19/04/2026

ഇത്രയും നാൾ സഹദേവന്‍റെ സന്തോഷം അവരായിരുന്നു.. ഭാര്യയും മക്കളും .അവരുടെ സന്തോഷമായിരുന്നു അവൻെറയും സന്തോഷം.

രചന – പ്രകാശ് മൊകേരി

ഇത്രയും നാൾ സഹദേവന്‍റെ സന്തോഷം അവരായിരുന്നു.. ഭാര്യയും മക്കളും .അവരുടെ സന്തോഷമായിരുന്നു അവൻെറയും സന്തോഷം.ഒരു കൊച്ചുകുട്ടിയെപ്പോലെ അവനും ആഹ്ലാദിക്കുകയായിരുന്നു..

വർഷങ്ങളോളം ഇവരെയൊക്കെ ഒരു ചെറുമൊബൈൽ സ്ക്രീനിൽ കാണാൻമാത്രമെ കഴിഞ്ഞുള്ളൂ…ഒടുക്കം എല്ലാം വലിച്ചെറിഞ്ഞ് വെറും കൈയ്യോടെ നാട്ടിലേക്ക് ചേക്കേറി…

കൈയ്യില്‍ ഒന്നുമില്ലാത്തത് കൊണ്ടാവാം..എല്ലാരിലും ഒരകൽച്ച കണ്ടു..ബന്ധങ്ങളുടെ വിലയിടുന്നത് പണത്തിൻമേലാണല്ലൊ..അതെനിക്കറിയില്ലായിരുന്നു…

പക്ഷെ ഇന്നുവരെ ആരുടെ മുന്നിലും യാചിച്ചില്ല..കഴുത്തോളം കടമായിട്ടും..ഒരാളോടും ഒരു രൂപക്ക് പോലും കെഞ്ചിയില്ല.അതവൾക്കറിയാം എൻെറ സഹധർമ്മിണിക്ക്..ഒടുക്കം ഞാനവൾക്കും വേണ്ടാത്തായി…

”എന്തിനുവേണ്ടിപോയി..ആർക്ക് വേണ്ടി പോയി…നിങ്ങടെ കൈയ്യിലെന്തുണ്ട്”….

ഈ ചോദ്യങ്ങൾ അവൾ തന്നെ അയാളോട് ചോദിച്ചപ്പൊൾ ഉത്തരം പറയാനാകാതെ സഹദേവന്‍ തലകുനിച്ചുപോയി…ഒരു മുൾവടികൊണ്ട് തലയ്ക്കടിയേറ്റവനപ്പോലെ പിടയുകയായിരുന്നു…

അന്യനാട്ടിൽ ചോരനീരാക്കിയ സമ്പാദ്യമെല്ലാം പലരും പറ്റിച്ചു കൊണ്ടുപോയി..എന്നെമാത്രമല്ല…ഞങ്ങള്‍ ഒരുപാട്പേരെ..കരയുകയല്ലാതെ വേറെ ഒരു നിവൃത്തിയുമില്ലായിരുന്നു..

കമ്പനിയിലേക്ക് സപ്ലൈ ചെയ്ത മലയാളി. ഭക്ഷണം കഴിക്കാനൊ..റൂമിന് വാടക നൽകാനൊ..അവർ കരുണ കാട്ടിയില്ല..ഞങ്ങള്‍ കമ്പനി അധികൃതരോട് കാര്യം പറഞ്ഞു..പക്ഷെ അവരും കൈമലർത്തി ..

പട്ടിണിയായിരുന്നു…
പച്ചവെള്ളം കുടിച്ചു ജീവിതം തള്ളിനീക്കി..തളർന്നീല…പോയത് പോയി ഇനിയത് തിരിച്ചു കിട്ടില്ലായെന്ന ബോധ്യം വന്നപ്പൊൾ..പിന്നെ..പലജോലിയുമെടുത്തു..എങ്ങനെ എങ്കിലും നാടുപിടിക്കണം..അതായിരുന്നു ലക്ഷ്യം .ഫോൺ വിളിക്കുമ്പൊൾ മക്കളുടെ ചോദ്യം എന്നാണച്ഛൻ വരികയെന്ന്…ഒരുദിവസം വരും..അതാണുത്തരം..അല്ലാതെ എന്തുപറയാൻ..

നിറയെ സ്വപ്നങ്ങളുമായി പറന്നിറങ്ങിയതാണ്… തിരികെ ഒന്നുമില്ലാതെയുള്ള മടക്ക യാത്ര ..വേദനാജനകമാണ്..കുറ്റപ്പെടുത്തലും ..കളിയാക്കലുമുണ്ടാകും..ചില നരബോജികൾ അങ്ങനെ ആണ്.മറ്റുള്ളവരെ വേദനിപ്പിച്ച് രസിക്കാൻ അവർക്ക് ഹരമാണ് .

ശാപം കിട്ടിയ ജന്മമാണെൻെറത്..ഒരിക്കലും നന്നാവരുതെന്ന് അറിഞ്ഞു ശപിക്കപ്പെട്ട ജന്മം.അതിനിരയായി മാറിയത് പാവം..എൻെറ ഭാര്യയും ..മക്കളും ..അവരെ കുറ്റപ്പെടുത്തരുതാരും..കുറ്റം ചെയ്തത് ഈ ഞാനാണ് ..ഈ ഞാൻ മാത്രം ..

കാശുണ്ടാക്കിയാൽ മാത്രമായില്ല ..അത് കൈയ്യില്‍ വെക്കാനുമുണ്ടൊരു യോഗം..ആ യോഗമില്ലാത്തവൻമാരിലൊരാണീ ഞാനും.. എന്നുവച്ച് മരിക്കാനൊന്നും ഞാൻ തയ്യാറല്ല..മരണം ഈശ്വര നിശ്ചയം…ഒരിക്കലെങ്കിലും ഒരു നല്ലകാലമെനിക്കുണ്ടാകുമെന്ന പ്രതീക്ഷ..സഹദേവനതുമതി..ഇനിയങ്ങോട്ട് ജീവിക്കാന്‍ …

ഭാര്യയേയും മക്കളേയും നാളത്തന്നെ കൂട്ടി കൊണ്ടുവരണം.സമ്പാദ്യമൊന്നുമില്ലേലും
കൊതിതീരുവോളം ഒന്നിച്ച് ജീവിക്കണം..ബാക്കി വരുന്നിടത്ത് വച്ച് കാണാം..ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്..അല്ലാതെ ഒരു മുഴം കയറിൽ തീർക്കാനുള്ളതല്ല.

(ശുഭം)