19/04/2026

പതിയെ നടന്ന് ഉമ്മറത്തേക്ക് കയറി… അവിടെയതാ നീണ്ടുനിവർന്നു കിടക്കുന്നു എന്റെ പ്രാണൻ… എന്റെ ഉണ്ണി… ഒരു ദീർഘനിശ്വാസം എന്നിൽ നിന്നുതിർന്നു… വെള്ളപുതച്ചു കിടക്കുമ്പോഴും

ബസിൽ നിന്നിറങ്ങി ആ മണ്ണിലേക്ക് കാല് കുത്തിയപ്പോൾ ഒരു തണുത്ത കാറ്റ് എന്നിൽ വീശിയടിച്ചു… ആദ്യമായി വരുന്നതാണെങ്കിലും അവരുടെ ചെക്കന് വേണ്ടി ജനിച്ച പെണ്ണിനെ ആ മണ്ണ് തിരിച്ചറിഞ്ഞത് പോലെ… ആദ്യരാത്രിയിൽ ഉടുക്കാൻ എന്ന് പറഞ്ഞ് അത്രയും ആഗ്രഹത്തോടെ അവൻ എനിക്ക് സമ്മാനിച്ച സാരിയായിരുന്നു ഞാൻ ധരിച്ചിരുന്നത്… അങ്ങനെ ആദ്യമായി അവന്റെ ആഗ്രഹം പോലെ സാരിയുടുത്ത് ഞാൻ അവനു മുന്നിൽ ചെല്ലുകയാണ്…
പതിയെ ആ വഴിയിലൂടെ ഞാൻ നടന്നു തുടങ്ങി… കുറച്ചു നടന്നപ്പോൾ ഞാൻ കണ്ടു, ആന്റണി ചേട്ടന്റ കട… മുൻപ് കണ്ടിട്ടില്ല എങ്കിലും, ആ നാടും ഓരോ മുഖങ്ങളും അവന്റെ വാക്കുകളിലൂടെ എനിക്ക് പരിചിതമായിരുന്നു… അവിടുത്തെ ഓരോ ഇടങ്ങളും കണ്ടു മറന്നത് പോലെ തോന്നിച്ചു…

വീണ്ടും മുന്നോട്ടു നടന്നപ്പോൾ അവന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴി കണ്ടു… അങ്ങോട്ട്‌ തിരിഞ്ഞപ്പോൾ കണ്ടു… ഫ്ലെക്സിൽ ചിരിച്ചു നിൽക്കുന്ന അവന്റെ മുഖം… തിരികെ ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ മുന്നോട്ടു നടന്നു… ഇത്തിരി ദൂരം ചെന്നപ്പോൾ തന്നെ വട്ടം കൂടി നിൽക്കുന്ന ആളുകൾ പ്രത്യക്ഷപ്പെട്ടു… ആരാണെന്ന രീതിയിൽ ഉള്ള നോട്ടങ്ങളെ അവഗണിച്ച് ഞാൻ മുൻപോട്ട് നടന്നു… ആ വീടിന്റെ മുൻപിൽ ഞാൻ ചെന്നു നിന്നു… ഒരു നിശ്വാസത്തോടെ ഞാനാ ഗേറ്റ് കടന്നു…

പെട്ടെന്ന് എവിടെനിന്നോ അവൾ ഓടി എന്റെ അടുത്ത് വന്നു… ചിച്ചു… അവന്റെ പ്രിയപ്പെട്ട നായ്ക്കുട്ടി… അവൾക്ക് ഞാനാണ് ചിച്ചു എന്ന് പേരിട്ടത്… അവളിങ്ങനെ എന്റെ കാലിൽ മുട്ടിയുരുമ്മി ഇരുന്നു… മുറ്റത്തു പന്തൽ ഇട്ടിട്ടുണ്ടായിരുന്നു… കസേരകൾ ഒക്കെ നിറഞ്ഞു… ഇത്രമാത്രം ആളുകൾ ഈ നാട്ടിൽ ഉണ്ടോ… ഞാൻ ചിന്തിച്ചു പോയി…

പതിയെ നടന്ന് ഉമ്മറത്തേക്ക് കയറി…
അവിടെയതാ നീണ്ടുനിവർന്നു കിടക്കുന്നു എന്റെ പ്രാണൻ… എന്റെ ഉണ്ണി… ഒരു ദീർഘനിശ്വാസം എന്നിൽ നിന്നുതിർന്നു…
വെള്ളപുതച്ചു കിടക്കുമ്പോഴും ആ മുഖത്ത് എന്നുമുള്ള പുഞ്ചിരിയുണ്ട്… അവന്റെ കണ്ണുകളിലെ തിളക്കം ഒട്ടും ചോരാതെ ബാക്കിയുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി… കണ്ണിമവെട്ടാതെ ഞാൻ അവനെ നോക്കിനിന്നു… തലക്കൽ ചന്ദനത്തിരി കത്തിച്ചു വെച്ചിട്ടുണ്ട്… അമ്മയും, ചേച്ചിമാരും അടുത്തിരിപ്പുണ്ട്… കരയുകയാണ്… അവരുടെ മടിയിൽ അമ്മുവും സൂര്യയും ഇരിപ്പുണ്ട്…
“മാമൻ എന്താ അമ്മേ എണീക്കാത്തെ…?” എന്ന് അവർ ചോദിക്കുന്നുണ്ട്… മറുപടി തേങ്ങൽ മാത്രം… എനിക്ക് പറയണം എന്നുണ്ടായിരുന്നു ‘നിങ്ങളുടെ മാമൻ പറയാറുള്ള അമ്മായി ഞാൻ ആണെന്ന്… കഴിഞ്ഞാഴ്ച നിങ്ങൾ ഫോണിൽ സംസാരിച്ചത് എന്നോടാണെന്ന്…’

എന്റെ സാന്നിധ്യം അവരാരും അറിഞ്ഞില്ല… ഇനി അറിഞ്ഞാൽ തന്നെയും അവർ എന്നെ തിരിച്ചറിയില്ല… അവർക്ക് അറിയില്ല, അവരുടെ അനിയനെ ജീവന് തുല്യം സ്നേഹിക്കുന്നൊരു പെണ്ണ് ഈ ലോകത്ത് ഉണ്ടെന്ന്… പലപ്പോഴും അത് പറയാൻ ഒരുങ്ങിയ ഉണ്ണിയെ ഞാനാണ് തടഞ്ഞത്… നേരിട്ട് പരിചയപ്പെടുത്തിയാൽ മതി എന്ന് പറഞ്ഞ്… അച്ഛൻ കുറച്ചപ്പുറെ മാറിയിരിപ്പുണ്ട്… അളിയന്മാരും കൂട്ടുകാരും ഓരോ കാര്യങ്ങളുമായ് ഓടിനടപ്പാണ്…
അഭിക്കും ദേവനും എന്നെ മനസിലായി… പക്ഷേ, എന്ത് പറയണം എന്നറിയാതെ അവർ വെറുതെ ഒന്ന് നോക്കുക മാത്രം ചെയ്തു… നിറഞ്ഞു വന്ന കണ്ണുകളെ ഞാൻ പിടിച്ചു നിർത്തി… പാടില്ല, കരയരുത്…
ഇവരുടെയൊന്നും ലോകത്ത് ഉണ്ണിയോടൊപ്പം താനില്ല… തന്നെ തിരിച്ചറിയുന്ന ഒരു മനുഷ്യൻ പോലുമില്ല… തന്നെ അറിയുന്നവൻ മരിച്ചു കിടപ്പാണ്…
ഇവിടെ ഇപ്പൊ കരഞ്ഞാൽ, ഉണ്ണിയെപ്പറ്റി പറയാൻ നാട്ടുകാർക്ക് കഥകളാകും… അത് വേണ്ട… പിടിച്ചു നിന്നെ മതിയാകൂ…

തന്റെ ജീവനായവൻ കണ്മുന്നിൽ മരിച്ചു കിടക്കുമ്പോൾ ഒന്ന് കരയാൻ പോലും കഴിയാതെ നിൽക്കേണ്ടി വരുന്ന പെണ്ണിന്റ അവസ്ഥ… ആൾക്കൂട്ടത്തിനിടയിൽ ഒരു അപരിചിതയെപ്പോലെ… അവസാനമായ് ആ ചുണ്ടുകളിൽ ഒന്ന് ചുംബിക്കുവാൻ പോലും കഴിയാതെ… ആ നെഞ്ചിലേക്കൊന്നു വീഴാൻ കഴിയാതെ… അവന്റെ കണ്ണുകളിലേക്ക് നോക്കുംതോറും ചങ്ക് പറിഞ്ഞു പോകുന്നത് പോലെ തോന്നി… മെല്ലെ അകത്തേക്ക് നടന്നു… അടുക്കളയിൽ ചെന്ന് വെള്ളം എടുത്തു കുടിച്ചു…

മെല്ലെ അവന്റെ മുറിയിലേക്ക് ചെന്നു… വാതിൽ അടച്ചു കുറ്റിയിട്ടു… ഒന്നുറക്കെ കരയണം എന്നെനിക്ക് തോന്നി… കട്ടിലിൽ വീണ് ഞാൻ ഏങ്ങിയേങ്ങി കരഞ്ഞു… അവിടെ ഞാൻ കണ്ടു… ഞാൻ സമ്മാനിച്ച പാവക്കുട്ടികൾ… ഫോട്ടോഫ്രെയിം… ടെഡി ബിയർ… ഒരു കുടം നിറയെ മഞ്ചാടിക്കുരു…
അവൻ പറഞ്ഞത് ഞാനോർത്തു…

“നമ്മുടെ ആദ്യരാത്രിയിൽ മുറി
അലങ്കരിക്കുന്നത് മുല്ലപ്പൂ കൊണ്ടല്ല…
നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട മഞ്ചാടിക്കുരു
കൊണ്ടാണ്…
മഞ്ചാടിക്കുരു വിതറിയ ആ കട്ടിലിൽ
വെച്ച് നമ്മൾ ഒന്നാകും…”

അത് എറിഞ്ഞുടക്കാൻ എനിക്ക് തോന്നി…
പാടില്ല, അവന്റെതായ് ഈ ലോകത്ത് അവശേഷിക്കുന്ന ഓർമ്മകൾ ആണവ… മേശയിൽ പുതിയ ഒരു ഹെഡ്സെറ്റ്…
‘നിനക്ക് പുതിയ ഹെഡ്സെറ്റ് വാങ്ങിയിട്ടുണ്ട്.. ഇനി വരുമ്പോൾ തരാം ‘ എന്ന് അവൻ പറഞ്ഞത് ഞാനോർത്തു… ഇനിയിത് എന്തിനാ എനിക്ക്… അഴയിൽ അവന്റെ പിറന്നാളിന് ഞാൻ സമ്മാനിച്ച ഷർട്ട്‌ കിടപ്പുണ്ടായിരുന്നു… മെല്ലെ ഞാൻ അതെടുത്തു… അതിൽ അവന്റെ ഗന്ധം ഇപ്പോഴുമുണ്ട്… ഞാൻ ഒന്ന് നിശ്വസിച്ചു… അവൻ എന്റെ കൂടെയുള്ളത് പോലെ… ആ ഷർട്ട്‌ ഞാൻ മടക്കി എന്റെ ബാഗിൽ വെച്ചു…
ഇനിയെന്റെ ഉറക്കമില്ലാത്ത രാവുകൾക്ക് കൂട്ടായ്… അവന്റെ ഗന്ധം… ഞാൻ നിലത്തേക്ക് വീണുപോയി…

എത്ര നേരം അങ്ങനെ കിടന്നു എന്നെനിക്കറിയില്ല… ഉമ്മറത്തു നിന്ന് ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് എഴുന്നേറ്റത്… പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു… എന്റെ പ്രിയപ്പെട്ടവൻ അവനായി അനുവദിക്കപ്പെട്ട ആറടി മണ്ണിലേക്ക് യാത്രയായി എന്ന് ഞാൻ മനസ്സിലാക്കി… പിന്നീട് അവിടെ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് പൊള്ളുന്ന പോലെ തോന്നി… ഞാൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു… ഒരു വട്ടം, ഒരൊറ്റ വട്ടം ഞാൻ നോക്കി… എന്റെ ഉണ്ണി ഉറങ്ങുന്ന മണ്ണിലേക്ക്… ഒരായുസ് മുഴുവൻ കണ്ട സ്വപ്‌നങ്ങൾ അവിടെ ഞാൻ സമർപ്പിച്ചു…
എന്റെ കണ്ണുനീരിന്റെ അകമ്പടിയോടെ…
ആരെന്നും, എന്തെന്നും ഉള്ള ചോദ്യങ്ങൾ ഉയരുന്നതിന് മുൻപേ അവിടെ നിന്നും പുറത്തു കടക്കാൻ ഞാൻ തീരുമാനിച്ചു…
ധൃതിയിൽ ഞാൻ അവിടെ നിന്നുമിറങ്ങി…
പക്ഷേ, പിന്നിൽ നിന്നും എന്റെ കൈയിൽ പിടുത്തമിട്ട് ” പൊന്നൂ, ഒരു ഉമ്മ തന്നേച്ച് പോടീ…” എന്ന് പറയാൻ എന്റെ ഉണ്ണി ഇല്ലായിരുന്നു…

ഇനിയീ നാടും ഇവിടുത്തെ മനുഷ്യരും എനിക്ക് അന്യമാണെന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു ആ പടിയിറങ്ങൽ… അവിടെ നിന്നും കൊണ്ടുപോകാൻ ബാക്കിയായത് അവന്റെ ഓർമ്മകൾ മാത്രമാണ്…
പെട്ടന്നാണ് പിന്നിൽ നിന്നും ആ കുഞ്ഞുസ്വരം ഞാൻ കേട്ടത്…

“അമ്മായീ…”

തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടു… ഒരിക്കൽ ഉണ്ണിയുടെ കൈയിൽ ഞാൻ കൊടുത്തുവിട്ട കിലുക്കാംപെട്ടിയും കിലുക്കിക്കൊണ്ട് കുഞ്ഞുകാലടികൾ മുന്നോട്ട് വെച്ച് അവൾ ഓടി വരുന്നത്… അമ്മു…
അവസാനമില്ലാത്ത ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ സമ്മാനിച്ചാണ് എന്റെ ഉണ്ണി പോയത് എന്ന് അപ്പോൾ ഞാൻ മനസ്സിലാക്കി…

#വിടരും മുൻപേ കൊഴിഞ്ഞു പോയ ഒരു
പ്രണയത്തിന്റെ ഓർമ്മക്ക്…!!!

#അമ്മൂട്ടൻ…❤️