രചന – ആയിഷ അക്ബർ
അവളെ കുറിച്ചുള്ള അവന്റെ ഓർമകളെത്തി നിന്നത് ആ വലിയ ഹാളിലെ എക്സിബിഷനിലായിരുന്നു….
ഇതിന്റെ വിലയെന്താണെന്നറിയുമോ തനിക്ക്…..
ഇത്രയും നിസ്സാരമായി താഴെയിട്ട് പൊട്ടിക്കാൻ എങ്ങനെ ധൈര്യം വന്നു….
റാനി ഉടഞ്ഞു പോയ ചില്ലു ഫ്രെയിമിനുള്ളിലെ മനോഹരമായ ചിത്രത്തിലേക്ക് ചൂണ്ടിയത് പറയുന്നത് വളരേ ഉച്ചതിലായിരുന്നു….. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചിരുന്നു….
ആളുകളെല്ലാം അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
തെറ്റ് പറ്റിപ്പോയെന്ന കാരണത്താൽ എല്ലാം കേട്ട് കൊണ്ട് വെള്ളാരം കണ്ണുകളിൽ നിന്നും ഇറ്റ് വീണ കണ്ണുനീർ തുടക്കുന്നവളെ അവൻ ദേഷ്യത്തോടെ നോക്കി….
ഞാൻ അറിയാതെ…..
കൈ തട്ടി വീണു പോയതാ…
അവൾ വിതുമ്പുന്നതോടൊപ്പം അതൊന്ന് തൊട്ട് നോക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടിരുന്നു…..
അവൻ കണ്ട ഭാവം പോലും നടിക്കാതെ അവിടെ നിന്നും ദേഷ്യത്തിൽ നടന്നു പോയി….
ഇത്രയും നേരമായിട്ടും ഒറ്റ ചിത്രം പോലും വിറ്റ് പോവാഞ്ഞതിലുള്ള കടുത്ത നിരാശ അവനെ കീഴ്പെടുത്തിയിരുന്നു….
പണത്തിനു അത്രയേറെ അത്യാവശ്യം അവനുണ്ടായിരുന്നു…
പണത്തിനു മീതെ കിടന്നു വളർന്ന അവൻ ഇന്ന് ഒന്നുമില്ലാത്തവനായിരിക്കുന്നു…… ഓർക്കും തോറും അവന് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി…..
എല്ലാം കൂടി തലക്ക് ഭ്രാന്ത് പിടിച്ച ആ സമയമായിരുന്നു ആ പെൺകുട്ടിയോട് ദേഷ്യപ്പെട്ടതെന്നവനോർത്തു…..
വേണ്ടായിരുന്നു….. അവനാകെയൊരു സങ്കടം തോന്നി….
അവൻ പുറത്തേക്ക് വന്നു അവിടെ മുഴുവൻ ആ പെൺകുട്ടിക്കായി തിരഞ്ഞു…. ഒരു സോറിയെങ്കിലും പറയാൻ കഴിഞ്ഞാലോരുപക്ഷെ അത് തനിക്കും അവൾക്കും ഒരുപോലെ ആശ്വാസമാകുമായിരുന്നെന്നവനോർത്തു……
എന്നാൽ അവളെ അവിടെയെങ്ങും കണ്ടിരുന്നില്ല…..
ഹലോ മിസ്റ്റർ ചിത്രകാരൻ….
പിറകിൽ നിന്നും വന്ന പരിചിതമായ ശബ്ദത്തിലേക്ക് അവൻ തിരിഞ്ഞു….
നീയാരെയാ ഈ തിരയുന്നത്….
അവന്റെ മിഴികൾ ചുറ്റും പായുന്നത് കണ്ടിട്ടാണ് ലൈലയത് ചോദിച്ചത്….
ഒരു ചിത്രം താഴെ വീണുടഞ്ഞു പോയി…. അതിനു ഞാൻ ഒരു പെൺകുട്ടിയെ വല്ലാതെ വഴക്ക് പറഞ്ഞേടീ…. മനസ്സിലാകെ ഒരു പ്രയാസം……
അവനത് പറഞ്ഞു കൊണ്ട് അരികിലായുള്ള ഒരു ഇരുമ്പ് ബെഞ്ചിലേക്കിരുന്നു….
കളർ ചെയ്ത മുടികളെ ചെവിക്ക് പിറകിലായി വെച്ചു കൊണ്ട് അവളും അവനരികിലായി ഇരുന്നു….
എല്ലാ ദേഷ്യവും ആ കുട്ടിയുടെ മേൽ തീർത്തിട്ടുണ്ടാവുമല്ലേ….
അവൾ ശാസനയോടെ അത് ചോദിക്കുമ്പോൾ അവൻ മുഖം കുനിച്ചിരുന്നു…..
അത് പോട്ടെ….. എത്ര പെയിന്റിംഗ്സ് വിറ്റു….
വല്ലാത്ത പ്രതീക്ഷയോടെയാണ് അവളത് ചോദിച്ചത്….
അവന്റെ കണ്ണുകളിലെ ദയനീയ ഭാവം കാൺകെ അവൾ ഉത്തരത്തിനായി കാത്തു നിന്നില്ല…..
റാനി…. നിന്നെ പ്രൊഫസർ വിളിക്കുന്നുണ്ട്….
അവന്റെ ഒരു സുഹൃത്ത് കുറച്ചു ദൂരെയായി നിന്നു വിളിച്ചു പറഞ്ഞു…
അവൻ പതിയെ എഴുന്നേറ്റു….
അവൻ അവിടേക്ക് കടന്ന് ചെല്ലുമ്പോൾ പ്രൊഫസർ അബുദ്ൽ റഹീം അവനെ കാതെന്ന പോലിരിക്കുന്നുണ്ടായിരുന്നു…
എന്താണ് സാർ വിളിപ്പിച്ചത്….
എന്താ റാനീ തന്റെ ഒറ്റ പെയിന്റിംഗ്സ് പോലും വിറ്റ് പോയിട്ടില്ല…. അതെന്താ…..
റഹീമിന്റെ മുഖത്ത് ഒരു തരം സങ്കടം കാണപ്പെട്ടു…
അറിയില്ല സാർ…. അവൻ നിർവികാരമായി പറഞ്ഞു…
എന്നാലെനിക്കറിയാം…. നിന്റെ ചിത്രങ്ങൾക്ക് പണ്ടത്തെ പോലെ ജീവനില്ല റാനീ….
നിന്റെ ചിത്രങ്ങളിപ്പോൾ വെറും ചിത്രങ്ങൾ മാത്രമാണ്…. മുൻപ് അങ്ങനെയായിരുന്നില്ല….
അതെന്താണെന്നെനിക്ക് മനസ്സിലാവുന്നില്ല……
എന്നാൽ അവനറിയാമായിരുന്നു അതെന്താണെന്ന്….
ഇമ്രാൻ അലി… അവനെ അവനാക്കിയ അവന്റെ പൊന്നുപ്പ….
സുഹൃത്താണോ സഹോദരങ്ങളാണോ എന്നൊക്കെ കാണുന്നവർക്ക് സംശയമുണ്ടാക്കുമെങ്കിലും ഉപ്പയാണെന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…
അവർ തമ്മിലുള്ള ബന്ധം അത്രയേറെ മനോഹരമായിരുന്നു…..
ഒന്നുമില്ലായ്മയിൽ നിന്നും ഒത്തിരി കഷ്ടപ്പാടുകൾ താണ്ടി നേടിയെടുത്ത സമ്പത് ഇമ്രാൻ അലിയെ തൊട്ടകന്നത് വളരേ പെട്ടെന്നായിരുന്നു…..
സുഹൃത്തെന്ന് അയാൾ വിശ്വസിച്ചിരുന്ന ഒരാൾ അനായാസമായി അയാളെ ചതിച്ചു…..
എല്ലാം തകർന്നവനായി ഒത്തിരി കാലമൊന്നും അയാൾക്ക് ദുനിയാവിലിരിക്കേണ്ടി വന്നില്ല…..
ഒരു രാത്രി ഭക്ഷണം കഴിച്ചു കിടന്ന അയാൾ ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീണു….
അതോടെ റാനിക്ക് നഷ്ടമായത് അവനെ തന്നെയായിരുന്നു….
ചിത്രകലയിലെ തന്റെ ഗുരുവായിരുന്ന ഉപ്പാന്റെ അഭാവത്തിൽ അസാധ്യമായി വരയ്ക്കുന്ന അവന്റെ ചിത്രങ്ങളിൽ നിന്നും ജീവന്റെ തുടിപ്പ് അന്യമായി….
അവൻ ആ മുറി വീട്ടിറങ്ങുമ്പോഴും മുമ്പോട്ടുള്ള കാര്യങ്ങളെ കുറിച്ചോർത്തവന്റെ തല പെരുക്കുന്നുണ്ടായിരുന്നു….
ഉപ്പ പോയിട്ട് മാസങ്ങളെ ആയിട്ടുള്ളുവെങ്കിലും യുഗങ്ങളായി ഒറ്റപ്പെട്ടവനെ പോലെ അവന് തോന്നുന്നുണ്ടായിരുന്നു……
അപ്പോഴും ലൈല നേരത്തെ ഇരുന്നിടത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു….
അവനും അവൾക്കരികിലായി ഇരുന്നു……
അബ്ബായെന്ത് പറഞ്ഞു….
അവളേറെ പ്രതീക്ഷയോടെയാണ് ചോദിച്ചത്….
നിന്റെ അബ്ബാ പറയാതെ പറയുന്നത് ഹാഷിം റാനിയുടെ ചിത്രങ്ങൾ ഇനി ആവശ്യമില്ലെന്നാണ്….
അവൻ പുച്ഛത്തോടെ ചിരിച്ചു…. അതിൽ കലർന്നിരുന്ന വേദന അവളറഞ്ഞിരുന്നു…..
ലൈലാ…..
മ്മ്……
ഞാൻ പോവുകയാ….
എങ്ങോട്ട്….. അവൾ അവന്റെ മുഖത്തേക്ക് നോക്കി അമ്പരപ്പോടെയാണത് ചോദിച്ചത്….
കടക്കാർക്ക് പണം കൊടുക്കാൻ വേണ്ടി വീട് വിറ്റില്ലേ…. വാടക കൊടുക്കാൻ പോലും പണമില്ല…..കുറച്ചു ദൂരേക്ക് പോയി എന്തെങ്കിലും ചെറിയൊരു ജോലി നോക്കണം…. ഉപ്പാന്റെ ഓർമ്മകൾ നിറഞ്ഞ ഈ മണ്ണിൽ അമ്മക്ക് ശ്വാസം മുട്ടുകയാണത്രേ…..
നിശബ്ദത തളം കെട്ടിയ നേരത്ത് ലൈലയുടെ കൺകോണിൽ ഒരു നീർതിളക്കം പടർന്നിരുന്നു…
കുറച്ചു പണം ഞാൻ അറേഞ്ച് ചെയ്ത് തരാം…. അബ്ബായോട് പറഞ്ഞിട്ട് ഒരു ചെറിയ ജോലിയും….
ഏയ്…. വേണ്ടെടോ…. അമ്മ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു….
മുത്തശ്ശി വിളിച്ചു കൊണ്ടിരിക്കുകയാണ്…
ഉപ്പാന്റെ കൂടെ അമ്മ ഇറങ്ങി പോന്നതിനു ശേഷം ആദ്യമായാണ് ഒരു തിരിച്ചു പോക്ക്…
മുത്തശ്ശിയും മുത്തശ്ശനും ഇവിടേക്ക് വന്നിട്ടുണ്ടെങ്കിലും ഞങ്ങൾ അങ്ങോട്ട് പോയിട്ടില്ലിതുവരെ….
മുത്തശ്ശൻ മരിച്ചപ്പോൾ പോലും പോകാൻ പറ്റിയിട്ടില്ല…..
എന്തായാലും ഇവിടെ നിന്നു മാറണം… അത് അമ്മക്ക് സന്തോഷം കിട്ടുന്ന ഇടത്തേക്കാണെങ്കിൽ അതല്ലേ നല്ലത്…..
ഇവിടെ ഇനി സ്വന്തമെന്ന് പറയാൻ ഞങ്ങൾക്കൊന്നുമില്ല….ഞങ്ങൾക്കാരുമില്ല….
അവന്റെ ഹൃദയത്തിലേ നോവവൾക്ക് അളക്കാൻ കഴിയുന്നുണ്ടായിരുന്നു…
ഞാനും കൂടെ പോരട്ടെ…
അവൾ നിറമിഴികളോടെ അത് ചോദിക്കുമ്പോൾ അവൻ നിർവികാരനായിരുന്നു….
നീ എന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..നീ വിചാരിക്കുന്നത് പോലൊരിഷ്ടം ഇത് വരെ എനിക്ക് നിന്നോട് തോന്നിയിട്ടില്ല….
നമ്മുടെ ആഴത്തിലുള്ള സൗഹൃദത്തിനിടയിൽ എപ്പോഴാണ് നീയൊരു കാമുകിയായതെന്നെനിക്കറിയില്ല ലൈലാ….
ഇത് വരെ തോന്നിയിട്ടില്ലെങ്കിലും തോന്നുന്നത് വരെ ഞാൻ കാത്തിരുന്നാല്ലോ….
അവൾ പ്രതീക്ഷയോടെ അവനെ നോക്കി….
പ്രണയിക്കാനും പ്രണയിക്കപ്പെടാനും പറ്റിയ അവസ്ഥയിലല്ല ഞാൻ..
സമ്പത്തിനു മുകളിൽ നിന്നും ഒന്നുമില്ലായ്മയിലേക്ക് നിന്നെ കൊണ്ട് പോകാനുള്ള ധൈര്യവും എനിക്കില്ല…..
അത് നിനക്ക് പ്രണയമില്ലാത്തത് കൊണ്ടാണ് റാനീ….
അവളുടെ മുഖത്ത് ഒരു പ്രകാശം കണ്ടിരുന്നു…
ഒന്നുമില്ലായ്മയിലേക്ക് ഇറങ്ങി വരാനുള്ള എന്റെ ധൈര്യം എന്റെ പ്രണയമാണ്…. നിനക്ക് ധൈര്യമില്ലാത്തതും നിനക്ക് പ്രണയമില്ലാത്തത് കൊണ്ടാണ്…..
ശെരിയാണെന്ന് അവനും തോന്നിയത് കൊണ്ടാവാം അവൻ അവൾക്ക് നേറെ മൗനം പാലിച്ചത്….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അത്യാവശ്യം കയ്യിലൊതുങ്ങുന്ന സാധനങ്ങൾ മാത്രമായിരുന്നു അവർക്കുണ്ടായിരുന്നത്…
ഒരു കയ്യിൽ അമ്മയെയും ചേർത്ത് പിടിച് അവൻ എന്നന്നേക്കുമായി ആ നാടിനോട് യാത്ര പറഞ്ഞിറങ്ങി….
ട്രെയിനിൽ കയറിയിരിക്കുമ്പോഴും രണ്ട് പേരുടെയും മുഖത്ത് നിർവികാരത നിറഞ്ഞു നിന്നിരുന്നു…
രണ്ടു പേരുടെയും നാടും വീടും ഉപേക്ഷിച്ചു ഒത്തിരി സ്വപ്നങ്ങളുമായി ഈ നാട്ടിലേക്ക് ചേക്കേറുമ്പോൾ ഭാഗ്യ ലക്ഷ്മിയുടെ കൈ ചേർത്ത് പിടിച് ഇമ്രാൻ അലിയുണ്ടായിരുന്നു…
ഓർക്കുമ്പോൾ ഭാഗ്യലക്ഷ്മിയുടെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു….
ഇങ്ങേനെയൊരു തിരിച്ചു പോക്കവരുടെ സ്വപ്നങ്ങളിൽ നിന്ന് പോലും വിദൂരത്തായിരുന്നു….
മുന്നോട്ടുള്ള ജീവിതം എന്തെന്ന ചോദ്യം ഹൃദയത്തിൽ അലയടിക്കുമ്പോഴും റാനി കണ്ണുകലടച്ചു കിടന്നു….
(തുടരും )

by