രചന – ആയിഷ അക്ബർ
അവരുടെ കാർ ആ വീട്ട് മുറ്റത്ത് നിന്നും അകന്ന് പോയതും നോക്കി പവി ഉമ്മറത്തേക്ക് വന്നു….
വന്നിരുന്ന വേഷം മാറി ഇവിടത്തേക്കിണങ്ങുന്നൊരു സാരി അവരുടുത്തിരുന്നു…..
സായു പോയ കാറിനു പിറകെ മിഴികൾ നീണ്ടു കൊണ്ടവർ നോക്കിയത് മുത്തശ്ശിയുടെ മുഖത്തേക്കാണ്…..
മുത്തശ്ശനും മുത്തശ്ശിക്കും ആ മുഖത്തേക്ക് തിരികെ നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല…..
മകന്റെ കാര്യത്തിൽ പറ്റിയ തെറ്റ് കൊച്ച് മോന്റെ കാര്യത്തിൽ നിങ്ങൾക്ക് പറ്റില്ലെന്ന് ഞാൻ വിശ്വസിച്ചു…..
അവൻ നിങ്ങള് പറഞ്ഞാൽ മാത്രമേ അനുസരിക്കു…..
അത് കൊണ്ട് തന്നെ എനിക്ക് വേണ്ടി അവനോട് നിങ്ങൾ സംസാരിക്കുമെന്ന് ഞാനും കരുതി….
എന്നാൽ അവനും എന്റെ കൈ വിട്ട് പോയ പോലെ..
അവന് വേണ്ടിയായിരുന്നു ഞാൻ……
നിറഞ്ഞ മിഴികളോട് കൂടി പവിയത് പറയുമ്പോൾ തിരിച്ചെന്ത് പറയണമെന്നറിയാതെ ആ വൃദ്ധ ഹൃദയങ്ങൾ കഷ്ടത്തിലായി…..
പവി…. മോളേ…
മുത്തശ്ശി നിസ്സഹായായി വിളിച്ചു…..
സാരമില്ല അമ്മേ….. ഒരു കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്….
അവനിഷ്ടപ്പെട്ട കുട്ടിയെ വിവാഹം ചെയ്തത് കൊണ്ട് തന്നെ എന്റെ ഗതി ആ കുട്ടിക്ക് വരില്ല….
അവൻ അവന്റെ അച്ഛനെ പോലെ ആവുകയും ചെയ്യില്ലായിരിക്കാം…
അതും കൂടി പറഞ് നിർത്തിയപ്പോഴേക്കും അവർ വിങ്ങി പൊട്ടിയിരുന്നു….
മോളേ….
മുത്തശ്ശി ഓടി വന്നവരെ കെട്ടിപ്പിടിച്ചു…..
മുത്തശ്ശിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവരും പൊട്ടി കരഞ്ഞു…..
പിന്നീടൊന്നും പറയാൻ നിൽക്കാതെ വേഗത്തിൽ അകത്തേക്ക് കയറി പ്പോയി…..
മുത്തശ്ശൻ ഉള്ളിൽ തിങ്ങി നിറഞ്ഞ നോവിനാൽ കസേരയിലേക്കമർന്നു….
പവിയുടെ കാര്യത്തിൽ നമ്മൾ ചെയ്തത് വലിയൊരു തെറ്റായിരുന്നു അല്ലേ…..
മുത്തശ്ശിയത് ചോദിച്ചതും ഉത്തരം പറയാൻ കഴിയാത്തത് പോൽ മുത്തശ്ശൻ ദൂരേക്ക് മിഴികൾ നട്ടങ്ങനെ ഇരുന്നു….
മുത്തശ്ശി മുറിയിലേക്ക് നടന്നു…..
കണ്ണട ഊരി വെച്ച് ഊറി നിന്നിരുന്ന കണ്ണു നീർ ഒപ്പിയെടുത്തു…..
പ്രഭ….. അവനിങ്ങനെ യൊന്നും ആയിരുന്നില്ല….
സായുവിനെ പോലെയൊക്കെ തന്നെയായിരുന്നു…..
എല്ലാവരോടും നല്ല പെരുമാറ്റം….
നല്ലവണ്ണം പഠിക്കും
എല്ലാത്തിനെയും കുറിച് വ്യക്തമായ കാഴ്ചപ്പാടുകളും ഒക്കെയുണ്ടായിരുന്നു.
അനാവശ്യമായി ആരോടും ദേഷ്യപ്പെടുകയെ ഇല്ലായിരുന്നു…..
എന്നാൽ എല്ലാം മാറ്റി മറിച്ചത് പവിയുമായുള്ള അവന്റെ വിവാഹമായിരുന്നു….
ഇവിടെ ജോലിക്ക് നിൽക്കുന്ന നളിനിയുടെ മോള് ഭദ്രയായിരുന്നു അവന്റെ മനസ്സിൽ….
അഭിമാനം അടക്കി പിടിച്ചു കൊണ്ട് ആ വിവാഹത്തെ ശക്തമായി ഞങ്ങൾ എതിർത്തു….
അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് അവൻ പവിയെ താലി കെട്ടുന്നത്….
പവി…. നല്ല സാമ്പത്തികമുള്ള കുടുംബത്തിൽ ജനിച്ചു വളർന്ന വിദ്യാഭ്യാസമുള്ളവളായിരുന്നു……
എന്നാൽ പിന്നീടങ്ങോട്ട് അവൻ തങ്ങളോടുള്ള അവന്റെ ദേഷ്യം മുഴുവൻ തീർക്കുന്നത് അവളോടായി മാറി..
വിദ്യാഭ്യാസത്തിനു അത്യാവശ്യം മൂല്യം കൊടുക്കുന്ന അവളുടേ അച്ഛൻ പഠിപ്പ് തുടർന്നു ജോലിക്ക് പോകാൻ നിർദ്ദേശിച്ചെങ്കിലും പ്രഭായോടുള്ള അവളുടേ സ്നേഹമാവാം അതിൽ നിന്നവളെ പിന്തിരിപ്പിച്ചത്….
അതോടെ അവരും അവളുടേ കാര്യത്തിൽ താല്പര്യം കാണിക്കാതെയായി ….
ആദ്യമാദ്യം അവന്റെ ദേഷ്യം കുറയുമെന്ന് കരുതി അവളും കാത്തിരുന്നു…..
എന്നാൽ അവന്റെ സ്വഭാവം കൂടുതൽ കൂടുതൽ മോശമായി കൊണ്ടിരുന്നു….
അപ്പോഴേക്കും അവർക്കിടയിലേക്ക് സായു കൂടി കടന്ന് വന്നിരുന്നു…..
കുഞ് വന്നാൽ എല്ലാം ശെരിയാവുമെന്ന് കരുതിയ പവിക്ക് അവിടെയും തെറ്റി പറ്റിപ്പോയിരുന്നു…..
കുഞ്ഞിനെക്കാളൊക്കെ മേലെ യായിരുന്നു പ്രഭക്ക് അവന്റെ ഉള്ളിലെ പ്രണയം….
പിന്നീടങ്ങോട്ട് അവൻ തീരെ നാട്ടിലേക്ക് വരാതെയായി…..
ആദ്യമാദ്യം ഇതൊന്നും ഞങ്ങളറിഞ്ഞിരുന്നില്ല….
പവിയും ഒന്നും പറഞ്ഞില്ല…
സായു എല്ലാം മനസ്സിലാക്കി തുടങ്ങിയപ്പോഴാണ് ഞങ്ങളും അറിയുന്നത്…
അപ്പോഴേക്കും അവൻ ഞങ്ങളുടെ ആ പഴയ പ്രഭയിൽ നിന്ന് ഒത്തിരി മാറിയിരുന്നു….
പിടിച്ചാലോ പറഞ്ഞാലോ കിട്ടുന്നതിലും ഒരുപാട് അപ്പുറം……
എന്നാൽ അപ്പോഴും പവി സായുവിനെ ഓർത്താവാം അവനിൽ നിന്നകലാതെ നിൽക്കുന്നത്…..
ആ സായുവാണ് ഇന്നൊരു പെണ്ണിനെ ചൂണ്ടി ഭാര്യ യെന്ന് പറഞ് വന്നിരിക്കുന്നത്……
അവളെങ്ങനെ സഹിക്കും….
തെറ്റ്….. അത് ഞങ്ങളിൽ തന്നെയാണ്…..
മുത്തശ്ശിയുടെ ഉള്ളം വല്ലാതെ വിങ്ങി….
അവർ കണ്ണുകളടച്ചു കട്ടിലിലേക്ക് കിടന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവരോരുമിച്ചുള്ള രണ്ടാമത്തെ യാത്രയായിരുന്നെങ്കിലും അന്നത്തെ പോലെ തന്നെ ആ കാറിൽ നിശബ്ദത നിഴലിച്ചു……
എന്നാൽ അന്നത്തേതിൽ നിന്നും വ്യത്യസ്തമായി രണ്ട് പേരുടെയും മിഴികൾ പരസ്പരം പാറി വീഴുന്നുണ്ടായിരുന്നു…..
തമ്മിലുടക്കാൻ മടിച്ചെന്ന പോൽ ഇരുവരും പലപ്പോഴും ആ നോട്ടത്തിന്റെ ദിശ തിരിച്ചു കൊണ്ടേയിരുന്നു…..
അപ്പോഴും കഴുത്തിൽ താലിയും നെറുകിൽ സിന്ദൂരവുമൊക്കെയായിരിക്കുന്ന അവളിൽ നിന്ന് കണ്ണുകളെടുക്കാൻ അവന് മനസ്സ് വന്നിരുന്നില്ല….
അത്രയേറേ സുന്ദരിയായിരുന്നവൾ…..
അവരുടെ കാറ് ചെന്ന് നിന്നത് ടൗണിലെ ഏറ്റവും വലിയൊരു തുണിക്കടയുടെ മുമ്പിലെ പാർക്കിങ്ങിലായിരുന്നു….
ശ്രീ ബാല അവനെയൊന്ന് നോക്കി….
എന്തിനാണ് വന്നിരിക്കുന്നതെന്ന് പോലും തനിക്കറിയില്ല….
ചോദിക്കാനുള്ള അവകാശവുമില്ല….
വാ…..
അവൻ ഇറങ്ങി വിളിച്ചതും അവളും ഇറങ്ങി…..
അവൻ ആ കടയുടെ അകത്തേക്ക് കയറുമ്പോൾ അവളും യാന്ത്രികമായി അവനെ പിന്തുടർന്നു…..
പല നിറമുള്ള വസ്ത്രങ്ങളണിഞ്ഞ ഡിസ്പ്ലേ കളിലൂടെ അവളുടേ കണ്ണുകൾ നീങ്ങി….
ഇട്ട് പഴകിയ അവളുടേ ചുരിദാറിലേക്കും അവൾ സ്വയമൊന്ന് നോക്കി…..
അതിന്റെ വില ഒരു പക്ഷെ തന്റെ വിലയെക്കാൾ അധികമായിരിക്കുമെന്ന് അവൾ ഓർത്തു……
വരൂ സർ…… എന്താണ് നോക്കുന്നത്…..
സാരി ചുറ്റി ചുണ്ടിൽ നിറയെ ചുവന്ന ചായം വാരി പൂശിയ ഒരു സെയിൽസ് ഗേൾ വളരേ സൗമ്യമായി വന്നു ഞങ്ങളോട് ചോദിച്ചു…
ചുരിദാറിന്റെ സെക്ഷൻ എവിടെയാണ്…..
അവൻ ചോദിച്ച ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി….
ഇനി തനിക്കായിരിക്കുമോ…
ആർക്കാണ്…. ഈ മാഡത്തിനാണോ….
അവൾ മനസ്സിൽ വിചാരിച്ച ആ ചോദ്യം അവനോട് ചോദിക്കാൻ തനിക്ക് ധൈര്യമില്ലെങ്കിലും സെയിൽസ് ഗേളത് ചോദിച്ചിരുന്നു….
അതേ….
അവനത് പറയുമ്പോൾ അവളിലേക്ക് നോക്കിയില്ല…..
എങ്കിലും അവളുടേ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു…..
മുകളിലാണ് സർ…. വരൂ….
ആ പെൺകുട്ടിയുടെ കൂടെ ലിഫ്റ്റിൽ കയറുമ്പോഴും അവൾ അവനെ നോക്കിയിരുന്നെങ്കിലും അവൻ തിരികെ നോക്കിയില്ല….
അവന്റെ കൂടെ അവൾ നടന്നിരുന്നെങ്കിലും ഒരു കാല് പിറകിലായി അവനോട് ചേർന്ന് നടക്കുന്നത് പോലെ അവന് തോന്നി…..
ഒരു കൊച്ച് കുഞ്ഞിനെ പോൽ അവൾ ചേർന്ന് നടക്കും പോലെ….
തന്റെ കൈ വിരലിലൊതുങ്ങി കൂടാൻ ആഗ്രഹിക്കും പോലെ….
അവനവളെ മനസ്സിലാകുന്നേയില്ലായിരുന്നു……
എടുത്തോ….. ഇഷ്ടമുള്ളതെന്തൊക്കെയാണെന്ന് വെച്ചാലെടുത്തോ…..
അവിടെ എത്തിയതും അവനത് പറഞ്ഞത് അവളുടേ മിഴികളിലേക് നോക്കിയായിരുന്നു…..
പിടക്കുന്ന ആ നീളൻ കൺപീലികൾ അവനെ കൊത്തി വലിക്കുന്നത് പോലെ തോന്നി…..
ഭാര്യ യായി അഭിനയിക്കുന്നവളോടും കടമകളുണ്ടോ……
നേരത്തെ അവൻ പറഞ്ഞ വാക്ക് ചങ്കിൽ തറച്ചിരിക്കുന്നെന്ന വണ്ണം അവളത് ചോദിക്കുമ്പോൾ അതവനോട്ടും പ്രതീക്ഷിച്ചിരുന്നില്ല…..
ഒരു നിമിഷം അവൻ അവളെയൊന്ന് നോക്കി…
ഇത് കടമയൊന്നുമല്ല….
മറ്റുള്ളവരുടെ മുമ്പിൽ നീ കോടീശ്വരനായ സായന്ദ് പ്രഭാകറിന്റെ ഭാര്യയാണ്….
അത് കൊണ്ട് തന്നെ അതിനനനുസരിച്ചു നീ നടക്കണം….
പിന്നെ വെറുതെയല്ല…. ഇതൊക്കെ നിന്റെ ശമ്പളത്തിൽ നിന്ന് ഞാൻ കുറച്ചോളാം…..
തോറ്റു കൊടുക്കില്ലെന്ന മട്ടിൽ അവനത് പറഞ്ഞതും അവൾക്ക് വീണ്ടും വല്ലാതേ വേദനിച്ചിരുന്നു……
കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് അവളവനെ നോക്കുമ്പോൾ അവയിലെ ഭാവങ്ങൾ എന്തൊക്കെയാണെന്ന് പോലും വായിച്ചെടുക്കാൻ കഴിയാത്തത് പോലെ സായുവിന് തോന്നി…..
ഏത് മോഡലാണ് നോക്കുന്നത് മാഡം….
കുറച്ചപ്പുറത്തു നിന്നുള്ള ആ പെൺകുട്ടിയുടെ ചോദ്യമാണ് പരസ്പരമുള്ള നോട്ടത്തിൽ നിന്നവരെ പിന്തിരിപ്പിച്ചത്….
ഏതാ…. ഏതായാലും കുഴപ്പമില്ല…..
അവളുടേ വാക്കുകൾ ഇടറുന്നത് പോലെ…
അത്രത്തോളം ദുഃഖം അവന്റെ വാക്കുകൾ അവൾക്ക് സമ്മാനിച്ചിരുന്നു…..
അത് മനസ്സിലായെന്ന വണ്ണം അവനൊന്നു നെടു വീർപ്പിട്ടു….
താൻ അവളിൽ നിന്ന് അകന്ന് നിൽക്കും തോറും അവൾ തന്നോടടുക്കന്നതെന്താണ്.
…
എന്റെ വാക്കുകൾ അവളെ വേദനിപ്പിക്കണമെങ്കിൽ…. അവളിൽ പരിഭവം ജനിപ്പിക്കണമെങ്കിൽ താൻ പറഞ്ഞ ആ കരാറിനപ്പുറമായി എന്തോ ഒരു വികാരം തങ്ങൾക്കിടിയിൽ ഉടലെടുത്തിട്ടുണ്ട്….
താൻ മനസ്സിൽ കണക്ക് കൂട്ടിയത് പോലെ യായിരുന്നു കാര്യങ്ങളെങ്കിൽ താനെന്ത് പറഞ്ഞാലും അവളത് കാര്യമാക്കേയെടുക്കെണ്ട ആവശ്യമില്ലായിരുന്നു….
കാരണം അവൾ ചെയ്യുന്നത് അവളുടേ ജോലി മാത്രമാണെന്ന തിരിച്ചറിവ് അവൾക്കുണ്ടാകുമായിരുന്നു….
എന്നാൽ അവളിലെ ഭാവ പ്പകർച്ച കാണുമ്പോൾ കാര്യങ്ങൾ കൈ വിട്ട് പോകുന്നുണ്ടോയെന്നൊരു സംശയം…..
അവനാകെ തലക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി….
പല ചുരിദാറുകൾ അവൾക്ക് മുമ്പിലൂടെ നിരന്നെങ്കിലും ഒന്നും തിരഞ്ഞെടുക്കാൻ കഴിയാത്തൊരു അവസ്ഥയിലായിരുന്നവൾ…..
വേഗം നോക്ക്…. പോകണം….
അവൻ പതിയേ അവളോടത് പറയുമ്പോൾ അവളുടേ മുഖത്തേക്ക് തന്നെ അവൻ നോക്കി നിന്നു….
പക്ഷെ അവൾ മിഴികളുയർത്തിയില്ലെന്ന് മാത്രമല്ല…..
അവിടെ നിരത്തിയതിൽ നിന്ന് ഒരു രണ്ടെണ്ണം കയ്യിലെടുത്തു മാറ്റി നീക്കി വെച്ചു….
അവളത് നേരെ നിവർത്തി നോക്കിയിട്ട് പോലുമില്ലെന്നത് സായു ശ്രദ്ധിച്ചിരുന്നു…..
കറുപ്പ് കളറിലുള്ള ചുരിദാറുകൾ നോക്കട്ടെ….
അവൾ തിരഞ്ഞെടുക്കില്ലെന്നു മനസ്സിലായതും അവന്റെ മനസ്സിൽ ആദ്യം ഓടി വന്നത് കറുപ്പ് നിറത്തിലുള്ള ചുരിദാറിട്ട അവളുടേ രൂപമായിരുന്നു…..
അപ്പോഴും അവൾ തലയുയർത്തിയതേയില്ല….
മേശ മേൽ നിരന്ന കറുപ്പ് ചുരിദാറുകളിൽ ഒന്നിലവൻ തൊട്ടു ….
തമ്മിൽ യാതൊരു വികാരവും അടുപ്പവും തോന്നരുതെന്ന് മനസ്സിനെ പറഞ് പഠിപ്പിക്കുമ്പോഴും അവളുടേ ദുഃഖം നിറഞ്ഞ മുഖം തന്നെ അസ്വസ്ഥമാക്കുന്നു…..
അതാണോ ഭാര്യാ ഭർതൃ ബന്ധം…..
അറിയില്ലാ….. ഒന്നുമറിയുന്നില്ല….
അവളുടേ കാര്യത്തിൽ താൻ ബലഹീനനാവുന്നതെന്ത് കൊണ്ടാണെന്നും അറിയുന്നില്ല…..
ചിന്തകളെ മാറ്റി വെച്ചവൻ അതിൽ നിന്നും കറുപ്പിൽ സ്വർണ നൂലുകൾ തുന്നിപ്പിടിപ്പിച്ച ആ ചുരിദാർ കയ്യിലെടുത്തു….
അവളുടേ മുഖത്തെ പരിഭവം നീക്കണമെന്ന് മാത്രമേ മനസ്സ് പറഞ്ഞുള്ളു…..
നേരെ അവളുടേ പിറകിൽ നിന്ന് അവളുടേ ശരീരത്തിലേക്ക് ചേർത്ത് വെച്ചു കൊടുത്തു….
അവന്റെയാ പ്രവർത്തിയിൽ അവളൊന്ന് പിടച്ചു….
ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ തന്റെ ചുറ്റുമുള്ള അവന്റെ കയ്കൾക്കുള്ളിൽ അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി….
മ്മ്.. ഇതും കൂടി എടുത്തോളൂ ……
അവനതും കൂടി പറഞ് ആ ചുരിദാർ സെയിൽസ് ഗേളിന് നേരെ നീട്ടി….
ഇനിയെന്തെങ്കിലും എടുക്കണമെങ്കിൽ എടുത്തോളൂ….
അത്ര മാത്രം പറയാനുള്ള സ്വാതന്ത്രമേ ഉള്ളൂ എന്നത് കൊണ്ട് തന്നെ അവനത് പറഞ്ഞു നിർത്തി……
വേണ്ടാ….. അവന്റെ മുഖത്തെ ഗൗരവം പോലെ അവളുടേ വാക്കുകൾക്കും കനമുണ്ടായിരുന്നു…….
ആ ചുരിദാറുകൾ കൊണ്ട് തികയില്ലെന്ന് തോന്നിയതും അവൻ തന്നെ രണ്ട് മൂന്നെണ്ണം കൂടി തിരഞ്ഞെടുത്തു…..
അവരാ കടയിൽ നിന്നിറങ്ങുമ്പോൾ കയ്യിൽ നിറയെ കവറുകളുണ്ടായിരുന്നു….
പുതിയ വസ്ത്രങ്ങളോടും ആഭരണങ്ങളോടും ഒക്കെ എന്നും വലിയ ഇഷ്ടമാണ്….
അതൊന്നും കിട്ടാൻ ഗതിയില്ലാത്ത ഒരുത്തിയുടെ അത്യാഗ്രഹമാവാം അത്….
എന്നാൽ ഇന്നു ഒന്നിനോടും ആഗ്രഹമില്ലാ….
തന്നെ ചേർത്ത് പിടിച്ചു നിർത്താനൊരാൾ എന്നതിൽ കവിഞ്…..
ചെറുതാണെങ്കിലും ആഗ്രഹം ചോദിച്ച് എന്തെങ്കിലും വാങ്ങി തരാനെങ്കിലും ആരെങ്കിലും ഉണ്ടായെങ്കിലെന്ന് താൻ പ്രാർത്ഥിച്ചിട്ടുണ്ട്…..
ഇവനെ കണ്ട് മുട്ടിയതൊരു പക്ഷെ തന്റെ പ്രാർത്ഥനകളെല്ലാം ദൈവം നടത്തി തരാൻ വേണ്ടിയായിരിക്കും…..
പക്ഷെ അതെല്ലാം താത്കാലിക മാണെന്നോർക്കുമ്പോൾ ചങ്കിലൊരു പിടപ്പുണ്ട്……..
തനിക്ക് സ്വന്തമായി കിട്ടിയ ആദ്യത്തെ പുരുഷനാണവൻ……
ഇനി പിരിയും വരെയെങ്കിലും തനിക്കായൊരാളുണ്ടല്ലോ എന്ന സമാധാനത്തിലാണ് ഓരോ ദിവസവും എഴുന്നേൽക്കുന്നത് തന്നെ…..
കാറിലേക്ക് കയറി അവളവനെയൊന്ന് നോക്കി…..
അവൻ ഫോണിലോടാരോ സംസാരത്തിലാണ്……
ഫോൺ വിളിക്കുന്നതിനിടക്ക് അവളുടേ നോട്ടമറിഞ്ഞെന്ന വണ്ണം അവന്റെ മിഴികൾ അവളിലേക്ക് നീങ്ങി……
അവൾ പെട്ടെന്ന് നോട്ടം പുറത്തേക്ക് പായിച്ചു….
അപ്പോഴും അവളുടേ കൺ പീലികളിലെ പെട്ടെന്നുള്ള ഇളക്കം മാറിയിട്ടില്ലായിരുന്നു…
അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…
അവിടെ നിന്നിറങ്ങി അവൻ നിർത്തിയത് ഒരു ജ്യൂസ് കടയുടെ മുമ്പിലായിരുന്നു….
നല്ല ഭംഗിയുള്ള ആ കടയുടെ അകത്തേക്കൊന്ന് കയറാൻ അവൾക്ക് തോന്നിയിരുന്നു…
പുറത്ത് നിന്ന് കണ്ടിട്ടുണ്ടെന്നല്ലാതെ അകത്തൊന്നും കയറിയിട്ടില്ലിതു വരെ …..
എന്നാൽ അവിടെ നല്ല തിരക്കായത് കൊണ്ട് തന്നെ സായു ജ്യൂസുമായി കാറിലേക്ക് വന്നു……
നിനക്ക് ജ്യൂസ് വേണോ…..
അവൻ കയ്യിലുള്ള ജ്യൂസ് ചുണ്ടോടു ചേർത്ത് അവളിരിക്കുന്ന ഭാഗത്തെ ഡോറിനോട് ചേർന്ന് നിന്നാണത് ചോദിച്ചത്….
മ്മ് ച്ചും….
അവനത് ചോദിച്ചപ്പോൾ അവൾ ചുമൽ കൂച്ചുകയാണ് ചെയ്തത് ……
ഓക്കേ…..
അവനതും പറഞ് കുടിക്കുന്നത് തുടർന്നതും അവൾക്ക് അത് വരെയില്ലാത്തൊരു തൊണ്ട വരൾച്ച തോന്നി…..
വേണോ എന്ന് ചോദിച്ചിട്ടാണോ ഒരാൾക്കെന്തെങ്കിലും വാങ്ങി കൊടുക്കുക….
അവളുടേ ഉള്ളിൽ മുറു മുറുപ്പുകൾ ഉയർന്നു…..
അല്ലെങ്കിലേ പിരി മുറുക്കത്തിലിരുന്നിരുന്ന അവളുടേ മുഖം ഒന്ന് കൂടി ഉരുണ്ടു കൂടി….
കവിളുകൾ വീർത്തു വന്നു….
സായുവിന് അവളെ കാണും തോറും ചിരി വന്നു…
അതിനേക്കാളേറെ അവളുടേ ദേഷ്യത്തിന് വല്ലാത്തൊരു അഴകായി അവന് തോന്നി….
കവിളുകളിൽ വേഗം ചുവപ്പ് പടരും….
അതേ നേരം കണ്ണുകൾ വിടരും…..
ചുവന്ന അധരങ്ങൾ ഇടയ്ക്കിടെ കൂട്ടി പിടിക്കും…..
കൈ എന്തിലെങ്കിലും പിണച്ചു കൊണ്ടിരിക്കും……
സർ……
അപ്പോഴേക്കും ആ കടയിൽ നിന്ന് ഒരാൾ അവനെ വിളിച്ചു…..
അവൻ വേഗം അവിടേക്ക് പോയി..
അവൾ ചുണ്ടുകൾ കൂർപ്പിച്ചെങ്ങനെ തന്നെ ഇരിക്കുകയാണ്……
അല്ലെങ്കിലും ആർക്ക് വേണം അവന്റെ ജ്യൂസ്…. ഇത് വരെ കുടിച്ചിട്ടില്ലെന്ന് വെച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല…ഇനിയൊന്നും സംഭവിക്കാനും പോകുന്നില്ല…..
അവൾ മനസ്സിൽ പറഞ്ഞതും മുമ്പിൽ ഒരു ഗ്ലാസ് പ്രത്യക്ഷപ്പെട്ടിരുന്നു….
അവൾ പെട്ടെന്ന് ഗ്ലാസിന്റെ അറ്റത്തു പിടിച്ച കയ്യിലേക്കൊന്ന് നോക്കി….
വലിയ ചിരിയൊന്നുമില്ലെങ്കിലും ഒരിളം ചിരി ആ മുഖത്ത് എവിടെയോ ഇല്ലേ എന്നവൾ തിരഞ്ഞു കൊണ്ടിരുന്നു……..
(തുടരും)

by