രചന : ജിഫ്ന നിസാർ
ആദിയെ കൂടെ വിളിക്കണോ വേണ്ടയോ എന്നൊരു സംശയമുണ്ടായിരുന്നു പ്രിയക്ക്.വിളിച്ചാൽ വന്നില്ലങ്കിലോ..?വരാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ താൻ വിളിക്കുന്നതൊരു ബുദ്ധിമുട്ടായി തോന്നുമോ?
വിളിക്കാതെ പോയാൽ അതും മോശമല്ലേ?നിരവധി സംശയങ്ങൾ ഉള്ളിലുണ്ടായിട്ടും അവൾ അവന്റെ നേരെ നോക്കി.”ഇറങ്ങിക്കോ…”പതിവുപോലെ ഗൗരവത്തിൽ തന്നെ അവനത് പറഞ്ഞതും അവളിലെ ഉള്ള വിശ്വാസം കൂടി നഷ്ടമാവുകയായിരുന്നു.ഇത് പോലൊരു വീട്ടിൽ അവൻ കയറി വരില്ലായിരിക്കും.. അവനെത്തൊരു കുറച്ചിലാവുമെന്നുള്ള ചിന്തയോടെ ഡോർ തുറന്നു കൊണ്ടിറങ്ങിയവൾക്കൊപ്പം തന്നെ ആദിയും പുറത്തേക്കിറങ്ങിയതും പ്രിയയുടെ മനസ്സൊന്നു കുതിച്ചു തുള്ളി..പറയാൻ കഴിയാത്തൊരു ആഹ്ലാദമവളുടെ ഉള്ളിൽ തിളച്ചു മറിഞ്ഞു.”വാ…”തന്നെ നോക്കി നിൽക്കുന്നവൾക്ക് നേരെ നോക്കി ആദ്യം നടന്നു തുടങ്ങിയതും ആദിയാണ്.
💞💞
കോളിങ് ബെല്ലടിക്കുന്നത് കേട്ടതും മാളുവാണ് വന്നു വാതിൽ തുറന്നു കൊടുത്തത്തൊട്ട് മുന്നിൽ ആദിയെയും അവനു പിറകിൽ പ്രിയയെയും കണ്ടതും അവൾ ഞെട്ടി പോയിരുന്നു.പകച്ചു കൊണ്ടവരെ നോക്കി അനങ്ങാതെ അവിടെ തന്നെ നിൽക്കുന്നവളെ നോക്കി ആദി നെറ്റി ചുളിയിച്ചു.
പിന്നിൽ നിൽക്കുന്ന പ്രിയയെ അവനൊന്നു തിരിഞ്ഞു നോക്കി..ഇതെന്താ മാളുവെച്ചി.. ഇങ്ങനെ നോക്കുന്നെ..?”അവന്റെ നോട്ടത്തിന്റെ അർഥം മനസ്സിലായതും പ്രിയ മുന്നോട്ടു നിന്നിട്ട്.. മാളുവിനെ നോക്കി ചോദിച്ചു.”അത്.. ഞാൻ…”
മാളുവിനെന്ത് പറയണമെന്നറിയില്ലായിരുന്നു.ആദി പ്രിയയെ ഇവിടെ കൊണ്ട് വന്നുപേക്ഷിച്ചു പോവാൻ വന്നതാണോ എന്നാ ഭയം അവളെ വിറപ്പിച്ചു തുടങ്ങിയിരുന്നു..ഞങ്ങളങ്ങോട്ട് കയറട്ടെ ചേച്ചി…”
വാതിൽക്കൽ തന്നെ നിൽക്കുന്ന മാളുവിനെ നോക്കി കുഞ്ഞൊരു ചിരിയോടെ പ്രിയ പറഞ്ഞുഅവളുടെ മുഖത്തുള്ള തിളക്കം.. ആ ചിരി.. അത് കണ്ടപ്പോൾ മാളുവിനും അൽപ്പം ആശ്വാസം തോന്നിയിരുന്നു.
“അയ്യോ.. ഞാൻ.. വാ പ്രിയേ.. കയറ് ”
വെപ്രാളത്തോടെ തന്നെ മാളു ഒതുങ്ങി നിന്ന് കൊടുത്തു.ആദിയെ ഒന്ന് നോക്കിയിട്ടാണ് പ്രിയ അകത്തേക്ക് കയറിയത്.
“അമ്മയില്ലേ മാളുവെച്ചി…”പ്രിയ ചോദിച്ചു..
“ഉണ്ട്.. ഉണ്ട്.. അടുക്കളയിൽ…”മാളുവിന്റെ പരവേശം ശ്രദ്ധിച്ചു കൊണ്ടാണ് ഷൂ ഊരിയിട്ട് കൊണ്ട് ആദി അകത്തേക്ക് കയറിയതും.പ്രിയ ധൃതിയിൽ അകത്തേക്ക് പോകുന്നതും.. ആദിയെ ഒന്ന് തിരിഞ്ഞു നോക്കി അവൾക്കൊപ്പം തന്നെ മാളുവും പോകുന്നത് നോക്കി ആദി നിന്നു.
💞💞
അമ്മേ…അവർ വന്നതൊന്നുമറിയാതെ അടുപ്പത്തെന്തോ ഉള്ളത് ഇളക്കി കൊണ്ടിരുന്ന സുജ പ്രിയയുടെ ആ വിളി കേട്ടതും ഞെട്ടി കൊണ്ട് തിരിഞ്ഞു.ഓടി വന്നിട്ട് തന്നെ പൊതിഞ്ഞു പിടിച്ചത് പ്രിയയാണെന്ന് കണ്ടതും അവരുടെ മുഖം പ്രേതത്തെ കണ്ടത് പോലെ വിളറി വെളുത്തു.”എന്തെടി മോളെ.. എന്തേലും പ്രശ്നണ്ടോ… എന്റെ ദൈവമേ…”
ഹൃദയം നുറുങ്ങിയുള്ള ചോദ്യം..ഉയർന്ന ആ നെഞ്ചിടിപ്പ്.പ്രിയ മുഖമുയർത്തി..”അവിടെ.. അവിടെന്തേലും…”ചോദിക്കുമ്പോൾ സുജയുടെ ശബ്ദം പോലും വിറക്കുന്നുണ്ട്.”ഞാനമ്മയെ കാണാൻ കൊതിയായിട്ട് വന്നതാ..”അമ്മയുടെ മുഖം കണ്ടതും… പ്രിയ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.
സുജയുടെ മുഖം നിലാവ് പോലെ തിളങ്ങി.
തന്നെ പുണർന്നു നിൽക്കുന്ന മകളെ അവരും ഗാഡമായി തിരികെ പുണർന്നു കൊണ്ടവളുടെ മൂർദ്ധാവിൽ ഉമ്മ വെച്ചു.ആ സ്നേഹവും വാത്സല്യവും ഉള്ളാലെ നിറച്ചു കൊണ്ട് പ്രിയ വീണ്ടും അമ്മയുടെ നെഞ്ചിൽ പതുങ്ങി.”ഒറ്റക്കാണോ വന്നത്?”സുജ അവളെ വിടാതെ തന്നെ ചോദിച്ചു.
“അല്ലമ്മേ.. ആദിയേട്ടനും കൂടിയുണ്ട്..”
അവളത് പറഞ്ഞതും ആ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.അവരോരിക്കലും ആദിയെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല.
“ഞാൻ.. ഞാനൊറ്റക്ക് വരാൻ തുടങ്ങിയതാ.. അപ്പഴാ ആദിയേട്ടൻ പറഞ്ഞത്.. കൂടെ വരാമെന്ന് “ഉള്ളാകെ നിറഞ്ഞു തൂവിയ സന്തോഷത്തോടെയാണ് പ്രിയ അവരോടത് പറഞ്ഞത്.ആ അമ്മ മനസ്സിലെ വേവും ചൂടുമെങ്ങോ പോയോളിച്ചു..പകരം വല്ലാത്തൊരു ആശ്വാസം ആ മനസ്സിലും മുഖത്തും നിറഞ്ഞു.പരിഗണനയെന്നത് തന്നെയാണല്ലോ സ്നേഹത്തിന്റെ പര്യായം.!മനസ്സിലാക്കുന്നതിന്റെ അടയാളം…പ്രിയക്കൊപ്പം ആദി കൂടി സ്വന്തം താല്പര്യത്തോടെ വന്നുവെങ്കിൽ… അത് സ്നേഹമാണെന്ന് തന്നെ ആ മനസ്സ് അടിവരയിട്ട് ഉറപ്പിച്ചിരുന്നു.”എന്നിട്ടാ മോനെ അവിടെ ഒറ്റക്കിട്ട് ഓടി വന്നതാണോ നീ..?”
സുജ അത് ചോദിച്ചപ്പോഴായിരുന്നു പ്രിയയും അതോർത്തത്.അവൾ ചിരിയോടെ നാവ് കടിച്ചു.
സുജയൊന്നു കണ്ണുരുട്ടി കൊണ്ട് തോളിലുള്ള തോർത്ത് ഒന്നൂടെ നെഞ്ചിൽ വിരിച്ചിട്ട് പുറത്തേക് ചെന്നു.”മോനെ…”അവിടെ നിന്ന് ചുറ്റും നോക്കുന്ന ആദിയെ ഉള്ളിലെ മുഴുവൻ സ്നേഹവും ചാലിച്ചു കൊണ്ട് സുജ വിളിക്കുമ്പോൾ അവൻ തിരിഞ്ഞു നോക്കി.”അമ്മയറിഞ്ഞില്ല നിങ്ങള് വന്നത്.. മോൻ ഇരിക്ക് “സുജ അവിടെയുള്ളൊരു കസേര നീക്കിയിട്ട് കൊടുത്തു കൊണ്ട് ആദിയെ നോക്കി.ആദി അവരെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.ഇരിക്ക്…”ഒന്ന് കൂടി സുജ പറഞ്ഞതും അവൻ ചുറ്റും നോക്കി കൊണ്ട് തന്നെ കസേരയിലേക്ക് ഇരുന്നു.
അപ്പോഴേക്കും സുജക്ക് പിറകിൽ പ്രിയയും എത്തിയിരുന്നു.അമ്മയ്ക്ക് പിറകിൽ പതുങ്ങി നിന്ന് തന്നെ നോക്കുന്നവളെ കണ്ടതും ആദിക്ക് ചിരി വന്നു.”മക്കളിരിക്ക്.. അമ്മ.. അമ്മ കുടിക്കാനെടുക്കാം..”സുജയിലൊരു വെപ്രാളമുണ്ടായിരുന്നു തിരിഞ്ഞു നടക്കുമ്പോൾ.
ആദിയെ ഒന്ന് നോക്കിയിട്ട് സുജക്ക് പിറകെ തന്നെ പ്രിയയും നടന്നു.ഒന്ന് വിളിച്ചു പറഞ്ഞിട്ട് വന്നൂടായിരുന്നോ മോളെ.. ദൈവമേ.. ഞാനിനി എന്ത് കൊടുക്കും എന്റെ കുഞ്ഞിന്..?”
പ്രിയക്ക് കേൾക്കാൻ മാത്രമുള്ളൊരു കുഞ്ഞു ശബ്ദത്തോടെയാണ് സുജ പറയുന്നതെങ്കിലും നിശബ്ദത നിറഞ്ഞ അവിടെ പറയുന്ന ഓരോ കാര്യങ്ങലും ഹാളിലിരിക്കുന്ന ആദിക്ക് കൂടി കേൾക്കാൻ കഴിയുന്നുണ്ട്.
“എന്റെ ഫോൺ ബാഗിൽ പെട്ടു പോയമ്മേ.. പറഞ്ഞിരുന്നില്ലേ ഞാൻ.. ബാഗ് സ്കൂളിലാണ്. അത് കിട്ടിയിട്ടില്ല..”പ്രിയയുടെ മറുപടി കേട്ടതും ആദിയുടെ നെറ്റി ചുളിഞ്ഞു.പറയാതെയുള്ള ഈ വരവ് അവർക്കൊരു ബുദ്ധിമുട്ടായെന്ന് അവനുറപ്പായി.
പറഞ്ഞിട്ട് വന്നിരുന്നുവെങ്കിൽ അത് ഇതിനേക്കാൾ ബുദ്ധിമുട്ടായിട്ട് തോന്നിയേനെ…അപ്പോഴേക്കും മാളു താങ്ങി പിടിച്ചു പത്മയെ വീൽചെയറിലേക്കിരുത്തി അവളെയും കൊണ്ട് അങ്ങോട്ട് വന്നിരുന്നു.പ്രിയേ…”ചിരിയോടെ പിന്നിൽ നിന്നും പത്മ വിളിച്ചത് കേട്ടതും പ്രിയ തിരിഞ്ഞു നോക്കി.
പത്മയേ കണ്ടതും അവളുടെ മുഖം വിടർന്നു.
ഒരു കുതിപ്പിന് അവൾ പത്മയുടെ അരികിലേക്കിരുന്നു.”സുഖമാണോടി പെണ്ണേ…?”
അങ്ങേയറ്റം വാത്സല്യത്തോടെ പത്മ അവളുടെ കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് ചോദിച്ചു.
ചിരിയോടെ പ്രിയ അതേയെന്ന് തലയാട്ടി കാണിച്ചു.
തിരികെ പത്മയോടാ ചോദ്യം ചോദിക്കാൻ പ്രിയക്ക് പേടിയുണ്ടായിരുന്നു.അവൾ ചേച്ചിയുടെ കയ്യിൽ മുറുകെ പിടിച്ചു.അവർ തമ്മിലുള്ള സ്നേഹവും സംസാരവും നോക്കി മാളു ചുവരിൽ ചാരി നിന്നു.
ഒരു ബിസ്കറ്റ് കഷ്ണം പോലുമില്ലല്ലോ ദൈവമേ…”
ചായക്ക് മധുരം ചേർത്ത് കൊണ്ട് നിൽക്കുമ്പോഴും സുജയുടെ ആധി തീർന്നില്ല.
“ഒന്നും വേണ്ടമ്മേ.. ഞാൻ.. ഞാനമ്മയേ കാണാൻ വന്നതാ..”പ്രിയ അവിടെ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.”എന്നാലും ആദ്യമായിട്ട് ആ മോനിവിടെ വന്നിട്ട്…”തന്റെ ഗതികേട് ഓർത്തിട്ട് സുജക്ക് നെഞ്ച് കനത്തു..പ്രിയക്കും സങ്കടം തോന്നി അവരെ നോക്കുമ്പോൾ.അമ്മയീ ചായ കൊടുത്തിട്ട് വരൂ.. ഒന്നും വേണ്ട.. ഇത് മതിയാവും..”പ്രിയ അവരുടെ കയ്യിലേക്ക് ഒരു ഗ്ലാസ് ചായ എടുത്തു കൊണ്ടു കൊണ്ട് പറഞ്ഞു.ഒന്ന് മടിച്ചു നിന്നെങ്കിലും വേറെ വഴിയൊന്നുമില്ലാത്തത് കൊണ്ടു സുജ അതുമായി ആദിയുടെ അരികിലേക്ക് ചെന്നു.കട്ടൻ കുടിക്കുമോ മോനെ..?”വല്ലാത്തൊരു അപകർഷത നിറഞ്ഞു നിന്നിരുന്നു ആ ചോദ്യത്തിൽ.
“കട്ടനെ കുടികാറുള്ളു.. വേറൊന്നും എനിക്കിഷ്ടമല്ല “മനോഹരമായൊരു ചിരിയോടെ തന്നെ ആദി സുജക്ക് നേരെ കൈ നീട്ടി.സുജയുടെ കണ്ണ് നിറഞ്ഞു..”മാഷിന്… സുഖമാണോ…?”
സുജ ചോദിച്ചു.'”മ്മ്മ്.. “ആദി തലയാട്ടി കാണിച്ചു..പിന്നെന്ത് ചോദിക്കണമെന്നറിയാതെ അവിടൊരു നിമിഷം കൂടി നിന്നിട്ട് സുജ തിരിഞ്ഞു നടന്നു.”നിനക്കവിടെ…?”സുഖമാണമ്മേ…”
സുജ ചോദിച്ചു തീരും മുന്നേ പ്രിയ ഉത്തരം പറഞ്ഞു.
“വേലായുധേട്ടൻ… അമ്മ അയാളോട് പറയണം.. ഈ മാസം ശമ്പളം കിട്ടിയിട്ട് അയാളുടെ പറ്റു ഞാൻ കൊടുത്തോളം ന്ന്.. അവിടെ നിന്നും സാധനം വാങ്ങിക്കാറില്ലേ?”പ്രിയ സുജയെ നോക്കി.
അവർ സാധനങ്ങൾ കടമായി വാങ്ങുന്നത് കവലയിലുള്ള വേലായുധൻ ചേട്ടന്റെ കടയിൽ നിന്നാണ്.
“കറവ പശു സ്വന്തം കാര്യം നോക്കി പോയില്ലേ സുജേ.. ഇനിയിപ്പോ നിങ്ങടെ കാര്യങ്ങൾ എങ്ങനാ.. സത്യം പറയാലോ ഇനി കിട്ടാനുള്ളത് പോലും കിട്ടുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. അങ്ങനെയുള്ളപ്പോ ഇനിയിവിടുന്ന് കടം തരുന്ന ഈ ഏർപാട് ഇനി നടക്കുമെന്ന് തോന്നുന്നില്ല കേട്ടോ.. ഞാനും ഇവിടുന്ന് കിട്ടുന്നത് കൊണ്ടാണ് കുടുംബം നോക്കുന്നത്.. ധർമ്മം ചെയ്യാൻ തത്കാലം എന്റെ കയ്യിൽ സാധനങ്ങളില്ല “വലിയൊരു ആൾക്കൂട്ടത്തെ സാക്ഷിയാക്കി വേലായുധൻ പറഞ്ഞു തീർത്ത വാക്കിന്റെ ചൂടും പൊള്ളലും സുജ മനസ്സിലൊതുക്കി വെച്ചു.വെറുതെ അവളെ കൂടി പൊള്ളിക്കാൻ അവർക്ക് തോന്നിയില്ല.
“എന്താമ്മേ.. ന്തേലും പ്രശ്നണ്ടോ?”
സുജയുടെ മുഖം കണ്ടതും പ്രിയ ആശങ്കയോടെ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
“ഒരു പ്രശ്നവുമില്ല മോളെ.. അതെല്ലാം അമ്മ നോക്കികൊളാം.. മോള് സന്തോഷമായിട്ട് കഴിയുന്നുണ്ടെന്ന് മാനസ്സിലായതു തന്നെയാ അമ്മയ്ക്ക് വല്ലാത്തൊരു ആശ്വാസം..”സുജ വീണ്ടും പ്രിയയെ ചേർത്ത്പിടിച്ചു.അവർക്കിഷ്ടമില്ലാത്തൊന്നും മോള് ചെയ്യരുത്.. ആ മാഷിന്റെയും കൊച്ചുമോന്റെയും ധാനമാണ് നിന്റെ ജീവിതം..അന്യ വീടാണ്.. അവിടെ നമ്മൾക്കിഷ്ടമില്ലാത്തത് പലതും കാണും.. പക്ഷേ അവർക്കിഷ്ടമില്ലാത്ത ഒന്നും നീയായിട്ട് ചെയ്യരുത്..”
സുജ വാത്സല്യത്തോടെ തന്നെ പ്രിയയുടെ കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു.”എനിക്കറിയാം അമ്മേ..”
പ്രിയ നേർത്തൊരു മന്ദഹാസത്തോടെ പറഞ്ഞു.
അറിയാമായിരിക്കും.. സാഹചര്യങ്ങൾക്കനുസരിച്ചു ജീവിക്കാൻ പഠിച്ചവളാ എന്റെ കുട്ടി. പക്ഷേ ഇതെല്ലാം പറഞ്ഞു കൊടുക്കേണ്ടത് ഒരമ്മയുടെ കടമയാണ്..മകള് സുമംഗലിയായി പടിയിറങ്ങും മുന്നേ ഒരമ്മയുടെ ആഗ്രഹങ്ങളാണ്. അതിന് പോലും ഭാഗ്യമില്ലാത്തവളായി പോയല്ലോ ഈ അമ്മ..”തോളിൽ കിടന്ന തോർത്ത് കൊണ്ട് സുജ കണ്ണുകൾ തുടച്ചു.കരയല്ലേ അമ്മേ…”പ്രിയയുടെയും പത്മയുടെയും കണ്ണ് നിറഞ്ഞെങ്കിലും മാളു മരവിപ്പോടെ ചുവരിൽ ചാരി അതേ നിൽപ്പു തുടർന്നു.
“എപ്പോ വേണേലും ഇങ്ങോട്ട് വരാമെന്ന് ഓരോ പെണ്മക്കൾക്കും വാക്ക് കൊടുക്കണം.. ധൈര്യം കൊടുക്കണം. അതൊക്കെ അമ്മക്കുമറിയാം. പക്ഷേ.. പക്ഷേ ഇനിയിങ്ങോട്ട് തിരികെ വരാനുള്ള അവസരം അമ്മയുടെ പൊന്ന് മോള് ഉണ്ടാക്കരുത് ”
എത്രയൊതുക്കി പിടിച്ചിട്ടും സുജ കരഞ്ഞു പോയിരുന്നു.”അവരൊക്കെ വല്ല്യ ആളുകളാ.. നിന്നെ അംഗീകരിക്കാൻ സമയം വേണ്ടി വന്നേക്കാം. പക്ഷേ എന്റെ കുട്ടി തളരരുത് അവരോട് ദേഷ്യമോ വെറുപ്പോ തോന്നരുത്.. ക്ഷമയോടെ കാത്തിരിക്കണം.. ഒട്ടും വയ്യെങ്കിൽ…അമ്മയുണ്ട്… ഇവിടെ..”സുജവല്ലാതെവിറക്കുന്നുണ്ട്..പുറത്തിരിക്കുന്ന ആദി കേൾക്കരുതെന്ന് കരുതി അങ്ങേയറ്റം ശ്രദ്ധയോടെയാണ് സുജ പറയുന്നത്. പക്ഷേ അവനെല്ലാം അവിടിരുന്നു കേൾക്കുന്നത് അമ്മയും മക്കളും അറിഞ്ഞതേയില്ല.”പേടിക്കേണ്ടമ്മേ.. എനിക്ക് മനസ്സിലാവുന്നുണ്ട് അമ്മയുടെ മനസ്സ്…”
മുഖം അമർത്തി തുടച്ചു കൊണ്ട് പ്രിയ സുജയെ ചേർത്ത് പിടിച്ചു.
“, മതിയമ്മേ… അവളെ കൂടി സങ്കടപെടുത്തല്ലേ..”
പത്മ നിറഞ്ഞ കണ്ണുകൾ രണ്ടു കൈ കൊണ്ടും അമർത്തി തുടച്ചു കൊണ്ട് സുജയെ നോക്കി പറഞ്ഞു.ചായ കുടിച്ചിട്ട് അങ്ങോട്ട് ചെല്ല് മോളെ.. അവനവിടെ ഒറ്റക്കല്ലേ..”സുജ പ്രിയക്ക് നേരെ ചായയെടുത്ത് നീട്ടി കൊണ്ട് പറഞ്ഞു.പ്രിയ ചായ കയ്യിലെടുത്തു കൊണ്ട് തന്നെ പുറത്തേക്ക് ചെന്നു.
ആദി ചായ കുടിയൊക്കെ കഴിഞ്ഞു പുറത്തേക്കുള്ള വാതിൽക്കൽ നിൽപ്പുണ്ട്.പിന്നിലാരോ നിൽക്കുന്നതറിഞ്ഞതും അവനൊന്നു തിരിഞ്ഞു നോക്കി.അവൾക്ക് പിറകെ തന്നെ പത്മയുടെ വീൽചെയറും തള്ളി കൊണ്ട് സുജയും മാളുവും കൂടിയുണ്ട്.
ആദി പത്മയേ നോക്കിയൊന്ന് ചിരിച്ചു.”ഇന്ന്.. ഇന്ന് സ്കൂളിൽ പോയില്ലേ..?”സുജയാണ് ചോദിക്കുന്നത്.
“മ്മ്.. ഉച്ചക്ക് ശേഷം ലീവാക്കി “ആദി പറഞ്ഞു.
ഇയാള്ടെ… ഹസ്ബൻഡ് പിന്നെ വന്നിട്ടില്ലേ?”
പത്മയേ നോക്കി ആദി ചോദിച്ചു.അവന്റെ സ്വരമപ്പോൾ വല്ലാതെ കടുത്തു പോയിരുന്നു.
പ്രിയയെ ഒന്ന് നോക്കി വിളറിയൊരു ചിരിയോടെ പത്മ തലയാട്ടി കാണിച്ചു.”ഒന്നും.. ഒന്നും മനസ്സിൽ വെച്ചേക്കല്ലേ മോനെ…”സുജക്ക് വല്ലാത്തൊരു പേടി തോന്നി അവന്റെയാ ചോദ്യം കേട്ടപ്പോൾ.ഏയ്.. ഇല്ല.. ഞാനതൊക്കെ അപ്പഴേ വിട്ടു.. വെറുതെ.. വെറുതെ ചോദിച്ചതാ..”
ആ ഭയമറിഞ്ഞത് പോലെ ആദി ചിരിയോടെ പറഞ്ഞു.ശേഷം അവന്റെ നോട്ടം പ്രിയക്ക് നേരെ നീണ്ടു..അവൾ ഒറ്റ വലിക്ക് ചായ കുടിച്ചു തീർത്തിട്ട് ആദി കുടിച്ച ഗ്ലാസ് കൂടിയെടുത്തിട്ട് അകത്തേക്ക് നടന്നു.”കുറച്ചൊക്കെ എടുത്തു ചാട്ടവും ദേഷ്യവുമുണ്ടെന്നാലും പാവമാണ് മോനെ എന്റെ മോള്.. അനുഭവങ്ങൾ അവളെ അങ്ങനെയാക്കി മാറ്റിയതാ…”സുജ പ്രിയ പോയ വഴിയേ നോക്കി പതിയെ പറഞ്ഞതും ആദി അവരെ നോക്കിയൊന്ന് ചിരിച്ചു.ചുരിദാറിന്റെ ഷാളിൽ കൈ തുടച്ചു കൊണ്ട് പ്രിയ അങ്ങോട്ട് വന്നു.”പോട്ടെ അമ്മേ.. ഇനി പിന്നെ വരാം..”വല്ലാത്തൊരു നിരാശയിൽ മുങ്ങി പോയിരുന്നു അത് പറയുമ്പോൾ പ്രിയയുടെ വാക്കുകളും മുഖവും.
“കല്യാണം കഴിഞ്ഞു ആദ്യമായുള്ള വരാവാ.. പക്ഷേ..സുജ മുഖം കുനിച്ചു.ആദി ഒന്നും പറയാതെ പ്രിയയെ നോക്കി.ഇന്നിവിടെ നിന്നിട്ട്….”സുജ വീണ്ടും ആദിയെയും പ്രിയയെയും നോക്കി.നിർബന്ധിച്ചു പറയാൻ അവരുടെ അവസ്ഥ അനുവദിക്കുന്നുണ്ടായിരുന്നില്ല”പിന്നൊരു ദിവസം തീർച്ചയായും വരാം..”ആദി പറഞ്ഞു.”എന്നാൽ.. മോളിന്നിവിടെ… നിന്നോട്ടെ..”അത് ചോദിക്കാനും സുജക്ക് ഭയമുണ്ടായിരുന്നു.പക്ഷേ അവർക്കവളെ കണ്ട് മതിയായിരുന്നില്ല.പെട്ടന്നൊരു ദിവസം… അത് പോലൊരവസ്ഥയിലിറങ്ങി പോയതാണ്.ഇന്ന്… ഇന്ന് വേണ്ട… ഞാൻ.. ഞാൻ പറഞ്ഞല്ലോ.. പിന്നെ ഒരു ദിവസം തീർച്ചയായും ഞങ്ങൾ വരുന്നുണ്ട്..”
മഹാ ദേവന്റെ ക്രൂരത നിറഞ്ഞ ചിരിയുണ്ടായിരുന്നു ആദിയുടെ ഉള്ള് മുഴുവനും.. അത് പറയുമ്പോൾ.
ആദിയുടെ വാക്കുകൾ സുജക്ക് ആശ്വാസമാണ് നൽകിയത്.അവളെ കൂടെ തന്നെ അവൻ ആഗ്രഹിക്കുന്നുവല്ലോ…പ്രിയയും വല്ലാത്തൊരു നിർവൃതിയോടെ അവന്റെ നേരെ നോക്കി.
പോകാമെന്നു ആദി അവളോട് തല കൊണ്ട് ആഗ്യം കാണിച്ച്.”അമ്മയൊരു കാര്യം പറഞ്ഞാൽ മോനത് ദേഷ്യമാവുമോ? “സുജ വിറയലോടെ തന്നെയാണ് ചോദിച്ചത്.തന്റെ വാക്കോ പ്രവർത്തിയോ മകളുടെ ജീവിതത്തിൽ യാതൊരു ദോഷവും വരുത്തരുതെന്ന് അവർക് തോന്നിയിരുന്നു.ആദിക്കൊപ്പം പ്രിയയും പത്മയും മാളുവുമെല്ലാംസുജയേനോക്കി.”നിയമത്തിനു മുന്നിൽ ഇവളെ നീ കൂടെ ചേർത്തെങ്കിലും.. താലിയും സിന്ദൂരവുമൊന്നുമില്ലാതെ… ഒക്കെ ഓരോ വിശ്വാസമായിരിക്കും. പക്ഷേ.. പക്ഷേ.. അതിലൊരു സത്യവുമുണ്ട് മോനെ.. ഒഴിഞ്ഞു കിടക്കുന്ന ഇവളുടെ സീമന്ത രേഖയും കഴുത്തും…. എന്നെ.. എന്നെ വല്ലാതെ ഭയപെടുത്തുന്നു… മോന്.. മോന് ബുദ്ധിമുട്ടില്ലങ്കിൽ…”
സുജ കൈ കൂപ്പുന്നത് പോലാണ് ആദിയെ നോക്കുന്നത്.അവൻ ഞെട്ടി പോയിരുന്നു.ഇന്നീ നിമിഷം വരെയും അങ്ങൊരു ചിന്ത മനസ്സിൽ തോന്നിയിരുന്നില്ല.പ്രിയയും സുജയെ പകച്ചു നോക്കി.
“അമ്മയുടെവാക്കുകൾമോന്ഇഷ്ടകേടുണ്ടാക്കിയെങ്കിൽ.. ക്ഷമിക്കണം കേട്ടോ.. ഒരു മകളെങ്കിലും നിത്യ സുമംഗലിയായി കാണാനുള്ള എന്റെ.. ആഗ്രഹമാണ്.. മണ്ണോടു ചേർന്ന് പോയ ഇവളുടെ അച്ഛൻ… അദ്ദേഹത്തിന്റെ ആത്മാവും അങ്ങനൊന്ന് ആഗ്രഹിക്കുന്നുണ്ടാവുമെന്ന് എനിക്ക് തോന്നുന്നു..”
തോളിൽ കിടന്ന തോർത്തിൽ സുജ മുഖം പൊതിഞ്ഞു കൊണ്ട് തേങ്ങി…
ആദിയുടെ മുഖം വലിഞ്ഞു മുറുകി തുടങ്ങി.അത് വരെയും അവനൊളിപ്പിച്ചു പിടിച്ച ഗൗരവവും ദേഷ്യവും അവന്റെ മിഴിയാഴങ്ങളിൽ നിന്നും പ്രിയ കണ്ടു പിടിച്ചു.അവൾക്കുള്ളം പിടഞ്ഞു..”അമ്മേ…”
സുജ പറയുന്നതൊന്നും ആദിക്ക് ഇഷ്ടമാവില്ലെന്ന് പ്രിയക്ക് മനസ്സിലായതും അവളൽപ്പം ശാസനയോടെ വിളിച്ചു.”ഞാനീ പറഞ്ഞത് എന്റെ മനസാണ് മോനെ.. അതിനിവളോട് ദേഷ്യം കാണിക്കരുതേ.. ഒരുപാട് അനുഭവിച്ചതാണ് എന്റെ മകൾ. അവളുടെ നന്മക്ക് വേണ്ടി.. സന്തോഷത്തിനു വേണ്ടി ദൈവം നേരിട്ടിറക്കിയ ദേവദൂതനാണ് ഈ അമ്മയ്ക്ക് മുന്നിൽ നീ.. കേൾക്കുന്നവർക്കും കാണുന്നവർക്കും ഇതൊരു തമാശയോ ഭ്രാന്തോ ഒക്കെ ആയി തോന്നിയേക്കാം. പക്ഷേ… വലിയൊരു സങ്കടക്കടലിൽ മുങ്ങി താഴുന്ന നേരം എന്റെ മകൾക്ക് പിടിച്ചു കയറാൻ കിട്ടിയ കച്ചി തുരുമ്പിലും ഈ അമ്മയുടെ പ്രാർത്ഥനയുടെ അംശങ്ങളുണ്ട്. അത്ര മാത്രം.. ഇവിടെന്റെ മോള്…”
നിറഞ്ഞു തൂവുന്ന ആ കണ്ണീരായിരുന്നു സുജയുടെ വാക്കുകളുടെ ആത്മാർത്ഥതയെന്ന് ആദിക്ക് തോന്നി.
അവൻ അസ്വസ്ഥനാണെന്ന് പ്രിയക്ക് മനസ്സിലായി.
പറഞ്ഞല്ലോ ഞാൻ… നിങ്ങളുടെയത്രേം പഠിപ്പോ വിവരമോ എനിക്കില്ല.അത് കൊണ്ട് തന്നെ താലിയിലും സിന്ദൂരത്തിലുമല്ല മനസ്സിലാണ് ദാമ്പത്യമെന്നും എന്ത് സംഭവിച്ചാലും നേരിടാമെന്നുള്ള നിങ്ങളുടെയത്ര ധൈര്യവും മനോബലവും കൂടി എനിക്കില്ല.അത് കൊണ്ട്…. അപേക്ഷയാണ്…”
സുജ വീണ്ടും ആദിയെ നോക്കി.നെറുകയിൽ സ്വന്തം പുരുഷന്റെ കൈ കൊണ്ട് ചേരുന്ന രക്തവർണ്ണത്തിനും നെഞ്ചിൽ അവരുടെ കൈ കൊണ്ടണിയിക്കുന്ന ഒരിത്തിരി പൊന്നിനും ഒരു പെണ്ണിന്റെ ജീവിതത്തിൽ വളരെയേറെ സ്വാധീനമുണ്ടെന്ന് ഭർത്താവിന്റെ വിയോഗത്തോടെയാണ് സുജ തിരിച്ചറിഞ്ഞത്.
മൂത്ത രണ്ടു മക്കളുടെ കാര്യങ്ങളോർക്കാൻ തന്നെ അവർക്ക് ഭയമായിരുന്നു.പക്ഷേ ഇളയ മകൾക്കെങ്കിലും നല്ലൊരു ജീവിതമെന്നത് അവരുടെ സ്വാർത്ഥതയായി മാറുകയായിരുന്നുവപ്പോൾ ..ആദി ധർമ്മസങ്കടത്തിൽ പെട്ടത് പോലെ… നെറ്റി തടവി.
മകൾക്ക് വേണ്ടി തനിക്ക് മുന്നിൽ കേഴുന്ന സുജയോട്… തീർത്തും പറ്റില്ലെന്ന് പറയാൻ അവന് കഴിഞ്ഞില്ല.പക്ഷേ അവരുടെ ആവിശ്യം അംഗീകരിക്കാനും കഴിയാത്തൊരു നിസ്സഹായവസ്ഥ.
തന്നെയൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത പ്രിയയേ വെറുതെ കുറച്ചു സെന്റിമെന്റിന്റെ പേരിൽ കുരുക്കിയിടാൻ അവന് തോന്നിയില്ല.
നിയമം കൊണ്ട് മാത്രം അവൾക്കുള്ള ഭാര്യ പദവി..
അതൊരു സംരക്ഷണമാണെന്ന് അവൾക്ക് തോന്നിയിട്ടുണ്ടെങ്കിലോ?അവൾക്കെപ്പോ വേണമെങ്കിൽ പോലും ഇറങ്ങി പോവാൻ കഴിയുന്നൊരു ഒപ്പിന്റെ ബലം മാത്രം.ഇത് പക്ഷേ.. ഇവർ പറയുന്നത് പോലെ… ഒരുമിച്ച് ജീവിക്കാൻ താലി ചരടും സിന്ദൂരമൊന്നും വേണ്ടാന്നുള്ള ന്യൂജെൻ ചിന്ത ഗതിയല്ല ആദിത് മഹാ ദേവിനെന്ന് അവനവരോട് പറയാനും വയ്യായിരുന്നു.ലിവിങ് ടു ഗെദർ എന്ന ഓമന പേരിട്ടു സ്വന്തം അച്ഛൻ നടത്തുന്ന അനാശാസ്യം കണ്ട് മനസ്സ് മരവിച്ചവന് ആ രീതികളോട് വെറുപ്പാണുന്നുള്ള വസ്തുത അവന്റെയുള്ളിൽ വീർപ്പുമുട്ടി.
തന്റെ പെണ്ണിനെ… ഹൃദയമുരുക്കി ചേർത്ത് പണിതൊരു താലിയിൽ സ്വന്തമാക്കാനും അവളുടെ നെറുകയിൽ സൂര്യനെപ്പോലെ താൻ അണിയിക്കുന്ന സിന്ദൂരം ജ്വലിക്കണമെന്നും മോഹിച്ചു നടന്നവന് അതത്ര നിസ്സാരമായി കാണാനും കഴിയില്ലെന്ന് ആദി നിശബ്ദമായി വാദിക്കുന്നുണ്ടായിരുന്നു..”അമ്മ… അമ്മ എന്തൊക്കെയോ.. അതൊന്നും കാര്യമാക്കേണ്ട.. നമ്മുക്ക്.. നമ്മുക്ക് പോകാം “ദേഷ്യം പിടിച്ചാൽകണ്ണ്കാണാത്തവനാണ്.കണ്മുന്നിൽ നിൽക്കുന്നവർ ആരായാലും യാതൊരു കൂസലുമില്ലാതെ ഉള്ളിലുള്ളത് മുഴുവനും വിളിച്ചു പറയുന്നവനാണ്.അമ്മ പറയുന്നത് കേട്ടിട്ട് അവൻ അതിന്റെ ദേഷ്യത്തിൽ തന്നെയിവിടെ നിർത്തി പോകുമോയെന്ന് പ്രിയ നന്നായി ഭയന്നിരുന്നു.
അനൂപിന്റെ ചെയ്തികളോടുള്ള ഭയത്തേക്കാൾ അവൻ തന്നെ ഉപേക്ഷിച്ചു കളയുമോ എന്നൊരു വേവലാതി അവളിൽ പിടി മുറുക്കി കഴിഞ്ഞിരുന്നു.
മോനെ.. ഞാൻ പറഞ്ഞത്…”സുജ അവന്റെ കല്ലിച്ച ഭാവം കണ്ടതും വെപ്രാളത്തോടെ ആദിയെ നോക്കി.”എനിക്ക് മനസിലാവും അമ്മേ…”
തീയിൽ വെള്ളമൊഴിച്ചത് പോലൊരു ആശ്വാസമായിരുന്നു പ്രിയക്കാ മുഖത്തെ ചെറിയ ചിരിയും ശാന്തമായ വാക്കുകളും നൽകിയത്.അവൾക്കുള്ളിലെ പ്രണയം വീണ്ടും പൂത്തു..തളിർത്തു… ഇഷ്ടമില്ലാത്തത് ആര് പറഞ്ഞാലും കണ്ണ് പൊട്ടുന്ന ചീത്ത പറയാറുള്ളവൻ ഇന്നിത്രേം ശാന്തമായി സംസാരിക്കുന്നത് തന്നോടുള്ള സ്നേഹമാണെന്ന് തന്നെ അവൾക്കുള്ളം ഉറപ്പിച്ചു.
“നിങ്ങളുദ്ദേശിച്ചത്രേം പുരോഗമന ചിന്താ ഗതിക്കാരനൊന്നുമല്ല ഞാൻ..താലിക്കും സിന്ദൂരത്തിനും അതിന്റെതായ പ്രാധാന്യമുണ്ടെന്ന് എനിക്കും തോന്നാറുണ്ട്.പക്ഷേ.. ഞാനും…”
അവനൊന്നു നിർത്തി തനിക്കു പിറകിൽ നിൽക്കുന്ന പ്രിയയെ നോക്കി.”ഞാനും അമ്മയുടെ മകളും തമ്മിൽ എങ്ങനെ ഒന്നായെന്ന് നിങ്ങൾക്കും അറിയാമല്ലോ.നേരിട്ടെന്ന് സംസാരിക്കാൻ കൂടി അനുവാദമില്ലാത്തയിടത് താലിയെ കുറിച്ചൊന്നും ആരും പറഞ്ഞു കേട്ടില്ല..സിന്ദൂരചുവപ്പിൽ അലിഞ്ഞു ചേരുന്ന പാതിയുടെ ആയുസ്സിനെ കുറിച്ചും ആർക്കും ആശങ്കയുമില്ലായിരുന്നു..”ആദി പറയുന്നത് കേൾക്കെ പ്രിയയുടെ മുഖം കുനിഞ്ഞു..
“അമ്മ മോനെ കുറ്റപ്പെടുത്തി പറഞ്ഞതല്ല. എനിക്കറിയാം എന്റെ മകളുടെ കൂടെയായത് കൊണ്ടാണ് അന്ന്… അന്നത്രേം നീ അപമാനിക്കപെട്ടത്. എന്ത് പറ്റിയെന്നൊരു ചോദ്യത്തിനു പോലും അവിടൊരു സ്ഥാനമില്ലാതായി പോയത്.. പക്ഷേ എന്നിട്ടും നിനക്കത് എതിർക്കാൻ സാധ്യതയുണ്ടായിരുന്നു. മാഷ് നിർബന്ധിച്ചു പറഞ്ഞാലും നിന്റെ ജീവിതമായിരുന്നു. തീരുമാനം പറയാൻ നിനക്കായിരുന്നു കൂടുതൽ അവകാശം . പക്ഷേ.. പക്ഷേ… നീയെന്റെ മകളെ കൈ വിട്ടു കളഞ്ഞില്ല.. ആ നന്ദി എന്റെ മനസ്സിൽ എന്നുമുണ്ടാവും. ദൈവത്തോളം സ്ഥാനം നൽകി കൊണ്ട് തന്നെ നിന്നെ ഞാൻ സ്നേഹിക്കും ”
ഉള്ളിലെ വികാരക്ഷോപം കൊണ്ട് സുജ കണ്ണ് നിറഞ്ഞു വിറക്കുന്നുണ്ട്.
ആദിക്ക് പിന്നെന്ത്പറയണമെന്നറിയില്ലായിരുന്നു.എന്ത് പറഞ്ഞിട്ടാണ് ഈ കണ്ണീരിനൊരു പരിഹാരം കാണെണ്ടതെന്നും അറിയില്ലായിരുന്നു.താനിവരുടെ മകളെ അംഗീകരിക്കുന്നുവെന്നൊരു തോന്നൽ ആ മനസ്സിൽ നിലയുറപ്പിച്ചു കഴിഞ്ഞു..ഇനിയത് അത്ര പെട്ടന്നൊന്നും വിട്ടു പോവില്ല.ഒരമ്മയുടെ ഗതികേട് മുഴുവനും അവരുടെ വാക്കിലും പ്രവർത്തികളിലും മുഴച്ചു കിടന്നു..ഞാൻ… ഞാനിപ്പോ എന്ത് വേണം…”ഇനിയുമാ കണ്ണുനീർ കാണാൻ വയ്യെന്നത് പോലെ ആദി ചോദിച്ചുസുജ അവനെ വിശ്വസമാവാത്ത പോലെ നോക്കി.”പറയൂ.. അത് പോലെ ചെയ്യാം ഞാൻ.. ദയവ് ചെയ്തു എനിക്ക് മുന്നിൽ കൈ കൂപ്പി കരയരുത്.. അതിന്റെ കുറ്റബോധം കൂടി എനിക്ക്…എനിക്ക് വയ്യാഞ്ഞിട്ടാ..”ആദി സുജയുടെ തോളിൽ തട്ടി കൊണ്ട് പതിയെ പറഞ്ഞു…
…തുടരും…
ഇവളെന്റെ ചെക്കനെ പൂട്ടാൻ കൊണ്ട് പോയതാണോ ഗയ്സ്..? എനിക്കിപ്പോ അങ്ങനൊരു സംശയം ഇല്ലാതില്ല വല്ല്യ കമന്റ് ഇട്ടാ ബാക്കി നാളെ..സ്നേഹത്തോടെ jiff

by