17/04/2026

പെയ്തൊഴിയാതെ : ഭാഗം 18

രചന – മിയ അവ

ദിവസങ്ങൾ വീണ്ടും കടന്നു പോയി. ഏതാണ്ട് അവരുടെ കരാർ പ്രകാരമുള്ള നാലാമത്തെ മാസവും അവസാനിക്കാറായി നിൽക്കുന്നു ഇത്രയും ദിവസങ്ങൾക്കുള്ളിൽ പാർവതിയെന്നൊരാൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും ഗൗനിച്ചില്ലെങ്കിലും അമ്മയുടെയും അച്ഛമ്മയുടെയും അച്ചാച്ചന്റെയും അടുത്ത് അവരുടെ ആ പഴയ ശിവ തന്നെയാവാൻ തുടങ്ങിയിരുന്നു അവൻ. പാറുവിന്റെ സാനിധ്യത്തെ പോലും അവൻ പാടേ അവഗണിച്ചിരുന്നു. പാറുവും തിരിച്ച് ഒരു നോട്ടം കൊണ്ടു പോലും അവനെയും പരിഗണിച്ചില്ല. മുത്തശ്ശിയുടെ മക്കൾ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് വന്നതും പോയതും

എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും പാറു ഇടയ്ക്ക് ഒക്കെ മുത്തശ്ശിയെ കാണാൻ പോവുകയും ഒന്ന് രണ്ടു ദിവസമൊക്കെ മുത്തശ്ശിയോടൊപ്പം താമസിക്കുകയുമൊക്കെ ചെയ്തു പോന്നു.
പോവുന്നതിനു മുൻപ് കുറച്ചു അറേഞ്ച്മെന്റ്സ് അവിടെയും ഇവിടെയും ചെയ്തു തീർക്കാൻ ഉള്ളത് കൊണ്ട് മായയുടെ സിംഗപ്പൂർ യാത്ര കുറച്ചു ഡിലേ ആയെങ്കിലും എല്ലാം കാര്യങ്ങളും സെറ്റ് ആക്കി അടുത്ത മാസം ഒന്നാം തിയ്യതി തന്നെ പോവാനുള്ള ടിക്കറ്റും റെഡിയാക്കി മായയും ഫാമിലിയും അവരുടെ യാത്രയ്ക്കായും ഒരുങ്ങി നിൽക്കുന്നു.

പോവുന്നതിനു മുന്നെ പാറുവിനെയും ശ്രീദേവിയെയും അച്ചാച്ചനെയും അച്ഛമ്മയെയുമെല്ലാം ഒന്ന് കാണണമെന്ന് മായ ആഗ്രഹം പറഞ്ഞത് അനുസരിച്ചു അവരെല്ലാവരും അവൾ പോകുന്നതിന്റെ രണ്ടു ദിവസം മുന്നെ അവളെ കാണാനായി അവിടെ എത്തിയിരുന്നു. അപ്പോഴും ശിവയെ മാത്രം മായ ബോധപൂർവം മാറ്റി നിർത്തി. അന്നത്തെ ദിവസം ഫുൾ അവിടെ ചിലവിട്ട് എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് മായ പാറുവിനെ മാത്രം മുകളിലേക്ക് വിളിപ്പിച്ചത്.

“ചേച്ചി… എന്ത് പറ്റി.. എന്തെങ്കിലും ചെയ്തു തരാൻ ഉണ്ടോ….”

“ഏയ്‌.. അതൊന്നും അല്ലേടാ.. എനിക്ക് നിന്നോട് വേറെ കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്….”

“എന്താ ചേച്ചി… പറ….”

മായ അവളെ നോക്കിയൊന്ന് ചിരിച്ചു. പിന്നെ സൈഡിലുള്ള കബോർഡിലേക്ക് വിരൽ ചൂണ്ടി.

“അത് തുറന്നാൽ ഒരു ഫയൽ കാണാം.. അതിങ്ങെടുക്ക്….”

“മ്മ്.. ഓക്കേ ചേച്ചി…”

പാറു വേഗം തന്നെ കബോർഡ് തുറന്ന് അതിൽ നിന്നും ഒരു ഫയൽ പുറത്തെടുത്തു. കബോർഡ് അതുപോലെ തന്നെ അടച്ച് അവൾ ഫയലുമായി മായയുടെ അടുത്തേക്ക് ചെന്നു.

“ഇതാ ചേച്ചി ഫയൽ.. ഇതെന്താ ചെയ്യേണ്ടത്…”

“ഹാ.. അത് ഒന്നും ചെയ്യണ്ട… നീ കയ്യിൽ വെച്ചോ… നിനക്കുള്ളതാ അത്….”

“എനിക്കോ.. എന്താ ഇതിൽ…”

“കുറച്ചു ഡോക്യൂമെന്റസ് ആണ്… എന്റെ പേരിൽ പണ്ട് പപ്പ വാങ്ങിയിട്ടൊരു ഫ്ലാറ്റ് ഉണ്ട് സിറ്റിയിൽ…. അത് നിന്റെ പേരിലേക്ക് ആക്കിയതിന്റെ ഡോക്യൂമെന്റസ്… നീ ഇത് സൂക്ഷിച്ചു വെയ്ക്കണം….”

“എന്റെ പേരിലേക്കോ… എന്തിന്… എനിക്കെന്തിനാ ചേച്ചി ഇതൊക്കെ…. ഞാൻ…”

“പാറു… കുറച്ചു നാൾ മുന്നെ വരെ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു… കുറച്ചു സമയം എടുത്താല്ലെങ്കിലും ശിവയ്ക്ക് നിന്നെ മനസ്സിലാക്കാനും ഒരു ഭാര്യയായി നിന്നെ ഉൾക്കൊള്ളാനും പറ്റുമെന്ന്…. കാരണം എനിക്കറിയാവുന്ന ശിവയ്ക്ക് ഒരിക്കലും കൂടുതൽ കാലം ഒരാളെ ബോധപൂർവം വേദനിപ്പിക്കാനോ ഒരാളുടെ കണ്ണീര് കണ്ടു നിൽക്കാനോ സാധിക്കില്ല… പ്രേത്യേകിച്ചു നിന്നെ പോലൊരു പാവത്തിന്റെ…. അൽപ്പം മുൻശുണ്ഠിയും പുറമെ പരു പരുക്കനുമാണെങ്കിലും അവന്റെ ഉള്ള് ഭയങ്കര ശുദ്ധമാണ്… ഒരുപാട് സ്നേഹം ഉള്ളവനാ…. പക്ഷെ….. പക്ഷെ നിന്നെ അവൻ കൈ ഉയർത്തി തല്ലിയെന്ന് അറിഞ്ഞപ്പോൾ… ഒരിക്കലും

ശിവയെ പോലെ ഒരാളിൽ നിന്ന് ഞാൻ അത് പ്രതീക്ഷിച്ചില്ല… എത്ര തന്നെ ദേഷ്യം ഉണ്ടെങ്കിലും ഒരു പെണ്ണിന്റെ നേരെ കൈ ഉയർത്താൻ മാത്രം ക്രൂരമൊന്നും ആവാൻ അവനൊരിക്കലും കഴിയില്ലന്നായിരുന്നു എന്റെ വിശ്വാസം… പക്ഷെ അതും സംഭവിച്ച സ്ഥിതിക്ക്… എനിക്കറിയില്ലടാ… അത്രമാത്രം അവന്റെ ഉള്ളിൽ നിന്നോട്  വെറുപ്പ് ഉണ്ടെങ്കിൽ എന്നെങ്കിലും.. എന്നെങ്കിലും അവൻ നിന്നെ അംഗീകരിക്കും എന്ന് വിശ്വസിക്കാനും… എനിക്ക്.. എനിക്ക് കഴിയുന്നില്ലടാ….”

മായയുടെ കണ്ണുകൾ തുളുമ്പിയിരുന്നു അപ്പോഴേക്കും.  നിർവികാരതയോടെ അതെല്ലാം കേട്ട് പാറു വെറുതെ മൂളി.

“ടാ… ആ കാശ് തന്നു നിന്നെ പറഞ്ഞു വിട്ടേക്കെന്ന് ഞാൻ അവനോട് പറഞ്ഞു….”

ഒരു ഞെട്ടലോ ഭാവഭേദമോ അപ്പോഴും പാറുവിൽ ഉണ്ടായില്ല.

“അങ്ങനെ അവൻ പറഞ്ഞു വിടണമെന്ന് കരുതിയല്ല ഞാൻ… പക്ഷെ ഇനി അഥവാ അവൻ നിന്നെ അങ്ങനെ പറഞ്ഞു വിട്ടാലും.. മുത്തശ്ശിയെയും കൊണ്ട് നീ തെരുവിൽ ആയിപ്പോവരുത്… നിനക്കും മുത്തശ്ശിയ്ക്കും സുരക്ഷിതമായി

താമസിക്കാൻ ഒരിടം വേണം…. ഒരു കൂര വേണം… സോ ഇത് നീ സ്വീകരിക്കണം പാറു…”

“പക്ഷെ.. അതിന് എനിക്ക് എന്റെ പഴയ വീട്….”

അവളെ പറഞ്ഞു മുഴുവനാക്കാൻ വിടാതെ മായ വീണ്ടും ഇടയിൽ കയറി.

“നിന്റെ ആ കൊച്ചു വീട്ടിലേക്ക് ആണോ നീ ആ വയ്യാത്ത മുത്തശ്ശിയെയും കൊണ്ട് പോവുന്നത്…. മാത്രവുമല്ല അവിടെ മുൻപ് നീ താമസിച്ചത്ര പോലും സുരക്ഷ ഇനി നിനക്ക് അവിടുന്ന് കിട്ടുമെന്ന് തോന്നുന്നുണ്ടോ നിനക്ക്…..നിന്റെ കഴുത്തിൽ കിടന്ന താലി ഒന്ന് കൊണ്ട് മാത്രം ആവും ഷാജി നിന്നെ ഇത് വരെയും തിരക്കി വരാഞ്ഞത്…. ആ താലിയുടെ സുരക്ഷ നിനക്ക് ഇല്ലെന്നറിഞ്ഞാൽ അവൻ നിന്നെ സന്തോഷത്തോടെ മുത്തശ്ശിയോടൊപ്പം ജീവിക്കാൻ വിടുമെന്ന് നീ കരുതുന്നുണ്ടോ…. പറ….”

അപ്പോൾ മാത്രം.. അപ്പോൾ മാത്രം പാറുവൊന്ന് ഇടറി പോയി. ആ ചോദ്യങ്ങൾ അവളിലും ഒരു ആശങ്കയായി കിടക്കുന്നതായിരുന്നു. സങ്കടം അവളിൽ ചാലിട്ടൊഴുകിയപ്പോൾ മായ അവളെ

കുറച്ചു കൂടി അടുത്തേക്ക് വിളിച്ചു.

“ഒരു സഹായം ആയിട്ട് കാണേണ്ട.. നിന്റെ ചേച്ചിയുടെ കടമയായിട്ട് കണ്ടാൽ മതി…ഇത് നിന്റെ പേരിലേക്ക് മാറ്റാനുമൊക്കെയായിട്ടാ എന്റെ യാത്ര ഇത്രയും ഡിലേ ആയതു… എന്നിട്ട് നീ ഇത് വാങ്ങാതിരുന്നാൽ… ഇവിടുന്ന് പോയാൽ പോലും എനിക്ക് ഒരു മനസമാധാനം ഉണ്ടാവില്ലേടാ….പ്ലീസ് പാറുസേ….സന്തോഷത്തോടെ പറഞ്ഞയക്കില്ലെടാ നീയെന്നെ….”

വാക്കുകൾ ഇല്ലായിരുന്നു പാറുവിന്. ഒരു പൊട്ടി കരച്ചിലോടെ അവൾ മായയുടെ ദേഹത്തേക്ക് വീണു. അവളെയൊന്ന് കൈ കൊണ്ട് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ കഴിയാതെ മായയും വിഷമിച്ചു.

ഒന്ന് രണ്ടു ദിവസങ്ങൾ വീണ്ടും മറിഞ്ഞു വീണു. പാറുവും ശിവയുമായുള്ള ഉടമ്പടിയിലെ നാലാമത്തെ മാസവും അവിടെ കൊഴിഞ്ഞു വീഴുന്നു. ഇനി വെറും രണ്ടു മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഇന്ന് മായ സിംഗപ്പൂരിലേക്ക് യാത്രയാവുകയാണ്

എയർപോർട്ടിൽ മായയെ യാത്രയാക്കാൻ മായയുടെ ഡാഡി വിളിച്ചത് കൊണ്ട്

ശ്രീദേവിയെയും കൂട്ടി ശിവയും പോയിരുന്നു. ശ്രീദേവി വീൽ ചെയറിൽ ഇരിക്കുന്ന അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടുന്നത് ശിവ വേദനയോടെ നോക്കി നിന്നു. തന്നെക്കാൾ തന്റെ അമ്മയെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നത് അവളായിരുന്നു. അപ്പോൾ അവൾ അകന്ന് പോവുമ്പോൾ ആ ഉള്ള് പിടയാതിരിക്കില്ലല്ലോയെന്ന് അവൻ ഓർത്തു.  ഫ്ലൈറ്റ് എടുക്കുന്നതിനു ഒരു മണിക്കൂർ മുന്നെ തന്നെ ഉള്ളിൽ കയറേണ്ടത് ഉള്ളത് കൊണ്ട് മായയുടെ ഡാഡി ധൃതി കൂട്ടി. മായയുടെ മമ്മി വന്നു ശ്രീദേവിയെയും ഒടുക്കം ശിവയെയും കെട്ടിപ്പിടിച്ചു. ഒരു തുള്ളി കണ്ണുനീർ പോലും വീഴ്ത്താതെ…..മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ശില പോലെ നിൽക്കുന്നവനെ കണ്ടപ്പോൾ ആ നെഞ്ച് പൊള്ളി.

“മോനെ… ശിവ…നിന്റെ ചങ്ക് പിടയ്ക്കുന്നത് ആന്റിയ്ക്ക് മനസ്സിലാവാഞ്ഞിട്ടല്ല… പക്ഷെ… പക്ഷെ വിധി നമ്മളെ തോൽപ്പിച്ചു കളഞ്ഞില്ലേ …പൊറുത്തേക്കണം നീ എന്റെ കുഞ്ഞിനോട്… അവൾക്ക് വേണ്ടി… ഈയമ്മ നിന്നോട് മാപ്പ് ചോദിക്കുവാ…..”

തന്റെ മുന്നിൽ കണ്ണീർ വാർത്ത്..തൊഴു

കയ്യോടെ നിൽക്കുന്നവർക്ക് നേരെ മുഖം തിരിക്കാൻ പിന്നെ അവന് കഴിഞ്ഞില്ല. തൊഴുതു പിടിച്ച കയ്യിൽ മുറുക്കെ പിടിച്ച് അവൻ അവരെ തന്റെ നെഞ്ചോടു ചേർത്തു.

“ഏയ്‌.. ആന്റി എന്തിനാ മാപ്പ് ഒക്കെ പറയുന്നേ…എനിക്ക്…എനിക്ക് കുഴപ്പമില്ല… അല്ലെങ്കിലും ജീവിതമല്ലേ… നമ്മൾ ആഗ്രഹിക്കുന്നതെല്ലാം കിട്ടണമെന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ…ഞാൻ… ഞാൻ ഓക്കേ ആണ് ആന്റി…സമാധാനമായിട്ട് പോയിട്ട് വരൂ…”

അവരുടെ നെറുകയിൽ അവൻ നൽകിയ ചുംബനത്തിൽ ആശ്വസിച്ച് അവരും പോവാനായി തിരിഞ്ഞപ്പോൾ കണ്ണിമ തെല്ലും പോലും അവനിലേക്ക് വീഴാൻ അനുവദിക്കാതെ… മറ്റെങ്ങോ മിഴിയുറപ്പിച്ചിരിക്കുകയായിരുന്നു മായ. ഡാഡിയുടെ കൈ തോളിൽ പതിഞ്ഞപ്പോൾ കണ്ണൊന്നു ചലിപ്പിച്ച് അവൾ അദ്ദേഹത്തെ നോക്കി.

“ശിവയോട് യാത്ര പറയുന്നില്ലേ മോളെ നീ…”

“നമുക്ക് പോവാൻ ടൈം ആയില്ലേ ഡാഡി… വൈകണ്ട വാ ഉള്ളിലേക്ക് കയറാം….”

തന്റെ പഴയ കളിക്കൂട്ടുക്കാരനോട്…സൗഹൃദത്തോട്…….പ്രണയത്തോട്…അൽപ്പം പോലും സ്നേഹം തന്നിൽ ബാക്കിയില്ലെന്ന് കാണിക്കാൻ നന്നായി പാട് പെടുന്നുണ്ടായിരുന്നു അവൾ. ആ പരിശ്രമം മനസ്സിലായിട്ടോ എന്തോ ഉരുണ്ടു കൂടിയ വിഷമത്തെയും ദേഷ്യത്തെയും ഒരു പുച്ഛത്തിൽ ചാലിച്ച് ശിവ അവിടെ നിന്നും ഒരു തിരിഞ്ഞു നോട്ടം പോലുമില്ലാതെ പിന്തിരിഞ്ഞു നടന്നു. അത് നോക്കി കൊണ്ട് അവന് പിന്നാലെ കരച്ചിൽ ചീളുകളെ സാരി തലപ്പിലൊതുക്കി ശ്രീദേവിയും നടന്നകന്നു. ഒരു കുഞ്ഞു പൊട്ട് പോലെ അവർ തന്റെ കൺവെട്ടത്ത് നിന്നും അകന്ന് പോവുന്നത് നോക്കി നിൽക്കേ… എന്തിനോ വേണ്ടി ഒരു ചുടു നീർക്കണം മായയുടെ കവിളിൽ കൂടി ഊർന്നിറങ്ങി.

(തുടരും )