രചന – സിന്ധു അപ്പുക്കുട്ടൻ
പ്ലാറ്റ്ഫോമിൽ ദീപ്തിയെ കാത്തിരിക്കുമ്പോൾ സന്ധ്യയുടെ മനസ്സ് മുഴുവൻ അവൾ തന്നെ തിരിച്ചറിയുമോ എന്ന ഉത്കണ്ഠയായിരുന്നു.
“ദാ.. ഞാനെത്തി ഒരഞ്ചു മിനിറ്റ് നീയവിടെ വെയിറ്റ് ചെയ്യ്.
പറഞ്ഞു കൊണ്ട് ദീപ്തി പെട്ടന്ന് കാൾ കട്ട് ചെയ്തു. എവിടെയാ ഇരിക്കുന്നെ എന്നുപോലും ചോദിച്ചില്ലവൾ.
സന്ധ്യ നാലുപാടും മിഴികൾ കൊണ്ട് ഒരു തിരച്ചിൽ നടത്തി.
നഷ്ടങ്ങൾമാത്രം നിറഞ്ഞ ജീവിതപാതയിൽ ദിക്കറിയാതെ അലയാൻ തുടങ്ങിയിട്ട് കാലമെത്രയായി… ഇനിയും ഓടിത്തീർക്കേണ്ട വഴികളിൽ, മുറിവേൽപ്പിക്കുന്ന മുള്ളുകൾ ഒളിഞ്ഞു കിടക്കുന്നുണ്ടാകുമോ എന്തോ.
സന്ധ്യ നെടുവീർപ്പിട്ടു.
അപ്പോഴാണ് തോളിൽ ഒരു കൈ വന്നു വീണത്.
“നീയെന്താടി ഇത്ര വലിയ ആലോചന. ഞാനിവിടെ വന്നു നിന്നതൊന്നും അറിയുന്നുപോലുമില്ലല്ലോ.
തൊട്ടുമുന്നിൽ ദീപ്തിയെ കണ്ട് സന്ധ്യ അമ്പരന്ന് പോയി.
മോഡേൺ വേഷത്തിൽ മുടി പോണി ടെയിൽ കെട്ടിയ അവളെ സന്ധ്യ ഇത്തിരിമുന്നേ ഇടനാഴിയുടെ അറ്റത്തു കണ്ടിരുന്നു. അത് ദീപ്തിയാണെന്ന് മാത്രം അവൾ തിരിച്ചറിഞ്ഞില്ല.
“നീയെന്താടി ഇങ്ങനെ നോക്കുന്നെ..?
സന്ധ്യയുടെ മിഴിഞ്ഞ കണ്ണുകൾ കണ്ട് ദീപ്തി പൊട്ടിച്ചിരിച്ചു.
“നിനക്ക് ഇത്രപെട്ടന്ന് എന്നെ കണ്ടുപിടിക്കാനായോ..?
“പിന്നില്ലാതെ.. ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞ് പോയാലും ഒറ്റ നോട്ടത്തിൽ നിന്നെ ഞാൻ തിരിച്ചറിഞ്ഞേനെ.
സന്ധ്യക്കതു കേട്ട് കരച്ചിൽ വന്നു. ഒരു വിങ്ങിപ്പൊട്ടലോടെ അവൾ ദീപ്തിയുടെ കൈ കവർന്നു.
“ആഹാ… വീണ്ടും തുടങ്ങിയോ കരച്ചിൽ.ഇതാ നിന്റെ കുഴപ്പം നിസാര കാര്യത്തിന് ഈ മോങ്ങൽ അത്ര നല്ലതല്ല പെണ്ണേ.നിർത്തിക്കോ ഇത്
വാ നമുക്ക് പോകാം…
അവൾ നന്ദൂട്ടിയുടെ നേരെ തിരിഞ് കയ്യിൽ പിടിച്ചു.
നന്ദു അപരിചിതത്വത്തോടെ അവളെ നോക്കി കൈ വിടുവിക്കാൻ ശ്രമിച്ചു.
“നന്ദു മോളെ ഇതാണ് അമ്മ പറയാറുള്ള ദീപ്തിയാന്റി. മോളും സംസാരിച്ചിട്ടുണ്ടല്ലോ ആന്റിയോട്.പിന്നെന്താ.
നന്ദു ഓർമ്മ വന്നപോലെ ദീപ്തിയെ നോക്കി ചിരിച്ചു.
“എങ്ങനെയുണ്ടായിരുന്നു യാത്ര.?
ഡ്രൈവ് ചെയ്യുമ്പോൾ ദീപ്തി സന്ധ്യയെ നോക്കി.
“കുഴപ്പമില്ലയിരുന്നു. സൈഡ് സീറ്റ് കിട്ടിയത് കൊണ്ട് തിക്കിലും തിരക്കിലും പെടാതെ സമാധാനമായിരിക്കാൻ കഴിഞ്ഞു.”
“ഒറ്റക്കിറങ്ങിപ്പുറപ്പെടാൻ എന്തൊരു പേടിയായിരുന്നു. ഇപ്പോ എന്തായി..?
“വണ്ടിയിൽ കയറും വരെ നല്ല പേടിയുണ്ടായിരുന്നു. മഹേഷ് പിന്നാലെ വരുമോ, എല്ലാ പ്ലാനും പൊളിയുമോ എന്നൊക്കെയുള്ള പേടി. വണ്ടി നീങ്ങിത്തുടങ്ങിയതോടെ ആ പേടി മാറി. ഇന്നലെ വരെയുള്ളതെല്ലാം അവിടെ ഉപേക്ഷിച്ചു ഞാൻ.
“മിടുക്കി.. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഈ ധൈര്യം എന്നും കൂടെയുണ്ടാകണം ട്ടോ.
നന്ദുന് വിശക്കുന്നുണ്ടോ. സ്നാക്സ് എന്തെങ്കിലും വേണോ മോൾക്ക്.
അടുത്തൊരു ബേക്കറി കണ്ടപ്പോൾ ദീപ്തി വണ്ടി സ്ലോ ചെയ്തു.
അവൾ ഇല്ലെന്ന് തലയാട്ടി.
“വീട്ടിൽ ഒരു ചേട്ടനും ചേച്ചിയുമുണ്ട്. നന്ദൂട്ടിയെ കാത്തിരിക്കുവാ അവര്.നമുക്ക് അവിടെ ചെന്നിട്ട് ചോറുണ്ണാം ല്ലേ.
നന്ദു പിന്നെയും തലകുലുക്കി.
അഞ്ചു മിനിറ്റ് കൂടി ഡ്രൈവ് ചെയ്ത് കാർ ഒരു വീടിന്റെ ഗേറ്റിനു മുന്നിൽ ചെന്ന് നിന്നു. ഹോൺ അടിച്ചപ്പോൾ പൊടിമീശയുള്ളൊരു പയ്യൻ ഇറങ്ങി വന്ന് ഗേറ്റ് തുറന്നു.
“എന്റെ മോനാ.. അനന്തു…
കാറിൽ നിന്നിറങ്ങുമ്പോൾ ചിരിച്ചുകൊണ്ട് അവർക്കരികിലേക്ക് വന്ന അവനെ ചൂണ്ടി ദീപ്തി പറഞ്ഞത് കേട്ട് സന്ധ്യ വാ പിളർന്നു പോയി.
“ങേ… ഇതോ…?
“ഹഹഹ… ഇതു തന്നെ..
അവൾ സന്ധ്യയുടെ ബാഗെടുത്തു അവന്റെ കയ്യിൽ കൊടുത്തു.
അകത്തു കൊണ്ടോയി വെക്ക് അനന്തു.
അവൻ സന്ധ്യയെ നോക്കി ചിരിച്ചു കൊണ്ട് അത് വാങ്ങി നന്ദൂട്ടിയുടെ നേർക്ക് കൈ നീട്ടി. അവൾ സന്ധ്യയുടെ സാരിത്തുമ്പിൽ പിടിച്ച് പിന്നോട്ട് മാറി.
“പരിചയമില്ലാത്തത് കൊണ്ടാ.. കുറച്ചുടെ കഴിഞ്ഞാ ഇവള് നിന്റെ തോളീന്നിറങ്ങില്ല.
അകത്തേക്ക് കയറുമ്പോൾ അകമുറിയിൽ എവിടെ നിന്നോ ഒരു പാട്ടിന്റെ വരികൾ ഒഴുകി വന്നു..
“നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ….
എന്തിനുവേറൊരു സൂര്യോദയം നീയെൻ പൊന്നുഷസന്ധ്യയല്ലേ….
സന്ധ്യ ഒരു നിമിഷം ആ വരികളിൽ ലയിച്ചു നിന്നു. അവൾക്കേറ്റവുമിഷ്ടമുള്ള പാട്ടാണത്.
ആരാണത് പാടുന്നതെന്നറിയാൻ അവൾ ചുറ്റിലും കണ്ണോടിച്ചു.
“നീയെന്താ അവിടെ നിന്ന് കളഞ്ഞേ…പാട്ട് കേട്ടിട്ടാണോ?
“ഉം…
അത് ഏട്ടൻ സ്മുളിൽ പാടുന്നതാ. നിനക്കിട്ട് താങ്ങിയതല്ല. ആളെ നമുക്ക് വഴിയേ പരിചയപ്പെടാം.നീയിങ്ങോട്ട് കയറിവാ
സന്ധ്യ ജാള്യതയോടെ അവളെയൊന്നു നോക്കിക്കൊണ്ട് അകത്തേക്ക് കയറി.
*************************************
രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സന്ധ്യ ദീപ്തിയുടെ ഏട്ടനെ കാണുന്നത്.
ദീപ്തിയുടെ അതേ മുഖമായിരുന്നു അയാൾക്കും.
“ഞങ്ങൾ ട്വിൻസാട്ടോ.. ആദ്യം ചാടിയിറങ്ങി പോന്നത് ഇവനാ.. അതോണ്ട് ഏട്ടാ ന്ന് വിളിക്കുന്നു. അതുമല്ല എനിക്കൊരു ഏട്ടനെ വേണംന്ന് വല്യ ആഗ്രഹമുണ്ടായിരുന്നു അപ്പൊ പിന്നെ ഏട്ടാന്നു തന്നെ വിളിച്ചു ശീലിച്ചു. നീ എന്ത് വേണേലും വിളിച്ചോട്ടോ.പേര് ജയകൃഷ്ണൻ.
, സന്ധ്യ അവനെ നോക്കി പുഞ്ചിരിച്ചു. തിരിച്ചൊന്ന് അവനും.
ദീപ്തി പിന്നെയും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു. ജയകൃഷ്ണൻ അതിലൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി.
ദീപ്തിയുടെ മക്കൾ അനന്തുവും, അശ്വതിയും നന്ദൂട്ടിയോട് അടുക്കാനുള്ള ശ്രമമായിരുന്നു.
ഭക്ഷണം കഴിഞ്ഞ് അടുക്കളയൊതുക്കുമ്പോൾ സന്ധ്യയും ദീപ്തിക്കൊപ്പം കൂടി.
“ദീപു, മക്കളുടെ അച്ഛനെക്കുറിച്ച് നീയിതുവരെ എന്നോട് പറഞ്ഞില്ല ല്ലോ. ആളിവിടെയില്ലേ..?
“അയാള് സുഖവാസത്തിലാടി.. പൂജപ്പുര സെൻട്രൽ ജയിലിൽ..
“ങേ..!!
ദീപ്തി സാധാരണ ഒരു കാര്യം പറയുന്ന പോലെ പറയുന്നത് കേട്ട് സന്ധ്യ ഞെട്ടിപ്പോയി.
“വല്യ കഥകളൊക്കെ കേൾക്കാൻ റെഡിയായിക്കോട്ടാ നീ. തല്ക്കാലം ഇന്ന് നമുക്ക് പഴയ സ്കൂൾ വിശേഷങ്ങളൊക്കെ പറയാം..
ഞാൻ ഉണ്ണിയെ കണ്ടു മുട്ടിയത് നിന്റെ നല്ല നേരത്താ. ഇല്ലേൽ ഇപ്പോഴും നീയവിടെ കിടന്നു നരകിച്ചു തീർന്നേനെ.
കട്ടിലിൽ പുതിയ ഷീറ്റ് വിരിക്കുന്നതിനിടയിൽ ദീപ്തി പറഞ്ഞു തുടങ്ങി.
അവനും ആദ്യമെന്നേ മനസ്സിലായില്ല. കുറച്ചു വർഷങ്ങളെ നിങ്ങൾക്കൊപ്പം ആ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നാളുകൾ അതായിരുന്നു. അതുകൊണ്ട് തന്നെ ആരെയും മറക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല.
ദാ.. നോക്ക് ഉണ്ണി അയച്ച ഫോട്ടോയാ.
ദീപ്തി ഫോൺ ഗാലറി തുറന്ന് ഒരു ഫോട്ടോ അവളെ കാണിച്ചു.
അമ്പലത്തിലെ ഉത്സവത്തിന് അവനെടുത്ത ഫോട്ടോയായിരുന്നു അത്.
” എല്ലാ വർഷവും ഉത്സവത്തിന് ഉണ്ണിയെ കാണാറുണ്ട്. ഇക്കഴിഞ്ഞ തവണ അവനെ കണ്ടപ്പോൾ ഓടി അടുത്ത് വന്നു. സന്ധ്യേ, നീ പോകല്ലേ ട്ടോ ഒരു സർപ്രൈസ് ഉണ്ട്. നീ ഇവിടെ തന്നെയിരിക്ക് ഞാനിപ്പോ വരാം എന്നും പറഞ്ഞൊരു ഓട്ടം.
സന്ധ്യ ദീപ്തിയുടെ അരികിലേക്ക് ചേർന്നു കിടന്ന് അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു.
കുറച്ചു കഴിഞ്ഞു നോക്കുമ്പോ അവന്റെയൊപ്പം ആരൊക്കെയോ അരികിലേക്ക് വരുന്നു.നവീൻ, ദിനോജ്, ശ്രീകാന്ത്, ലെർമിറ്റ്, ശ്രീജിത്ത്, പ്രവി,രജിത, സിന്ധു
“ഹഹഹ.. എന്നിട്ട്?
“എന്നിട്ടെന്താ എല്ലാരേം കൂടി കണ്ടപ്പോ എനിക്ക് കരയണോ ചിരിക്കണോ എന്നായി.
പിന്നെ കുറെ ഫോട്ടോസ് എടുത്തു. ഐസ് ക്രീം കഴിച്ചു. കുറെ നേരം അവിടെയൊക്കെ ചുറ്റി നടന്ന് പഴയ പത്താം ക്ലാസുകാരായി.
അപ്പോഴാ അറിയുന്നേ എല്ലാരും കൂടി വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയതും, പഴയ പരിചയം പുതുക്കിയതുമൊക്കെ.ഉണ്ണി എല്ലാരേം ക്ഷണിച്ചു വരുത്തിയതാണെത്രെ ഉത്സവം കൂടാൻ.
എനിക്കീ തീപ്പെട്ടി കൂടുപോലെയുള്ള ഫോണല്ലേ എങ്ങനെ കാണാനാ അതൊക്കെ.
ഉം…സത്യം പറഞ്ഞാ ഈ ഫോട്ടോ കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നേടി. എല്ലാ മുഖങ്ങളിലും എന്ത് സന്തോഷമാണ്. നിറചിരിയാണ്… പക്ഷേ നിന്റെ മുഖത്തു മാത്രം വിഷാദം തളം കെട്ടി കിടക്കുന്നു. ചുണ്ടുകൾ ചിരിക്കുന്നുണ്ടെങ്കിലും കണ്ണുകൾ കരയും പോലെ..
ഉണ്ണി പറഞ്ഞിരുന്നു നിന്നെക്കുറിച്ച്. അന്നേ ഓർത്തതാ നിന്നെ എങ്ങനെയെങ്കിലും ഈ കണ്ണീരിൽ നിന്നും കരകയറ്റണം ന്ന്.
ഇപ്പോ അത് സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെടി. ഇനി നീ ഉറങ്ങിക്കോ. യാത്രാക്ഷീണം ഉള്ളതല്ലേ. ബാക്കി നമുക്ക് നാളെ സംസാരിക്കാം.
ദീപ്തി ലൈറ്റ് ഓഫ് ചെയ്ത്, അവളെ കെട്ടിപ്പിടിച്ചു കിടന്നു.
ക്ഷീണമുണ്ടായിരുന്നെങ്കിലും സന്ധ്യക്ക് ഉറക്കം വരുന്നില്ലായിരുന്നു. മച്ചിലേക്കു നോക്കി കണ്ണ് തുറന്നു കിടക്കുമ്പോൾ ജയകൃഷ്ണൻ പതിഞ്ഞ ശബ്ദത്തിൽ പാടുന്നത് കേട്ടു.
ആയിരംകണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ……
തുടരും.

by