22/04/2026

പരിണയം : ഭാഗം 06

രചന – സായ്ഹാന

” ഹേയ്…. മിനു മിസ്….!! ”
വിളി കേട്ട് അലക്സും, മിനുവും ഒരുമിച്ച് തിരിഞ്ഞു നോക്കി..

പ്രവീണാ മിസ്സും, ഒപ്പം മറ്റൊരു പെൺകുട്ടിയും നടന്നു വരുന്നുണ്ട്..

“തൊലഞ്ഞ്…!!
ഇപ്പോ കാശിയും , ശിവാനിയും വരും.. ഇതിപ്പോ എവിടന്നു വന്നു ചാടി…?? ”
അലക്സ് പിറുപിറുത്തു..

ഗ്രാൻ്റ് മാളിലൂടെ കറങ്ങി നടക്കുകയാണ് അലക്സും, മിനുവും..

” എന്താ ഹോളിഡേ ആയിട്ട് ചുറ്റാനിറങ്ങിയതാണോ..??”
പ്രവീണ ചോദിച്ചു.

“അതേ ടോ… അല്ല.. കൂടെയാരാ ഇത്..?? ”
അലക്സ് തിരക്കി.

” ഇത് എൻ്റെ അനിയത്തി പ്രതിഭ.. PG ചെയ്യുവാന്ന് പറഞ്ഞിട്ടില്ലേ..?? ”
പ്രവീണ പറഞ്ഞു..

“ഹലോ…! ”
പ്രതിഭ രണ്ടു പേരെയും വിഷ് ചെയ്തു..
“എക്സാമൊക്കെ കഴിഞ്ഞോ…?? ”
മിനു തിരക്കി.

” ഉവ്വ്…!”
പ്രതിഭ മറുപടി കൊടുത്തു..

അപ്പോഴാണ് പ്രവീണ എൻട്രൻസ് കടന്നു വരുന്ന കാശിയെയും , ശിവാനിയെയും കണ്ടത്..
അവളുടെ തോളിൽ വലിയൊരു ബാക്ക്പാക്കും ഉണ്ട്..

കാശി എസ്കലേറ്ററിലേക്കു കയറി ശിവാനിക്കു നേരെ കൈ നീട്ടി..
കൈ കോർത്തു പിടിച്ച് രണ്ടാളും മുകളിലെത്തിയപ്പോഴാണ് കാശി പ്രവീണയെ കണ്ടത്..!!
മുഖത്തൊരു ചമ്മലുണ്ടായെങ്കിലും , കാശി അവളുടെ കൈവിട്ടില്ല..

പ്രവീണയുടെ മുഖത്തൊരു പകപ്പ് പ്രകടമായിരുന്നു..
” പ്രവീണാ മിസെന്താ ഇവിടെ…??”
കാശി ചിരിയോടെ ചോദിച്ചു..

” ഞാൻ…. വെറുതെ… അനിയത്തിയേം കൂട്ടി ഒന്നു കറങ്ങാൻ…!! ”
പറയുമ്പോളും അവളുടെ കണ്ണുകൾ ശിവാനിയിലായിരുന്നു..

“ഈ കുട്ടി…?? ”

” ഇത് ശിവാനി.. M. Comലെ കുട്ടിയാ.. എൻ്റെ നാട്ടുകാരിയാണ്.. ഇപ്പോ എക്സാം കഴിഞ്ഞുള്ള വെക്കേഷനല്ലേ..? ഒരുമിച്ചു പോകാം ന്നു വച്ചു… ”
കാശി പതിവു ചിരിയോടെ പറഞ്ഞു.

ശിവാനി നേരെ മിനുവിൻ്റെയടുത്തു പോയി നിന്നു..
“ഞങ്ങള് അര മുക്കാൽ മണിക്കൂറായി ഇവിടെ വന്നിട്ട്.. എന്താ രണ്ടാളും വൈകിയത്..??”
മിനു ചോദിച്ചു..

” ഈ സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കി പാക്ക് ചെയ്തു വന്നപ്പോ സമയം പോയി..! ”
ശിവാനി ഒന്ന് ചിരിച്ചു..

“വാ… വല്ലതും കഴിക്കാം… ”
പറഞ്ഞു കൊണ്ട് അലക്സ് റസ്റ്ററണ്ടിനു നേർക്കു തിരിഞ്ഞു.
പ്രവീണയെയും, അനിയത്തിയെയും വിളിക്കാനും മറന്നില്ല…

കഴിക്കാനിരിക്കുമ്പോഴും പ്രവീണയുടെ മിഴികൾ ശിവാനിയിലായിരുന്നു.. കാശി അവളോട് വല്ലാത്ത സ്വാതന്ത്ര്യം എടുക്കുന്നത് പ്രവീണയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടായിരുന്നു..

“ഏതാ കാശി സർ ബുക്ക്..?? ”
കാശിയുടെ കയ്യിലെ ബുക്കിലേക്കു നോക്കി പ്രവീണ ചോദിച്ചു.

” ഇത് ഹരി നാരായണൻ സാറിൻ്റെ പുതിയ ബുക്ക്.. നിഴലാട്ടം…!”
കാശി പറഞ്ഞു.

“സാറ് ഹരി നാരായണൻ്റെ ഫാനാ അല്ലേ..?? ”

” പിന്നേ…! നല്ല എഴുത്തല്ലേ…?
പുതിയ റൈറ്റേഴ്സിൽ ഇഷ്ടമുള്ളൊരാൾ അദ്ദേഹമാണ്.. അദ്ദേഹം കഥയെഴുതിയ സിനിമകളും നല്ല ക്ലാസ് മൂവീസല്ലേ..!
ഐ ലൈക്ക് ഹിം..!! ”

“മ്മ്മ്…!”
ബുക്ക് വാങ്ങി മറിച്ചു നോക്കിക്കൊണ്ട് പ്രവീണ മൂളി..

ഭക്ഷണം കഴിച്ച ശേഷം കാശിയും, ശിവാനിയും പുറപ്പെട്ടു. പത്തു ദിവസങ്ങൾ അവധിയാണ്…

ഫസ്റ്റിയർ എക്സാം കഴിഞ്ഞുള്ള ബ്രേക്ക്.. കാശി തൻ്റെ ബൈക്കിലാണ് യാത്ര.. അതറിഞ്ഞപ്പോഴാണ് ശിവാനിയും ഒപ്പം കൂടിയത്..

പിന്നിൽ അവനെയും കെട്ടിപ്പിടിച്ചിരുന്നൊരു ഉല്ലാസ യാത്ര..!
ദാഹം തോന്നിയപ്പോൾ വഴിയരികിൽ നിന്ന് ഇളനീരും വാങ്ങിക്കുടിച്ച് , നല്ല വ്യൂ പോയിൻ്റ് ഉള്ള സ്ഥലത്ത് അൽപ്പനേരം നിർത്തി കാഴ്ചകളും കണ്ട്… അങ്ങനെയങ്ങനെ…!!

നല്ലൊരു ഹോട്ടലിൽ കയറി ലഞ്ചും കഴിഞ്ഞാണ് യാത്ര തുടർന്നത്.

വീട്ടിനടുത്തേക്കു പോകുന്ന ബസ് കിട്ടാനായി കാശി അവളെ സ്റ്റാൻ്റിൽ വിട്ടു..
അവൾ ബസിൽ കയറി ഇരുന്ന ശേഷം അവൻ ബൈക്ക് തിരിച്ചു പോയി..

അവിടെ നിന്നൊരു 20 മിനിട്ട് യാത്രയേ ഉള്ളൂ തങ്ങളുടെ സ്ഥലത്തേക്ക്…

ശിവാനിയെ കാത്ത്, സ്റ്റോപ്പിൽ കാറുമായി ഡ്രൈവർ ഉണ്ടായിരുന്നു..
മുത്തശ്ശിയും, വസുദേവും അവളെ കാത്തിരിപ്പുണ്ട്…

അച്ഛനും, അമ്മയും ഓഫീസിൽ നിന്നു വന്നിട്ടില്ല..

പരീക്ഷ പ്രമാണിച്ച് ഒരു മാസമായി വീട്ടിൽ വന്നിട്ട്.. വിശേഷങ്ങളെല്ലാം പറഞ്ഞിരിക്കുമ്പോൾ മുത്തശ്ശി പറഞ്ഞു –

“നീ വേഷം മാറ്റി വാ. ചായ കുടിക്കാം..”

ശിവാനി അനുസരിച്ചു..
ചായ കുടി കഴിഞ്ഞ് വസുവിനൊപ്പം കുറച്ചു നേരം ഷട്ടിൽ കളിച്ചു.. ആറു മണിയാകാറായപ്പോൾ പോയി കുളിച്ചു..
വിളക്കു വെക്കാൻ താഴെ എത്തുമ്പോഴേക്കും , ആദ്യം അമ്മയും അൽപം കൂടി കഴിഞ്ഞ് അച്ഛനും വന്നു..

അവരോടും കുറേ നേരം വർത്തമാനം പറഞ്ഞിരുന്നു. വെക്കേഷന് എങ്ങോട്ടെങ്കിലും ടൂർ പോകാമെന്നൊക്കെ അച്ഛൻ പറഞ്ഞിരുന്നതാണ്..
അതിനെക്കുറിച്ച് ഒന്നുകൂടി ഓർമ്മിപ്പിച്ചു കൊണ്ട് ശിവാനി പറഞ്ഞു –

” റിസൾട്ട് വരും വരെ വസു ഫ്രീയാ.. പക്ഷേ എനിക്ക് പത്തു ദിവസമേയുള്ളൂ…!
ശരിക്കും ഒരു മാസത്തിനടുത്ത് അവധി കിട്ടിയേനെ… അന്നേരമല്ലേ ഒരു കാരണോമില്ലാതെ രണ്ടു പരീക്ഷ മാറ്റി വെച്ചത്..?? ”
അവളുടെ പരിദേവനം കേട്ട് ദേവദത്തൻ പറഞ്ഞു –

” അതു സാരോല്ല.. ക്ലാസ് തുടങ്ങിയാലും ഒരു മൂന്നു ദിവസം ലീവാക്കിയാൽ പോരേ…?? ”

ശിവാനി വസുവിനെ നോക്കി.. അവന് എന്തു വേണെങ്കിലും ആവാം എന്ന ഭാവമാണ്..

അത്താഴം കഴിഞ്ഞ് കിടക്കും മുന്നേ കാശിയെ വിളിച്ചു.. ഒരു ഗുഡ് നൈറ്റും ആശംസിച്ച് കിടന്നു..

പിറ്റേന്ന് ഞായറാഴ്ചയാണ്.. അതു കൊണ്ട് ശിവാനി വൈകിയാണ് എണീറ്റത്.. കുളിയും കഴിഞ്ഞ് പുറത്തേക്കു വരുമ്പോൾ അമ്മമ്മയുടെ ശബ്ദം കേട്ടു.

” ഈശ്വരാ… പത്തു ദിവസത്തെ ഹോളിഡേ കുളമാക്കാനാണോ രാവിലെ തന്നെ കുറ്റീം പറിച്ച് പോന്നേക്കുന്നെ..?? ”
ആത്മഗതം ചെയ്തു കൊണ്ടാണ് താഴേക്കു ചെന്നത്..

” ഹായ് അമ്മമ്മേ… എപ്പോ വന്നു…?? ”
മുഖത്തൊരു ചിരി വരുത്തിക്കൊണ്ടു ചോദിച്ചു..
അവളെത്തന്നെ ചുഴിഞ്ഞു നോക്കിയിരുന്ന ഇന്ദിരാദേവി പറഞ്ഞു –
” ഞാൻ വന്നിട്ടിപ്പോ രണ്ടു മണിക്കൂറായി…!”
തുടർന്ന് ഈശ്വരിയമ്മക്കു നേരെ തിരിഞ്ഞു –

“നാളെയൊരിടത്ത് ചെന്നു കേറണ്ട പെങ്കൊച്ചല്ലേ ചേച്ചീ…? പത്തു മണിക്കാണോ എണീറ്റു വരുന്നെ..?? ”

“ഞാൻ പത്തു മണിക്കൊന്നുമല്ല എണീറ്റത്.. കുളിക്കുവാരുന്നു…!”
ഒരു കസേര വലിച്ചിട്ടിരുന്ന് പ്ലേറ്റെടുത്ത് വെച്ചു കൊണ്ട് അവൾ പറഞ്ഞു. പിന്നെ അടുക്കളയിലേക്കു നോക്കി വിളിച്ചു –
” കത്രീനാമ്മച്ചീ…!! ”

“ഓ…. എത്ര മണിക്കൂറ് കുളിച്ചു..?? ”

ഇന്ദിരാമ്മയുടെ ചോദ്യം ശ്രദ്ധിക്കാതെ അവൾ കത്രീനാമ്മ കൊണ്ടു വന്ന കാസറോൾ തുറന്നു
രണ്ടു പാലപ്പവും , മുട്ടക്കറിയും വിളമ്പിയെടുത്ത് കഴിച്ചു തുടങ്ങി..
അമ്മ കിച്ചണിൽ നിന്നെത്തി നോക്കുന്നുണ്ട്-

” ശിവാനീ.. നിനക്ക് ചിക്കൻ ഫ്രൈ ചെയ്യണോ…?? ”

” വേണം… അമ്മ ചെയ്യണ്ട.. കത്രീനാമ്മച്ചി ചെയ്താലേ പാകത്തിന് എരിവും, മസാലേമൊക്കെ ചേർക്കൂ…!! ”
അവൾ വിളിച്ചു പറഞ്ഞു..

” അതൊക്കെ എങ്ങനാ ചെയ്യുന്നതെന്ന് ഒന്നു കണ്ടു പഠിക്കാൻ മേലേ കൊച്ചേ..?? ”

ഇന്ദിര ചോദിച്ചു..

” ഞാൻ കല്യാണം കഴിഞ്ഞു പോകുമ്പം കത്രീനാമ്മയെക്കൂടി കൊണ്ടു പോകും..
അമ്മേനെ അമ്മമ്മ എല്ലാം പഠിപ്പിച്ചല്ലേ വിട്ടേക്കുന്നെ..?
അതോണ്ട് ഇവിടെ കത്രീനാമ്മയില്ലേലും കൊഴപ്പോല്ല..! ”
അവളുടെ മറുപടി കേട്ട് മുത്തശ്ശി പൊട്ടിച്ചിരിച്ചു പോയി..

കഴിച്ചെഴുന്നേറ്റ് കയ്യും കഴുകി പത്രം നിവർത്തി സോഫയിലേക്കിരിക്കുമ്പോൾ അമ്മൂമ്മ ചെറിയ ഹാൻഡ്‌ബാഗിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ടേബിളിൽ വെച്ചു..

” നീ കണ്ടിട്ടുണ്ടോ ഇയാളെ..?? ”

“ഏതാളെ…? ”
അവൾ പത്രത്തിൽ നിന്നും മുഖമുയർത്തി..

അമ്മമ്മ ടീ പോയ് മേലേക്കു കണ്ണു കാണിച്ചു..
ഹിന്ദി സിനിമാ നടനെപ്പോലൊരു ചെറുപ്പക്കാരൻ… !!

താടി മീശകൾക്ക് രണ്ടു മൂന്നു ദിവസത്തെ പ്രായം മാത്രമേ തോന്നിക്കുന്നുള്ളൂ..!!

” ആഹാ… വെല്ല സിനിമാ നടനുമാണോ..?? സൂപ്പറാണല്ലോ..!”
അവൾ പറഞ്ഞു.

അമ്മമ്മ മുത്തശ്ശിയോടും, അച്ഛനോടുമായിപ്പറയുകയാണ് –

” എൻ്റെ കൂടെ പത്തുപന്ത്രണ്ടു വർഷം വർക്കു ചെയ്തതാണ് സുരഭി ടീച്ചറ്.. അവർക്ക് ഒറ്റ മോളാ.. ഗംഗ…!
ഗംഗേടെ മകനാണ് വൈഭവ്…!
ഡോക്ടർ വൈഭവ്..!!
ഒരു പെൺകുട്ടി കൂടിയുണ്ട് – വിഭൂതി..
ഒരു മാസം മുമ്പ് റിട്ടയഡ് ടീച്ചേഴ്സിൻ്റെ ഒരു ഗെറ്റ് റ്റുഗദറിലാ ഞാൻ സുരഭിയെ വീണ്ടും കണ്ടു മുട്ടിയെ.
ഡിസിപ്ലിൻ്റെ കാര്യത്തിൽ അവളും എന്നെപ്പോലെ തന്നെയാ…!

പരിചയം പുതുക്കിയപ്പോ ഡോക്ടറായ കൊച്ചു മകന് കല്യാണം നോക്കുന്നുണ്ടെന്നും, പറ്റിയ കുട്ടികളുണ്ടെങ്കിൽ പറയണംന്നും പറഞ്ഞു… !! ”

പത്രത്തിലേക്കു നോക്കി അമ്മമ്മ പറയുന്നതു ശ്രദ്ധിച്ചിരുന്ന ശിവാനിയുടെ ഉള്ളിൽ അപായമണി മുഴങ്ങി..!!

“അമ്മമ്മ ബ്രോക്കറു പണി തൊടങ്ങിയോ..?? ”
കാര്യം മനസ്സിലാകാത്ത പോലെ ശിവാനി ചോദിച്ചു..

” ഒറ്റയടിവെച്ചു തന്നാലൊണ്ടല്ലോ..? ”
അമ്മമ്മ കൈയോങ്ങിക്കൊണ്ടു തുടർന്നു –

“എനിക്കും ഒരു കൊച്ചു മോളൊണ്ടന്നു പറഞ്ഞു.. പിന്നെ ഇത്രേം വർഷം കഴിഞ്ഞതല്ലേ.. നന്നായിട്ടൊന്ന് അന്വേഷിക്കണമല്ലോ…!
അതു കൊണ്ട് ഞാനൊന്നും വിട്ടു പറഞ്ഞില്ല…
പക്ഷേ ഇവൾടപ്പൂപ്പൻ അറിയാവുന്ന ആളെക്കൊണ്ട് ശരിക്കന്വേഷിച്ചു..
നല്ല പയ്യനാ..

അമേരിക്കേന്ന് ഹയർസ്റ്റഡീസും കഴിഞ്ഞ് വന്നിട്ട് ഒരു കൊല്ലമായി.. മെഡിക്കൽ മിഷനിൽ ജോയിൻ ചെയ്തു..
നല്ല കൈപ്പുണ്യമൊള്ള സർജനാ..

നമുക്കൊന്നു നോക്കിയാലോ ദത്താ..?? ”

ഇന്ദിരാദേവി മരുമകനെ നോക്കി..
ദേവദത്തൻ മകളെയും… തൻ്റെ നെഞ്ച് വല്ലാതുയർന്നു മിടിക്കുന്നത് ശിവാനി അറിഞ്ഞു..

“പഠിത്തത്തിൻ്റെ കാര്യമോർത്ത് വെഷമിക്കണ്ട…!
അവരു വന്നു കണ്ട് നമുക്കൊന്നു പറഞ്ഞു വെക്കാം.. നല്ലൊരലയൻസ് മിസ്സാക്കണ്ടല്ലോ…?
ഫൈനൽ എക്സാം കഴിഞ്ഞിട്ടു മതി കല്യാണം…! പിന്നെ ഇവർക്കു വേണേൽ ഒന്നു പ്രേമിക്കേം ചെയ്യാലോ..? ”

” അക്കാര്യം ആലോചിക്കാവുന്നതാണ്.. അല്ലേ അമ്മേ..?? ”
ദേവദത്തൻ ഈശ്വരിയമ്മയെ നോക്കി..

“താനെന്തു പറയുന്നെടോ…?? ”
കുടിക്കാൻ വെള്ളവുമായി വന്ന ശ്രീരഞ്ജിനിയോട് ദത്തൻ തിരക്കി.

“നല്ലതാണെങ്കിൽ കളയണ്ട ദേവേട്ടാ..! ”
ഫോട്ടോ കയ്യിലെടുത്തു നോക്കിക്കൊണ്ട് ശ്രീരഞ്ജിനി പറഞ്ഞു..
പിന്നെ അമ്മയോടു ചോദിച്ചു –

“ഈ പയ്യൻ്റെ അച്ഛനുമമ്മേം എന്തു ചെയ്യുന്നു..? ”

“പയ്യൻ്റെ അമ്മ – ഗംഗ നിന്നെപ്പോലെ ബാങ്കിലാണ്.. അച്ഛൻ കൃഷ്ണനാഥ് ഡോക്ടറാ.. പറഞ്ഞു വന്നപ്പം നിൻ്റെയച്ഛൻ അറിയും..! ”
ശ്രീരഞ്ജിനിയുടെ മുഖത്ത് സംതൃപ്തി തെളിഞ്ഞു..

എതിർത്തു പറയാൻ ശിവാനിക്ക് നാവു പൊന്തിയില്ല…!
കാരണം ” വേണ്ടാ… ” എന്നു പറഞ്ഞാൽ അമ്മ ഇപ്പോത്തന്നെ പിടിച്ചു കെട്ടിക്കും…!!

“മോളെന്തു പറയുന്നു…??? ”
അച്ഛൻ്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി..

” ഇപ്പോ വേണ്ടച്ഛാ…! ”
അവൾ പരമാവധി ശാന്തമായ് പറഞ്ഞു..

” മാത്രല്ലാ… ഒരു ഡോക്ടർ… അയാൾക്ക് 24 അവർ ഡ്യൂട്ടിയാണ്… എനിക്കേതെങ്കിലും സാധാരണ ജോലിക്കാരൻ… വൈകിട്ട് വീട്ടിലെത്താൻ പറ്റുന്നത്… അതു മതി…!! ”

അവളുടെ പറച്ചിൽ കേട്ട് അമ്മമ്മ ഇടപെട്ടു –

” അതു കൊള്ളാലോ… നിൻ്റെ അപ്പൂപ്പൻ ഡോക്ടറല്ലേ..?? എന്നിട്ട് മക്കൾടെയോ, കുടുംബത്തിൻ്റെയോ ഒരു കാര്യത്തിനും കുറവു വരുത്തീട്ടില്ല..!
അറിയാവോ..?? ”

” അതു ശരിയാ…! ”
മുത്തശ്ശി കൂടി പിന്താങ്ങിയപ്പോൾ അവൾ എണീറ്റു പോയി.

ലഞ്ച് ടൈമിലും അമ്മമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
മറുപടി പറയാൻ പേടിച്ച് ശിവാനി കുനിഞ്ഞിരുന്നു…!!

പിറ്റേന്നു വൈകിട്ടാണ് കാശി അമ്പലത്തിലെത്തിയത്…
അവൻ മണിക്കുട്ടൻ്റെയടുത്ത് കൂപ്പിൽ പോയിരിക്കയായിരുന്നു…!!

തൊഴുതിറങ്ങി അവരുടെ പതിവു മീറ്റിങ് പ്ലേസിലെത്തിയപ്പോൾ അവൾ പെയ്യാനൊരുങ്ങുന്ന മേഘം പോലെയായിരുന്നു –

” ദേ… കാശിയേട്ടാ… ഈ കല്യാണം മുടക്കിയില്ലേൽ ഞാൻ വല്ല കടുങ്കയ്യും ചെയ്യൂ ട്ടോ…!! ”

അവൾ അമ്മമ്മയോടുള്ള അമർഷത്തോടെയും , ഒരു വാക്കും മറുത്തു പറയാനാവാത്ത സങ്കടത്തോടെയും പറഞ്ഞു…!!!

എല്ലാം വിശദമായി കേട്ടു കഴിഞ്ഞപ്പോൾ കാശി പറഞ്ഞു –

“എൻ്റെ ശിവാ… നീയെന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ..!
ഏതായാലും ഫൈനൽ എക്സാം കഴിഞ്ഞിട്ടല്ലേ ആലോചിക്കുന്നെ..??
ഇപ്പഴേ എതിർത്തു പറയാൻ നിന്നാൽ നിൻ്റെ അമ്മേടെ സ്വഭാവത്തിന് ഉടനേ നടത്താംന്നു പറയും….!!

ഫൈനൽ പരീക്ഷയ്ക്കു മുന്നേ ഞാൻ നിൻ്റെയച്ഛനോടു സംസാരിച്ചോളാം…!
കേട്ടിടത്തോളം അദ്ദേഹം നിനക്കിഷ്ടമല്ലാത്ത കാര്യം ചെയ്യില്ല…!! ”

കാശി അവളെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു..!!

പിറ്റേന്ന് അമ്മമ്മ മടങ്ങിപ്പോയി..
മൂന്നു ദിവസത്തെ ടൂർ കൂടിയായപ്പോൾ വെക്കേഷൻ പെട്ടെന്നു കഴിഞ്ഞു..!!

ശിവാനി രണ്ടാം വർഷ ക്ലാസുകൾക്കായി കോളേജിലേക്കു മടങ്ങി…
എന്നാൽ ഒരു മാസം കഴിഞ്ഞതും സ്വൈര്യം കെടുത്താനെന്ന പോലെ അമ്മമ്മ വിളിച്ചു –

“ശിവാനീ… വരുന്ന സൺഡേയിൽ വൈഭവും, പേരൻ്റ്സും നിന്നെയൊന്ന് കാണാൻ വരുന്നുണ്ട്… ശനിയാഴ്ച നേരത്തെ വീട്ടിലെത്തണം…!! ”

അവൾ നേരെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റിലെത്തി..
മിനുവിനെക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു..
ഉച്ച തിരിഞ്ഞുള്ള ലാസ്റ്റവർ കട്ട് ചെയ്ത് കാശിയും, ശിവാനിയും, അലക്സിൻ്റെയും, മിനുവിൻ്റെയും വീട്ടിലെത്തി..

മൂകയായിരിക്കുന്നവളെ ഒന്നു നോക്കിയിട്ട് അലക്സ് കാശിയോടായി പറഞ്ഞു –

” കാശീ…. നിങ്ങൾക്കു താൽപര്യമില്ലാത്ത കാരുമാണ് ; എങ്കിലും ഞാനൊരു സജഷൻ പറയാം..!!
ഇവിടത്തെ രജിസ്ട്രാർ ഓഫീസിൽ നിങ്ങളൊന്നു ലീഗലി മാരേജ് രജിസ്റ്റർ ചെയ്തിട്…!
എന്തെങ്കിലും എതിർപ്പോ , അഥവാ ഇനിയിപ്പോ ശിവാനിയെ ഒരു നാടുകടത്തലോ ഉണ്ടായാൽ നിനക്കു കണ്ടു പിടിക്കാൻ എളുപ്പമാണ്…!!

ഇവിടെയാവുമ്പോ ആരും അറിയില്ല.. നീയെന്തു പറയുന്നു…??? ”

അലക്സ് അവനെ നോക്കി…!!

കാശിയുടെയും, ശിവാനിയുടെയും മിഴികൾ തമ്മിലിടഞ്ഞു….!!!

…………………. (തുടരും)………………….

Hi dearട ,

കാശിയുടെയും, ശിവാനിയുടെയും പരിണയം നടക്കുമോ…??

അച്ഛനമ്മമാർ അറിയാതെ വിവാഹം കഴിക്കുന്നത് ശരിയാണോ…??

ആരാണ് ആദ്യ പാർട്ടിൽ പറഞ്ഞ കമിതാക്കൾ…??

കാത്തിരിക്കൂ….