രചന – മിയ അവ
ആർട്സ് ഡേ അടുത്തത് കൊണ്ട് പ്രാക്ടീസും മറ്റുമായി മായ ഫുൾ ബിസിയായിരുന്നു കുറച്ചു നാളുകളായി. കുഞ്ഞു നാൾ മുതലേ ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കുന്ന അവൾ സ്കൂൾ തല മത്സരങ്ങളിലെല്ലാം സ്റ്റേറ്റ് ലെവലിലൊക്കെ പോയി ഫസ്റ്റ് അടിച്ചിട്ടുള്ള ആളാണ്. അതുകൊണ്ട് തന്നെ ഈ വർഷത്തെ ഇന്റർ സോൺ കലോത്സവത്തിന് അവരുടെ കോളേജിനെ പ്രതിനിധീകരിച്ചു പോവുന്ന
മത്സരയിനങ്ങളിൽ മായയുടെ പെർഫോമൻസിലാണ് മാനേജ്മെന്റും ടീച്ചേർസും എല്ലാവരും ഒരുപോലെ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. അതിന്റെ മുന്നോടിയായി നടത്തുന്ന ആർട്സ് ഡേ ആയതു കൊണ്ട് മായയ്ക്ക് അതിന്റെതായ കുറെയധികം തിരക്കുകളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു. അവളുടെ ഡാൻസ് കൂടാതെ ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസും അവർ നോക്കുന്നുണ്ട്. അപ്പോൾ മറ്റു കുട്ടികളെ ട്രെയിൻ ചെയ്യിക്കാനുള്ള ഡ്യൂട്ടിയും മായയ്ക്കായിരുന്നു. ചെറിയൊരു ബ്രേക്ക് കിട്ടുമ്പോഴേക്കും തന്നെ അവൾ ബാക്കി കുട്ടികളെ പഠിപ്പിക്കുവാനും സ്വയം പ്രാക്ടീസ് ചെയ്യാനുമൊക്കെയായി തിരിയുന്നത് കൊണ്ട് ആ ദിനങ്ങളിലൊക്കെയും പലപ്പോഴും ശിവയുടെയും മഹിയുടെയും ഒപ്പം അവൾ ഉണ്ടാവാറില്ല.
അങ്ങനെയങ്ങനെ ദിവസങ്ങൾ പിന്നിട്ടപ്പോൾ അന്നും പതിവ് പോലെ ശിവയും മഹിയും ഉച്ചക്ക് കാന്റീനിൽ പോയി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ശിവ മഹിയോട് അത് പറയുന്നത്.
“ടാ മഹി… ഞാൻ ഇന്നല്പം നേരത്തെ
ഇറങ്ങും.. പിന്നെ എന്റെ ബൈക്ക് വർക്ക് ഷോപ്പിലാണ് അതോണ്ട് മായെടെ വണ്ടി ഞാൻ എടുക്കും. അവൾക്ക് ആണെങ്കിൽ വൈകീട്ട് പ്രാക്ടീസും ഉള്ളത് കൊണ്ട് അതൊക്കെ കഴിഞ്ഞു ബസ് പിടിച്ച് വീട്ടിൽ എത്തുമ്പോഴേക്കും ഒരുപാട് വൈകും… സോ നീയൊന്ന് അവളെ വെയിറ്റ് ചെയ്യണം ഇന്ന്.. എന്നിട്ട് പ്രാക്ടീസ് കഴിഞ്ഞ് അവളെയും കൂട്ടി..അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് പോയാൽ മതി കേട്ടോ നീ ഇന്ന്…..”
ശിവയിൽ നിന്നും വന്ന ആ വാക്കുകൾ മഹിയുടെ ഹൃദയത്തിലേക്കാണ് പെയ്തിറങ്ങിയത്. ഇത്രയും നാൾ ക്ലോസ് ഫ്രണ്ട്സ് ആണെങ്കിലും… എപ്പോഴും ഒരുമിച്ചു തന്നെയാണെങ്കിൽ കൂടിയും ഒരിക്കൽ പോലും മായ മഹിയ്‌ക്കൊപ്പം ബൈക്കിൽ കയറിയിട്ടില്ല. ശിവ എപ്പോഴും കൂടെ ഉണ്ടാവുന്നത് കൊണ്ട് അതിനുള്ള അവസരം ഉണ്ടായിട്ടും ഇല്ലായിരുന്നു. അതിനാൽ തന്നെ ആദ്യമായ് അവളെ തനിക്കൊപ്പം ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നതിന്റെ ആവേശം അവനിൽ അല തല്ലുന്നുണ്ടായിരുന്നു. തന്റെ മനസ്സിലെ പ്രണയം പറയാൻ ഇത് തന്നെയാണ് പറ്റിയ അവസരമെന്നും അവൻ മനസ്സിൽ ഉറപ്പിച്ചു. ഏതോ സ്വപ്ന ലോകത്തെന്ന പോലെ എന്തോ ഓർത്ത് തിരിച്ചൊന്നും
പറയാതെ നിൽക്കുന്ന മഹിയെ കണ്ടപ്പോൾ ശിവയൊന്നു അവനെ തട്ടി വിളിച്ചു.
“ടാ… നീയിത് ഏത് ലോകത്താടാ…..”
“ഏയ്.. ഒന്നും ഇല്ല അളിയാ ഞാൻ പെട്ടെന്ന് എന്തോ ഓർത്തു പോയി…അതാ…ഈൗ….”
“മ്മ് മ്മ്… ഓർക്കുന്നതൊക്കെ കൊള്ളാം.. ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ… ആ കാന്താരിയെ കൊണ്ട് പോയി വീട്ടിൽ ഇറക്കിയേക്കണം ഇന്ന്…. ഞാൻ അവൾക്കൊപ്പം കാണില്ലെന്ന്… എന്താ നിനക്ക് ബുദ്ധിമുട്ടൊന്നും കാണില്ലല്ലോ…ല്ലേ…”
“ഏയ്… എന്ത് ബുദ്ധിമുട്ട്… അത് ഞാനേറ്റു ടാ ശിവ… അവൾ എന്റേം കൂടെ ഫ്രണ്ടല്ലേ….”
“മ്മ്.. അപ്പോ സെറ്റ്….”
അന്ന് ഉച്ചയ്ക്ക് ശേഷമുള്ള പിരിയഡുകളിൽ ഒന്നും തന്നെ മായ ക്ലാസ്സിൽ കയറിയില്ലായിരുന്നു. ഫുൾ പ്രാക്ടീസ് ആയിരുന്നു. ലഞ്ച് ബ്രേക്ക് കഴിഞ്ഞേരെയുള്ള ഫസ്റ്റ് പിരിയഡ്
കഴിഞ്ഞപ്പോൾ ശിവ മഹിയോട് പറഞ്ഞ് പോവാനൊരുങ്ങിയപ്പോൾ അവർ രണ്ടു പേരും ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ ചടപ്പ് തോന്നി മഹിയും ശിവയോട് ബൈ പറഞ്ഞ് നേരെ ലൈബ്രറിയിലേക്കും വിട്ടു.
ലൈബ്രറിയിൽ ഇരിക്കുമ്പോഴും വൈകീട്ട് മായയെ ബൈക്കിൽ കയറ്റി പോവുന്നതും അവളെ എങ്ങനെ പ്രൊപ്പോസ് ചെയ്യുമെന്നൊക്കെയോർത്ത് തല പുകയ്ക്കുകയായിരുന്നു മഹിയുടെ മനസ്സ്. അവിടെ വന്നിട്ട് ഒരു അര മണിക്കൂർ പോലുമായില്ല… പുറത്ത് എന്തോ ബഹളവും പിള്ളേരും ലൈബ്രറിയനുമെല്ലാം പുറത്തേക്ക് ഇറങ്ങിയോടുന്നത് കണ്ടിട്ടാണ് മഹിയും കാര്യമെന്തെന്നറിയാൻ പുറത്തേക്ക് പോയി നോക്കിയത്. ഗ്രൗണ്ടിൽ പിള്ളേർ മൊത്തം വളഞ്ഞിട്ടുണ്ട്. മഹിയ്ക്ക് എന്താ സംഭവമെന്ന് എന്നിട്ടും പിടി കിട്ടിയില്ല. അവൻ അവിടെ സൈഡിൽ ഒതുങ്ങി നിന്നിരുന്ന ഒരു കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് അറിഞ്ഞത് അവിടെ ഗ്രൗണ്ടിൽ മുട്ടൻ അടി നടക്കുവാണെന്ന്.
“ഹോ.. ഭാഗ്യം ശിവ പോയത്.. ഇല്ലെങ്കിൽ കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ അടിയിലേക്ക് വലിഞ്ഞു കയറി അവന്റെ വകയും ഉണ്ടാകുമായിരുന്നു മറ്റൊരു അങ്കം…പിന്നെ അവനെയാദ്യം ഞാനും
മായയും തൂക്കി പിടിച്ച് വീട്ടിൽ കൊണ്ട് പോവേണ്ടി വന്നേനെ…..”
അവിടെ നടക്കുന്ന അടിയുടെ കാരണം പോലും തിരക്കാതെ മനസ്സിൽ അത്രയും ഓർത്ത് മഹി വീണ്ടും ലൈബ്രറിയിലേക്ക് തന്നെ തിരിയാൻ ഒരുങ്ങിയപ്പോഴാണ് അവരുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരുത്തൻ മഹിയെ കണ്ട് ഉറക്കെ വിളിച്ചു പറഞ്ഞത്.
“ടാ മഹി… ചെന്നാ ശിവയെ ഒന്ന് പിടിച്ചു മാറ്റടാ…. ഇല്ലെങ്കിൽ അവനിന്ന് ആ സെബാസ്റ്റ്യനെയും ശ്യാമിനെയും ഇവിടെയിട്ട് കൊന്നു കൊല വിളിക്കും…..നമ്മുടെ ക്ലാസ്സ്‌മേറ്റ്സല്ലേടാ അവരും…….”
അത് കേട്ട് മഹി ഒരു ഞെട്ടലോടെയാണ് തിരിഞ്ഞു നോക്കിയത്.
“ഏഹ്….ശിവയോ…… അവൻ പോവാന്ന് പറഞ്ഞ് പോയതാണല്ലോ… പിന്നെയെങ്ങനെ ഇവിടെ….”
ഓർത്ത് കൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങി അവിടെ കൂടി നിന്ന കുട്ടികളെയൊക്കെ ഒരു വിധം വകഞ്ഞു മാറ്റി മുന്നോട്ടെത്തിയ മഹി കാണുന്നത് സെബാസ്റ്റ്യനെ പൊക്കിയെടുത്ത് കറക്കി ആ മണ്ണിലേക്ക്
ഒരു തള്ള് വെച്ചു കൊടുക്കുന്ന ശിവയെയാണ്. തടുക്കാൻ വന്ന ശ്യാമിന്റെ നെഞ്ചിലേക്ക് ദേഷ്യത്തിൽ ആഞ്ഞു ചവിട്ടുന്നതും കൂടി കണ്ടപ്പോൾ ആ നിമിഷം വരെ മായയെ തനിച്ച് കിട്ടുന്നതും പ്രൊപ്പോസ് ചെയ്യുന്നതുമെല്ലാം സ്വപ്നം കണ്ടു നിന്നിരുന്ന മഹിയുടെ മനസ്സിലേക്ക് എന്തിനാ ശിവ അടിയുണ്ടാക്കുന്നതെന്നോ എന്താ പ്രശ്നമെന്നോ അന്വേഷിക്കുന്നതിന് പകരം കടന്നു വന്ന ചിന്ത മറ്റൊന്നായിരുന്നു.
“കോപ്പ് ….ഇവനല്ലേ പോവാന്ന് പറഞ്ഞു പോയിരുന്നത്.. പിന്നെയെന്തിനാപ്പോ അടി കൂടാനായി തിരിച്ചു വന്നതാവോ…അല്ലെങ്കിലും അവന് അടുത്ത് കൂടെയൊരു ഈച്ച പറന്നാൽ മതിയല്ലോ വഴക്കുണ്ടാക്കാൻ… ഇതും അതുപോലെ എന്തെങ്കിലുമാവും….ഇനിയിപ്പോ മായ ഇത് കണ്ടോണ്ട് വന്നാൽ പ്രാക്ടീസും കോപ്പുമെല്ലാം വേണ്ടെന്ന് വെച്ച് ഇപ്പോ ഇവനെയും കൊണ്ട് വീട്ടിലോട്ട് പോവും…..നാശം ബാക്കിയുള്ളവന് ആദ്യം ആയിട്ടാ അവളെയൊന്ന് ബൈക്കിൽ കൊണ്ട് പോവാനും തനിച്ചോരൽപം സംസാരിക്കാനും അവസരം കിട്ടിയത്….. ഇന്ന് എന്റെ ഉള്ളിലുള്ള പ്രണയം അവളോട് തുറന്നു പറയാമെന്നും കരുതിയതാ
ഞാൻ….അപ്പോഴേക്കും വീണ്ടും കെട്ടി എടുത്തു അവനെ….”
തന്റെ പ്രണയം തുറന്നു പറയാൻ പറ്റാതെ വരുമെന്നുള്ള അമർഷമായിരുന്നു മഹിയുടെ ഉള്ളിൽ അപ്പോൾ മുന്നിട്ട് നിന്നിരുന്നത്. അത് ശരീരത്തിലേക്ക് കൂടി ദേഷ്യമായി പടർന്നു കയറിയപ്പോൾ അവിടേക്ക് ഓടി ചെന്ന് സെബാസ്റ്റ്യനെ തൂക്കിയെടുത്ത് തല്ലി ചതയ്ക്കുവായിരുന്ന ശിവയെ ശക്തിയിൽ പിടിച്ചു മാറ്റി എല്ലാവരും നോക്കി നിൽക്കെ തന്നെ ശിവയുടെ മുഖത്തേക്ക് ആഞ്ഞൊരു അടി കൊടുത്തു മഹി. കലി പൂണ്ടു നിൽക്കുന്ന ശിവയെ നേരിടാൻ ഇന്നേ വരെ ആ ക്യാമ്പസിൽ ഒരാൾക്ക് പോലും കഴിയുകയോ അതിനുള്ള ധൈര്യമോ പോലും ആർക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ അടിയിൽ..കൂടി നിന്ന ബാക്കിയുള്ളവരെ പോലെ തന്നെ അടി കൊണ്ട ശിവയും അടുത്ത് നിന്ന് ആ കാഴ്ച കണ്ട മായയും ഒരുപോലെ സ്തബ്ധിച്ചു നിന്നു പോയി.
“നിനക്കെന്താടാ ശിവ ഭ്രാന്ത് ആണോ…. നീയെന്താ സിനിമയിലെ ഹീറോ ആവാൻ നോക്കുവാണോ…അവന്റെ ഒടുക്കത്തെയൊരു ദേഷ്യം…. നിന്റെയീ തൊട്ടതിനും പിടിച്ചതിനുമുള്ള ദേഷ്യം
കാരണം അനുഭവിക്കേണ്ടി വരുന്നത് ഞങ്ങളാ… ഒരു ദിവസം പോലും നിന്നെ കൊണ്ടൊരു മനസ്സമാധാനം ഉണ്ടാവില്ല ബാക്കിയുള്ളവർക്ക്…. ഇതുവരെ വാക്കുകൾ കൊണ്ടുള്ള ഉപദ്രവവും ചെറിയ ചെറിയ ഉന്തും തള്ളുമൊക്കെയേ ഉണ്ടായിരുന്നുള്ളു.. ഇപ്പോ കയ്യാങ്കളി വരെ എത്തിയോ നിന്റെ കലിപ്പ്… ഇത്രയും നാളും ഓരോ വഴക്കുണ്ടാക്കുമ്പോഴും ഉപദേശിച്ചും കൂടെ നിന്നും നിന്നെ നന്നാക്കിയെടുക്കാൻ നോക്കുന്ന ഞങ്ങളെ വിഡ്ഢികളാക്കുവാണോ നീ… നീ കാരണം ഞങ്ങൾ പോലും പലരുടെയും ശത്രുക്കളായി മാറുന്നുണ്ടിപ്പോ….നിനക്കറിയോ അത്……നാശം പിടിച്ച നിന്റെയീ ദേഷ്യം കാരണം മടുപ്പ് തോന്നുവാ എനിക്ക് നിന്നോട്… ഇട്ടിട്ട് പോവാൻ തോന്നുവാ….”
“എന്നാ ഇട്ടിട്ടു പോടാ നീ അവനെ…..”
തന്റെ ശബ്ദത്തെ പോലും വെല്ലുന്ന… തന്റെ ദേഷ്യത്തെ നിഷ്പ്രഭമാക്കിയുള്ള ഉച്ചത്തിൽ ആ അലർച്ച കേട്ടപ്പോൾ മാത്രമാണ് തൊട്ടടുത്ത് ഉണ്ടായിരുന്ന മായയെ മഹി ശ്രദ്ധിച്ചത് പോലും. അവളുടെ കണ്ണിൽ ആ നിമിഷം തന്നോടുള്ള ദേഷ്യം കത്തിയെരിയുന്നത് അവൻ കണ്ടു.
“മടുത്തു തുടങ്ങിയെങ്കിൽ ഇട്ടിട്ട് പൊയ്ക്കോ നീ… നിന്നെയാരും തടയില്ല…. നിന്നെയാരും പിടിച്ചു വെയ്ക്കാനും പോവുന്നില്ല….. അല്ലെങ്കിലും ആർക്ക് വേണം നിന്റെ ഫ്രണ്ട്‌ഷിപ്… ആർക്ക് വേണം നിന്റെ സപ്പോർട്ട്…. ഞാനുണ്ടാവും ഇവന്റെ കൂടെ….ഞാൻ മതി ഇവന്റെ കൂടെ.. വേറാരും അവന് വേണ്ട…..”
“ഏയ്… മായ.. നോ…..”
അവളുടെ കയ്യിൽ പിടിച്ച് പിന്തിരിപ്പിക്കാൻ നോക്കിയ ശിവയെ ആ കൈ തട്ടി മാറ്റി അവൾ അവന് വിലക്കിട്ടു.
“നീയെന്നെ തടയണ്ട ശിവ… നിന്റെ സ്വഭാവവും ദേഷ്യവുമൊക്കെ ഇങ്ങനെ തന്നെയാണെന്ന് അറിഞ്ഞു തന്നെയല്ലേ ഇവൻ നമ്മുടെ ഫ്രണ്ട്സ് ആയതു….. എന്നിട്ടിപ്പോ…. എല്ലാം അറിഞ്ഞിട്ടും എല്ലാരുടെയും മുന്നിൽ വെച്ച് ഇവൻ ഷോ കാണിക്കുന്നോ…. എല്ലാവരും നോക്കി നിൽക്കെ നിന്നെ തല്ലിയപ്പോൾ ഇവൻ വലിയെന്തോ സംഭവമാണെന്ന് ഇവന് തോന്നുന്നുണ്ടാവും.. എന്നാൽ മായയ്ക്ക് അങ്ങനെയല്ല……”
“മായ… ഞാൻ….. ഞാൻ
അങ്ങനെയൊന്നും….”
“ശൂ….”
തന്റെ ചുണ്ടിന് മീതെ വിരൽ വെച്ച് അവനെ നിശബ്ദനാക്കി കൊണ്ട് മായ മഹിയെ ദഹിപ്പിക്കും മട്ടിൽ നോക്കി.
“മിണ്ടരുത് നീ… കേൾക്കണ്ട…എനിക്ക് നിന്റെ ഒരു എക്സ്പ്ലനേഷനും….ഇവിടെ നിന്ന് ഈ ഷോ കാണിക്കുമ്പോ… ഇത്രയും പേര് കേൾക്കെ ഇത്രയൊക്കെ വിളിച്ചു പറയുമ്പോ… ഒരിക്കൽ പോലും… ഒരിക്കൽ പോലും നിനക്ക് തോന്നിയില്ലല്ലോ… ഇവനെന്തിനാ ഇത് ചെയ്തതെന്ന് ചോദിക്കാൻ…. എന്തിനാ ഇവൻ ഇവരെയൊക്കെ അടിച്ചതെന്ന് ചോദിക്കാൻ….എപ്പോഴും അവൻ കുഞ്ഞു കാര്യങ്ങൾക്ക് വരെ ചൂടാവുമ്പോൾ….. വഴക്കിടുമ്പോൾ ഞാനും നീയുമൊക്കെ ഇവനെ പല തവണ ഉപദേശിച്ചിട്ടുണ്ട് ഇവന്റെ ദേഷ്യമൊന്ന് കുറയ്ക്കാൻ…..പക്ഷെ അപ്പോൾ പോലും ഇവൻ വഴക്ക് ഉണ്ടാക്കുന്നതിൽ എന്തെങ്കിലും ഒരു ന്യായം ഉണ്ടാവാതിരിക്കാറില്ലെന്ന് നിനക്കും എനിക്കും അറിയുന്ന കാര്യമാണ്… അല്ലേ… ഇവിടെയും ഉണ്ടായിരുന്നു അതുപോലൊരു ന്യായം… അന്വേഷിച്ചോ നീ
അതെന്താന്ന്….”
“ഞാൻ… അത്… പെട്ടെന്ന് അടി കണ്ടപ്പോൾ…”
“നീ കാരണം അന്വേഷിച്ചോ ഇല്ലേന്നാ ഞാൻ ചോദിച്ചത്….”
മഹിയുടെ തല താഴ്ന്നു പോയിരുന്നു ആ ചോദ്യത്തിൽ.
“ഇല്ല…..”
തല കുനിച്ച് തന്നെ അവൻ മറുപടി പറഞ്ഞു.
“കാണില്ല… അതിന്റെ ആവിശ്യം നിനക്ക് ഇല്ലല്ലോ ല്ലേ… കാരണം നിന്റെ കണ്ണിൽ ഇവൻ കാര്യമില്ലാതെ വഴക്കിടുന്ന തെമ്മാടി ആയിരിക്കുമല്ലോ…അല്ലേ…..”
“മായ….”
വാക്കുകൾ ഇല്ലാതെ ദയനീയമായി മഹി അവളെ നോക്കി.
“നിനക്കറിയോ ഇവൻ എന്തിനാ ഇപ്പോ അടിയുണ്ടാക്കിയതെന്ന്… ഹാളിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന എന്നോട്
പോവുകയാണെന്ന് പറയാനാ ഇവൻ അവിടെ വന്നത്… വന്നപ്പോൾ കേൾക്കുന്നത് ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്ന എന്നെ നോക്കി ഇവന്മാർ രണ്ടും കൂടി കേട്ടാൽ ആരും അറയ്ക്കുന്ന കമന്റ് പറയുന്നതാണ്……”
അപ്പോൾ മാത്രമായിരുന്നു മഹി ശിവ തല്ലുണ്ടാക്കിയതിന്റെ കാരണം അറിയുന്നത്. അതിന്റെ ഞെട്ടൽ അവന്റെ മുഖത്തും ഉണ്ടായിരുന്നു.
“അത്തരം വൃത്തിക്കേട് കേട്ടിട്ട് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച്..ഇവന്മാരുടെ കൂടെ കൂടാൻ ഇവൻ നിന്നെ പോലെ പേടിക്കൊടിലനല്ല…നല്ല അസ്സൽ ആണത്വമുള്ളവനാ…. ഈ ഞാൻ വരെ അങ്ങനെയൊരു മോശം കാര്യം ആരെങ്കിലും പറയുന്നത് കേട്ടാൽ അവന്റെ കരണത്ത് കൈ വീശിയടിക്കും…. പക്ഷെ നിനക്ക് അതിന് കഴിയില്ല… കാരണം നീ ഭീരുവാണ്…. നിന്റെ അമ്മയെയോ പെങ്ങളെയോ പറ്റി പോലും ആരെങ്കിലും മോശം പറഞ്ഞാൽ പ്രതികരിക്കാൻ നിനക്ക് കഴിയില്ല… അതിനേയ്….ആണായാൽ മാത്രം പോരാ… നട്ടെല്ലെന്നൊരു സാധനം കൂടി വേണം…എന്നിട്ടും .ഇവനെ നീ തല്ലിയല്ലോന്ന് വല്യ കേമത്തം
തോന്നുന്നുണ്ടാവും നിനക്ക്…പക്ഷെ എനിക്കറിയാം ഇവനെ നീയൊന്നു അടിച്ചാൽ മാത്രമല്ല ഇവിടെയിട്ട് തല്ലി ചതിച്ചാൽ പോലും ഇവൻ ഒരടി പോലും നിന്നെ തിരിച്ചടിക്കില്ലെന്ന് പൂർണ ബോധ്യം നിനക്കുള്ളത് കൊണ്ടാ…. ആ ധൈര്യം ഉള്ളത് കൊണ്ടാ നീ ഇവനെയിപ്പോ തല്ലിയതെന്ന്… കാരണം ഇവന് ഫ്രണ്ട്ഷിപ്പിന്റെ വാല്യൂ അറിയാം……നിനക്ക് അറിയാത്തതും അതാ……”
മായയുടെ കൂർത്ത വാക്കുകൾക്ക് മുന്നിൽ നാവറ്റു പോയിരുന്നു മഹിയ്ക്ക്. കണ്ണിൽ വെള്ളം നിറച്ച് അവൻ അവളെ തന്നെ നോക്കി നിന്നു.
“ടാ മഹി… ഇപ്പോ നിനക്ക് തൃപ്തിയായില്ലേ… അവനെയൊന്ന് തൊട്ടപ്പോഴേക്കും അവൾ നിനക്കെതിരെ തിരിഞ്ഞു…. ഇനി നാളെ നീയൊന്ന് ഇവളെ തമാശയ്ക്ക് സൈറ്റ് അടിച്ചാൽ പോലും ഇവൻ നിന്നെ പഞ്ഞിക്കിടും….ഇവർക്കേ… ഇവരെ പറ്റുള്ളൂ… കാരണം ഇവർ തമ്മിൽ ഫ്രണ്ട്സ് ആണെന്നൊക്കെ പുറത്തു പറഞ്ഞാലും ഉള്ളിൽ രണ്ടും കട്ട പ്രണയമാണ്… അതിനുള്ളിൽ ഫ്രണ്ടെന്ന് പറഞ്ഞ് നീ കേറി നിന്നാലും പൊട്ടനാട്ടം കാണുന്ന പോലെ നീ മണ്ടനായി പോവുകയെ ഉള്ളു… അതോണ്ട്
രണ്ടിനെയും കളഞ്ഞിട്ട് ഇങ്ങ് പോരാൻ നോക്കെടാ……”
സെബാസ്റ്റ്യനാണ്. അതും കൂടി കേട്ടപ്പോൾ മായയുടെ ദേഷ്യം ഇരട്ടിച്ചതെ ഉള്ളു.
“അതേടാ… ഞങ്ങൾ പ്രണയത്തിൽ തന്നെയാ.. ശിവയ്ക്ക് എന്നോടും എനിക്ക് ശിവയോടും ഉള്ളത് പ്രണയം തന്നെയാ…. അതോണ്ട് തന്നെ പറയുവാ…. ആരൊക്കെ നിന്നാലും പോയാലും ശിവയ്ക്ക് ഒപ്പം ഞാനുണ്ടാവും… എന്റെ ശ്വാസം നിലയ്ക്കുന്ന സമയം വരെയും ഈ മായ കാണും അവന് കൂട്ടായി… വേറൊരുത്തനെയും ഞങ്ങൾക്ക് വേണ്ടാ……”
സെബാസ്റ്റ്യനെ നോക്കി അത്രയും പറഞ്ഞു ശിവയുടെ കയ്യിൽ പിടിച്ച് മായ മഹിയെയൊന്നു തറപ്പിച്ച് നോക്കി.
“ശിവ… വാ.. നമുക്ക് പോവാം….”
“എടി.. അത്… മഹി….അവനെ നമുക്ക്….”
“നിന്നോട് വരാനാ ഞാൻ പറഞ്ഞത്….”
ശിവയെ പറയാൻ അനുവദിക്കാതെ മായ ബലമായി തന്നെ അവനെയും പിടിച്ചു
വലിച്ച് കൊണ്ട് അവിടുന്ന് പോയി. കുറച്ചു മുന്നെ വരെ പറഞ്ഞ വാക്കുകളെക്കാളൊക്കെ മഹിയുടെ നെഞ്ചിനെ രണ്ടായി പിളർത്തി കളഞ്ഞത് അവൾ അവസാനം സെബാസ്റ്റ്യനെ നോക്കി പറഞ്ഞ കാര്യങ്ങളാണ്. കണ്ട അന്ന് മുതൽ അവൾക്കായി നെയ്തു കൂട്ടിയ ഒത്തിരി സ്വപ്‌നങ്ങളുണ്ടായിരുന്നു അവന്റെയുള്ളിൽ. എല്ലാം… എല്ലാം ഒറ്റയടിക്ക് തകർന്നടിഞ്ഞു പോയി. പ്രണയത്തിന് വേണ്ടി കെട്ടി പൊക്കിയ ഉയർന്ന നിലയുള്ള മാളികയിൽ നിന്നും വീണു നിലം പതിച്ച പോലെ അവന്റെ ഹൃദയം നുറുങ്ങി. കണ്ണിൽ നിന്നും ഊർന്നിറങ്ങുന്നത് നെഞ്ച് കീറിയൊലിക്കുന്ന ചോരയാണോന്ന് പോലും അവന് തോന്നിപ്പോയി. ചുറ്റിലും കൂടി നിൽക്കുന്ന ഒത്തിരി മുഖങ്ങൾക്ക് നേരെ തലയൊന്നുയർത്താൻ പോലുമാവാതെ ശിരസ്സ് താണ് ആ മണ്ണിലേക്ക് ഊർന്നിരുന്ന് പോയി മഹി.
ദേഷ്യത്തിൽ വണ്ടി സ്റ്റാർട്ട് ആക്കി മായ ശിവയെ നോക്കിയപ്പോൾ മറുത്തൊന്നും പറയാൻ നിൽക്കാതെ ശിവ വേഗം തന്നെ അവളുടെ കൂടെ വണ്ടിയിലേക്ക് കയറിയിരുന്നു. ചുറ്റിലുമുള്ളതൊന്നും നോക്കാതെ വണ്ടി കത്തിച്ചു വിടുകയായിരുന്നു അവൾ.
മഹിയോടാണോ ആരോടാണെന്ന് പോലും അറിയാതെ ദേഷ്യം അവളുടെയുള്ളിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു.
കുറെ ദൂരം പിന്നിട്ട് ഏതോ ഒരു ഒഴിഞ്ഞ പാർക്കിന്റെ അടുത്ത് എത്തിയപ്പോൾ അവൾ വണ്ടിയൊതുക്കി ആ പാർക്കിലേക്ക് നടന്നു. സെബാസ്റ്റ്യൻ തന്നെ പറ്റി മോശമായി പറഞ്ഞതിന്റെയോ മഹി കാര്യമറിയാതെ അപ്പോൾ തന്നെ വന്നു തല്ലിയതിന്റെയോ ദേഷ്യം മാത്രമല്ല മഹിയോട് കടുപ്പത്തിൽ അത്രയും സംസാരിച്ചു പോയതിന്റെ വിഷമവും അവളെ അപ്പോൾ അലട്ടുന്നുണ്ടെന്നു ശിവയ്ക്ക് മനസ്സിലായി. അവൾ പോയപ്പോൾ അവളുടെ പുറകെ തന്നെ അവനും ആ പാർക്കിലേക്ക് നടന്നു. അവിടെ ആളൊഴിഞ്ഞൊരു ബെഞ്ചിൽ എങ്ങോട്ടോ നോക്കി മായ ഇരിക്കുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ അവനും അവൾക്കൊപ്പം അവിടെയ്ക്കിരുന്നു.
“കൂടി പോയോടാ ഞാൻ അവനെ പറഞ്ഞതൊക്കെ….”
“അത് പിന്നെ ചോദിക്കാനുണ്ടോ…..”
അൽപ്പ നേരത്തെ മൗനം ഭേദിച്ച് മായ
ചോദിച്ചതിന് ശിവയും തമാശയെന്ന പോലെ മറുപടി കൊടുത്തു.
“ഷേയ്…. ഞാൻ ഓവർ ആവുന്നു കണ്ടാൽ നിനക്കൊന്ന് തടയായിരുന്നില്ലേ എന്നെ…..”
“ദേ പെണ്ണെ.. പബ്ലിക് പ്ലേസ് ആണെന്നൊന്നും ഞാൻ നോക്കൂല… നല്ല ചവിട്ട് അങ്ങ് വെച്ച് തരും….. നിർത്തെന്ന് പറഞ്ഞ് തടയാൻ നോക്കിയ എന്നെ പോലും ദഹിപ്പിച്ച് കളഞ്ഞില്ലേ നീ… എന്നിട്ട് ഞാൻ തടഞ്ഞില്ലന്നോ….. കോപ്പ്….”
“എനിക്കറിയില്ലേടാ ശിവ… എനിക്കപ്പോൾ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ കിട്ടുന്നില്ലായിരുന്നു…. ആ തെമ്മാടി പറഞ്ഞ വാക്കുകളും അതൊന്നു ചോദിക്കാൻ പോലും നിൽക്കാതെ മഹി നിന്നെ എല്ലാരുടെയും മുന്നിലിട്ട് തല്ലിയതും ഇൻസൾട്ട് ചെയ്യാൻ നോക്കിയതും…. എല്ലാം കൂടിയായപ്പോൾ എനിക്ക്… എനിക്ക് ഭ്രാന്ത് പിടിച്ചു പോയി…. സോറി ടാ….”
“സോറി എന്നോടല്ല അവനോടാ പറയേണ്ടത്…”
“അതിപ്പോ ഞാൻ എങ്ങനെയാ പറയാ….”
“എന്താ നാവില്ലേ നിനക്ക് പറയാൻ….
ഇത്രയും അവിടെ കിടന്ന് ഡയലോഗ് അടിച്ചല്ലോ…. ഫോണെടുത്ത് വിളിച്ച് അവനോടൊരു സോറി പറയാൻ പറ്റില്ലേ…..”
“ഏയ്… നോ… ഇപ്പോ തന്നെ വിളിച്ച് സോറി പറഞ്ഞാൽ അതൊരു കുറച്ചിലായി പോവും….എന്നെ കിട്ടില്ല അതിന്…..പിന്നെ അവന്റെ ഭാഗത്തും തെറ്റുണ്ടല്ലോ… അവനും അത് മനസ്സിലാക്കട്ടെ… എന്നിട്ട് സാവധാനം രാത്രിയിലോ അല്ലെങ്കിൽ നാളെ കാലത്തോ ഞാൻ അവനെ വിളിച്ച് സോറി പറയാം….”
“മ്മ്മ്,.. അങ്ങനെയെങ്കിൽ അങ്ങനെ… എന്തായാലും അവന് നന്നായി വേദനിച്ചിട്ടുണ്ട്… അത് നീയായിട്ട് തന്നെ വേണം മാറ്റിയെടുക്കാൻ…..”
“മ്മ്… ഷുവർ…അത് ഞാനേറ്റു…..”
“ഹാ… അല്ല…….ഇതിനിടയിൽ നീ വേറെയെന്തോ ഒന്ന് പറഞ്ഞല്ലോ… നമ്മൾ തമ്മിൽ പ്രണയമാണെന്നോ മറ്റോ…..”
“ഈൗ… അത് പിന്നെ….ഞാൻ ചുമ്മാ…. ആ രംഗമൊന്ന് കൊഴുപ്പിക്കാൻ…..”
“ഓഹോ… അങ്ങനെയാണോ……
അപ്പോ…….അത്രയേ ഉള്ളു…..?…”
മുഖത്തേക്ക് ആഴ്ന്നു നോക്കിയുള്ള അവന്റെയാ കുഴപ്പിക്കുന്ന ചോദ്യത്തിന് മുന്നിൽ നാണത്തിൽ കുതിർന്നൊരു ചിരി മാത്രം മായയുടെ ചുണ്ടുകളിൽ മറുപടിയെന്ന പോൽ തിളങ്ങി. അത് കണ്ട് അതേ നാണത്തോടെ തന്നെ അവൻ അവളെയും നോക്കിയൊന്ന് പുഞ്ചിരിച്ചു. വാക്കുകളുടെ വീർപ്പുമുട്ടലില്ലാതെ… കണ്ണുകളിലൂടെ മാത്രമായി….അന്നാദ്യമായി…..എന്തോ പരസ്പരം കൈ മാറുകയായിരുന്നു അവരപ്പോൾ……
(തുടരും )

by