19/04/2026

നിനക്കായ് : ഭാഗം 09

രചന – കണ്ണന്റെ മാത്രം

സ്കാനിങ് റൂമിന് മുന്നിലായി നിറഗർഭിണി ആയി ഇരിക്കുന്ന ഒരു പെണ്ണിന്റെ ഒപ്പം ചിരിച്ച് കളിച്ചിരിക്കുന്ന അലക്സിയെ ആണ് അവർ കണ്ടത്. ആ സമയത്താണ് ഒരു ഹോസ്പിറ്റൽ യൂണിഫോം ധരിച്ചിട്ടുള്ള ഒരു പെണ്ണ് ആ റൂമിൽ നിന്നും ഇറങ്ങി വന്ന് സോഫിയ അലക്സ് എന്ന പേര് വിളിച്ചത്. അതോടെ അലക്സിന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണ് അവനോടു പറഞ്ഞ് കൊണ്ട് ഉള്ളിലേക്ക് പോയി. ഇതെല്ലാം ഞെട്ടിക്കൊണ്ട് കണ്ട് നിക്കുന്ന നേരത്താണ് മാത്യുന് തന്റെ ദേഹത്തേക്ക് ഒരു ഭാരം വരുന്നത് പോലെ തോന്നിയത്. നോക്കിയപ്പോ മയങ്ങി വീഴുന്ന ജെനിയെ ആണ് കാണുന്നത്. മാത്യു വേഗം അവളെ താങ്ങിപിടിച്ചു…

എന്താ അപ്പച്ചാ.. എന്താ ഇച്ചേച്ചിക്ക് പറ്റിയത്… കാർ പാർക്ക്‌ ചെയ്ത് വന്ന ക്രിസ്റ്റി കാണുന്നത് മാത്യുവിന്റെ മേലേക്ക് വീഴുന്ന ജെനിയെ ആണ്.

നീ മോളെ ഒന്നുപിടിച്ചേ നമുക്ക് കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകാം… മാത്യു പറഞ്ഞു.മേരിയമ്മ അപ്പോഴേക്കും കരച്ചിലായിരുന്നു.

അവൻ ഒക്കെ പറഞ്ഞ് തല തിരിച്ചപ്പോൾ ആണ് സ്കാനിങ് റൂമിന് മുന്നിൽ ഇരിക്കുന്ന അലക്സിയെ കാണുന്നത്.

അപ്പച്ചാ… അളിയൻ..

ഞാൻ പറയാം.. നീ ഇപ്പൊ മോളെ പിടിക്ക്. അതുംപറഞ്ഞ് അയാൾ അവളെ താങ്ങി എടുക്കാൻ തുടങ്ങി. ക്രിസ്റ്റിയും ആ കൂടെ കൂടി.

അവർ അവളെ കാഷ്വാലിറ്റിയിലേക്ക് കൊണ്ട് ചെന്നതും അവിടത്തെ സിസ്റ്റർമാർ അവളെ അവിടെ ഒഴിവുള്ള ഒരു ബെഡിലേക്ക് കിടത്താൻ സഹായിച്ചു. പിന്നെ ഡീറ്റെയിൽസ് ചോദിച്ചറിഞ്ഞ് ഉടനെ Dr.നിഖിലയെ കാൾ ചെയ്യ്തു.

ഒരാൾ കൂടെ നിന്നാൽ മതി. ബാക്കി ഉള്ളവർ പുറത്ത് നിന്നോളൂ. ഇതിനുള്ളിൽ അധികം ആളെ നിർത്താൻ പറ്റില്ല.. അതിലൊരു സിസ്റ്റർ അവരോടായി പറഞ്ഞു.

ശരി സിസ്റ്ററെ എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്… എന്നും പറഞ്ഞ് മേരിയെ ജെനിയുടെ കൂടെ നിർത്തി മാത്യുവും ക്രിസ്റ്റിയും പുറത്തേക്ക് ഇറങ്ങി.

പുറത്തേക്കിറങ്ങിയതും അവിടെ ഉള്ള ഒരു കസേരയിലേക്ക് മാത്യു എല്ലാം തകർന്നവനെ പോലെ ഇരുന്നു.

എന്നതാ.. അപ്പച്ചാ. ഇച്ചേച്ചിക്ക് പെട്ടന്ന് എന്തു പറ്റിയതാ.. അളിയൻ ഇവിടെ എങ്ങനെ വന്നു.. ക്രിസ്റ്റി മാത്യുന്റെ മുന്നിലായി മുട്ടുകുത്തിയിരുന്നു കൊണ്ട് ചോദിച്ചു.

അതോടെ അയാൾ നിറഞ്ഞ കണ്ണോടെ അവിടെ കണ്ട കാഴ്ചയും ആ പെണ്ണിനെ വിളിച്ച പേരും എല്ലാം പറഞ്ഞു…

അപ്പച്ചാ… വിഷമിക്കല്ലേ. ഇനി വല്ല തെറ്റിദ്ധാരണയും ആണെങ്കിലോ. ഞാൻ ഒന്നു അന്വേഷിക്കട്ടെ ഇവിടെ. ഇവിടെ കാട്ടിയിട്ടുള്ളതാണെങ്കിൽ അവരുടെ ഫയൽ ഇവിടെ കാണുമല്ലോ..

അതങ്ങനെ നമ്മളോട് ഒക്കെ പറയോ മോനെ…

അങ്ങനെ പറയൊന്നും ഇല്ല. പക്ഷെ ഇവിടത്തെ സിസ്റ്റർമാർ വിചാരിച്ചാൽ ചിലപ്പോ ഫയൽ എടുക്കാൻ പറ്റും അവർക്ക്. ഞാൻ ഇന്ന് വണ്ടി എടുക്കാൻ പോയില്ലേ. അവന്റെ പെങ്ങൾ ഇവിടെ സിസ്റ്റർ ആണ്. ഇന്ന് അവൻ പറഞ്ഞതാ ഇച്ചേച്ചിയെ ഇവിടെയാ കാട്ടിയിട്ടുള്ളത് എന്ന് പറഞ്ഞപ്പോ. എന്തേലും ഹെല്പ് വേണമെങ്കിൽ വിളിച്ചോളാൻ പറഞ്ഞ് ആ കൊച്ചിന്റെ നമ്പർ തന്നിട്ടുണ്ട്. ഞാൻ ആ കൊച്ചിനെ വിളിച്ച് സംസാരിച്ച് നോക്കട്ടെ.. അത് പറഞ്ഞുകൊണ്ട് ക്രിസ്റ്റി ഫോൺ എടുത്ത് മാറി നിന്ന് ആ കുട്ടിയെ വിളിച്ചു. ഡീറ്റെയിൽസ് പറഞ്ഞപ്പോൾ സ്കാനിങ്ങിന്റെ അവിടേക്ക് വായോ ഫയൽ ഇപ്പൊ അവിടെ ഉണ്ടാവും എന്ന് പറഞ്ഞു.
അതോടെ ക്രിസ്റ്റി മാത്യുവിനോട് അങ്ങോട്ട് പോയി..

ക്രിസ്റ്റി പോയി ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ ആണ് ഒരു സിസ്റ്റർ പുറത്തേക്ക് വന്നിട്ട് ജെനിഫറിന്റെ ആളെ അന്വേഷിച്ചത്. മാത്യൂസ് ഉള്ളിലേക്ക് ചെല്ലുമ്പോൾ മേരിയമ്മ ഇരുന്ന് കരയുന്നുണ്ട്.

എന്താ മേരിക്കുട്ടി.. എന്തിനാ നീ കരയുന്നത്…

അയാളുടെ ശബ്ദം കേട്ടപ്പോൾ ഡോക്ടർ തിരിഞ്ഞുനോക്കി.

നിങ്ങൾ ആരാണ്..

ഞാൻ ജെനിയുടെ അപ്പനാണ് ഡോക്ടർ…

ജെനിഫറിന്റെ ഹസ്ബൻഡ്  ഇന്നും കൂടിയില്ല അല്ലേ. കഴിഞ്ഞ തവണ ചെക്കപ്പിന് വന്നപ്പോളെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. BP നല്ല ഹൈ ആണ്. ടെൻഷൻ ഒക്കെ മാക്സിമം ഒഴിവാക്കി ഹാപ്പി ആയിട്ടിരിക്കാൻ നോക്കണം എന്ന്. മെഡിസിനും എഴുതിയിരുന്നു. പക്ഷേ ജെനിഫറിന്റെ bp ഇപ്പോഴും ഹൈ തന്നെ ആണ്. അത് കൺട്രോളിൽ വരുന്നില്ല. കുഞ്ഞിന്റെ ഹാർട്ട്ബീറ്റും കുറയുന്നുണ്ട്. നമുക്ക് എന്തായാലും ജെനിഫറിനെ ലേബർ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം. എന്നിട്ട് വേണ്ടത് എന്താണെന്നു നോക്കാം.

അതുകൂടി കേട്ടതും മാത്യൂസ് തകർന്നു. കർത്താവെ എന്റെ മോൾക്കും കുഞ്ഞിനും ഒന്നും വരുത്താതെ തന്നേക്കണേ.. അയാൾ മനസ്സുകൊണ്ട് കർത്താവിനോട് അപേക്ഷിച്ചു.

നിങ്ങൾ ഈ സ്ട്രച്ചറിന്റെ പിന്നാലെ വന്നോളൂ.. രണ്ട്‌ സിസ്റ്റർമാർ അത് പറഞ്ഞുകൊണ്ട് ജെനിയെ കിടത്തിയിട്ടുള്ള സ്ട്രച്ചറും തള്ളിക്കൊണ്ട് മുന്നിൽ പോയി മാത്യുവും മേരിയും അവരുടെ പിന്നാലെ നടന്നു. അപ്പോഴാണ് ക്രിസ്റ്റി അങ്ങോട്ട് വന്നത്. അവന്റെ മുഖം ആകെ വിളറിയിരുന്നു. അത് കണ്ടപ്പോൾ തന്നെ മാത്യുവിന് മനസ്സിലായി അവർ കണ്ടതെല്ലാം സത്യം തന്നെ ആണെന്ന്. അയാൾ അവനോടും കൂടെ വരാൻ കണ്ണ് കാട്ടികൊണ്ട് നടന്നു. ക്രിസ്റ്റിയും അവരുടെ കൂടെ പോയി.

ജെനിയെ ലേബർ റൂമിലേക്ക് മാറ്റിയതും മേരിയമ്മ അതിന്റെ മുന്നിൽ തന്നെ ഉള്ള ഒരു കസേരയിൽ ഇരുന്നു. അപ്പോഴാണ് അവരുടെ കൈയിൽ ഉള്ള ജെനിയുടെ ഫോൺ ബെല്ലടിച്ചത്…

ക്രിസ്റ്റി അത് വാങ്ങി നോക്കിയപ്പോൾ ആനിയമ്മ ആണ്.
അവന് ആദ്യം അത് കട്ട്‌ ചെയ്യാൻ ആണ് തോന്നിയത്. പിന്നെ അവർക്ക് ജെനിയോടുള്ള ഇഷ്ടം അറിയുന്നത് കൊണ്ട് അവൻ ഫോൺ എടുത്തു. ഹലോ പറയുന്നതിന് മുൻപ് തന്നെ ആനിയമ്മ സംസാരിച്ച് തുടങ്ങിയിരുന്നു.

ജെനിമോളെ എവിടെ ആയിരുന്നു.. വിളിച്ചിട്ട് കിട്ടുന്നുണ്ടായില്ലല്ലോ നിന്നെ..

ആന്റി ഞാൻ ക്രിസ്റ്റി ആണ്. ഇച്ചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. തലകറങ്ങി വീണപ്പോ അഡ്മിറ്റ്‌ ചെയ്യ്തു അവർ.

അയ്യോ എന്നിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ മോൾക്ക്…അവർ ടെൻഷനോടെ ചോദിച്ചു

അറിയില്ല.. ലേബർ റൂമിൽ കയറ്റിയോടുക്കാണ്..

ആണോ.. എന്തായാലും ഞങ്ങൾ വേഗം വരാം… അതുംപറഞ്ഞ് അവർ ഫോൺ വച്ചു.

ക്രിസ്റ്റിയും ഫോൺ വച്ചുകൊണ്ട് മാത്യുവിന്റെ അടുത്തേക്ക് ചെന്നു..

എന്താ ഡോക്ടർ പറഞ്ഞത് അപ്പച്ചാ..

മാത്യു ഡോക്ടർ പറഞ്ഞത് മുഴുവൻ അവനോട് പറഞ്ഞു… പറഞ്ഞുകഴിയുമ്പോഴേക്കും അയാൾ കരഞ്ഞു പോയിരുന്നു.

ക്രിസ്റ്റിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.

നമ്മൾ കണ്ടെതെല്ലാം സത്യം തന്നെ ആണല്ലേടാ… മാത്യു വിങ്ങലോടെ ചോദിച്ചു.

മ്മ്.. ചതിക്കായിരുന്നു അപ്പച്ചാ നമ്മുടെ പാവം ഇച്ചേച്ചിയെ ആ നായ…കൊല്ലും ഞാൻ ആ പന്നിയെ. എന്റെ ഇച്ചേച്ചിയെ ചതിച്ചിട്ട് അവൻ സന്തോഷത്തോടെ ജീവിക്കില്ല . അവൻ രോഷത്തോടെ പറഞ്ഞു.

അന്ന് അന്നമോളുടെ മനസ്സമ്മതത്തിന്റെ അന്ന് അവന്റെ മോളോടുള്ള അകൽച്ച കണ്ടപ്പോ എനിക്ക് സംശയം തോന്നിയതാ. ഞാൻ കൊച്ചിനോട് ചോദിച്ചതാണ് അവൾക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ എന്ന്. അപ്പൊ എന്റെ കുഞ്ഞ് ഉള്ള് നീറ്റികൊണ്ടാവും ചിരിച്ചുകൊണ്ടാണ് എന്നോട് പറഞ്ഞത് അവൾക്ക് സുഖം ആണെന്ന്. അവന്റെ അവഗണനയിൽ ഉള്ള് ഉരുകിയിട്ടാവും എന്റെ കുഞ്ഞ് ഇത്രേം നാള് ജീവിച്ചത്. എന്ന് മുതൽ ആണാവോ അവന് എന്റെ കുഞ്ഞിനെ വേണ്ടതായത്. അവന് വേണ്ടെങ്കിൽ മാന്യമായി പറഞ്ഞൊഴിവാക്കാമായിരുന്നു എന്റെ കുഞ്ഞിനെ. ഞാൻ നോക്കിയേനെ അവളെ. അത് ചെയ്യാതെ അവൻ എന്റെ കുഞ്ഞിനെ എത്ര നാളായി ചതിച്ചുകൊണ്ടിരിക്കുന്നു എന്ന് ആർക്കറിയാം. അവസാനം അത് അവൾടെ കണ്ണിൽ തന്നെ നീ കാട്ടികൊടുത്തല്ലോ എന്റെ കർത്താവെ. എന്റെ കുഞ്ഞ് ഇതെങ്ങനെ സഹിക്കും. എന്തൊരു പാപിയായ അപ്പനാ ഞാൻ. അറിയാതെ പോയല്ലോ എന്റെ കുഞ്ഞിന്റെ വേദന.. അയാൾ എണ്ണിപെറുക്കി പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു.

അപ്പച്ചാ വിഷമിക്കല്ലേ. ദേ ആളുകൾ ഒക്കെ നോക്കുന്നു. ക്രിസ്റ്റി നിറഞ്ഞ കണ്ണോടെ അയാളെ സമാധാനിപ്പിച്ചു. മേരിക്കുട്ടിയും സാരീതലപ്പ് കൊണ്ട് വായ മൂടി കരഞ്ഞുകൊണ്ടിരുന്നു.

ആ സമയത്താണ് ആനിയമ്മയും ജോസഫും  വല്യപ്പച്ചനും വല്യമ്മച്ചിയും കൂടി വന്നത്.

എന്നതാ മാത്യുസേ… കൊച്ചിന് എന്നാ പറ്റിയതാ.. ഡോക്ടർ എന്തോ പറഞ്ഞു.. വല്യപ്പച്ചൻ വന്ന വഴിക്ക് മാത്യൂസിനോട് ചോദിച്ചു.

ആനിയമ്മയും വല്യമ്മച്ചിയും കരയുന്ന മേരിയമ്മയുടെ അടുത്തേക്ക് ഇരുന്നു.

മാത്യൂസ് ഡോക്ടർ അവരോട് പറഞ്ഞത് മുഴുവൻ പറഞ്ഞു… അതോടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.

എന്റെ മാതാവേ ജെനിക്കും കുഞ്ഞിനും ഒന്നും വരുത്താതെ തന്നേക്കണേ.. ഞാൻ നൂറ്റൊന്ന് കൂട് മെഴുകുതിരി കത്തിച്ചോളാമേ.. ആനിയമ്മ മനസ്സിൽ പ്രാർത്ഥിച്ചു. സമയം ഇഴഞ്ഞുനീങ്ങി. ഈ സമയം എല്ലാം ജോസഫ് അലക്സിയെ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ബെല്ലടിക്കുന്നതല്ലാതെ കാൾ എടുക്കുന്നുണ്ടായില്ല. അയാൾ ദേഷ്യത്തോടെ ഫോൺ ഞെരിച്ചു പിടിച്ചു.
ഒരു ആവശ്യത്തിന് വിളിച്ചാൽ അല്ലെങ്കിലും അവൻ ഫോൺ എടുക്കില്ല.. അയാൾ പല്ലുകടിച്ചുകൊണ്ട് ആലോചിച്ചു

വീട്ടിൽ വച്ചു വയ്യാണ്ടായിട്ടാണോ കൊണ്ട് വന്നത് ഇങ്ങോട്ട്.. ആനിയമ്മ ക്രിസ്റ്റിയെ നോക്കി ചോദിച്ചു.

അല്ല ഇന്ന് ഇചേച്ചിടെ അഞ്ചാം മാസത്തെ സ്കാനിങ് അല്ലേ ആയിരുന്നെ. അതിന് വന്നതാണ്. അപ്പോഴാണ് വയ്യാതെ ആവുന്നത്.

അഞ്ചാം മാസത്തെ സ്കാനിങ്ങോ ഇന്നോ. എന്നിട്ട് മോള് അതൊന്നും പറഞ്ഞില്ലല്ലോ. എന്നിട്ട് അലക്സി എവിടെ. കഴിഞ്ഞ പ്രാവശ്യം അവനോടു പറഞ്ഞതാണല്ലോ ഇനി എല്ലാ വട്ടവും മോൾടെ കൂടെ ഹോസ്പിറ്റലിൽ പോകണം എന്ന്.. ആനിയമ്മ പറഞ്ഞു.

അതിന് ക്രിസ്റ്റി എന്തോ പറയാൻ തുടങ്ങിയ സമയത്താണ് ഡോക്ടർ ലേബർ റൂം തുറന്ന് പുറത്തേക്ക് വന്നത്. അതുകണ്ടതും എല്ലാവരും ഡോക്ടറുടെ അടുത്തേക്ക് നീങ്ങി.

എന്തായി ഡോക്ടറെ മോൾക്ക്.. മേരിയമ്മ ചോദിച്ചു.

പറയാൻ എനിക്ക് വിഷമം ഉണ്ട് പക്ഷേ പറയാതെ വേറെ വഴിയില്ല. ജെനിഫറിന്റെ പ്രഷർ കൺട്രോളിൽ വരുന്നില്ല. ഇപ്പോൾ കുഞ്ഞിന്റെ ഹാർട്ട്ബീറ്റും കിട്ടുന്നില്ല. ഒന്നു സ്കാൻ ചെയ്യ്തു നോക്കണം. ഫേറ്റൽ ഡെത്ത് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇത്രേം ആയ സ്ഥിതിക്ക് നോർമൽ അബോർഷൻ പറ്റില്ല. ജെനിഫർ കോൺഷ്യസിൽ  വരാത്തത് കൊണ്ട് നോർമലി ഡെലിവറി പോസ്സിബിൾ അല്ല. സി സെക്ഷൻ വേണ്ടി വരും. നിങ്ങൾ അയാളുടെ ഹസ്ബന്റിനോട്  എത്രേം പെട്ടന്ന് വരാൻ പറയ്. കുറച്ചു പേപ്പർസിൽ ഒപ്പിടണം..

ഡോക്ടർ പറഞ്ഞത് കേട്ടതും എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. കാരണം അത്രേം ആ കുഞ്ഞിന് വേണ്ടി എല്ലാവരും ആഗ്രഹിച്ചിരുന്നു.

അതിന്റെ ആവശ്യം ഇല്ല ഡോക്ടർ ഞാൻ അവളുടെ അപ്പൻ ആണ്. എന്തൊക്കെ പേപ്പറിൽ ആണെങ്കിലും ഞാൻ ഒപ്പിട്ട് തന്നോളം. അതിന് അവൻ വരേണ്ട കാര്യം ഇല്ല.. മാത്യൂസ് ഒരു വല്ലാത്ത ദൃഢതയോടെ പറഞ്ഞു.

മാത്യൂസ് പറയുന്നത് കേട്ട് എന്തോ എതിര് പറയാൻ പോയ ജോസഫിനെ വല്യപ്പച്ചൻ കണ്ണ് കാട്ടി നിർത്തി.

ഡോക്ടർ ഒരു സംശയത്തോടെ എല്ലാവരെയും നോക്കികൊണ്ട്‌ ശരി എന്നും പറഞ്ഞുകൊണ്ട് ലേബർ റൂമിന് ഉള്ളിലേക്ക് പോയി.

അതെന്തു വർത്താനമാ താൻ പറഞ്ഞത് മാത്യുസേ. അലക്സിയുടെ പെണ്ണും കുഞ്ഞും അല്ലേ അത്. അപ്പൊ അവരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവൻ അല്ലായോ.. വല്യപ്പച്ചൻ സൗമ്യതയോടെ എന്നാൽ ഗൗരവത്തിൽ ചോദിച്ചു.

കണ്ടപ്പെണ്ണുങ്ങൾക്ക് വയറ്റിൽ ഉണ്ടാക്കി അവരെയും കൊണ്ട് നടക്കുന്ന ഒരുത്തൻ  എന്റെ മോളുടെം കുഞ്ഞിന്റേം കാര്യത്തിൽ തീരുമാനം എടുക്കണ്ട..

മാത്യുവിന്റെ മറുപടി കേട്ട ചിറയത്തുക്കാര് ഞെട്ടി നിന്നു.

എന്തു വൃത്തികേടാഡോ താൻ പറയുന്നത്.. ജോസഫ് ദേഷ്യത്തിൽ മാത്യുവിന്റെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

ഉടനെ ക്രിസ്റ്റി അയാളുടെ കൈ എടുത്ത് മാറ്റികൊണ്ട് പറഞ്ഞു.
അപ്പച്ചൻ പറഞ്ഞത് സത്യമായ കാര്യം ആണ്. അത് നേരിൽ കണ്ടിട്ട് ആണ് എന്റെ ഇച്ചേച്ചി ഇപ്പൊ ഇങ്ങനെ കിടക്കുന്നത്. അങ്കിളിന് സംശയം ഉണ്ടെങ്കിൽ ഇവിടുത്തെ തന്നെ  മറ്റൊരു ഗൈനക്കോളജിസ്റ്റ് dr.ശ്രീദേവിയുടെ കാബിന്റെ മുന്നിൽ പോയി നോക്ക്. കുറെ നേരം ആയില്ലേ അയാളെ ഫോൺ ചെയ്യാൻ നോക്കുന്നു. അവിടെ പോയാൽ നേരിട്ട് കാണാം. അലക്സ് ജോസഫ്നെയും അയാളുടെ ഭാര്യ സോഫിയ അലക്സിനെയും.. അവൻ ഒരു പുച്ഛചിരിയോടെ പറഞ്ഞു നിർത്തി.

കേട്ടകാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ നിക്കുകയാണ് ചിറയത്തുക്കാരും ജെനിയുടെ വിവരം അറിഞ്ഞ് ഓടിയെത്തിയ അന്നയും എബിയും ആലീസും തോമസും..

………..

കുറിപ്പ് :-

അതേ ഇതിൽ പറഞ്ഞിട്ടുള്ള മെഡിക്കൽ കാര്യങ്ങൾ മുഴുവൻ സത്യം ആവണം എന്നില്ല ട്ടോ. പ്രഷർ വല്ലാതെ കൂടുമ്പോ ബേബിയുടെ ഹാർട്ട്‌ ബീറ്റ് കുറയാൻ ചാൻസ് ഉണ്ടെന്നുള്ളത് സത്യം ആണ്. അത് ഞാൻ അനുഭവിച്ചതാണ്. ബാക്കി ഉള്ളതെല്ലാം എന്റെ ഇമേജിനേഷൻ ആണ്. തെറ്റുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം.. 😊😊