18/04/2026

വധു : ഭാഗം 39

രചന – ആയിഷ അക്ബർ

താലി കെട്ടി കഴിഞ്ഞതും അവൾ മുഖമുയർത്തി അവനെയൊന്ന് നോക്കി…

അവനൊരു കുസൃതി ചിരിയാൽ അവളെ തന്നെ നോക്കി നിൽക്കുകയാണ്…

അപ്പോഴും അവളുടേ മിഴികൾ ആനന്ദത്താൽ നിറഞ്ഞൊഴുകിയിരുന്നു….

അവൻ ഇരു കൈകൾ കൊണ്ടും അവളുടേ കണ്ണ് നീർ തുടച്ചു നീക്കി…..

മുത്തശ്ശൻ മുമ്പിലേക്ക് വന്നു കൊണ്ട് അവളുടെ കൈ അവന്റെ കയ്യിലേക്ക് ചേർത്ത് വെച്ചു….

അവന്റെ കൈകൾക്കുള്ളിലെ ചൂട് വീണ്ടും അറിഞ്ഞെന്ന വണ്ണം അവളുടേ ഹൃദയത്തിൽ ഒരു തണുപ്പിരച്ചെത്തി….

അതിനേക്കാളേറെ ആ ചൂടിനി തനിക്ക് സ്വന്തമാണെന്ന് കൂടി യോർക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം വികാരം അവളിൽ നിറഞ്ഞു നിന്നു….

ഒരിക്കലും സന്തോഷ മെന്നൊരു വാക്കിലതിനെ ഒതുക്കാൻ കഴിയുമായിരുന്നില്ല….

അവൻ ഒരു കൈ അവളുടേ തോളിലൂടെയിട്ട് അവളെ നെഞ്ചോട് ചേർത്തൊന്ന് പിടിച്ചു…..

അവൾ മുഖമുയർത്തി അവനെ നോക്കി…..വല്ലാത്തൊരു ഭാവത്തോടെ അവൻ അവളിലേക്കൊരു പുഞ്ചിരി ചൊരി ഞ്ഞു…..

അമ്മ പറഞ്ഞത് പോലെ അന്നദാനം ഉണ്ടായിരുന്നു…

അത് കഴിഞ്ഞ് വീട്ടിലേക്കെത്തിയപ്പോഴേക്കും പറഞ്ഞുറപ്പിച്ച സധ്യയും മറ്റും അവിടെ എത്തിയിട്ടുണ്ടായിരുന്നു….

വല്യച്ഛനും അച്ഛനും സദ്യ യുമായി വന്ന ആളുടെ പിറകെ പോയപ്പോൾ മുത്തശ്ശി അകത്തു ചെന്ന് നിലവിളക്കെടുത് വന്നു….

പവി…. നീ തന്നെ അവളെ അകത്തേക്ക് കയറ്റ്….

പവിയൊരു പുഞ്ചിരിയോടെ നില വിളക്ക് വാങ്ങി ബാലക്ക് നേരെ നീട്ടി….

അവൾ അവനെയൊന്ന് നോക്കി പുഞ്ചിരിയോടെ അകത്തേക്ക് കയറി….

എല്ലാവരും ഒരുമിച്ചിരുന്നു സദ്യ കഴിക്കുമ്പോഴും ഒരു വിവാഹത്തിന്റെ പ്രതീതി അവൾക്ക് തോന്നിയിരുന്നു…

ദേ… ഇവൻ പറഞ്ഞിട്ടാ മോളേ ഞങ്ങളെല്ലാവരും മോളോടിത് മറച്ചു വെച്ചത്…..

പവി സായുവിനെ നോക്കി പരിഭവത്തോടെ അത് പറയുമ്പോൾ ബാല അവന് നേരെയൊന്ന് കണ്ണുരുട്ടി….

അവൻ അവൾക്ക് നേരെ ഇരു കണ്ണുകളും ചിമ്മി കാണിച്ചു……

സായു പറഞ്ഞത് തന്നെയാ ശെരി….
നമ്മുടെ കുടുംബ ക്ഷേത്രത്തിൽ വെച്ച് ഇവരുടെ താലി കെട്ട് കാണണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു….
അത് അവന് തന്നെ തോന്നിയല്ലോ…. ഭാഗ്യം….

മുത്തശ്ശി അത് പറയുമ്പോഴും മറ്റൊരു കാര്യവും അവരറിഞ്ഞിട്ടില്ലെന്ന് അവൾക്ക് തോന്നി..

വീണ്ടും ഇവിടെ വെച്ചൊരു താലി കെട്ട് വേണമെന്ന് മാത്രമേ അവൻ പറഞ്ഞിട്ടുള്ളു എന്ന് തോന്നുന്നു……

അവൾ അവനെ സംശയത്തോടെ ഒന്ന് നോക്കിയെങ്കിലും അവൻ ഭക്ഷണം കഴിക്കുകയായിരുന്നു …..

അവൾ സ്വയം ചുറ്റുമോന്ന് നോക്കി…..

ആരോരുമില്ലാത്ത ഒന്നുമില്ലാത്ത ഒരു പാവം പെണ്ണിന് സ്വപ്നം കാണാൻ കഴിയുമോ ഇങ്ങനെയൊരു കുടുംബം……

അതിലേക്കാളേറെ തന്റെ പ്രാണനായി കൂടെ നിൽക്കുന്ന ഒരു പുരുഷനെ….

മറ്റെല്ലാ സാമ്പത്തിനേക്കാളും അവളുടേ മനസ്സിൽ നിറഞ്ഞു നിന്നത് അവ മാത്രമായിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഉച്ച മയക്കത്തിനായി എല്ലാവരും അവരവരുടെ മുറികളിലേക്ക് കയറിയപ്പോൾ ബാലയും പതിയേ കോണിപ്പടികൾ കയറി ……..

മനസ്സ് അതിരില്ലാത്തൊരു സന്തോഷത്തെ പേറുന്നുണ്ട്…..

മുറിയിലേക്ക് കടക്കുമ്പോൾ തന്നെ അവൾ കണ്ടിരുന്നു കട്ടിലിൽ ഇരിക്കുന്നവനെ….

വാതിൽ തുറന്നതും തന്നിലേക്ക് നീണ്ട ആ മിഴികൾ പറയാതെ പറഞ്ഞിരുന്നു അവൻ തന്നെയും കാത്തിരിപ്പാണെന്ന്……

അവന്റെ ചിരിയും നോട്ടവും അവളിൽ പുതിയൊരു അനുഭൂതി നിറച്ചു…..

വാ…..

അവനിലേക്ക് കടന്ന് വരാൻ മടിച്ചു നിൽക്കുന്ന അവളെ അവൻ തല കൊണ്ട് വിളിച്ചു….

അവൾ പതിയേ അവനടുത്തേക്ക് നടന്നെത്തിയതും കൈ കൊണ്ടവനവളെ പിടിച്ചൊരൊറ്റ വലിയായിരുന്നു……

അവളൊരു ഞെട്ടലോടെ അവനെ നോക്കുമ്പോൾ താനവന്റെ മടിയിലായിരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി…

അവൻ അവളുടേ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു….

നാണം പടർന്ന അവളുടേ കവിളിണകൾ മുമ്പിലെ കണ്ണാടിയിലൂടെ അവൻ നോക്കി ആസ്വദിച്ചിരുന്നു….

അവന്റെ പ്രണയത്തിന്റെ ചൂടിൽ അവന്റെ കൈകൾക്കുള്ളിലെ ഒതുങ്ങിയിരിക്കുമ്പോൾ ലോകം മുഴുവൻ തന്റെ കാൽ കീഴിലായത് പോലെയവൾക്ക് തോന്നി…

തനിക്ക്….. തനിക്കെന്നോട് ദേഷ്യം തോന്നിയോ…..

അവൻ കണ്ണാടിയിലൂടെ നോക്കി തന്നെയാണ് അവളോടത് ചോദിച്ചത്….

അവൾ എന്തിനെന്ന അർത്ഥത്തിൽ കണ്ണുകൾ ചലിപ്പിച്ചു……

ഇന്നലെ…. അങ്ങനെയൊക്കെ അകന്ന് നിന്നതിനു…

മ്മ്ച്ചും……

അവനത് ചോദിക്കുമ്പോൾ അവൾ ചുമലൊന്നു കൂച്ചി…

സത്യം……

അവൻ വീണ്ടും അവളുടേ കഴുത്തിലേക്ക് മുഖം അമർത്തിയാണത് ചോദിച്ചത്…..

അവൾ ഇക്കിളി കൊണ്ടെന്ന വണ്ണം ഒന്നു പിടഞ്ഞു…..

ദേഷ്യം തോന്നിയില്ല….
പക്ഷെ സങ്കടം വന്നിരുന്നു….

അവൾ ഒരു
പരിഭവത്തോടെ അത് പറയുമ്പോൾ അവനവളിലേക്ക് ഒന്ന് കൂടി ചേർന്നിരുന്നു….

അന്ന് തന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയത് ഒരു കരാറിലായിരുന്നു…

ഇനിയുള്ള കാലം നിന്നെ പ്രണയിക്കാൻ എനിക്കത് പോരായിരുന്നു…..

മനസ്സറിഞ്ഞു നിന്നെ എന്റെ സ്വന്തമാക്കണമെന്ന് തോന്നി….

അതിൽ പോലും ഒരു കളങ്കമുണ്ടാവരുതെന്ന് ഞാൻ ആഗ്രഹിച്ചത് കൊണ്ടാണ്…….

തന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൊണ്ടാവാം അവന്റെ വാക്കുകളൊന്ന് ഇടറി പോയതെന്ന് അവൾക്ക് തോന്നി…..

ഇപ്പോഴും കരാറ് തന്നെയാണല്ലോ….

അവൾ ഒരു കുസൃതിയോടെ അത് പറഞ്ഞപ്പോൾ അവൻ എന്തെന്ന അർത്ഥത്തിൽ അവളെയൊന്ന് നോക്കി….

അവൾ അവനിലേക്ക് ഒന്ന് തിരിഞ്ഞിരുന്നു……

അവളുടേ കണ്ണുകളിൽ തീവ്രമായ എന്തോ ഒരു വികാരം അല തല്ലുന്നത് അവൻ നോക്കി കണ്ടു…..

ഇനിയുള്ള കാലം തമ്മിൽ പ്രണയം കൊണ്ട് കീഴ്പ്പെടുത്തണമെന്ന കരാറ്…..

അവളത് പറഞ്ഞതും അവൻ പെട്ടെന്നവളുടെ അദരങ്ങളെ സ്വന്തമാക്കി…..

ദീർഘമായ ഒരു ചുംബനത്തിനോടുവിൽ അവരകന്ന് മാറുമ്പോൾ ഇരുവർക്കും മുഖത്ത് നോക്കാനൊരു പ്രയാസം തോന്നി…..

ഇന്ന് മനോജ്‌ വരും…..
താൻ കൂടെ പോകണം….

പെട്ടെന്ന് അവനത് പറഞ്ഞതും എന്തിനെന്നു പോലും ചോദിക്കാതെ ഇല്ലെന്ന അർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു…..

എൻട്രൻസ് കോച്ചിംഗ് തുടങ്ങണം……
എക്സാമിനു ഇനി അധിക സമയമില്ല……
കേരളത്തിലെ തന്നെ ഏറ്റവും ടോപ് അക്കാഡമിയിൽ ഞാൻ നിനക്ക് അഡ്മിശൻ എടുത്തിട്ടുണ്ട്….

എനിക്കെന്തായാലും പെട്ടെന്നൊരു ദൂര യാത്രയൊന്നും സാധ്യമല്ല…..
ഐ നീഡ് റസ്റ്റ്‌…
സൊ…… തന്റെ സമയം വെറുതെ വേസ്റ്റ് ആക്കേണ്ട …
ഈ വർഷം തന്നെ ക്ലാസിനു കയറണം…….
തന്റെ മുത്തശ്ശി ഒത്തിരി ആഗ്രഹിച്ചതല്ലേ തന്നെയൊരു ഡോക്ടറായി കാണാൻ….
തന്റെ സ്വപ്‌നങ്ങൾ ഒരിക്കലും എനിക്ക് വേണ്ടി മാറ്റി വെക്കേണ്ടതില്ല…
അത് കൂടെ നിന്ന് നടത്തി തരുന്നതാണ് എന്റെ ഉത്തരവാദിത്യം ……
ഇപ്പോൾ നീയെന്നിൽ കുരുങ്ങിപ്പോയാൽ ഒരിക്കലും നിനക്ക് ആഗ്രഹിച്ചതൊന്നും നേടിയെടുക്കാൻ പറ്റിയെന്നു വരില്ല….

സമയം നമ്മളെ കാത്തു നിൽക്കില്ല…..

അവൻ അവളുടേ മുടിയിഴകളിൽ തലോടിയത് പറയുമ്പോൾ സന്തോഷമാണോ സങ്കടമാണോ തന്നെ കീഴ്പ്പെടുത്തുന്നതെന്ന് അവൾക്ക് സംശയം തോന്നി….

അവനെ പിരിയേണ്ട സങ്കടത്തോടൊപ്പം തന്നെ അത്രയേറെ ഉൾകൊള്ളുന്ന അവനെ കുറിച്ചോർത്തു അവൾക്ക് വല്ലാത്ത സന്തോഷം തോന്നി…..

കണ്ണുകൾ നിറച്ചു കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

അവനും ഒരു കുഞ്ഞിനെയെന്ന പോലവളെ മാറോടു ചേർത്തു…….

അവരങ്ങനെ അൽപ നേരം ഇരുന്നപ്പോഴേക്കും വാതിലിൽ ആരോ മുട്ടിയതും അവൾ അവനിൽ നിന്നടർന്നു മാറി…….

വാതിൽ തുറന്നതും പവിയാണ്…..

സായു…. ആ മോനോജ് വന്നിട്ടുണ്ട്….

അത് പറഞ്ഞപ്പോഴേക്കും ബാലക്ക് വല്ലാത്തൊരു പ്രയാസം തോന്നി….

താൻ ഒരുങ്ങി വാ
ഞാനങ്ങു ചെല്ലട്ടെ…..
അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം എടുത്താൽ മതി….
ബാക്കി എന്താന്ന് വെച്ചാൽ പുതിയത് വാങ്ങിചോ….

അവന്നതും പറഞ് പുറത്തിറങ്ങാൻ തുടങ്ങിയതും അവളവന്റെ കയ്യിൽ കയറി പിടിച്ചു….

അവനവളിലേക്ക് തിരിഞ്ഞു…

ആ മുഖത്ത് അല തല്ലുന്ന നോവിനെ അവന് വ്യക്തമായിരുന്നു…..

ഏയ്…… എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്……

അവൻ അവളുടേ മുഖം കൈകൾക്കുള്ളിലാക്കി…..

വിചാരിച്ച പോലെ നമ്മുടെ ലക്ഷ്യം നിറവേറി കഴിഞ്ഞാൽ നിനക്കെന്താ സമ്മാനം വേണ്ടത്…..

അവനവളുടെ ചിന്തകളെ മാറ്റാനെന്ന വണ്ണം ഒരു ചിരിയോടെ അത് ചോദിച്ചതും അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി….

ഇയാള് മുൻപ് ചോതിച്ചത് പോലെ……
എനിക്കൊരു കുഞ്ഞിനെ വേണം……

അവൾ വല്ലാത്തൊരു ഭാവത്തോടെ അത് പറഞ്ഞതും അവൻ പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ ഒന്ന് ഞെട്ടി പ്പോയിരുന്നു…….

ഇയാള് ആഗ്രഹിച്ച പോലെ ഒരിക്കലും അമ്മയും അച്ഛനും പിരിയാതിരിക്കാൻ എനിക്ക് കൊടുക്കാൻ പറ്റുന്ന ഏക മന്ത്രമാണത്…..

അത് അന്നത്തെ ആ ദിവസം എനിക്ക് വ്യക്തമായതാണ്….

അവളത് പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു…..

എങ്ങനെയാടോ തനിക്കെപ്പോഴും എന്നേ കുറിച് മാത്രം ചിന്തിക്കാൻ കഴിയുന്നത്……

അതും പറഞ്ഞവനവളെ ചേർത്ത് പിടിച് നെറ്റിയിൽ ചുണ്ടമർത്തി…..

ഈ പിരിയൽ താത്കാലികം മാത്രമാണ്…..

എക്സാം തീരുന്നത് വരേക്ക് മാത്രം….

അത് കഴിഞ്ഞാൽ ഞാൻ തന്റെ കൂടെയുണ്ടാവും…..

അവന്നതും പറഞ് പുഞ്ചിരിയോടെ അവളുടേ മുടിയിലൊന്ന് തലോടി കൂടുതൽ വാക്കിനിടം കൊടുക്കാതെ താഴേക്ക് നടന്നു…..

ഇനിയും ഒരു വേർ പിരിയൽ……

അവൾക്ക് വല്ലാത്ത സങ്കടം തോന്നിയെങ്കിലും എല്ലാം സന്തോഷത്തിനാണെന്ന സമാധാനത്തിൽ അവൾ തുണികളെടുത് ബാഗിൽ വെച്ചു തുടങ്ങി…….

താഴെക്കിറങ്ങിയപ്പോൾ എല്ലാവരും തന്നെ കാത്തെന്ന പോൽ നിൽപ്പൂണ്ട്..

എല്ലാവരുടെയും മുഖത്തേക്ക് നോക്കിയൊന്ന് യാത്ര പറഞ്ഞു…..

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങി…..

നന്നായി വരും ….

അവരേ റിയ സന്തോഷത്തോടെ അവളുടേ നെറുകെയിൽ തലോടി…..

അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു…

ഇത്രയും നാളും കൊണ്ട് അമ്മയോ സുഹൃത്തോ എന്നറിയാത്ത വിധം ഒരു ആത്മ ബന്ധം ഞങ്ങൾക്കിടയിൽ മൊട്ടിട്ടുണ്ടെന്ന് അവൾക്കറിയാമായിരുന്നു….

പ്രഭ അവളെ ചേർത്ത് പിടിച്ചു….

ഏറെ ദേഷ്യത്തോടെ തന്നെ വരവേറ്റ ആളാണ്‌ ഒരച്ഛന്റെ കരുതലിൽ ഇന്ന് തന്നെ ചേർത്ത് പിടിക്കുന്നത്…..

അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി….

ഈ നിമിഷം ഇവരെ വിട്ട് പോകാൻ തനിക്ക് പ്രയാസമുണ്ടെങ്കിൽ കൂടി അവൻ പറഞ്ഞത് പോലെ ഇപ്പൊ ഇത് നഷ്ടപ്പെടുത്തിയാൽ ഇനിയൊരിക്കലും തനിക്കെത്തി പിടിക്കാൻ കഴിഞ്ഞെന്നു വരില്ല….

അവളൊരു പുഞ്ചിരിയോടെ എല്ലാവരോടും യാത്ര പറഞ്ഞു…..

അവസാനം സായുവിന്റെ അടുത്തെത്തിയതും അവൾക്കവന്റെ മുഖത്ത് നോക്കാൻ പോലും കഴിഞ്ഞില്ല….

അവനവളെ നോക്കി അടുത്തേക്ക് നിന്നപ്പോഴും അവൾ തലയുയർത്തിയില്ല…

അവളുടേ മനസ്സറിഞ്ഞെന്ന വണ്ണം അവളെ തോളിലൂടെ കയ്യിട്ടൊന്ന് ചേർത്ത് പിടിച്ചു…….

അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

കണ്ണ് നീർ അവന്റെ ചന്ദന കളർ ഷർട്ടിൽ പരന്നു…..

അവളെ തന്നിൽ നിന്നും അടർത്തി മാറ്റി അവൻ കാറിലേക്ക് കയറ്റി…..

നിറ കണ്ണുകളോടെ അവൾ യാത്ര പറയുമ്പോൾ അവൻ ഒരു ചിരിയാൽ അവളെ പറഞ്ഞയച്ചു….

കാറ് കണ്ണിൽ നിന്നും മറയും വരെ അവൻ നോക്കി നിന്നു….

കണ്ണുകൾ നിറച്ചു പോകുന്ന അവളുടേ മനസ്സ് തനിക്കറിയാമെങ്കിലും ഇപ്പൊ താനിത് ചെയ്തില്ലെങ്കിൽ പിന്നീട് അവൾക്കതൊരു കുറ്റബോധമായി മാറുമെന്നവനറിയാമായിരുന്നു…..

ആ കാറ് കണ്ണുകളിൽ നിന്ന് മറഞ്ഞതും അവനെ പൊതിഞ്ഞ ആ ശൂന്യതക്ക് അവളുടേ ഗന്ധമായിരുന്നു…..

(തുടരും)