25/05/2026

മരുമകൾ : അവസാന ഭാഗം

രചന – ഗംഗ ശലഭം

വല്ലാത്ത തലവേദന ആയത് കൊണ്ടൊന്നു വന്ന് കിടന്നതാണ്. ഉറങ്ങി വന്നപ്പോഴേക്കും എന്തോ പുറത്തേയ്ക്ക് വന്ന് വീണു. ഞെട്ടി പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പിറകെ ഒരു ശബ്ദവുമെത്തി.

” പപ്പൂ… അമ്മൂമ്മയ്ക്ക് വയ്യാത്തകൊണ്ട് കിടക്കാണെന്ന് പറഞ്ഞില്ലേ ഞാൻ…? ശല്യം ചെയ്യാതിങ്ങു വന്നേ…. ”

മരുമകളുടെ ശബ്ദമാണ്…. ഞങ്ങടെ ഐശ്വര്യ റോയി യുടെ.

നോക്കണ്ട…. അക്ഷരം മാറിയതൊന്നും അല്ല. റായ് എന്നല്ല, റോയി എന്ന് തന്നെയാ… റോയി തോമസ് എന്നാണ് അവളുടെ അച്ഛന്റെ പേര്. അമ്മ ലിസി.

ഇപ്പൊ തന്നെ നിങ്ങൾക്ക് പിടികിട്ടിക്കാണുമല്ലോ ഉണ്ണീടേത് ഒരു പ്രണയവിവാഹം ആയിരുന്നു എന്ന്.

ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ തന്നെയാണ് അവർ ഒന്നായത്.

ഉണ്ണി ഞങ്ങളോട് വന്ന് ഇങ്ങനെ ഒരിഷ്ടം പറഞ്ഞപ്പോ ഞങ്ങൾക്ക് എതിർപ്പൊന്നും ഉണ്ടായില്ല. അവന്റെ ജീവിതപങ്കാളിയെ സ്വയം കണ്ടെത്തിയതിൽ തെറ്റൊന്നും തോന്നിയില്ല. അതും അവന് ജോലിയൊക്കെയായി സ്വയം തീരുമാനം എടുക്കാനുള്ള പ്രായമായിക്കഴിഞ്ഞതിനു ശേഷമാണ് അവൻ ഐശ്വര്യയുടെ കാര്യം ഞങ്ങളോട് സംസാരിക്കുന്നത്. അതിന് മുന്നേ തന്നെ ഞങ്ങൾക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ചോദിക്കുമ്പോ, ” ഒരാളുണ്ട് പറയാം… നിങ്ങളോട് പറയാതിരിക്കോ? ” എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറിക്കളയും ചെക്കൻ.

അവൻ പറഞ്ഞതിന് ശേഷം ഹരിയേട്ടൻ ഐശ്വര്യയെക്കുറിച്ച് അന്വേഷിച്ചു. നല്ല പെൺകുട്ടി ആണെന്ന് അറിഞ്ഞപ്പോ അവളുടെ അച്ഛനെ പോയി കണ്ടു. അവർക്കും എതിർപ്പൊന്നും ഉണ്ടായില്ല. ഐശ്വര്യ നേരത്തെ പറഞ്ഞിരുന്നുവത്രെ….

അങ്ങനെ ഐശ്വര്യ റോയി എന്റെ ഉണ്ണിയുടെ വധുവായി.

പിന്നെ പപ്പു… ഉണ്ണീടെയും ഐശ്വര്യയുടെയും മോനാണ്. ഞങ്ങളുടെ ചെറുമകൻ…. ആറു വയസ്സുകാരൻ പാർഥിവ്.

പപ്പു ന്ന് ഐശ്വര്യ, ഞങ്ങടെ അച്ചു, അവള് തന്നെ ഇട്ട പേരാണ്.

ആള് ജനിച്ചത് തിരുവനന്തപുരത്താണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ ഡൽഹിയിലാണ്. റോയി ഒരു ബിസിനസ്കാരനാണ്. അച്ചുവിന് രണ്ട് വയസ്സൊ മറ്റോ ഉള്ളപ്പോ അവര് ഡൽഹിയിലേക്ക് താമസം മാറി. പിന്നീട് അവൾ ഡിഗ്രി ഒക്കെ കഴിഞ്ഞതിനു ശേഷമാണ് നാട്ടിലേക്ക് തിരികെ വരുന്നത്.

പഠനം ഒക്കെ ഡൽഹിയിൽ ആയിരുന്നു എങ്കിലും അച്ചു നന്നായി മലയാളം എഴുതുകയും വായിക്കുകയും പറയുകയും ചെയ്യും. മലയാളം സിനിമകൾ ഒന്നും അവൾ അധികം കണ്ടിട്ടില്ല. കണ്ട ചുരുക്കം ചില സിനിമകളിൽ നിന്നും അവൾക്ക് ഇഷ്ടപ്പെട്ട നടനാകട്ടെ കുതിരവട്ടം പപ്പുവും….!

” ഹോ… ആ മണിച്ചിത്രതാഴ് സിനിമയിൽ പപ്പു ചേട്ടന്റെ പെർഫോമൻസ് ഒന്ന് കാണേണ്ടത് തന്നെ അല്ലെ? ആ ചെമ്പരത്തി പൂവൊക്കെ ചെവിയിൽ വച്ച് ‘ ദാസപ്പ ഒന്ന് നോക്ക്യേ… എനിക്ക് എന്തെങ്കിലും പ്രശ്നണ്ടോ? “എന്ന് ചോദിക്കുമ്പോഴുള്ള ആ എക്സ്പ്രഷൻ… എന്റമ്മേ… എനിക്ക് ഓർക്കുമ്പ ഓർക്കുമ്പ ചിരി വരും…. ”

എന്ന് ഇടയ്ക്കിടെ ഉണ്ണിയോട് പറയുന്നത് കേൾക്കാം.

” ഹാ… നീയും ഏതാണ്ട് അത് പോലൊക്കെ തന്നെ. ഒരു ചെമ്പരത്തി പൂവിന്റെ കൊറവേ ഉള്ളൂ ” എന്ന് അവൻ അവളെ കളിയാക്കും ചെയ്യും.

അങ്ങനെ കുതിരവട്ടം പപ്പുനോടുള്ള ആരാധന മൂത്താണ് അവള് ഞങ്ങടെ കൊച്ചിന് പപ്പു എന്ന് ചെല്ലപ്പേരിട്ട് വച്ചേക്കുന്നത്.

” നോക്കിക്കോ ഞാൻ ഇവനെ പപ്പുച്ചേട്ടനെ പോലെ ഒരു വലിയ നടനാക്കും ” എന്ന് ഇടയ്ക്കിടെ പറയും. അതാണ്‌ സഹിക്കാൻ വയ്യാത്തത്.

” ഇവൾക്ക് ഇന്ദ്രൻസ്നെ ഇഷ്ടമാകാഞ്ഞത് ഭാഗ്യം. ഇല്ലെങ്കിൽ അത് പോലേ ആകാനായി അവളെന്റെ കൊച്ചിനെ പട്ടിണിക്ക് ഇട്ടേനെ ” എന്ന് പറഞ്ഞു ഉണ്ണി ആശ്വാസം കൊള്ളുന്നത് കാണാം.

ഹരിയേട്ടന്റെ പാത പിന്തുടർന്ന് ഉണ്ണി പി എച് ഡി യും നെറ്റും ഒക്കെ നേടി കോളേജ് അദ്ധ്യാപകനായി. അച്ചുവും അതേ കോളേജിലെ തന്നെ അദ്ധ്യാപികയാണ്.

സത്യത്തിൽ അച്ചു ഒരു പാവമാണ്. പഞ്ച പാവം…. എന്റെ മീനുവിന്റെ മറ്റൊരു പതിപ്പ്.

” ഒരു കൊച്ച് ജീവിതം അല്ലെ അമ്മാ ഉള്ളൂ… നമുക്ക് തോന്നുന്നത് എന്താണോ അത് ചെയ്യണം. നമ്മുടെ മനസ്സിനെ എപ്പോഴും സന്തോഷിപ്പിച്ചു നിർത്തണം… അതിന് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതേണ്ട കാര്യം എന്താണ്? ”

ഇതാണ് അവളുടെ ഭാഷ്യം.

അവൾ അങ്ങനെ ആണ്. എപ്പോഴും ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ശ്രമിക്കുന്നവൾ…. അവളെ അങ്ങനെ തന്നെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളും….

അവളൊന്നു ഡൗൺ ആയാൽ… അവളുടെ ചളി ഇല്ലെങ്കിൽ അവളെക്കാൾ ഡൗൺ ആയിപ്പോകും ഞങ്ങൾ എല്ലാം. പപ്പു ഉൾപ്പെടെ…. അതാണ്‌ ഇപ്പോഴത്തെ ഈ വീടിന്റെ അവസ്ഥ.

🦋

” കട്ടിലേന്ന് ഇറങ്ങിയേ പപ്പൂ… ”

അച്ചു എളിക്ക് ഒരു കൈ കുത്തി നിന്ന് പപ്പൂനെ നോക്കി കണ്ണുരുട്ടി. മറു കയ്യിൽ ഒരു പാത്രമുണ്ട്.

കട്ടിലിൽ എണീറ്റിരുന്ന എന്റെ പിന്നിൽ വന്ന് ഒളിച്ചിരിപ്പാണ് പപ്പു.

ചോറ് കൊടുപ്പ് മഹാമഹത്തിനിടേൽ ഓടി വന്നതാണ് നമ്മുടെ പപ്പു മോൻ.

” എനിക്ക് അമ്മൂമ്മ തന്നാതി…. ”

അവൻ ഒന്നൂടെ എന്റെ പിന്നിലേക്ക് പതുങ്ങി.

” അമ്മൂമ്മ ആയാലും ഞാൻ ആയാലും ഒരേ ചോറ് തന്നല്ലേ തരുന്നേ…? അമ്മൂമ്മയ്ക്ക് വയ്യാതിരിക്കാ… ശല്യപ്പെടുത്താതെ നീയിങ്ങു വന്നെ…. ”

അച്ചുന്റെ സ്വരം കടുത്തിട്ടും ചെക്കന് കൂസലൊന്നും ഇല്ല.

” അമ്മൂമ്മ നല്ല അടിപൊളി കഥ പറഞ്ഞു തരും. അമ്മയ്ക്ക് ടോം ആൻഡ് ജെറി അല്ലാതെ വേറെ എന്തെങ്കിലും കഥ അറിയോ? ”

പപ്പു ചുണ്ട് കോട്ടി.

” നീയതിങ് തന്നെ അച്ചുവേ… ഞാൻ കൊടുത്തോളം. ”

ഞാൻ മധ്യസ്ഥതയ്ക്ക് ചെന്നു. ഇല്ലേൽ ഇപ്പൊ ഈ പേരും പറഞ്ഞു രണ്ടൂടെ അടിയാവും. പപ്പുനേക്കാൾ ചെറുതാ ചില നേരത്ത് അച്ചു.

” മ്ച്ചും അമ്മ കിടന്നോ… വയ്യാണ്ടിരുന്നതല്ലേ? അവൻ കഴിക്കൊന്നും ഇല്ലമ്മേ… ചുമ്മാ… ഇല്ലേൽ എപ്പോഴേ കഴിക്കേണ്ടതാ…. ”

” എന്റെ വയ്യായ്ക ഒക്കെ മാറി. നീ ഇങ്ങ് തന്നോ… എന്നിട്ട് ഇവിടെ ഇരുന്ന് അവൻ തിന്നോ ഇല്ലയോ എന്ന് നോക്ക്. അമ്മൂമ്മേടെ രണ്ട് കഥ കേക്കുമ്പോ എന്റെ പപ്പൂസ് ഇത് മുഴുവൻ കഴിക്കും. ഇല്ലേടാ കുട്ടാ….? ”

എന്റെ പിറകിൽ ഇരുന്നവനെ മുന്നിലേക്ക് വലിച്ചിട്ട് കെട്ടിപ്പിടിച്ചു ഞാൻ. അവനും എന്നെ തിരികെ ചുട്ടിപ്പിടിച്ചു എന്റെ കവിളിൽ അമർത്തി മുത്തി.

അവധി ദിവസങ്ങളിൽ പപ്പുവിന് ചോറ് കൊടുക്കുന്നതൊക്കെ ഞാനാണ്. ഇന്നിപ്പോ എനിക്ക് വയ്യാഞ്ഞിട്ട് ആ ജോലി അച്ചു ഏറ്റെടുത്തതാണ്.

” എന്നാലൊന്ന് കാണട്ടെ…. എന്ത് മാജിക് ആണ് ഈ അമ്മൂമ്മ പ്രയോഗിക്കുന്നതെന്ന്…. ”

പാത്രം എന്റെ കയ്യിൽ തന്നിട്ട് അച്ചുവും ബെഡിൽ ഇരുന്നു.

ഞാൻ പപ്പുനെ എന്റെ അടുത്ത് പിടിച്ചിരുത്തി. കറികളൊക്കെ കൂട്ടി കുഴച്ചു ചോറ് ഉരുളകളാക്കി വച്ചു.

എന്നിട്ട് രാമായണ കഥ പറഞ്ഞു തുടങ്ങി.

” അമ്മൂമ്മേ… രാമായണം മുഴുവൻ വേണ്ട. ബാലീം സുഗ്രീവനും മാത്രം മതി. എന്നാലേ ഞാൻ കഴിക്കൂ… ”

ആദ്യത്തെ ഉരുള വായിലേക്ക് കൊണ്ട് ചെന്നപ്പോ തല വെട്ടിച്ചു കൊണ്ടവൻ ഡിമാൻഡ് വച്ചു.

ഞാൻ ആ കഥ പറഞ്ഞു തുടങ്ങി. ആംഗ്യം ഒക്കെ കാണിച്ചു, ശബ്ദം കൂട്ടിയും കുറച്ചും, മുഖത്ത് ഭാവങ്ങൾ വരുത്തിയും ഞാൻ കഥ പറയുന്നത് പപ്പുനേക്കാൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നുണ്ട് അച്ചു. അഞ്ച് മിനിറ്റ് ആയിക്കാണില്ല… ഒരു രണ്ടുരുള ചോറ് പപ്പു കഴിച്ച് കാണും…

” നിക്ക് നിക്ക്… ഒരഞ്ചു മിനിറ്റ്…. ”

അച്ചു കൈ എടുത്തു വിലക്കിക്കൊണ്ട് ചാടി എണീറ്റു.

” ഇപ്പൊ കൊടുക്കല്ലേട്ടാ…. ഞാൻ കൂടെ വന്നിട്ടേ കൊടുക്കാവൂ… ”

അടുക്കളയിലേക്ക് ഓടും വഴിയവൾ വിളിച്ചു കൂവി.

അഞ്ച് മിനിറ്റ് തികച്ചായിട്ടുണ്ടാവില്ല, ഒരു പ്ളേറ്റിൽ ചോറുമായിട്ട് അവളും വന്നു. നേരത്തെ ഇരുന്ന പോലെ ബെഡിൽ ഇരിപ്പായി.

” ഹാ… ഇനി പറഞ്ഞോ…. ”

പ്ളേറ്റിൽ നിന്നും ചോറ് കുഴച്ചുരുട്ടി വായിലേക്ക് ഇട്ട് കൊണ്ട് അവളും ഞങ്ങൾക്കൊപ്പം കഥ കേൾക്കാൻ ഇരുന്നു. അവളിങ്ങനെ ആണ്. വിശന്നാൽ ആരെയും കാത്തിരിക്കുന്ന പരിപാടി ഒന്നുമില്ല.

” വെറുതെ അല്ല പപ്പുന് അമ്മൂമ്മേടെ കഥ കേൾക്കാൻ ഇത്ര ഇഷ്ടം. സത്യം പറയാല്ലോ? കഴിച്ചെഴുന്നേക്കണത് അറിയത്തെ ഇല്ല കേട്ടോ…? അമ്മ ഒരു സംഭവം തന്നെ….! ”

സ്വന്തം പ്ളേറ്റിൽ അവസാനിച്ച ഒന്ന് രണ്ട് വറ്റ് വിരൽ കൊണ്ട് നുള്ളിയെടുത്ത് വായിലേക്കിട്ട് കൊണ്ട് അവൾ പപ്പുവിന്റെ ഒഴിഞ്ഞ പ്ളേറ്റിലേക്ക് എത്തി നോക്കി.

” പിന്നെന്താ നീ കരുതിയെ? ”

ഞാൻ ഇല്ലാത്ത കോളർ ഒന്ന് പൊക്കി കാണിച്ചു കൊണ്ട് രണ്ട് പുരികവും താളത്തിൽ ഉയർത്തി. അവളത് കണ്ട് ചിരിച്ചു.

” ഉണ്ണി എവിടെ? ”

എന്റെ കയ്യിൽ നിന്നും കൂടി പ്ളേറ്റ് വാങ്ങി അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയവളോടായി ഞാൻ ചോദിച്ചു.

” സൺ‌ഡേ വാഷിംഗ്‌ മെഷീൻ അവിടെ തുണി അലക്കുന്നു…. ”

അവളൊന്നു തിരിഞ്ഞ് നിന്നു ചിരിച്ചു.

കഴിഞ്ഞ ഒരു മാസമായിട്ട് വാഷിംഗ്‌ മെഷീൻ പണി മുടക്കിലാണ്.
വാങ്ങിയിട്ട് ഒരു വർഷം ഒക്കെയേ ആകുള്ളൂ… പുതിയത് വാങ്ങേണ്ട അത് തന്നെ നന്നാക്കി എടുക്കാം എന്നാണ് അച്ഛനും മോനും കൂടി പറയുന്നത്. നന്നാക്കി കിട്ടാൻ ഇനിയും പിടിക്കും ഒരാഴ്ച കൂടി.
അത് കൊണ്ട് ഓരോ സൺ‌ഡേയും ഇവര് രണ്ടാളും മാറി മാറി തുണി അലക്കും.

” നീ എന്റെ കൊച്ചിനെ അലക്ക്കാരനാക്കി ഇല്ലേ? ”

ഞാൻ ചിരിയോടെ ചോദിച്ചതും അവൾ കീഴ്ച്ചുണ്ടു പുറത്തേക്കുന്തി കൊണ്ട് കണ്ണ് ചുരുക്കി എന്നെ നോക്കി.

” കഴിഞ്ഞ ആഴ്ച ഞാൻ അലക്കിയപ്പോ അമ്മയ്ക്ക് ഈ സങ്കടം ഇല്ലായിരുന്നല്ലോ? മോൻ അലക്കിയപ്പോ സങ്കടം അല്ലേ? ”

എന്നൊരു പറച്ചിലും….

എനിക്ക് ചിരി പൊട്ടിപ്പോയി.

” എന്റെ പൊന്ന് കുഞ്ഞേ…. ഞാൻ ചുമ്മാ പറഞ്ഞതല്ലേ? നീയും എന്റെ മോള് തന്നാ….. ”

” അങ്ങനാണോ? ”

പോകാൻ ഒരുങ്ങിയവള് പിന്നെയും വന്ന് ബെഡിലേക്ക് ഇരുന്നു.

” എന്നാ പറ ഞങ്ങളിൽ ആരോടാ ഏറ്റവും ഇഷ്ടം? ”

അടിപൊളി…!

” അതിപ്പോ… നിന്റെ രണ്ട് കൈകളിൽ ഏതിനോടാ അച്ചൂന് കൂടുതൽ ഇഷ്ടം? ”

അവളൊന്നു ആലോചിച്ചു.

” വിശന്നിരിക്കാൻ പറ്റില്ലല്ലോ? അപ്പൊ ചോറ് കഴിക്കണം… അതിന് വലത് കൈ വേണം… ആഹാരം കഴിച്ചാൽ സ്വഭാവികമായിട്ടും ഇടത് കയ്യുടേം ആവശ്യം വരുമല്ലോ? ഏത്? ”

അവളെന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.

” അങ്ങനെ നോക്കുമ്പോ രണ്ട് കയ്യും ഒരുപോലെ ഇമ്പോര്ടന്റ്റ്‌ തന്നെയാണ്…. ”

ഈ പെണ്ണ്…!
ഞാൻ മൂക്കിന് താഴെ വിരൽ കൊണ്ടൊന്നു ഉരസി ചിരി ഒതുക്കി.

” അപ്പൊ രണ്ട് കയ്യും അച്ചുമ്മയ്ക്ക് ഒരുപോലെ അല്ലെ? അത് പോലെയാണ് എനിക്ക് നിങ്ങളും…. നിങ്ങൾ എനിക്ക് എന്റെ രണ്ടുകൈകൾ പോലെയാണ്. ”

പറഞ്ഞു നിർത്തിയതും വന്നു അടുത്ത ചോദ്യം.

” എന്നാപ്പറ ഞാൻ ഇടതു കൈയ്യാണോ വലത് കയ്യാണോ? ”

പെട്ടില്ലേ? ഈ പെണ്ണിന് ഇത് എവിടുന്ന് കിട്ടുന്നോ ഇങ്ങനുള്ള കുരുട്ട് ചോദ്യങ്ങൾ ഒക്കെ…

ഇടത് കൈ ആണെന്ന് പറയാൻ പറ്റോ? അത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നവൾ നേരത്തെ പറഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട്. ഇനി ഇടതു കൈ ഉണ്ണി ആണെന്ന് പറയാമെന്നു വച്ചാൽ അതിനും പറ്റുന്നില്ല… അമ്മാതിരി കാര്യം ആണല്ലോ നേരത്തെ ആശാത്തി പറഞ്ഞ് വച്ചത്.

” കയ്യല്ല…. കയ്യല്ല… കാല് കാല് … നിങ്ങൾ എനിക്കെന്റെ രണ്ട് കാലുകൾ പോലെയാണ്…! ഇപ്പോ ശെരിയായില്ലേ? ”

ഒടുവിൽ ഞാൻ ഒപ്പിച്ചു.

” ഫീകരീ… ഫയങ്കര ഫുത്തി തന്നെ….! ”

അവളിരുന്ന് പൊട്ടിച്ചിരിച്ചതും ഞാനാ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു. എനിക്കും ചിരി വരുന്നുണ്ട്. പപ്പു കിടന്ന് തലയറഞ്ഞു ചിരിക്കുന്നുണ്ട്. എന്ത് മനസ്സിലായിട്ടാണാവോ?

” അല്ല… വൈകിട്ടെന്താ പരിപാടി? ”

ചൂണ്ടു വിരലും തള്ള വിരലും ഒരല്പം അകത്തി പിടിച്ചു ഒരു കണ്ണിറുക്കി മദ്യപാനികളുടെ സ്റ്റൈലിൽ എന്നോട് ചോദിക്കുന്നവളെ ഞാൻ കണ്ണുരുട്ടി നോക്കി.

ഒരമ്മയോട് മകള് ചോദിക്കുന്ന ചോദ്യം നോക്കണേ….!?

അപ്പോഴാണെന്ന് തോന്നുന്നു അവൾക്കും കാര്യം കത്തിയത്.

” ഹെയ്… ഇത് ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല… ഞാൻ അത്തരക്കാരി നഹി നഹി. ”

” ഉവ്വ… എനിക്കറിയാം.. അതല്ലേ ഫ്രിഡ്ജിനകത്തു ആ സാധനം ഇരിക്കുന്നത്? ”

” അയ്യോ… അതെന്റെ ലിസാമ്മ ഉണ്ടാക്കിയ നല്ല ഒന്നാന്തരം മുന്തിരി വൈൻ ആണ്. അല്ലാതെ കാപ്പിരി കൂപ്പിരി ബിയറും റമ്മും ഒന്നുമല്ല… ”

” മ്മ്…. മ്മ്…. ”

ഞാൻ ഒന്ന് കനത്തിൽ മൂളി.

” ഇപ്പൊ അതല്ലല്ലോ കാര്യം? വൈകിട്ട് എന്താ പരിപാടീന്നല്ലേ? ”

” വൈകിട്ട് എന്ത് പരിപാടി? ”
ഞാൻ അന്തംവിട്ടു.

” അമ്മയ്ക്ക് ഉവ്വാവൊക്കെ മാറിയോ? ”

കൊച്ച് പിള്ളേരെ പോലേ എന്റെ താടീൽ പിടിച്ചു കൊഞ്ചിച്ചു അച്ചുമ്മ.

” മാറിയെങ്കിൽ…? ”

ഞാൻ അത് ആസ്വദിച്ചു ചിരിയോടെ ഒരു പുരികം പൊക്കി.

” എന്നാ നമുക്കൊരു ട്രിപ്പ് അടിച്ചാലോ? എന്റെ വണ്ടീല്… ”

” നിന്റെ വണ്ടീലൊ? അപ്പോ അവരോ? ”

അച്ചുമ്മയ്ക്ക് ഒരു ടൂ വീലർ ഉണ്ട്.

” അവര് വേറെങ്ങാണ്ടോ പോകുന്നില്ലേ? ഉണ്ണി പറഞ്ഞുവല്ലോ? ഹരിയച്ഛൻ പറഞ്ഞില്ലേ? ”

” ഓഹ്… ഞാൻ അത് മറന്നു. ഹരിയേട്ടന്റെ ആ പഴയ ഫ്രണ്ട്ന്റെ മോളുടെ കല്യാണം അല്ലെ? ”

” ഹാ… അത് തന്നെ. അവരവിടെ പോയി ബുഫെ ഒക്കെ കഴിക്കുമ്പോ നമ്മൾ ഇവിടെ ഉണക്ക ചപ്പാത്തീം തിന്നിരിക്കാനോ? നോ വേ…. ഞമ്മക്കൊരു കറക്കം ഒക്കെ കറങ്ങി ഫുഡ്‌ ഒക്കെ കഴിച്ചിങ് പോരാന്നെ…. ”

ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ….

വീണ്ടും എഴുന്നേറ്റവൾ ഒന്ന് കൂടി തിരിഞ്ഞ് വന്നെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു.

” വായ കഴുകീട്ടില്ല…. എന്നാലും ഇതിരിക്കട്ടെ… ”

ഇളിച്ചു കാണിക്കുന്നുണ്ട് അച്ചുമ്മ. എന്തിനാണാവോ?

” എന്തിനാന്നോ? എന്റെ ഉണ്ണിയെ നല്ലൊരു മനുഷ്യനായിട്ട് വളർത്തിയതിന്…. ”

നിറഞ്ഞ സന്തോഷത്തോടെ അവളത് പറഞ്ഞപ്പോ എന്താണ് അവൾ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകാതെ നെറ്റി ചുളിച്ചു നോക്കി ഞാൻ….

🦋

🦋 മരുമകൾ 🦋 ( അവസാനഭാഗം )

 

ഉണ്ണിയെ ഞാൻ അത്യാവശ്യം ജോലികളൊക്കെ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ ആരും കൂടെ ഇല്ലെങ്കിലും അവനതൊരു ബുദ്ധിമുട്ടാകില്ല.

ഹരിയേട്ടനെക്കൊണ്ട് പറ്റാത്ത കാര്യമാണത്. ഒരു ദിവസം എനിക്ക് വയ്യാതായിപ്പോയാൽ ഹരിയേട്ടൻ ആകെ പെട്ട് പോകുമായിരുന്നു. അല്ലെങ്കിൽ വയ്യാത്ത ഞാൻ തന്നെ എഴുന്നേറ്റ് ഓരോന്നൊക്കെ ചെയ്യണം.
മിക്കപ്പോഴും അത് തന്നെയാണ് നടക്കാറ്.

ഇപ്പോഴും ആളിന് നേരാം വണ്ണം ഒരു ചായ തിളപ്പിക്കാൻ കൂടി അറിയില്ല.

പെണ്ണുങ്ങൾക്കും ആണുങ്ങൾക്ക് എന്ന് അമ്മ വേർതിരിച്ചു വച്ച കുറേ ജോലികളുണ്ട്. അതിൽ പെണ്ണുങ്ങളുടെ കാറ്റഗറിയിൽ ഉള്ളതൊന്നും അമ്മ ഹരിയേട്ടനെക്കൊണ്ട് ചെയ്യിക്കാറുണ്ടായിരുന്നില്ല. അന്ന് ശീലിക്കാത്തതൊക്കെ ചെയ്യാൻ ഇപ്പോഴും പുള്ളിക്കാരന് മടിയാണ്.

അടുക്കളയിൽ എന്തെങ്കിലും സഹായം ചെയ്യണമെങ്കിൽ ഒന്നുകിൽ എനിക്ക് വയ്യാതാകണം… അല്ലെങ്കിൽ സഹികെടും വരെ നിർബന്ധിക്കണം. പാത്രമൊക്കെ കഴുകിത്തരും. തേങ്ങ ചിരകാൻ വിളിച്ചാൽ ഉറപ്പായും കൈ മുറിച്ചിരിക്കും….

ചില ശീലങ്ങൾ ഒക്കെ എത്ര ശ്രമിച്ചാലും മാറ്റാൻ പറ്റില്ല എന്ന് കേട്ടിട്ടില്ലേ? ഹരിയേട്ടന്റെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയാണ്.

ഉണ്ണി ചെറുതായിരുന്നപ്പോഴൊക്കെ ഞാൻ പേടിച്ചിട്ടുണ്ട്. എനിക്ക് എന്തെങ്കിലും പറ്റിപോയാൽ ഇവരെങ്ങനെ ജീവിക്കുമെന്ന് ഓർത്തിട്ട്…

ജോലിക്കാരിയെ വയ്ക്കാമെന്ന് കരുതിയാലും ഹോട്ടൽ ഫുഡ്‌നെ ആശ്രയിച്ചാലും അതിനൊക്കെ ഒരു പരിധി ഇല്ലേ? ഞാൻ ഇല്ലാതായിപ്പോയാലും അവർക്കതൊരു ബുദ്ധിമുട്ടാകരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു.

അത് കൊണ്ടാണ് ഞാൻ ഉണ്ണിയെ എല്ലാം ശീലിപ്പിച്ചത്.

ഒറ്റയ്ക്ക് ഒരിടത്ത് പെട്ട് പോയാലും അവനെല്ലാം തനിയെ ചെയ്തോളും. അലക്കാനും, വീട് വൃത്തിയാക്കാനും, പാചകം ചെയ്യാനും ഒക്കെ അവനറിയാം. അവനതൊക്കെ അറിയാം എന്ന് പറയാൻ എനിക്കൊരു നാണക്കേടും ഇല്ല താനും. മറിച്ച് അഭിമാനം മാത്രമേ ഉള്ളൂ….

ഇപ്പൊ അച്ചു എന്നോട് പറഞ്ഞില്ലേ ആ വാചകം എന്നെ സംബന്ധിച്ചിടത്തോളം ഒരവാർഡ് ആണ്. ഒരമ്മ എന്ന നിലയിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച അവാർഡ്…..!

പക്ഷെ, ഒന്നുണ്ട്… ഹരിയേട്ടനും ഒരു നല്ല മനുഷ്യൻ തന്നെ ആയിരുന്നു. ഇന്നും ആണ്. മുകളിൽ പറഞ്ഞ ചില കാര്യങ്ങൾ മാറ്റാൻ കഴിഞ്ഞിട്ടില്ല എന്നതൊഴിച്ചാൽ ഹരിയേട്ടൻ എന്നെ സ്നേഹിച്ചിട്ടുണ്ട്. എന്നെ മനസ്സിലാക്കിയിട്ടുണ്ട്. എന്റെ ഭാഗ്യമാണ് ആ മനുഷ്യൻ.

എന്നോട് എങ്ങനെ ആയിരുന്നാലും ഹരിയേട്ടനെ എന്റെ അമ്മായിയമ്മ നല്ലൊരു മനുഷ്യനായി തന്നെയാണ് വളർത്തിയത്. അതിൽ സംശയം ഏതുമില്ല.

🦋

ഈ കളിയും തമാശയും മാത്രമല്ല കേട്ടോ… അച്ചു നല്ല ഒന്നാന്തരമായി പാചകവും ചെയ്യും. സാധാരണ ഞാനും അവളും ചേർന്നാണ് പാചകമൊക്കെ… ഇന്ന ആളെ കുക്ക് ചെയ്യൂ എന്നൊന്നും ഇല്ല. ചിലപ്പോ അച്ചു ആവും കുക്കിംഗ്‌. ഞാൻ ഹെൽപ്പറും… ചിലപ്പോ ഞാൻ കുക്ക് ചെയ്യും അവൾ എന്നെ ഹെല്പ് ചെയ്യും.

അച്ചു ഉണ്ടാകുന്ന ചില ഡിഷസ് ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. തിരിച്ചും…. ഞങ്ങൾ അത് പരസ്പരം പറയാറുമുണ്ട്.

ഇനി ഞങ്ങൾക്ക് രണ്ടാളിൽ ആർക്കെങ്കിലും വയ്യെങ്കിലോ, അന്ന് ഹെൽപ്പറിന്റെ സ്ഥാനം ഉണ്ണിക്കാവും. അന്നേ ദിവസങ്ങളിൽ അവൻ രാവിലെ എഴുന്നേൽക്കും. പച്ചക്കറി നുറുക്കുന്നത് ഉൾപ്പെടെ എല്ലാ സഹായവും ചെയ്തു തരും. അത് എനിക്കായാലും അവൾക്കായാലും….

അല്ലാത്ത ദിവസങ്ങളിൽ ഉണ്ണീടെ ഡ്യൂട്ടി പപ്പുവിനെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് ആഹാരം കൊടുത്ത് സ്കൂൾ പോകാൻ തയാറാക്കുക എന്നുള്ളതാണ്.

ഈ വീട്ടിൽ രണ്ട് പേര് ജോലിക്കാരാണ്. അതും നല്ലൊരു തുക സാലറി വാങ്ങുന്നവർ… എനിക്കും ഹരിയേട്ടനും പെൻഷൻ തുകയും കിട്ടുന്നുണ്ട്. എന്നിട്ടും ഇവിടെ ഒരു ജോലിക്കാരി ഇല്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല.

മൂന്നാൾക്ക് ചോറ് കെട്ടേണ്ടത് ഉള്ളത് കൊണ്ട് ആഹാരത്തിന്റെ പണിയൊക്കെ നേരത്തെ കഴിയും. അവര് മൂന്നും പോയിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾ രണ്ടാളല്ലേ ഉള്ളൂ…?

ബ്രെക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞിട്ട് ഞങ്ങൾ രണ്ടും കൂടി പറമ്പിലേക്കിറങ്ങും.

അവിടെ ഹരിയേട്ടൻ ചെറിയ രീതിയിൽ കൃഷി ഒക്കെ ചെയ്യുന്നുണ്ട്. പച്ചക്കറിയും മരച്ചീനിയും കുറച്ചു കുറ്റി കുരുമുളകും അങ്ങനെ ഒക്കെ….

അതിനെയൊക്കെ തൊട്ടും തലോടിയും വെള്ളമൊഴിച്ചും, കാറ്റും കൊണ്ട് കഥയും പറഞ്ഞു ഞങ്ങൾ അങ്ങനെ നിൽക്കും… നടക്കും…

ഞങ്ങളിടം…. ഞാനും ഹരിയേട്ടനും മാത്രമായിടം. എന്ത് രസമാണെന്നോ? നേരം പോകുന്നത് കൂടി അറിയില്ല.

ഏതാണ്ട് ഉച്ചയോടടുപ്പിച്ച് ഒരുമിച്ചു കയ്യും പിടിച്ചു വീട്ടിലേക്ക് തിരികെ കയറി വരുന്നേരം , ഇന്നും ഞങ്ങളുടെ പഴയ സ്നേഹത്തിന് ഒരു തുള്ളി പോലും കുറവ് വന്നിട്ടില്ലല്ലോ എന്ന് ഓർക്കുമ്പോ ആ കയ്യിൽ ഒന്ന് കൂടി അമർത്തി പിടിച്ചു പോകും ഞാൻ….

ഹരിയേട്ടൻ ഹാളിലെ സോഫയിൽ ഇരുന്ന് പത്രം നിവർത്തി വായന തുടങ്ങുമ്പോ ഞാൻ വീടൊക്കെ ഒന്ന് തൂത്തിടും… അപ്പോഴേക്കും ഉച്ചയൂണിന് നേരമാവും.

ഒരുമിച്ചിരുന്ന് ആഹാരം കഴിക്കും. ചിലപ്പോഴൊക്കെ ഒരു പാത്രത്തിൽ തന്നെ ഞാൻ രണ്ടാൾക്കും വിളമ്പി എടുക്കും. ഞാൻ തന്നെ ഹരിയേട്ടനും വാരിക്കൊടുക്കും…

ഇടയ്ക്ക് ചോറ് വായിലാക്കുന്ന കൂട്ടത്തിൽ എന്റെ വിരൽത്തുമ്പിൽ കടിച്ച് കണ്ണിറുക്കി ഒരു കള്ളച്ചിരി ചിരിക്കും… പണ്ടത്തെ പോലെ തന്നെ …..

പണ്ടും അതേ…. അമ്മ കാണാതെ എത്രയോ വട്ടം ചോറുലുളയ്ക്ക് വേണ്ടി എന്റെ മുന്നിൽ വാ പൊളിച്ചു ഇരുന്നിട്ടുണ്ട്. അന്നും ഇത് പോലെ വിരൽ തുമ്പിൽ കടിക്കും…. കണ്ണിറുക്കി ചിരിക്കും….

അന്നത്തെ അതേ ഹരിയേട്ടനാണ് എന്റെ മുന്നിൽ ഇരിക്കുന്നതെന്ന് തോന്നും എനിക്ക്…
മുടി കുറച്ചു നര വീണിട്ടുണ്ട്. അല്പം ക്ഷീണിച്ചിട്ടുണ്ട്… അതൊഴിച്ചാൽ ഒരു മാറ്റവുമില്ല….

ഞാൻ അരികിലേക്ക് ചെന്ന് ആ കവിളിൽ അമർത്തി ചുംബിക്കും. തിരികെ എനിക്കും കിട്ടും ഒരെണ്ണം…. കാമം കലരാത്ത പ്രണയം മാത്രം നിറച്ച ചുംബനങ്ങൾക്ക് തേൻ മധുരമാണ്…..! ആ സ്വാദ് അനുഭവിച്ചു തന്നെ അറിയണം.

പ്രായം ഏറും തോറും പ്രണയത്തിന്റെ മാറ്റ് കുറയുമെന്ന് പറയുന്നത് വെറുതെയാണ്. പ്രായമാവുമ്പോൾ പ്രണയത്തിനു മാധുര്യം ഏറുകയാണ് ചെയുന്നത്. കാരണം… വാർദ്ധക്യത്തിലെ പ്രണയം ഹൃദത്തിനുമപ്പുറം ആത്മാവുകൾ തമ്മിലാണ്.

ഞങ്ങൾ അങ്ങനെ വൈകുന്നേരം വരെ കളി പറഞ്ഞും കഥ പറഞ്ഞും കാര്യം പറഞ്ഞും ഇരിക്കുമ്പോഴേക്കും പപ്പുവിന്റെ സ്കൂൾ ബസ് എത്തും… പിന്നെ അവന് പിറകെയാണ്. അഞ്ചരയോടെ ഉണ്ണിയും അച്ചുവും എത്തും… അതോടെ ഒച്ചപ്പാട് കൂടും… രാത്രി ആകുന്നത് അറിയുകയേ ഇല്ല.

രാത്രിയിലെ ഫുഡ്‌ ഒക്കെ അച്ചുവും ഉണ്ണിയും കൂടി തയാറാക്കും. അന്നേരം എനിക്ക് റസ്റ്റ്‌ ആണ്.

ശനിയാഴ്ചയാണ് ക്ലീനിങ് ഡേ….
വീടും പരിസരവും തൂത്ത് തുടച്ച് വൃത്തിയാക്കുന്ന ദിവസം.

ഞാനും അച്ചുവും മാത്രമല്ല കേട്ടോ… ഞങ്ങൾ നാലാളും കൂടി ഒരുമിച്ചങ്ങു വൃത്തിയാക്കും….

ഒരാള് തറ തുടയ്ക്കുമ്പോ, അടുത്ത ആള് സോഫയിലെയും ടി വി യിലെയും ഷോ പീസ്കളിലെയും ഒക്കെ പൊടി തുടച്ച് വൃത്തിയാക്കാകും, മറ്റൊരാള് ജനാലയും വാതിലും ഒക്കെ തുടയ്ക്കും. പലപ്പോഴും ഫ്ലോർ ക്ലീനിങ് എനിക്കും അച്ചുവിനുമാണ്. ഹരിയേട്ടനും ഉണ്ണിയും കൂടി ബാക്കി പൊടി തുടപ്പ് പരിപാടികൾ ഒക്കെ ചെയ്യും… എന്തിന് നമ്മുടെ ഇത്തിരിപ്പോന്ന പപ്പുക്കുട്ടന് വരെ ഞങ്ങള് പണി കൊടുക്കും.

അവൻ ചെയ്യുന്ന പണി ഞങ്ങൾക്ക് ‘പണി’ ആകാറുണ്ടെങ്കിലും അതും ചിരിക്കാനുള്ള വകയാണ്.

” അവനും പണി എടുക്കട്ടെ അമ്മാ… അവനും ഉണ്ണിയെപ്പോലെ മിടുക്കനായിട്ട് വളരട്ടെ ” എന്ന് അച്ചുമ്മയും പറയും…

പണി തുടങ്ങുമ്പോഴേ ഉണ്ണിയും ഹരിയേട്ടനും കൂടി പാട്ട് തുടങ്ങും….

‘കുട്ടനാടൻ പുഞ്ചയിലെ’ എന്ന വഞ്ചിപാട്ടിൽ തുടങ്ങി ഏതൊക്കെയോ പാട്ടുകളിലൂടെ പോയി ഒടുവിൽ

യോദ്ധയിലെ

‘ പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ.. ‘ യിൽ അവസാനിക്കും.

എന്റെ ദൈവമേ ആ പാട്ട് തുടങ്ങുമ്പോഴേ അച്ഛനും മോനും മോഹൻലാലും ജഗതിയും ആകും. ഹരിയേട്ടനും ഉണ്ണിയും പപ്പൂസും കൂടി പിന്നെയൊരു മേളമാണ്. ഞങ്ങൾ ചിരിച്ച് മറിയും.

ഏറ്റവും ഒടുവിൽ പപ്പൂസിനെ ഉടുപ്പിക്കുന്ന കുഞ്ഞി തോർത്ത്‌ ഊരി അവന്റെ തന്നെ തലയിൽ കെട്ടി കൊടുക്കുന്നതോടെ എല്ലാം ശുഭം…!

അതൊക്കെ കഴിഞ്ഞ് എല്ലാരും കൂടി അടുക്കളയിലേക്ക് കയറും. അവിടെയും ഒരു മേളം ആയിരിക്കും…. ആ സമയം ഹരിഏട്ടന് റസ്റ്റ്‌ ആണ്. പുള്ളിക്കാരന് അടുക്കളപ്പണി അലർജി ആണല്ലോ?
പക്ഷെ ഒരാളിനെ മാത്രം അങ്ങനെ എസ്‌കേപ്പാൻ വിടാൻ പറ്റില്ലാലോ? അത് കൊണ്ട് അന്നത്തെ പാത്രം കഴുകൽ പരിപാടി മുഴുവൻ ഹരിയേട്ടന്റെ തലയിൽ ഇട്ട് കൊടുക്കും ഞങ്ങൾ….

അങ്ങനെ ചിരിയും കളിയും മേളവുമായിട്ട് ഞങ്ങളുടെ പണികളൊക്കെ അവസാനിക്കും. ഒരുമിച്ചു പണി ചെയ്‌താൽ അത് തുടങ്ങുന്നതോ തീരുന്നതോ അറിയില്ല. ഏത് ജോലിയും ഈസിയായിരിക്കും…
അനുഭവമാണ്.

ഒരുമിച്ചിരുന്ന് ആഹാരം കഴിക്കും. അത് കഴിഞ്ഞ് കുറച്ചു നേരം വട്ടം കൂടിയിരുന്ന് അന്താക്ഷരി കളിക്കും.

പിന്നെ ക്ഷീണം തീർക്കാൻ വേണ്ടി ഹാളിൽ തന്നെ ഷീറ്റ് വിരിച്ച് അഞ്ച് പേരും കൂടി അതിൽ നിരന്നു കിടന്നങ്ങ് ഉറങ്ങും.

അന്ന് വൈകിട്ട് ചിലപ്പോ അവര് മൂന്നാളും കൂടി എവിടേലും കറങ്ങാൻ പോയാലാ യി. ഞങ്ങൾ ഒഴിയും…. അവരും നിർബന്ധിക്കില്ല.

സൺ‌ഡേ ഔട്ടിങ് ഡേയാണ്. ചിലപ്പോ രാവിലെ ഇറങ്ങും അല്ലെങ്കിൽ ഉച്ചയ്ക്ക് ശേഷം. അന്ന് പിള്ളേര് ഞങ്ങളേം കൂടി കൊണ്ട് പോകും. വരുന്നില്ല എന്ന് പറഞ്ഞാലും കേൾക്കില്ല. കുത്തി പൊക്കി കൊണ്ട് പോകും….
ഒരുമിച്ചുള്ള യാത്രകളും രസകരമാണ്. ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ അതുപകരിക്കും എന്നതിൽ സംശയമില്ല.

ചില സൺ‌ഡേയ്‌സിൽ അച്ചുന്റെ വീട്ടിലേക്ക് പോകും. അവർ മാത്രമല്ല. ഞങ്ങൾ എല്ലാരും. ചിലപ്പോ അവരൊക്കെ ഇങ്ങോട്ട് വരും. ഞങ്ങൾ രണ്ട് കുടുംബമല്ല. ഒരു കുടുംബമാണ്. അങ്ങനെയേ ഞങ്ങളും അവരും കരുതിയിട്ടുള്ളൂ….

അച്ചു അവളുടെ വീട്ടിൽ പോയി നിക്കുമ്പോ ഞാൻ ഉണ്ണിയേം കൂടി പറഞ്ഞു വിടും. അതും നിന്റെ വീടാണെന്ന് പറയും. അവരും നിന്റെ അച്ഛനമ്മമാരാണെന്ന് പറയും. എനിക്ക് ഉണ്ടായ വിഷമം അച്ചുവിന് ഉണ്ടാകരുത് എന്ന് എനിക്ക് നിർബന്ധമാണ്. . ഉണ്ണിയത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്യും.

🦋

അച്ചുമ്മയുടെ കൂടെ അവളുടെ ആട് വണ്ടിയിൽ കയറി. പപ്പുവിനെ നടുക്കിരുത്തി.

” വഴി പറഞ്ഞു തരണം കേട്ടോ അമ്മാ… ”

ഹെൽമറ്റ് എടുത്തു വൈക്കുന്നേരം അച്ചു പറഞ്ഞു. എവിടേയ്ക്കാണ് പോകുന്നതെന്ന് കൂടി അവള് പറഞ്ഞിട്ടില്ല എന്നോർക്കണം. എന്നിട്ട് ഞാൻ വഴി പറഞ്ഞു കൊടുക്കണമത്രേ….

അവൾ എവിടെയാകും പോകുന്നത് എന്ന് എനിക്കറിയാം. എനിക്കത് അറിയാമെനന്ന് അവൾക്കും അറിയാം….

ലെഫ്റ്റും റൈറ്റും പറഞ്ഞു കൊടുത്ത് ഒടുവിൽ ഞാനും അവളും ഉദ്ദേശിച്ചിടത്ത് തന്നെ വണ്ടി നിന്നു. കടലിന്റെ ഇരമ്പൽ കേട്ടപ്പോഴേ പപ്പു തുള്ളി ചാടി.

” ആദ്യം സ്റ്റോൺ ബെഞ്ചിൽ ഇരുന്ന് ഐസ് ക്രീം കഴിച്ചിട്ട് കടലിൽ ഇറങ്ങണോ? കടലിൽ ഇറങ്ങീട്ട് സ്റ്റോൺ ബെഞ്ചിൽ ഇരുന്ന് ഐസ്ക്രീം കഴിക്കണോ? ”

എന്റേം പപ്പുന്റേം ഹെൽമെറ്റ്‌ കൂടി വാങ്ങി സ്കൂട്ടിയുടെ ഹാൻഡിലിൽ തൂക്കി ഇട്ട് കൊണ്ട് അച്ചു എന്നെ നോക്കി പുരികം പൊക്കി.

” എങ്ങനെ ആയാലും ഐസ്ക്രീം നിർബന്ധമാണല്ലേ? ”

” അത് ചോദിക്കാനുണ്ടോ? ഐസ്ക്രീം ഇല്ലാതെ നമുക്കെന്ത് ആഘോഷം.? ”

” എന്നാൽ പോയി ഐസ് ക്രീം വാങ്ങീട്ട് വാ.. ഞാൻ അതും കഴിച്ചിട്ട് ഇവിടെ ഇരുന്നോളാം. നിങ്ങൾ കടലിൽ ഒക്കെ ഇറങ്ങി പതിയെ വന്നാൽ മതി. ”

ഞാൻ അടുത്ത് കണ്ടൊരു സ്റ്റോൺ ബെഞ്ചിൽ ഇരിപ്പായി.

” അയ്യടി… ഇവിടെ വരെ വന്നിട്ട് കടലിൽ ഇറങ്ങാതിരിക്കാനോ? നടന്നത് തന്നെ….! ”

അച്ചുമ്മ എന്റെ കയ്യിൽ പിടിച്ചു വലിച്ചു. മറുകയ്യിൽ പപ്പുവും….

” പോയേ പിള്ളേരെ… നിങ്ങള് പോയി കളിക്ക്. കൊച്ച് പിള്ളേരാ തിരയിൽ ഒക്കെ കളിക്കാ… അല്ലാതെ എന്നെപ്പോലെ വയസായവരല്ല… ”

ഞാൻ പറഞ്ഞൊഴിയാൻ നോക്കി.

” അയ്യാ… വയസായി പോലും… കണ്ടാൽ എന്റെ അനിയത്തി ആണെന്നെ പറയൂ…… എന്നിട്ടും എന്റെ അമ്മൂമ്മ ആണെന്നാ ഭാവം.
വഴിയിൽ കൂടെപോകുന്ന ചെക്കന്മാരെങ്ങാനും ഈ ഗ്ലാമർ കണ്ടിട്ട് കമെന്റ് അടിക്കുകയോ, കേറി i w പറയോ ചെയ്‌താൽ ഹരിയച്ചനോട് എന്ത് സമാധാനം പറയുമെന്നോർത്താ ഞാൻ അമ്മേടെ കൂടെ നടക്കുന്നത് തന്നെ… എന്നിട്ട് വയസായിപ്പോയിന്ന്…
ഇങ്ങോട്ട് വന്നെ… ”

അവളെന്റെ കയ്യും പിടിച്ചു കടലിലേക്ക് നടന്നു.

മുട്ടോളം നനഞ്ഞാണ് കരയിലേക്ക് കയറിയത്. പപ്പുനേം വിളിച്ചു സ്റ്റോൺ ബെഞ്ചിലേക്ക് ചെന്നിരുന്നപ്പോ അച്ചു ഐസ്ക്രീം വാങ്ങാനായി പോയി.

” രണ്ടാളും എപ്പോ വരും? ”

ചുവപ്പ് മാറി ഇരുണ്ട് തുടങ്ങിയ കടലിലേക്ക് നോക്കി ഐസ് ക്രീം നുണഞ്ഞിരിക്കുമ്പോ ഞാൻ അച്ചുവിനോട് ചോദിച്ചു.

” മനസ്സിലായി അല്ലേ? ”

അവളൊരു ചമ്മിയ ചിരിയോടെ എന്നെ നോക്കി.

” പിന്നെ മനസ്സിലാവാതെ? ഞാൻ നിങ്ങളെ ഇന്നോ ഇന്നലെയോ കാണുന്നതല്ലല്ലോ? ”

ഞാൻ ചിരിച്ചു.

” ഇപ്പൊ വരും… ”

അച്ചു പറഞ്ഞതും രണ്ടാളും കൂടി നടന്നെത്തിയിരുന്നു.

ഹരിയേട്ടൻ എന്റെ അടുത്തും ഉണ്ണി അച്ചുന്റെ അടുത്തുമായിട്ട് ഇരുന്നു.

” മൂന്നും കൂടി എന്തോ ഒപ്പിക്കുന്നുണ്ട് എന്നെനിക്ക് അറിയാം. എന്താത്? ”

ഞാൻ ഹരിയവട്ടന്റെ കയ്യിൽ ഒന്ന് നുള്ളി ആളിനെ കൂർപ്പിച്ചു നോക്കി പതിയെ ചോദിച്ചു.

” പറയാൻ പറ്റില്ല. സർപ്രൈസ് ആ…. ”

ആളും അത് പോലേ തല കുനിച്ച് വന്ന് രഹസ്യം പറഞ്ഞു.

പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല. ചോദിച്ചിട്ടും കാര്യമൊന്നുമില്ല. മൂന്നും ഒരു കെട്ടാണ്.

ഉണ്ണി അച്ചുനേം പപ്പുനേം കൂട്ടി വീണ്ടും കടലിലേക്ക് ഇറങ്ങി. ഹരിയേട്ടന് ഇറങ്ങണ്ട എന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ അവിടെ തന്നെ ഇരുന്നതേയുള്ളൂ….

മൂന്ന് പേരും കടലിൽ കളിക്കുന്നത് ഇപ്പോളൊരു നിഴലു പോലേ കാണാനൊക്കുന്നുള്ളൂ…. അതും നോക്കി അങ്ങനെ ഇരിക്കുന്നേരം ഞാൻ ഹരിയേട്ടന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചു. ഹരിയേട്ടൻ വലം കൈ എന്റെ പിറകിലൂടെ തോളിൽ എടുത്തു വച്ചു ഒന്നുകൂടി എന്നോട് ചേർന്നിരുന്നു.

” അച്ഛനും അമ്മയും ഒക്കെ ചേർന്ന് നമ്മളും ഇത് പോലെ സന്തോഷിക്കേണ്ടതായിരുന്നു അല്ലെ ദേവൂ? ”

ഒരു നെടുവീർപ്പിന്റെ അകമ്പടിയോടെ ഹരിയേട്ടനത് പറഞ്ഞപ്പോ ഞാൻ മുഖം ഉയർത്തി ആളിനെ നോക്കി. മക്കളെത്തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകളിൽ ഞാനൊരു നഷ്ടബോധം കണ്ടു.

” എല്ലാ മനുഷ്യരും ഒരുപോലെ അല്ലാലോ ഹരിയേട്ടാ…. ഞാനും അന്ന് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ?

അച്ചു പറയും പോലേ ഇന്നലെകൾ മറന്ന് കളയാം നമുക്ക്…. ഇന്നിൽ ജീവിക്കാം.

വാർദ്ധക്യത്തിൽ അല്ലെ പലർക്കും സന്തോഷം കിട്ടാത്തത്. ഇന്ന് നമുക്ക് അത് ആവോളം കിട്ടുന്നില്ലേ? അത് മതി. അതെന്നും മായാതിരുന്നാൽ മതി. നമ്മുടെ മക്കൾ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി. ”

ഹരിയേട്ടന്റെ കയ്യിൽ മുറുകെ പിടിച്ചു ഞാൻ പറയവേ ആളുമൊന്ന് പതിഞ്ഞു മൂളി… അത് മതി എന്ന് പറയും പോലേ…

” നമ്മുടെ വീടിന്റെ ഐശ്വര്യം അവളാണ് അല്ലെ ഹരിയേട്ടാ? നമ്മുടെ മരുമകൾ….! അച്ചുമ്മ… ”

ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.

” മ്മ്…. അവള് മാത്രമല്ല ദേവൂ… നീയും… നിങ്ങൾ രണ്ടാളുമാണ് നമ്മുടെ വീടിനെ സ്വർഗ്ഗമാക്കുന്നത്. ”

ഞാൻ വെറുതെ ചിരിച്ചു.

” ചിരിക്കേണ്ട. നിനക്കറിയോ? നീയൊരു നല്ല അമ്മയാണ്, അമ്മൂമ്മയാണ്, അമ്മായിമ്മയാണ്…. ”

” അപ്പോ ഭാര്യ അല്ലെ? ”

ഞാൻ തല ചരിച്ചൊരു കള്ള നോട്ടം നോക്കി.

” അത് ഞാൻ പറഞ്ഞിട്ട് വേണോ നിനക്ക് അറിയാൻ? ”

ഹരിയേട്ടൻ പൊട്ടിച്ചിരിച്ചു. കൂടെ ഞാനും….

ഹരിയേട്ടൻ ഈ പറഞ്ഞതൊക്കെ നേരാണെങ്കിൽ അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്റെ അമ്മായിയോടാണ്. ഒരു ഭാര്യ, അമ്മ, അമ്മൂമ്മ, അമ്മായിയമ്മ എങ്ങനെ ആകരുത് എന്നെന്നെ പഠിപ്പിച്ചത് അവരാണ്….! അവരെപ്പോലെ ഒരിക്കലും ആകരുത് എന്നുള്ള തീരുമാനമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്.

🦋

ഒരു സിനിമയൊക്കെ കണ്ട് വീട്ടിൽ തിരികെ എത്തുമ്പോഴേക്കും മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു .

വീട് തുറന്ന് ഹാളിലേക്ക് കയറി ലൈറ്റ് തെളിയിച്ചതും അന്തിച്ചു നിന്ന് പോയി ഞാൻ. ഹാൾ ആകെ അലങ്കരിച്ചിരിക്കുന്നു.

” ഞങ്ങടെ ദേവുമ്മയ്ക്ക് പിറന്നാൾ ആശംസകൾ…. ”

അച്ചുവും ഉണ്ണിയും ഒരുമിച്ചെന്നെ കെട്ടിപിടിച്ചു.

ഞാൻ കണ്ണുകൾ ഉയർത്തി ഹരിയേട്ടനെ നോക്കി. കൈ കെട്ടി ചെറു ചിരിയോടെ എന്നെത്തന്നെ നോക്കി നിൽക്കുവാണ്.

ഇന്നെന്റെ അറുപതാം പിറന്നാളാണ്. ഞാനത് മറന്നേ പോയിരുന്നു.

ഇരുവരും അകന്ന് മാറുമ്പോൾ ഹരിയേട്ടൻ മുന്നോട്ട് വന്നു. ആളിന്റെ കയ്യിൽ കുറേ പ്രിന്റ്ഡ് പേപ്പർസ് ഉണ്ട്. അതെന്റെ കയ്യിലേക്ക് വച്ചു തന്നു.

” എന്റെ പിറന്നാൾ സമ്മാനം. ”

മക്കളുടെ മുന്നിൽ വച്ചെന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോൾ ആളിന് ലവലേശം ചമ്മൽ ഉണ്ടായിരുന്നില്ല. എനിക്കും….

ഞാൻ എന്റെ കയ്യിലെ പേപ്പറുകളിലേക്കും ഹരിയേട്ടന്റെ മുഖത്തേയ്ക്കും സംശയത്തോടെ നോക്കി.

” നിന്റെ കവിതകളാണ്. ഈ പബ്ലിഷേഴ്സ്ന്റെ ഒരു പുസ്തക മേള അടുത്ത മാസം നടക്കുന്നുണ്ട്. അതിന്റെ ഉൽഘാടനത്തിന് നിന്റെ കവിതകൾ പുസ്തകരൂപത്തിൽ പബ്ലിഷ് ചെയ്യാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. നന്നായി വായിച്ചു നോക്കി എന്തെങ്കിലും കറക്ഷൻ ഉണ്ടെങ്കിൽ പറയണം… ”

വിടർന്ന കണ്ണുകളോടെ ഞാൻ ഹരിയേട്ടനെ നോക്കി. ഒട്ടും വിശ്വാസം ഇല്ലാതെ….

മുൻപ് കവിത എഴുതുമായിരുന്നു. പിന്നീട് അതൊക്കെ വിട്ടു. റിട്ടയർ ആയ ശേഷമാണ് വീണ്ടും എഴുതാൻ തുടങ്ങിയത്. ഹരിയേട്ടനെ മാത്രം കാണിച്ചു കൊടുക്കും. പക്ഷെ ഇങ്ങനെ ഒന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

” മുൻപ് ഞാൻ നിന്നോട് പറഞ്ഞിരുന്നു. എഴുതൂ… നല്ലത് നമുക്ക് ബുക്ക് ആക്കാമെന്ന്. നീയത് മറന്ന് കാണും… ഞാൻ മറക്കില്ല. ”

ഒന്നും മിണ്ടാതെ ഞാൻ ആ മനുഷ്യനെ മുറുകെ കെട്ടിപ്പിടിച്ചു. മറ്റ് നാല് കൈകളും രണ്ട് കുഞ്ഞിക്കൈകളും ഞങ്ങളെ പൊതിഞ്ഞു. എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

മരുമകളോ അമ്മായിമ്മയോ മാത്രമല്ല കുടുംബത്തിലെ എല്ലാവരും പരസ്പരം സ്നേഹിക്കുമ്പോഴാണ് ബഹുമാനിക്കുമ്പോഴാണ് അംഗീകരിക്കുമ്പോഴാണ് അതൊരു കുടുംബമാകുന്നത്. ഇന്ന് ഇതൊരു കുടുംബമാണ്. കൂടുമ്പോൾ ഇമ്പമുള്ള കുടുംബം….!

🦋 🦋 🦋 🦋 🦋

( അവസാനിച്ചു )

ഇനി ഒരു തുടർച്ചയില്ല.

ഇത് പോലെ ഒരു കുടുംബം എവിടെ എങ്കിലും ഉണ്ടാകുമോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. പക്ഷെ ഉണ്ടായാൽ എന്ത് രസമായിരിക്കും അല്ലെ?

കല്യാണം കഴിഞ്ഞാലും മകൻ എന്റേത് മാത്രം ആകണം എന്ന് ചിന്തിക്കുന്ന അമ്മായിമാരും, ഭർത്താവ് എന്റെ മാത്രം സ്വന്തമാണെന്ന് ചിന്തിക്കുന്ന മരുമക്കളും ഇനി വേണ്ട.

ഒരാളും ആരുടേയും സ്വന്തം അല്ല. എനിക്ക് സ്വന്തമായത് ഞാൻ മാത്രമാണ്. എന്റെ ശരീരം എന്റെ ചിന്തകൾ ഇതൊക്കെയേ എനിക്ക് നിയന്ത്രിക്കാൻ പറ്റൂ… അപ്പൊ മറ്റൊരാൾ എന്റെ സ്വന്തം എന്ന് വാശി പിടിക്കുന്നതിൽ എന്തർത്ഥം?

പിന്നെ മറ്റൊന്ന്, ആരും ആരുടേയും അടിമ അല്ല എന്ന് മനസിലാക്കാൻ ശ്രമിക്കുക, ഓരോ മനുഷ്യരും വ്യത്യസ്തരാണെന്ന് തിരിച്ചറിയുക… ഇത്രയൊക്കെ മതി ഒരു കുടുംബത്തിൽ സന്തോഷം വരാൻ.

ഈ കഥയിൽ എപ്പോഴെങ്കിലും എന്റെ / എന്റെ സുഹൃത്തിന്റെ ജീവിതത്തിൽ ഇതൊക്കെ ഉണ്ടായിട്ടുള്ളതല്ലേ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ ഒരു വരി…. എനിക്കായിട്ട് എഴുതണം ട്ടോ….

മരുമകളുടെ കൂടെ ഇത് വരെ ഉണ്ടായിരുന്ന ഓരോരുത്തർക്കും നന്ദി. നല്ലൊരു കമന്റ് പ്രതീക്ഷിക്കുന്നു ട്ടോ.. 🥰❤️