെ കല്യാണം ഉറപ്പിച്ചു.. ” കുറച്ചു സങ്കടത്തോടെ ആണ് അവൾ അവനോട് പറഞ്ഞത്…
അവൾ പറഞ്ഞത് കേട്ട് അവൻ ഒരു നടുക്കം ഉണ്ടായെങ്കിലും ആ നടുക്കം മുഖത്ത് വരാതിരിക്കാൻ അവൻ അവളെ നോക്കി കഷ്ടപ്പെട്ട് പുഞ്ചിരിച്ചു..
ഈ കാര്യം കേൾക്കുമ്പോൾ അവന്റെ മുഖത്ത് നിരാശ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചവർക്ക് അവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ സങ്കടമാണ് ഉണ്ടായത്..
അവൾക്കും അവനെ ഒരുപാട് ഇഷ്ടമാണ്..
” ഇന്നലെ യാദൃശ്ചികമായി ഒരു കൂട്ടർ എന്നെ കാണാൻ വന്നത്.. എന്റെ ഏട്ടന്റെ ഓഫീസിലുള്ള ആളാ… ആൾക്ക് എന്നെ കണ്ട് ഇഷ്ടമായിട്ടു വന്നതാ.. വീട്ടിലെ എല്ലാവർക്കും ഈ ബന്ധത്തിൽ നല്ല താല്പര്യമാണ്.. ”
” അപ്പോൾ തനിക്കോ.. ” അർജുനന് ചോദിക്കാതിരിക്കാൻ ആയില്ല..
” എനിക്കറിയില്ല..വീട്ടുകാര് തീരുമാനിക്കും… ഞാൻ സമ്മതിക്കും.. ” അതും പറഞ്ഞ് അവൾ പ്രതീക്ഷയോടെ അവനെ നോക്കിയെങ്കിലും…
” അത് നന്നായി വീട്ടുകാർ എന്തായാലും നല്ലതല്ലേ തനിക്ക് തിരഞ്ഞെടുക്കു…” പുഞ്ചിരിയോടെ അവൻ പറയുന്നത് കേട്ട് സങ്കടത്തോടെ അവൾ വേഗം തിരിഞ്ഞു നടന്നു..
അവൾ പോയപ്പോൾ ഇത്രയും നേരം അവൻ ഒളിപ്പിച്ചുവെച്ചിരുന്ന നിരാശ പതിയെ പുറത്തേക്ക് ചാടി…
അവൾ തിരിഞ്ഞു നോക്കിയപ്പോൾ.. നിരാശ മൂടിവെച്ച് പെട്ടെന്ന് പുഞ്ചിരിക്കാൻ അവനു സാധിച്ചു…
തന്നെ അവന് ഒട്ടും ഇഷ്ടമല്ല എന്ന് വിചാരത്തോടെ തളിർ സങ്കടത്തോടെ പോയി…
പിന്നെ ഒരാഴ്ചയോളം അവളെ കണ്ടില്ല.. അവളെ കാണാതെ അത്രയും ദിവസം എങ്ങനെ പിടിച്ചുനിന്നു എന്ന് അവനു പോലും അറിയില്ല..
അങ്ങനെ ഒരാഴ്ച കഴിഞ്ഞ് അവർ പരസ്പരം കണ്ടു..
ആ സമയം അവൾ ആകെ അവശതയായിരുന്നു..
” തളിരെ…. എന്തുപറ്റി.. ആകെ ക്ഷീണിച്ചല്ലോ.. ”
” പനിയായിരുന്നു…. ”
” ഇപ്പോൾ താൻ ഓക്കേ അല്ലേ.. ”
” ഞാൻ ഒട്ടും ഓക്കെ അല്ല… ”
” അങ്ങനെയാണെങ്കിൽ കുറച്ചു ദിവസം കൂടി റസ്റ്റ് എടുക്കായിരുന്നില്ലേ.. ”
” റസ്റ്റ്എടുത്താൽ മാറുന്ന അസുഖമല്ല.. എനിക്ക് നല്ല സങ്കടം കൊണ്ടുവന്ന പനിയാണ്..” കണ്ണുകളോടെ അവൾ പറയുന്നത് കേട്ട് അവനും ആകെ സങ്കടം തോന്നുന്നുണ്ട്..
” എന്താ സങ്കടം വന്നത്.. ”
” സങ്കടം എങ്ങനെ വന്നു എന്നൊന്നും പറയുന്നില്ല പക്ഷേ സങ്കടം മാറാൻ ഒരു വഴിയുണ്ട് അത് ഞാൻ പറയാം.. ”
അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി നിൽക്കുകയാണ്..
“ഈ ഞായറാഴ്ച അമ്മയെയും അച്ഛനെയും കൂട്ടി വീട്ടിൽ വരുമോ..”
” തന്റെ എൻഗേജ്മെന്റ് ആണല്ലേ.. ഞാൻ ഉറപ്പായും വരാം.. അവരെയും കൂട്ടി വരാം..” സങ്കടമുണ്ടെങ്കിലും കഷ്ടപ്പെട്ട് മുഖത്ത് പുഞ്ചിരി വിരിച്ചുകൊണ്ട് അവൻ പറഞ്ഞു..
അതോടെ അവളുടെ മുഖം വീർത്തു..
” ഒരു എൻഗേജ്മെന്റും ഇല്ല. മര്യാദക്ക് ഈ ഞായറാഴ്ച അച്ഛനും അമ്മയും കൂട്ടി എന്റെ വീട്ടിൽ വന്നു കൊണ്ട് എന്നെ പെണ്ണ് ചോദിച്ചോ… എങ്ങാനും എന്നെ വേണ്ട എന്ന് പറയാനാണ് ഭാവമെങ്കിൽ… വേറൊരു കല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കില്ല എല്ലാ കല്യാണവും ഞാൻ മുടക്കും… മര്യാദക്ക് എന്നെ കെട്ടിക്കോ.. ” മുഖം വീർപ്പിച്ചുകൊണ്ട് അത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു…
അവനാണെങ്കിൽ കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ നിൽക്കുകയാണ്.. കുറച്ചുനേരം കിളി പോയത് പോലെ നിന്നെങ്കിലും പിന്നീട് അവന് സന്തോഷകൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി.
ഒരു വർഷത്തിനുശേഷം…..
പഞ്ചായത്ത് ഓഫീസിൽ നിൽക്കുകയാണ് ടീനയും ഭർത്താവും….
” മാഡം എങ്ങനെയെങ്കിലും ഇതൊന്ന് ശരിയാക്കി തരണം.. ”
” നിങ്ങൾ പേപ്പർ കറക്റ്റ് കൊണ്ടുവാ…ഞാൻ ശരിയാക്കിത്തരാം..”
” മാഡം ഒരു പേപ്പർ കൂടിയല്ലേ ഉള്ളൂ.. അത് അടുത്താഴ്ചയെ കിട്ടു.. അത്രയും ദിവസം പണി നടന്നില്ലെങ്കിൽ ആകെ നഷ്ടമാകും.. മാഡം ഒപ്പിട്ട് തരണം ഇതുകൊണ്ട് മാഡത്തിന് ഒരു ദോഷവും വരില്ലല്ലോ.. ” ടീനയുടെ ഭർത്താവ് വളരെയധികം അപേക്ഷയോടെ തളിരിനോട് പറഞ്ഞു.
അപ്പോഴാണ് അവൾക്കുള്ള ഫുഡ് ആയി അർജുൻ അവിടേക്കു വരുന്നത്…
ടീനയെയോ ഭർത്താവിനെയോ ശ്രദ്ധിക്കാതെ അവർ വേഗം തളിരിന്റെ അടുത്തേക്ക് ചെന്നു..
അർജുൻ തളിരിന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവൻ ഏതോ ആവശ്യത്തിന് ഈ സർക്കാർ ഓഫീസിൽ വന്നതാണെന്നാണ് ടീന വിചാരിച്ചത് . അതുകൊണ്ട് അവനെ കണ്ടപ്പോൾ അവൾക്ക് പുച്ഛഭാവം..
” അങ്ങ് മാറി നിൽക്ക് അർജുൻ…ഞങ്ങൾ അത്യാവശ്യ കാര്യം സംസാരിക്കുകയാണ്.. നിന്നെ പോലെ സമയത്തിൽ യാതൊരു വിലയില്ലാത്ത ആളല്ല എന്റെ ഹസ്ബൻഡ്.. ഞങ്ങളുടെ പുതിയ ബിസിനസ് സ്ഥാപനത്തിന്റെ ലൈസൻസിന് വേണ്ടി വന്നിരിക്കുന്നതാണ് നിന്നെപ്പോലെ ഏതെങ്കിലും അനുകൂല്യത്തിന് അപേക്ഷ കൊടുക്കാൻ വന്നതല്ല.. ”
ടീനയുടെ സംസാരം കേട്ട് അർജുന്റെ മുഖത്ത് പുച്ഛമാണ്.. തളിരിന്റെ മുഖം ആകെ മാറി.. നേരത്തെ തന്നെ അവൾക്ക് ടീനയെ മനസ്സിലായതാണ് പക്ഷേ അവൾ വേണ്ടെന്ന് വെച്ച കാരണം ആണ് അർജുനെ തനിക്കു കിട്ടിയത് എന്നുള്ളതുകൊണ്ട് അവൾ അവരെ ഹെൽപ്പ് ചെയ്യാമെന്ന് വിചാരിച്ചിരുന്നതാണ്… അപ്പോഴാണ് ടീനയുടെ ഈ ഷോ..
” ആ പേപ്പർ ഒരാഴ്ച കഴിഞ്ഞ് കിട്ടിയാലും ലൈസൻസ് തരാമെന്ന് ഞാൻ വിചാരിച്ചിരുന്നതാണ്.. പക്ഷേ നിങ്ങളുടെ ഭാര്യ എന്റെ ഭർത്താവിനോട് വളരെ മോശമായാണ് സംസാരിച്ചത് അതുകൊണ്ട് ലൈസൻസ് ഇപ്പോൾ തരണോ.. ഒരാഴ്ച കഴിഞ്ഞു തരണോ അതോ ഒരു മാസം കഴിഞ്ഞ് തരണോ എന്ന് ഞാൻ ഒന്നു ചിന്തിക്കട്ടെ .
തളിരിന്റെ വാക്കുകൾ കേട്ട് ടീനയും ഭർത്താവും ഞെട്ടി..
ഭർത്താവ് ഞെട്ടാൻ കാരണം ലൈസൻസ് വൈകുമെന്ന് ഓർത്തിട്ടാണ് പക്ഷേ ടീന ഞെട്ടിയത് അർജുന്റെ വിവാഹം കഴിഞ്ഞു എന്ന് മാത്രമല്ല വധു ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയാണ് എന്നറിഞ്ഞിട്ടാണ്..
” എന്താ തളിൽ… വിവരമില്ലാത്ത ഏതോ പെണ്ണ് എന്തോ പറഞ്ഞു എന്ന് വിചാരിച്ച് ഈ പാവം ആളുടെ ലൈസൻസ് ഒന്നും പിടിച്ചു വയ്ക്കല്ലേ ഇവളെ കെട്ടിയപ്പോൾ തന്നെ ആ പാവത്തിന്റെ ഗതികേട് തുടങ്ങിയതാ… ഞാനായിട്ട് ഒരു ഗതികേട് കൂടി വരുത്തണ്ട.. ” ലോകത്തുള്ള മുഴുവൻ പുച്ഛവും മുഖത്ത് വരുത്തി കൊണ്ട് അവൻ ടീനയെ നോക്കി പറഞ്ഞു..
അവളാണെങ്കിൽ മുഖം വീർപ്പിച്ച് നിൽക്കുകയാണ്.. ഭർത്താവ് അവളുടെ പ്രവർത്തിയിൽ അതൃപ്തി വന്ന് അവളെ കണ്ണുരുട്ടി നോക്കുന്നുണ്ട്….
” ഇപ്പോൾ ലഞ്ച് ടൈം ആണ്..നിങ്ങൾ ഫുഡ് ഒക്കെ കഴിച്ചിട്ട് വാ… ബ്രേക്ക് കഴിഞ്ഞു വന്നിട്ട് ഞാൻ എല്ലാം ശരിയാക്കിത്തരാം പക്ഷേ കറക്റ്റ് ഒരാഴ്ച കൂടി എനിക്ക് തരാനുള്ള പേപ്പർ കൂടി തരണം.. അത് അത്ര അത്യാവശ്യം ഉള്ള പേപ്പർ അല്ലെങ്കിൽ കൂടിയും ഇപ്പോൾ അതുകൂടി വാങ്ങി വയ്ക്കണം എന്നതാണ് നിയമം.. അതുകൊണ്ട് മാത്രം നിങ്ങൾക്ക് ഒരാഴ്ചത്തെ ഇളവ് തരുന്നു..
അതും പറഞ്ഞ് അവൾ എഴുന്നേൽക്കാൻ നേരം അർജുൻ അവളുടെ അടുത്ത് വന്ന് പതിയെ എഴുന്നേൽപ്പിച്ചു.. അപ്പോഴാണ് അവർക്ക് അവൾ ഗർഭിണിയാണെന്ന് മനസ്സിലായത്.. നിറ വയറുമായി അവൾ പതിയെ അർജുന്റെ കൈ പിടിച്ച് ഓഫീസിന്റെ ഫുഡ് കഴിക്കുന്ന കോർണറിലേക്ക് നടന്നു..
ആ സമയം ടീനയുടെ നോട്ടം അവളുടെ വയറിലേക്ക് ആയിരുന്നു.. വയറിലേക്ക് നോക്കിക്കൊണ്ട് അർജുനെ നോക്കിയപ്പോൾ.. എന്റെ മാത്രം പ്രോഡക്റ്റ് എന്ന ഭാവത്തിൽ അവളെ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചുകൊണ്ട് തളിരിനെയും ചേർത്തുപിടിച്ച് അവൻ നടന്നു..
അവൾ ആ നടത്തം ഒരു അസൂയയോടെ നോക്കി നിന്നു.. താൻ ഒരുവിധം സാമ്പത്തികം ഉള്ള ആളെ വിവാഹം കഴിച്ചെങ്കിലും സ്വാതന്ത്ര്യം അതോടെ തനിക്ക് നഷ്ടപ്പെട്ടിരുന്നു.. അയാളുടെ വാക്കുകൾക്കൊപ്പം തുള്ളുന്ന പാവയെ പോലെയായി തന്റെ ജീവിതം.. തനിക്ക് കിട്ടിയ ജോലിയും കളഞ്ഞു അയാളുടെ അടിമയെ പോലെ ജീവിക്കുന്നു.. തന്റെ ഇഷ്ടത്തിന് നടന്ന കല്യാണം ആയതുകൊണ്ട് സഹിക്കുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല..
അർജുൻ തളിരും കളിച്ചു ചിരിച്ച് നടന്നുപോകുന്നത് കണ്ടു തന്നെ കണ്ണുരുട്ടി കൊണ്ട് ദേഷ്യത്തോടെ നടന്നു പോകുന്ന തന്റെ ഭർത്താവിന്റെ പുറകെ അവൾ നടന്നു..
അവസാനിച്ചു
സുബിഷ

by