23/04/2026

സ്പന്ദനം : ഭാഗം 5

രചന : ഗായത്രി സുരേന്ദ്രൻ

പിണക്കം മാറ്റാണെങ്കീ അതു കഴിച്ചാൽ അമ്പലത്തീന്നു കൊണ്ടുവന്ന തണ്ണീരാമൃതു തരാം…. ല്ലേങ്കീ അതും ഞാനെന്റെ പാറൂനു കൊടുക്കൂട്ടോ….”പിണക്കം പിന്നേയുമാവാം പക്ഷേ നെയ്യും തേനും ശർക്കരയും കദളിപ്പഴവും ചേർത്ത തണ്ണീരാമൃതു പിന്നെക്കിട്ടില്ലാ…. വായിലിട്ടാലലിഞ്ഞു തീരും… തറവാടു വക ശാക്തേയഭഗവതീടെ പ്രസാദാണ്…. പിന്നൊന്നും നോക്കിയില്ല പല്ലു മൂഴുവൻ കാട്ടിച്ചിരിച്ചുകൊണ്ട് അടുക്കളയിലേക്കോടി…….ഒക്കെയും കഴിച്ചു അത്താഴവും കഴിഞ്ഞു പാറുവിന്റെ മടിയിൽ തല ചേർത്തു വച്ചിരുന്നു പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.രാവിലത്തെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ അത്രയും നേരം കിട്ടാറില്ല…..

ഒരു പത്രത്താള് അവളും മറ്റൊന്ന് പാറുവും എടുത്തു പിടിച്ചു. എന്നിരുന്നാലും ഇടയ്ക്കിടെ അവളുടെ കയ്യിലിരിക്കുന്ന പത്രത്താളിലേക്ക് എത്തിനോക്കി അതു വായിക്കും…. ചുമ്മാ ഒരുരസം….
ചിന്തകൾ പിന്നെയും എവിടെയൊക്കെയോ കൊളുത്തി വലിച്ചപ്പോഴാണ് പിറ്റേന്നേക്ക് ചെയ്തു കൊണ്ടുപോകേണ്ട കാര്യങ്ങൾ മനസ്സിലേക്ക് അപായസൂചന എന്നോണം തെളിഞ്ഞത്……
ഈ നശിച്ച മറവി ആണ് എല്ലാത്തിനും കാരണം അതുകൊണ്ടുതന്നെ വഴക്ക് ഒഴിഞ്ഞ ഒരു നേരം പോലും ഇല്ല ക്ലാസിൽ. ഒരിരിപ്പിരുന്നാൽ തീരുമായിരിക്കും.കടലാസുകൾ മേശയിലേക്കെടുത്തു വച്ചു നോട്ട് ബുക്കും റഫറൻസിനായെടുത്ത പുസ്തകവും തുറന്നു വച്ചു. ഓരോന്നായി വായിച്ചു ചെറിയ സംഗ്രഹങ്ങളായി എഴുതിക്കൊണ്ടിരുന്നു.

ഒരു പേജു കഴിയുമ്പോഴേക്കും ശ്രദ്ധ പുസ്തകത്തിൽ നിന്നു മാറി ജാലകത്തിനപ്പുറത്തു പൂത്ത മുല്ലച്ചെടിയിലായി തങ്ങി നിന്നു…..കൈവിരലുകൾ കൊണ്ടു മൂടിയിഴകളിൽ തെരുപ്പിടിപ്പിച്ചു കൈമുടങടിൽ തല ചേർത്തു വച്ച് മനോരാജ്യം കാണുവാൻ ആരംഭിച്ചു….. വീണ്ടും ഒരു നേരത്തെ ഓർമ്മപ്പെടുത്തലിൽ തിരിച്ചു നോട്സ് എഴുതാൻ തുടങ്ങി…..പാറു വന്നു തട്ടിവിളിച്ചപ്പോഴാണ് നോട്സ് എഴുതാനിരുന്ന താൻ അതിനിടയിലെപ്പൊഴോ മേശയിലേക്കു തലചേർത്തു വച്ചുമയങ്ങുകയായിരുന്നെന്നു ബോധ്യം വന്നത്…..
നാളെ പുലർച്ചെ എഴുതിക്കോളാൻ പറഞ്ഞു കിടക്കാൻ വിളിച്ചപ്പോൾ എല്ലാം അവിടത്തന്നെ ഇട്ടു ലൈറ്റ് ഓഫ് ചെയ്തു പുതപ്പിന്റെ ഊഷ്മളതയിൽ അലിഞ്ഞുറങ്ങി…..

എന്നും കാണുന്ന നിറമുള്ള സ്വപ്നങ്ങൾ അന്നും ഉറക്കത്തിൽ കൂട്ടു വന്നു…. പച്ച വിരിച്ച താഴ്‌വാരം നനുത്ത പുൽനാമ്പുകൾ…. കരിനീല നിറമുള്ള കാക്കപ്പൂക്കൾ അതിരു തീർത്ത വയൽ വരമ്പ്….
തനിക്കു നെയ്തു കിട്ടിയ റോസും നീലയും മഞ്ഞയും നിറം ഇഴചേർന്ന പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു കാലത്ത് ആ വയൽ വരമ്പിലൂടെ ഓടുകയാണ്…
ദൂരത്ത് ഒരു നിഴൽ രൂപം… അതിനടുതെതേയ്ക്ക് ആകാംഷയോടെ നടന്നടുക്കുമ്പോഴേയ്ക്കും പിന്നീടതു കാണാനില്ല….. ഏകാന്തത.
ചുറ്റിനും നിശബ്ദത മാത്രം. കണ്ണോടിക്കാനാവുന്നത്ര ദൂരം വരെ ആരുമില്ല….. കണ്ണിൽ നീർത്തുള്ളികൾ പൊടിഞ്ഞുവോ????….പാറു തട്ടിവിളിച്ചു എഴുന്നേൽപ്പിക്കുമ്പോൾ പാതിയിൽ മുറിഞ്ഞ സ്വപ്നത്തെ ഓർക്കുകയായിരുന്നു…. മുഖം കഴുകാനായും മുൻപേ കണ്ണാടി നോക്കിയപ്പോൾ കണ്ടു… കണ്ണിനടുത്തു കണ്ണീരൊഴുകി വറ്റിയ ചാലുകളുടെ അടയാളം…….

ആദ്യമൊന്നു തൊട്ടു നോക്കി… തണുത്ത വെള്ളത്തിൽ കഴുകിക്കളഞ്ഞു…. സ്വപ്നങ്ങളിൽ കണ്ണുനീർ പൊടിയുമോ??അതു കവിളിനെ നനയ്ക്കുമോ?സ്വയംഒന്നുചോദിച്ചുനോക്കി…..പതിവുപോലെ തിരക്കിട്ട് ഒരോ പണിയും ഒരുക്കുവാൻ പാറുവിനൊപ്പം നിന്നു. നേരത്തെ ഇറങ്ങിയതുകൊണ്ട് സമയത്തിനു തന്നെ ബസ്സ് കിട്ടി. പക്ഷേ നടന്നു കിതച്ചു ആ കുന്നിൻ മുകളിലെ കോമ്പൗണ്ടിൽ കയറാൻ എന്നാലും പാടാണ്…..

എന്തായാലും ക്ലാസിൽ കയറിയതിനു ശേഷമാണ് സാർ വന്നത്. പതിവുപോലെ ചുറ്റും നിശബ്ദത. ആളുടെ സൗണ്ട് മാത്രം മുഴങ്ങിക്കേട്ടു. ക്ലാസ് കേൾക്കാൻ പ്രയാസമില്ല കേട്ടിരിയ്ക്കാം എന്നിട്ടും കണ്ണുകൾ പുറത്തെ നെല്ലിമരത്തിൽ കാറ്റു തലോടുന്നതിനെ നോക്കുവാൻ കൊതിച്ചു പതിയെ ഒന്നു ദൃഷ്ടിമാറ്റി…. രണ്ടേ രണ്ടു നിമിഷം അതിനു മുന്നേ കേട്ടു അലർച്ച….”ഇതിനായിരുന്നു ക്ലാസിൽ കയറുന്നതെങ്കിൽ ഇവിടെ ഇരിക്കണമെന്നുണ്ടോ?? കോമ്പൗണ്ടിൽ എത്രയെത്ര ചെയറുകളുണ്ട് അവിടേയ്ക്ക് പോയിരുന്നൂടേ….ഇവിടെ പറയുന്നത് കേൾക്കാനായിട്ടിരിക്കുന്നവരുടെ ശ്രദ്ധ കൂടി തെറ്റിക്കണോ????”

ക്ലാസ് മുറിയിലെ കണ്ണുകളിലെല്ലാം അവജ്ഞ തെളിയുന്നുണ്ടെന്നു നോക്കാതെ തന്നെ അറിയാം…. അതു കൂടുതൽ തളർത്തി…. സാർ പറയുന്ന വാക്കുകൾ ഭാരിച്ച അപമാനമായ് തോന്നി… നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു…ഈ വിഷയം എടുത്തിട്ടു പഠിക്കാൻ പറ്റില്ലായെങ്കിൽ താനിത് എടുക്കരുതായിരുന്നു…. അല്ലാതെ പ്രകൃതിഭംഗി ആസ്വദിച്ചു ഇരിക്കാൻ……..””വിശ്വ സാറേ, സാറിനൊരുവിസിറ്ററുണ്ട്…..”ശകാരവർഷത്തിനിടയിൽ പ്യൂൺ അനൂപേട്ടൻ വന്നു സാറെ വിളിച്ചതുകൊണ്ടു മാത്രം ആ കലാപരിപാടി പകുതിയ്ക്കു മുറിഞ്ഞു…. ഒരുവേള സാറിനെ ഇപ്പോൾ വന്നു കാണാൻ തുനിഞ്ഞ ആളോട് മനസ്സിൽ നന്ദി പറഞ്ഞു….

ആരായാലും വേണ്ടില്ല ആൾ ക്ലാസിൽ നിന്ന് പോയി… സാർ പോയെങ്കിലും പറഞ്ഞു തീർത്ത വാക്കുകൾ ഏൽപിച്ച ലജ്ജയിൽ ദേഹം ചുട്ടെടുത്തതു പോലെ തോന്നി…. സ്വതവേ തലകുനിച്ചു ഇരിക്കാറുള്ളത് ഒന്നുകൂടെ കുനിഞ്ഞു….
ബാഗെടുത്തു നെഞ്ചോടു ചേർത്തു പിടിച്ചു പുറത്തേക്കു നോക്കി. താഴേയ്ക്ക് നീണ്ടു കിടക്കുന്ന വഴികളിൽ പൂക്കൾ വീണു കിടക്കുന്നതു കാണാം… ആരൊക്കെയോ താഴെപല കൽബഞ്ചുകളിൽ ഇരിയ്ക്കുന്നു…പിന്നേയും വഴിയിലേക്കു മിഴികളയച്ച് അലസമായ് ഇരിക്കവേയാണ് താഴത്തെ വഴിയിലേക്ക് സാർ നടന്നു പോകുന്നത് കണ്ടത്….
പലനിറത്തിലുള്ള കുപ്പികൾ തൂക്കിയിട്ടു അലങ്കരിച്ച മരച്ചുവട്ടിലെ ഇരിപ്പിടത്തിൽ നിന്നും ഒരു പെൺകുട്ടി അദ്ദേഹത്തിനു നേർക്കെന്നോണം കൈ വീശിക്കാണിച്ചു….

അവളാ പെൺകുട്ടിയെ ശ്രദ്ധിച്ചു…. നനുത്ത ഒരു തൂവൽ പോലെ ഒഴിക്കുന്ന തൂവെള്ള ചുരിദാർ അതിനു ചേരുന്ന കൊലുന്നനെയുള്ള രൂപം…. മഞ്ഞു പോലൊരുവൾ…. അവളുടെ വസ്ത്രത്തെപ്പറ്റി ഓർത്തപ്പോൾ ഒരോ അലച്ചിലും നിറം പോയി നിറം പോയി നരച്ച ചെറുപയർപ്പച്ച ചുരിദാറിനെ അലിവോടൊന്നു നോക്കി…
സാർ അങ്ങോട്ടേയ്ക്കു തന്നെ ആയിരുന്നു നടന്നത്. ചുണ്ടുകളിൽ അപൂർവ്വമായ് മാത്രം കണ്ട ആ ചിരിയുണ്ടായിരുന്നു… അതിൽ മറ്റെങ്ങും കാണാത്ത ഒരു മനോഹാരിത തങ്ങി നിൽപ്പുണ്ടെന്നവൾക്കു തോന്നി…ചിരിച്ചു കൊണ്ട് ആ പെൺകുട്ടി ഒരു കവർ ഏൽപ്പിക്കുന്നു ആളത് ചിരിയോടെ തന്നെ ഏറ്റുവാങ്ങുന്നു…. സംസാരിക്കുന്നു… മുഖത്തിൽ നിന്നു മനസിലാക്കാം ഏറ്റവും മനോഹരമായ് സംസാരിക്കുന്നു….

ക്ലാസ് മുറിയിൽ മാത്രം നിറയുന്ന പരുഷസ്വരം എങ്ങുനിന്നു വരുന്നെന്ന് കൗതുകം തോന്നി. ഇത്ര ചിരിയോടെ സംസാരിക്കുവാൻ കഴിയുന്ന ആളാണോ ഇന്നലെ ഒരു വാക്കുപോലും കൂടുതൽ ഉരിയാടാതെ, ഒരു പരിചയഭാവവും കാട്ടാതെ കടന്നു പോയത്???? സ്വയം തന്നെ ചോദിച്ചു പോയി…..അല്ലെങ്കിലും ഒരു വിദ്യാർത്ഥി എന്നല്ലാതെ മറ്റെന്ത് അടുപ്പം തന്നോടുണ്ട്…. പറയാൻ സൗഹൃദം ഉണ്ടോ?? സഹോദര്യമുണ്ടോ?? പിന്നെ പ്രണയം……
ഒരിക്കലുമില്ല……..എങ്കിൽ പോലും ഒരു ചിരി ഒരു നല്ല വാക്ക് തനിക്കായി സമ്മാനിക്കാത്തതിൽ ആരോടെന്നില്ലാതെ പരിഭവം തോന്നി പോയി.
സാറിൻറെ സംസാരത്തിന് വേണ്ടി പരിഭവം പറയാൻ മാത്രം താൻ ആരാണ്????ആരുമല്ല…….നിരാശ തോന്നിപ്പോയി…..

മനസ്സിനോട് സ്വയം കൂട്ടിയും കിഴിച്ചും ഉത്തരങ്ങൾ കണ്ടെത്തുമ്പോൾ സമയവും അതിന്റെ മനോധർമ്മമനുസരിച്ച് പോയിക്കൊണ്ടിരുന്നു….. പിരിയഡ് അവസാനിച്ചിരിക്കുന്നു അന്നിനി സാറിൻറെ ക്ലാസ്സുകൾ ഇല്ല…..മറ്റേതു ക്ലാസിലും സ്വപ്നം കാണാം ആരും താൻ പഠിപ്പിക്കുന്നതിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നു ശഠിക്കാറില്ല…. എന്തോ പണ്ടു മുതൽക്കേ അങ്ങനെയാണ് അൽപ്പമൊന്നു ശ്രദ്ധിച്ചാൽ പിന്നീട് ശ്രദ്ധ മാറിക്കൊണ്ടിരിക്കും….. ആവോ അറിയില്ല….
ഇഷ്ടമുള്ള വിഷയത്തിൽ തന്നേയാണ് പഠിക്കാൻ വന്നിരിക്കുന്നത് എന്നാലും സാറിൻറെ ക്ലാസ്സിൽ മാത്രം എപ്പോഴും വരുത്തുന്ന തെറ്റുകൾ……

ഒരുപക്ഷേ ഉൾഭയം കൊണ്ടാണോ??? ആളോട് തനിക്കു ഭയമാണോ? ഒന്നറിയാം ദേഷ്യമായിരുന്നു ഇന്നോളം…. പക്ഷേ ഇന്ന്?!!!… പിന്നീട് ഒരോ പിരിയഡും വലിയ പ്രശ്നം ഇല്ലാതെ കടന്നു പോയി. ഉച്ചയ്ക്കുശേഷം പ്രാക്ടിക്കൽ ലാബാണ്. ഊണു കഴിച്ചു കഴിഞ്ഞു തലേന്ന് ലൈബ്രറിയിൽ നിന്ന് റഫർ ചെയ്യാൻ വേണ്ടി എടുത്ത പുസ്തകം തിരികെ വയ്ക്കാൻ ധൃതിയിൽ നടക്കുകയായിരുന്നു…
ലൈബ്രറിയിൽ പതിവുപോലെ പത്രവായനയിൽ മുഴുകി ആളിരിപ്പുണ്ട്. എന്തു ചിന്തിച്ചാലും അവസാനം ഈയൊരു മനുഷ്യനെ എടുത്തിടുന്നതെന്തിനാണ്?? സ്വയം ശാസിച്ചു തിരികെ പോന്നു….

ആദ്യമൊക്കെ ആ മുഖം കാണുമ്പോളുള്ളിൽ അസ്വസ്ഥത നിഴലിച്ചിരുന്നു എന്നാണത് മാഞ്ഞു തുടങ്ങിയത്??? അതിനും വേണ്ടി ഒന്നും തന്നെ ആൾ തന്നോടുരിയാടിയിട്ടില്ല. എന്നിട്ടും…..പിന്നേയും പിന്നേയും കാടുകയറുന്നു….മനസ്സിനെ അടക്കി.
അപ്പോഴേയ്ക്കും ഓരോരുത്തരും സാധനസാമഗ്രികൾ ഒക്കെയെടുത്തു ലാബിലേക്കു പോകാൻ ഒരുക്കം തുടങ്ങിയിരുന്നു. പിന്നീട് താമസിച്ചില്ല കോട്ടെടുത്തിട്ടു.
സ്വന്തം അപ്പാരറ്റസ് വച്ച ഷെൽഫിന്റെ താക്കോലും തീപ്പെട്ടിയും തുണിയും എന്തൊക്കെയോ കുത്തിനിറച്ച് വേഗം തന്നെ എല്ലാവർക്കും ഒപ്പം നടന്നു….

ഓർഗാനിക് ലാബാണ് മിക്സ്ചർ ബോയിലിംങ് ട്യൂബുകളിൽ നിറച്ചു വച്ചിട്ടുണ്ട്. ഓരോന്നായി എടുത്തു കൊടുക്കുന്നും ഉണ്ട്. എല്ലാവരെയും കണിശമായി നിരീക്ഷിച്ചു കൊണ്ടു തന്നെ സാർ ഒരു ഭാഗത്ത് ഇരിപ്പുണ്ട് അതേ സമയം തന്നെ ഏതൊക്കെയോ റെക്കോർഡുകൾ കറക്ട് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്…..സ്പന്ദേ, നീയത് എടുക്കുന്നില്ലേ ദേ പിന്നിലാൾക്കാർ നിൽപ്പുണ്ട് മിക്സ്ചർ വാങ്ങാൻ…”അനുപമയുടെ വാക്കുകൾ പിന്നേയും ചിന്തകളെ ഖണ്ഡിച്ചു. അതും വാങ്ങി നടന്നു സ്വന്തം സ്ഥലത്തെത്തി. ആളെ വീണ്ടും ഒന്ന് ഒളിഞ്ഞു നോക്കി. എപ്പൊഴെങ്കിലും അറിയാതെയെങ്കിലും നേരത്തെ താഴത്തു വച്ചു ആ ചുണ്ടുകളിൽ തെളിഞ്ഞു പോലത്തെ ഒരു പുഞ്ചിരി വിടരുന്നുണ്ടോ???

എന്തോ ഒരാവേശം അതൊന്നു കണ്ടു പിടിക്കുവാൻ….ചുറ്റിനും എല്ലാവരും തീയിട്ടു പുകയ്ക്കൽ തുടങ്ങിയിരുന്നു. കൂടെക്കൂടാതെ വയ്യ. എന്നാലും ഒരു രസമൊക്കെയുണ്ട്. ആ നാലു ചുവരുകൾക്കുള്ളിൽ ഇരുന്ന് എഴുതുകയോ കേൾക്കുകയോ ചെയ്യുകയല്ലല്ലോ….കുറച്ചുകൂടി സ്വാതന്ത്ര്യം ഉള്ളതു പോലെയാണ്. ഇതിനുള്ളിൽ എങ്ങോട്ടും നടക്കാം ഇഷ്ടമുള്ളത് ആദ്യം ചെയ്തു നോക്കാം എങ്ങനെ ആയാലും റിസൾട്ട് കിട്ടിയാൽ മതിയാകും.ഓരോന്നായി ചെയ്തു തുടങ്ങി ശ്രദ്ധ പൂർണമായും അതിലേക്കു കൊടുത്തു . കുറച്ചു ആസിഡുമായ് ചേർത്തു മിക്സ്ചർ ചൂടാക്കുമ്പോഴാണ് വീണ്ടും ഘനമുള്ള ആ ശബ്ദം തൊട്ടടുത്തു നിന്ന് ശകാരരൂപേണ കേൾക്കാനായത്….

ഇത്തവണ തന്നോടല്ല. ശിൽപയോടാണ്….അവൾ സെൻട്രിഫ്യൂഗൽ മെഷീൻ പ്രവർത്തിപ്പിച്ചതു ശരിയായില്ലത്രേ. അതിനാണ്…..എങ്ങനെ പ്രവർത്തിപ്പിച്ചാലെന്താ രണ്ടും രണ്ടായി വേർതിരിച്ചു കിട്ടിയാൽ പോരേയെന്ന കുനിഷ്ടു ചോദ്യമാണന്നേരം മനസ്സിൽ തെളിഞ്ഞത്.”എങ്ങനെയെങ്കിലും ചെയ്തു തീർക്കാനുള്ളതല്ല ഇത്. ഓരോ ഘട്ടവും അതിന്റേതായ ഭംഗിയിൽ ചെയ്യണം അതിന് പഠിക്കുന്ന വിഷയത്തോടൊരു ആത്മാർത്ഥത വേണം…എങ്ങനെയെങ്കിലും പാസ് ആയിപ്പോകാനാണെങ്കിൽ എന്തിന് ഇതുതന്നെ നിങ്ങൾ എടുത്തു?? അവസാന വർഷം എത്തിയിട്ടും ഇതൊന്നും സ്വയം മനസിലായില്ലെന്നു വച്ചാൽ എന്തു തരം വിദ്യാഭ്യാസമാണ് നിങ്ങൾ നേടുന്നത്???”

മനസ്സിൽ പൊടിഞ്ഞ ചോദ്യത്തിനു നേർക്കെന്ന പോലായിരുന് സാറിന്റെ ആ വാക്കുകൾ. അൽപം അതിശയം തോന്നാതിരുന്നില്ല.ദേഷ്യം നിറഞ്ഞു രക്തം ഇരച്ചു കയറിയ ആ മുഖത്തെ കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ചില്ലുകുപ്പികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരുന്നു. ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യം കണ്ടുപിടിച്ചു. ആളുടെ പല്ലുകളിൽ ക്ലിപ് ഇട്ടിട്ടുണ്ട്…..ഇത്രേം വലുതായിട്ടും എന്തിനാണാവോ ഇങ്ങേര് ഇപ്പോ ക്ലിപ് ഇട്ടത്. അതിനാണോ കൂടുതൽ ചന്തം??!!

ആർക്കൊക്കെ എന്തൊക്കെയോ ആൾ നിർദേശങ്ങൾ നൽകുന്നുണ്ട് എല്ലാ സീറ്റുകളിലേക്കും പോയി ചെക്ക് ചെയ്യുന്നുണ്ട്. ആളുടെ ചലനത്തിനൊപ്പം ആ ദിശയിലേക്ക് കണ്ണുകൾ അനുസരണയില്ലാതെ പിന്തുടർന്നു…ഒരുനിമിഷം!!!!! ഒരേയൊരു നിമിഷം….എന്തൊക്കെയോ ചില്ലുകൾ ചിതറുന്ന ശബ്ദം പൊടുന്നനെ ഞെട്ടിച്ചു കൊണ്ടു കേട്ടു. എന്താണ് നടന്നതെന്ന് അറിയുന്നതിന് മുന്നേ കൈത്തണ്ടയിൽ തീപ്പൊള്ളലേറ്റ് ചർമം നീറുന്നതിന്റെ നോവറിഞ്ഞു…നിന്നിരുന്ന ഇടത്തു നിന്നും അൽപം പിന്നോക്കം പോയി കണ്ണുകൾ അടച്ചു പിടിച്ച് നിന്നു. എന്താണ് സംഭവിച്ചതെന്നു കുറച്ചു നേരത്തേക്ക് ബോധമുണ്ടായില്ല. ആരൊക്കെയോ ചേർന്നു എന്തൊക്കെയോ അടുത്തു വന്നു പറയുന്നു… ചെയറിൽ ഇരിപ്പിക്കുന്നു….

കൈത്തണ്ടയിൽ നീറിക്കൊണ്ടിരുന്ന ഇടം വെള്ളത്തിൽ കഴുകിക്കൊണ്ടിരുന്നു….”വലിയ രീതിയിൽ പൊള്ളൽ ഉണ്ടോ? ഇല്ലെങ്കിൽ ഇതാ അവിടുന്നു തൽക്കാലം സോഡിയം ബൈകാർബണേറ്റ് ആരെങ്കിലും ആ കുട്ടിക്ക് എടുത്തു കൊടുക്കൂ അതു പുരട്ടിയാൽ മതിയാകും….”ആളിന്റെ ശബ്ദം വീണ്ടും തേടിവന്നു.”വിശ്വ സാറേ, കുറച്ച് കൂടുതൽ ഭാഗത്തു പൊള്ളലേറ്റിട്ടുണ്ട് കയ്യിൽ പോരാത്തതിന് തിളപ്പിച്ചതാണ് വീണിരിക്കുന്നത്. ഇതു പൊള്ളലുണങ്ങാതെ വന്നാലോ…

സ്പന്ദനയെ ക്ലിനിക്കിലേക്ക് കൊണ്ടുപോകാം പൊള്ളലിനുള്ള മരുന്ന് എന്തെങ്കിലും വേണ്ടി വരുമെന്നാ തോന്നുന്നത്…””എങ്കിൽ പിന്നെ പ്രിയ ടീച്ചർ കുട്ടിയെ കൂട്ടി വന്നോളൂ വൈകിട്ട് ഓഫീസിലേക്ക് ഞാൻ ഒന്നു പറയട്ടെ. ഡിപ്പാർട്ട്മെൻറ് നിന്ന് ആരെയെങ്കിലും ലാബിലേക്ക് പറഞ്ഞു വിടാം…”വേദനയ്ക്കിടയിലും കണ്ണുകൾ കൊണ്ട് ആളെ തിരിഞ്ഞിരുന്നു ഒരു സാന്ത്വനരൂപേണയുള്ള നോട്ടം പതിക്കുവാൻ. അതുണ്ടായില്ല. എങ്കിലും ധൃതിയിൽ നടന്നകലുന്ന ആ മനുഷ്യനെ എന്തിനോ വേണ്ടി വീണ്ടും നോക്കിക്കൊണ്ടിരുന്നു….

സാർ ഒരുനോക്ക് തന്നെയൊന്നു കടാക്ഷിച്ചിരുന്നെങ്കിൽ എന്ന് അത്യധികം പ്രതീക്ഷിച്ചുകൊണ്ട്…..വേദനയിൽ നീർത്തുള്ളികളടർന്നു കൈയ്യിൽ വീണപ്പോൾ ഒന്നും കൂടി നീറി. എങ്കിലും കണ്ണുകളുടെ ദൃഷ്ടിയിൽ സ്ഥാനഭ്രംശം വന്നില്ല…ആ മനുഷ്യനിൽ എന്തു പ്രത്യേകതയാണ് പോകെപ്പോകെ കണ്ടതെന്നറിയില്ല. ഒരു കാരണവും ഇല്ലാതെ വെറുതെ ഒരാളോട് അടുപ്പം തോന്നുമോ???? അതിനെ എന്തു പേരിട്ടു വിളിക്കണം???ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലും അവൾ സംതൃപ്തയായിരുന്നു……..

……..തുടരും…………..

(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)