25/05/2026

നിയതി :ഭാഗം 44

രചന:കണ്ണൻ്റെ മാത്രം

ഉച്ചഭക്ഷണം എല്ലാം കഴിഞ്ഞ് മയക്കത്തിൽ ആയ നേരത്താണ് നിർത്താതെ അടിക്കുന്ന കാളിങ് ബെൽ എല്ലാവരും കേട്ടത്…. ആരാ ഇങ്ങനെ കാളിങ് ബെൽ അടിക്കുന്നത് എന്ന ചിന്തയിൽ ആണ് എല്ലാവരും അവരവരുടെ റൂമുകളിൽ നിന്ന് പുറത്തേക്ക് വന്നത്….വിൻസെന്റ് ആണ് പോയി ഡോർ തുറന്നത്… അവിടെ നിൽക്കുന്ന ജോയേയും നിധിയേയും മറ്റൊരാളെയും അവിടെ കണ്ടപ്പോൾ അയാൾ ഒന്ന് ഞെട്ടി… ഇവനെന്തിനാ ഇങ്ങനെ കാളിങ് ബെൽ അടിച്ചതെന്ന സംശയമാണ് അയാളുടെ ഉള്ളിൽ നിറഞ്ഞത്….

അകത്തേക്ക് കയറിക്കോട്ടെ…. ജോ അത് ചോദിച്ചപ്പോൾ ആണ് താൻ അവരെ ബ്ലോക്ക്‌ ചെയ്താണ് നിൽക്കുന്നതെന്ന് അയാൾക്ക് ഓർമ വന്നത്… അയാൾ വേഗം അവരുടെ മുന്നിൽ നിന്നും മാറി നിന്നു…ജോ നിധിയേയും ഇച്ചുവിനെയും കൂട്ടി അകത്തേക്ക് കയറി സോഫയിലായി ഇരുന്നു.. അവന്റെ ഇരുസൈഡിലുമായി നിധിയും ഇച്ചുവും ഇരുന്നു… ജോ അവിടെ നിൽക്കുന്ന ഓരോരുത്തരെയും നോക്കി… ക്രിസ്റ്റി ഒഴികെ എല്ലാവരും അവിടെ ഉണ്ടായിരുന്നു… ആൽബി ഒഴികെ ബാക്കി എല്ലാവരുടെയും മുഖത്ത് ഒന്നും മനസിലാകാത്ത ഭാവം ആയിരുന്നു… ജോ അയാളുടെ മുഖത്തേക്ക് നോക്കി.. അയാളുടെ കണ്ണുകൾ ഇടക്കിടക്ക് നിധിയിൽ വീഴുന്നത് കണ്ടതും അവന്റെ മുഷ്ടി ചുരുണ്ടു…

ജോ.. എന്താ മോനേ കാര്യം… എന്താ ഇങ്ങനെ ഒരു വരവ്… വല്യപ്പച്ചൻ കാര്യം എന്താന്ന് അറിയാനുള്ള ആകാംഷയിൽ ചോദിച്ചു…പറയാം വല്യപ്പച്ചാ.. ക്രിസ്റ്റി കൂടി എത്തിക്കോട്ടെ.. എല്ലാവരും ഉള്ളപ്പോൾ പറയേണ്ട കാര്യം ആണ്…. അപ്പോഴാണ് അവന്റെ കണ്ണുകൾ അവനെ തന്നെ നോക്കി നിൽക്കുന്ന ഗ്രേസിയമ്മയിൽ പതിച്ചത്…Mrs. വിൻസെന്റ് കണ്ടില്ലേ നിങ്ങളുടെ നല്ലവളായ ഹന്നയുടെ വിശേഷങ്ങൾ… സന്തോഷമായില്ലേ.. അവൻ ഒരു പുച്ഛത്തോടെ ചോദിച്ചു…മോനേ.. ജോ.. മമ്മി…വേണ്ടാ… എന്റെ മമ്മ മരിച്ചുപോയി… അവർ അല്ലാതെ എനിക്ക് മറ്റൊരു അമ്മ ഇല്ലാ.. ജോ അവരുടെ മുഖത്ത് നോക്കി ദൃഢതയോടെ പറഞ്ഞു…

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
ആർക്കും അവനോടൊന്നും പറയാൻ ഇല്ലായിരുന്നു… അവരോട് ക്ഷമിക്കാൻ പറയാൻ മാത്രം ചെറിയ തെറ്റുകൾ ആയിരുന്നില്ലല്ലോ അവർ ചെയ്തുകൂട്ടിയത് മുഴുവൻ…ആ സമയത്താണ് ക്രിസ്റ്റി അങ്ങോട്ട് വന്നത്…എന്താ ജോ… എന്തിനാ നീ എന്നോട് പെട്ടന്ന് വരണം എന്ന് പറഞ്ഞത്…. ക്രിസ്റ്റി ജോയെ കണ്ടതും ചോദിച്ചു…പറയാം… നിന്നെ കാത്തിരിപ്പായിരുന്നു… എല്ലാം എല്ലാവരും അറിയണ്ട സമയമായി… ജോ അത് പറയുമ്പോൾ ഇച്ചുവിന്റെയും നിധിയുടെയും കണ്ണുകൾ അയാളെ വീക്ഷിച്ചുകൊണ്ടിരുന്നു… ഇത്രയൊക്കെ ആയിട്ടും അയാളുടെ മുഖത്ത് പേടിയുടെ ഒരു ലാഞ്ചന പോലും ഇല്ലാ എന്നത് അവരെ അതിശയിപ്പിച്ചു… ഒരിക്കലും പിടിക്കപ്പെടില്ല എന്നൊരു അഹങ്കാരം അയാളുടെ മുഖത്തുണ്ടായിരുന്നു…

നിങ്ങൾക്ക് എല്ലാവർക്കും നിധി ഇവിടെ നിന്ന് ഇറങ്ങിപോകാനുള്ള കാരണം അറിയാലോ… അതല്ലാതെ അവൾ ഇറങ്ങിപോകാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു…മറ്റൊരു കാരണമോ… അതെന്താ… വല്യപ്പച്ചൻ ചോദിച്ചു….ഒരു ഭീഷണി… അവൾ എന്റെ ജീവിതത്തിൽ നിന്നും പോയില്ലെങ്കിൽ എന്നെ അങ്ങ് തീർത്തുകളയും എന്ന് പറഞ്ഞിട്ട്… അതിന് മേമ്പടി പോലെ എന്റെ ആക്സിഡന്റ്റുകളുടെ കുറച്ച് ഫോട്ടോസും വീഡിയോസും… എല്ലാം കൂടി ആയപ്പോഴാണ് ഇവൾ എന്നെ വിട്ട് പോകാൻ തീരുമാനിച്ചത്….

ഭീഷണിയോ.. നിന്റെ ആക്സിഡന്റ്റുകൾ അപ്പൊ ആരെങ്കിലും മനപ്പൂർവം ക്രീയേറ്റ് ചെയ്തതാണോ… വിൻസെന്റ് ചോദിച്ചു….ആവോ… എനിക്കറിയില്ല… അതിന് മറുപടി പറയേണ്ട ആൾ ഇവിടെ തന്നെ ഉള്ളപ്പോ ഞാൻ എന്താ പറയേണ്ടത്….ഇവിടെയോ.. നീ എന്താ ഉദ്ദേശിക്കുന്നത്… ഇവിടെ ഉള്ളവർ നിന്നെ അപകടപ്പെടുത്തിയെന്നാണോ നീ പറയുന്നത്…. വല്യപ്പച്ചൻ മിഴിഞ്ഞ കണ്ണോടെ ചോദിച്ചു…. അവിടെ നിൽക്കുന്ന ആർക്കും ഒന്നും മനസിലാകുന്നുണ്ടായില്ല…

അതാണ് സത്യവും… എന്റെ കൈയിൽ അതിന് വേണ്ട എല്ലാ തെളിവുകളും ഉണ്ട്.. ജോ… നീ…
ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല ആദം.. ജോ ആദത്തെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ പറഞ്ഞു… നിധിക്ക് അന്ന് ഫോട്ടോസും വീഡിയോസും ഭീഷണിയും ഒക്കെ വന്ന നമ്പർ ആരുടെ പേരിൽ ഉള്ളതാണെന്ന് ഞങ്ങൾക്ക് പിടികിട്ടി…. അതിൽ തന്നെ ഉണ്ട് സത്യങ്ങൾ…ആരുടെ പേരിൽ ഉള്ളതാണ്…. ഈ ചോദ്യം വന്നത് ആന്റണിയുടെ ഭാഗത്ത്‌ നിന്നാണ്… ജോ അയാളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു….

ക്രിസ്റ്റി ആന്റണി ആലുക്കൽ.. ആലുക്കൽ ഹൗസ്… പി. ഒ.****** ഇതാണ് ഞങ്ങൾക്ക് കിട്ടിയ അഡ്രസ്….നോ… ജോ നിനക്ക് എന്തോ തെറ്റുപറ്റിയിട്ടുണ്ട്… ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല…. ക്രിസ്റ്റി ഞെട്ടലോടെ പറഞ്ഞു…അതിന് നീ ആണ് ആ നമ്പർ യൂസ് ചെയ്യ്തത് എന്ന് ഞാൻ പറഞ്ഞോ ക്രിസ്റ്റി…. ജോ അത് പറഞ്ഞതും അതുവരെ അഹങ്കാരത്തോടെ ഇരുന്നിരുന്നവന്റെ മുഖത്ത് ആശങ്ക പകർന്നു….
ആദം ഇതാണ് ആ നമ്പർ… നിനക്ക് ഇത് എവിടെങ്കിലും കണ്ടുപരിചയം തോന്നുന്നുണ്ടോ എന്ന് നോക്കിയേ… ജോ തന്റെ കൈയിൽ ഉള്ള ഫോൺ ആദത്തിന് നേരെ തിരിച്ചു പിടിച്ചു…

അവന് ആ നമ്പർ നല്ല കണ്ടുപരിചയം തോന്നി… പക്ഷേ എവിടെ എന്ന് അവന് ഓർമ വന്നില്ല… പിന്നെ പെട്ടന്ന് എന്തോ ബോധം വന്നപോലെ അവൻ ആ നമ്പർ തന്റെ ഫോണിൽ അടിച്ചു നോക്കി… അപ്പൊ തെളിഞ്ഞു വന്ന പേര് കണ്ടതും ആദം ഇടിവെട്ടേറ്റത് പോലെ നിന്നു…ജോ… ഇത്… അവന് എന്ത് പറയണം എന്നറിയാതെ നിന്നു… ഈ സമയം മുഴുവൻ ജോയുടെ കണ്ണുകൾ അയാളിൽ തന്നെ ആയിരുന്നു… ഇപ്പൊ അയാളുടെ മുഖത്ത് നേരത്തേ ഉണ്ടായിരുന്ന പോലത്തെ അഹങ്കാരമോ കോൺഫിഡൻസോ ഇല്ലാ.. പകരം ഭയം ആണ് മുന്നിട്ട് നിൽക്കുന്നത്….

ജോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നത്… എന്താണെങ്കിലും ഒന്ന് മനസിലാകുന്നതുപോലെ പറയ്… ഇവിടെയുള്ള ആരാ നിന്നെ ഉപദ്രവിച്ചത്… അങ്ങനെ ഒരുത്തൻ ഇവിടെ ഉണ്ടെങ്കിൽ അവൻ ഇനി ഈ വീട്ടിൽ വാഴില്ല…. നീ പറയ്… വല്യപ്പച്ചൻ അക്ഷമയോടെ ചോദിച്ചു… അയാളുടെ ഉള്ളം എന്തിനോ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു….
ഞാനൊരു കഥ പറയാം വല്യപ്പച്ചാ… അത് കേട്ടാൽ എല്ലാവർക്കും എല്ലാം മനസിലാകും… ഒരു അത്യാവശ്യം പാരമ്പര്യമുള്ള തറവാട്ടിലെ അപ്പനും അമ്മയും തങ്ങളുടെ സ്വത്തുക്കൾ മുഴുവൻ അവരുടെ നാല് മക്കൾക്കായി വീതിച്ചു കൊടുത്തു.. ആ നാല് പേരും അവനവനു കിട്ടിയ സ്വത്തുക്കൾ പല രീതിയിൽ ഉപയോഗിച്ചു… അതിൽ മൂത്തമകന്റെ മകൻ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ കാശ് ചോദിച്ചപ്പോൾ അയാൾ തന്റെ സ്വത്തുക്കൾ വിറ്റ് അവന് ആ കാശ് കൊടുത്തു.. ബാക്കി ഉള്ളവർ അവർക്ക് ഇഷ്ടമുള്ളത് ആ സ്വത്തുക്കൾ വച്ച് ചെയ്യ്തു…

ഒരാൾ അതെല്ലാം വിറ്റ് ഭാര്യയുടെയും മക്കളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിയിട്ട് ഇപ്പോഴും തറവാട്ടിൽ തന്നെ മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കുന്നു… അത് കേട്ടതും ആന്റണിയും മാഗിയും ദേഷ്യത്തോടെ അവനെ നോക്കി.. അവൻ തങ്ങളെ കുറിച്ചാണ് പറഞ്ഞതെന്ന്അവർക്കറിയാമായിരുന്നു…അടുത്തയാൾ ഭാര്യക്ക് കിട്ടിയ സ്വത്തുക്കൾ വച്ച് സുഹൃത്തിന്റെ കൂടെ കൂട്ടുകച്ചവടം ചെയ്യുന്നു.. അത് മാത്രമല്ല പുതിയ ബിസിനസ്‌ തുടങ്ങിയ ജേഷ്ഠന്റെ മകനെ എങ്ങനെയും തറപറ്റിക്കണം എന്നും ചിന്തിച്ച് അതിന് വേണ്ട കരുക്കൾ നീക്കുന്നു… അത് കേട്ടതും തെരെസയും ജോനാഥനും അവനെ നോക്കാനാവാതെ തല താഴ്ത്തി…. അവർ അവനോട് ചെയ്യ്തത് മുഴുവൻ അവരുടെ മുന്നിൽ ഒരു തിരശീലയിൽ എന്നതുപോലെ കടന്നുപോയി…

നാലാമത്തെ ആൾ തനിക്ക് കിട്ടിയ സ്വത്തുക്കൾ മുഴുവൻ അറിയാൻ പാടില്ലാത്ത ബിസിനസ്‌ ചെയ്തും ദൂർത്തടിച്ചും നശിപ്പിക്കുന്നു… പക്ഷേ തറവാട്ടിൽ നല്ല പേരുള്ള അയാളെ ആരും ഒന്നും പറഞ്ഞില്ല എന്ന് മാത്രമല്ല ചേർത്തുപിടിക്കുക കൂടി ചെയ്യ്തു… അതോടെ അയാളുടെ ജീവിത രീതി എല്ലാം മാറി മദ്യവും മധുരാക്ഷിയും അയാളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നു.. സ്നേഹിച്ചു സ്വന്തമാക്കിയ ഭാര്യയെ കുറിച്ചോ സ്വന്തം മകനെ കുറിച്ചോ അയാൾ ചിന്തിച്ചില്ല… അപ്പോഴാണ് അയാൾ അയാളുടെ മൂത്ത സഹോദരന്റെ മകൻ ബിസിനസ്സിൽ പച്ചപ്പിടിക്കുന്നതും സ്വന്തം മകൻ അവന്റെ ഒരു ജോലിക്കാരൻ മാത്രം ആയി മാറുന്നതും ശ്രദ്ധിക്കുന്നത്… അതോടെ അയാൾക്ക് അസൂയയും കുശുമ്പും ഉള്ളിൽ നിറഞ്ഞു.. എങ്ങനെയും ആ ബിസിനസ്‌ തനിക്കും തന്റെ മകനും സ്വന്തമാകണം എന്ന് അയാൾ ഉറപ്പിച്ചു….

അതിന് അയാൾ ആദ്യം കണ്ടെത്തിയ വഴി ആ പയ്യന്റെ കാമുകിയെ വശത്താക്കി അവളുടെ സഹായത്തോടെ ഇതൊക്കെ സ്വന്തം പേരിലേക്ക് മാറ്റാനുള്ള കാര്യങ്ങൾ ചെയ്യുക എന്നതായിരുന്നു…. ആദ്യമേ മദ്യത്തിനും ലഹരിക്കുമൊക്കെ അടിമയായ ആ കാമുകി അയാളുടെ വലയിൽ വീണു… അത് പറഞ്ഞപ്പോൾ അവൻ ഗ്രേസിയമ്മയെ ഒന്ന് നോക്കി… അവർ അവന്റെ മുഖത്തേക്ക് നോക്കാനാകാതെ തല താഴ്ത്തി… പിന്നെ അവന്റെ ദൃഷ്ഠി അയാളിൽ പതിഞ്ഞു… ആരെയും നോക്കാതെ ആകെ വിയർത്തു കുളിച്ച് വല്ലാത്തൊരു ഭാവത്തോടെ ആണ് അയാളുടെ നിൽപ്പ്…
ആ പയ്യന്റെ ഭാഗ്യമോ ഇവരുടെ ദുർഭാഗ്യമോ ആ കാമുകിയുടെ യഥാർത്ഥ സ്വഭാവം ആ പയ്യൻ മനസിലാക്കി… അതോടെ അവർ ബ്രേക്കപ്പ് ആയി… ഇനി സ്വത്തുക്കൾ കിട്ടാൻ എന്ത് ചെയ്യും എന്ന് ചിന്തിച്ചപ്പോൾ ആണ് ഈ പയ്യൻ ഇല്ലാതായാൽ സ്വത്തുക്കൾ അവന്റെ അപ്പനും അമ്മക്കും കിട്ടുമല്ലോ അവരുടെ ഒക്കെ കണ്ണിൽ നല്ല പുള്ളി ആയതുകൊണ്ട് സ്വത്തിന്റെ ഒരു ഭാഗം തനിക്കും കിട്ടും എന്ന് അയാൾക്ക് തോന്നിയത്… അതോടെ ആ പയ്യനെ എങ്ങനെയും ഇല്ലാതെയാക്കണം എന്ന് അവൻ ഉറപ്പിച്ചു.. അവന്റെ തോട്ടത്തിലേക്കുള്ള യാത്ര മകനിൽ നിന്ന് മനസിലാക്കിയ അയാളും ആ കാമുകിയും കൂടെ അവനെതിരെ ഒരു കൊട്ടേഷൻ കൊടുക്കുന്നു… ആ പയ്യന്റെ ദൈവഭാഗ്യം കൊണ്ട് നന്മ നിറഞ്ഞ രണ്ടുപേർ ആ കൊലപാതക ശ്രമം നേരിട്ട് കാണുകയും ആ പയ്യനെ രക്ഷിക്കുകയും സ്വന്തം മകനെപ്പോലെ ശുശ്രൂഷിച്ച് അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്യുന്നു…

ഇതുവരെ പറഞ്ഞ കഥ മുഴുവൻ കറക്റ്റ് അല്ലേ mr. സേവ്യർ യോഹന്നാൻ ആലുക്കൽ…. ജോ അയാളുടെ മുന്നിൽ ചെന്ന് നിന്ന് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കികൊണ്ട്‌ ചോദിച്ചു… അവിടെ ഉള്ള ഓരോരുത്തരും ജോ പറയുന്നത് മുഴുവൻ ശ്വാസം അടക്കി പിടിച്ച് നിന്ന് കേൾക്കുകയായിരുന്നു… ആർക്കും കേൾക്കുന്നതൊന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല….

തുടരും….