01/05/2026

പ്രണയകാലം 7

പോട്ടെടാ അവൾ  നന്നായിട്ട് ജീവിക്കുന്നില്ലേ നീ സംസാരിക്കാറുണ്ടോ.?

അനൂപ് തിരക്കി

വല്ലപ്പോഴും ഫേസ്ബുക്കിൽ കെട്ടിയോന്റെയും പിള്ളാരുടെയും കൂടെയുള്ള ഫോട്ടോ ഒക്കെ ഇടുന്നത് കാണാം. എന്തൊക്കെ പറഞ്ഞാലും ഇടയ്ക്കിടയ്ക്ക് പ്രൊഫൈൽ എടുത്ത് ഞാനൊന്നു നോക്കും. സംസാരിക്കാറൊന്നുമില്ല.!  എങ്ങനെയാണെങ്കിലും ഒരുകാലത്ത് സ്നേഹിച്ചവരല്ലേ.?ഒരു ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടവർ. തമ്മിൽ സംസാരിച്ചു പോകുമ്പോൾ അറിയാതെയെങ്കിലും മനസ്സ് കൈ വിട്ടു പോകാൻ ഒരു നിമിഷം പോരെ.? എന്തിനാ വെറുതെ അവളുടെ കുടുംബം തകർക്കുന്നത് ഞാനായിട്ട് .

ഓണത്തിനും ക്രിസ്മസിനുമൊക്കെ എന്തെങ്കിലും വിഷ് അവൾ ഇങ്ങോട്ട് അയക്കും.  അതിന് തിരിച്ചു ഒരു മറുപടി കൊടുക്കും.  വിശേഷങ്ങൾ ഒന്നും അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല.

ആ ചൂരൽ കസേരയിലേക്ക് അവൻ ചാഞ്ഞു കിടന്നു. കൈകൾ എടുത്ത് കണ്ണിന് മുകളിൽ വെച്ചു. അവന് ആ കാലഘട്ടത്തിലെ ഓർമ്മകളിലാണ് എന്ന് തോന്നി അനുവിന് .

നിന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ നിനക്ക് വേണ്ടി അവൾ കാത്തിരിക്കായിരുന്നില്ലേ.?

എത്രയോ ആൾക്കാർ അങ്ങനെ സ്കൂളിൽ പഠിക്കുന്ന സമയത്ത് പ്രേമിച്ചിട്ട് കല്യാണം കഴിച്ചിട്ടുണ്ട്.  അപ്പോ അവളും അത്ര സീരിയസ് അല്ല എന്ന് കരുതിയാൽ പോരെ.

അനൂപ് നിസ്സാരമായി പറഞ്ഞു 

എല്ലാവർക്കും ഒരേ സാഹചര്യങ്ങൾ ആവണമെന്നില്ല അനു, അവളുടെ അച്ഛൻ ഒരു ബസ് ഡ്രൈവർ ആയിരുന്നു.  അതെന്നോട് പണ്ടേ പറഞ്ഞിട്ടുണ്ട് തൊട്ടതിനുo പിടിച്ചതിനും എല്ലാം വഴക്ക് ഉണ്ടാക്കുന്ന പ്രകൃതം. അയാൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റിയിട്ടുണ്ടാവില്ല.  സാരമില്ല എനിക്ക് വിധിച്ചതല്ലായിരുന്നു.!  അതുകൊണ്ട.

വിഷ്ണു നെടുവീർപ്പിട്ടു 

ആ പോട്ടെ ഇനിയിപ്പോ നീ അവടെ കാര്യം ഓർത്തുകൊണ്ടിരിക്കണ്ട, അവടെ കല്യാണം കഴിഞ്ഞ് രണ്ട് പിള്ളേരും ആയി. നീ ഇനി നീ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ച് ഓർത്താൽ മതി. 

സത്യം പറയാലോ എനിക്ക് പ്രേമിച്ച് കെട്ടണം എന്നായിരുന്നു ആഗ്രഹം.  കല്യാണം ഉറപ്പിച്ചതാണെങ്കിലും  ഒരാറുമാസമെങ്കിലും പ്രേമിച്ച് നടക്കണം. കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ച് ഏകദേശം ഒരു ധാരണയൊക്കെ മനസ്സിൽ വരുത്തിയതിനു ശേഷം പതുക്കെ മതി ആയിരുന്നു. ഇതിപ്പോ എടുത്തു പിടിച്ചു  കല്യാണം.

കല്യാണം കഴിഞ്ഞുള്ള പ്രേമം അടിപൊളിയാടാ.  നീ കല്യാണം കഴിഞ്ഞ് അവളെ പ്രേമിച്ചാൽ പ്രശ്നം കഴിയല്ലോ

അനൂപ് പറഞ്ഞു

എനിക്ക് പ്രേമിക്കാനുള്ള ടൈം കിട്ടിയിട്ടില്ലല്ലോടാ. അതുകൊണ്ട് ഭയങ്കര ആഗ്രഹമായിരുന്നു. കല്യാണം കഴിക്കുന്നത് എങ്കിലും പ്രേമിച്ചായിരിക്കണം എന്ന്. ഇത് അമ്മയും ചേച്ചി എല്ലാം കൂടെ  ഇരിക്ക പൊറുതി തരുന്നില്ല.!  പിന്നെ അമ്മയുടെ അവസ്ഥയെക്കുറിച്ച് ഞാൻ ആലോചിക്കേണ്ട..?  അതുകൊണ്ട ഞാനും സമ്മതിച്ചത്.!

അത് സാരമില്ലെടാ കല്യാണം കഴിഞ്ഞ് നിനക്ക് പ്രേമിക്കാമല്ലോ.  എങ്കിലും അതൊരു പ്രത്യേക അനുഭവം അല്ലേടാ.? നീ എന്നോട് പറഞ്ഞിട്ടില്ലേ വിസ്മയ നീ പുറത്തു പോയിട്ട് തിരിച്ചു വരുമ്പോൾ അതുവരെ ഇടയ്ക്ക് നിനക്ക് മെസ്സേജ് അയക്കുകയും ഫോൺ വിളിക്കുകയും ചെയ്യുമെന്ന്. നിന്റെ പേരിൽ പ്രത്യേകം വഴിപാടുകൾ കഴിക്കുമെന്ന് 

നമ്മളെ സ്നേഹിക്കാനും ഓർക്കാനും നമുക്ക് വേണ്ടി പ്രാർത്ഥിക്കാനും  ഒക്കെ ഒരാൾ ഉണ്ടെന്നുള്ളത് അതൊരു പ്രത്യേക ഫീൽ അല്ലേ..? ദൂരെ എവിടെയെങ്കിലും പോകുമ്പോൾ ഒരാളുടെ മനസ്സിൽ നമ്മൾ  നിറയുന്നത് ഒരു വല്ലാത്ത അനുഭവം തന്നെയാണ്. എന്നെ അങ്ങനെ ഓർക്കാൻ ആരെങ്കിലും ഉണ്ടായിട്ടുണ്ടോ..? 

അവൻ പറഞ്ഞു.  ശേഷമാ ചൂരൽ കസേരയിലേക്ക് ക
കിടന്നുകൊണ്ട് കണ്ണുകൾ അടച്ചു.!  അപ്പോഴും തൊട്ടരികിൽ തന്നെ അവനെ ഓർത്ത് ഒരു ഹൃദയം വേദന കൊണ്ട് ഉരുക്കുകയാണ് എന്ന് അവൻ അറിഞ്ഞില്ല

                          +++

പിറ്റേന്ന് വിന്ദുജ ചേച്ചിയും ബാലേട്ടനും അനൂപും കൂടിയാണ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത്.  വിഷ്ണുവിന് കണ്ട് ഇഷ്ടമായാൽ അമ്മ വരാമെന്ന് അറിയിച്ചു.  വണ്ടി ഓടിച്ചത് അനൂപ് ആയിരുന്നു.  കോ ഡ്രൈവർ സീറ്റിൽ ബാലേട്ടൻ   പുറകിൽ വിഷ്ണുവും വിന്ദുജ ചേച്ചിയും

ലതിക ടീച്ചറിന്റെ അനുജത്തിയുടെ മോള് , ലതിക ടീച്ചർ ഒക്കെ വലിയ പണക്കാർ ആണ്. പുള്ളിക്കാരിയുടെ ഭർത്താവ് ഹയർ സെക്കൻഡറിയിലാ ജോലി ചെയ്യുന്നത്. പക്ഷേ അവരെ ഇവരെ സഹായിക്കുകയൊന്നും ഇല്ലെന്ന്   തോന്നുന്നു

അതിപ്പോ എല്ലായിടത്തും അങ്ങനെ തന്നെയല്ലേ നമുക്കുണ്ടെങ്കിൽ നമുക്കുണ്ട്.  കല്യാണം കഴിഞ്ഞാൽ സഹോദരങ്ങൾ തമ്മിലുള്ള അടുപ്പമൊക്കെ കണക്കാ 

ബാലേട്ടൻ പറഞ്ഞു

അങ്ങനെ അടച്ചാക്ഷേപിക്കേണ്ട എനിക്ക് എന്റെ അനിയന്റെ കാര്യത്തിൽ അങ്ങനെയാണോ..? കല്യാണം കഴിഞ്ഞു സ്വന്തം കൂടെപ്പിറപ്പുകളോടും സ്നേഹമുള്ളവരൊക്കെയുണ്ട്.

വിന്ദുജയ്ക്ക് ആ പറഞ്ഞത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് ബാലന് മനസ്സിലായി.  വിഷ്ണുവിന്റെ ചോടിയിലും ഉണ്ട് ഒരു ചിരി .

ചേച്ചി ഇവിടുന്ന് ലെഫ്റ്റ് ആണോ റൈറ്റ് ആണോ..? ഇടയ്ക്കൊരു പോക്കറ്റ് റോഡിലേക്ക് കയറിക്കൊണ്ട് അനൂപ് ചോദിച്ചു.

റൈറ്റ് പോടാ

അവൾ പറഞ്ഞതും അവൻ അവിടേക്ക് വണ്ടി തിരിച്ചു.

വണ്ടി ഒതുക്കി ഇറങ്ങിയപ്പോൾ തന്നെ കാണാം റോഡിന് താഴെയായി ഒരു കൊച്ചു വീട്.  ആസ്ബറ്റോസ് ഷീറ്റും   ഓടും ഒരുമിച്ചു ഉള്ളതാണ് .

ഇതുതന്നെയാ വീട്.  വിന്ധുജ പറഞ്ഞപ്പോൾ എല്ലാവരും അവളെ അനുഗമിച്ച് താഴേക്ക് നടന്നിരുന്നു.

റോഡ് മുകളിലാണ് താഴെ ഒരു കുഴിയിലാണ് വീട് ഇരിക്കുന്നത്.  സ്റ്റെപ്പുകൾ ഇറങ്ങി ചെന്നപ്പോൾ തന്നെ അവരെ പ്രതീക്ഷിച്ചു എന്നത് പോലെ ഒരു 50 വയസ്സിനോട് അടുത്ത പ്രായം തോന്നുന്ന ഒരാൾ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.

അയാൾ  ഒരു സാധുവാണ് എന്ന്   കാണുമ്പോൾ തന്നെ മനസ്സിലാവും.    വിഷ്ണു അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.!  അയാൾ തിരിച്ചും.

ലതിക ടീച്ചറിന്റെ അനുജത്തിയുടെ വീടല്ലേ

വിന്ധുജ ചോദിച്ചു

അതെ അതെ കയറിവരും

അയാൾ ക്ഷണിച്ചപ്പോൾ എല്ലാവരും അകത്തേക്ക് കയറി.

റെഡോക്സൈഡ് പാകിയ തറയാണ് സീലിംഗ് ചെയ്തിട്ടുണ്ട് പഴയ ഒരു സോഫയും സെറ്റിയും ഹാളിൽ ഇടം പിടിച്ചിട്ടുണ്ട്.  അത്ര വലിയ വീടൊന്നുമല്ല എങ്കിലും നല്ല ഭംഗിയായി ആണ് അത് ഇട്ടിരിക്കുന്നത്.

അകത്തുനിന്നും ചിരിയോടെ ഒരു സ്ത്രീ ഇറങ്ങി വന്നിരുന്നു,

ഞാന് സജിത, ലതിക ചേച്ചിയുടെ അനുജത്തി.  ബിന്ദുജയോട് അവര് പറഞ്ഞപ്പോൾ വിന്ദുജ അവരെ നോക്കി ഭംഗി  ആയി ചിരിച്ചു.

ടീച്ചർ പറഞ്ഞിട്ടുണ്ട് എല്ലാവരും ഇരിക്കു. സജിതയുടെ ഭർത്താവ് വിജയൻ പറഞ്ഞു .

  വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ വിജയൻ കുശലം ചോദിച്ചു.

ഇല്ല ഇതാണ് എന്റെ അനുജൻ. വിഷ്ണു..

ബിന്ദുജ വിഷ്ണുവിനെ പരിചയപ്പെടുത്തിയപ്പോൾ വിജയന്റെയും സജിതയുടേയും മുഖം തെളിഞ്ഞു. രണ്ടുപേർക്കും അവനെ ഇഷ്ടപ്പെട്ടു എന്ന് ആ മുഖഭാവത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. സജിതയുടെ കണ്ണുകൾ അവന്റെ ശരീരത്തിലേക്ക് ആണ് പാറിയത്. കഴുത്തിൽ കിടക്കുന്ന മാല ഒരു മൂന്നു മൂന്നര പവനോളം വരും അതിന്റെ തുമ്പിലായി ഒരു ഓമിന്റെ ലോക്കറ്റ് ഉണ്ട്. കയ്യിൽ കിടക്കുന്ന ഇടിവള സ്വർണം ആണെന്ന് തോന്നുന്നു. നവരത്ന കല്ല് പതിപ്പിച്ച ഒരു മോതിരവും കയ്യിലുണ്ട്.

ടൈറ്റന്റെ വില കൂടിയ വാച്ചാണ് കെട്ടിയിരിക്കുന്നത്. വസ്ത്രങ്ങളും അങ്ങനെ തന്നെ. എല്ലാം വില കൂടിയത് തന്നെ. അവനെ കണ്ടതും ഈ വിവാഹം നടക്കില്ലെന്ന് തന്നെ സജിത ഉറപ്പിച്ചു..!  തങ്ങളുടെ അവസ്ഥകൾ അറിയുമ്പോൾ അവരീ വിവാഹത്തിൽ നിന്നും പിന്മാറാൻ ആണ് സാധ്യത. 

അവൻ നല്ല ഭംഗിയായി ഒന്ന് ചിരിച്ചു..!

  നിങ്ങളെ ക്ഷീണിച്ചു വന്നതല്ലേ എന്തെങ്കിലും കുടിക്കാൻ എടുക്കാം..

മോളെ…..  അകത്തേക്ക് നോക്കി വിജയൻ വിളിച്ചതും എല്ലാവരുടെയും കണ്ണുകൾ അകത്തേക്ക് പോയിരുന്നു.

ഒരു ട്രേയിൽ നിറയെ കാപ്പി നിറച്ച ഗ്ലാസുകളും ആയി മാംഗോ മഞ്ഞ നിറത്തിലുള്ള ഒരു ഷിഫോൺ ഹാൻഡ് വർക്ക്ഡ് ചുരിദാർ അണിഞ്ഞ അതിസുന്ദരിയായ ഒരു പെൺകുട്ടി പെട്ടെന്ന് പുറത്തേക്ക് വന്നു.  അവളെ കണ്ടതും വിഷ്ണുവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..!

ഇത്രയും സൗന്ദര്യമുള്ള ഒരു പെൺകുട്ടിയെ താൻ നേരത്തെ കണ്ടിട്ടില്ല എന്ന് അവൻ ഓർത്തു

തുടരും