17/04/2026

താലി ബന്ധനം : ഭാഗം 39

രചന – സെലുനിസു

ഫോൺ എടുത്തിട്ട് വരാം എന്നും പറഞ്ഞു പോന്ന ലച്ചുവിനെ അന്വേഷിച്ചു കൊണ്ടാണ് മിനി താഴേക്കിറങ്ങിയത്…വീണു കിടക്കുന്ന വിശ്വയെയും ലച്ചുവിനെയും കണ്ടവൾ  ഓടി അവരുടെ അടുത്തേക്ക് ചെന്നു….

ലച്ചു.. എന്ത്‌ പറ്റിയെടി എന്നും ചോദിച്ചു കൊണ്ടവൾ അവളെ പിടിച്ചു എണീപ്പിച്ചു നിർത്തിയതും മുന്നിൽ കത്തുന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ടവളൊന്ന് ഞെട്ടി…

ഹരിയേട്ടാ…എന്നും വിളിച്ചു കൊണ്ടവൾ അവന്റെ അടുത്തേക്ക് ചെന്നതും  അവളെ തട്ടി മാറ്റിയവൻ എഴുന്നേറ്റ് നിന്ന വിശ്വയുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടിയതും അവൻ ചുമരിൽ ചെന്ന് ഇടിച്ചു കൊണ്ട് താഴേക്ക് വീണു….

എന്ത്‌ ധൈര്യത്തിലാടാ നീ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെച്ചത് എന്നും ചോദിച്ചു കൊണ്ടവൻ വീണ്ടും അവന്റെ കവിളിൽ ആഞ്ഞടിച്ചതും അനിയും കിരണും വന്നവനെ പിടിച്ചു മാറ്റി….

എന്താ ഹരി നീ ഈ കാണിക്കുന്നേ.. ഇതൊരു കോളേജ് ആണ്.കണ്ടില്ലേ കുട്ടികളൊക്കെ നോക്കുന്നത്…. നീ വാ… എന്നും പറഞ്ഞവർ ഹരിയെ കൊണ്ട് പോയതും  എല്ലാം കണ്ട് മിഴിച്ചു നിക്കുന്ന ലച്ചുവിന്റെ തോളിൽ നിഷ പതിയെ കൈ വെച്ചു…..

ചേച്ചി എന്നും വിളിച്ചുകൊണ്ടവൾ നിറഞ്ഞ മിഴികളാൽ നിഷയെ നോക്കിയതും  ലച്ചുവിന്റെ കയ്യിൽ പിടിച്ചവൾ അവിടെ നിന്ന് കൊണ്ട് പോയി….

ചുമരിൽ ചാരി കണ്ണടച്ച് പിടിച്ചു ശ്വാസം വലിച്ചെടുക്കുന്ന വിശ്വയുടെ അടുത്തേക്ക് മിനി ചെന്നതും അവൻ കണ്ണ് തുറന്നവളെ നോക്കി…

നിങ്ങൾ ഇത്രക്ക് ചീപ്പാണെന്ന് ഞാൻ കരുതിയില്ല…. അവളുടെ പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തിയപ്പൊഴൊക്കെ അതൊരു  തമാശക്ക് ആയിരിക്കുമെന്നാ ഞാൻ കരുതിയത്.

കൂടുതൽ പ്രസംഗിക്കാതെ പോടീ…. ഞാൻ ചീപ്പാണോ അല്ലയോ എന്നൊന്നും നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല..

ഇനി ബോധിപ്പിക്കണം എന്ന് നിങ്ങൾ കരുതിയാലും നിന്ന് തരില്ല താനും … ഇത്രയും ദിവസം ഞാൻ നിങ്ങളെ കണ്ടത് എന്റെ സ്വന്തം ഏട്ടനെ പോലെയാ…നിങ്ങൾ ചെയ്ത പ്രവർത്തി കണ്ടില്ലേലും ഹരിയേട്ടൻ പറഞ്ഞ ഒറ്റ വാക്കിൽ നിന്ന് മനസ്സിലായി നിങ്ങളുടെ സ്വഭാവം എന്താണെന്ന്…

ദേ…. പൊക്കോണം മുന്നീന്ന്… ഇല്ലേൽ നീ ഇവിടെ കിടന്നു ഞെരങ്ങും.. എന്നവൻ പറഞ്ഞതും അവനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ടവൾ അവിടെ നിന്ന് പോയതും ദേഷ്യം കൊണ്ടവൻ കൈ ചുരുട്ടി ചുമരിലേക്കിടിച്ചു…..

മോങ്ങികൊണ്ടിരിക്കാതെ വന്നു കയറെടി എന്നും പറഞ്ഞവൻ ലച്ചുവിന് നേരെ അലറിയതും നിഷ വേഗം അവളെ കാറിലേക്ക് കയറ്റി….

ഡാ… ദാസിനെ കാണണ്ടേ…

നീ കയറുന്നുണ്ടേൽ കയറിക്കോ എന്നവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞതും കിരൺ അനിയെ നോക്കി കയറാൻ  കണ്ണ് കൊണ്ട് കാണിച്ചതും  അവൻ നിഷയുടെ അടുത്തേക്ക് കയറി ഇരുന്ന ഉടൻ ഹരി വണ്ടി മുന്നോട്ട് എടുത്തു…

വിശ്വ ലച്ചുവിനോട് കാണിച്ചത് മനസ്സിലേക്ക് വരും തോറും അവന്റെ ദേഷ്യം കൂടി വരാൻ തുടങ്ങി… അതിനോടൊപ്പം വണ്ടിയുടെ സ്പീഡും കൂടി വന്നതും നിഷ പേടിച്ചു അനിയുടെ കയ്യിലൂടെ ചുറ്റി പിടിച്ചു…

ഹരി… ഒന്ന് പതുക്കെ… നീ മാത്രമല്ല ഈ വണ്ടിയിലുള്ളത്…. എന്ന് അനി പറഞ്ഞതും അവൻ എന്തോ ഓർത്ത പോലെ വണ്ടിയുടെ സ്പീഡ് കുറച്ചു കൊണ്ട് വന്നതും കിരൺ നെഞ്ചിൽ കൈ വെച്ച് ശ്വാസം വിട്ടു….

കാർ ഒരു പാർക്കിലേക്ക് കൊണ്ട് നിർത്തിയവൻ പുറത്തേക്കിറങ്ങി ലച്ചു ഇരുന്ന ഭാഗത്തെ ഡോർ തുറന്നു കൊണ്ട് ലച്ചുവിന്റെ കയ്യിൽ പിടിച്ചവളെ പുറത്തേക്കിറക്കി ആളൊഴിഞൊരിടത്തേക്ക് കൊണ്ട് പോയി അവളെ കയ്യിൽ നിന്ന് വിട്ടു….

അവനെ നോക്കാൻ കഴിയാതെ തല താഴ്ത്തി പിടിച്ചു തന്നെ നിന്നവൾ…

വിശ്വജിത്ത് എങ്ങനെ കോളേജിൽ എത്തി… എന്നവൻ ചോദിച്ചതും അവളൊന്ന് തേങ്ങി….

ഡീ… നിന്നോട് മോങ്ങാൻ അല്ല പറഞ്ഞത് അവൻ എങ്ങെനെ അവിടെയെത്തിയെന്ന് പറയെടി എന്നവൻ ഉച്ചത്തിൽ പറഞ്ഞതും അവളൊന്ന് ഞെട്ടി കൊണ്ട് മിഴികളുയർത്തി അവനെ നോക്കി…

അത്… ഹരിയേട്ടാ…. അവൻ അവിടെ കോളേജിലാ പഠിക്കുന്നേ എന്നവളൊരു പേടിയോടെ പറഞ്ഞു തീർന്നതും ഹരി അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചിരുന്നു….

നിറഞ്ഞു തൂവുന്ന മിഴികളാൽ കവിളിൽ കൈ വെച്ചവൾ അവനെ നോക്കി…

ഹരിയേട്ടാ…

വിളിക്കരുത് നീ എന്നെ….അവൻ അവിടുള്ള കാര്യം മറച്ചു വെച്ച് എന്നെ പറ്റിക്കുവായിരുന്നില്ലേ….

അത്… ഹരിയേട്ടാ… ദാസേ…

മിണ്ടണ്ട…. ഇത് വരെ നീ പറഞ്ഞില്ലല്ലോ… ഇനി എനിക്ക് കേൾക്കണ്ട….എന്നവൻ പറഞ്ഞതും അവൾ മുഖം പൊത്തി കരയാൻ തുടങ്ങി…

എന്താടാ ഹരി… നീ എന്തിനാ അവളെ ഇങ്ങനെ വഴക്ക് പറയുന്നത്. അവളെന്ത്‌ ചെയ്തിട്ടാ…എന്നും ചോദിച്ചു നിഷ അവരുടെ അടുത്തേക്ക് വന്നു ലച്ചുവിനെ ചേർത്ത് പിടിച്ചു….

അവളൊന്നും ചെയ്തില്ലേ അവൻ അവിടെ കോളേജിൽ ഉണ്ടെന്ന്  എന്ത്‌ കൊണ്ടാ ഇവൾ പറയാഞ്ഞേ….എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറയാറുള്ളത് നിങ്ങളും കേൾക്കാറുള്ളതല്ലേ…..

അവളെങ്ങനെ പറയാതിരുന്നെങ്കിൽ അതിന് എന്തെങ്കിലും കാരണം ഉണ്ടാവും… അത് ചോദിച്ചോ നീ…

എനിക്കിനി അവൾ പറയുന്നതൊന്നും കേൾക്കണ്ടാ….

അങ്ങനെ പറഞ്ഞാലെങ്ങെനെയാ ഹരി.അവള് പറയട്ടെ….

ലച്ചൂ….അവൻ അവിടുള്ള കാര്യം എന്ത്‌ കൊണ്ടാ നീ ഇവനോട് പറയാഞ്ഞേ…. എന്ന് കിരൺ ചോദിച്ചതും അവൾ മുഖത്ത് നിന്ന് കയ്യെടുത്ത് ഹരിയെ നോക്കി…..

അവൾ നോക്കുന്നത് കണ്ടതും അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു….

അവനെ നോക്കണ്ട… നീ പറ എന്നും പറഞ്ഞു കിരൺ അവളുടെ മുന്നിലേക്ക് കയറി നിന്നു….

ഞാൻ ഫസ്റ്റ് ദിവസം തന്നെ ഹരിയേട്ടനോട് ഈ കാര്യം പറയണമെന്ന് കരുതിയതാ… അപ്പൊ ദാസേട്ടൻ പറഞ്ഞു ഹരിയേട്ടന് എക്സാം ടൈം അല്ലേ ഇതറിഞ്ഞാ ടെൻഷൻ ആവും അതോണ്ട് നാട്ടിൽ എത്തിയിട്ട് പറഞ്ഞാ മതിയെന്ന്..അയാളുടെ ശല്ല്യം കാരണം പല തവണ ഹരിയേട്ടനോട് പറയാൻ ഒരുങ്ങിയതാ. പക്ഷെ ദാസേട്ടൻ സമ്മതിച്ചില്ല എന്നും പറഞ്ഞവളൊന്ന് ഏങ്ങലടിച്ചതും ഹരി കിരണിനെ മാറ്റി അവളെ നോക്കി….

കേട്ടോടാ നാറി…ഇപ്പൊ എങ്ങനെയുണ്ട്…. അവന്റെ ഒരു ദേഷ്യം….എന്ന് അനി പറഞ്ഞതും  ഹരിക്ക് എന്ത്‌ പറയണമെന്നറിയാതെയായി….

ലച്ചു. പോട്ടെ… ഇനി കരയല്ലേ എന്നും പറഞ്ഞു നിഷ അവളുടെ കണ്ണ് നീർ തുടക്കാൻ നിക്കുമ്പോഴാണ് കവിളിൽ ഹരി അടിച്ചതിന്റെ പാട് കണ്ടത്..പൊടുന്നനെ അവൾ ഹരിക്ക് നേരെ തിരിഞ്ഞു…

ഡാ… നീ ഇവളെ തല്ലിയോ… എന്നവൾ ചോദിച്ചതും കിരണും അനിയും ലച്ചുവിന്റെ മുഖത്തേക്ക് നോക്കി…

മ്മ്… അപ്പോഴത്തെ ദേഷ്യത്തിന് എന്നവൻ പറഞ്ഞതും നിഷയുടെ കൈ അവന്റെ മുഖത്തു പതിച്ചു…

അയ്യോ ചേച്ചി. വേണ്ടാ…

അത് അവന് അർഹതപ്പെട്ടത് തന്നെയാ  കൊടുത്തില്ലേൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല….

ഡീ… നിഷേ ഞാൻ…

ഇനി നീ മിണ്ടരുത്…. കാര്യം അറിയാണ്ട് അവളെ തല്ലിയിരിക്കുന്നു.അതും സ്ഥലം പോലും നോക്കാതെ… നാണമുണ്ടോടാ….
വാ… ലച്ചു പോവാം എന്നും പറഞ്ഞുകൊണ്ട് നിഷ അവളുടെ കയ്യിൽ പിടിച്ചതും ഹരിയെ ഒന്ന് നോക്കി കൊണ്ടവൾ നിഷക്കൊപ്പം നടന്നു…

നീ ഇത്രക്ക് തരം താഴുമെന്ന് ഞങ്ങൾ കരുതിയില്ലെടാ. എന്നും പറഞ്ഞു കൊണ്ട് കിരണും അനിയും കൂടെ പോയതും അവൻ സ്വയം തലക്കൊരടി കൊടുത്തു കൊണ്ട് അവിടിരുന്നു…..

കുറച്ചു നേരം അതേ ഇരിപ്പ് തുടർന്നതും അവിടുന്ന് എണീറ്റ് കൊണ്ടവൻ അവരുടെ അടുത്തേക്ക് നടന്നു… കാറിൽ കയറിയിട്ടും ആരും തന്നെ മൈൻഡ് ചെയ്യാത്തത് കണ്ടവന്റെ മനസ്സിലെ സങ്കടം കൂടി….

ഒന്ന് വണ്ടി എടുക്കുവോ…മനുഷ്യന് വിശന്നിട്ടു വയ്യാ….

നമുക്ക് ഇവിടെ ഹോട്ടലിൽ കയറാം…

വേണ്ടാ എങ്ങനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാ മതി എന്ന് അനി പറഞ്ഞതും ഹരി കാർ മുന്നോട്ട് എടുത്തു….

വീട്ടിലെത്തിയതും എല്ലാവരും ഉമ്മറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു… ലച്ചു ഇറങ്ങിയപ്പാടെ ആരെയും നോക്കാതെ മുകളിലേക്ക് കയറി പോയതും നിഷ ഹരിയെ ഒന്ന് കൂർപ്പിച്ചു നോക്കി…

കേറിവാ മക്കളെ എന്ന് മാലു പറഞ്ഞതും അവരൊരു ചിരിയോടെ അകത്തേക്ക് കയറി….

ഹരിയേട്ടാ ലച്ചു ചേച്ചി എങ്ങനെ നിങ്ങടെ കൂടെ…

ഞാൻ ദാസിനെ കാണാൻ കോളേജിൽ പോയിരുന്നു ശ്രീ . അപ്പൊ കൊണ്ട് വന്നതാ…

ഓ….

ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരുന്നപ്പോഴും ഹരി അതിൽ നിന്ന് ഒഴിഞ്ഞു മാറി….

ഹരിക്കുട്ടാ… നീ എന്താ ഇരിക്കാത്തത്…

ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം അമ്മാ… എന്നിട്ട് മതി…. എന്നും പറഞ്ഞവൻ അവരെ ഒന്ന് നോക്കി കൊണ്ട് മുകളിലേക്ക് കയറി….

അടഞ്ഞു കിടക്കുന്ന  മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറിയതും ബെഡിൽ കമിഴ്ന്നു കിടന്നു എങ്ങലടിക്കുന്നവളെയാണ് കണ്ടത്….

ലച്ചൂ എന്നവൻ വിളിച്ചിട്ടും അവൾ അതേ കിടപ്പ് തുടർന്നു… അത് കണ്ടവൻ ബെഡിലേക്കിരുന്ന് അവളുടെ തോളിൽ കൈ വെച്ചതും കൈ തട്ടി മാറ്റിയവൾ ബെഡിൽ നിന്ന് എണീറ്റ് കൊണ്ട് കുളിക്കാനുള്ള ഡ്രസ്സും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി..

അവളു മിണ്ടിയിട്ടേ ഇനി ഇവിടെ നിന്ന് പോവൂ എന്നുറപ്പിച്ചവൻ അതേ ഇരുപ്പ് തുടർന്നു.

കുളി കഴിഞ്ഞു ഇറങ്ങിയിട്ടും താനെന്നൊരാൾ ഇവിടിരിപ്പുണ്ട് എന്നൊരു ഭാവവും കാണിക്കാതെ മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങിയവളുടെ മുന്നിലേക്കവൻ കയറി നിന്നു…

ഹരിയേട്ടൻ മാറ് എനിക്ക് പോണം….

ഞാൻ അപ്പഴത്തെ ദേഷ്യത്തിന് ചെയ്ത് പോയതാ ലച്ചൂ..ക്ഷമിക്കെടി.

എനിക്കൊന്നും കേൾക്കണ്ടാ….മാറങ്ങോട്ട് എന്നും പറഞ്ഞവൾ അവനെ തള്ളി മാറ്റി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി പോയതും അവൻ വല്ലാത്തൊരവസ്ഥയിൽ അവൾ പോവുന്നതും നോക്കി നിന്നു….

അവന്റെ മുറിയിലേക്ക് കയറിയവൻ ബെഡിലേക്ക് കിടന്നു….

അവൾ താഴേക്കിറങ്ങി ചെല്ലുമ്പോ അവരുടെ ഭക്ഷണം കഴിപ്പ് കഴിഞ്ഞിരുന്നു….

ഡീ…. ഇവർക്കാ മുകളിലെ മുറികൾ കാണിച്ചു കൊടുക്ക് എന്ന് മാലു പറഞ്ഞതും അവളൊന്ന് തലയാട്ടി കൊണ്ട് നിഷയെ നോക്കി …

വാ… ചേച്ചി…

അപ്പൊ ഞങ്ങളോ ലച്ചൂ എന്ന് കിരൺ ചോദിച്ചതും അവളൊന്ന് ചിരിച്ചു…

അത് പ്രേത്യേകിച്ചു പറയണോ വാന്നേ… എന്നും പറഞ്ഞവൾ മുകളിലേക്ക് കയറിയതും അവരവൾക്ക് കൂടെ ചെന്നു….

ലച്ചു…. ഹരി…

മുറിയിൽ കാണും. എന്റെ അടുത്തേക്ക് വന്നിരുന്നു… ഞാൻ മിണ്ടിയില്ല…

അവൻ ഒന്നും കഴിച്ചിട്ടില്ല ലച്ചൂ… ഞങ്ങൾ കാലത്തേ ഇറങ്ങിയതായിരുന്നു..നിന്നെ കോളേജിൽ വെച്ച് തന്നെ കാണണം എന്നൊക്കെ പറഞ്ഞു വഴിയിലൊന്നും വണ്ടി നിർത്തിയില്ല….അവൻ നിന്നെ അടിച്ചത് ശരിയായില്ലെന്നറിയാം. പക്ഷേ അപ്പോഴത്തെ അവന്റെ അവസ്ഥ നീ ഒന്ന് ആലോചിച്ചു നോക്ക്… നീ മിണ്ടാതെ അവനിനി എന്തെങ്കിലും കഴിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ….

എനിക്ക് ഹരിയേട്ടനോട് വഴക്കൊന്നും ഇല്ല ചേച്ചി…എന്നെ അടിച്ചപ്പോ എന്നേക്കാൾ വേദനിച്ചത് ഹരിയേട്ടനാവും. അത്രക്ക് ഇഷ്ട്ടവാ എന്നെ…പിന്നെ ഇപ്പൊ കാണിച്ച ഈ പിണക്കം എന്നോട് വരുന്നില്ലെന്ന് കളളം പറഞ്ഞു എന്നെ സങ്കടപ്പെടുത്തിയില്ലേ അതോണ്ടാ….നിങ്ങൾ ഫ്രഷ് ആയിട്ടൊക്കെ വാ… ഹരിയേട്ടനോട് ഞാൻ സംസാരിച്ചോളാം എന്നവൾ പറഞ്ഞതും നിഷ അവളുടെ കവിളിലൊന്ന് തട്ടി….

അവർക്കുള്ള മുറികൾ കാണിച്ചു കൊടുത്ത് കൊണ്ടവൾ ഹരിയുടെ മുറിയിലേക്ക് കയറി…..

കണ്ണിനു മുകളിൽ കൈ വെച്ചാണ് കിടപ്പ്… അടുത്തേക്ക് ചെന്നവൾ അവന്റെ നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്തതും അവൻ കണ്ണ് തുറന്നവളെ നോക്കി എഴുന്നേറ്റിരുന്നു….

കരഞ്ഞു കലങ്ങിയ അവന്റെ മിഴികൾ കണ്ടതും അവളുടെ ഉള്ളൊന്ന് കാളി….

ഹരിയേട്ടാ…എന്നും വിളിച്ചു കൊണ്ടവൾ അവന്റെ അടുത്തേക്കിരുന്നതും അവൻ അവളെ ഇറുക്കെ കെട്ടിപിടിച്ചു……

ലച്ചൂ… സോറി..ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല…നിന്നെ അവൻ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോ… ഞാൻ വന്നില്ലായിരുന്നുവെങ്കിലുള്ള നിന്റെ അവസ്ഥ ഒക്കെ കൂടെ മനസ്സ് കൈ വിട്ട് പോയി… അല്ലാതെ നിന്നെ വേദനിപ്പിക്കാൻ എനിക്ക് പറ്റുവോടി…എന്നെ വേണേൽ തിരിച്ചു തല്ലിക്കൊ… എന്നാലും മിണ്ടാതിരിക്കല്ലേ ചത്തു പോവും ഞാൻ എന്നും പറഞ്ഞവൻ കണ്ണുകൾ നിറച്ചു അവളെ നോക്കിയതും…അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു…..

ഹരിയേട്ടാ… ഇങ്ങനെ സങ്കടപ്പെടല്ലേ… ഞാൻ ചുമ്മാ കളിപ്പിക്കാൻ വേണ്ടി മിണ്ടാതിരുന്നതല്ലേ… അല്ലാതെ എന്റെ ഹരിയേട്ടനോട് മിണ്ടാതിരിക്കാൻ എനിക്ക് പറ്റുവോ…. എന്നും പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും അവൻ അവളെ ചേർത്ത് പിടിച്ചു…

ഹരിയേട്ടൻ വരില്ലെന്ന് പറഞ്ഞപ്പൊ ഞാൻ എന്തോരം സങ്കടപ്പെട്ടന്നോ…

ഞാൻ നിനക്കൊരു സർപ്രൈസ് തരാമെന്ന് കരുതിയല്ലേ അങ്ങനെ പറഞ്ഞേ…. പ്രതീക്ഷിക്കാതെ എന്നെ കാണുമ്പോഴുള്ള നിന്റെ മുഖത്തേ സന്തോഷം കാണാൻ വേണ്ടി ആയിരുന്നു…അതിങ്ങനെ ആയിപോയി…ഒത്തിരി വേദനിച്ചോടി .

ഇല്ലാ…. നല്ല സുഖം ഉണ്ടായി കാണും. കവിളത്തു കൈകൊണ്ട് അടിച്ചാൽ അങ്ങനെയാണല്ലോ എന്നും പറഞ്ഞു അനിയും അവനൊപ്പം കിരണും നിഷയയും കൂടി വന്നു ബെഡിലേക്ക് കിടന്നതും ലച്ചു അവന്റെ നെഞ്ചിൽ നിന്ന് അകന്ന് നിന്ന് അവരെ നോക്കി ഒന്ന് ഇളിച്ചു കാട്ടി…..

തുടരും…..