24/04/2026

സ്പന്ദനം : ഭാഗം 9

രചന :ഗായത്രി സുരേന്ദ്രൻ

അവളവളുടേതായ മായാലോകത്തിനുള്ളിലായിരുന്നു.
ഒരു ചെറിയ സന്തോഷം പോലും മാന്ത്രികത സൃഷ്ടിക്കുന്ന….മനസ്സിനെ മാറ്റിമറിക്കുന്ന…
സ്വപ്നങ്ങൾകാണാൻപഠിപ്പിക്കുന്ന…വിടരാനൊരായിരം പൂമൊട്ടുകൾ ഹൃദയത്തിന്റെ കോണുകളിൽ തളിരിടുന്ന….പ്രണയമെന്ന വസന്തത്തെ സ്വയം സ്വീകരിച്ചവൾ…….

💟
ഉച്ചയ്ക്കു അവൾ നേരത്തെ തന്നെ അച്ഛന് ഊണു വിളമ്പി. ഏകദേശം രണ്ടു മണിക്കാണ് പരിപാടികൾ ഉണ്ടാവുക. അതിനു മുന്നേ കുളിച്ചു മാറിയിറങ്ങണം…പാറു അച്ഛനോട് തനിക്കൊപ്പം ഉത്സവം കഴിഞ്ഞിട്ടു പോന്നാൽ മതിയെന്നു പറഞ്ഞതാണ് പക്ഷേ അച്ഛൻ നിരസിച്ചു. അവളിങ്ങനെ ഒറ്റയ്ക്കു മുഷിഞ്ഞിരിക്കുകയല്ലേ……
ഊണു കഴിച്ചു വീണ്ടും കുളിച്ചു വന്നു. മുൻപേ എടുത്തു വച്ച ഉടുപ്പെടുത്തണിഞ്ഞു….മുൻപ് ഒരായിരം പ്രാവശ്യമെങ്കിലും അവളവയെല്ലാം എടുത്തു നോക്കിയിട്ടുണ്ടാവും….എന്നിട്ടും മതിയായില്ല….
കുപ്പിവളകളും കമ്മലുമിട്ടു കണ്മഷിച്ചെപ്പിൽ നിന്നു സ്വൽപം കറുപ്പു മോതിരവിരലിൽ തൊടീച്ചു രണ്ടു കണ്ണും വാലിട്ടെഴുതി. ചാന്തിന്റെ കുഞ്ഞി പെട്ടിയെടുത്തു അതിൽ നിന്നു കറുപ്പു നിറത്തിലുള്ള ചാന്തുകൊണ്ടൊരു വട്ടപ്പൊട്ടും കുത്തി….

മുടി ചീവി കുളിപ്പിന്നലിട്ടു. മുറ്റത്തു പൂത്ത അരിമുല്ലയിൽ നിന്നെടുത്തു വച്ച പൂക്കളും ചെറുതൊരു തുളസിക്കതിരും ആ കറുത്തു ചുരുണ്ട മുടിയിഴകളിൽ ചൂടി.പൂജാമുറിയിൽ ചെന്നു ചന്ദനമുട്ടിയെടുത്തു തയച്ചുണ്ടാക്കി ഇത്തിരി ചന്ദനം നെറ്റിത്തടത്തിൽ തൊട്ടു….ഇന്നേവരെ ഇത്രകാര്യമായൊരുങ്ങീട്ടില്ല…. കുറച്ചേറെ നേരമെടുത്തെന്നവൾക്കു തന്നെ തോന്നി…അവളുടെ ചുണ്ടുകളിൽ എന്തെന്നില്ലാത്ത പുഞ്ചിരി തത്തിക്കളിച്ചു…. ഓരോ പ്രവൃത്തിയും പതിവില്ലാത്ത ചൊടി നിറഞ്ഞു…..”കുഞ്ഞോളേ നേരായീ…. ഇറങ്ങണില്ലേ നീയ്?ഇപ്പങ്ങ്ട് നടക്കണം വെയിലു വരേണേനും മുന്നേങ്ങ്ട് എത്താം….”

അച്ഛൻ കാത്തുനിന്നു മുഷിഞ്ഞൂന്നു തോന്നുന്നു. അവൾ ധൃതിയിൽ ഇറങ്ങാനൊരുങ്ങി… എന്തോ ആലോചിച്ചു പാറുവിനടുത്തേക്കു നടന്നു.അവിടെയിരുന്നു തയ്യൽ മെഷീനിൽ അരികു കീറിയ ഏതോ ഒരു ചുരിദാർ ശരിയാക്കുകയാണ്. ശ്രദ്ധ മുഴുവൻ അങ്ങോട്ടാണ്….പാറൂട്ട്യേ….”
“എത്രവട്ടം പറഞ്ഞിണ്ട് കുഞ്ഞോളേ ചേച്ചീന്നു വിളിയ്ക്കാനായിട്ട്…ഇതിപ്പ ആരാ ഇവടെ ചേച്ചി?!”
ഓ…. കെറുവിച്ചിരിക്കുവാണോ? ന്നാ ഞാനും പോണില്ല… അച്ഛോട് പറഞ്ഞിട്ട് വരട്ടെ..””ആയ്…. അങ്ങനൊന്നുംല്ലാട്ടോ പെണ്ണേ… നീ പോയില്ലേൽ ഞാൻ നിന്നെ ഇവടന്ന് ഓടിക്കും.ഭഗവാന്റെ കാര്യല്ലേ ആരാ അതിനു മുടക്കു പറയണേ….നിന്നെ ഞാൻ ചൊടിപ്പിച്ചതല്ലേ പൊട്ടീ….”

“ഓ പ്പം ഞാൻ പൊട്ടി…. ആയിക്കോട്ടെ….
മടങ്ങി വരുമ്പോൾ പാലൈസും പൊരിയും ഈ പൊട്ടി ഇവടാർക്കും വാങ്ങിച്ചു വരണ്ടാലോല്ലേ??”
പുരികക്കൊടികളുയർത്തി കപടദേഷ്യം ഭാവിച്ചു ചോദിച്ചു.”അതിപ്പോ…. നീയ്യ് വാങ്ങണ്ട…
നിക്കെന്റെ പുന്നാര അനിയത്തിക്കുട്ടി മേടിച്ചു കൊണ്ടുത്തരും നോക്കിക്കോ….”അതും പറഞ്ഞു ഓടിവന്നു കെട്ടിപ്പിടിച്ചു അവൾ. മനസ്സിലൊരു കുളിരു വന്നു നിറഞ്ഞതു പോലെ. ഒരു അനുഗ്രഹം പോലെ…..”നേരല്യാട്ടോ ഞാൻ പോയിട്ടു വരാമേ….നേർത്തെ ഇങ്കടു പോരണം… അച്ഛൻ തൊഴുതിട്ടു തിരിച്ചു വരൂല്ലോ….”അതും പറഞ്ഞു ചേച്ചിയുടെ കവിളുകളിൽ മുത്തവും നൽകി തിരിച്ചു ഓടി അച്ഛനടുത്തേയ്ക്ക് ചെന്നു.കാത്തിരുന്നു മുഷിഞ്ഞോ ആവോ…..

അച്ഛനുമ്മറത്തുണ്ട്. പോകാം എന്നു പറഞ്ഞു തുള്ളിച്ചാടി നടന്നു എത്ര വലുതായാലും അച്ഛൻറെ കൈവിരൽ പിടിച്ചു മാത്രമേ നടക്കുവാൻ തോന്നുകയുള്ളൂ… അപ്പോൾ ഒരു സുരക്ഷിതത്വമാണ്. ഈ ലോകത്ത് മറ്റെങ്ങും കിട്ടാത്ത സുരക്ഷിതത്വം…. കനാൽ വക്കിലൂടെ നടന്നു റോഡിലേക്ക് കയറി. ചെറിയ ചെറിയ റോഡാണ് അധികം വീതിയൊന്നുമില്ലാത്ത ഒരു നാട്ടുപാത. വഴിവക്കിൽ വീടുകളുണ്ട്, കൃഷിയിടങ്ങളുണ്ട്, നിറയെ മരങ്ങളും….ആ വഴി ചെന്നെത്തുന്നത് അമ്പലത്തിലാണ്. റോഡരികിൽ തന്നെയുള്ള ക്ഷേത്രം രണ്ടാണ്. ഒരേ മുറ്റത്തുതന്നെ രണ്ടെണ്ണം വീതിയുള്ള നടപ്പന്തൽ. ക്ഷേത്ര മൈതാനം നിറയെ ചെറിയ പുല്ലുകൾ ഉണ്ട്…..

പക്ഷേ ഇന്ന് നടപ്പന്തലും മൈതാനവും ക്ഷേത്ര ഗോപുരത്തിന് അകവും പുറവും ചുറ്റുപാടുമെല്ലാം കൊടിതോണങ്ങളാലും കുരുത്തോല പന്തലുകളാലും വർണ്ണശബളമായ ആയ അലങ്കാര ദീപങ്ങളാലും മനോഹരമാക്കിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന കലാസൃഷ്ടി…..പലതരം സാധനസാമഗ്രികളുടെ വിൽപ്പനയും പലതരം മത്സരങ്ങളും ഒരു ഉത്സവത്തിന്റെതായ എല്ലാ മേളങ്ങളും വാദ്യങ്ങളും ആഘോഷങ്ങളും അവിടെയുണ്ടായിരുന്നു…..
എല്ലാം കണ്ടും കേട്ടും ആസ്വദിച്ചും നടന്നു. നിറയെ വർണങ്ങളുള്ള ബലൂണുകളിലേക്ക് അവൾ കൊതിയോടെ നോക്കി. തൊഴുതു കഴിഞ്ഞാൽ വാങ്ങാമല്ലോ അക്ഷമയോടെ ആണെങ്കിലും നടന്നു…

ക്ഷേത്ര പരിസരത്തിന് അടുത്തേക്ക് എത്തുന്തോറും ശരീരത്തിൽ ആകമാനം ഒരു വിറയൽ അനുഭവപ്പെട്ടു. അവളുടെ കടും കാപ്പി നിറമുള്ള കൃഷ്ണമണികൾ എന്തിനെയോ തിരഞ്ഞെന്നപോലെ നാലുപാടും ചലിക്കുവാൻ തുടങ്ങി…..ഒരു നിമിഷം മറ്റെല്ലാം മറന്ന് നടക്കുന്നത് നിർത്തി അവൾ അവൾ ഉത്സവ പരിസരത്ത് തന്നെ പ്രിയമുള്ളതെന്തിനെയോ തിരഞ്ഞുകൊണ്ടിരുന്നു. ഓരോ മുഖങ്ങളെയും അവൾ മനസ്സിലെ പുഞ്ചിരിച്ച പൗരുഷ ഭാവത്തിനോട് ഒത്തുനോക്കും….ഈ കാലം കൊണ്ടു തന്നെ പക്ഷേ ആളുടെ നിഴലിനെ കണ്ടാൽ പോലും മനസ്സിലാകും എന്ന് അറിയാം.

എങ്കിലും തന്റെ കണ്ണുകൾ തന്നെ പറ്റിച്ചാലോ എന്ന
ആശങ്കയോടെ, പ്രതീക്ഷയോടെ… വ്യഗ്രതയോടെ… വ്യഥയോടെ… വിരഹത്തോടെ… അതിലുപരി പ്രണയത്തോടെ, അവൾ ചുറ്റും ആ മനുഷ്യനെ മാത്രം പ്രതീക്ഷിച്ചു……”ന്താ കുഞ്ഞോളേ അവിടം നിക്കണത് വല്ലോം വാങ്ങാനുണ്ടേൽ തൊഴുതിറങ്ങീട്ടു വാങ്ങിക്കോളൂ കുട്ടീ….വേഗം വന്നേ…പിന്നെ ദാ…ഇതു നിന്റേം പാറുന്റേം പേരിലു വഴിപാടു കഴിക്കാനുള്ള പൈസയാണ്. വഴിപാടു കഴിച്ചിട്ടും വാ…..”അച്ഛൻ പറഞ്ഞതു കേട്ടു നിരാശയോടെ മുന്നോട്ടു നടന്നു. വഴിപാടായി രക്തപുഷ്പാഞ്ജലിയും ജലധാരയും ശീട്ടാക്കി വന്നു.

അമ്പലത്തിനുള്ളിൽ ശ്രീകോവിലിനകത്തേയ്ക്കു കയറി ദേവിയെ മനമറിഞ്ഞു പ്രാർത്ഥിച്ചു പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു…….പണ്ടൊക്കെ പ്രാർത്ഥന എന്നു പറഞ്ഞാൽ അച്ഛനേം പാറുവിനേയും പറ്റി മാത്രമായിരുന്നു. ഇപ്പോഴിതാ ഒരാൾ കൂടെ…
ആളെ ഇന്നെനിക്കു കാട്ടിത്തരണേയെന്നു മനസ്സുകൊണ്ടു കെഞ്ചി….തൊഴുതുകഴിഞ്ഞു പ്രസാദം വാങ്ങി. നെറ്റിത്തടത്തിൽ രക്തചന്ദനവും മഞ്ഞൾപ്പൊടിയും തൊട്ടു. അൽപം മഞ്ഞൾ മൂർദ്ധാവിലും. അപ്പോഴെന്തോ അമ്മയുടെ സാമീപ്യം അനുഭവപ്പെട്ടു. കണ്ണുകളിൽ തിളിഞ്ഞതു തിരിനാളങ്ങളിൽ പ്രശോഭിക്കുന്ന ദേവീ സ്വരൂപമായിരുന്നു…….

അച്ഛനോടൊപ്പം പുറത്തു കടന്നു. തൊഴുതു കടക്കുമ്പോൾ കണ്ണുകൾ വീണ്ടും ചുറ്റും അനുസരണയില്ലാതെ പരതുവാൻ തുടങ്ങി………
കണ്ടില്ല…. എവിടെയും കണ്ടില്ല…. കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുമോ എന്നു ഭയപ്പെട്ടു. അവയെ ശാസിച്ച് അടക്കിനിർത്താൻ ബദ്ധപ്പെട്ടു….പ്രതീക്ഷയുടെ അവസാന കൈത്തിരിനാളം തെളിയിച്ചു പിടിച്ച് അവൾ നീർമണികൾ പൊടിയുന്ന നയനങ്ങളിലൂടെ ചുറ്റുപാടും കണ്ണോടിച്ചു….പരിസരമാകെ പരതിയിട്ടും കണ്ടില്ല. അപ്പോഴേക്കും അച്ഛൻ മുന്നോട്ടു നടന്നു കഴിഞ്ഞിരുന്നു.നടയിൽ ചെണ്ട മേളം ഉണ്ട് ചേങ്ങില മദ്ദളം എല്ലാമുണ്ട്…മേളപ്പെരുപ്പം കൊണ്ട് അതിനു ചുറ്റും ആളുകളും.

അച്ഛൻ അവിടെ പോയിനിൽക്കുവാണ്… കൈകാട്ടി അങ്ങോട്ടേക്ക് തന്നെയും വിളിച്ചു. വേദന അടക്കിപ്പിടിച്ച് നടന്നു…”ന്റെ കുട്ടി പോയിട്ട് എന്താച്ചാൽ വാങ്ങിച്ചോളൂട്ടോ…പാറൂനും നീയ്യ് നോക്കിയാൽ മതി…ഞാനിവിടെയുണ്ട്. ഇത്തിരി കഴിഞ്ഞു തിരിച്ചു പോവും. കൊട്ടിക്കലാശത്തിനു നിൽക്കില്യ.നീയ്യ് പതിയെ വന്നാൽ മതി…”ഏതാനും നോട്ടുകൾ കയ്യിലേക്ക് വച്ചു തന്നു കൊണ്ട് അച്ഛനത് പറഞ്ഞു. വീണ്ടും വാദ്യമേളം ആസ്വദിക്കയായി….
ഞാനും അച്ഛേടൊപ്പം തിരിക്കുവാ…യ്ക്ക് ഒന്നും കാണാനില്യ…ഞാൻ പാറൂന് എന്തേലും മേടിച്ചിട്ടു വരാം….”

കരച്ചിൽ ശബ്ദങ്ങളിൽ ഇടർച്ച വരുത്താതെ പറഞ്ഞൊപ്പിച്ചു തിരിച്ചു നടക്കുമ്പോഴേക്കും കയ്യിലിരിക്കുന്ന നോട്ടുകളിലേക്ക് നീർമുത്തുകൾ ഉതിർന്നു വീണു… ആൾക്കൂട്ടത്തിനു നടുവിൽ വീണുപോകാതെയിരിക്കാൻ ശ്രമിച്ചു….
അല്ലെങ്കിലും എന്തിനാണ് ഇത്രമാത്രം വിഷമിക്കുന്നത്!!!? ആരെങ്കിലും പറഞ്ഞോ വരുമെന്ന്???? ആരെങ്കിലും പറഞ്ഞോ കാത്തിരിക്കണമെന്ന്!!!? എല്ലാം തന്റെ പ്രതീക്ഷയായിരുന്നില്ലേ……അല്ലെങ്കിലും കാര്യം മനസ്സിലാക്കാതെയും ആലോചിക്കാതെയും എടുത്തുചാടി മോഹങ്ങൾ വളർത്തിയ താനാണ് പൊട്ടി… പാറു പറഞ്ഞതുപോലെ ശരിക്കും പൊട്ടി…വളക്കടയിൽ ചെന്നു കരിവളകൾ വാങ്ങി…
പാറുവിനും തനിക്കും വേണ്ടത്. തുടക്കം തൊട്ടു വർണ്ണങ്ങൾ കൊണ്ട് കൊതിപ്പിക്കുന്ന ബലൂണുകളോട് പ്രിയം കുറഞ്ഞിരുന്നു….എങ്കിലും എന്തിനോ വേണ്ടി….

നീലയും മഞ്ഞയും രണ്ടു ബലൂണുകൾ വാങ്ങി.
മധുരം കഴിക്കാനിപ്പോൾ കൊതി ഇല്ല. ഉള്ളു നിറയെ നോവിൻ കൈപ്പുനീരാണ്. അതുകൊണ്ട് പാറുവിനു മാത്രം രണ്ടു പാലൈസു മേടിച്ചു ഭദ്രമായി പൊതിഞ്ഞെടുത്തു. ഒരു പായ്ക്കറ്റ് പൊരിയും.
കൈകൾ നിറയെ സാധന സാമഗ്രികളുമായി ഉള്ളിൽ ഭാരവുമായി അച്ഛൻ അരികിലേക്ക് തിരിഞ്ഞു നടന്നു.
എത്രയും പെട്ടെന്ന് തന്നെ വീട്ടിലെത്തി ഒന്നു കിടന്നാൽ മതിയായിരുന്നു. വേദനകളിൽ നിന്നും ഒളിച്ചോടാനുള്ള ഉള്ള എളുപ്പവഴി…”സ്പന്ദേ……”

തിരക്കിട്ടു നടക്കവേയാണ് പരിചിത ശബ്ദം കാതുകളിൽ വന്നു പതിച്ചത്. കേട്ടമാത്രയിൽ തലവെച്ചു തിരിഞ്ഞു നോക്കി……”ദ്രുപത്….!!!”
കണ്ണുകൾ വിടർന്നു. സന്തോഷം മനസ്സിൽ സുഖമുള്ള ഊഷ്മളതയേകി. ഹൃദയം ഉച്ചസ്ഥായിയിൽ സ്പന്ദിച്ചു തുടങ്ങി. അവനു പിറകിൽ പ്രിയമുള്ളത് എന്തോ തേടി അവളുടെ കണ്ണുകൾ അലഞ്ഞു….”സ്പന്ദേ താനുണ്ടായിരുന്നോ ഇവിടെ ഞാനിത്രേം നേരം കണ്ടില്ലാട്ടോ…അല്ലാ കൈ നിറയെ സാധനങ്ങളാണല്ലോ?ബലൂണും ഉണ്ടോ?
ഈ കൊച്ചുകുട്ടി മേടിച്ചതാണോ??”

അവൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു പെട്ടെന്നുണ്ടായ ആശ്ചര്യത്തിൽ വാക്കുകളൊന്നും പുറത്തേക്കു വന്നില്ല…നിറഞ്ഞു ചിരിച്ചു. മറുപടി ഒരു ചിരിയിൽ ഒതുക്കി…”എന്താടോ ഇങ്ങനെ നിൽക്കുന്നത് ഇതെന്തു പറ്റീ…”അവന്റെ ചോദ്യമാണ് ചിന്തകളെ മുറിച്ചത്.”ഏയ് ഒന്നൂല്ല്യാ…. താൻ പെട്ടന്നിവിടെ?ഇങ്കട് എപ്പളും വരാറുണ്ടോ?
ഞാനിതു വരേയ്ക്കും കണ്ടിട്ടില്ല്യാലോ?””അതിനു തനിക്കെന്നെ മുൻപെങ്ങാനും പരിചയം ഉണ്ടായിരുന്നോ ??ഇപ്പഴടുത്തല്ലേ നമ്മളു പരിചയപ്പെട്ടത്??””അപ്പോ നിങ്ങളെല്ലാ കൊല്ലവും വരാറുണ്ടോ?”അവളുടെ കണ്ണുകൾ വിടർന്നു.

“എല്ലാ കൊല്ലവും ഇല്ല. ഞാൻ ഡിഗ്രിക്ക് ഹോസ്റ്റലിൽ പഠിക്കുമ്പോ വന്നിട്ടില്ല. അവിടുന്ന് ഈ സമയത്ത് ലീവില്ലാന്നേ…അമ്മേം അച്ഛനും ഒക്കെ ഉണ്ടാവും മിക്കപ്പൊഴും….”തന്നേയുള്ളൂ കൂടെയാരും വന്നില്ല്യേ???….”അടക്കാനാവാത്ത ആകാംഷയോടെ പെട്ടന്നു ചോദിച്ചുപോയി. എന്തോ കാലുകളും കൈകളും വല്ലാതെ വിയർക്കുന്നു. വിറയ്ക്കുന്നു. അക്ഷമയായിരിക്കുന്നു….”അമ്മേം അച്ഛനും ഒന്നും ഇക്കുറി വന്നിട്ടില്ല. ഒരു മരിപ്പുണ്ടേ അച്ഛന്റെ കുടുംബത്തിലു….പക്ഷേ….. ഒറ്റയ്ക്കല്ലാട്ടോ…
ഒറ്റയ്ക്കു ഇത്ര ദൂരത്തേയ്ക്ക് ഞാൻ പോയാൽ ചിലപ്പോ ഇവടത്തന്നെ നിന്നു പോവും.ന്നെ തീരെ വിശ്വാസമില്ലാത്തോണ്ട് ഒരു ബോഡീഗാർഡിനെ പറഞ്ഞു വിട്ടിട്ടുണ്ട് ട്ടോ….”അതും പറഞ്ഞവൻ ഒരു ഭാഗത്തേയ്ക്ക് കൈചൂണ്ടി. ആ വിരലുകൾ കാട്ടിയ ദിശയിൽ അമ്പലത്തിന്റെ വടക്കുഭാഗത്തു മതിലോരം ചാരി നിൽക്കുന്ന ആളെ കണ്ടപ്പോൾ കണ്ണുകൾ വികസിച്ചു വിടർന്നു……..ഹൃദയത്തുടിപ്പ് വീണ്ടും ഉയർന്നു….. കാൽമുതൽ ഒരു നനുത്തചൂട്ശരീരത്തിലാകമാനംനിറയുന്നു……. കൈവെള്ള വിയർക്കുന്നു……കടും നീല നിറമുള്ള ഷർട്ടും കറുത്ത കരയുള്ള മുണ്ടുമുടുത്ത് നെറ്റിയിലേക്കൂന്നു വീണ മുടിയിഴയെ പിന്നോക്കം നീക്കിക്കൊണ്ട് കണ്ണുകളിൽ പതിവു കൂസലില്ലായ്മയോടെസാർനിൽക്കുന്നു….ഓടിയടുത്തേയ്ക്കു ചെല്ലാൻ തോന്നിയ ഉൾപ്രേരണയെ ശാസിച്ചു നിർത്തി. നിർന്നിമേഷയായ് കണ്ണുകൾ തന്റെ ലക്ഷ്യത്തിലൂന്നി നോക്കിയിരുന്നു….മൂന്നു ദിവസത്തെ വിരഹം… അതിനിത്ര നോവുണ്ടോ??? ഇത്ര ചൂരുണ്ടോ???
വിരഹം?!

തന്റെ മാത്രം വിരഹം…. ആൾക്കതിന്നും അറിയില്ലല്ലോ….അവൾ പതിയെ പുഞ്ചിരിയോടെ ഓർത്തു.”എടോ താനിതെങ്ങടു നോക്കി ഇരിക്കുവാ….എന്തായാലും കണ്ടതല്ലേ കുഞ്ഞേട്ടനേം കൂടികണ്ടിട്ടുവരാംവായോ….””കുഞ്ഞേട്ടനോ?”തെല്ലൊരു സംശയത്തോടെ ചോദിച്ചു.”ആ ഞാൻ അങ്ങനാ വിളിക്കാറ് താൻ വാ….”
മുൻപായിരുന്നുവെങ്കിൽ ഏതു വിധേനയും ആക്ഷണം നിരസിച്ചേനേ…. പക്ഷേ ഇനിയില്ല..ചിരിയോടെ ദ്രുപതിനെ അനുഗമിച്ചു മുന്നോട്ടേയ്ക്കു നടന്നു….ഹൃദയസ്പന്ദനം ഓരോ കാൽവയ്പ്പിലുംവേഗതയാർജിക്കുന്നതറിഞ്ഞു…………………

തുടരും……………

(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്)