17/04/2026

മിഴി : ഭാഗം 9

രചന : ഗായത്രി സുരേന്ദ്രൻ

“മിഴി!!!???മിഴിയോ…. എന്ത്??!ശ്രീനാഥ്, നീയെന്താ പറയുന്നേ??….””അതേ കണ്ണാ…. മിഴി…മിഴി തന്നെ…എനിക്കവളെ ഇഷ്ടമാണ്… പക്ഷേ അവളോടു പറയാനുള്ള ധൈര്യം വന്നില്ലാ….
ഞാൻ എവിടേയും എത്താതെ വെറുതേ ചെന്ന് ഇഷ്ടം പറയാനൊരു പ്രയാസം…ഇപ്പോഴെനിക്കൊരു ജോലിയുണ്ട് കണ്ണിലെ കൃഷ്ണമണി പോലെയെനിക്കവളെ സംരക്ഷിക്കാൻ കഴിയും….
ഇത്രയും കാലം ഇതിനുവേണ്ടി കാത്തിരുന്നതാണ്…..”ഉണ്ണീ നീ പറയുന്നതൊക്കെ എനിക്കു മനസിലാകുന്നുണ്ട്….

എന്നാലും….””മറ്റെന്തു പ്രശ്നമാണുള്ളത് കണ്ണാ…
എന്റെ കാഴ്ചപ്പാടിൽ അവൾക്കെന്നോട് ഇഷ്ടക്കുറവൊന്നും പ്രദർശിപ്പിച്ചിട്ടില്ലാ….പിന്നെ നിന്റെ സമ്മതം ആവശ്യമെന്നു തോന്നി…നീ എനിക്കു വാക്കു തന്നതല്ലേ….??”അതേ…. ഞാൻ…. ഞാൻ നിനക്കു വാക്കുതന്നതാണ്….നീയെന്റെ ഉറ്റതോഴനാണ്….പക്ഷേ….””പക്ഷേ???!!!!”
അവൾ അവൾക്കിഷ്ടമാണോ നിന്നോട്???….
അവളുടെ മനസ്സിൽ വേറാരെങ്കിലും ഉണ്ടെങ്കിലോ…??”മാധവ് അവസാന പ്രതീക്ഷയെന്നോണമായിരുന്നു ആ ചോദ്യം തൊടുത്തു വിട്ടത്….”ഏയ് കണ്ണാ…മിഴിയെനമുക്കറിയില്ലേ….

അവൾക്കെല്ലാരേം നല്ല കാര്യമാണ്…. വീട്ടുകാരെ വിഷമിപ്പിക്കുന്ന ഒന്നും അവൾ ചെയ്യില്ലാ….
പിന്നെ അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടോ എന്നെനിക്കറിയില്ല…പക്ഷേ മറ്റൊരിഷ്ടം അവൾക്കുണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം…
അതുകൊണ്ട് നീ വേണം അവളെ പറഞ്ഞു സമ്മതിപ്പിക്കാൻ….അതിനെനിക്കു നിന്റെ സഹായം വേണം….അങ്ങനെയെങ്കിൽ ഞാൻ നാളെത്തന്നെ അങ്ങോട്ടേയ്ക്ക് അമ്മേം കൂട്ടി വരാം….കണ്ടുറപ്പിച്ചു നിശ്ചയിച്ചു വച്ചൂടേ…. ബാക്കിയൊക്കെ അവളുടെ പഠിത്തം കഴിഞ്ഞ് എപ്പോഴാന്നു വച്ചാ മതി….എന്താ????…”അപ്പോ…. അപ്പോ വല്ല്യമ്മോടു നീയീക്കാര്യം ഒക്കെ അവതരിപ്പിച്ചുവോ…..നാളെത്തന്നെന്നു വച്ചാൽ….!”

“ആ അതെ അമ്മയോടു ഞാനെല്ലാം തുറന്നു പറഞ്ഞു….അമ്മയ്ക്കിതിനു സന്തോഷേള്ളൂ…. അമ്മയ്ക്കും മിഴിയോടു വല്ല്യ സ്നേഹല്ലേ….
ശ്രീയേച്ചിക്കു പിന്നെ മിഴി കഴിഞ്ഞിട്ടേ ഞാനുള്ളൂന്നാ….പിന്നെ ആർക്കാ അവടൊരു സമ്മതക്കുറവ്? അച്ഛനോ?ഇക്കാര്യം കേട്ടപ്പോ ആദ്യം തന്നെ നമുക്ക് നാളെത്തന്നെ പോയി ആലോചിക്കാംന്ന് പറഞ്ഞത് അച്ഛനാണ്…..
അവിടെല്ലാർക്കും ഇതറിഞ്ഞപ്പോ സന്തോഷാണ്….”
കാര്യങ്ങൾ എല്ലാം കൈവിട്ടു പോയീ എന്ന് മാധവിന് ഏറെക്കുറെ ബോധ്യപ്പെട്ടു….ശ്രീനാഥ് ഒക്കെയും പറഞ്ഞുറപ്പിച്ചാണു വന്നത്…. എന്നുവച്ചാലിനി അവനോടു മറുത്തു പറയാനുള്ള യാതൊരു പഴുതുകളും തന്റെ മുന്നിലില്ലാ…..

അവനു മനസ്സിനു വല്ലാത്ത ഭാരം തോന്നി….
ഒക്കേയും തന്റെ മാത്രം തെറ്റാണ്…. തന്റെ അഹങ്കാരം വരുത്തിവച്ച വിന….ധാർഷ്ട്യം കൊണ്ടു കൈവിട്ടുപോയ പ്രണയം…. മിഴി അവളുടെ നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും പ്രണയം പറഞ്ഞു പറഞ്ഞില്ലെന്ന മട്ടിൽ ഇഷ്ടം പ്രകടിപ്പിച്ചിട്ടും….
അതൊക്കെയും മനസ്സിലാക്കിയിട്ടും അവൾക്കു മുന്നിൽ തന്റെ ധാർഷ്ട്യം താഴ്ന്നു തരാൻ സണ്മതിച്ചില്ലാ….പകരം വെറുപ്പു കാണിച്ചു അവളെ വേദനിപ്പിക്കുന്നതിൽ താൻ ആനന്ദം കണ്ടെത്തി…..അവളെ കരയിച്ചു…. വേദനിപ്പിച്ചു…. ഉപദ്രവിച്ചു…..അന്നവളനുഭവിച്ച വേദനയുടെ ആയിരം മടങ്ങ് ഇന്നവളെ താൻ പോലുമറിയുന്നതിനു മുൻപ് കൈവെള്ളയിൽ നിന്നൂർന്നു പോകുമ്പോൾ മറ്റൊരാളവളെ സ്വന്തമാക്കാൻ പോകുന്നുവെന്ന് മനസിലാക്കുമ്പോൾ അനുഭവപ്പെടുന്നുണ്ട്…..

ആരേയും കുറ്റം പറയാനോ തെറ്റ് അടിച്ചേൽപ്പിക്കുനോ കഴിയില്ല….കാരണം ഇതു തന്റെ മാത്രം തെറ്റാണ്….. തന്റെ മാത്രം കർമ്മഫലം….കണ്ണാ…. നീയെന്താ ചിന്തിക്കുന്നത്??? നിനക്കീ ബന്ധത്തിലെന്തെങ്കിലും അതൃപ്തിയുണ്ടോ???”മാധവ് ചിന്തകളിൽ നിന്നും മുക്തനായി…..മുഖത്തു ഒത്തിരി പണിപ്പെട്ടെങ്കിലും പ്രസന്നത വരുത്തി മാധവ്…..അവന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്ന നിരാശയെ നഷ്ടബോധത്തെ ഹൃദയഭംഗത്തെ ഒക്കേയുമവൻ സ്വയം ചുണ്ടുകളിലടിച്ചേൽപ്പിച്ച പുഞ്ചിരിയാൽ മായ്ച്ചു കളയാൻ ആവതു പരിശ്രമിച്ചു…..കുറേയൊക്കെ അവനാ ശ്രമത്തിൽ വിജയിച്ചു….

“ഏയ്, എനിക്കെന്തു പ്രശ്നമാണ് ശ്രീ…..മിഴി നല്ലൊരു പെൺകുട്ടിയാണ്….. നീ അവൾക്കനുയോജ്യനായ വരനാണ്….അവളെ നിന്റെ പക്കൽ കൈപിടിച്ചേൽപ്പിക്കുന്നതിൽ അമ്മയ്ക്കാണെങ്കിലും എനിക്കാണെങ്കിലും സന്തോഷമേ ഉണ്ടാവുകയുള്ളൂ….നിന്നോടൊപ്പം അവൾക്കൊരു ദുഃഖങ്ങളും ഉണ്ടാവുകയില്ല…
അവളെ നീ വേദനിപ്പിക്കില്ല… വെറുപ്പു ഭാവിക്കുകയില്ല…. കുറ്റപ്പെടുത്തില്ല…നിന്നോടു കൂടി അവൾ സന്തോഷവതിയായിരിക്കും….”അവന്റെ വാക്കുകളിൽ നഷ്ടബോധം പ്രകടമായിരുന്നു…..”കണ്ണാ നീയാണ് യഥാർത്ഥ സുഹൃത്ത്….നിന്നെപ്പോലൊരാളെന്റെ കൂടെയുണ്ടെങ്കിൽ ഒക്കേയും നല്ലതായിത്തന്നെ നടക്കും….”ശ്രീനാഥ് മാധവിനെ കെട്ടിപ്പിടിച്ചു…. മാധവ് തിരിച്ചും അവനെ പുണർന്നു….അവന്റെ ചുണ്ടകളിൽ പുഞ്ചിരി വിടർന്നതിനൊപ്പം കണ്ണുകളിലൂടെ രണ്ടു കണ്ണീർത്തുള്ളികളും ഊർന്നിറങ്ങി….

****** ****** ****** ****** *****

മാധവ് വീട്ടിലേക്കു നടന്നു…വീടെത്തിയതും വാതിൽ തുറന്നു കൊടുത്ത പത്മിനിയമ്മ ചോദിയച്ച ചോദ്യങ്ങളോ ഒന്നുമവൻ കേട്ടില്ല….ചുറ്റും നടക്കുന്നതെന്തെന്ന സാമാന്യബോധം പോലും അവനിൽനിന്നുമകന്നിരുന്നു..അവന്അവന്റെ കാലുകൾ തറയിൽ തൊടുന്നതായി അനുഭവപ്പെട്ടില്ല…വായുവിലൂടെ ഉയർന്നു ചലിക്കും പോലെ തോന്നി…അവൻ തോൽവിയറിഞ്ഞ ജേതാവിനെപ്പോലെ മനസ്സു കലുഷിതപ്പെട്ടുകൊണ്ടു കിടക്കയിലേക്കു വീണു….നിദ്രയ്ക്കു മാത്രമേ തന്റെ വ്യഥകളുടെ തീവ്രതയെ ലഘൂകരിക്കാൻ കഴിയൂ എന്നവനു തോന്നി….

***** ***** ***** *****

മിഴിക്കു കിടന്നിട്ടു നിദ്രാദേവി കടാക്ഷിക്കുന്നില്ലെന്നു ബോധ്യമായി….പ്രണയം അസ്ഥിക്കു പിടിക്കുകായെന്നൊക്കെപ്പറയുന്നത് ഇതാണോ….
കണ്ണുകളിൽ മുഴുവൻ പ്രകാശമാണ് പ്രകാശം പരത്തുന്ന സൂര്യനായി കുഞ്ഞേട്ടനും……ആ സാമീപ്യമാണ് തന്റെ മനസ്സിനത്യാവശ്യം…..
എത്ര അടക്കിനിർത്തിയിട്ടും പിടികിട്ടാതെ പാറിപ്പറക്കുന്ന പട്ടം പോലെ മാറിയിരിക്കുന്നു മനസ്സ്….അത് മാധവ് എന്ന കേന്ദ്രത്തിനെ മാത്രം കണ്ടുകൊണ്ടുവലംവയ്ക്കുന്നു….വല്ലാത്തൊരവസ്ഥയാണു തന്റേത്….

അവൾ സ്വയം തലയ്ക്കു തട്ടി….പതിയേ കിടക്കയിൽ നിന്നുമെഴുന്നേറ്റു….രണ്ടും കൽപ്പിച്ചു മാധവിന്റെ മുറിയിലേക്ക് നടന്നു…പതിയേ ശബ്ദമുണ്ടാക്കാതെ അവൾ അവന്റെ മുറിയുടെ വാതിലിൽ തള്ളി നോക്കി…. ഭാഗ്യം സാക്ഷയിട്ടിട്ടില്ലാ…..ശബ്ദമുണ്ടാക്കാതെയവൾ അകത്തു കടന്നു…..അവൻ നല്ല ഉറക്കത്തിലാണ്….അവൾക്ക് അതുകണ്ടു വാത്സല്യം തോന്നി…പാവം…ക്ഷീണിച്ചു തളർന്നു ഉറക്കമാണ്…. രാവിലെത്തൊട്ടു വെയിൽകൊള്ളുകയല്ലേ…ജോലിത്തിരക്കല്ലേ….
രാത്രിയാവുമ്പോഴേക്കും ഉറക്കം കണ്ണുകളെ തളർത്തിയതായിരിക്കണം….

അവൾ വളരെ പതുക്കെ കട്ടിലിന്റെ ഓരം ചേർന്നിരുന്നു….ഒട്ടധികം സമയം കണ്ണിമയ്ക്കാതെയവനെത്തന്നെ നോക്കിയിരുന്നു…..
പതിയേ അവളവന്റെ മുടിയിഴകളെ തഴുകാൻ തുടങ്ങി…..കറുത്തു കട്ടിയിള്ള മുടിയിഴകളിലൂടെ അവളുടെ നീണ്ട കൈവിരലുകൾ ഇഴഞ്ഞുനീങ്ങി…..പതിയേ പതിയേ അവളവനെ നോക്കി പുഞ്ചിരി തൂകി…..നിദ്രയിലെങ്കിലും അവളുടെ സാമീപ്യത്തിന്റെ ശക്തിയെന്നോണം അവന്റെ ബലം പിടിച്ചു നിന്ന പേശികളിലെ സമ്മർദ്ദം മാറി മുഖം ശാന്തമായി….നേർത്ത മന്ദഹാസമാ മുഖത്തി പതിഞ്ഞു നിന്നു…..ഏറേ നേരമവളവിടെയതേ പടി ഇരുന്നു….
അവസാനം പോവാൻ നേരം പതിയേ അവളവന്റെ മൂർദ്ധാവിൽ അധരങ്ങളമർത്തി…..അവന്റെ നിദ്രയെ ഭംഗപ്പെടുത്താതെ തിരികേ നടന്നു…..

***** ***** **** ****** *****

പതിവുപോലെ രാവിലെ മിഴി ഉണർന്നു കുളിച്ചു പൂജാമുറിയിൽ കയറി വിളക്കു കൊളുത്തി….
തിരിച്ചു അടുക്കളയിലേക്കു വന്നു അമ്മായിക്കൊപ്പം പ്രാതൽ തയ്യാറാക്കാൻ സഹായിക്കാൻ തുടങ്ങി….
ചായയിട്ടു കഴിഞ്ഞു മാധവിനും ആരാധ്യയ്ക്കുമുള്ള ചായ കപ്പിൽ പകർന്നു മുകളിലേക്കു നടക്കാനൊരുങ്ങുകയായിരുന്നു അവൾ…”കുഞ്ഞോളേ…കണ്ണനെ കാണാൻ വന്ന ആ കുട്ടല്ല്യേ… ആരാധ്യ… വന്നിട്ടു കുറച്ചു ദിവസായീല്ലേ…എന്തേ ആ കുട്ടി ഇങ്ങടു വന്നതെന്നു നിന്നോടും എന്നോടുമവൻ പറഞ്ഞില്ല…അതു പോട്ടെ…എന്നാലും എത്ര ദിവസാ ആ കുട്ടി വ്ടെ ണ്ടാവ്വാന്നെങ്കിലും പറഞ്ഞൂടേ അവന്??!!”

“അതിപ്പോ ഞാൻ ചോദിച്ചു കണ്ണേട്ടനോട് വഴക്കാവാൻ നിൽക്കണില്ലമ്മായ്യ്യേ….അമ്മായി തന്നങ്ങടു ചോദിക്കണതാ നല്ലത്….””എന്തിനാ അതു ചോദിച്ചാൽ അവൻ നിന്നോടു വക്കാണത്തിനു വരണത്??ചോദിക്കണതു കാര്യായ കാര്യല്ലേ….
തെറ്റൊന്നും ല്ല്യാലോ…. പിന്നെന്താ….പിന്നെ ചോദിക്കാനുള്ള അവകാശോം നിനക്കില്ലേ കുട്ട്യേ…..”അമ്മായി ചോയ്ച്ചോളൂ നിക്ക് പേട്യാ…”
“നീയ്യിങ്ങനെ പാവായിപ്പോവല്ലേ കുഞ്ഞോളേ….
അവനു മുന്നിൽ ത്തിരി ധൈര്യം ഒക്കെ നീയ്യ് കാണിക്കണം….”മിഴി അതിനുത്തരം പറഞ്ഞില്ല…

അലസമായ് ചിരിച്ചു തലയാട്ടി അവൾ മുകളിലേക്കു ചായക്കപ്പുകളുമെടുത്തു നടന്നു…..മാധവ് അപ്പോഴും എഴുന്നേറ്റിട്ടില്ലായിരുന്നു….തളർച്ചയോടെ മയങ്ങുകയായിരുന്നു….മിഴി ചായക്കപ്പു മേശമേൽ വച്ച്അവനെവിളിച്ചുണർത്തി….മനസ്സില്ലാമനസ്സോടെയെങ്കിലും അവൻ എഴുന്നേറ്റു…മിഴിയെ കണ്ടു മനസ്സൊന്നു വ്യസനിച്ചെങ്കിലും അതവൻ പുറമേ പ്രകടിപ്പിച്ചില്ല….അവളോടൊന്നും സംസാരിച്ചില്ല…
അതവളും കാര്യമാക്കിയില്ല….അവനു ചായയെടുത്ത് കൊടുത്ത് അവൾ ആരാധ്യയുടെ മുറിയിലേക്ക് പോയി…അവളും ഉറങ്ങുകയായിരുന്നു…മിഴി വിളിച്ചപ്പോൾ ഉറക്കച്ചടവോടെ അവൾ എഴുന്നേറ്റു ഗുഡ്മോർണിങ് പറഞ്ഞു….അവളും തിരിച്ചു ആശംസിച്ചു….”ചേച്ചി എപ്പഴാ നാട്ടിൽക്കു പോണത്??….

വന്നിട്ട് വീട്ടിലേക്കു വിളിഅകണതൊന്നും കണ്ടില്ലാലോ…. അങ്ങടു പോയില്ലേൽ അവടന്നന്വേഷിക്കില്ലേ??….”
മിഴി മടിച്ചു മടിച്ചുകൊണ്ട് അവളോടു ചോദിച്ചു…..
“ആ യെസ്…. പോവണം ബട്ട്, ഇപ്പോഴല്ല…ഐ ഹാവ് എ പ്ലാൻ….ആഫ്റ്റർ കംപ്ലീറ്റിങ് ദാറ്റ്…ഐ വിൽ ഗോ….”അവൾ നിഗൂഡമായി ചിരിച്ചുകൊണ്ടു പറഞ്ഞു….ആ പറച്ചിലിൽ എന്തോ പന്തികേടുള്ളതായി മിഴിക്കനുഭവപ്പെട്ടു….എന്നാലും മിഴി അവളുടെ സംശയം ഉള്ളിലൊതുക്കി…..തിരികെ അവൾ അടുക്കളയിലെത്തി അമ്മായിക്കൊപ്പം പ്രാതൽ കഴിച്ചു….ഇന്നു അവധിയാണല്ലോ… അതുകൊണ്ട് ഒരുപാടു ചെയ്തുതീർക്കാനുണ്ട്…

അവൾ ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും മാധവ് അങ്ങോട്ടേയ്ക്കെത്തിയിരുന്നു….പത്മിനിയമ്മ കഴിച്ചെഴുന്നേറ്റു അവനു കഴിക്കാൻ വേണ്ടി ഭക്ഷണമെടുക്കാൻ തുനിഞ്ഞു…..അവൻ വേണ്ടെന്നു പറഞ്ഞു പത്മിനിയമ്മയെ വിലക്കി….അവർ ചോദ്യഭാവത്തിൽ അവനെ നോക്കി അപ്പോഴേക്കും മിഴിയും അവനടുത്തേയ്ക്കു വന്നു നിന്നു….”ഞാനിപ്പോൾ ഭക്ഷണം കഴിക്കാൻ വന്നതല്ല അമ്മേ….ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ വന്നതാണ്….””നീയ്യ് മുഖവുര വയ്ക്കാണ്ടു എന്താച്ചാൽ തെളിച്ചു പറയൂ കണ്ണാ….””ശരി, ഞാൻ നേരെ വളച്ചു കെട്ടില്ലാതെ കാര്യം പറയാം….ആദ്യത്തെ കാര്യം, ഇന്ന് ശ്രീനാഥ് വല്ല്യമ്മേം കൂട്ടീട്ടിങ്ങടു വരുന്നുണ്ട്….മറ്റൊന്നിനും അല്ല മിഴിയെ അവനു വേണ്ടി പെണ്ണാലോചിക്കാനാണ്…ഇന്നലെ അവനീക്കാര്യമെന്നോടു സൂചിപ്പിച്ചു….
ഞാൻ എന്റെ സമ്മതം അറിയിച്ചിട്ടുണ്ട്…
കുറച്ചുകഴിയുമ്പോഴേക്ക് അവരിങ്ങോട്ടേയ്ക്കു വരും…

ബാക്കി എന്താ വേണ്ടേച്ചാൽ അമ്മ തീരുമാനം എടുത്തു കൊൾക…പിന്നെ രണ്ടാമത്തെ കാര്യം….ആരാധ്യ വന്നതെന്തിനാണെന്ന് പലവുരു അമ്മയെന്നോടു ചോദിച്ചല്ലോ എന്നാൽ കേട്ടോളൂ..
ഞാനും ആരാധ്യയും തമ്മിൽ പ്രണയത്തിലാണ്….
പഠിക്കുന്ന കാലത്തു തൊട്ടു തുടങ്ങിയ പ്രണയമാണ്…എനിക്കവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്….അവളതിനാണ് വീടുവിട്ട് ഇറങ്ങി ഇങ്ങോട്ടേയ്ക്ക് വന്നത്….അതുകൊണ്ട് എത്രയും പെട്ടന്നു ഞങ്ങളുടെ വിവാഹം നിയമപരമായി റെജിസ്റ്റർ ചെയ്യണം…..”

……..തുടരും…………

(രചന വൈകുന്നതു കാരണം ഒരുപാടു പേർ പറയുന്നുണ്ട്…. അതു മിഴിയോടുള്ള സ്നേഹം കൊണ്ടാണെന്നറിയാം😊
സ്വസ്ഥമായി എഴുതാൻ പറ്റുന്നില്ല അതാണ് വൈകിപ്പോവുന്നത്…. ദയവായി ക്ഷമിക്കുമല്ലോ….😊☺പ്രോത്സാഹനങ്ങൾക്ക് നിർദ്ദേശങ്ങൾക്ക് അഭിപ്രായങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദി ❤🌹
സസ്നേഹം ഗായത്രി ❤❤)