13/02/2026

പ്രണയകാലം 3

അമ്മേ ഞാൻ വൈകിട്ടുണ്ടാവില്ല കേട്ടോ…?  ഉമ്മറത്ത് അനൂപേട്ടന്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്.

പെട്ടെന്ന് ഓടി ഉമ്മറത്തേക്ക്. അനൂപേട്ടൻ വരുമ്പോൾ വിച്ചുവേട്ടനേ കുറിച്ച് എന്തെങ്കിലും പറയുമെന്ന് ഉറപ്പായിരുന്നു. നീ എവിടെ പോവാ..?

ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടെ എറണാകുളത്തിന് പോവുക  ആണ്. നാളെ രാവിലെ  വിച്ചുവിനെ കൂട്ടിക്കൊണ്ടു വരണ്ടേ.?

അനൂപ് പറഞ്ഞു

നാളെ വെളുപ്പിനെഅല്ലെ അവൻ വരുന്നത്.
നിങ്ങളെല്ലാവരും കൂടി എന്തിനാ ഈ വൈകുന്നേരമേ പോകുന്നത്.

എത്ര കാലം കൂടിയ അമ്മേ അവൻ വരുന്നത് ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടെ ഒന്ന് കൂടാം എന്ന് വിചാരിച്ചതാ. ഞങ്ങൾ ഇന്ന് വൈകുന്നേരം എറണാകുളത്ത് പോയി മുറിയൊക്കെ എടുക്കും  നാളെ രാവിലെ അവനെയും കൂട്ടികൊണ്ട് പോരും. 

അച്ഛൻ അറിയണ്ട ഇതൊന്നും..
അമ്മേ ഏട്ടനോട് പറയുന്നുണ്ട് 

ഞാൻ മായയുടെ വീട്ടിൽ പോയി എന്ന് പറഞ്ഞാൽ മതി  

എടാ വിദ്യയുടെ കല്യാണത്തിന് മായയെ കൊണ്ടുവരേണ്ട

പിന്നെ അവളെ കൊണ്ടുവരണം.

ഇത് ഏഴാം മാസം അല്ലേ ഇനിയും യാത്ര ചെയ്തു വരാൻ പറ്റുമോ.?

  അതൊന്നും സാരമില്ലെന്നേ എന്റെ പെങ്ങടെ കല്യാണത്തിന് അവൾ വരാതിരുന്ന എങ്ങനെയാ ഒക്കുന്നത്.?

അനൂപേട്ടന്റെ ആ വാക്ക് കേട്ടപ്പോൾ തന്നെ ഇങ്ങനെ ആയിരിക്കില്ലേ വിച്ചുവേട്ടനും ചിന്തിക്കുക എന്നാണ് ആദ്യം മനസ്സിൽ ഓർത്തത്   “എന്റെ പെങ്ങളുടെ “വിദ്യ  ചേച്ചിയെ ആണ് അങ്ങനെ സംബോധന ചെയ്തത്.  അങ്ങനെ തന്നെയായിരിക്കും വിച്ചുവേട്ടൻ തനിക്ക് ഒരു സ്ഥാനം നൽകിയിരിക്കുന്നത്.

അനൂപേട്ടന്റെ ഭാര്യയാണ്  വിസ്മയ ചേച്ചി. രണ്ടുപേരും പ്രണയിച്ച വിവാഹം കഴിച്ചതാണ് ഒരു വർഷത്തിനു മുമ്പ് അനൂപേട്ടന്റെ വിവാഹത്തിനു വേണ്ടിയാണ് വിച്ചുവേട്ടൻ അവസാനമായി നാട്ടിൽ വരുന്നത്.  അതും പത്ത് ദിവസത്തെ ലീവിന് വേണ്ടി . ഇപ്പോൾ ഗർഭിണിയായിട്ട് സ്വന്തം വീട്ടിലാണ് ചേച്ചി. മായ ചേച്ചി വരുന്ന കാര്യമാണ് അമ്മ ചോദിച്ചത് .

വിച്ചുവിന് നിന്റെ പ്രായമാ വിദ്യയുടെ കല്യാണം കഴിയുന്ന സ്ഥിതിക്ക് അവനും കൂടി ഒരു കല്യാണം നോക്കാൻ പറയണം സൗദാമിനി ചേച്ചിയോട്   ഇപ്പത്തന്നെ അവനു മുപ്പതായിട്ടുണ്ട്.  ഇനി എപ്പോ കെട്ടാൻ ഇരിക്കാം..?  ഒരു പോകും കൂടെ പോയിട്ട് തിരിച്ചു വരുമ്പോൾ 32 വയസ്സ് ആവില്ലേ..?

അമ്മ ചോദിച്ചപ്പോൾ നെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെ തോന്നി ഭാമയ്ക്ക്.

പറഞ്ഞതുപോലെ ഇനി അങ്ങനെ ഒരു കടമ്പ കൂടി കടക്കണമല്ലോ.  വിദ്യ ചേച്ചിയുടെ കല്യാണം കഴിഞ്ഞു മതി കല്യാണം എന്ന് പറഞ്ഞു നിൽക്കുകയായിരുന്നു ചേട്ടൻ. വിദ്യ ചേച്ചിയുടെ കല്യാണം കഴിയുന്നതോടെ ഇനി വിച്ചേട്ടന് കല്യാണം ആലോചിക്കാൻ തുടങ്ങും.

ഇപ്പോൾ തന്നെ സൗദാമിനിയമ്മയുടെ ബന്ധത്തിലുള്ള നിരവധി ആളുകൾ ഓരോ ആലോചനകളുമായി വരുന്നുണ്ട്. ചേട്ടൻ മൂന്നുമാസത്തെ ലീവിലാണ് വരുന്നത്.

ഈ വരവിൽ തന്നെ കല്യാണം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സൗദാമിനിയമ്മ അമ്മയോട് പറയുന്നത് കേട്ടതാണ്. അത് കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു സ്വസ്ഥത ഉണ്ടായിരുന്നില്ല. ഇപ്പോൾ അമ്മയുടെ മറുപടി കൂടി ആയതോടെ മനസ്സിന്റെ സമാധാനം പൂർണമായും നഷ്ടമായി എന്ന് പറയുന്നതാണ് സത്യം   

ഈ വരവിന് എന്താണെങ്കിലും കല്യാണം കാണും.

അനൂപ് പറഞ്ഞു

അവന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..? അമ്മ രഹസ്യം പോലെ അനൂപേട്ടനോട് ചോദിക്കുന്നുണ്ട്  .

അവന് അതിനൊന്നും അവസരം കിട്ടിയില്ല അമ്മേ. അവൻ അങ്ങ് ഗൾഫിൽ ആയിരുന്നില്ലേ.?  ഉള്ള കാലം മൊത്തം അവൻ വീട് നന്നാക്കാനും  പെങ്ങന്മാരെ കെട്ടിക്കാനും വേണ്ടിയാ നടന്നത്.  പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അത് പഠിത്തം കഴിഞ്ഞതോടെ പോയി. അല്ലാതെ എന്റെ അറിവിൽ അവന്റെ മനസ്സിൽ ഇതുവരെ ആരുമില്ല.  അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ ആദ്യം പറയുന്നത് എന്നോട് ആയിരിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

അനൂപേട്ടൻ അത് പറഞ്ഞപ്പോൾ ഒരു പ്രതീക്ഷ തോന്നിയിരുന്നു എങ്കിലും അതേപോലെ തന്നെ ഭയവും തോന്നി.  ഈ വരവിൽ വിച്ചുവേട്ടന്റെ വിവാഹം ഉണ്ടാകുമെന്നാണ് പറഞ്ഞത് തനിക്ക് വിച്ചേട്ടനെ നഷ്ടമാവാൻ തുടങ്ങുകയാണ്. ആ ചിന്ത വല്ലാത്തൊരു വേദനയാണ് ഭാമയിൽ നിറച്ചത്.

അമ്മയോടെ യാത്രയും പറഞ്ഞ് അനൂപേട്ടൻ അവിടെ നിന്നും ഇറങ്ങിയിരുന്നു.

കാലത്ത് എഴുന്നേറ്റു താൻ കോളേജിൽ പോകാനും മറ്റുമുള്ള പരിപാടികളുമായി നീങ്ങി.  ഇപ്പോൾ ഡിഗ്രി  പഠിക്കുകയാണ്.

കോളേജിൽ പോയപ്പോഴും വിച്ചുവേട്ടൻ വന്നിട്ടുണ്ടാവുമോ എന്നായിരുന്നു മനസ്സിൽ ചിന്ത മുഴുവൻ.  ഇന്നലെ അനൂപേട്ടൻ പറഞ്ഞത് 11 മണിക്കാണ് ഫ്ലൈറ്റ് എന്നാണ്   ഇപ്പോൾ വന്നിട്ടുണ്ടാകും.  ലഞ്ച് ബ്രേക്കിൽ ഒക്കെ അതുതന്നെയായിരുന്നു മനസ്സിൽ ചിന്ത.

വൈകുന്നേരം ആദ്യം കിട്ടിയ ബസ്സിന് തന്നെ കയറി വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛൻ ന്യൂസ് കണ്ടുകൊണ്ടിരിപ്പുണ്ട്.

നേരെ അച്ഛന്റെ അടുത്തേക്ക് പോയി

അമ്മ എവിടെയാ അച്ഛാ..? അച്ഛനോടായി തിരക്കി

അവള് അപ്പുറത്തോട്ട് പോയിരിക്കുകയാണ്.  വിച്ചു വന്നിട്ടുണ്ട്.  അവിടേക്ക് പോയത് ആണ്.

അവന് ഇഷ്ടമുള്ള ഏതാണ്ടൊക്കെ ഉണ്ടാക്കാൻ സൗദാമിനിയെ സഹായിക്കാൻ വേണ്ടി.

ആൾ വന്നിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ നെഞ്ചിൽ ഒരു പഞ്ചാരിമേളം കൊട്ടുന്നത് അറിയുന്നുണ്ടായിരുന്നു .

അച്ഛാ ഞാനും അങ്ങോട്ട് പൊയ്ക്കോട്ടെ..?  അനുവാദത്തിനായി അച്ഛന്റെ മുഖത്തേക്ക് നോക്കി..

കുട്ടിക്കാലം മുതലേ അങ്ങനെയാണ് അച്ഛന്റെയും അമ്മയുടെയും എതിർപ്പിനെ മറി കടന്നു ഒന്നും ചെയ്തിട്ടില്ല..

അച്ഛനെ അന്നും ഇന്നും ഒരേപോലെ പേടിയാണ്..

പോയിട്ട് വാ. അച്ഛൻ അലസമായി മറുപടി പറഞ്ഞു…

കേട്ടപാടെ മുഖം പോലും ഒന്ന് കഴുകാതെ നേരെ അപ്പുറത്തേക്ക് ഓടി.  ആ സമയത്ത് വിച്ചേട്ടനെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്ന ചിന്ത !

തുടരും