25/05/2026

ശ്രീനന്ദനം: ഭാഗം50

രചന:കണ്ണൻ്റെമാത്രം

അഭി ഫോൺ വച്ചിട്ട് മഹിയേയും പ്രസാദിനെയും നോക്കി പപ്പൻ പറഞ്ഞത് മുഴുവൻ പറഞ്ഞു… പ്രസാദും മഹിയും മഹിയുടെ അമ്മയും നന്ദിയോടെ അഭിയെ നോക്കിയപ്പോൾ നിധിയുടെ ഉള്ളിൽ മുഴുവൻ കുറ്റബോധം ആയിരുന്നു. അവളുടെ ഉള്ളിൽ അവൾ ഓരോ വട്ടവും അഭിയേയും പിയയേയും അപമാനിച്ചതും മറ്റും ആയിരുന്നു. ഇപ്പൊ അവൾക്ക് ഒരാവശ്യം വന്നപ്പോൾ അവർ മാത്രമേ കൂടെ ഉള്ളൂ. എന്തിനും ഏതിനും താൻ സപ്പോർട്ട് നിന്നിരുന്ന കുഞ്ഞേട്ടൻ ഒരു ദക്ഷണ്യവും ഇല്ലാതെ ആണ് ഒഴിവാക്കിയത്.. അഭിയുടെ ശബ്ദം ആണ് അവളുടെ ചിന്തകളിൽ നിന്ന് അവളെ പുറത്തേക്ക് കൊണ്ട് വന്നത്..

എങ്കിൽ നമുക്ക് ഇറങ്ങിയാലോ മഹി.. ഇനിയും നേരം കളയണ്ടല്ലോ.. അഭി ചോദിച്ചതും മഹി അതിന് സമ്മതം മൂളി. പിന്നെ എല്ലാം പെട്ടന്നായിരുന്നു. അവർ വേഗം തന്നെ റെഡി ആയി പപ്പന്റെ അടുത്തേക്ക് പോയി. അഭിയും വിച്ചുവും മഹിയും കൂടെ ആണ് പോയത്..

………………..

അന്ന് വൈകീട്ട് ആണ് അഭി പിന്നെ വീട്ടിൽ എത്തിയത്…എന്തായി നന്ദൻ കാര്യങ്ങൾ.. അവനെ കണ്ടതും കുടിക്കാനുള്ള വെള്ളം കൊടുത്തുകൊണ്ട് പിയ ചോദിച്ചു.അവൾ നൽകിയ വെള്ളം കുറച്ച് കുടിച്ചുകൊണ്ട് അവൻ ഇന്ന് നടന്നത് മുഴുവൻ പറഞ്ഞു. അങ്ങോട്ട് വന്ന ആമിയും സാവിത്രിയമ്മയും അഭി പറഞ്ഞത് മുഴുവൻ കേട്ടു… അവർ നിധിയെ പപ്പൻ സഹായിച്ചത് പിയക്ക് വല്ല ഇഷ്ടക്കേടുമായോ എന്നറിയാനായി അവളുടെ മുഖത്തേക്ക് നോക്കി.. അത്രയും നല്ല രീതിയിൽ ആയിരുന്നല്ലോ നിധിയുടെ ആറ്റിറ്റ്യൂഡ്. പക്ഷേ പിയയുടെ മുഖത്ത് ഒരിഷ്ടക്കേടും ഇല്ല എന്ന് മാത്രം അല്ല നിറഞ്ഞ സന്തോഷം ആയിരുന്നു.. അവർക്ക് രണ്ടാൾക്കും പിയയോടും അഭിയോടും ബഹുമാനം തോന്നി. നിധി ഇത്രയൊക്കെ വെറുപ്പിച്ചിട്ടും അവൾക്ക് ഒരാവശ്യം വന്നപ്പോൾ രണ്ടാളും ഒന്നും മനസ്സിൽ വെക്കാതെ പെരുമാറുന്നുണ്ടല്ലോ എന്ന് ആലോചിച്ച്..

ഇനി പോലീസ് സ്റ്റേഷനിൽ പോകേണ്ടി വരുമോ മഹിക്ക് മോനേ… സാവിത്രിയമ്മ ചോദിച്ചു..ഏയ്യ് വേണ്ട അമ്മേ.. അയാളെക്കൊണ്ട് കയ്യോടെ കേസ് പിൻവലിപ്പിച്ചിട്ടാണ് ഞങ്ങൾ പോന്നത്. അതുകൊണ്ട് ഇനി അങ്ങനത്തെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ലാ…എന്തായാലും പിയമോൾടെ അച്ഛന് ആ നേരം അങ്ങോട്ട്‌ വിളിക്കാൻ തോന്നിയത് നന്നായി ഇല്ലെങ്കിൽ എന്ത് ചെയ്തേനെ… സാവിത്രിയമ്മ പിയയെ നോക്കികൊണ്ട്‌ പറഞ്ഞു.. അതിന് പിയ ഒന്ന് ചിരിച്ചു.. കുറച്ചുനേരംകൂടി കാര്യം പറഞ്ഞിരുന്നിട്ടാണ് അഭി കുളിക്കാനായി പോയത്.. പിയയും ആമിയും സാവിത്രിയമ്മയും ഭക്ഷണം എടുത്ത് വെക്കാനും മറ്റുമായി പോയി…

…………………

പിറ്റേന്ന് രാവിലെ പതിവുപോലെ ചായയും കുടിച്ചിരിക്കുമ്പോൾ ആണ് അഭിക്ക് രുദ്രന്റെ കാൾ വരുന്നത്….എന്താ രുദ്രേട്ടാ… ഫോൺ എടുത്തതും അഭി ചോദിച്ചു…

*******

ആണോ.. ഓക്കേ.. ഞങ്ങൾ അങ്ങോട്ട് എത്തിക്കോളാം… അഭി അതും പറഞ്ഞ് ഫോൺ വച്ചിട്ട് പിയയെ നോക്കി റൂമിലേക്ക് ചെന്നു..ശ്രീ… എന്തോ കാര്യമായി ലാപ്പിൽ ചെയ്തുകൊണ്ടിരുന്ന പിയ അഭിയുടെ വിളികേട്ടതും അങ്ങോട്ട് നോക്കി..
എന്താ നന്ദൻ…രുദ്രേട്ടൻ വിളിച്ചിരുന്നു. ആ dr. വിനായകനെ പൊക്കിയിട്ടുണ്ടെന്ന്. നമ്മളോട് അങ്ങോട്ട് എത്താൻ പറഞ്ഞു.. അന്ന് പോയില്ലേ അവിടേക്ക്…ആണോ.. ഇപ്പൊ പോകുന്നുണ്ടോ…
ആ ഇറങ്ങാം. പെട്ടന്ന് വരാൻ പറഞ്ഞിട്ടുണ്ട് രുദ്രേട്ടൻ…ഓക്കേ.. ഞാൻ ദേ ഇപ്പൊ റെഡി ആവാം. അതും പറഞ്ഞ് ഡ്രെസ്സും എടുത്ത് പിയ വാഷ്റൂമിലേക്ക് പോയി. നന്ദനും റെഡി ആകാൻ തുടങ്ങി… പെട്ടന്ന് തന്നെ രണ്ടാളും രുദ്രൻ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു…

അഭിയും പിയയും അവിടെ എത്തുമ്പോൾ അവരെ കാത്തെന്നോണം നവി പുറത്ത് തന്നെ ഉണ്ട്.. അവർ വന്നതും അവരെയും കൂട്ടി നവി ഉള്ളിലേക്ക് പോയി. അവർ ഉള്ളിൽ എത്തുമ്പോൾ Dr. വിനായകനെ ഒരു കസേരയിൽ കെട്ടിയിട്ടിട്ടുണ്ട്. രുദ്രൻ അയാളുടെ മുന്നിൽ ആയി ഇരിക്കുന്നുണ്ട്. ഒരു സൈഡിൽ ആയി ഗിരിയും നിൽക്കുന്നുണ്ട്..എന്തായി രുദ്രേട്ടാ.. ഇയാൾ വല്ലതും പറഞ്ഞോ… പിയ വന്നതും രുദ്രനോട് ചോദിച്ചു…പിന്നില്ലാതെ.. ഈ തണ്ടും തടിയും മാത്രേ ഇവന് ഉള്ളൂ മാഡം. നമ്മുടെ രുദ്രൻ സാറിന്റെ രണ്ട് അടിയിൽ തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞില്ലേ… ഗിരി വിനായകനെ നോക്കി ഒരു പുച്ഛചിരിയോടെ പറഞ്ഞു. അയാൾ അപ്പോഴും തലയും കുമ്പിട്ടിരിപ്പാണ്..

ഇവർ ഒരു ടീം ആണ് പിയ. രണ്ട് വിദേശീയരും ലോനപ്പനും അടങ്ങുന്ന ഒരു ടീം. റെയർ ബ്ലഡ്‌ ഗ്രൂപ്പിൽ ഉള്ള കിഡ്‌നിക്ക് ഒക്കെ നല്ല മാർക്കറ്റ് ആണല്ലോ. സ്‌കറിയ ഡോക്ടറും ഇവനും ദേവദത്തൻ ഡോക്ടറും അനസ്തേഷ്യസ്റ്റ് ലൈല ഡോക്ടറും മൂന്നു സിസ്റ്റർമാരും റേഡിയോളജിയിൽ ഉള്ള ലിഷോയിയും എന്തിന് അറ്റെൻഡറും ലാബിൽ ഉള്ളവരും ഡ്രൈവറുമടക്കം ഒരു ഗാങ് തന്നെ ഉണ്ട് ഇവന്റെ ഒക്കെ പിന്നിൽ. ഇവർക്ക് രണ്ടാൾക്കും വരുന്ന എല്ലാ പേഷ്യൻസിനും അവർ എന്തേലും ഒക്കെ പറഞ്ഞ് ബ്ലഡ്‌ ടെസ്റ്റ്‌ എന്തേലും ചെയ്യിപ്പിക്കും. അതിൽ അവർക്ക് ആവശ്യമുള്ള ആൾക്കാരെ സെലക്ട്‌ ചെയ്ത് എന്തേലും ഒക്കെ കാരണങ്ങൾ നിരത്തി സർജറിക്ക് വിധേയർ ആക്കും. ഇതാണ് അവരുടെ പരിപാടി. ആ ഹോസ്പിറ്റൽ മുഴുവൻ ശുദ്ധീകരിക്കേണ്ടി വരും എല്ലാ കൃമികീടങ്ങളെയും ഒഴിവാക്കാൻ…

അല്ല രുദ്രേട്ടാ.. ഇവർ ഇങ്ങനെ സർജറി ചെയ്തവർ എപ്പോഴെങ്കിലും x- ray ഒക്കെ എടുത്താൽ അറിയില്ലേ ഈ കാര്യം… അഭി ചോദിച്ചു..അറിയും. പക്ഷേ അപ്പോഴും അവർക്ക് നേരെ വിരൽ ചൂണ്ടപെടാതിരിക്കാനുള്ള കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്. അതായത് 90% കിഡ്നി റിമൂവലും അവർ ചെയ്യുന്നത് കീ ഹോൾ വഴി ആണ്. എന്തെങ്കിലും ചെറിയ കാര്യം പറഞ്ഞിട്ടാവും അവർ കീ ഹോൾ ചെയ്യുന്നത്.. അത് ചെയ്തതിന് ശേഷം അവർ ഒന്ന് x- ray എടുത്ത് വെക്കും. പിന്നീടാണ് അവർ കിഡ്നി റിമൂവ് ചെയ്യുന്നത്. അപ്പൊ x – ray യിൽ രണ്ട് കിഡ്നിയും ഉള്ളതായിട്ടല്ലേ കാണുക. വളരെ റയർ കേസുകളിൽ മാത്രേ അവർ ഓപ്പൺ സർജറി ചെയ്യുകയുള്ളൂ. അങ്ങനത്തെ ഒരു കേസ് ആണ് മിത്രയുടെ മുൻപിൽ എത്തിയത്. അല്ലായിരുന്നെങ്കിൽ മിത്രക്ക് ഒരിക്കലും ഒരു സംശയം തോന്നുമായിരുന്നില്ല…

അപ്പൊ നമ്മുടെ കൈയിൽ ഉള്ള തെളിവുകൾ പോരാതെ വരും അല്ലേ ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ.. പിയ നിരാശയോടെ ചോദിച്ചു…
ഏയ്യ് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആ തെളിവുകൾ മതി. പക്ഷേ കേസ് ഒന്നുകൂടി സ്ട്രോങ്ങ്‌ ആവാൻ കുറച്ചുകൂടി തെളിവുകൾ ഉണ്ടെങ്കിൽ നല്ലതാണ്. ഇവന്റെ കോൺഫെഷൻ ഉണ്ട് അതൊരു തെളിവാണ്. ഇപ്പൊ ഇവനൊക്കെ ആവശ്യം ഒരു ബി നെഗറ്റീവ് കിഡ്നി ആണ്. അങ്ങനെ ഒരാൾ നമ്മുടെ കൈയിൽ ഉണ്ടെങ്കിൽ ഇവനെ ഒക്കെ കയ്യോടെ പിടിക്കാമായിരുന്നു… രുദ്രൻ പറഞ്ഞു..രുദ്രേട്ടാ നമ്മുടെ വിച്ചുവിന്റെ ബി നെഗറ്റീവ് ആണ്… അഭി പെട്ടന്ന് ഓർമ വന്നതും പറഞ്ഞു…ആണോ… എങ്കിൽ അയാൾക്ക് നമ്മളെ ഹെല്പ് ചെയ്യാൻ പറ്റും.. അഭി അയാളോട് ഒന്ന് സംസാരിക്കുമോ…

ഞാൻ സംസാരിക്കാം രുദ്രേട്ടാ എന്നും പറഞ്ഞ് അഭി അവന്റെ ഫോണും കൊണ്ട് മാറി നിന്നു…അല്ല രുദ്രേട്ടാ.. ഇയാളെ കാണാതെ ആയത് അവർ അറിഞ്ഞാൽ അവർക്ക് എന്തേലും സംശയം തോന്നില്ലേ…അതിന് അവർ അറിഞ്ഞാൽ അല്ലേ. ഇവൻ ഇവന്റെ സെറ്റപ്പിന് സർപ്രൈസ്‌ കൊടുക്കാനായി ആണ് ഈ യാത്ര പ്ലാൻ ചെയ്യ്തത്. അതിന് ഹോസ്പിറ്റലിലും വീട്ടിലും ഇവൻ കള്ളം പറഞ്ഞിട്ടുണ്ട്. അതുകാരണം ഒരാഴ്ച്ചക്ക് ഇവനെ ആരും അന്വേഷിക്കില്ല.. ആ ഒരാഴ്ച മതിയാവും നമുക്ക് എല്ലാം വെളിച്ചത്‌ കൊണ്ട് വരാൻ… രുദ്രൻ വിനായകനെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു…
അപ്പോഴേക്കും അഭി വന്നു..എന്തായി നന്ദൻ.. പിയ ചോദിച്ചു…അവൻ എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ചു… എന്തിനും അവൻ റെഡി ആണെന്ന്…
മ്മ്.. എങ്കിൽ അയാളോട് അന്ന് വന്ന ഫ്ലാറ്റിലേക്ക് വരാൻ പറയണം ഇന്ന് തന്നെ. പിന്നെ പിയ ഇത് സിസ്റ്റർ ആഗ്നസിനോട് എങ്ങനെ എങ്കിലും ദേവദത്തൻ ഡോക്ടറുടെ റൂമിൽ വെക്കാൻ പറയണം… ഒരു പേന പിയയുടെ കൈയിൽ കൊടുത്തുകൊണ്ട് രുദ്രൻ പറഞ്ഞു..

ഇത് പെൻ ക്യാമറ അല്ലേ.. അത് തിരിച്ചും മറച്ചും നോക്കികൊണ്ട്‌ പിയ ചോദിച്ചു..അതേ.. എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ ആ റൂം ആയിരിക്കും ഇവരുടെ മീറ്റിംഗ് പ്ലേസ്.. MD യുടെ റൂം അല്ലേ. അവിടെ കിട്ടുന്ന പ്രൈവസി അവർക്ക് വേറെ എവിടെയും കിട്ടില്ലല്ലോ. അതുപോലെ സ്‌കറിയ ഡോക്ടറുടെ റൂമിലും ഇതുപോലെ ഒന്ന് വെക്കണം. അത് വിച്ചു ചെയ്താൽ മതിയാവും…എങ്കിൽ അവനോട് അങ്ങോട്ട് എത്താൻ പറയാം അല്ലേ.. അഭി ചോദിച്ചതും രുദ്രൻ അതിന് സമ്മതം മൂളി…

Dr. വിനായകനെ അവിടെ ഗിരിയുടെ കാവലിൽ ഇരുത്തിയിട്ട് ബാക്കി ഉള്ളവർ ഫ്ലാറ്റിലേക്ക് പോയി. വിച്ചു അങ്ങോട്ട് എത്താം എന്നാണ് പറഞ്ഞിട്ടുള്ളത്. പിയ പോകുന്ന വഴിക്ക് തന്നെ ആഗ്നസ് ഡിസ്റ്ററിനെ വിളിച്ച് കാര്യം പറഞ്ഞു.. സിസ്റ്ററിന് ഇന്ന് നൈറ്റ്‌ ആയത് കൊണ്ട് വീട്ടിൽ ഉണ്ടെന്ന് പറഞ്ഞതും പിയയും അഭിയും നേരെ അങ്ങോട്ട് പോയി. ആ പെൻ ക്യാമറ സിസ്റ്ററിനെ ഏൽപ്പിച്ചു വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. സിസ്റ്റർ ഇന്ന് തന്നെ അത് ആ റൂമിൽ വച്ചുകൊള്ളാം എന്ന് അവർക്ക് ഉറപ്പ് നൽകി..അഭിയും പിയയും രുദ്രന്റെ അടുത്തെത്തി കുറച്ചുകൂടി കഴിഞ്ഞിട്ടാണ് വിച്ചു അങ്ങോട്ട് എത്തിയത്..

ഞാൻ എന്താ ചെയ്യേണ്ടത് രുദ്രേട്ടാ… വിച്ചു ചോദിച്ചു..വിച്ചു… താൻ നാളെ തന്നെ എന്തേലും വയറുവേദന എന്നാ രീതിയിൽ സ്‌കറിയ ഡോക്ടറെ കാണണം.. ബാക്കി നമുക്ക് വേണ്ടാ കാര്യങ്ങൾ അവർ ചെയ്തോളും.. ആ പിന്നെ ദേ ഇത്.. പെൻ ക്യാമറ ആണ്.. ഇതെങ്ങനെ എങ്കിലും ആ റൂമിൽ വെക്കണം. താൻ ഡോക്ടറെ കാണാൻ പോകുമ്പോൾ ചെയ്താൽ മതി…അത് ഞാൻ ഏറ്റു.. രുദ്രേട്ടാ… വിച്ചു രുദ്രൻ കൊടുത്ത പെൻ ക്യാമറ കൈയിൽ വാങ്ങിക്കൊണ്ട് പറഞ്ഞു..പിന്നെ എല്ലാവരും പിറ്റേ ദിവസം ആകാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു…പിറ്റേന്ന് ഒരു പത്തുമണിയോടെ ആണ് വിച്ചു medicare ഹോസ്പിറ്റലിൽ എത്തുന്നത്….

തുടരും…