രചന: ആയിഷ അക്ബർ
രേവതി…… രേഖേ…..ഒന്നിങ്ങോട്ട് വരു…..
മുത്തശ്ശി അകത്തേക്ക് നോക്കി വിളിച്ചതും ഓരോരുത്തരായി പുറത്തേക്ക് വന്നിരുന്നു…..വേദക്ക് അത്ഭുതം തോന്നി…
ഇത്രയും പേരീ വീട്ടിലുണ്ടെന്ന് താൻ കരുതിയിട്ടേയില്ല…..എന്നിട്ടും ആദിയെ എന്തിനാ ഡേ കെയറിൽ വിടുന്നത്……അവൾ സ്വയം ചോദിച്ചു……ഇതാണ് ആദിയെ നോക്കാൻ വന്ന കുട്ടി…..എന്തെങ്കിലും കുടിക്കാനെടുക്കു…
മോളെ… അരുണിമേ…വെള്ളമെടുക്കു……
മുത്തശ്ശി അവരോടത് പറഞ്ഞതും അവർ വേഗം അരുണിമയോട് കല്പ്പിച്ചു കൊണ്ട് നോക്കിയതത്രയും ആധിയിലേക്കായിരുന്നു…..
അതേ….. വീട്ടില് നിന്ന് അവനെ നോക്കാനൊരു ആയ വരികയാണെന്ന് പറഞ്ഞപ്പോൾ മുതൽ അവനെ തങ്ങളുടെ കയ്യിൽ കിട്ടുന്ന നിമിഷം ഓർത്തു കൊണ്ടിരിക്കുകയായിരുന്നു ഓരോരുത്തരും……അവരുടെ കണ്ണുകൾ ഒരിക്കൽ പോലും വേദയിലേക്ക് നീങ്ങിയില്ല….അവളുടെ കയ്യിലിരിക്കുന്ന ആധിയിലായിരുന്നു അവരുടെ നോട്ടമത്രയും…..മോനെ….. അച്ഛമ്മേടെ കുട്ടാ……അവർ ഏറെ സ്നേഹത്തോടെ വിളിച്ചു കൊണ്ട് അവനെയെടുക്കാൻ ചെന്നതും അവനൊരു കരച്ചിലോടെ അവളിലേക്ക് പറ്റി ചേർന്നിരുന്നു……
അപ്പോഴാണവർ അവളിലേക്കൊന്ന് നോക്കുന്നത്…….ഏറെ നിഷ്കളങ്കമായൊരു കുഞ്ഞ് മുഖം……അത്രയേറെ ഭംഗിയിൽ വരച്ചു വെച്ചത് പോലെ…..അവളുടെ വെളുത്തു മെലിഞ്ഞ കൈകൾ തോളിലേക്ക് ചാഞ്ഞ അവനെ കൂട്ടി പിടിച്ചിട്ടുണ്ട്…..
കരയിപ്പിക്കല്ലേ രേവാ…..ഇവിടെ നിന്നുള്ള കരച്ചിൽ അവനങ് ആശുപത്രീയിലിരുന്നു അറിയും…..മുത്തശ്ശിയോരു ചിരിയോടെയാണ് അത് പറഞ്ഞതെങ്കിലും രേവതിയിൽ അതെന്തോ ഒരു പ്രയാസം നിറച്ചിരുന്നു..അവനും കുഞ്ഞിനും താനാരുമല്ലാത്തത് പോലെ…….കളവ് ചെയ്യും പോലെ തന്റെ കുഞ്ഞിനെയെടുക്കേണ്ടി വന്ന ഗതികേട് ആലോചിച്ചു കൊണ്ട്…..അവർ ഒരു നിമിഷം തിരിഞ്ഞു നടന്നു…..അവരുടെ കണ്ണുകളിൽ കണ്ട നനവ് അറിഞ്ഞത് കൊണ്ട് തന്നെ രേഖയും അവരുടെ പിറകെ പോയിരുന്നു……
വേദക്ക് എല്ലാത്തിലും ഒരു നിഗൂഢത തോന്നി….
അവരുടെ കണ്ണുകളിൽ കുഞ്ഞിനോടുള്ള വാത്സല്യം ആണെങ്കിൽ കൂടി കുഞ്ഞിനവരോട് തീർത്തും അപരിചിതത്വമാണ്….അവരുടെ പ്രവർത്തികൾ കണ്ടാൽ ആ കുഞ്ഞിനെ ആദ്യമായി എടുക്കുന്നത് പോലെ തോന്നുകയാണ്….ഒരേ വീട്ടിൽ കഴിഞ്ഞിട്ടും അവരിത്രയേറെ അന്യരാവാൻ കാരണമെന്തായിരിക്കും…..
അവരുടെ കണ്ണുകളിൽ കാണുന്ന അഗാദമായൊരു ആഴി ക്ക് കുറ്റബോധത്തിന്റെ കലർപ്പുണ്ടോ…
മോള് വാ…….മുകളിലാണ് ഇവരുടെ മുറി…..
അവിടെ യാണ് ഇവന്റെ സാധനങ്ങളെല്ലാം വെച്ചിരിക്കുന്നത്……മോൾക്ക് മുറിയിൽ നിന്നും വേണ്ട സാധണങ്ങളെടുത് എവിടെ വേണമെങ്കിലും കുഞ്ഞിനെ യും കൊണ്ട് പോയിരിക്കാം……
അടുക്കള പിന്നേ താഴെ നമ്മൾ നിന്നതിനോട് അപ്പുറത്താണ്……വെള്ളം ചൂടാക്കാനും ഇവന് ഭക്ഷണം ഉണ്ടാക്കാനും എല്ലാം മോൾക്ക് യാതൊരു മടിയും കൂടാതെ അവിടെ പോകാം…..കോണിപ്പടികൾ കയറുമ്പോൾ മുത്തശ്ശിയത് പറഞ്ഞതും അവൾക്കല്പം ആശ്വാസം തോന്നിയിരുന്നു…..തനിക്കൊന്നും ചോദിക്കേണ്ട ആവശ്യമില്ലാതെ അവരെല്ലാം പറഞ്ഞു തന്നതിൽ……മുത്തശ്ശി ശിവയുടെ മുറി
അവൾക്കായി തുറന്ന് കൊടുത്തു…… അധികം സാധനങ്ങളൊന്നുമില്ലാതെ വളരേ ഒതുക്കത്തോടെ കാണപ്പെട്ട ഒരു മുറി……അവൾ പതിയെ അതിനകത്തേക്ക് കടന്നു…..അവിടെ നിറഞ്ഞു നിൽക്കുന്ന ചന്ദനത്തിന്റെ സുഗന്ധം അവളിലേക്ക് അടിച്ചു വീശും പോലെ……തന്റെ ഓർമകളിലെവിടെയോ പരിചിതമായൊരു സുഗന്ധം…….അവൾ ചുറ്റുമോന്ന് നോക്കി…
കുഞ്ഞിന് വേണ്ട സാധനങ്ങളെല്ലാം ഒരു വശത്തു വെച്ചിട്ടുണ്ട്…തനിക്ക് വേണ്ടിയെന്ന പോൽ…..
മുത്തശ്ശി….. വെള്ളം……മോള് വാ…
എന്തെങ്കിലും കുടിക്കാം……താഴെ നിന്ന് അരുണിമയുടെ ശബ്ദം കേട്ടതും മുത്തശ്ശി പതിയെ അവളെ വിളിച്ചു………അവർ രണ്ട് പേരും പതിയെ താഴെക്കിറങ്ങി…..തണുത്ത നാരങ്ങ വെള്ളം തന്റെ കയ്യിലേക്ക് വെച് തരുമ്പോൾ അരുണിമയുടെ കണ്ണുകൾ തന്റെ കയ്യിലിരിക്കുന്ന ആധിയിലായിരുന്നത് വേദ ശ്രദ്ധിച്ചു…..ഈ വീട്ടിലെ ആളുകളെതനിക്ക്മനസ്സിലാവുന്നതേയില്ലായിരുന്നു…….ആദി കുട്ടാ….. വല്യമ്മേടെ പൊന്നേ..
അരുണിമ അവനെ കൊഞ്ചിച്ചു വിളിച്ച പ്പോഴേക്കും അവന്റെ ചുണ്ട് പിളർന്നു തുടങ്ങിയിരുന്നു…..
അവൻ പതിയെ വേദയിലേക്ക് ചാഞ്ഞു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഏട്ടത്തി കരയല്ലേ….ഇനി അവൻ ഇവിടെയുണ്ടല്ലോ….നമ്മളോട് തീർച്ചയായും ഇണങ്ങും….. ആ ഡേ കെയറിലെ പെണ്ണിനോട് കണ്ടോ അവനിണങ്ങി യിരിക്കുന്നത്…..
നമ്മളോട് അവനിടപഴകാത്തതാണ് കാരണം……
ഒന്നുമല്ലെങ്കിൽ അവൻ ഇവിടുത്തെ ചോരയല്ലെ…..
കണ്ണ് നീരോപ്പി കൊണ്ടിരിക്കുന്ന രേവതിയെ രേഖ ആശ്വസിപ്പിച്ചു…… ഗായത്രി മോളോട് എത്രയും പെട്ടെന്ന് വരാൻ പറയണം…..അവളുമായി അവനേത്രയും പെട്ടെന്ന് കൂട്ടായാൽ മാത്രമേ കാര്യങ്ങൾ വിചാരിച്ചത് പോലെ നടക്കു…….
രേവതി മുഖം അമർത്തി തുടച്ചു കൊണ്ടതും പറഞ്ഞേഴുന്നേറ്റിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വേദ ആദിയെ കൊഞ്ചിച്ചു കൊണ്ട് ആ വരാന്തയിലൂടെ അങ്ങനെ നടന്നു……അവന്റെ കൂടെ യിരിക്കാനുള്ള നിമിഷങ്ങൾ ദൈവം തനിക്ക് തന്ന അനുഗ്രഹമായി അവൾക്ക് തോന്നി… കനൽ വീണു കിടക്കുന്ന തന്റെ ജീവിതത്തെ അവന്റെ പുഞ്ചിരിയിൽ താനങ്ങനെ മറക്കുന്നു…..തണുത്ത ശരീരമായ തന്റെ കുഞ്ഞിനെ കൈകളിൽ പിടിച്ചു കണ്ട് കൊത്തി തീർന്നില്ലെന്ന് പറഞ്ഞുരുകിയ ഹൃദയത്തിനു പകരമായി ദൈവം തന്നതാണിവനെ….അവളവന്റെ മുടിയിലൂടെ അങ്ങനെ വിരലോടിച്ചു..അല്പം കഴിഞ്ഞതും രേവതി മുകളിലേക്ക് കയറി വന്നിരുന്നു…….ചാരു കസേരയിൽ ചാരി കിടന്നു കുഞ്ഞിനെ നെഞ്ചിലേറ്റുറങ്ങുന്നവളെ കണ്ടതും അവരൊന്നു മുരടനക്കി……കുഞ്ഞുറങ്ങുവാണോ…..ആ.. അവനിപ്പോ ഉറങ്ങിയതേയുള്ളൂ…അവരുടെ ഗൗരവത്തോടെയുള്ള ചോദ്യത്തിന് പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി നൽകിയതും പിന്നീടവരൊന്നും പറയാതെ താഴേക്ക് പോയിരുന്നു..
അവർ വന്നത് കുഞ്ഞിന് വേണ്ടിയായിരുന്നെന്ന് അവൾക്കറിയാമായിരുന്നു…..ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നേരം ഉത്തശ്ശി അവളെ വിളിച്ചു കൂടെയിരുത്തി കഴിപ്പിച്ചു….അത് ചുറ്റും ഇരിക്കുന്നവർക്ക് അത്രയേറെ പിടിച്ചിട്ടില്ലെന്ന് അവരുടെ മുഖത്ത് നിന്നും അവൾക്ക് മനസ്സിലായിരുന്നു…….അത് കൊണ്ട് തന്നെ ആ നേരം ആദി യൊന്നുണർന്നിരുന്നെങ്കിൽ എന്നവൾക്ക് അതിയായ ആഗ്രഹം തോന്നിയിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അവനെഴുന്നേറ്റ് രണ്ട് പേരും അങ്ങനെയിരിക്കുമ്പോഴാണ് രേവതി വീണ്ടുമങ്ങോട്ട് കടന്ന് വരുന്നത്…….അവർ കുഞ്ഞിനെ അധികാരത്തോടെ അവളിൽ നിന്ന് വലിച്ചെടുത്തു……..അപ്പോഴേക്കും കുഞ് അലമുറയിട്ട് കരഞ്ഞു തുടങ്ങിയിരുന്നു……
അവർ പലതും കാണിച്ചു അവനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി അവൻ കരച്ചിൽ നിർത്തുന്ന വഴിക്കില്ലായിരുന്നു…….അവർ അവനെയെടുത് താഴെക്കോരോറ്റ പോക്കായിരുന്നു…..അവന്റെ കരച്ചിൽ അകന്ന് പോകും തോറും കാതുകളിൽ ഉയർന്നു കേൾക്കും പോലെ യവൾക്ക് തോന്നി……വേദക്ക് ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് അറിയില്ലായിരുന്നു…..കുഞ്ഞു കരയുമ്പോൾ അവൾക്കും കരച്ചില് വന്നു…….അവനു താൻ സ്വന്തമാണെങ്കിലും അവൻ തനിക്കങ്ങനെയല്ലല്ലോ….
അഞ്ചു പറഞ്ഞത് അവൾക്കോർമ്മ വന്നു…..
ഇവിടെ നിന്നിറങ്ങിയാൽ അവനെ തൊടാൻ പോലും അർഹതയില്ല……ശെരിയാണ്…….
അവനു ചുറ്റും സമ്പത്തും ആളുകളും എല്ലാമുണ്ട്….
തന്റെ ആവശ്യം അവനില്ല….അവന്റെ ചുറ്റുമുള്ളതെല്ലാം അവന്റെ ആളുകളാണ്….
തന്നിൽ നിന്നവർ കുഞ്ഞിനെ പിടിച്ചു വാങ്ങിയത് പോലെ തനിക്കതിനു കഴിയില്ലല്ലോ….കഴിയുമെങ്കിൽ ഓടി പ്പോയി ത്താനത് ചെയ്യുമായിരുന്നു…….
മനസ്സിനെ എന്ത് പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും യാതൊരു കാര്യവുമുണ്ടായിരുന്നില്ല….അവന്റെ കരച്ചിൽ ശബ്ദ ത്തിനടുത്തേക്ക് അവളുടെ കാലുകൾ യാന്ത്രികമായി ചലിച്ചു……കോണിപ്പടികൾ അവൾ വേഗത്തിലിറങ്ങി……അവർക്കടുത്തേക്ക് അവളെത്തിയതും ആദി അവളെ നോക്കി കൈ കാണിച് ഉറക്കെ കരഞ്ഞു…..അവളുടെ ഉള്ളം വല്ലാതെ വിങ്ങി തുടങ്ങിയിരുന്നു…അരുണിമയും രേഖയും രേവതിയുമെല്ലാം മാറി മാറി യെടുക്കുന്നുണ്ടവനെ……എന്നാൽ അവന്റെ കരച്ചിലിന് മാത്രം യാതൊരു കുറവുമില്ലായിരുന്നു …..അവനു വിശന്നിട്ടാവും…. നീ പോയി ആ പാല് തിളപ്പിച്ച് കൊണ്ട് വന്നേ….കുഞ് അവളെ നോക്കി വല്ലാതെ കരയുകയാണെന്ന് തോന്നിയതും അരുണിമ ഒരു നീരസത്തോടെയാണത് പറഞ്ഞത്……വേദ പതിയെ അടുക്കളയിലേക്ക് നടന്നു….അപ്പോഴും അവന്റെ കരച്ചിൽ തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്ന് അവളറിയുക യായിരുന്നു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇതേ സമയം കുഞ്ഞിന്റെ കരച്ചിൽ കാരണം മുറ്റത് വന്നു നിന്ന കാറിന്റെ ശബ്ദം ആരും കേട്ടിരുന്നില്ല……..ഇറങ്ങിയതും ആദിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ശിവയുടെ നെഞ്ചോന്ന് പിടച്ചു…. അവൻ ആ പടികളിലൂടെ ഓടി ക്കയറി…..അകത്തു ചെന്നപ്പോൾ അവനെ മത്സരിച്ചു സ്നേഹിക്കുന്നവരെ കണ്ടതും അവനു ദേഷ്യംനിയന്ത്രിക്കാൻകഴിഞ്ഞിരുന്നില്ല……പെട്ടെന്നൊന്നു പിറകിലേക്ക് തിരിഞ്ഞ രേഖ അവനെ കണ്ടതും അങ്ങനെ തറഞ്ഞു നിന്നു….രേവതിയും അരുണിമയും അവനെ കണ്ടോന്ന് വിറച്ചിരുന്നു…..
ആധിയാകട്ടെ അവനെ കണ്ടതും അവനിലേക്ക് കൈ കാണിച്ചു കരഞ്ഞു തുടങ്ങി…….
ശിവ പെട്ടെന്ന് രേവതിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങിയതും അവനൊരു തളർച്ചയോടെ ശിവയുടെ തോളിലേക്ക് ചാഞ്ഞിരുന്നു….. കരഞ്ഞു തളർന്നത് കൊണ്ട് തന്നെ അവൻ വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു….ശിവയുടെ ഉള്ള് വല്ലാതെ പിടച്ചു……ഇവനെയ്….. നിങ്ങള് ആട്ടി വിട്ട അതേ അന്യ മതക്കാരിക്കുണ്ടായത് തന്നെയാ……
ശിവ കല്ലിച്ച സ്വരത്തിൽ രേവതിയോടതും പറഞ്ഞു അകത്തേക്ക് നടക്കുമ്പോൾ അവർ ശില കണക്കെ അങ്ങനെ നിന്ന് പോയിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശിവ ദേഷ്യത്തോടെ അകത്തു മുഴുവൻ തിരഞ്ഞത് അവൾക്ക് വേണ്ടിയായിരുന്നു……
ഇവനെ നോക്കാനെന്ന് പറഞ്ഞേൽപ്പിച്ചവളേ….
അടുക്കളയിലെത്തിയതും സ്റ്റോവിന് നേരെ തിരിഞ് നിൽക്കുന്നവളെ കൈ മുട്ടിൽ പിടിച്ചു ദേഷ്യത്തോടെ തന്നിലേക്കവൻ തിരിച്ചത് പെട്ടെന്നായിരുന്നു……
അവളുടെ കയ്യിലുണ്ടായിരുന്ന പാത്രം താഴെ വീണു……സ്റ്റീൽ പാത്രം താഴെ വീഴുന്ന ആ ശബ്ദത്തിന്റെ അകമ്പടിയോടെ അവരിരുവരും കണ്ടു….
(തുടരും)

by