25/04/2026

അഗ്നിമിത്ര : ഭാഗം 8

രചന : റിസ്വാന

സർപ്പ കാവിനടുത്തെത്തിയപ്പോൾ അവൾ നാഗ ദേവതമാരോട് ഒരു നിമിഷം കൈകൂപ്പി പ്രാർത്ഥിച്ചു.
ആ ഇടവഴിയുടെ അറ്റത്ത് നിൽക്കുന്ന ആൾരൂപം കണ്ട് അഗ്നിമിത്രയുടെ ഉള്ളിൽ ആനന്ദത്തിന്റെ ആയിരം പൊൻ കിരണങ്ങൾ പ്രകാശിച്ചു.
പാദസര കിലുക്കം കേട്ട് തിരിഞ്ഞ ഉമറിനും ആശ്വാസത്തിന്റെ ഉണർവേകി. അവൻ അവളുടെ അടുത്തേക്ക് ചെന്നു. നിമിഷ നേരത്തേക്ക് എല്ലാം മറന്ന് കൊണ്ട് പ്രണയത്തിൽ അലിഞ്ഞ് ചേർന്ന അവരെ കൂട്ടുകാരുടെ ശബ്ദമാണ് ഉണർത്തിയത്.
അവളുടെ വലം കൈ തന്റെ ഇടം കയ്യിൽ പിടിച്ച്, തിരിഞ്ഞ് നടക്കാനൊരുങ്ങിയ അവരുടെ മുന്നിലേക്ക്, വിശാലമായി നീണ്ട് നിവർന്ന് പന്തലിച്ച് കിടക്കുന്ന ആലിന് മുകളിൽ നിന്നും വള്ളി പോലുള്ള വെളുത്ത ഒരു സാധനം വീണു.

ഉമർ തന്റെ കയ്യിലുള്ള പന്തമെടുത്ത് അതിനടുത്തേക്ക് നീട്ടി, അത് കണ്ട് അവർ രണ്ട് പേരും സ്തംഭിച്ച് നിന്നു. അതൊരു വെള്ളി നാഗം ആയിരുന്നു. അന്ന് അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട അതേ നാഗം, പക്ഷേ.. ഇപ്പോൾ അതിന് ജീവാംശം ഇല്ല..ഭയന്ന് വിറച്ച് അവൾ ഉമറിനോട് ചേർന്ന് നിന്നു.ഇനിയും താമസിച്ചാൽ പിടിക്കപ്പെടും എന്നുള്ളത് കൊണ്ട് അവർ വേഗം, അവിടെ നിന്നും മലബാറിലേക്ക് തിരിച്ചു.

ഒരു രാത്രി മയങ്ങി പകലും കഴിഞ്ഞ് സന്ധ്യയോടടുക്കാറായപ്പോൾ അവർ ഉമറിന്റെ നാട്ടിലെത്തി, ഉശിരുള്ള രണ്ട് കാള കുട്ടന്മാരും അവരേം വഹിച്ചുള്ള കാളവണ്ടി ഉമറിന്റെ വീടിന് മുന്നിലെത്തിച്ചു. അവർ കാളവണ്ടിയിൽ നിന്നിറങ്ങി,
നല്ല വിശാലമായ മുറ്റമുള്ള, മേൽകൂരയിൽ ഓട് പാകിയ, നല്ല ആഢിത്യമുള്ള ഇരു നിലകളുള്ള തറവാട് വീട്, കിഴക്ക് തിരിഞ്ഞ് നിൽക്കുന്ന വീടിന്റെ മുറ്റത്തിന്റെ ഇടത് ഭാഗത്തായി, മൂന്നാലു തൊട്ടികളും കയറുകളും ഉള്ള കിണർ. വിശാലമായ മുറ്റത്തിന്റെ ഒരു ഭാഗം വലിയ മരങ്ങൾ, അതിനോട് ചേർന്ന് വീടിന്റെ പിറകിലായി തൊഴുത്തിൽ നിന്നും പശുക്കളുടെ മുരൾച്ചകൾ കേൾക്കാം,

അവളുടെ അടുത്തേക്ക് രണ്ട് ആട്ടിൻ കുട്ടികൾ ഓടി വന്നു, പിന്നാലെ ഒരു പെൺ കുട്ടിയും, കരിമഷി കൊണ്ട് നീട്ടി വാലിട്ടെഴുതിയ കണ്ണുകൾ, പുള്ളി പാവാടയും അതിനൊത്ത ഇണങ്ങുന്ന നിറത്തിലുള്ള കുപ്പായവും അതിലേക്ക് ചേർന്ന ഭംഗിയുള്ള തട്ടവുമണിഞ്ഞ ഒരു സുന്ദരി കുട്ടി..അവരെ കണ്ടതും “ഉമ്മാ.. ഉമ്മാ അവരെത്തി” എന്നും പറഞ്ഞോണ്ട്, ആ വീടിനകത്തേക്ക് ഓടി കയറി.

“അഗ്നിമിത്രാ.. നിന്റെ കോവിലകത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ചിലപ്പൊ നിനക്ക് ഇതൊരു കൂരയായി തോന്നിയേക്കാം.. എന്നാലും ഞങ്ങൾക്കിത് സ്വർഗ്ഗമാണ്.. ഇങ്ങോട്ട് പോരുന്ന വഴികളിൽ നീയും കണ്ടതല്ലെ വീടുകൾ, അതിനെ അപേക്ഷിച്ച് ഇത് ഞങ്ങൾക്ക് കൊട്ടാരം തന്നെയാണ്..”ഉമറിന്റെ വാക്കുകൾ കേട്ട് പുഞ്ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു: “ഉമർ.., വലിയ വീടും സമ്പത്തും ഒന്നും ആഗ്രഹിച്ചല്ല ഞാൻ താങ്കളുടെ കൂടെ ഇറങ്ങി പോന്നത്, അതെക്കെ വേണം എന്നുണ്ടെങ്കിൽ എനിക്ക് അവിടെ തന്നെ നിന്നാൽ മതിയായിരുന്നല്ലോ.. ഞാൻ താങ്കളുടെപ്രണയത്തിന്റെ ഒരംശം മാത്രമേ ആഗ്രഹിക്കുന്നൊള്ളു.. ഏത് പ്രതിസന്ധിയിലും കൈവിടാതെ താങ്കളുടെ കൂടെ നിന്ന് കൊള്ളാം ഞാൻ, തിരിച്ചും അങ്ങനെ ആയാൽ മാത്രം മതി.. നമുക്ക് ഇവിടം സ്വർഗ്ഗം തന്നെയാക്കാം..”

അപ്പോഴേക്കും അടുക്കളയിലിരുന്ന അയിശുമ്മയെയും വലിച്ച് കൊണ്ട് കുഞ്ഞിപ്പാത്തു വന്നു. അഗ്നിമിത്രയെ കണ്ട് അന്ധാളച്ച് വായും പൊളിച്ച് നിന്ന അയിശുമ്മയോട് ഉമർ പറഞ്ഞു: “എന്താണുമ്മാ ഇങ്ങള് പന്തം കണ്ട പെരുച്ചായീനെ പോലെ നിക്ക്ണെ.. ഞാൻ വാക്ക് പാലിച്ചു, സ്നേഹിച്ച പെണ്ണിനെ ചതിക്കാതെ നല്ല അന്തസ്സോടെ വിളിച്ചിറക്കി കൊണ്ടോന്നിട്ടുണ്ട്, ഉമ്മാടെ മരുമോൾ ആക്കാൻ.. കൊശി ആയില്ലെ..?”

“ന്നാലും ന്റെ ഉമറുട്ടിയെ, നല്ല തങ്കത്തിന്റെ നിറോം ന്നൊക്കെ പറന്നപ്പൊ ഞാൻ ഇത്രേം മൊഞ്ച് കരുതീലാട്ടൊ.. ന്നാലും ന്റെ മോളെ കാട്ടു മാക്കാനെ പോലുള്ള ഇവനെ നല്ല പത്തരമാറ്റ് തങ്കം പോലുള്ള ഇജ്ജ് എന്ത് കണ്ടിട്ടാ ഇഷ്ടപ്പെട്ടത്..””അമ്മേ… അല്ല ക്ഷമിക്കണം ഉമ്മാ.. പുറമെയുള്ള നിറത്തിലും ഭംഗിയിലും അല്ലല്ലോ കാര്യം.. മനസിന്റെ നന്മയിലല്ലേ..””ഇജ്ജ് എടങ്ങേറായി ഉമ്മാ എന്നൊന്നും വിളിക്കണ്ട, അമ്മേ എന്ന് തന്നെ വിളിച്ചൊ, ആക്കം പോലെ മോൾക്ക് വേണോങ്കിൽ മാത്രം അമ്മ വിളി മാറ്റിയാൽ മതി”

“എന്താണുമ്മാ ഈ മുച്ചോന്തി മോന്തിക്ക് ഒരു പെണ്ണിനെ പുറത്ത് നിർത്തിട്ടാണൊ വർത്താനം പറയുന്നത്, അതും തമ്പുരാട്ടിആയ ഇന്റെ ഇക്കാന്റെ ബീവിനെ..” കുഞ്ഞി പാത്തു പറഞ്ഞു.”ആ അത് ശരിയാണല്ലൊ.. ഞാനങ്ങ് മറന്ന് പോയിട്ടൊ.. ആ മോൾ വാ.. വലത്തെ കാല് വെച്ച് തന്നെ, നല്ലത് മാത്രം വരുന്നത്തണെ പടച്ചോനെ എന്നും മനസ്സിൽ വിചാരിച്ച് അങ് കയറിക്കോ..”ആ നിക്ക്… നിക്ക്.. അങ്ങനൊന്നും കയറ്റാൻ പറ്റൂല” കുത്തിപ്പാത്തു ഇടക്ക് കയറി,”ഇജെന്താണ്ടി ബലാലെ ഈ കാട്ടണത്, അങ്ങട്ട് മാറി നിക്കെടി, മുന്നിൽ കിടന്ന് തിരിയാണ്ട്” അയിശുമ്മ ക്രോദിച്ചു..

“അതെല്ലുമ്മാ.. നമ്മളെ കിട്ടുണ്ണ്യായരെ മോനില്ലെ അശോകൻ, ഓന്റെ പെണ്ണിനെ വീട്ടിക്ക് കൊണ്ടന്നപ്പോൾ ഓലൊരു വെളക്ക് കൈക്കൽ കൊട്ത്തീനു.. അപ്പൊ അതോണ്ട് ദാ ഇത് ഇത്താന്റെ കൈയ്യിൽ കൊടുക്കാനാ ഞാൻ മുന്നിൽ കയറി നിന്നത്, അല്ലാണ്ട് കിടന്ന് തിരിയല്ല.. പിന്നെ അതും അല്ല വിട്ട്ക് കയറണതിന് മുന്നേ വിളക്ക് കൊടുക്കണം..” ഇതും പറഞ്ഞ് കുഞ്ഞി പാത്തു തന്റെ കയ്യിലുള്ള ഒരു കുഞ്ഞു വിളക്ക് അഗ്നിമിത്രക്ക് നേരെ നീട്ടി..തന്നെ അകമഴിഞ്ഞ് ഉമറിന്റെ വീട്ടുകാർ സ്വീകരിക്കുന്നത് കണ്ട് അവൾക്ക് പൊട്ടി കരയാതിരിക്കാൻ ആയില്ല.. ആ കുഞ്ഞു വിളക്കും കൈകളിലേന്തി, നിലവിളക്കാണെന്ന് മനസ്സിൽ കരുതി, വലതുകാൽ വച്ച് എല്ലാം ശുഭമായിരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിച്ച് വീടിനകത്ത് കയറി.. പ്രപഞ്ചം അവരുടെ സംഗമത്തിന് ആശംസകളറിയിക്കാനെന്ന പോലെ മഴയായ് പെയ്തിറങ്ങി..

മഴ ആഴ്ന്നിറങ്ങിയ പുതുമണ്ണിന്റെ ഗന്ധവും ആസ്വദിച്ച്, അത്താഴവും കഴിഞ്ഞ് പുതു മണവാട്ടിയുടെ ആലസ്യത്തോടെയും, യാത്ര ക്ഷീണവും മൂലം ആ രാത്രി അവൾ നിദ്രയെ പുൽകിയതറിഞ്ഞില്ല..ആ ദേശം മുഴുവൻ, നേരം പുലരുവാൻ നേർച്ചയാക്കി ഇരുന്ന പോലെ ആയിരുന്നു, പിറ്റേന്ന് രാവിലത്തെ ഉമറിന്റെ വീട്ട് മുറ്റത്തെ ജനസാഗരം.. തങ്ങളുടെ നായകൻ ഉമറിന്റെ പെണ്ണിനെ, അതും അന്യ ദേശത്ത് നിന്ന് കടത്തി കൊണ്ട് വന്ന തമ്പുരാട്ടിയെ കാണാൻ വന്നവരായിരുന്നു എല്ലാവരും..

അന്ന് നേരം ഇരുട്ടുവോളം ആളുകൾ വന്നു കൊണ്ടേ ഇരുന്നു.. രണ്ട് മൂന്ന് ദിവസം ഈ അവസ്ഥ തുടർന്ന് കൊണ്ടിരുന്നു.. വന്നവരെല്ലം പുതു പെണ്ണിന്റെ പോരിശ പറയുന്നത് കേട്ട് അയിശുമ്മയുടെ രോമങ്ങൾ പോലും ധൃതംങ്ക പുളങ്കിതരായി നൃത്തം ചെയ്യാൻ തുടങ്ങി.. മുന്നാല് ദിവസത്തിനകം അഗ്നിമിത്രക്ക് അവിടം പൊരുത്തപ്പെട്ടു..എന്തോ കണക്ക് കൂട്ടി ആധിയോടെ നിന്ന അഗ്നിമിത്രയോട് അയിശുമ്മ ചോദിച്ചു: “എന്താ മോളേ മൊഖം വല്ലാണ്ടിരിക്കുന്നേ.. എന്ത് പറ്റി”

“ഒന്നൂല്ല ഉമ്മാ.. പൂജയൊക്കെ കഴിഞ്ഞ് എല്ലാരും ഇപ്പൊ കോവിലകത്ത് എത്തീട്ടുണ്ടാകും, എന്നെ തിരക്കുന്നുണ്ടാകും, കാണാതാകുമ്പോൾ ഞാൻ ഉമറിന്റെ കൂടെ ഇറങ്ങി വന്നു എന്നറിയുമ്പോൾ അവർ അത് എങ്ങനെ ഉൾകൊള്ളും എന്നൊക്കെ ഓർത്തപ്പൊ ഇങ്ങനെ ഇരുന്ന് പോയതാ..””എന്താ മോളേ.. ഇങ്ങോട്ട് പോരണ്ടായിര്ന്നു തോന്നുണ്ടോ..? ഇനി അങ്ങടന്നെ തിരിച്ച് പോയാലും ഓല് മോളെ പെരീക്ക് കയറ്റോ?””ഏയ് എന്താ ഉമ്മാ ഇത്, ഞാൻ വെറുതെ അവരെ ഓർത്തു എന്നെ ഒള്ളൂ.. ഇവിടെ സന്തോഷമായാലും ദുഃഖമായാലും, പട്ടിണി ആയാലും സമ്പന്നതിയിലായാലും എന്തും സഹിക്കാൻ ഒരുങ്ങിയാണ് ഉമറിന്റെ കൂടെ ഇറങ്ങിയത്, അതും പല തവണ ആലോചിച്ച് തീരുമാനമെടുത്ത്..”

“അല്ലാ.. ഇജ്ജ് ഓനെ ഉമർന്നാ വിളിക്ക്ണത്..?”
അയ്യോ.. അത് ഞാൻ അറിയാതെ..””ആ സാരല്യ, ഇഞ്ഞി അയ്മെ കെടന്ന് മറിയണ്ട.. രണ്ടീസായിട്ട് എല്ലാരും വന്നപ്പൊ ‘മർട്ടിയെ’ന്ന് ഓനെ വിളിക്ക്ണത് ഇജ്ജും കേട്ടതല്ലേ.. ഇജ്ജും അതന്നെ വിളിച്ചാളെ”
“എന്ത് മർട്ടിയൊ..?””മർത്തി കൊർത്തിം ഒന്നും അല്ല.. ഉമറുട്ടി.. ഇജ്ജ് വേണോങ്കി ഉമർട്ടിക്കാന്ന് ആക്കിക്കൊ..””ഓഹ്.. ഉമറുട്ടി.. ഉമറുട്ടിക്ക, അത് എനിക്ക് ശ്ശി ബോധിച്ചു..””അല്ല പെണ്ണെ അന്നെ ഞാൻ എന്താ വിളിക്കാ.. ‘മോളേ..’ എന്നല്ലെ വിളിക്കല്, അന്റെ പേര് ഏത് കാലത്ത് എനിക്ക് വിളിക്കാൻ പറ്റ്വോ ആവോ.. അതോട് ഞാൻ അന്നെ ആമിനാന്ന് വിളിച്ചോളാം, അതാകുമ്പോ വിളിക്കാനും സുഖാ..”

“ആമിന..””എന്തെ അനക്ക് ആ പേര് ഇഷ്ടായില്ലെ..?””ഉം.. ഇഷ്ടായി, ആമിന നല്ല ഭംഗിയുള്ള പേര്””അനക്കറിയോ.. അത് മ്മളെ, മുത്ത് റസൂലിന്റെ ഉമ്മാന്റെ പേരാണ്””എന്റുമ്മാ.. ഇത്താക്ക് അതൊന്നും അറിയൂലല്ലോ..””ആ.. അതാ ഞാൻ പറഞ്ഞ് കൊടുത്തത്.. ഓൾക്ക് അറിയണം എന്നുണ്ടെങ്കിൽ അതൊക്കെ പറഞ്ഞ് കൊടുക്കണ്ടെ ഉത്തരവാദിത്തം അന്ക്കാണ് ട്ടൊ കുഞ്ഞി പാത്തോ..””ഉം.. അതൊക്കെ ഞാനേറ്റുമ്മാ.. പിന്നെയ് ഇത്താത്ത ഇങ്ങളോട് ചോയ്ക്കാൻ ഇന്നെ ഒരു കാര്യം ഏൽപ്പിച്ചക്ക്ണു”

“മ്.. എന്താണ്..? ഓൾക്കെന്താ നേരിട്ട് ചോയ്ക്കാൻ വയ്യെ..””അതെയ് ഇത്താക്ക് അമ്പലത്തിൽ ഒന്ന് പോകണം എന്ന്, ഉമ്മയുടെ പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രം മതി.. എന്നാ പറഞ്ഞത്..””അയ്ന് ഓളെന്തിനാ, ഇന്റെ സമ്മതത്തിന് കാത്ത് നിൽക്ക്‌ണത് ഓക്ക് ആവുമ്പോൾ ഓൾ പോയ്ക്കോട്ടെ.. ഓളെ പേര് പറയാൻ കിട്ടാത്തോണ്ട ഞാൻ ഇൻക് വിളിക്കാൻ സുഖത്തിന് ‘ആമിന’ എന്ന് ആക്കിയത്.. അല്ലാതെ ഓളെ സമ്മതം ഇല്ലാതെ മതം മാറ്റിയിട്ടൊന്നും ഇല്ല..”

ഇതെല്ലാം കേട്ട് നിന്ന അഗ്നിമിത്ര നിറമിഴികളോടെ ഓടി ചെന്ന് അയിശുമ്മയെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു: “ഇതാണ് ഞാൻ പറഞ്ഞ മനസ്സിന്റെ നന്മ.. പുറം ഭംഗിയേക്കാൾ ഞാൻ ഇഷ്ടപ്പെട്ട നന്മ നിറഞ്ഞ ഹൃദയങ്ങൾ”അവരുടെ ആശ്ലേഷങ്ങൾക്കിടയിലാണ് കിട്ടുണ്ണി നായർ അവിടെ എത്തിയത്..”അയിശുമ്മാ.. കുഞ്ഞിപാത്തൂ എവിടെ എല്ലാരും, എന്താ പണി..?”ആ.. ആരാ ഈ വന്നക്ക്ണത് കിട്ടുണ്ണ്യായരോ..?, എന്തൊക്കെ വർത്താനം കിട്ടുണ്ണ്യായരെ, രാജിം പിള്ളേരും ഇല്ലെ.. ഇങ്ങള് ഒറ്റക്കെ ഒള്ളൂ..””ആഹാ.. ഒരു മരോൾ വന്നപ്പോയേക്കും അയിശുമ്മ ആളാകെ മാറിയല്ലോ..”
“അയ്ശരി, ഇങ്ങളും പ്പം പുതിയണ്ണിനെ കാണാൻ വന്നതാ.. ഇത്ത വന്നപ്പോ നമ്മളെയൊന്നും ആർക്കും കാണണ്ട” കുഞ്ഞിപ്പാത്തു കൊഞ്ചി….

തുടരും