രചന – അഞ്ജു തങ്കച്ചൻ
അയ്യോ… ആരെങ്കിലും ഒന്നോടി വരണേ..
സീതയുടെ നിലവിളി ആ റൂമിൽ മുഴങ്ങി.
നിലത്തായി ഒരു പുരുഷൻ വീണ് കിടപ്പുണ്ട്.അയാളുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്‌തമൊഴുകുന്നുണ്ട്.
പുറത്തേക്ക് തികട്ടിവരുന്ന കരച്ചിലിന്റെ ചീളിനെ അവൾ കൈകൊണ്ട് തടഞ്ഞു നിർത്തി.
അരുത്… നിലവിളിക്കരുത്, നിലവിളി കേട്ട് ആരെങ്കിലും വന്നാൽ താൻ എന്ത് പറയും, ആരാണെന്ന് പറയും.
ഞാനിനി എന്ത് ചെയ്യും??
ഗൗതം… ഗൗതം…അവൾ നിലത്തിരുന്ന് അയാളെ കുലുക്കി വിളിച്ചു.
ഇല്ല… അയാൾ അനങ്ങുന്നുപോലുമില്ല.
അവൾ പിടഞ്ഞെഴുന്നേറ്റു. തന്റെ ഹൃദയം അതിദ്രുതം മിടിക്കുന്നുണ്ട്.അവൾ ഭിത്തിയിൽ ചാരി ഒരുനിമിഷം നിന്നു.
പാടില്ല, ഇങ്ങനെ നിന്നാൽ പറ്റില്ല.
അവൾ തന്റെ ബാഗ് കൈയിൽ എടുത്തു. തന്റേതായി ഒന്നും ആ മുറിയിൽ അവശേഷിക്കുന്നില്ലെന്ന് അവൾ ഉറപ്പ് വരുത്തി.
കുറച്ച് നേരം മുൻപ് ഒരുമിച്ച് കിടന്ന കട്ടിലിലെ ചുളുങ്ങിയ ബെഡ്ഷീറ്റ് അവൾ നന്നായി വിരിച്ചിട്ടു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.
ഇനിയൊരു നിമിഷം പോലും താനിവിടെ നിൽക്കാൻ പാടില്ല.
അവൾ വാതിലിനു നേർക്ക് കുതിച്ചു.
വാതിൽ തുറക്കും മുൻപ് അവൾ തിരിഞ്ഞു നോക്കി.
ആ രൂപത്തിലേക്ക് ഒന്നുകൂടെ നോക്കിയതും അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.
കുറച്ച് നാളുകളായി തന്നെ സ്നേഹത്തിൽ കുതിർക്കുന്നവനാണ്. അല്ല അങ്ങനെപറഞ്ഞാൽ തെറ്റാണ്, സ്നേഹമെന്തെന്ന് ആദ്യമായ് അറിഞ്ഞത് അവനിൽ നിന്നാണ്.
ഇവൻ പകർന്നു തന്ന സ്നേഹത്തിന്റെ തണൽ ഇല്ലായിരുന്നെങ്കിൽ എത്രയോ പണ്ടേ ഈ ജീവിതം അവസാനിപ്പിക്കുമായിരുന്നു.
അങ്ങനെയുള്ള ഗൗതമിനെ ഈയൊരവസ്ഥയിൽ വിട്ടിട്ട് പോകാൻ തനിക്ക് കഴിയുമോ?
ഇല്ല… ഉപേക്ഷിച്ചു പോകാൻ തനിക്കു കഴിയില്ല.
എന്ത് വന്നാലും തനിക്കിയാളെ ഹോസ്പിറ്റലിൽ എത്തിക്കണം.
ഒരന്യ പുരുഷനൊപ്പം, വിവാഹിതയായ തന്നെ കണ്ടാൽ ഈ സമൂഹം തന്നെ കുറ്റപ്പെടുത്തും.
തന്റെ ഭർത്താവ് ഇതറിഞ്ഞാൽ??
സാരമില്ല… എന്തും സംഭവിക്കട്ടെ.
അവൾ വാതിൽ തുറന്ന്, ആരെങ്കിലും ഒന്നോടി വരണേ.. എന്നുറക്കെ കരഞ്ഞു.
അവളുടെ കരച്ചിൽ കേട്ട് വഴിയാത്രക്കാർ ഓടി വന്നു
സീത അവരോട് കരഞ്ഞുകൊണ്ട് വിവരങ്ങൾ പറഞ്ഞു.
അവർ അകത്തേക്ക് ചെന്ന് വീണ് കിടക്കുന്ന ആളെ എടുത്ത് വാഹനത്തിൽ കയറ്റി. ആ വാഹനം അടുത്തുള്ള ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
*************
തുടരും.
ഹോസ്പിറ്റലിൽ എത്തിയതും ഗൗതമിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സീത നിറകണ്ണുകളോടെ അവിടെ നിൽക്കുമ്പോഴാണ് ഒരാൾ മിന്നൽ വേഗത്തിൽ അങ്ങോട്ട് ഓടി വരുന്നത് അവൾ കണ്ടത്.
അയാളെ കണ്ടതും അവൾ ഒരു നിമിഷം സ്തംഭിച്ചു പോയി.
ഗൗതമിന്റെ ചേട്ടൻ ഡോക്ടർ ഗുപ്തൻ.
അകത്തേക്ക് കടക്കാനാഞ്ഞ അയാൾ പെട്ടന്ന് അവളെ കണ്ട് രൂക്ഷമായി ഒന്ന് നോക്കി.
അവൾ തല കുനിച്ചു.
അയാൾ അകത്തേക്ക് കയറി. അടഞ്ഞ വാതിലിന് മുന്നിൽ അവൾ വർദ്ധിച്ചനെഞ്ചിടിപ്പോടെ നിന്നു.
ഇനിയിവിടെ തന്റെ ആവശ്യം ഇല്ല.ഗൗതമിന്റെ സഹോദരൻ ഇവിടെ ഡോക്ടർ ആണ്.
പക്ഷെ ഗൗതമിന്റെ അവസ്ഥയറിയാതെ തനിക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റുമോ?
ആ ജീവൻ നഷ്ടപ്പെടാതെ ഇരുന്നാൽ മതി. ജീവന്റെ ഒരു കുഞ്ഞ്തുടിപ്പെങ്കിലും ഉണ്ടായാൽ മതി. അത്രേം മതി തനിക്ക്.
കുറേ സമയത്തിന് ശേഷം ഡോക്ടർ ഗുപ്തൻ പുറത്തേക്ക് വന്നു.
നിറകണ്ണുകളോടെ നിൽക്കുന്ന സീതയെ ഒന്ന് നോക്കിയിട്ട് അയാൾ മുന്നോട്ട് നടക്കാൻ ആഞ്ഞു.
ഗൗതമിന് ഇപ്പോൾ എങ്ങനെയുണ്ട് അവൾ പേടിയോടെ ചോദിച്ചു.
അവന്റെ അവസ്ഥ അറിയാമായിരുന്ന ആളല്ലേ നീ.. എന്നിട്ടും… അയാൾ തീ പാറുന്ന കണ്ണുകളോടെ അവളെ നോക്കി.
അതിന് ഞാൻ…
ഞങ്ങൾ സംസാരിക്കാനായി മാത്രം..
വേണ്ട.. ഒന്നും പറയണ്ട. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഏറി പോകും. മര്യാദക്ക് പോകാൻ നോക്ക്. ഇത് ഹോസ്പിറ്റലാണ്.
അയാൾ പല്ലിറുമ്മി.
ഗുപ്തൻ… ഗൗതമിന് എങ്ങനെയുണ്ടെന്നു എങ്കിലും എന്നോടൊന്നു പറ. എന്നിട്ട് ഞാൻ പൊയ്ക്കോളാം.
എന്ത് പറയാൻ. അവന് കരൾ മാറ്റി വയ്ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ ഇല്ല.
അത് നിനക്ക് മുന്നേ അറിയാവുന്ന കാര്യമല്ലേ.
ജോലിക്ക് പോലും പോകാൻ കഴിയാതെ, വീട്ടിൽ റസ്റ്റ് ആയിരുന്ന അവനെ ഇപ്പോൾ ഈ അവസ്ഥയിൽ ഇപ്പോൾ ആക്കിയത് നീ ഒറ്റ ഒരുത്തിയാണ്.
ഒന്നുവല്ലേലും നീ വിവാഹിതയായ ഒരു സ്ത്രീയല്ലേ, അതുപോലും ഓർക്കാതെ..ഛീ…
അയാൾ വെട്ടിത്തിരിഞ്ഞുനടന്നു പോയി.
സീതക്ക് തൊലിയുരിഞ്ഞു പോയത് പോലെ തോന്നി.
സ്വയം അവജ്ഞ തോന്നുന്നു.
അവൾ പതിയെ പുറത്തേക്ക് നടന്നു. വയ്യ കാലുകൾക്ക് വല്ലാത്ത ഭാരം തോന്നുന്നു.
അല്ല കാലുകൾക്ക് മാത്രമല്ല ശരീരമാകെ ഭാരം തോന്നുകയാണ്. തല പെരുക്കുന്നുണ്ട്.
വഴിയിൽ കണ്ട ഓട്ടോയ്ക്ക് കൈ നീട്ടി അതിൽ കയറി ഇരുന്നവൾ കണ്ണുകൾ ഇറുക്കെയടച്ചു.
*************
മോനേ… അവന് എന്ത് പറ്റിയെടാ.. ഗുപ്തനെ കെട്ടിപ്പിടിച്ചുകൊണ്ട് അവരുടെ അച്ഛൻ ഗോപനും അമ്മ സൗദാമിനിയും കരച്ചിലോടെ ചോദിച്ചു.
ഇപ്പോൾ കുഴപ്പമൊന്നും ഇല്ല. അയാൾ അവരെ കസേരയിൽ പിടിച്ചിരുത്തി.
മോനേ എനിക്കവനെ ഒന്ന് കാണണം. സൗദാമിനി പറഞ്ഞു.
പേടിക്കണ്ട അമ്മേ.. അവനിപ്പോൾ കുഴപ്പമില്ല.
നാളെ രാവിലെ റൂമിലേക്ക് മാറ്റും.
എടാ… ഞങ്ങളെ ഒന്ന് കാണിക്ക്.
അച്ഛാ.. ഞാനിപ്പോൾ അവന്റെ അടുത്ത് നിന്നാ വരുന്നത്.
പുറത്ത് നിന്ന് കണ്ടാൽ മതിയെങ്കിൽ കാണിക്കാം.
മതി.
ചില്ല് പഴുതിലൂടെ ഇളയ മകന്റെ മുഖം കണ്ടതും അവരുടെ ഉള്ളം പിടഞ്ഞു.
കരൾ രോഗത്തിന്റെ ചികിത്സയിൽ ആയിരുന്നു ഗൗതം. കരൾ മാറ്റി വയ്ക്കുകയല്ലാതെ മറ്റൊരു മാർഗവും അവശേഷിക്കുന്നില്ല.
കരൾ അല്ല ജീവൻ തന്നെ പകുത്തുതരാൻ അച്ഛനും അമ്മയും, അവനെ ജീവന് തുല്യം സ്നേഹിക്കുന്ന സഹോദരൻ ഗുപ്തനും തയ്യാറായിരുന്നു.
പക്ഷെ.. രോഗികൾ ആയ മാതാപിതാക്കളുടെ കരൾകൊണ്ട് എന്ത് പ്രയോജനം.
ഗുപ്തന്റെ കരൾ ഗൗതമിന് ചേരുകയുമില്ല.
ഇനിയും താമസിച്ചാൽ ഒരുപക്ഷെ തനിക്ക് തന്റെ ഇളയ മകൻ നഷ്ട്ടമായേക്കാം.
ഗോപൻ തളർച്ചയോടെ ഗുപ്തന്റെ ശരീരത്തിലേക്കു ചാരി.
അച്ഛാ… അച്ഛൻ ഇവിടെ ഇരുന്നേ. ഗുപ്തൻ അയാളെ ബലമായി കസേരയിലേക്ക് ഇരുത്തി.
എന്താ ഗോപേട്ടാ.. ക്ഷീണം തോന്നുന്നുണ്ടോ? സൗദാമിനി സാരീത്തുമ്പ് കൊണ്ട് അയാളുടെ വിയർപ്പ് കിനിഞ്ഞ മുഖം തുടച്ചു.
ഗുപ്തൻ തിടുക്കത്തിൽ ഗോപന്റെ പ്രഷർ ചെക്ക് ചെയ്തു.
പ്രഷർ അൽപ്പം കൂടിയിട്ടുണ്ട്.
അച്ഛൻ ഇന്ന് കാലത്ത് ടാബ്‌ലറ്റ് കഴിച്ചില്ലായിരുന്നോ?
ഇല്ല.
ഞാൻ ഗുളിക എടുത്ത് തന്നതായിരുന്നല്ലോ സൗദാമിനി ചോദിച്ചു.
ബാത്‌റൂമിൽ പോയി വന്നിട്ട്,കഴിക്കാം എന്ന് കരുതി ഞാനതു മേശയിൽ വച്ചിരുന്നു. പിന്നെ അക്കാര്യം മറന്നു പോയി.
ഗുപ്തൻ ബെല്ലടിച്ചതും ഒരു നേഴ്സ് അകത്തേക്ക് വന്നു.
ഒരു ലോസർ ട്വന്റിഫൈവ് എടുത്തോണ്ട് വന്നേ.. ഗുപ്തൻ അവരോടു പറഞ്ഞു.
അവർ എടുത്തു കൊണ്ടു വന്ന ടാബ്ലറ്റ് കഴിച്ച്.
അൽപനേരം ഇരുന്ന് കഴിഞ്ഞപ്പോൾ,ഗോപന് ഒരാശ്വാസം തോന്നി.
ഇനി വീട്ടിൽ പൊയ്ക്കോ ഞാൻ ഇവിടെ ഉണ്ടല്ലോ ഗുപ്തൻ പറഞ്ഞു.
ഞാൻ ഇവിടെ നിന്നോളം മോനേ, സൗമിനി പറഞ്ഞു.
വേണ്ടമ്മേ… വീട്ടിൽ പൊയ്ക്കോ.ഇവിടെ നിന്നിട്ട് എന്താ കാര്യം.
ഗോപനും സൗമിനിയും
മനസില്ലാമനസോടെ പുറത്തേക്ക് പോയി.
**********
സീതക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.
ഗൗതമിനെ ഒന്ന് കാണാതെ തനിക്ക് എങ്ങനെ മനസമാധാനത്തോടെ ഇരിക്കാൻ കഴിയും?
ഓഫിസിൽ പോകാൻ പോലും വല്ലാത്തൊരു മടിയാണ് ഇപ്പോൾ. കട്ടപിടിച്ച ഇരുട്ടിൽ ഒറ്റക്കിരിക്കാനാണ് ഇപ്പോൾ ഇഷ്ട്ടം.
ഭർത്താവിന്റെ ബൈക്കിന്റെ ശബ്‌ദം കേട്ടതും അവൾ ഞെട്ടി.
അദ്ദേഹം എന്തെങ്കിലും
അറിഞ്ഞിട്ടുണ്ടെങ്കിൽ….. ആ ഓർമ്മയിൽ പോലും അവൾ നടുങ്ങി.
എടീ സീതേ…. അയാൾ അകത്തേക്ക് പാഞ്ഞു വന്നു.
*************
തുടരും.
(എഴുത്തിന്റെ ആദ്യകാലത്ത് എഴുതിയ ഒരു ചെറുകഥ വിപുലീകരിച്ച് എഴുതിയതാണ്.ആശയദാരിദ്ര്യം കാരണമല്ല കേട്ടോ,നായിക കാർത്തുവിനെ ഒരുപാട് ഇഷ്ട്ടം ആയതുകൊണ്ടാണ്.മുൻപ് വായിച്ചിട്ടുള്ളവർ ഉണ്ടെങ്കിൽ,ക്ഷമിക്കുമല്ലോ 🙏 )

by