01/05/2026

അടുത്ത ജന്മത്തിലെന്നല്ല… ഇനിയുള്ള ജന്മങ്ങളിലോക്കെയും ഞാൻ നിന്റേതായിരിക്കും പെണ്ണെ….

മാഷേ….

എന്താ പെണ്ണെ..

എന്നും ഈ ആൽത്തറയിൽ ഇങ്ങനെ ഇരിക്കുന്നതല്ലാതെ ആ നടയിൽ നിന്ന് തൊഴുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ലാലോ…
എന്തേ… പിണക്കാണോ ന്റെ തേവരോട്… ഹ്മ്മ്

അങ്ങനെ ഒന്നും ഇല്ല പെണ്ണെ…
എന്തോ ആ നടയിൽ ചെന്ന് നിന്നിട്ടും കാര്യമൊന്നും ഇല്ലാലോ എന്ന് ഓർക്കുമ്പോൾ മനസ്സ് കൂട്ടാക്കണില്ല… അത്രെ ഉള്ളൂ. അല്ലാതെ തേവരോട് എനിക്കെന്ത് പിണക്കം.

മാഷേ…

ഹ്മ്മ്…

ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ… ദേഷ്യം തോന്നുവോ ന്നോട്…

ദേഷ്യവോ…. എന്തിന്…??

ഇഷ്ടായിരുന്നു മാഷേ…. നിക്ക് ജീവനായിരുന്നു…
പ്രണയമെന്ന ഒറ്റ വാക്കിൽ ഒതുങ്ങുന്ന ഇഷ്ടമല്ല… പ്രാണൻ പകുത്തു നൽകാൻ തോന്നുന്ന ഇഷ്ടം…

അറിയാം പെണ്ണെ ജീവൻ ആയിരുന്നെന്ന്…. ഇപ്പഴും ജീവൻ ആണെന്ന്…

മാഷിന് ന്നോട് അങ്ങനെ ഒന്നും തോന്നിട്ടില്ലേ ഇതുവരെ… ഹ്മ്മ്
ഇല്ലെന്ന് പറയല്ലേ മാഷേ… ആ കണ്ണുകൾ നുണ പറയാറില്ല ഒരിക്കലും… നിക്ക് അറിയാ അത്..
ഒന്നും തുറന്ന് പറഞ്ഞില്ലേലും കണ്ടിട്ടുണ്ട് ഞാൻ ആ കണ്ണുകളിൽ ന്നോട് ഉള്ള ഇഷ്ടം…. ന്നെ ജീവിക്കാൻ പ്രേരിപ്പിച്ച ഇഷ്ടം…

എങ്ങനെയാ പെണ്ണെ നിന്നോട് പറയണ്ടേ…. ജീവൻ അല്ല ജീവശ്വാസം ആണെന്ന്… കഴിയുന്നില്ലല്ലോ പെണ്ണെ എനിക്ക് അത് തുറന്ന് പറയാൻ… ചിലപ്പോ ഇങ്ങനെ നിശബ്ദം അടക്കി പിടിക്കാൻ ആയിരിക്കും വിധി…

എന്താ മാഷേ ഒരു ആലോചന.. ഒന്നും പറഞ്ഞില്ലാലോ

പെണ്ണെ…. എനിക്ക്….. ഞാൻ
എങ്ങനെയാ നിന്നോട്….

ഒന്നും പറയണ്ട മാഷേ…. ആ മനസ്സ് എന്നേക്കാൾ കൂടുതൽ മറ്റാർക്കാ വായിച്ചെടുക്കാൻ ആവാ….
ഒരിക്കലെങ്കിലും ആ നാവിൽ നിന്ന് കേൾക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ….
സാരല്ലാ…. ഈ ജന്മം വിധിച്ചിട്ടില്ലാന്ന് കരുതിക്കോളാം ഞാൻ…
മാഷേ….
നിക്ക് ഒരു വാക്ക് തരുവോ….. ??

എന്താ പെണ്ണേ…

അടുത്ത ജന്മം ന്റെ….. ന്റേത് മാത്രമായിക്കോളാന്ന്… അന്ന് ഈ പെണ്ണിനോടുള്ള ഇഷ്ടം ഒരിക്കലും ഒരു കാരണത്താലും മറച്ചുവെക്കില്ലാന്ന്…
വാക്ക് തരുവോ മാഷേ നിക്ക്…..
അന്ന് ഇതിനേക്കാൾ ഇരട്ടിയായി സ്നേഹിക്കുവോ ന്നെ… പറ മാഷേ….

അടുത്ത ജന്മത്തിലെന്നല്ല… ഇനിയുള്ള ജന്മങ്ങളിലോക്കെയും ഞാൻ നിന്റേതായിരിക്കും പെണ്ണെ….
നിന്റേത് മാത്രം..

എനിക്കറിയായിരുന്നു മാഷേ ഈ മനസ്സ്…
ഉള്ളിൽ ന്റെ മാഷിനെ വെച്ചോണ്ട് മറ്റൊരാളുടെ മുന്നിൽ താലിക്ക് വേണ്ടി കഴുത്ത് കുനിച്ച് നിൽക്കാൻ കഴിയില്ലെനിക്ക്… ന്റെ മനസ്സ് നിറയെ ഈ ഒരു മുഖം മാത്രേ ഉള്ളൂ.
അതോണ്ട് തന്നെയാ ഈ പൊട്ടി പെണ്ണ് ഇങ്ങനൊരു തീരുമാനം എടുക്കുന്നത്…. ഇനിയും കാത്തിരിക്കാൻ വയ്യാത്തോണ്ട് പോവാണ് ഞാൻ…
അടുത്ത ജന്മത്തിൽ പുനർജനിക്കാൻ….
ന്റെ മാഷിന് വേണ്ടി മാത്രം പിറവിയെടുക്കാൻ… ഇനി എത്ര ജന്മം കഴിഞ്ഞാലും ഈ മാഷിന്റെ പെണ്ണ് ആയാൽ മതി നിക്ക്. പൊറുക്കണം ന്നോട്…

(അവസാനിച്ചു)

രചന – മൂക്കുത്തി പെണ്ണ്