രചന – മിയ അവ
ശിവ കലിപ്പിൽ അങ്ങനെ പറഞ്ഞത് കൊണ്ട് അന്നത്തെ രാത്രി ആ റൂമിൽ കിടക്കാൻ അവളെ ആരും സമ്മതിച്ചില്ല. അവൾ അന്ന് ശ്രീദേവിയുടെ കൂടെ തന്നെ കിടന്നു. പക്ഷെ മറ്റേ റൂമിലേക്ക് മാറാൻ അവൻ പറഞ്ഞ സ്ഥിതിക്ക് മാറിയില്ലെങ്കിൽ ഇനി അതിനാവും അടുത്ത യുദ്ധമെന്ന് അറിയാവുന്നത് കൊണ്ട് ശ്രീദേവി രാവിലെ തന്നെ അവളോട് സാധനങ്ങളൊക്കെ അവന്റെ റൂമിലേക്ക് മാറ്റിക്കോളാൻ പറഞ്ഞു. അന്ന് ഞായറാഴ്ചയായത് കൊണ്ട് ആരെയോ മീറ്റ് ചെയ്യാൻ വേണ്ടി രാവിലെ തന്നെ പുറത്തു പോയതായിരുന്നു ശിവ.
അവനില്ലാത്ത സമയം നോക്കി ബ്രേക്ക് ഫാസ്റ്റും കുളിയും കഴിഞ്ഞ് തന്റെ
ഡ്രസുകളെല്ലാം ശിവയുടെ റൂമിലെ കബോർഡിലേക്ക് ഒതുക്കി വെയ്ക്കുകയായിരുന്നു പാറു.
“ഹോ… ഈ കാലന് എന്തിന്റെ കേടാണാവോ… ഒരിക്കലും ഒരു സ്വസ്ഥത എനിക്ക് തരില്ലെന്ന് തീരുമാനിച്ച് കച്ച കെട്ടിയിറങ്ങിയതാ തോന്നുന്നു…. നാശം…ഇതിലും നല്ലത് ഇന്ന് തന്നെ മുത്തശ്ശിയേം കൊണ്ട് ഇറങ്ങി പോവാൻ പറഞ്ഞിരുന്നേൽ ഞാൻ അത്രയും ഹാപ്പി ആവുമായിരുന്നു….”
അവൾ ഓരോന്ന് എണ്ണി പെറുക്കി കൊണ്ടിരിക്കുന്നതിനിടയിലേക്കാണ് പെട്ടെന്ന് ശിവ അവൾക്ക് മുന്നിലേക്ക് മാധവിയമ്മയുടെ മക്കളിൽ നിന്നും ഒപ്പിട്ട് വാങ്ങിച്ച ഡോക്ക്യൂമെന്റ്സ് വെയ്ക്കുന്നത്. അവൻ റൂമിലേക്ക് വന്നത് അവൾ അറിഞ്ഞില്ലായിരുന്നു. അതോണ്ട് അവളുടെ ഉള്ളിലൂടെ ഒരു ആന്തലുണ്ടായി.
“ന്റെ കൃഷ്ണ.. കാലൻ എപ്പോ ഈ റൂമിൽ കേറി വന്നു… ഇനി ഞാൻ പറഞ്ഞത് വല്ലോം ഇയാൾ കേട്ടോ….”
അവൾ ആത്മഗതം പറഞ്ഞു.പിന്നെ എന്തെന്ന് അറിയാൻ ആ ഡോക്യുമെന്റ്സ് കയ്യിൽ എടുത്തു നോക്കി വായിച്ചതും
അവളുടെ കണ്ണുകൾ വിടർന്നു. എങ്ങനെയെങ്കിലും പണം അവരെ ഏല്പിച്ചു മുത്തശ്ശിയെ സ്വന്തമാക്കണമെന്ന് ചിന്തിച്ചെങ്കിലും ഒരിക്കൽ പോലും ലീഗലി ഇത് സാധ്യമാവുമെന്ന് കരുതിയിരുന്നില്ല അവൾ. ഇനി ആർക്കും തന്നിൽ നിന്നും മുത്തശ്ശിയെ അടർത്തി മാറ്റാൻ കഴിയില്ലെന്നുള്ളത് അവളിൽ വല്ലാത്ത കുളിർമ പകർന്നു. പക്ഷെ കാശ് എങ്ങനെ എന്നുള്ളത് അവളിൽ ഒരു സംശയമായി നിന്നപ്പോൾ അതേ സംശയത്തോടെ തന്നെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടം മനസ്സിലായത് പോലെ അവൻ മറുപടി നൽകി.
“അവർക്ക് വേണ്ടത് പണമായിരുന്നല്ലോ… നമ്മൾ തമ്മിലുണ്ടായിരുന്ന കരാറും അത് തന്നെ… സോ അത് നിന്റെ കയ്യിൽ ഏല്പിക്കുന്നതിന് പകരം അവിടെ കൊടുത്തു ഞാൻ….സോ നമ്മൾ തമ്മിലുള്ള കരാർ ഇവിടെ ക്ലോസ്…..”
അൽപ്പം ഊന്നൽ കൊടുത്ത് പറഞ്ഞ ആ ലാസ്റ്റ് വാചകം എന്തോ അവളിലൊരു സൂചി കുത്തുന്ന പോലൊരു വേദനയുണ്ടാക്കി. എങ്കിലും അത് പുറത്തു കാണിക്കാതെ അവൾ അവന്റെ മുഖത്തേക്ക് ഗൗരവത്തോടെ തന്നെ നോക്കി.
“എങ്കിൽ പിന്നെ എന്തിനാ മുത്തശ്ശിയെ ഇങ്ങോട്ട് കൊണ്ട് വന്നത്… ഈ കാര്യം നേരത്തെ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന് തന്നെ ഇവിടുന്നിറങ്ങി മുത്തശ്ശിയെയും അവിടുന്ന് കൂട്ടി മാറി പോവില്ലായിരുന്നോ…. ഇതിപ്പോ ഞാൻ….”
“എന്നിട്ട് എന്തിനാ.. ആ പാവം മുത്തശ്ശിയെ കൂടി നിന്റെ മറ്റവന് മുന്നിലേക്ക് ഇട്ടു കൊടുക്കാനോ…. അവന്റെ കൊല കത്തിയ്ക്ക് ആ പാവത്തിനെ കൂടി ഇരയാക്കണമായിരുന്നോ നിനക്ക്….”
ആ ചോദ്യത്തിൽ അടി പതറി പോയി അവൾക്ക്.
“ശരിയാണ് തന്റെ കൂടെ കൂടുന്നവർക്കൊക്കെ ദുരിതം ആണ് ഫലം അവന്റെ കൈ കൊണ്ട്…മായ ചേച്ചി പോലും അതിന് ഇരയാവേണ്ടി വന്നു… ഇനി മുത്തശ്ശി കൂടി…”
ഓർത്തപ്പോൾ അവളുടെ കണ്ണുകൾ ഈറനായി. അവളെ തന്നെ നോക്കി നിൽക്കുകയായിരുന്ന ശിവയ്ക്ക് അത് കണ്ടതും അവളുടെ മനസ്സിലൂടെ കടന്നു പോയ ചിന്തകൾ എന്താവുമെന്ന് പെട്ടെന്ന് ഊഹിക്കാൻ കഴിഞ്ഞു.
“നിന്റെ മുത്തശ്ശി ഇവിടെ സേഫ് ആയിരിക്കും… ഒരുത്തനും ഇവിടെ വന്നു നിന്റെ മുത്തശ്ശിയെ തൊടില്ല……”
നിറഞ്ഞു തുളുമ്പി നിൽക്കുന്ന അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൻ അത്രയും പറഞ്ഞു. പിന്നെ മുഖം തിരിച്ചു പോവാനൊരുങ്ങിയ ശിവ ഡോറിന് അടുത്തെത്തിയപ്പോൾ ഒരു നിമിഷം അവിടെ നിന്ന് തിരിഞ്ഞു നോക്കാതെ അവളോടെന്ന പോലെ ബാക്കിയും കൂടി കൂട്ടിച്ചേർത്തു.
“നിന്നെയും….”
പറയലും കാറ്റു പോലെ അവൻ അവിടെ നിന്നും ഇറങ്ങി പോയി. അവസാനം പറഞ്ഞ വാക്കിൽ അവളൊന്നു തലയുയർത്തി അവനെ നോക്കുമ്പോഴേക്കും അവൻ അവിടെ നിന്നും പോയിരുന്നു. അത്ഭുതം ആയിരുന്നു അവളിൽ…. തന്നെ കുറിച്ചൊരു ചിന്ത അയാളിൽ ഉണ്ടെന്ന് പോലും അറിയുന്നത്. കുറച്ചു നേരം അവൻ പോയ വഴിയെ നോക്കി നിന്ന ശേഷം അവൾ വേഗം ആ ഡോക്യുമെന്റ്സ് ഭദ്രമായി എടുത്തു വെച്ച് തന്റെ പണികൾ തുടർന്നു.
അവിടെയെല്ലാം അടുക്കി പെറുക്കി വെച്ച് അവളും ശ്രേയയും കൂടി ശ്രീദേവിയുടെ സാധനങ്ങളും മുകളിലേക്ക് മാറ്റാൻ ഹെല്പ് ചെയ്തു. അവളുടെ കൃഷ്ണനെ മാത്രം അവൾ ആ റൂമിൽ തന്നെ വെച്ചു. എല്ലാം പണിയും കഴിഞ്ഞപ്പോൾ എല്ലാവരും കൂടി ഉമ്മറത്ത് ഇരുന്നു ഓരോ വിശേഷങ്ങൾ പറഞ്ഞങ്ങനെ ഇരുന്നു. നേരത്തെ ഇറങ്ങി പോയ ശിവ സന്ധ്യ തിരിഞ്ഞാണ് തിരിച്ചു വന്നത്. വന്നപ്പോൾ എല്ലാവരെയും ഉമ്മറത്തു കണ്ട് അവരെയെല്ലാം നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി ഉള്ളിലേക്ക് കയറിപ്പോയി. അപ്പോഴേക്കും ജാനകി പണിയൊക്കെ തീർത്തു അവരുടെ വീട്ടിലേക്ക് പോയിരുന്നു.
“മോളെ പാറു.. അവന് വല്ല ചായയും വേണ്ടി വരും… മോള് ഒരു ഗ്ലാസ് കട്ടൻ ഉണ്ടാക്കി അവന് കൊണ്ട് കൊടുക്ക്….”
“യ്യോ.. അമ്മേ ഞാനോ .. അതൊക്കെ അമ്മ തന്നെ അങ്ങ് കൊടുത്താൽ മതി… എന്നെ അങ്ങേര് കടിച്ചു കീറും ചായയും കൊണ്ട് എങ്ങാൻ ചെന്നാൽ….”
“ഏയ്… നോക്കാലോ നമുക്ക്… ഒരു വട്ടം ചീത്ത കേട്ടാൽ പിന്നെ ഒരിക്കലും മോള് അവന് ചായ കൊടുക്കാൻ പോണ്ട… ഇതൊരു ട്രയൽ പോലെ ചെയ്തു നോക്ക്
മോളെ….”
കൃഷ്ണ മേനോൻ ആയിരുന്നു അത് പറഞ്ഞത്. അച്ചാച്ചൻ പറഞ്ഞത് കൊണ്ട് എതിർക്കാൻ അവൾക്ക് തോന്നിയില്ല. അദ്ദേഹം പറഞ്ഞതനുസരിച്ച് ചായയിടാൻ ഉള്ളിലേക്ക് പോയ പാറുവിനെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് അവരെല്ലാവരും പരസ്പരം നോക്കിയൊന്ന് ചിരിച്ചു. തുടക്കത്തിൽ കുറച്ചു പൊട്ടിത്തെറിയൊക്കെ ഉണ്ടായാലും പതിയെ അവരെ രണ്ടിനെയും അടുപ്പിക്കാനുള്ള എന്തൊക്കെയോ പദ്ധതികൾ അവരുടെയൊക്കെ മനസ്സിൽ ഉണ്ടെന്ന് ആ ചിരിക്കുന്ന മുഖങ്ങൾ വ്യക്തമാക്കി.
അടുക്കളയിൽ ചെന്ന് ഒരു കട്ടൻ ഇട്ടു കപ്പിലേക്ക് പകർന്ന് അതുമായി പാറു മുറിയിലേക്ക് ചെന്നു. പുറം തിരിഞ്ഞു എന്തോ ചെയ്യുകയായിരുന്നു ശിവയപ്പോൾ. എന്തോ അവനെ വിളിച്ച് ചായ കൊടുക്കാൻ അവൾക്ക് തോന്നിയില്ല. അതുകൊണ്ട് ടേബിളിലേക്ക് ചായക്കപ്പ് കുറച്ചു ശക്തിയിൽ വെച്ച് അവൾ പിന്തിരിഞ്ഞു നടന്നു. ടേബിളിൽ ചായക്കപ്പ് വെച്ചതിന്റെ ശബ്ദം കേട്ടാണ് ശിവ തിരിഞ്ഞു നോക്കിയത്. തിരിഞ്ഞു പോവുന്ന പാറുവിനെ കണ്ടതും അവന്
ദേഷ്യം വന്നു.
“ഡീ…..”
ആ വിളിയിൽ സ്റ്റെയർ ഇറങ്ങാൻ തുടങ്ങിയിരുന്ന പാറു നിന്ന നിൽപ്പിൽ വിറച്ചു പോയി.
“ഹോ… കാലൻ എന്നെ മേലോട്ട് എടുക്കാൻ വിളിക്കുന്നുണ്ട്… ഞാൻ അപ്പഴേ എല്ലാരോടും പറഞ്ഞതാ.. ഞാൻ കൊണ്ടു കൊടുക്കില്ലെന്ന്… ഇനി എനിക്ക് ചായ കൊണ്ട് തരാൻ നീയാരാടിന്ന് ചോദിച്ചാവും പുകിൽ….എന്തായാലും കൊണ്ട് വെച്ചു പോയില്ലേ… അവിടെ പോയി കേൾക്കാനുള്ളത് കൂടി കൈ പറ്റിയിട്ട് വരാം….”
മനസ്സിൽ ഓർത്ത് അവൾ ഇറങ്ങിയ സ്റ്റെപ്പുകൾ മുകളിലേക്ക് തന്നെ തിരിച്ചു കയറി.
“എന്താ….”
പുച്ഛം കലർത്തി തന്നെ അവൾ അവനെ നോക്കി ചോദിച്ചു. അവളുടെ കൂസലില്ലായ്മ അവനെ ശരിക്കും ചൊടി പിടിപ്പിച്ചു.
“ഇവിടെ പണം കായ്ക്കുന്ന മരമൊന്നും ആരും നട്ടിട്ടില്ല… നീ പൊട്ടിക്കുന്നതിനനുസരിച്ച് കപ്പും സോസറും പുതിയത് വേറെ വാങ്ങിച്ചു വെയ്ക്കാൻ…..ചായ കൊണ്ട് വെയ്ക്കുവാണേൽ മര്യാദയ്ക്ക് വെച്ചിട്ട് പോണം…..”
“ഓ അപ്പോ അതാണോ വിഷയം… ഞാൻ കരുതി ഞാൻ കൊണ്ട് വെച്ചതാവും പുകിലെന്നു… ഇയാൾക്ക് ശരിക്കും എന്താ ഭഗവാനെ പ്രശ്നം… ചീത്ത കേൾക്കുമെന്ന് ഞാൻ ഒരു കാര്യം വിചാരിച്ചു അതിനുള്ള മറുപടി സെറ്റ് മനസ്സിൽ ആക്കി പോവുമ്പോൾ ഇയാൾ കലിപ്പ് ആവുന്നത് വേറെന്തെങ്കിലും പറഞ്ഞു ആവും… അങ്ങട്ട് മനസ്സിലാവുന്നില്ലല്ലോ കൃഷ്ണ ഇയാളെ….”
പാറു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നാണ് ഇത്രയും മനസ്സിൽ ഓർത്തത്.
“എന്താടി.. നിന്റെ ചെവി അടിച്ചു പോയോ…”
“ഏഹ്.. എന്താ…. ഓഹ് അങ്ങനെ.. ആ.. അത്.. ചായ ഇവിടെ കൊണ്ട് വെച്ചെന്ന് തനിക്ക് അറിയണ്ടേ… അതോണ്ട് കുറച്ചു ശക്തിയിൽ വെച്ചത്….”
“ഓഹോ… അതെന്താ നിനക്ക് വായിൽ നാവില്ലേ എന്നെയൊന്നു വിളിക്കാൻ…ഇപ്പോ ഈ ചിലച്ച് കൂട്ടുന്ന നാവ് ആവിശ്യം ഉള്ള കാര്യത്തിന് വളയില്ലേ….”
“അതിന് തന്റെ തനി നിറം എന്താന്ന് ബാക്കി ഉള്ളോർക്ക് അറിയോ…”
അവൾ ചുണ്ട് കൊണ്ടനക്കി പിറു പിറുക്കുന്നത് അവൻ ശ്രദ്ധിച്ചു.
“പറയാനുള്ളത് നേരെക്ക് ഉച്ചത്തിൽ പറയെടി….”
അവൻ വീണ്ടും ഒച്ച വെച്ചതും,
“എന്റെ നാവിനു ഇയാളുടെ നാവിന്റെ അത്രയുംകുഴപ്പൊന്നും ഇല്ലാന്ന്….”
“ഓഹോ… എന്നാപ്പിന്നെ എന്ത് വാ തുറന്ന് വിളിച്ചാൽ….”
“വോ.. ഇനി വിളിച്ചോളാം യജമാനനെ…”
“യജമാനനോ.. ഹാ. കൊള്ളാലോ അത്… അപ്പോ ഞാൻ യജമാനൻ ആവുമ്പോ……….നീയെന്റെ അടിമ…..”
അവളെ ചൂഴ്ന്ന് നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ വായിൽ നിന്ന് വീണ പാളിച്ച അവൾ ചിന്തിച്ചത്.
“നൈസ്.. അതെന്തായാലും എനിക്കിഷ്ട്ടായി… അപ്പോ ഇനി മുതൽ അങ്ങനെ മതി… ഞാൻ യജമാനനും നീയെന്റെ അടിമയും…. അത് അങ്ങനെ തന്നെ പോട്ടെ…”
അവൾ പറയുന്നതിന്റെ ഇടയിൽ കയറി അവൻ അതങ്ങു ഉറപ്പിച്ചു.
“അല്ല അത് ഞാൻ വെറുതെ….”
“പക്ഷെ ഞാനതങ്ങ് സീരിയസ് ആക്കി….ഏതായാലും നമുക്കിടയിലെ കരാർ കഴിഞ്ഞാലും പൊന്ന് മോള് ഇവിടെ തന്നെ അങ്ങ് താമസിക്കാൻ പോവല്ലേ… അപ്പോ ഇത് ഇങ്ങനെ നിക്കട്ടെ… പക്ഷെ ഇനി മുതൽ കൂലി ഉണ്ടാവില്ല ട്ടോ…നിന്നെ ഇവിടെ താമസിക്കാൻ അനുവദിച്ചത്തിലുള്ള പ്രത്യുപകാരമായി കണ്ടങ്ങ് ചെയ്ത മതി… അപ്പോ..ചെല്ല്.. ചെല്ല്….”
“ഓഹോ.. അതിന് എനിക്ക് മനസ്സില്ലെങ്കിലോ… ഇന്ന് ഈ നിമിഷം
മുത്തശ്ശിയെ കൊണ്ട് ഞാൻ ഇവിടുന്ന് ഇറങ്ങിക്കോളാം….”
അതും പറഞ്ഞു അലമാരയ്ക്ക് മുകളിൽ കയറ്റി വെച്ച ബാഗ് എടുക്കാൻ അവൾ കൈ ഉയർത്തിയതും,
“ഇനി മേലാൽ.. എന്നോട് ചോദിക്കാതെ എന്തെങ്കിലും കാര്യത്തിന് ഈ വീടിന് പുറത്തു നീ ഇറങ്ങിയാൽ….. മുട്ടുകാല് ഞാൻ തല്ലി പൊട്ടിക്കും… ശിവയാ പറയുന്നേ….”
അവൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്നൊരു ഭയം ഉള്ളതു കൊണ്ടാണോ എന്തോ മുകളിലേക്ക് ഉയർത്തിയ കൈ മെല്ലെ പാറു താഴേക്ക് തന്നെ വലിച്ചു. എന്നിട്ട് അവനെയൊന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ഇറങ്ങി പോവാൻ തുടങ്ങിയതും അവൻ വീണ്ടും അവളെ പുറകേന്ന് വിളിച്ചു.
“ദേ.. ഇവിടെ ടേബിളിൽ ഒക്കെ ചായ തൂവിയിട്ടുണ്ട്… പോയി ഒരു വേസ്റ്റ് തുണി കൊണ്ട് വന്നു അവിടൊക്കെ തുടച്ച് വൃത്തിയാക്ക്…”
“ഞാനോ…”
“പിന്നെ നീയല്ലേ ഇത് ഇവിടെ തൂവിയത്…”
“അത് തനിക്ക് കുടിക്കാൻ കൊണ്ട് വന്നേ അല്ലേ.. അപ്പോ താൻ അങ്ങ് തുടച്ചാൽ മതി…”.
“അയ്യടാ.. മര്യാദയ്ക്ക് വന്നു തുടയ്ക്കെടി.. ഇന്ന് മുതൽ നീയെന്റെ അടിമയായി കഴിഞ്ഞു.. സോ അധികം കിടന്നു തർക്കിക്കാതെ വന്നു ചെയ്യാൻ നോക്ക്…ഇല്ലെങ്കിൽ ആ വെട്ട് പോത്ത് ഷാജിയുടെ മുന്നിലേക്ക് നിന്നെ ഞാൻ തന്നെ കൊണ്ട് ഇട്ടു കൊടുക്കാം… ന്തേ വേണോ……”
അവൾ മറുതൊന്നും പറയാതെ അവനെ തന്നെ ദഹിപ്പിച്ച് നോക്കി നിന്നു.
“നോക്കി നിൽക്കാതെ പറഞ്ഞത് ചെയ്യാൻ നോക്കെടി….”
കണ്ണുരുട്ടി കേറ്റി അത്രയും പറഞ്ഞു അവൻ ആ ചായയും എടുത്തു റൂമിന് വെളിയിലെ ബാൽക്കണിയിലേക്ക് പോയി. അവനെ മനസ്സിൽ ശപിച്ചു കൊണ്ട് അവൾ താഴെ പോയി ഒരു വേസ്റ്റ് തുണിയെടുത്തു കൊണ്ട് വന്നു ആ ടേബിളിൽ ഒന്നാകെ തുടച്ച് വൃത്തിയാക്കിയിട്ടു.
രാത്രിയിലെ അത്താഴം എല്ലാവരും കൂടി ഒന്നിച്ചിരുന്നാണ് കഴിച്ചത്. ശ്രേയ കുറെ മാറിയിരിക്കാൻ നോക്കിയെങ്കിലും ശിവ തന്നെയാണ് അവളോട് അവരോടൊപ്പം ഇരിക്കാൻ പറഞ്ഞത്. ഭക്ഷണം ഒക്കെ കഴിഞ്ഞ് ഉണ്ടായിരുന്ന പാത്രങ്ങളെല്ലാം പാറുവും ശ്രേയയും കൂടി കഴുകി എടുത്തു വെച്ച് അവിടെയൊക്കെ വൃത്തിയാക്കി രണ്ടാളും ഉറങ്ങാനായി മുറിയിലേക്ക് പോയി. ഇന്ന് ശിവയുടെ റൂമിൽ ആണല്ലോ കിടക്കേണ്ടത് എന്നോർത്ത് സ്റ്റെയർ കയറുമ്പോൾ തന്നെ പാറുവിന് നെഞ്ച് ഇടിക്കുന്നുണ്ടയിരുന്നു. തന്നെ കഷ്ടപ്പെടുത്താൻ എന്ത് വേലയും അവൻ ചെയ്യുമെന്ന് അവൾക്കറിയായിരുന്നു. ഡോർ അടഞ്ഞു കിടക്കുന്നത് കണ്ടു അവൾ ഒന്ന് അവിടെ ശങ്കിച്ചു നിന്നു. പിന്നെ രണ്ടും കല്പിച്ച് ഡോറിൽ മുട്ടാൻ തുടങ്ങി. അവൾ മുട്ടുന്നത് കേട്ടിട്ടും തന്റെ ലാപ്പിൽ നിന്നും കണ്ണെടുക്കാതെ അവൻ കാര്യമായി എന്തോ ചെയ്തു കൊണ്ടിരിക്കുകയാണ് അവിടെ. ഒടുക്കം മുട്ടി മുട്ടി ക്ഷമ നശിച്ചപ്പോൾ അവൾ ഡോർ തള്ളി തുറന്നു അകത്തേക്ക് കയറി.
വെറുതെ കിടന്നു മുട്ടി കൈ വേദനിപ്പിക്കാൻ നിൽക്കാതെ ഇതങ്ങ് നേരത്തെ ചെയ്താൽ മതിയായിരുന്നില്ലേ എന്ന ഭാവത്തിൽ അവൻ അവളെയൊന്ന് തലയുയർത്തി നോക്കി. അവന്റെ
നോട്ടത്തിന് പകരം അവൾ ഒരു ലോഡ് പുച്ഛം തിരിച്ചു നൽകി കമ്പോർഡിൽ നിന്ന് തന്റെ ബ്ലാങ്കറ്റെടുക്കുന്നത് കണ്ട് അവൻ എന്തോ പറയാൻ ഒരുങ്ങിയതും അവൾ അവനെ നോക്കി കൈ കൂപ്പി പറഞ്ഞു.
“വോ… അവിടുത്തെ സപ്രമഞ്ച കട്ടിലിൽ കിടക്കാൻ അല്ല… ഞാൻ ആ സോഫയിൽ കിടന്നോളാം….അതല്ലേ ഇപ്പോ കൽപ്പിക്കാൻ പോയത്….”
അവളുടെ മുഖത്തെ ഭാവം കണ്ട് ഉള്ളിൽ ചിരി തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ ഗൗരവത്തിൽ തന്നെ അവൻ മറുപടി നൽകി.
“ആഹാ.. നിനക്ക് മനുഷ്യരുടെ ഉള്ളു വായിക്കാനുള്ള കഴിവും ഉണ്ടായിരുന്നോ… എന്നാ അത് തന്നെയാ ഞാൻ പറയാൻ വന്നത്….. പുതപ്പും പൊക്കി പിടിച്ച് ഇങ്ങോട്ട് ചുരുണ്ടു കേറാൻ വരണ്ട… അടിമകൾക്ക് സ്ഥാനം എന്റെ കാൽച്ചുവട്ടിലാ… അവിടെ കിടന്നേച്ചാൽ മതി………”
അതും കൂടി കേട്ടപ്പോൾ നല്ല തെറി വായിൽ വന്നെങ്കിലും ഷാജിയുടെ മുന്നിൽ എങ്ങാൻ കൊണ്ട് തള്ളുവോ കാലൻ എന്നോർത്ത് ഉള്ളിലെ ദേഷ്യം അടക്കിപ്പിടിച്ച് അവൾ.
കണ്ണുരുട്ടിയൊന്ന് അവനെ നോക്കി ആ സോഫയിലേക്ക് ചുരുണ്ടു കൂടി കിടന്നു.
(തുടരും )

by