രചന – ശ്രീതു ശ്രീ
നേഹ എഴുന്നേറ്റ ഉടനെ തന്നെ ജോണിയും പോകാനിറങ്ങി……. അവളോട് എങ്ങോട്ടെന്നൊന്നും വിശദമായി അവൻ പറഞ്ഞിരുന്നില്ല…. ചോദിക്കുന്നെങ്കിൽ പറയാം എന്ന ധാരണയിൽ തന്നെ അവൻ നിന്നു…… പക്ഷെ നേഹയുടെ ഭാഗത്ത് നിന്നും അതൊന്നും ഉണ്ടായില്ല….. വല്ലതും ചോദിച്ചാൽ ദേഷ്യപ്പെടുമോ എന്ന ഭയത്തിൽ തന്നെയാണ് അവളും മിണ്ടാതെ ഇരുന്നത്…… ഉച്ചയ്ക്ക് പോയ ജോണി തിരികെ എത്തിയപ്പോഴേക്കും രാത്രി ഒരു ഒൻപതര മണിയോളം ആയിരുന്നു…. ഓട്ടോ ഒതുക്കിയ ശേഷം അവൻ അകത്തേയ്ക്ക് കയറി…… മോനച്ചൻ സിഗററ്റും പുകച്ചുകൊണ്ട് വരാന്തയിൽ ഇരിപ്പുണ്ട്… അന്നമ്മ ഏതോ സീരിയലിൽ മുഴുകി ഇരിക്കുന്നു… ജിൻസിയുടെ മുറിയിലേക്ക് എത്തിനോക്കിയപ്പോൾ അവൾ ഫോണിൽ മെസ്സേജ് ചെയ്യുന്ന തിരക്കിലും ആണ്…..
വരാൻ താമസിക്കുന്ന വിവരം വിളിച്ചപ്പോൾ പറഞ്ഞിരുന്നത് കൊണ്ട് ആരും അവനോട് ഒന്നും ചോദിക്കാൻ നിന്നില്ല…. മുറിയിലെത്തിയപ്പോൾ നേഹ കുട്ടികളെ ഇറക്കിയ ശേഷം അവർക്കരികിൽ തന്നെ ഇരിക്കുന്നു…..അവളുടെ കയ്യിൽ റോഹന്റെ ഇംഗ്ലീഷ് പുസ്തകം ഇരിപ്പുണ്ട്…. ജോണിയെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു…. “ങ്ഹാ… ഇച്ചായനെത്തിയോ…? അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ജോണിയുടെ കണ്ണുകളും വിടർന്നു…. താനെത്തിയപ്പോൾ ആ വീട്ടിലെ മറ്റൊരു മുഖത്തും പ്രകടമാകാതിരുന്ന ഏതോ ഒരു ഭാവം അവളിൽ കുടിയിരിക്കുന്നതായി അവന് തോന്നി….. “ഞാനൊന്ന് കുളിക്കട്ടെ…. വരുമ്പോളേക്കും ചോറെടുത്താൽ മതി …” “മ്…പിള്ളാര് രണ്ടാളും ഇച്ചായനെ നോക്കി ഇരുന്നതാ….ഇത്രയും വൈകിയത് കൊണ്ടാ ഉറങ്ങിപ്പോയത്……” അവൻ കുളി കഴിഞ്ഞിറങ്ങും വരെയും അവനെ കാത്തവൾ ഇരുന്നു……
ജോണി കുളി കഴിഞ്ഞ് ഇറങ്ങുന്നത് കണ്ടപ്പോൾ, അവൾ അടുക്കളയിലോട്ട് പോകാൻ തുടങ്ങി….. പക്ഷെ ഉടനെ ജോണിയുടെ വിളിയെത്തി… “ഡോ…. ഒരു പത്തു മിനിറ്റ് കൂടി കഴിയട്ടെ… എന്നിട്ട് വിളമ്പിയാൽ മതി…..പിന്നെ…. ഇയാള് കഴിച്ചതല്ലേ…..? ഞാനും കഴിച്ചില്ലായിരുന്നു… ഇച്ചായൻ കൂടി വരട്ടെന്ന് വിചാരിച്ചു……. “ബെസ്റ്റ്….. അതൊക്കെ ഇപ്പൊ എവിടുത്തെ ഏർപ്പാടാ …? വിശ്ശക്കുമ്പോൾ എടുത്ത് കഴിച്ചോണം…… അതിന് ആരെയും നോക്കി നിൽക്കണ്ട കാര്യമില്ല…” നേഹ തിരിച്ചൊന്നും പറഞ്ഞില്ല…. എന്ത് ചെയ്യണമെന്ന് അറിയാതെയുള്ള നിൽപ്പ് കണ്ടിട്ടാകണം ജോണിയും വാതിൽക്കലേക്ക് നടന്നു…. വാ…. കഴിക്കാം…” “ജോണിച്ചായന് കുറച്ചു കഴിഞ്ഞിട്ട് മതിയെന്നല്ലേ പറഞ്ഞത്…. എനിക്ക് അങ്ങനെ വിശക്കുന്നൊന്നുമില്ല…. “താൻ വന്നേ….”യെന്ന് പറഞ്ഞു ജോണി മുന്നെ നടന്നപ്പോൾ നേഹയും അവനൊപ്പം എത്താൻ കാലുകളുടെ വേഗത കൂട്ടി….. ഉച്ചയ്‌ക്കെന്നപോലെ അവനൊപ്പം ഇരുന്നു കഴിക്കാൻ അവൾക്കും ഉള്ളിന്റെയുള്ളിൽ ഒരു മടി ഉണ്ടായിരുന്നു…
അതുകൊണ്ട് തന്നെ മറ്റുള്ളവരൊക്കെ കഴിച്ചപ്പോൾ അവർക്കൊപ്പം ഇരിക്കാൻ നേഹയും തയാറായതാണ്… പക്ഷെ ജിൻസിയാണ് അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചത്…. ജോണി ഒറ്റയ്ക്കായാൽ കഴിച്ചില്ലെങ്കിലോ എന്നോർത്ത് കൂടി നേഹ അവളുടെ നിർബന്ധത്തിന് സമ്മതിച്ചു……. അവന്റെ പുറകെ നടക്കുമ്പോൾ അവൾ ഇത് വേണ്ടായിരുന്നുവെന്ന് മനസ്സിനോട് മന്ത്രിച്ചു…… ഡൈനിങ് ടേബിളിൽ തന്നെ എല്ലാം എടുത്തു വച്ചിരുന്നു…. ജോണി കൈ കഴുകിയിട്ട് കസേരയിൽ ഇരുന്നു….നേഹ ഒരു പ്ലേറ്റ് എടുത്ത് അവന്റെ മുന്നിൽ വച്ചു…… “ഒരു പ്ലേറ്റ് കൂടിയിങ്ങെടുക്ക്…. തനിക്ക് വേണ്ടേ….” അവൾ പ്ലേറ്റ് നീക്കി വച്ചപ്പോൾ ആ പ്ലേറ്റിൽ അവൻ തന്നെ ചോറ് വിളമ്പി…. തനിക്ക് വേണ്ടതിലും കൂടുതൽ ചോറ് ഇടുന്നുവെന്ന് തോന്നിയപ്പോൾ അവൾ തടഞ്ഞു…..
“ഇച്ചായോ….. എനിക്കിത്രയൊന്നും വേണ്ടാ… ഞാൻ കഴിക്കില്ല…” “എന്നെ താങ്ങിക്കൊണ്ട് നടന്ന് നീയാകെ ക്ഷീണിച്ചല്ലോ…. ഇത് മുഴുവനും കഴിക്കാതെ ഇന്നിവിടുന്ന് ഞാൻ വിടില്ല….” കൂടെപ്പിറന്നതെന്ന പോലെ കൊണ്ടു നടക്കാറുള്ള ഗൗരവത്തെ എവിടെയോ ഒളിപ്പിച്ചു കൊണ്ട് ഒരു ചെറു ചിരിയോടെ അവനത് പറഞ്ഞപ്പോൾ നേഹ അതിശയിക്കാതിരുന്നില്ല…… അവൾക്ക് ഉള്ളിൽ എങ്ങോ ഒരു മഴമുകിൽ കുളിര് കോരിയിട്ടപോലെ തോന്നി…..അതിലൊരല്പം ചിരിയായി അവളുടെ ചുണ്ടിലേക്ക് പരന്നു….. കറികളൊക്കെ വിളമ്പിക്കഴിഞ്ഞപ്പോൾ അവൾടെ പ്ലേറ്റ് നീക്കി അവന് നേരെ എതിരെ കിടന്ന കസേരയിൽ ഇരുന്നു….. ഉള്ളിലെ സംഘർഷാവസ്ഥ അല്പമൊന്നു അയഞ്ഞെങ്കിലും ജോണിയെ ഒന്നു നോക്കാൻ പോലും മടി തോന്നി…. പ്ലേറ്റിൽ നിന്നു കണ്ണെടുക്കാതെ ഇരുന്നു കഴിക്കുന്നവളെ ഇടയ്ക്കിടെ ജോണി ശ്രദ്ധിച്ചുകൊണ്ടായിരുന്നു……..അവളുടെ ഭാവം കണ്ടപ്പോൾ ജോണിക്കൊരു കുസൃതി തോന്നി …..
അവൻ തന്റെ കാല് പതിയെ നീട്ടി നേഹയുടെ കാലിൽ ….. ഒന്നു തൊട്ടു…. അവൾ ആ നിമിഷം തന്നെ ഞെട്ടിപ്പോയി. തലയുയർത്തി ജോണിയെ നോക്കിയപ്പോൾ അവൻ ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരുന്ന് കഴിപ്പാണ്……. അറിയാതെ കാല് തട്ടിയതാവും എന്നോർത്ത് നേഹ ഒന്നും അനങ്ങിയില്ല…..പക്ഷെ അത് വീണ്ടും ആവർത്തിച്ചപ്പോൾ ജോണി മനഃപൂർവം ചെയ്തതാണെന്ന് അവൾ മനസിലാക്കി… പക്ഷെ ഒന്നും മിണ്ടാൻ അവൾക്ക് കഴിഞ്ഞില്ല…. എന്താണ് ഇതിന്റെ അർത്ഥമെന്നും അവൾ ചിന്തിക്കാതിരുന്നില്ല……. “കുറച്ചു മോര് കൂടി ഒഴിക്കട്ടേടി….? അവൾ പ്ലേറ്റിലേക്ക് നട്ടിരുന്ന മിഴികളെ ആശ്ചര്യത്തോടെ അവനിലേക്ക് പറഞ്ഞുവിട്ടു…… പിരികമുയർത്തി “എന്തേ”യെന്ന് ജോണി ചോദിച്ചപ്പോൾ നേഹ ആ കണ്ണുകളിലേക്ക് അറിയാതെ ഉറ്റുനോക്കിപ്പോയി……. അതിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോയ മനസിനെ നിമിഷ നേരങ്ങൾക്കുള്ളിൽ അവളിലേക്ക് തന്നെ മടക്കികൊണ്ടുവന്നു….
അവളുടെ ഓരോ ഭാവമാറ്റങ്ങളും കണ്ട് ജോണിക്കും ഉള്ളിൽ ചിരി വരാതിരുന്നില്ല….. അവളുടെ പാത്രം അല്പം നീക്കി വച്ചിട്ട് ജോണി തന്നെ അതിൽ മോര് ഒഴിച്ചു….. നേഹയ്ക്ക് അവന്റെ അടുത്തു നിന്നും അത്രയും പരിഗണന കിട്ടിയപ്പോൾ തന്നെ സന്തോഷമായി…..അവളതിൽ കൂടുതലൊന്നും ആഗ്രഹിച്ചത് മില്ല…. പക്ഷെ ഇരുവരും മൗനത്തിന്റ കഴിച്ച് എഴുന്നേറ്റ ഉടനെ നേഹ പാത്രമൊക്കെ കഴുകി വച്ചിട്ട് മുറിയിലേക്ക് നടക്കുമ്പോൾ പതിവിന് വിപരീതമായി ഉള്ളിൽ എന്തൊ ഒരു നിർവൃതി പൂക്കുന്നതായി അവളറിഞ്ഞു….. ജോണിയ്ക്കൊപ്പം ആണല്ലോ ഇനി കിടക്കേണ്ടത് എന്നുകൂടി ഓർത്തപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.. മുറിയിലേക്ക് കടന്നപ്പോൾ അവളുടെ കണ്ണുകൾ ആദ്യം തേടിയതും ജോണിയെ ആയിരുന്നു.. അവനത് കണ്ടെങ്കിലും കാണാത്തപോലെ ഫോൺ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു…… കുട്ടികളെയൊന്നു നോക്കി അവരുടെ പുതപ്പൊക്കെ ശരിയാക്കിയിട്ടിട്ട് അവളും ജോണിയുടെ കട്ടിലിൽ വന്നിരുന്നു…
“ജോണിച്ചായൻ കിടക്കുന്നില്ലേ…….. “മ്മ്… കിടക്കാം…കഴിച്ച് കഴിഞ്ഞിട്ട് കുറച്ചു സമയമല്ലേ ആയുള്ളൂ…. നീ കിടന്നോ…..” നേഹയ്ക്ക് അപ്പോൾ കിടക്കാനൊന്നും തോന്നിയില്ല….. എങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ മാത്രം അവൾ കിടന്നു….. ജോണി യൂട്യൂബിൽ ഏതോ വീഡിയോകൾ കാണുന്നത് തുടർന്നു….. ഇടയ്ക്കെപ്പഴോ ജോണിയുടെ കൈ നേഹയുടെ മുടിയിഴകളിൽ കൂടി സഞ്ചാരം ആരംഭിച്ചു…..അവളത് എതിർക്കുകയൊന്നും ചെയ്തില്ല……. കുറച്ചു കഴിഞ്ഞപ്പോൾ “കിടന്നൂടെ “എന്ന് നേഹ ചോദിച്ചപ്പോൾ അവൻ കിടക്കാൻ തീരുമാനിച്ചു….. അന്നവൻ കിടന്നത് പതിവ് പോലെ നേഹയിൽ നിന്നും ദൂരെയല്ല…. വളരെ അടുത്തു തന്നെയാണ്……. അടുത്ത് കിടക്കാൻ ഇരുവർക്കും നേരത്തെ ഉണ്ടായിരുന്ന മടി ഇപ്പോഴില്ല….. പക്ഷെ എല്ലാം തുറന്നു സംസാരിക്കാനുള്ള മടി ഇനിയും മാറ്റേണ്ടിയിരിക്കുന്നു…. എന്തു പറയാൻ ആഗ്രഹിച്ചാലും അവർക്കിടയിൽ ഇപ്പോഴും വിടവുണ്ട്…..
മനസ്സുകൾ തമ്മിൽ ആദ്യം സംവദിക്കട്ടെ…..അപ്പോൾ എല്ലാ പ്രശ്നവും തീരുമായിരിക്കും …..ഇരുവരും പതിയെ ഉറക്കത്തിലേയ്ക് കടന്നിരുന്നു……. “റോഷിച്ചായാ……….” നേഹ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു….തൊട്ടടുത്തു കിടന്ന ജോണിയും അവളുടെ വായിൽ നിന്നുവന്ന പേര് ശ്രദ്ധിച്ചു….. അവൻ എഴുന്നേറ്റു ലൈറ്റിട്ടു…. അവൻ നോക്കിയപ്പോൾ നേഹ കട്ടിലിൽ മുഖം പൊത്തി ഇരിക്കുവാണ്..അവൾ വിയർത്തിരിക്കുന്നു…….ഏതോ സ്വപ്നം കണ്ടു ഭയന്നതാണെന്ന് അവന് മനസിലായി…. റോഷന്റെ പേര് അവൻ വ്യക്തമായി കേട്ടിരുന്നു…..അതവന്റെ മനസ്സിന് ഇഷ്ടപ്പെട്ടില്ല……. താനിത്രയും സ്നേഹിച്ചിട്ടും അവള്ടെ മനസ്സിൽ റോഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ചിന്ത അവനെ അസ്വസ്ഥനാക്കി……. എങ്കിലും അതൊന്നും പുറമെ കാണിക്കാതെ അവൾക്ക് കുടിക്കാൻ വെള്ളവും എടുത്ത് അവൾക്കരികിൽ വന്നിരുന്നു…..
“നേഹാ… എന്തായിത്….? കരയുന്നോ…. താനെന്തു സ്വപ്നമാ കണ്ടത്…….?” “അത്…. ആ…. ഒന്നും അത്ര ക്ലിയർ അല്ല…” കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. അവളിൽ ഒരു വിറയ്ൽ അപ്പോഴും അവശേഷിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ അവൻ അവളെ തന്നോട് ചേർത്തുകൊണ്ട് വെള്ളം കയ്യിൽ കൊടുത്തു….. അത് കുടിച്ചു കഴിഞ്ഞപ്പോളേക്കും അവൻ ഒന്നുകൂടെ തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു……… “ഞാനില്ലേ കൂടെ….? പിന്നെന്താ…..?” ഒന്നുമില്ലെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി….. പക്ഷെ ‘”റോഷിച്ചായ ” എന്ന വിളി അവന്റെ ഹൃദയത്തിൽ എന്തെന്നറിയാത്ത ഒരു നീറ്റൽ അവശേഷിപ്പിച്ചു…… റോഷൻ തിരികെ വന്നാൽ….?????? ആ ചോദ്യം ജോണിയെ ഭയപ്പെടുത്തി…. (തുടരും )

by