19/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 01

രചന – ആയിഷ അക്ബർ

എനിക്ക് ഹാഷിം റാനി സാറിനെ കാണണം….. ഇവിടെയുണ്ടെന്ന് അറിഞ്ഞിട്ടാണ് ഞാൻ വന്നിരിക്കുന്നത്…

സാറിനെ ഇപ്പൊ കാണാൻ പറ്റില്ല…. നാളെ ഓഫീസിലേക്ക് വന്നോളൂ…

ആദിത്യൻ ഒരു കൈ കൊണ്ടയാളെ തടഞ്ഞിരുന്നു…..

ഒരു വർക്കിനെ കുറിച് സംസാരിക്കാനാണ്…. ഒന്ന് കണ്ടിട്ട് പെട്ടെന്ന് പൊയ്ക്കോളാം….

പറയുന്നതോടൊപ്പം അയാൾ ഫ്ലാറ്റിന്റെ വാതിലിൽ തള്ളിയിരുന്നു….

അപ്രതീക്ഷിതമായിരുന്നത് കൊണ്ട് തന്നെ ആദിത്യൻ തടയുന്നതിനു മുൻപ് തന്നെ ആ വാതിൽ മലക്കെ തുറന്നു ….

അയാൾ അത്യധികം ഞെട്ടലോടെ ആ മുറിയിലാകെ മിഴികളോടിച്ചു…..

പുക നിറഞ്ഞു കാഴ്ചകൾ വ്യക്തമായിരുന്നില്ല….

ആ പുകച്ചുരുലുകൾക്കിടയിൽ ഒരു രൂപം തെളിഞ്ഞു വരുന്നതയാൾ കണ്ടു ….

കട്ടിലിനോട് ചാരി യിരിക്കുന്ന അവന്റെ ഇടത് കയ്യിൽ വില കൂടിയ മദ്യത്തിന്റെ കുപ്പിയോടൊപ്പം വലതു കയ്യിലെ സിഗററ്റ് ചുണ്ടിൽ ചേർത്ത് കത്തിയെരിഞ്ഞിരുന്നു….

ചുവന്ന നിറത്തിലുള്ള അവന്റെ മുഖത് വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു……

വാതിൽ തുറന്നത് പോലും അവനറിഞ്ഞിരുന്നില്ല…. ലഹരിയുടെ ലോകത്തേക്ക് അവനാഴ്ന്നിറങ്ങിയിരിക്കുകയാണെന്ന് ആടികുഴഞ്ഞുള്ള അവന്റെ ഇരുപ്പിൽ നിന്നു വ്യക്തമായിരുന്നു…..

അയാൾ പെട്ടെന്ന് വാതിലടച്ചു പുറത്തേക്ക് നിന്നു…. മുഖമാകെ നിസ്സംഗത നിറഞ്ഞു കാണപ്പെട്ടു…..

എന്ത്‌ ധൈര്യത്തിലാടോ താൻ വാതിൽ തുറന്നത്….

ആദിത്യൻ അയാളുടെ കോളറിൽ കയറി പിടിച്ചു….

പുത്തൻ പുരക്കൽ സുലൈമാൻ സാഹിബിന്റെ പേരക്കുട്ടി, ഇമ്രാനി ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ചെയര്മാനുമായ ഹാഷിം റാനി സാർ തന്നെയാണോ ഇത്…..

അയാളുടെ മുഖത്തെ അത്ഭുതത്തോടൊപ്പം ഒരുതരം സങ്കടം പോലെ കാണപ്പെട്ടു……

അയാളുടെ കോളറിൽ മുറുക്കിയിരുന്ന ആദിത്യന്റെ കൈകൾ പതിയെ അയഞ്ഞു….

അത് കൊണ്ടാണ് പറഞ്ഞത് ഇവിടെ വെച്ച് മീറ്റ് ചെയ്യാൻ പറ്റില്ലെന്ന്…. ഇത് സാറിന്റെ പ്രൈവറ്റ് സ്പേസ് ആണ്….

അയാളൊന്നും മിണ്ടിയില്ല…

ദയവ് ചെയ്ത് ഇക്കാര്യം ആരോടും പറയരുത്….

ആദിത്യൻ പോക്കറ്റിൽ നിന്നും കുറച്ചു പണമെടുത്ത്
അയാൾക്ക് നീട്ടിയെങ്കിലും അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല….
നിർബന്ധപൂർവം അവന്റെ പോക്കറ്റിലേക്കത് വെച്ചു കൊടുക്കുമ്പോൾ പുറത്ത് പറയില്ലായെന്ന ഉറപ്പയാൾ നൽകിയിരുന്നു….

പിറ്റേ ദിവസം ഓഫീസിന്റെ മുമ്പിൽ അയാൾ ഹാഷിം റാനിക്കായി കാത്തു നിന്നു….

വില കൂടിയ കാറിൽ നിന്നും സുമുഖനായ ചെറുപ്പക്കാരൻ വിശാലമായ ആ ഹാളിലേക്ക് കയറി വന്നു….

അവനെ കണ്ടതും എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നിരുന്നു…

നീളത്തിനൊത്ത വണ്ണം…. സുന്ദരമായ ആ മുഖത്തെ വെളുത്ത നിറത്തെ മുക്കാൽ ഭാഗവും തിങ്ങി നിറഞ്ഞ താടിയും മീശയും ആവരണം ചെയ്തിരുന്നു…

കറു കറുത്ത മുടിയിഴകളെ മനോഹരമായി ചീകിയൊതുക്കിയിട്ടുണ്ടായിരുന്നു…..

ധരിച്ചിരുന്ന കോട്ടും സ്യൂട്ടും അവന്റെ ശരീരത്തിന്റെ ഭംഗി കൂട്ടിയിരുന്നു….

പൌരുഷം നിറഞ്ഞ ആ മുഖത്തേക്കയാൾ അൽപ നേരം നോക്കി നിന്നു….

ഇതാരാ…..

മുന്നിലൂടെ കടന്ന് പോകുന്നവനെ നോക്കി അയാൾ ചോദിച്ചു…..

ഇതാണ് ഇമ്രാനി ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ഫൗണ്ടർ ഹാഷിം റാനി സാർ….. താൻ കാത്തു നിൽക്കുന്ന ആൾ…..

അയാളാകെ അമ്പരന്നു…..ഇന്നലെ കണ്ട കാഴ്ച മനസ്സിലാകെ നിറഞ്ഞു നിന്നു…..

അതൊരു സ്വപ്നമായി മറക്കാൻ തനിക്ക് നേറെ വെച്ചു നീട്ടിയ പണമപ്പോഴും പോക്കറ്റിലിരുന്ന് ഞെരിഞ്ഞമരുന്നുണ്ടായിരുന്നു…….

അപ്രതീക്ഷിതമായാണെങ്കിൽ പോലും ഹാഷിം റാനിയുടെ രണ്ട് മുഖങ്ങളെയും കാണുന്ന ഏതൊരുവന്റെയും ചിത്രം മാത്രമാണ് താനെന്നയാൾക്ക് മനസ്സിലായിരുന്നു….

ഹാഷിം റാനി….

ഇമ്രാനി ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ഒരേയൊരു രാജാവ്…..
ഇത്രയും ചുരുങ്ങിയ കാലയളവിൽ തന്നെ സിറ്റിയിലെ ടോപ് ബിസ്സിനസ്സ് മാന്മാരുടെയിടയിൽ തനിക്കായൊരു സ്ഥാനം സൂക്ഷിക്കുന്ന യാൾ….
പ്രശസ്തമായ പുത്തൻ പുരക്കൽ തറവാടിന്റെ സന്തതി….
എല്ലാവരും ആദരവോടെ നോക്കി കാണുന്ന സുലൈമാൻ സാഹിബിന്റെ പേരക്കുട്ടി……

ഓഫീസിലുള്ള തിരക്കുകൾ ഒന്നോതുങ്ങിയപ്പോഴാണ് റാനി കസേരയിലൊക്കന്നമർന്നത്…..

വെറുതെയിരുന്നാൽ മനസ്സിലേക്ക് വരുന്ന പല മുഖങ്ങളും അത്ര മേൽ വേദനിപ്പിക്കാൻ കഴിവുള്ളവഴയത് കൊണ്ട് തന്നെ മനപ്പൂർവം അവൻ ജോലികളിലേക്ക് ഊളിയിട്ടിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പ്രൌടിയോടെ തലയുയർത്തി നിൽക്കുന്ന പുത്തൻ പുരക്കൽ തറവാട്…..

കൊട്ടാരം കണക്കെയുള്ള ആ വീടിനു ചുറ്റും അലങ്കാര ചെടികൾ നിറഞ്ഞു നിന്നു…..

വിശാലമായ ആ മുറ്റത്തു ഹാഷിം റാനിയുടെ കാറ് ചെന്നു നിന്നു…..

വൈരക്കല്ലുകൾ പോലെ തിളങ്ങുന്ന നിലത്തിലൂടെ അവന്റെ പാദങ്ങൾ ഉള്ളിലേക്ക് ചലിച്ചു….

ഒരു നൂറു പേരെയൊപ്പം ഇരുത്താൻ കഴിയുന്ന ആ വലിയ ഹാളിലേക്ക് പ്രവേശിച്ചപ്പോഴേക്കും മുകളിൽ നിന്നുള്ള വിളികളവൻ കേട്ടിരുന്നു….

ഹാഷിക്ക വന്നു……

അവൻ മുകളിലേക്ക് തലയുയർത്തി…. കോണിപ്പടികൾ വട്ടത്തിലായത് കൊണ്ട് തന്നെ മുകളിലെവിടെ നിന്നാലും ഹാൾ മുഴുവനായി കാണാൻ കഴിയുമായിരുന്നു…..

അപ്പോഴേക്കും കോണിപ്പടികളിറങ്ങി ഓരോരുത്തരായി അവനിലേക്കോടി വന്നു…

കയ്യിലുള്ള മിട്ടായി പ്പൊതി തുറന്ന് എല്ലാവർക്കും മിട്ടായി കൊടുക്കുമ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞു നിന്നു….

അസ്സലാമു അലൈക്കും….
ഗൗരവമേറിയ ആ ശബ്ദം അവന്റെ മിഴികലുയർത്തി…

വ അലൈക്കുമുസ്സലാം വല്യുപ്പാ….
അവൻ സുലൈമാൻ സാഹിബിന്റെ കൈകളിൽ പിടിച്ചു….

ഹാഷീ…എവിടെയായിരുന്നു നീയിത്ര നേരം….

ഓഫീസിൽ കുറച്ചു ജോലികളുണ്ടായിരുന്നു… അതാ ഞാൻ….

ഹാ… നീ പോയി കുളിച് വാ… ഭക്ഷണം കഴിക്കാനെല്ലാവരും നിന്നെ കാത്തിരിക്കുകയാണ്…

കേട്ടപാടെ അവൻ കോണിപ്പടികൾ കയറി മുറിയിലേക്ക് നടന്നു….

മുകളിലെ ഹാളിലിരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്ന താഹിറയെ അവൻ പുറകിലൂടെ ചെന്ന് കണ്ണുപൊത്തി….

റാനീ…….

ആ വിളി കേട്ടതും അവന്റെ കൈകൾ പതിയെ അയഞ്ഞു…..

അമ്മാ…..
അവനവരെ ചേർത്ത് പിടിച്ചു….

വില കൂടിയ ഒരു മാക്സിയാണവരുടെ വേഷം….. തട്ടം കൊണ്ട് തല മറച്ചിരുന്നു….

നീയിത്ര നേരം എവിടെയായിരുന്നു റാനീ…
വെളുത്ത നിറത്തിലുള്ള ആ മുഖത്ത് ചുവപ്പ് പടരുന്നത് അവൻ കണ്ടു..

ഓഫീസിൽ കുറച്ചു ജോലികളുണ്ടായിരുന്നു അമ്മാ…

നിന്റെ തിരക്കുകൾ പലതും ഞാൻ അറിയുന്നുണ്ട്….
മുന വെച്ചത് പറഞ്ഞപ്പോൾ അവൻ തല കുനിച്ചു നിന്നു…..

നീയാ ഹോട്ടൽ മുറിയിൽ പോയി കാട്ടിക്കൂട്ടുന്നതൊക്കെ പലരും പറഞ്ഞെന്റെ കാതുകളിലെത്തുന്നുണ്ട്….
അതിവിടെയറിയാതിരിക്കാൻ ഞാനെത്ര ബുദ്ധിമുട്ടുന്നുണ്ടെന്നറിയാമോ……
സങ്കടത്തിന്റെ മുനമ്പിൽ നിന്നത് പറയുമ്പോഴേക്കും നിസ്സാരമെന്ന മട്ടിൽ അവൻ മുറിയിലേക്ക് നടന്നു….

റാനീ…. ഇത് കളിയല്ല…. നീയിപ്പോ കൊച്ചുകുട്ടിയല്ല… കഴിഞ്ഞ കാര്യങ്ങളൊക്കെ നിനക്കറിയാമല്ലോ…. ഇതെങ്ങാനും വല്ല്യപ്പാന്റെ ചെവിയിലെത്തുന്ന നിമിഷം…….

പറഞ്ഞത് മുഴുവനാക്കാതെയവർ അവനെ നോക്കി….

എനിക്കും ആഗ്രഹമുണ്ടമ്മാ…. ഓരോ തവണ ആ ഹോട്ടൽ മുറിയിൽ നിന്നിറങ്ങുമ്പോഴും ഇനിയങ്ങോട്ട് പോവില്ലെന്നുറപ്പിക്കാറുണ്ട്…

വീണ്ടും മനസ്സങ്ങോട്ട് തന്നെ എന്നെ വലിച്ചിഴക്കുന്നു…….

അവൻ നെടുവീർപ്പിടുമ്പോഴും മനസ്സിലെ ഭാരങ്ങൾ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

അമ്മായീ……
ഹാഷിക്കാന്റെ കഴിഞ്ഞെങ്കിൽ എല്ലാവരോടും ഭക്ഷണം കഴിക്കാൻ താഴേക്ക് വരാൻ പറഞ്ഞു…..

ഹൈറയത് പറഞ്ഞു കൊണ്ട് പോകുമ്പോഴും ഹാഷിയെ ഒന്ന് പാളി നോക്കിയിരുന്നു…

ഉമ്മാ… ഞാനൊന്ന് ഫ്രഷാവട്ടെ…. വല്ലാതെ വിശക്കുന്നുണ്ട്….

അവൻ ടവൽ എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് കയറി..

അവനെ കുറിച്ചുള്ള വേവലാതികൾ താഹിറയുടെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു…..

അവന്റെ ഉപ്പായിന്നവന്റെ കൂടെയുണ്ടായിരുന്നെങ്കിൽ അവനൊരിക്കലും ഇങ്ങനെയാകുമായിരുന്നില്ലെന്നവരോർത്തു….

കൺകോണിൽ ഒരു നീർതിളക്കം പടർന്നിരുന്നു…
(തുടരും )

മുമ്പോരു തവണ എഴുതി പകുതിക്ക് വെച്ച് നിർത്തിയതാണ്……..
പാതിക്ക് വെച്ച് നിർത്തുന്നത് ശെരിയല്ലാത്തത് കൊണ്ടും ഇതിന്റെ ബാക്കി ചോദിച്ചൊരുപാട് മെസ്സേജ് എനിക്ക് വന്നത് കൊണ്ടും
തന്നെ കഥയൊക്കെ മറന്നെങ്കിലും ഒന്ന് കൂടി എഴുതി നോക്കുകയാണ് ……

“അറബിയിൽ നൂർ എന്നാൽ പ്രകാശം എന്നാണ് അർത്ഥം വരുന്നത്…..
Its not centuary…… Its light…..”
മുൻപ് എല്ലാവർക്കും കൺഫ്യൂഷൻ വന്നിരുന്നു…അത് കൊണ്ടാണ് ഇതാദ്യമേ ചേർക്കുന്നത്……..