17/04/2026

ഈ നിമിഷം : ഭാഗം 30

രചന – രോഹിണി ആമി

വൈകുന്നേരം മാധവൻ സ്കൂളിൽ നിന്നും കൊണ്ടുപോകാൻ വന്നപ്പോൾ മുതലൊരു കള്ളച്ചിരി ഉണ്ട് മുഖത്ത്.. പദ്മ നോക്കുമ്പോൾ അത് കൂടുന്നുണ്ട്.. എന്താണ്ന്ന് കണ്ണുകൊണ്ട് കുറേ നേരമായി പദ്മ ചോദിക്കുന്നു.. എവിടെ.. ചിരി കൂടുന്നതല്ലാതെ കുറയുന്നില്ല.. ഒടുവിൽ പറയേണ്ടി വന്നു മാധവനു വീട്ടിൽ പദ്മയ്ക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന്.. അത് കേട്ടപ്പോൾ മുതൽ ഉടനെ വീട്ടിലെത്താൻ ധൃതി തോന്നി അവൾക്ക്.. മിന്നുവിനും.. കാരണം അമ്മയ്ക്ക് കിട്ടുന്നതിന്റെ ഒരു പങ്ക് തനിക്കുള്ളതാണെന്ന് അവൾക്കറിയാം.. മുറ്റത്തു ഓട്ടോ നിർത്തിയപ്പോഴേ കണ്ടു വീടിന് വെളിയിൽ നിൽക്കുന്ന ചേച്ചിയും അച്ഛനും അമ്മയും… മാധവനെ ഒന്നു നോക്കി പദ്മ… “ഇതായിരുന്നോ സർപ്രൈസ്.. ഒറ്റയിടി വെച്ചു തന്നാലുണ്ടല്ലോ”… മാധവന്റെ അടുത്തു വന്നു നിന്ന് നുള്ളിപ്പറിച്ചിട്ട് പറഞ്ഞു.. അയ്യേ എന്നുള്ള ഭാവം മിന്നൂട്ടിയുടെ മുഖത്തും ഉണ്ടായിരുന്നു.. മാധവൻ എന്തെങ്കിലും ഒന്നു പറയും മുന്നേ അമ്മ ചോദിച്ചു.. “എന്തുവാ രണ്ടുംകൂടി അവിടെ നിന്ന് കുശുകുശുക്കുന്നെ.. എന്റെ ദൈവമേ എന്തൊരു വർത്തമാനം ആണോ എന്തോ.. കല്യാണം കഴിയുമ്പോ തീരുമെന്ന് വിചാരിച്ചു.. കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.. നാളിതുവരെ വായ പൂട്ടി രണ്ടിനേം കണ്ടിട്ടില്ല.. ഉറങ്ങുമ്പോൾ ഇനി എങ്ങനാണോ രണ്ടും”.. അമ്മ നെറ്റിയിൽ കൈവെച്ചു…

“എന്റെ പിള്ളേരെ കണ്ണുവെക്കാതെ രാധേ.. അവർ മിണ്ടട്ടെ.. അവരുടെ വിശേഷം പറച്ചിൽ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ”.. അച്ഛൻ അമ്മയെ വഴക്ക് പറഞ്ഞു.. ഹിമ അച്ഛനും അമ്മയും പറയുന്നത് ശ്രദ്ധിച്ചിട്ട് കുശുകുശുക്കുന്ന മൂന്നാളെയും നോക്കി..

“ഞാൻ പറഞ്ഞ സർപ്രൈസ് എന്തായാലും ഇതല്ല.. ഇതിപ്പോ ഇങ്ങനൊരു ഗിഫ്റ്റ് ഇവിടെ ഉണ്ടെന്ന് ഞാനും അറിഞ്ഞില്ല.. നീ പോയിട്ടു വാ.. ഞാൻ വീട്ടിലുണ്ടാവും”.. പദ്മയുടെ ബാഗ് വാങ്ങിയിട്ട് മാധവൻ പറഞ്ഞു.. പദ്മ മിന്നുവിനോട് കൂടെ വരാൻ പറഞ്ഞു.. “മ്ഹൂം.. ഞാനും ഇല്ല.. അമ്മ പോയി വഴക്ക് കേട്ടിട്ട് വാ.. എനിക്ക് ഈ ചർപ്രൈസ്‌ ഇഷ്ടായില്ല”.. അവളുടെ പറച്ചിൽ കേട്ടപ്പോൾ മാധവൻ നിന്നു ചിരിച്ചു.. രണ്ടിനെയും നോക്കി പേടിപ്പിച്ചിട്ട് പദ്മ വീട്ടിലേക്ക് നടന്നു..

“ചേച്ചി എപ്പോ വന്നു” .. വെറുതെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചതാ.. കല്യാണത്തിന്റെ അന്ന് കണ്ടതാ.. പിന്നീട് ഇന്നാണ്..

“ഇത് അവളുടെ കൂടി വീടല്ലേ.. നിന്നോട് അനുവാദം ചോദിച്ചിട്ട് വേണോ അവൾക്കിവിടെ വരാൻ.. അല്ലേ മോളേ”.. അമ്മ ഹിമയെ ഒന്ന് നോക്കി ചോദിച്ചു.. അമ്മ ഇത്രയും പെട്ടെന്ന് കാലുമാറിയോ.. പദ്മ അമ്മയെ നോക്കി.. അല്ല ചേച്ചിക്കിട്ട് ഒന്ന് താങ്ങിയതാ.. എന്തെങ്കിലുമൊന്ന് ചോദിച്ചാൽ അവൾ തിരിച്ചു പറയുന്ന മറുപടി ഇവിടെ എല്ലാവർക്കും കാണാപാഠമാ..

“നീ ആ വിറകുപുരയിലാണോ പദ്മേ ഇപ്പോഴും താമസിക്കുന്നത് .. പിന്നെ ഈ വീടെന്തിനാ.. അച്ഛന് എങ്കിലും പറഞ്ഞുകൂടായിരുന്നോ ഇവിടെ വന്നു താമസിക്കാൻ”.. ഹിമ മാധവനും മിന്നുവും പോകുന്നത് നോക്കിയിട്ട് പറഞ്ഞു..

“അതെന്തിനാ.. അവരുടെ ഇഷ്ടത്തിന് അവർ ജീവിക്കട്ടെ.. മാധവന് ഞങ്ങൾ അന്യരല്ല.. അവന് എവിടെ വേണമെങ്കിലും കഴിയാം.. സന്തോഷത്തോടെ ഇരിക്കണമെന്നേ ഉള്ളൂ”.. അച്ഛൻ പറഞ്ഞു.

“കാണുന്നവർക്ക് അത് വിറകുപുര ആയിരിക്കാം.. എന്റെ സ്വർഗ്ഗം ആണ് അത്.. ഞങ്ങൾക്ക് മൂന്നാൾക്കും ആ വീട് തന്നെ ധാരാളം ആണ് .. ആ വീട് ഉടനെ തന്നെ ഞാനും മാധവേട്ടനും കൂടി അച്ഛന്റെ കയ്യിൽനിന്നും വാങ്ങും.. ചുമ്മാതെയല്ല കേട്ടോ അച്ഛൻ പറയുന്ന വിലയ്ക്ക്.. ചേച്ചി വാ അങ്ങോട്ട്.. എന്റെ വീട്ടിലേക്ക് “.. പദ്മ ചിരിയോടെ പറഞ്ഞു..

“അവളുടെ സ്വത്ത് അവൾ തന്നെ എന്നോട് വില പറഞ്ഞു വാങ്ങുന്നു”.. അച്ഛൻ സന്തോഷത്തോടെ തന്നെ പറഞ്ഞു.. അച്ഛന്റെ അഭിമാനമാണ് ഞാനും മാധവനും.. ഈ വീട് വിലയ്ക്ക് തരുമോന്നു ചോദിച്ചത് മാധവൻ ആണ്.. ഇത് പദ്മയ്ക്ക് അവകാശപെട്ടതാ പിന്നെന്തിനാ ഇതിന് വിലയിടുന്നതെന്ന് ചോദിച്ചു.. “എന്റെ ആഗ്രഹമാണ് പദ്മയും കുഞ്ഞും ഞാൻ വാങ്ങിയ വീട്ടിൽ കഴിയണം എന്നുള്ളത്.. പിന്നെ എന്റെ എല്ലാ നല്ല കാര്യങ്ങളുടെയും തുടക്കം ഇവിടെ നിന്നാണല്ലോ.. നേടിയെടുക്കാൻ ശീലിച്ചതും നേടിയെടുത്തതും ഈ വീട്ടിൽ നിന്നാണ്. ഇത് മാത്രമേ അച്ഛനോട് ചോദിക്കുന്നുള്ളു ഞാൻ”.. ന്ന് മാധവൻ പറഞ്ഞപ്പോൾ അച്ഛൻ എതിരൊന്നും പറഞ്ഞില്ല.. മാധവനെ നന്നായി അറിയുന്ന ആളിൽ ഒരാളാണ് അച്ഛൻ.. അന്ന് സമ്മതം പറഞ്ഞതാണ്.. അതും അഭിമാനത്തോടെ അതിലേറെ സന്തോഷത്തോടെ.. അതിനു വേണ്ടി സ്വരുകൂട്ടി വെക്കുകയാണ് രണ്ടാളും ഇപ്പോൾ..

ചേച്ചിക്ക് ഇതൊന്നും ദഹിക്കുന്നില്ല കേട്ടിട്ട്.. ആ വീട്ടിലേക്കും പദ്മയെയും മാറി മാറി നോക്കുന്നുണ്ട്.. ചേച്ചിക്ക് ഒട്ടും മാറ്റമില്ലല്ലോ എന്നോർത്തു കൊണ്ട് പദ്മയും വീട്ടിലേക്ക് കയറി..

“ഇന്നെന്റെ പാൽകുഞ്ഞു വന്നില്ലല്ലോ പദ്മേ.. എന്തുപറ്റി.. അല്ലെങ്കിൽ ഈ നേരം അമ്മമ്മേടെ വാലിൽ തൂങ്ങി നടക്കുന്നവളാ”.. വീട്ടിലേക്ക് നോക്കി അമ്മ ചോദിച്ചു.. പറയാൻ പറ്റുവോ ചേച്ചി ഉള്ളതുകൊണ്ടാണെന്ന്.. ചേച്ചി ഇന്ന് പോകുന്നില്ലേ.. അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഒക്കെയും കണ്ടാൽ മനസ്സിലാവില്ല വീട്ടിൽ ഇടുന്നത് ഏതാ വെളിയിൽ പോകുമ്പോൾ ഇടുന്നത് ഏതാന്ന് ഒന്നും.. ഒരുമാതിരി സീരിയൽ നടിമാരെപ്പോലെ എപ്പോഴും ടിപ്ടോപ് ആണ്.. അച്ഛനോട് കണ്ണുകൊണ്ട് ചോദിച്ചു എന്താണ് ചേച്ചിയുടെ ആഗമനലക്ഷ്യം എന്ന്.. അച്ഛൻ മേലോട്ട് നോക്കി കൈകൊണ്ട് കാണിക്കുന്നുണ്ട് ദൈവത്തിനറിയാം എന്ന്..

“എന്തുവാടീ ചേച്ചീ നീയെനിക്ക് കൊണ്ടുവന്നത് “.. ചുമ്മാ ചോദിച്ചതാ.. എന്തെങ്കിലും ഒന്ന് ചോദിക്കണ്ടേ..

“അതെന്താ നിനക്ക് എന്തെങ്കിലും വേണമെങ്കിൽ സ്വയം വാങ്ങിക്കൂടെ.. ഞാൻ കൊണ്ടു തരേണ്ട ആവശ്യം എന്താണ് “.. ചേച്ചി ചോദിച്ചപ്പോൾ അങ്ങനൊരു ചോദ്യം ചോദിച്ചതിന് ഞാൻ എന്റെ നാവിനിട്ട് തന്നെ നാലഞ്ച് അടി കൊടുത്തു കഴിഞ്ഞു.. അച്ഛൻ ചിരി കടിച്ചമർത്തുന്നുണ്ട്.. ഇപ്പോൾ മാധവേട്ടൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ തലയും കുത്തിനിന്ന് ചിരിച്ചേനെ..

“മാധവൻ അവിടെ വലിയൊരു സാധനം നിനക്ക് തരാൻ വെച്ചിട്ടുണ്ട്.. നീ അത് കണ്ടായിരുന്നോ”.. അച്ഛൻ ചോദിച്ചപ്പോഴാണ് ആ കാര്യം ഓർത്തത്.. പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് ഓടി.. അപ്പന്റെയും മകളുടെയും സംസാരം കേൾക്കുന്നുണ്ട്.. വീടിന്റെ പിന്നിലേക്ക് ചെന്നപ്പോൾ ഉണ്ട് ഒരു പശു നിൽക്കുന്നു.. ദൈവമേ ഇതായിരുന്നോ സർപ്രൈസ് എന്നു പറഞ്ഞത്.. ഇതിലും ഭേദം വീട്ടിൽ കണ്ട സർപ്രൈസ് ആയിരുന്നു…

“അമ്മേ… ദേ നോക്കിയേ മിന്നൂട്ടിക്ക് പാലു കുടിക്കാൻ അച്ഛൻ പശുമാമയെ വാങ്ങി”.. അതിനെ തലോടി മിന്നു ഉത്സാഹത്തിൽ പറഞ്ഞു..

ഈ കുറച്ചു നേരം കൊണ്ട് അവൾ അതിനെ സ്വന്തം മാമനാക്കി.. ദയനീയമായി ഒന്ന് മാധവനെ നോക്കി.. എങ്ങനുണ്ട് എന്ന് കണ്ണുകൊണ്ടു ചോദിക്കുന്നുണ്ട്.. മ്മ്..ഗംഭീരം… ഞാനും കുറച്ചില്ല.. ഇതിപ്പോ ദാസനും വിജയനും സ്വപ്നം കണ്ടപോലെ ഇരിക്കുമോ എന്തോ.

“അച്ഛന്റെ ഐഡിയ ആണ്.. നമ്മുടെ തോട്ടത്തിൽ നിറയെ പുല്ലുണ്ട്.. അത് പറിച്ചു കളയാൻ ആളെ നിർത്തുന്ന പൈസ കൊണ്ട് നിനക്കൊരു പശുവിനെ വാങ്ങിക്കൂടെയെന്ന്.. ഇതാവുമ്പോ നമ്മുടെ ആവശ്യത്തിന് പാലും കിട്ടും.. ബാക്കി സൊസൈറ്റിയിൽ കൊടുക്കാം.. ചാണകം തോട്ടത്തിലോട്ടും എടുക്കാം.. വേറെ ചാണകപ്പൊടി വാങ്ങേണ്ട.. കറക്കാനും നോക്കാനും ഒക്കെ ഒരു ചെക്കൻ വരും.. അവന് എന്തെങ്കിലും കൊടുത്താൽ മതി.. എങ്ങനുണ്ട്”.. മാധവന്റെ നീക്കം പദ്മയ്ക്ക് ബോധിച്ചു.. മുൻപുണ്ടായിരുന്ന സംശയം മാറിക്കിട്ടി.. ഐഡിയ കൊള്ളാം.. പശുവിനും ഞങ്ങളെ ബോധിച്ചുന്ന് തോന്നുന്നു.. “മ്മേ”ന്ന് നീട്ടി വിളിച്ചു.. അത് അമ്മയല്ല ചേച്ചിയാണെന്ന് മിന്നു പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.. പശു മ്മേ ന്ന് വിളിച്ചത് കേട്ട് അതേ ടോണിൽ ചേച്ചീ ന്ന് അവളും വിളിച്ചു പഠിപ്പിക്കുന്നുണ്ട്.. മനസ്സിലായാൽ മതിയാരുന്നു.. അവൾക്ക് മാത്രമാണ് അമ്മേയെന്നു വിളിക്കാൻ അവകാശം ഉള്ളത്.. വേറെയാർക്കും അവകാശം വിട്ടുകൊടുക്കാൻ അവൾ തയ്യാറല്ല.. അതിപ്പോൾ ഒരു പശു ആണെങ്കിൽ പോലും..

മനസ്സില്ലാ മനസ്സോടെ അമ്മമ്മയ്ക്ക് അരികിലേക്ക് ചെന്നു മിന്നു.. രണ്ടു വശത്തോട്ടും നോക്കുന്നുണ്ട്.. പിന്നെ എന്തോ ഒരു സമാധാനം കിട്ടിയത് പോലെ പോയി അമ്മമ്മയെ കെട്ടിപിടിച്ചു.. “വന്നോ അമ്മമ്മയുടെ പാൽകുഞ്ഞ്.. എത്രനേരമായെന്ന് അറിയുവോ ഞാൻ കാത്തിരിക്കുന്നു”.. രാധ അവളെ ചേർത്തു പിടിച്ചു പറഞ്ഞു.. അവളുടെ ശബ്ദം കേട്ടപ്പോൾ അച്ഛനും വന്നു അടുക്കളയിലേക്ക്.. സ്കൂളിലെ വിശേഷം മുഴുവൻ പങ്കുവെക്കുന്നത് അപ്പൂപ്പനോടും അമ്മമ്മയോടുമാണ്.. പശുവിന്റെ വിശേഷം മുഴുവൻ പറയുന്നുണ്ട്.. ഇടാൻ വെച്ചിരിക്കുന്ന പേര് വരെ പറഞ്ഞു അപ്പൂപ്പനോട്.. “ഈ കൊച്ച് പദ്മയെ അമ്മേയെന്നാണോ വിളിക്കുന്നത്.. അവൾക്ക് പറഞ്ഞു തിരുത്തിക്കൂടെ.. ആന്റിയെന്നോ വല്ലതും വിളിപ്പിച്ചാൽ പോരേ.. അല്ലെങ്കിൽ ഭാവിയിൽ അത് പ്രശ്നമാവില്ലേ “.. ഹിമയുടെ ശബ്ദം കേട്ടപ്പോൾ മൂന്നാളും തിരിഞ്ഞു നോക്കി.. വാതിൽപ്പടിയിൽ കയ്യും കെട്ടി നിന്ന് ഞങ്ങളുടെ വർത്തമാനം കേട്ട് നിൽക്കുവാണ്..

“ആന്റി അല്ല.. അതെന്റെ അമ്മയാ.. അങ്ങനേ മിന്നു വിളിക്കൂ.. അമ്മയ്ക്കും അതാ ഇഷ്ടം.. അല്ലേ അപ്പൂപ്പാ”.. മിന്നു വീറോടെ പറഞ്ഞു.. എന്നിട്ട് സപ്പോർട്ടിനു വേണ്ടി അപ്പൂപ്പനെയും ഒന്ന് നോക്കി..

“എന്റെ ഹിമേ നീ പദ്മയോട് പറയും പോലെ ഇവളോട് പറയാൻ നിൽക്കരുത്.. പദ്മയോട് എന്തെങ്കിലും പറഞ്ഞാൽ അവൾ ചേച്ചിയാണല്ലോ എന്നു വെച്ച് ചിലപ്പോൾ ക്ഷമിക്കും നിന്നോട് .. പക്ഷേ ഇവളുടെ അമ്മയെക്കുറിച്ച് എന്തെങ്കിലും ഇവളോട് പറഞ്ഞാൽ നിന്നെ കൊന്നിട്ടേ അവൾ പോകൂ.. അവൾ എന്തെങ്കിലുമൊക്കെ വിളിച്ചോട്ടെ.. അവർ അമ്മയും മോളുമല്ലെന്ന് ആരെങ്കിലും പറയുവോ.. കുഞ്ഞാണ്.. ചുമ്മാ വിഷമിപ്പിക്കല്ലേ അവളെ നീ”.. അച്ഛൻ കുറച്ചു ദേഷ്യത്തിൽ ഹിമയോട് പറഞ്ഞിട്ട് മിന്നൂട്ടിയെ കുറച്ചൂടെ ചേർത്തിരുത്തി.. ഹിമയെ ദേഷ്യത്തിൽ തുറിച്ചു നോക്കുന്നുണ്ട് മിന്നു..നിനക്കെന്താ ഭൂതമേ ഈ വീട്ടിൽ കാര്യം എന്ന രീതിയിൽ…

“നോട്ടം കണ്ടില്ലേ.. എന്നെ കാണുമ്പോൾ എല്ലാം തുറിച്ചുള്ള ഈ നോട്ടമാ.. ഞാൻ എന്തോ ചെയ്തത് പോലെ”.. മിന്നുവിനെ നോക്കിക്കൊണ്ട് ഹിമ പറഞ്ഞു..

“ആദ്യം നീ അവളുടെ അമ്മയോട് സ്നേഹത്തിൽ പെരുമാറ്.. എങ്കിലേ അവളും മര്യാദക്ക് പെരുമാറൂ.. സ്വന്തം അമ്മ വിളിച്ചിട്ടും പോകാതെ പദ്മയുടെ ചൂട് പറ്റി നിന്നവളാണ്.. ആ കൊച്ചിനെ വല്ലതും പറഞ്ഞാൽ നല്ല അടി വാങ്ങും ഹിമേ നീ.. വലുതായി എന്നൊന്നും ഞാൻ നോക്കില്ല.. അമ്മമ്മേടെ പാൽക്കുഞ് ആണിത്”.. ചെയ്തുകൊണ്ടിരുന്ന പണിക്കിടയിലും അമ്മ മിന്നുവിനെ നോക്കി പറഞ്ഞു.. അത് ഇഷ്ടപ്പെട്ടു മിന്നുവിന്.. ഗർവ്വോടെ ഹിമയുടെ മുഖത്തേക്ക് നോക്കി.. ഹിമ അവിടെ നിന്നും മെല്ലെ റൂമിലേക്ക് പോയി.. പദ്മ വന്നപ്പോൾ മിന്നുവിന്റെ മുഖം ഒരു കുട്ടയുണ്ടായിരുന്നു.. എന്താ പറ്റിയതെന്ന് ചോദിച്ചപ്പോൾ ഹിമ പറഞ്ഞതൊക്കെ പറഞ്ഞു.. സാരമില്ല ന്ന് പറഞ്ഞു മിന്നുവിനെ സമാധാനിപ്പിച്ചു പദ്മ ..

“അത് നീ നിന്റെ ചേച്ചിയോട് പോയി പറയ്.. അവൾക്കുള്ളത് മിന്നൂട്ടി കൊടുത്തിട്ടുണ്ട്.. ഇതിപ്പോ കൊടുത്തത് കുറഞ്ഞു പോയതിലുള്ള വിഷമം ആണ് ഈ മുഖത്തു കാണുന്നത്.. പദ്മയോട് കളിക്കും പോലെയാ എല്ലാവരോടും എന്നാ വിചാരിച്ചു വെച്ചേക്കുന്നത്.. അല്ലേ കുഞ്ഞേ..”.. അച്ഛൻ പറഞ്ഞപ്പോൾ ഒരു കള്ളച്ചിരി ചിരിച്ചു കാണിച്ചു അവൾ.. പദ്മ സൂക്ഷിച്ചൊന്ന് നോക്കിയപ്പോൾ അവൾ വളരെ പാവമായി നിന്നു..

“ജോലി ചെയ്യുന്നിടത്തു എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു മോളേ.. എപ്പോഴും മൊബൈൽ പിടിച്ചു നടക്കുന്നുണ്ട്.. എന്തോ ഉണ്ട്.. ഇല്ലെങ്കിൽ ഇവിടെ വന്ന് ഇങ്ങനെ നിൽക്കില്ലല്ലോ”.. വീട്ടിലെ സിഐഡി, അമ്മ പറഞ്ഞു.. അമ്മ പറഞ്ഞാൽ അത് ശരിയായിരിക്കും.. പദ്മ ഒരു വിശ്വാസത്തിനു അച്ഛനെ നോക്കി.. അച്ഛനും അമ്മയുടെ ഊഹം ശരിവെച്ചു.. പിന്നീട് ചേച്ചിയെ സൂക്ഷ്മമായി നോക്കിയപ്പോൾ ശരിയാണ്.. ഒരിടത്തും ഇരുപ്പ് ഉറയ്ക്കാത്തത് പോലെ.. മൊബൈലിൽ ഇടയ്ക്കിടെ നോക്കുന്നുണ്ട്.. ആരെയോ വിളിക്കുന്നുമുണ്ട്.. എടുക്കാത്തത് കൊണ്ട് മൊബൈൽ എറിയാനും നോക്കുന്നുണ്ട്.. ദൈവമേ എന്താണോ ഒപ്പിച്ചു വന്നേക്കുന്നത്.. കുറച്ചു സമാധാനത്തിനു വേണ്ടി മാധവനോട് പോയി പറഞ്ഞു.. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പറയുവാ…

“ഹിമയ്ക്ക് ജോലിസ്ഥലത്തല്ല പ്രശ്നം.. പ്രശ്നം വിഷ്ണു ആയിട്ടാന്ന് തോന്നുന്നു”.. മനസ്സിലാകാത്തത് പോലെ പദ്മ മാധവനെ നോക്കി.. “ബുദ്ധൂസേ.. പ്രശ്നം അവിടെ ആയിരുന്നെങ്കിൽ അത് പരിഹരിക്കാൻ അവിടെ ആയിരിക്കില്ലേ നിൽക്കുക.. ഇതിപ്പോൾ പ്രശ്നം ഇവിടെ ആയതുകൊണ്ടാ ഇങ്ങോട്ട് പോന്നത്.. വിഷ്ണുവിന്റെ അടുത്ത് പോകാൻ വയ്യാത്ത എന്തോ ഉണ്ട്.. അല്ലെങ്കിൽ ഭൂമികുലുക്കം വന്നെന്നു പറഞ്ഞാലും ഇവിടെ വന്നു താമസിക്കാത്ത ആളാണ്‌ നിന്റെ ചേച്ചി”.. പദ്മ മാധവൻ പറഞ്ഞത് മനസ്സിൽ ഓർക്കുകയായിരുന്നു.. ശരിയാണ്.. ചേച്ചി വന്നാലും താമസിക്കുക വിഷ്ണുവിന്റെ അടുത്താണ്.. ഇങ്ങോട്ട് വരവ് എന്തെങ്കിലും വഴക്ക് ഇടാൻ മാത്രം.. “യ്യോ”..ആ ഒരു ടെൻഷനിൽ അറിയാതെ വായിൽ വന്നുപോയി.. കൂർപ്പിച്ചിരിക്കുന്ന പദ്മയുടെ ചുണ്ട് പിടിച്ചു വായിലേക്കിട്ട് ചവയ്ക്കും പോലെ കാണിച്ചു മാധവൻ.. എന്നിട്ട് പറഞ്ഞു.. “ന്റെ പൊന്ന് തല പുണ്ണാക്കേണ്ട അതോർത്തിട്ട്.. അത് അവര് തീർത്തോളും കേട്ടോ”..

“എന്നാലും മാധവേട്ടാ എന്താണ് പ്രശ്നം എന്നറിയേണ്ടേ.. ആ അമ്മയെ ഓർത്തിട്ട് ഒരു വിഷമം പോലെ.. ഇതിപ്പോ അച്ഛൻ അറിഞ്ഞാൽ വിഷമിക്കില്ലേ”.. പദ്മ പറയുന്നതും കേട്ടിരുന്നു മാധവൻ.. ശരിയാണ് അച്ഛൻ അറിഞ്ഞാൽ പ്രശ്നമാണ് ..

“ഞാനിന്ന് ചേച്ചിക്കൊപ്പം കിടക്കട്ടേ.. കാര്യങ്ങൾ പറയുമായിരിക്കും അവൾ.. വേറെ ആരാ അവൾക്കുള്ളത്”.. പദ്മ പറയും മുന്നേ മാധവൻ “വേണ്ടാ”ന്ന് ചാടി പറഞ്ഞു..

“ചേച്ചി വഴക്കിടില്ലെന്നെ.. ഞാനും അവളും തനിച്ചുണ്ടെങ്കിൽ അവൾ പാവമാ.. ചിലപ്പോൾ എല്ലാം പറയും.. നമുക്ക് പരിഹരിക്കാൻ പറ്റുന്ന പ്രശ്നം ആണെങ്കിലോ.. ആ അമ്മയെ ഓർക്കണ്ടേ നമ്മൾ”.. പദ്മ മാധവൻ സമ്മതിക്കാൻ വേണ്ടി ചെറുതായൊന്നു സോപ്പിട്ടു..

“വേണമെങ്കിൽ ഇപ്പോൾ ചോദിച്ചു വാ.. ഇല്ലെങ്കിൽ രാവിലെ പൊക്കോ.. കിടക്കാൻ ഒന്നും പോവണ്ടാ.. നീ ഇല്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല”..

“എനിക്കും”….. മാധവൻ പറഞ്ഞതിന് ബാക്കിയായി മിന്നൂട്ടിയും പൂരിപ്പിച്ചു.. ഹോം വർക്ക്‌ ചെയ്യുവാ, പക്ഷേ ചെവി രണ്ടും ഇങ്ങോട്ട് തിരിച്ചു വെച്ചേക്കുവാ കുരുപ്പിന്റെ.. രണ്ടും കണക്കാ.. ദേഷ്യത്തിൽ നോക്കിയ പദ്മയ്ക്ക് ഒരുമ്മ കൊടുക്കും പോലെ കാണിച്ചു മാധവൻ.. പദ്മ മുഖം തിരിച്ചു കളഞ്ഞു… “വാ നമുക്ക് കാലിയെ മേയ്ക്കാൻ പോകാം.. നിന്റെ ചേച്ചിയോട് സംസാരിക്കാൻ പോകുന്നതിലും ഭേദം അതാണ്‌”.. പദ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു കൂടെ കൂട്ടി.. “അച്ഛാ ഞാനും”.. എഴുതിക്കൊണ്ടിരുന്ന ബുക്കും മടക്കി ആദ്യമേ ചാടി അവൾ..

കൃഷിക്ക് ആവശ്യത്തിന് വേണ്ടി ഒരു ടാങ്ക് ഉണ്ടാക്കിയിട്ടുണ്ട്.. അതിനരികിലേക്ക് പശുവിനെയും കൂട്ടി നടന്നു.. കുളിപ്പിച്ച് സുന്ദരി ആക്കി മൂന്നാളും കൂടി.. അതിനിടക്ക് രണ്ടും കൂടി പദ്മയെ നനച്ചു.. പദ്മയെ ടാങ്കിൽ ഇടാൻ പൊക്കിയെടുത്തു മാധവൻ.. “കഷ്ടമുണ്ട് മാധവേട്ടാ.. ഇടല്ലേ.. എനിക്ക് ഇപ്പോളേ തണുക്കാൻ തുടങ്ങി”.. പദ്മയുടെ പേടി കണ്ടപ്പോൾ ഒന്നുകൂടി ഇടാൻ ആഞ്ഞു.. ഇടുമെന്നു തോന്നിയപ്പോൾ അവസാന അടവെടുത്തു പദ്മ.. “ഇടല്ലേ.. ഞാൻ ഉമ്മ തരാം മാധവാ”..

“എത്ര”….

“ഒന്ന്”… വീണ്ടും ഇടാൻ ആഞ്ഞപ്പോൾ പറഞ്ഞു.. “ഇല്ല.. ഒത്തിരി”.. വീണ്ടും ഇടാൻ കൈ ഒന്നയച്ചപ്പോൾ..”ഇന്ന് മുഴുവൻ തരാം”..

മാധവൻ ചിരിയോടെ പദ്മയുടെ നെറ്റിയിൽ തല മുട്ടിച്ചു.. “നീ ഇത്രയും പേടിത്തൊണ്ടിയാണോ പെണ്ണെ.. ഞാൻ ന്റെ ടീച്ചറിനെ വെള്ളത്തിൽ മുക്കുവോ.. ന്റെ മുത്തല്ലേ നീ”.. പദ്മയെ താഴെ നിർത്തി ചേർത്തു പിടിച്ചു.. “പക്ഷേ.. വാക്ക് മാറ്റരുത്.. തരാം ന്ന് പറഞ്ഞത് തരണം”…

“ആ ഇങ്ങു വാ.. ഞാനിപ്പോ തരാം.. ആ പശുവിനു പകരം പോത്തായിരുന്നു വേണ്ടത്.. കാലന് അതല്ലേ ചേരുക.. കാലൻ മാധവൻ”.. തന്റെ നെഞ്ചിൽ തള്ളി മാറ്റി..

“വെള്ളത്തിൽ നിന്നും കേറുന്നുണ്ടോന്ന് നോക്ക് ആ കുഞ്ഞു പോത്ത്.. വിളിച്ചോണ്ട് വന്നോണം.. എങ്ങനെ പനി പിടിപ്പിക്കാം എന്ന് ചിന്തിക്കുന്ന സാധനവാ സ്കൂളിൽ പോകാതെ ഇരിക്കാൻ .. രണ്ടും കണക്കാ”..നിലത്തു കാലു കുത്തിയതിന്റെ ധൈര്യത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു .. മാധവൻ പൊട്ടിച്ചിരിച്ചു.. പക്ഷേ പെട്ടെന്ന് ചിരി മങ്ങി വന്നു.. എല്ലാം നോക്കി അടുക്കള വാതിൽ ചാരി ഹിമ.. നിൽപ് തുടങ്ങിയിട്ട് കുറച്ചായീന്ന് മനസ്സിലായി.. തന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോകുന്ന പദ്മയെയും മാറി മാറി നോക്കുന്നുണ്ട്… ഇതൊന്നും ശ്രദ്ധിക്കാതെ പദ്മയുടെ കുഞ്ഞുപോത്ത് വെള്ളത്തിൽ കിടന്നു കുത്തിമറിയുന്നുണ്ടായിരുന്നു …

♥️ഉടനെ വരും ♥️