രചന – അഞ്ജു തങ്കച്ചൻ
ചിന്മയി കോളേജിലേക്കിറങ്ങുന്നത് മേനക നോക്കി നിന്നു.അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
മാധവൻ രാവിലെ പണിക്കാർക്കൊപ്പം തൊടിയിലേക്കിറങ്ങിയതാണ്.
രാധേ…. മേനക ഉറക്കെ വിളിച്ചു.
ഞാനിവിടെയുണ്ടേ,എന്താ വിളിച്ചത്.
തിടുക്കത്തോടെ രാധ അടുക്കളയിൽ നിന്നിറങ്ങി വന്നു.
പണിക്കാർ പശുക്കൾക്കുള്ള പുല്ല് ചെത്തി വച്ചിട്ടുണ്ട്. നീയതൊക്കെ പോയി എടുത്തുകൊണ്ടു വാ…
ഞാൻ ഗോകുൽ മോന് ഭക്ഷണം കൊടുക്കുകയായിരുന്നു.
അത് ഞാൻ കൊടുത്തോളം. നീ ചെല്ല്
ശരി.
അവർ പറമ്പിലേക്കിറങ്ങി പോയതും.
മേനക ഫോണെടുത്ത് രഘുവിനെ വിളിച്ചു.
രഘൂ… അവൾ വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ട്.
ശരി അവളുടെ കാര്യം ഞാൻ ഏറ്റൂ…
അതല്ല രഘൂ… അവൾക്ക് ഒന്നും സംഭവിക്കരുത് ജീവനോടെ അവളെ എനിക്ക് വേണം രഘൂ.
എന്റെ കൈകൾ അവളുടെ ജീവനെടുക്കാൻ തരിക്കുന്നു. എനിക്ക് വേണം രഘൂ അവളെ. നീയവളെ നമ്മുടെ പഴയ വീട്ടിലേക്ക് കൊണ്ടുവരണം.
അതെന്താ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ?
ഒക്കെ നേരിട്ട് പറയാം രഘൂ.
ഒന്ന് മാത്രം പറയാം രഘൂ…. അവൾ വേദനിച്ചു വേദനിച്ച്,എന്നെ ഒന്ന് കൊന്ന് തരൂ എന്ന് എന്നോട് കെഞ്ചണം. എനിക്കതു കാണണം രഘൂ…
ശരി നിന്റെയിഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ.
രഘൂ… ഇന്ന് അവൾ തിരികെ വരാതാകുമ്പോൾ അവളെ തിരഞ്ഞിവിടുള്ളവർ നടക്കും. ആ സമയം നോക്കി ഞാൻ നമ്മുടെ പഴയ വീട്ടിൽ വരും. അതുവരെ അവളെ ഒരു പോറൽ പോലും ഏൽപ്പിക്കരുത്.
ശരി. നമുക്ക് രാത്രിയിൽ കാണാം.
ഉം..
**************
വൈകിട്ട് ചിന്മയി തിരികെ എത്തുന്ന സമയം കഴിഞ്ഞിട്ടും അവൾ വരാത്തത് കൊണ്ട്, ഗോകുൽ മോൻ വഴിയിലേക്ക് നോക്കി ഇരിക്കുകയാണ്.
തൊട്ടടുത്ത് മണ്ണിൽ കളിച്ചുകൊണ്ടിരിക്കുകയാണ് ഗൗതം.
ചേട്ടായി ചിന്നു ചേച്ചി വന്നില്ലല്ലോ.
ചിന്നു ചേച്ചി നമുക്ക് മിഠായി വാങ്ങാൻ കയറിയതായിരിക്കും അതാ താമസിക്കുന്നത്.
അവൻ വഴിയിലേക്ക് നോക്കി അവിടെ തന്നെ ഇരുന്നു.
അവൾ പതിവായി വരുന്ന സമയം കഴിഞ്ഞതും മേനക ഗൂഢമായൊരു ചിരിയോടെ മാധവന്റെ മുറിയിലേക്ക് ചെന്നു.
മാധവേട്ട… നമ്മുടെ ചിന്നു ഇതുവരെയും വന്നില്ലല്ലോ.
ഇതുവരെയും വന്നില്ലേ…
ഇല്ല
വല്ല കൂട്ടുകാരിയുടെയും വീട്ടിൽ കയറിയതായിരിക്കും.
എന്നാലും ഇത്രയും വൈകുമോ
ഇനി ആ നരേന്ദ്രനൊപ്പം ഇറങ്ങി പോയതെങ്ങാനും ആയിരിക്കുമോ?
മേനകെ… ഉച്ചത്തിൽ വിളിച്ചുകൊണ്ടു അയാൾ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.
അനാവശ്യം പറയരുത് അയാൾ കൈ ചൂണ്ടി.
അതല്ല മാധവേട്ട എനിക്കെന്തോ ഒരുൾഭയം…
അവളുടെ ചേട്ടൻ വന്ന് വീതവും വാങ്ങി പോയപ്പോൾ മുതൽ അവൾക്ക് വല്ലാത്തൊരു വിഷമം ഉണ്ടായിരുന്നു.
എല്ലാം കൂട്ടി വായിക്കുമ്പോൾ,ഒരു പേടി തോന്നുന്നു
നേരം ഇരുണ്ടു തുടങ്ങി മാധവേട്ട… ഒന്ന് പോയി അന്വേഷിക്ക്.
ഇനി വല്ല കടും കൈയും ചെയ്താലോ പെണ്ണിന്റെ പ്രായം അതല്ലേ…
ഒന്ന് പോയി തിരക്ക്.
അയാൾ വേഗം ഷർട്ടും മുണ്ടും ധരിച്ചുപുറത്തേക്കിറങ്ങി.
അയാളുടെ പോക്ക് കണ്ടപ്പോൾ മേനകയ്ക്ക് ചിരിയാണ് വന്നത്.
താൻ പോയി അന്വേഷിച്ചു നടക്കടോ… അവളെ കിട്ടാൻ പോകുന്നില്ല.
അവളെയിപ്പോൾ രഘു എത്തേണ്ടിടത്ത് എത്തിച്ചു കാണും.
മേനക കുട്ടികൾക്ക് നേരത്തെ ഭക്ഷണം കൊടുത്ത് അവരെ ഉറക്കാൻ കിടത്തി.
സമയം എട്ട് മണിയോടടുത്തു.
രാധേ…. നീ കുട്ടികളെ ശ്രെദ്ദിച്ചോളണം.
കുട്ടികളുടെ കൂടെ ഇവിടെ കിടന്നാൽ മതി.
വാതിൽ അടച്ചോ
ഞാനും കൂടെ ചിൻമയിയെ തിരക്കട്ടെ..
രാധ കണ്ണീർ തുടച്ച് തലയാട്ടി.
ഓഹ് അവളുടെ ഒരു പൂങ്കണ്ണീര്… ആ പീറപ്പെണ്ണിനോടായിരുന്നല്ലോ അവൾക്ക് കൂറ്.രണ്ട് ദിവസം കഴിയട്ടെ അടിച്ചോടിക്കണം ഈ നാശത്തിനെയും.മേനക മനസ്സിൽ വിചാരിച്ചു.
മേനക പുറത്തേക്കിറങ്ങി വീടിനു കിഴക്കേ സൈഡിൽ,പുറത്തുനിന്നും തുറക്കാൻ പറ്റുന്ന വിധം വലിയൊരു മുറിയുണ്ട്.നേരത്തെ തറവാട്ടിൽ ആനയുണ്ടായിരുന്നപ്പോൾ പാപ്പന്മാർക്ക് താമസിക്കാനായി കൊടുത്തതായിരുന്നു ആ മുറി.പിന്നീട് ആനയെ കൊടുത്തതിനു ശേഷം ആ മുറി പഴയ ഇരുമ്പ് സാധനങ്ങളും ,അപ്പൂന്മാരായി ഉപയോഗിച്ചിരുന്ന സാധനങ്ങളും മറ്റും സൂക്ഷിച്ചുവയ്ക്കാൻ ഉപയോഗിക്കുന്ന മുറിയാക്കി.
മേനക വാതിൽ തുറന്നു.നിറയെ പൊടിയാണ്.ചിലന്തി വലകൾ തട്ടിമാറ്റി അവൾ ഭിത്തിയിൽ തീർത്ത അലമാരയിൽ നിന്നും ഒരു കത്തി വലിച്ചെടുത്തു.
മാധവന്റെ അച്ഛൻ എപ്പോഴും അരയിൽ കരുതിയിരുന്നതാണത്രേ ഈ കത്തി.തനിവിടെ വന്ന നാളിൽ അഭിമാനത്തോടെ ഈ കത്തിയെടുത്തു കാണിച്ചിട്ടുണ്ട്.രക്തം കുടിച്ചു ദാഹം മാറിയ കത്തിയാണത്രെ ഇത്.ഹും, ഇതുകൊണ്ട് തന്നെയാവട്ടെ ഇവിടുത്തെ സന്തതിയുടെ അവസാനം.
ഈ കത്തിയുമായി എങ്ങോട്ടാണ് രഘുവിന്റെ അടുത്തേക്കാണോ?
തൊട്ടു പിറകിൽ നിന്നും ചോദ്യം കേട്ട് മേനക ഞെട്ടി വിറച്ചു.
അവൾ തിരിഞ്ഞു നോക്കി. തന്നോട് ചേർന്ന് മാധവൻ നിൽക്കുന്നു അയാളുടെ ചുടുശ്വാസം അവളുടെ മുഖത്ത് തട്ടി
മാധവേട്ടൻ എപ്പോൾ വന്നു.. അവൾ വിക്കി വിക്കി ചോദിച്ചു.
അതിന് ഞാൻ എവിടെയാ പോയത്.
നിനക്കീ മാധവനെ ശരിക്കറിയില്ല മേനകെ
അയാൾ അവളുടെ കൈയിൽ നിന്ന് കത്തി പിടിച്ചുമേടിച്ചു.
നീയിങ്ങോട്ട് ഇരിക്ക് അയാൾ അവളെ അടുത്തുള്ള കസേരയിൽ ബലമായി ഇരുത്തി.
കസേരയുടെ രണ്ടുകൈകളിൽ പിടിച്ചുകൊണ്ടു അയാൾ അവളുടെ കണ്ണുകളിലേക്ക് ചൂഴ്ന്നു നോക്കി.എന്റെ മകളെ കൊല്ലാൻ കൈ തരിക്കുന്നുണ്ടോ നിനക്ക്.
അവൾ ഞെട്ടിത്തരിച്ചയാളെ മിഴിച്ചു നോക്കി.
ശക്തമായി ഉയർന്നു താഴുന്ന അവളുടെ നെഞ്ചിൽ നോക്കി അയാൾ ഒന്ന് ചിരിച്ചു.
എന്തേ നീ ഭയന്ന് പോയോ?
അവൾ തിടുക്കത്തോടെ എഴുന്നേൽക്കാൻ ശ്രെമിച്ചു.
അവടെ ഇരിക്കടീ…
എന്റെ കൈയിൽ നിന്നും നിനക്ക് അങ്ങനെ ഓടിപ്പോകാൻ പറ്റുമോ? പ്രായം ആയിതുടങ്ങിയെങ്കിലും എന്റെ കരുത്തു കുറഞ്ഞിട്ടില്ല.അല്ല കുറച്ച് കാലങ്ങളായി നിനക്കറിയാമല്ലോ അല്ലേ എന്റെ കരുത്ത്.
അയാൾ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
അവൾ ചുറ്റിലും നോക്കി…
നീ ഒന്നും നോക്കണ്ടടി നിന്നെ രക്ഷിക്കാൻ ആരും വരില്ല.നിന്റെ രഘൂ ദാ… ഇത്തിരി മുൻപ് ചത്തു പോയി
അയാൾ തന്റെ കൈകൾ വിടർത്തി.
നോക്ക് എന്റെ കൈയിൽ അവന്റെ ചോരയുടെ ഗന്ധമുണ്ടോ എന്ന്.
നോക്ക് അയാൾ കൈ അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു.
അവൾ ശക്തമായി അയാളുടെ കൈകൾ തട്ടി മാറ്റി.
സർവശക്തിയുമെടുത്ത് അയാളെ തള്ളി മാറ്റി വാതിലിനു നേർക്ക് കുതിച്ചു.
അയാൾ പിന്നിലൂടെ അവളുടെ മുടിക്കുത്തിൽ പിടിച്ചു കറക്കി,വീണ്ടും കസേരയിൽ ഇരുത്തി.
ശക്തമായി അവളുടെ മുഖത്തയാളുടെ കൈ പലവട്ടം ഉയർന്നു,താഴ്ന്നു.
കണ്ണുകളിൽ ഇരുട്ട് നിറയുന്നു,അവൾ തല കുടഞ്ഞു.മൂക്കിൽ നിന്നും രക്‌തമൊഴുകുന്നു.
അയാൾ അവളുടെ കൈകൾ കസേരയോട് ചേർത്ത് ബന്ധിച്ചു.
എന്നെ ഒന്നും ചെയ്യരുത്.ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം.
ശരി പൊയ്ക്കോ പോയി രക്ഷപെട്ടോ
രഘുവിന്റെ അടുത്തേക്ക് നിന്നെ ഞാൻ പറഞ്ഞു വിടാം.
അവൻ എന്നോട് എല്ലാം പറഞ്ഞു.
നീ എന്നെ ചതിച്ചു അല്ലേ എന്റെയാണെന്ന് പറഞ്ഞവന്റെ കുഞ്ഞുങ്ങൾക്ക് നീ ജന്മം നൽകി. എന്റെ നെഞ്ചിലിട്ട് ഞാൻ അവരെ വളർത്തി.അത് ഞാൻ ക്ഷമിക്കാം.പക്ഷെ എന്റെ ചിന്നുവിനെ നീ കൊല്ലാൻ നോക്കി.
അത് ഞാൻ ക്ഷമിക്കില്ല.പിന്നൊന്നു കൂടെ അവൻ പറഞ്ഞു.എന്റെ ഭാര്യ സരസ്വതിയെ നീയാണ്… നീയാണ് അവസാനിപ്പിച്ചതെന്ന് അത് ഞാൻ പൊറുക്കില്ലെടി.എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണവൾ.
അവൾ സ്വയം ജീവിതം അവസാനിപ്പിച്ചതാണെന്ന് കരുതിയ ഞാൻ വിഡ്ഢി.
അങ്ങനെ നീ മാത്രം ജീവിക്കണ്ട നിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം.
ത്ഫൂ…. മേനക അയാളുടെ നേർക്ക് നീട്ടി തുപ്പി.
തനിക്ക് എന്നെ കൊല്ലണം അല്ലേ,എടോ എന്നെ കണ്ടപ്പോൾ സ്വന്തം ഭാര്യയെ അടിച്ചോടിച്ചില്ലേ താൻ. തന്റെ കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് താൻ അപ്പോൾ ഓർത്തോ?
എന്നിട്ട് ഞാൻ ചതിച്ചു പോലും.എടോ താൻ ചെയ്ത തെറ്റിന് തനിക്കെന്താടോ ശിക്ഷ??
ശിക്ഷയില്ല അല്ലേ അതേ തെറ്റല്ലേ ഞാൻ ചെയ്തത് ഞാൻ എന്നെ സ്നേഹിച്ചവനെ സ്നേഹിച്ചു അത് തെറ്റാണോ.അങ്ങനെയെങ്കിൽ താനും തെറ്റുകാരനാണ്.
അങ്ങനെയുള്ള തനിക്ക് എന്ത് യോഗ്യതയുണ്ട് എന്നെ ശിക്ഷിക്കാൻ.
താൻ കാരണംഎത്ര പെണ്ണുങ്ങളുടെ കണ്ണുനീർ വീണിട്ടുണ്ട് തന്റെ വീട്ടിൽ.
പോയി ചാവടോ താൻ…
മാധവൻ ഇടർച്ചയോടെ നിലത്തേക്കിരുന്നു.
ശരിയാണ് ഞാൻ തെറ്റ് ചെയ്തു.എന്റെ പാവം സരസ്വതിയെ ഞാൻ എപ്പോഴോ മറന്നു..രണ്ടു കുഞ്ഞുങ്ങൾ ജനിച്ചതോടെ അവൾക്ക് എപ്പോഴും വയ്യായ്കയാണ്. നടുവിന് വേദന,വയറു വേദന, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, ശ്വാസം മുട്ടൽ,ക്ഷീണം അങ്ങനെ എപ്പോഴും വേദന തന്നെ .എന്റെ ആഗ്രഹങ്ങൾക്കൊത്തുനിൽക്കാൻ അവൾക്ക് കഴിയാതെയായി.അതോടെ അവളോട് ഉള്ളിൽ എപ്പോഴോ ദേഷ്യം തോന്നി.ആ വാശിയിൽ പണിക്കു വരുന്ന പല പെണ്ണുങ്ങളെയും താൻ തന്റെ വലയിൽ വീഴ്ത്തി.പലരും അവരുടെ പട്ടിണിയോർത്ത് തനിക്ക് വഴങ്ങി,അല്ലാത്തവരെ ബലമായി തന്റെ ഇഷ്ടത്തിനുപയോഗിച്ചു.
അത് കണ്ട് കണ്ണീർ വാർക്കുന്ന സരസ്വതിയെ കാണുമ്പോൾ ക്രൂരമായ ഒരു സംതൃപ്തി തോന്നും.
അങ്ങനെ പണിക്ക് വന്ന പെണ്ണുങ്ങളിൽ ഒരാളായിരുന്നു മേനക.അവൾ മറ്റ് പെണ്ണുങ്ങളെ പോലെയായിരുന്നില്ല.
തനിക്കൊപ്പംഓടിയെത്തി അണച്ചു നിൽക്കുന്ന അശ്വമായിരുന്നവൾ. തനിക്കതു പുതിയൊരനുഭവമായിരുന്നു.
അവൾക്കു വേണ്ടി എന്തും ചെയ്യാൻ താൻ തയ്യാറായിരുന്നു. അതിന് തടസമായ സരസ്വതി ഇറക്കി വിട്ടു.
അവൾ മരിച്ചതറിഞ്ഞപ്പോൾ ഉള്ളിൽ ഒരു കുറ്റബോധം തോന്നിയിരുന്നു. പക്ഷെ അവയൊക്കെ തുടച്ചു മാറ്റാൻ മേനകയുടെ സാമീപ്യം മാത്രം മതിയായിരുന്നു.
പക്ഷെ ചിന്നുവിനെ അവൾ നോവിക്കുന്നത് അറിഞ്ഞിട്ടും തനതു കണ്ടതായി ഭാവിച്ചില്ല. എന്തെങ്കിലും പറഞ്ഞാൽ പിഞ്ചു കുഞ്ഞുങ്ങളുമായി അവൾ ഇറങ്ങി പോകുമോ എന്ന് താൻ ഭയന്നു.
ചിന്നു ഒരിക്കലും തന്നോട് ഒരു പരാതിയും പറഞ്ഞുമില്ല..
പക്ഷെ ഇന്ന് പറമ്പിലേക്ക് ഇറങ്ങിയ താൻ, പണിക്കാർക്ക് ആവശ്യമായ തൂമ്പ എടുക്കാൻ വേണ്ടി വന്നപ്പോൾ അവിചാരിതമായി മേനക ഫോൺ ചെയ്യുന്നത് കേട്ടു. താൻ ഇത്രനാളും വഞ്ചിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.
അതിലുപരി ചിന്നുവിനെ അവർ അപകപ്പെടുത്തുമെന്നറിഞ്ഞപ്പോൾ ചിന്നുവിനെ രക്ഷിക്കാൻ ഇറങ്ങിയതാണ്.
വഴിയിൽ വച്ച് ചിന്നുവിനെ ബലമായി വണ്ടിയിൽ കയറ്റാൻ ശ്രെമിക്കുന്ന രഘുവിനെയും, അവനെ ആക്രമിച്ചു ചിന്നുവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന നരേന്ദ്രനെയും കണ്ടു.
നരേന്ദ്രനും, താനും കൂടി രഘുവിനെ തോട്ടത്തിൽ പണിക്കാർക്ക് താമസിക്കാനായി പണികഴിപ്പിച്ചിരുന്ന പഴയ കെട്ടിടത്തിൽ കൊണ്ടുവന്നു.
മേനക എന്ത് ചെയ്യുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു താൻ.
അയാൾ നിലത്തു നിന്നും എഴുന്നേറ്റു.
ശരിയാണെടി ഞാൻ തെറ്റുകാരനാണ്.
അതിനുള്ള ശിക്ഷഏൽക്കാൻ ഞാൻ തയ്യാറുമാണ്. പക്ഷെ അതിന് മുൻപ് നിന്നെ ഞാൻ അവസാനിപ്പിക്കും. അയാൾ
പലവിധ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഒരാൾ പൊക്കമുള്ള കൂനയുടെ മറവിൽ നിന്നും രഘുവിനെ വലിച്ചിഴച്ചു കൊണ്ടു വന്നു.
രഘൂ….
മേനക കരഞ്ഞു കൊണ്ടവനെ വിളിച്ചു.
ഇല്ലടി അവൻ പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞു.
ഇനി നിന്റെ ഊഴമാണ് അയാൾ കത്തി കൈയിലെടുത്തു.
പലവട്ടം ഉയർന്നു താണ അയാളുടെ കൈകളിൽ രക്തം പടർന്നു.
മാധവൻ വാതിൽ തുറന്നു പുറത്തിറങ്ങി.
പൂമുഖത്തെ കസേരയിൽ ഇരുന്നു.
മാധവേട്ടാ രഘുവിനെ അവിടെ കാണുന്നില്ല അവൻ രക്ഷപെട്ടന്ന് തോന്നുന്നു. നരേന്ദ്രൻ ഓടി വന്ന് കിതച്ചു കൊണ്ടു പറഞ്ഞു.നരേന്ദ്രനൊപ്പം ചിന്നുവും ഉണ്ട്. അവളുടെ മുഖത്തു പരിഭ്രമം നിറഞ്ഞിരുന്നു
ഞാനാണ് അവനെ രക്ഷിച്ചത്, അവനെ മാത്രമല്ല അവളെയും രക്ഷിച്ചു.
നിന്റെ കൈയിൽ ചോര പുരളാൻ പാടില്ല നരേന്ദ്ര, അതുകൊണ്ടാണ് നീയറിയാതെ രഘുവിനെ അവിടുന്ന് മാറ്റിയത്.
ഇവിടെ കൊണ്ട് വന്നപ്പോൾ കൊല്ലണം എന്നില്ലായിരുന്നു. പക്ഷെ അവൻ പറഞ്ഞ സത്യങ്ങൾ കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.
അതുകൊണ്ട് അവനെ തീർത്തു.അയാൾ ചിരിച്ചു.
അച്ഛാ… ചിന്മയി ഞെട്ടലോടെ വിളിച്ചു.
മോളേ എത്ര കാലമായി നീയെന്നെ അച്ഛാ എന്ന് വിളിച്ചിട്ട്.
അയാൾ എഴുന്നേറ്റു.അച്ഛൻ വലിയൊരു തെറ്റായിരുന്നു മോളേ
അത് അച്ഛൻ തിരുത്തി. ഈ തറവാട്ടിൽ ഒരുപാട് കണ്ണുനീർ വീണിട്ടുണ്ട് എനിക്ക് മുൻപും, ഇപ്പോൾ ഞാൻ കാരണവും.
അതൊക്കെ എന്നോട് കൂടെ തീരട്ടെ.
ഇനിയീ വീട്ടിൽ നിന്റെ സ്നേഹവും, നന്മയും നിറയണം. ഇതിന്റെ അവകാശി നീ മാത്രമായിരിക്കണം.
വേണ്ടച്ഛാ… എനിക്ക് ഈ വീട് പേടിയാണ്, എന്റെ അമ്മക്ക് സമാദാനമായി ജീവിക്കാൻ കഴിയാത്ത ഈ വീട്ടിൽ എനിക്ക് ജീവിക്കണ്ട.
അങ്ങനെ പറയരുത് മോളേ, നിന്നെ ഞാൻ എല്ലാം ഏൽപ്പിക്കുകയാണ്.
ഇതൊന്നും കൈവിട്ട് കളയരുത്.
ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട്, അവർ വരും മുൻപ് ഒരു കാര്യം കൂടെ എനിക്ക് ചെയ്യണം.
ആ രണ്ടു കുട്ടികളെ ഇവിടെ നിന്നും ഇറക്കി വിടണം. മേനകയുടെയും, രഘുവിന്റെയും സന്തതികളാണവർ. ഞരമ്പിൽ അവരുടെ വിഷം കലർന്നിട്ടുണ്ടാകും.
വേണ്ടച്ഛാ… ആ കുട്ടികൾ എന്ത് ചെയ്തു.
മോളേ അവർ നിന്റെ വഴിയിൽ എന്നുമൊരു തടസമാകും. വിത്ത് ഗുണം അവർ കാണിക്കാതിരിക്കില്ല.
വിത്ത് ഗുണം ഉണ്ടാകുമോ അറിയില്ല അച്ഛാ,പക്ഷെ ആ വിത്തുകൾ വളർന്നത് ഞാൻ നൽകിയ സ്നേഹത്തിന്റെ മണ്ണിലാണ് അച്ഛാ.സ്നേഹത്തിന്റെ ഗുണമേ അവർ കാണിക്കൂ അച്ഛാ…
ശരിയായിരിക്കും,എന്നാലും മോൾക്കൊരു തടസമാകരുത് അവർ.
അവർ ഇവിടെ ഉണ്ടാവാൻ പാടില്ല ഞാനത് ഉറപ്പിച്ചു.
അരുത് അച്ഛാ,ഞാനവരെ ഏതെങ്കിലും സ്ഥാപനത്തിൽ ആക്കിക്കോളാം,അവർ പഠിച്ചു സ്വയം രക്ഷപെട്ടോളും.അല്ലാതെ അവരെ ഈ ഇരുളിലേക്ക് ഇറക്കി വിടാൻ ഞാൻ സമ്മതിക്കില്ല.
മോളേ… അയാൾ അവളെ മുറുകെ പുണർന്നു.നിന്നെ പോലെ ഒരു കുഞ്ഞിന്റെ പിതാവാകൻ മാത്രം യോഗ്യതഎനിക്കുണ്ടായിരുന്നോ
അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉതിർന്നു വീണു.
*************
വർഷങ്ങൾ അതി വേഗം കടന്നു പോയി.ചിന്മയി ഡിഗ്രി കഴിഞ്ഞ്.പീജിക്ക് ചേർന്നു.
അന്ന് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു.ചിന്മയി വരുന്ന വഴിയിൽ തടിപ്പണിക്കാർ ലോറിയിലേക്ക് തടി കയറ്റുകയായിരുന്നു.
അവരെ കണ്ട് ചിന്മയി നിന്നു.തടിപ്പണിക്കാരുടെ കൂട്ടത്തിൽ നരേന്ദ്രനും ഉണ്ടായിരുന്നു.
അവൾ അയാളെ ഒന്ന് നോക്കി ചിരിച്ചിട്ട് മുന്നിലേക്ക് പതിയെ നടന്നു.
അവൾ കുറച്ച് മുന്നിലേക്ക് നടന്നതും അയാൾ പുറകെ വന്നു.
ചിന്നു എന്താ എന്നോട് മിണ്ടാത്തത്?
എന്നെയൊന്നു കാണാൻ പോലും ഇത്ര നാളായിട്ട് ചേട്ടന് തോന്നിയില്ലല്ലോ.
വെറുതെ ഞാനായിട്ട് ആരെയും ശല്യപ്പെടുത്തേണ്ട എന്ന് കരുതി.
ചിന്നുവിന് വിവാഹലോചന വരുന്നതും, ചിന്നു അത് മുടക്കുന്നതും ഒക്കെ ഞാൻ അറിയുന്നുണ്ട്.
ഓഹോ അതൊക്കെ അറിയുന്നുണ്ടോ
ചിന്നൂ…ഞാൻ ഒരു കൂലിപ്പണിക്കാരനാണ്.
അതിന്..
ഞാൻ പാവമാണ്..
ഞാനും..
എന്തിനാ വിവാഹം മുടക്കുന്നത്?
എനിക്ക് ഒരു ഹൃദയമുള്ളതിൽ ഒരുത്തൻകയറി ഇരിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി.അയാളെ അല്ലാതെ ഒരു പുരുഷനെ എനിക്ക് ആവശ്യമില്ല.
അവൾ അയാളുടെ മുഖത്തേക്ക് നോക്കി.ഈ ജന്മം അയാളെ മത്രേ എനിക്ക് വേണ്ടൂ…
ഒരു പരിചരണവും കിട്ടിയില്ലെങ്കിലും നിറഞ്ഞു പൂത്ത കാട്ടുപൂവിന്റെ ചേലുള്ള ആ മുഖത്ത് പോകുവെയിൽ തട്ടുമ്പോൾ മുഖത്തെ ചെറിയ സ്വർണ്ണ രോമങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു.
ചിന്നൂ…. എനിക്കിനി വയ്യ. നീയെനിക്കെന്റെ ജീവനാണ് കുട്ടി….പക്ഷെ
ഒരു പക്ഷെയുമില്ല… എനിക്കറിയാം ഈ മനസ് മുഴുവൻ ഞാനാണെന്ന്.
സ്നേഹിക്കാൻ പണമോ,തൊഴിലോ തടസ്സമാകുന്നത് എങ്ങിനാണ് ചേട്ടാ….
അവളുടെ കണ്ണിൽ ഉരുണ്ടുകൂടിയ തീർമുത്തുകൾ കണ്ടതും അയാൾ കൈകൾ നീട്ടി അവളെ ചേർത്തണച്ചു.
തടി ചുമന്ന് തഴമ്പു പടർന്ന അയാളുടെ തോളിൽ അവൾ മുഖമണച്ചു.അവൾക്കിപ്പോൾ അയാളുടെ ഗന്ധമാണ്.
അകലെ മണ്ണിന്റെ മണമുള്ള അയാളുടെ കുഞ്ഞുവീട് മഞ്ഞിന്റെ നേർത്ത പുതപ്പിനുള്ളിൽ ഒളിച്ചിരിപ്പുണ്ട് അവർ വരുന്നത് കാത്ത്…
****************
ശുഭം.

by